ബഹുസ്വരതയുടെ ആത്മീയ മാനം

ബഹുസ്വരതയുടെ ആത്മീയ മാനം

ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്

ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ കണ്ട പ്രഭുകുമാരന്‍, അഞ്ച് ശതാബ്ധങ്ങള്‍ക്കു മുമ്പ് ലോകത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക, വിപ്ലവ പ്രസ്ഥാനങ്ങളുടെ സിരാ കേന്ദ്രമായ പാരിസ് നഗരവും സര്‍വ്വകലാശാലയും. അവിടെനിന്ന് മാസ്റ്റേഴ്സ് ബിരുദമെടുത്ത ധിഷണശാലി. ഉള്‍ക്കരുത്തിലും, ബലഹീനതയിലും ഒരുപോലെ മുമ്പില്‍. പക്ഷേ സത്യാന്വേഷണത്തിന് പ്രഥമ സ്ഥാനം. ഇതാണ് ഇഗ്നേഷ്യസ് ലൊയോള (1491-1556). പ്രത്യേകതകള്‍ ഏറെയുള്ള ഈ വ്യക്തിയെ നേരിട്ടുള്ള അറിവിനേക്കാള്‍ തന്‍റെ നാമത്തില്‍ ശിഷ്യന്‍മാര്‍ സ്ഥാപിച്ച, ലോകത്തിന്‍റെ ബൗദ്ധിക ആത്മീയതലങ്ങളില്‍ സമാനതകളില്ലാത്ത, സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് പരിചയപ്പെടുന്നത്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ലൊയോള – സെന്‍റ് സേവിയേഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനകളാണ് ഭരണസിരാ കേന്ദ്രങ്ങളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും ആത്മീയ സാഹിത്യ മേഖലകളിലും തിളങ്ങി നില്‍ക്കുന്നവര്‍. ഉദാ: ഭാരതത്തിന്‍റെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം. അമേരിക്കയിലെ ലൊയോള യൂണിവേഴ്സിറ്റി ലോകത്തിന്‍റെ തന്നെ ബൗദ്ധികതല സ്ഥാനമെന്നാണല്ലോ അറിയപ്പെടുന്നത്. ലൊയോളയെപ്പോലുള്ള മഹാന്മാരുടെ പട്ടികയില്‍ അധികം പേരെ ചേര്‍ക്കാനില്ല. ഭാരതത്തിന്‍റെ അഭിമാനമായ സ്വാമി വിവേകാനന്ദന്‍ എന്ന മഹാ പ്രതിഭയുടെ നാമത്തോട് ചേര്‍ത്താണ് ലൊയോളയെ ലേഖകന്‍ നോക്കി കാണുന്നത്. മഹാത്മജി, നെന്‍സണ്‍ മണ്ടേല തുടങ്ങിയ പ്രതിഭാ സമ്പന്നരെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ ആത്മാവിന്‍റെ ഉള്ളറകളിലേക്ക് പ്രവേശിച്ച് സ്വയം കണ്ടെത്തുകയും മറ്റുള്ളവരെ, അവരുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കി ആദരിക്കുകയും അങ്ങനെ ശക്തമായൊരു സോഷ്യല്‍ വെബ് രൂപികരിക്കുകയും ചെയ്തവര്‍ ലോക ചരിത്രത്തില്‍ വിരളമാണ്. സ്വയാവബോധത്തിലൂടെ തന്നേയും, മറ്റുള്ളവരേയും മനസ്സിലാക്കാനുള്ള അമാനുഷികമായ സിദ്ധി കൈവരിച്ച ഈ ഗണത്തില്‍പ്പെട്ടവര്‍ ആരും ദൈവങ്ങളല്ല, ആള്‍ ദൈവങ്ങളാകാന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷേ പലരും സ്രഷ്ടാവിന്‍റെ അപ്രാപ്യമായ ഔന്നിത്യത്തെയും മനുഷ്യന്‍റെ അഗ്രാഹ്യമായ ആന്തരിക ശക്തി-ക്ഷയങ്ങളെയും മനസ്സിലാക്കിയെന്ന് നാം തിരിച്ചറിയുന്നത് ഇവരുടെ ലിഖിതങ്ങളില്‍നിന്നും ജീവിതത്തിലൂടെ അനാവൃതമായ പദ്ധതികളില്‍ നിന്നുമാണ്.

