|^| Home -> Cover story -> അദ്ധ്വാനവും ദൈവാശ്രയവും

അദ്ധ്വാനവും ദൈവാശ്രയവും

Sathyadeepam

എം.ജെ. തോമസ് എസ്.ജെ.

യേശുവിന്‍റെ പ്രബോധനം സുവ്യക്തവും ആധികാരികവുമാണ്. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എന്തായിരിക്കാമെന്നു യേശുവിനറിയാം. അനുയായികളെപ്പറ്റി വലിയ സ്വപ്നങ്ങളുള്ള യേശു പറയുകയാണ് “നിങ്ങള്‍ പിതാവിനെപ്പോലെ അനുകമ്പയുള്ളവരായിരിക്കണം, നല്ല സമരിയാക്കാരനെപ്പോലെ ആയിരിക്കണം, തിന്മയെ നന്മകൊണ്ടു ജയിക്കണം” എന്നൊക്കെ. പക്ഷേ, പലരും യേശുവിനെ അനുഗമിച്ചു. ഭൂമി പറുദീസയാക്കുവാന്‍ ശ്രമിക്കുന്നതിനു പകരം ഭക്തകൃത്യങ്ങളിലും യേശുവിനെ അധരങ്ങള്‍ കൊണ്ടു സ്തുതിക്കുന്നതിലും ആരാധിക്കുന്നതിലും സംതൃപ്തരായി കഴിയുന്നു (ലൂക്കാ 6:46). ആത്മാര്‍ത്ഥമായി അനുഗമിക്കാനാഗ്രഹിക്കുന്നവരില്‍ ചിലര്‍ പ്രതിബന്ധങ്ങളും പരാജയങ്ങളും നേരിടുമ്പോള്‍ വിശുദ്ധി അസാദ്ധ്യമെന്നു കരുതി നിരാശരാകുന്നു. മറ്റു ചിലര്‍ സ്വാശ്രയത്തിലും കൂടുതല്‍ പരിശ്രമത്തിലും ശ്രദ്ധിക്കുന്നു. അധികം പേരും “ദൈവമേ എന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കണേ, സ്നേഹിക്കാന്‍ സഹായിക്കണമേ, എന്നെ സ്നേഹിക്കുന്നവനായി മാറ്റണമേ” എന്നിങ്ങനെയുള്ള യാചനകളില്‍ ഒതുങ്ങുന്നു. സ്വന്തം മാനസാന്തരവും വളര്‍ച്ചയും ദൈവത്തെ ഏല്പിക്കുന്നു!

സ്വന്തം വിശുദ്ധിയില്‍ തന്നേക്കാള്‍ ദൈവം തന്നെ തത്പരനാണെന്നും അതിനായി വി. ഇഗ്നേഷ്യസ് ലെയോള പറയുന്നതുപോലെ, ദൈവംതന്നെ നിരന്തരം തീവ്രമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്ന വിശ്വാസസത്യം സ്വന്തം പരിശ്രമത്തില്‍ അമിതമായി ആശ്രയിക്കുന്നവര്‍ മറന്നുപോകുന്നു. അവര്‍ക്കു മടുപ്പും കടുത്ത ഏകാന്തതയും കുറ്റബോധവും പരാജയത്തില്‍ നിരാശയും അനുഭവപ്പെടാം. അപ്രാപ്യമെന്നു കരുതി വിശുദ്ധിയുടെ മാര്‍ഗം ഉപേക്ഷിച്ചെന്നും വരാം.

പ്രാര്‍ത്ഥനയില്‍, ദൈവം എന്തൊക്കെ ചെയ്യണം അല്ലെങ്കില്‍ ചെയ്യരുത് എന്നൊക്കെ ദൈവത്തിനു പറഞ്ഞുകൊടുത്തു സ്വന്തം വളര്‍ച്ചയ്ക്കുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ മാറി നടക്കുന്നവരുണ്ട്. യേശുവിന്‍റെ കല്പന ഓരോരുത്തരും എന്തായിരിക്കുന്നു, എന്തായിരിക്കരുത് എന്നല്ലേ? എന്തിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കണം എന്നല്ലല്ലോ.

പ്രാര്‍ത്ഥിക്കുക അല്ലെങ്കില്‍ പരിശ്രമിക്കുക, ദൈവത്തെ ഏല്പിക്കുക അല്ലെങ്കില്‍ ഏറ്റെടുക്കുക എന്നതല്ല ഉചിതം. രണ്ടിന്‍റെയും ശിരിയായ മിശ്രിതമാണാവശ്യം. വി. പീറ്റര്‍ ഫേബര്‍ പറഞ്ഞതുപോലെ, “എല്ലാം ദൈവത്തിലാശ്രയിച്ചിരിക്കുന്നു” എന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുക. അതേസമയം “എല്ലാം തന്നിലാശ്രയിച്ചിരിക്കുന്നു” എന്ന ബോദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുക. ഇതു താന്‍ പാതി, ദൈവം പാതി എന്ന രീതിയിലുള്ള പങ്കാളിത്തമല്ല. മറിച്ച്, എല്ലാം ദൈവത്തിന്‍റെ കരങ്ങളിലാണെന്നും അതേസമയം എല്ലാം പൂര്‍ണമായും സ്വന്തം ഉത്തരവാദിത്വമാണെന്നുമുള്ള ബോദ്ധ്യമാണ്.

ഒരദ്ധ്വാനവും വ്യര്‍ത്ഥമല്ല (1 കോറി. 3:6). വിത്തു മുളയ്ക്കും, ഫലമുണ്ടാകും എന്നു വിശ്വസിക്കണം. അദ്ധ്വാനവും ഫലദായകത്വവും ദൈവത്തിന്‍റെ ദാനവുമാണെന്നും ഓര്‍ക്കുക (മര്‍ക്കോ. 4:27).

ഉദാഹരണത്തിന്. എല്ലാ കുടുംബപ്രാര്‍ത്ഥനയിലും ഗൃഹനാഥന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു, ചുറ്റിലുമുള്ള ദരിദ്രര്‍ക്കു സുഭിക്ഷമായ ഭക്ഷണം ലഭിക്കട്ടെ എന്ന്. ഏറെ നാളായിട്ടും ഒന്നും സംഭവിച്ചില്ല എന്നു കണ്ട കൊച്ചുമകള്‍ പറഞ്ഞു, “അപ്പച്ചാ ഞാന്‍ അപ്പച്ചന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാം” എന്ന്. ഞെട്ടലോടെ അയാള്‍ ചോദിച്ചു, “എങ്ങനെ?” മകള്‍ പറഞ്ഞു: “നമ്മുടെ കലവറയുടെ താക്കോല്‍ ഇങ്ങു തരൂ!” ലളിതം, ഫലപ്രദം! ഗാന്ധിജി പറഞ്ഞതുപോലെ, എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ഭാരതത്തിലുണ്ട്. എല്ലാവര്‍ക്കും കിട്ടുന്നില്ല എന്നു മാത്രം. പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥനയും വിശ്വാസവും നിരര്‍ത്ഥകം (ജെറെ. 1:22, 27). നമ്മള്‍ കൈകള്‍കൊണ്ടു പ്രാര്‍ത്ഥിക്കണം. എത്ര മനോഹരമാണ് അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മികത. “നിന്‍റേതല്ലാത്തൊരു ശരീരം യേശുവിനിന്നില്ല. നിന്‍റേതല്ലാത്ത കൈകളും കാലുകളും…. നിന്‍റെ കണ്ണുകളിലൂടെയാണു യേശു അനുകമ്പയോടെ നോക്കുന്നത്…”

യേശുവിന്‍റെ ദൈവസങ്കല്പം സ്വന്തമാക്കുക അത്യാവശ്യമാണ്. യേശുവിനു ദൈവം ഏറ്റവും പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയുമായിരുന്നു. തൊട്ടടുത്തുള്ളവന്‍ ഏവരെയും അഗാധമായി സ്നേഹിക്കുന്നവന്‍. ഏറ്റവും ചെറിയ കാര്യങ്ങളിലും ശ്രദ്ധയുള്ളവന്‍. ചോദിക്കുന്നതിനുമുമ്പേ, ചോദിക്കുന്നതിലും കൂടുതല്‍ കൊടുക്കുന്നവന്‍. ഓരോരുത്തരെയും സസ്നേഹം കാത്തിരിക്കുന്നവന്‍. നമ്മോടുകൂടി ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നവന്‍. ഈ ബന്ധം അത്രയും വ്യക്തിപരവും തീവ്രവുമായതുകൊണ്ടു തന്‍റെപോലും മാദ്ധ്യസ്ഥ്യം അനാവശ്യമെന്നു യേശു കരുതി (യോഹ. 16:26-37).

നീണ്ട പ്രാര്‍ത്ഥനായാലും ഭക്തകൃത്യങ്ങളാലും ദൈവത്തെ പ്രീതിപ്പെടുത്തി സ്വാധീനിക്കാമെന്നു കരുതുന്നത് എത്രയോ തെറ്റാണ്. നിശ്ശബ്ദതയിലുള്ള പ്രാര്‍ത്ഥനയിലൂടെ ദൈവഹിതം അറിയുകയും അതു ചെയ്യുകയുമാണു വേണ്ടത്. പ്രാര്‍ത്ഥനയുടെ പ്രധാന ഫലം പ്രാര്‍ത്ഥിക്കുന്നവര്‍ “ദൈവത്തിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവരാകുന്നു” എന്നതാണ്. നല്ല ദാസനെപ്പോലെ “ദൈവമേ, എന്തൊക്കെയാണ് ഇന്നു ഞാന്‍ ചെയ്യേണ്ടത്” എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ നല്ലൊരു നിര്‍വചനമാണ്, “reporting for duty.’

എങ്ങനെയാണ് യാചനാപ്രാര്‍ത്ഥന ഫലപ്രദമാകുക എന്ന് അറിയുക എളുപ്പമല്ല. എങ്കിലും പ്രാര്‍ത്ഥിക്കുന്നയാളിന്‍റെ വിശ്വാസവും ആഗ്രഹവും സുപ്രധാനമാണ്. വിശ്വസിക്കുകയെന്നാല്‍ ദൈവത്തിലാശ്രയിക്കുക, ദൈവത്തിനു വിട്ടുകൊടുക്കുക എന്നാണ്. അതിനാധാരം ദൈവം നല്ലവനും സ്നേഹസമ്പന്നനും സര്‍വശക്തനും ഏറ്റവും നല്ലത് എന്തെന്ന് അറിയാവുന്നവനും ആണെന്നുള്ള ധാരണയാണ്. നല്ലതെന്തും ചെയ്യാന്‍ ദൈവം നമ്മെ ശക്തിപ്പെടുത്തുന്നു (ഫിലി. 4:13). എന്ന ഉറപ്പും. “എനിക്കിതിന്‍റെ ആവശ്യമുണ്ട്, എനിക്കിതു വേണം” എന്ന ബോദ്ധ്യമാണ് ആഗ്രഹം. വിശ്വാസവും ആഗ്രഹവും എത്രയധികമോ അത്രയും നല്ലത്. വിശ്വാസവും ആഗ്രഹവും ഇല്ലാത്ത പ്രാര്‍ത്ഥന ശൂന്യമാണ്, വെറും അധരസേവ.

ഇന്നു നിലവിലുള്ള പ്രാര്‍ത്ഥനകളിലധികവും നാം ചെയ്യേണ്ടതു ദൈവത്തെ ഏല്പിക്കുകയാണെന്നു തോന്നുന്നു. വി. ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനത്തിനുള്ള ആ മനോഹരമായ പ്രാര്‍ത്ഥന പരിശോധിക്കാം. “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ദൂതനാക്കണമേ” എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍, എന്നെ സമാധാനത്തിന്‍റെ ദൂതനാക്കുക എന്നതു ദൈവത്തിന്‍റെ ഉത്തരവാദിത്വമാണെന്നു വരാം. പകരം, “ദൈവമേ, ഞാന്‍ നിന്‍റെ സമാധാനത്തിന്‍റെ ദൂതനായിരിക്കും. ഇതാണെന്‍റെ ഉറച്ച ആഗ്രഹവും തീരുമാനവും” എന്ന ബോധ്യത്തോടെ പ്രാര്‍ത്ഥിച്ചാലോ? അന്നേരം വി. ഫ്രാന്‍സിസിന്‍റെ സമാധാനത്തിന്‍റെ വഴികള്‍ ഞാന്‍ സ്വന്തമാക്കേണ്ടതാണെന്നു മനസ്സിലാകും. അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ മാറ്റങ്ങളുണ്ടാകും. നല്ല തീരുമാനത്തിലും പ്രയത്നത്തിലുമൊക്കെ ദൈവമുണ്ടെന്നും ഓര്‍ക്കുക. പ്രാര്‍ത്ഥിക്കുന്നയാളിന്‍റെ മാനസാന്തരമാണല്ലോ പ്രാര്‍ത്ഥനയുടെ പ്രധാന ഫലം. അങ്ങനെ ഞാന്‍ കൂടുതല്‍ നല്ലവനാകുമ്പോള്‍ എനിക്കു പറയാനാകും “ദൈവമേ നന്ദി, ദൈവമേ സ്തുതി.” അന്നേരം ദൈവം സസന്തോഷം പറയും, “കൊള്ളാം, മിടുക്കനും വിശ്വസ്തനുമായ മോനെ…” ഇതനുഭവിക്കുന്നതല്ലേ ആത്മീയനിര്‍വൃതി.

Leave a Comment

*
*