മരണമടഞ്ഞതിന്‍റെ 462-ാം വാര്‍ഷികം അനുസ്മരിക്കുന്ന ഈ വേളയില്‍ ലൊയോളയെ പുനര്‍വായനയ്ക്ക് വിധേയമാക്കാന്‍ നിരവധി കാരണങ്ങളുണ്ട്. വൈവിധ്യങ്ങളില്‍ ഗുപ്തമായിരിക്കുന്ന ഐക്യം ഭാരതത്തിന്‍റെ ഭരണഘടനയുടെ തന്നെ വൈശിഷ്ട്യമാണ്. വൈവിധ്യം അനിഷേധ്യമായ ലോക യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ചിന്താതലങ്ങളിലും ആവിഷ്കാര ശൈലികളിലും കാണുന്ന വൈവിധ്യം ഒഴിവാക്കുന്നതല്ല. ഒരുവന്‍റെ ബോദ്ധ്യതലം പലകാലങ്ങളിലും പല ഘടകങ്ങളുടെയും പശ്ചാത്തലത്തിലും മാറിക്കൊണ്ടിരിക്കും. ഏത് ശരി, തെറ്റ് എന്നത് പരിശോധിച്ച് തെളിയിക്കേണ്ട വസ്തുതയാണെന്നിരിക്കെ, ഒരു പ്രത്യേകത മുഹൂര്‍ത്തത്തില്‍ പരിമിതനായ (FINITE) ആയ മനുഷ്യന്‍ നടത്തുന്ന തീര്‍പ്പ് അന്തിമമല്ല. "ഇന്നലെ ചെയ്തൊരബദ്ധം, നാളത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രവുമാകാം എന്ന കുമാരനാശാന്‍റെ ദര്‍ശനം കാലാതീത പ്രസക്തിയുള്ളതാണ്. അതുകൊണ്ടു തന്നെ 'നിത്യം' 'നിത്യത' തുടങ്ങിയ പദങ്ങള്‍പോലും ഓരോ കാലഘട്ടത്തിലും പുനര്‍വായിക്കപ്പെടേണ്ടതാണ്. ദര്‍ശനങ്ങളും തത്ത്വശാസ്ത്രങ്ങളും പല കോണുകളില്‍നിന്നും കാണേണ്ടതും നിര്‍വചിക്കപ്പടേണ്ടതുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ വരുമ്പോള്‍ മൗലികമായ (FUNDAMENTAL) എന്നൊക്കെ ഇന്ന് നാം മനസ്സിലാക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും മൗലികമല്ലെന്ന് ഏറ്റു പറയേണ്ടി വരും. കാലചക്രം ഒരിടത്തും ഒരു സമയത്തും സ്വന്തം കാഴ്ചപ്പാടിന്‍റെ ചങ്ങലക്കൊണ്ട് ബന്ധിച്ചിടേണ്ട വസ്തുതയല്ല. അങ്ങനെയെങ്കില്‍ 'ബഹുസ്വരത' എന്ന പദത്തിന് ഭൗതികത്തിന് അതീതമായ അത്മീയതലം കൈവരുന്നു. ഈ ആത്മീയത ഒരു മതത്തിന്‍റെയും തത്ത്വസംഹിതകളുടേയും ചട്ടകൂടില്‍ ഒതുക്കാനുമാവില്ല.

ആത്മാവിന്‍റെ ആനന്ദമാണ് ബഹുസ്വരത. ഈ അവസ്ഥയില്‍ പല ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്താധാരകള്‍ ഉള്‍ചേരുന്നു. ഇത് കണ്ടെത്തി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച കര്‍മയോഗിയാണ് ലൊയോള. കാലചക്രഗതിയെ സ്വന്തം താല്പര്യങ്ങളുടെ ഇരുണ്ട ഗുഹയില്‍ തളച്ചിടാന്‍ പരിശ്രമിക്കുന്നവര്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ആന്തരിക സ്വാതന്ത്രത്തോടെ പഠിക്കേണ്ട ദര്‍ശനമാണ് ലൊയോള, തന്‍റെ ആഴമായ മനനത്തില്‍ നിന്ന് കണ്ടെത്തി ഗ്രന്ഥരൂപത്തിലാക്കി ഭാവിതലമുറക്കു മുമ്പില്‍ അവതരിപ്പിച്ച 'ആത്മീയ അഭ്യാസങ്ങള്‍' (SPIRITUAL EXERCISES) എന്ന അഞ്ചു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥം ഇന്ന് കൂടുതല്‍ പ്രസക്തിയാര്‍ജ്ജിക്കുന്നു. മനുഷ്യന്‍ സ്വതന്ത്രനായാണ് ജനിക്കുന്നതെങ്കിലും പാശ്ചാത്തല ഘടകങ്ങള്‍ അവനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില സത്യമൊ മിഥ്യയൊ ആയ തത്ത്വങ്ങള്‍ അവനെ ബന്ധനസ്ഥനാക്കുന്നു. വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ കഴിവില്ലാത്തവര്‍, ചില സമ്മര്‍ദ്ദങ്ങള്‍ക്ക് (തെറ്റിദ്ധാരണകള്‍ക്ക്) വിധേയമായി മൗലികതയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടുന്നു. ഈ അടിമചങ്ങല തകര്‍ക്കുക എളുപ്പമല്ല.

ലൊയൊളയുടെ 'അദ്ധ്യാത്മിക അഭ്യാസങ്ങ'ളുടെ അവസാന പാദം മനുഷ്യന്‍റെ മുന്നോട്ടുള്ള ഗമനത്തില്‍ ഇന്ധനം പകരുന്നു. എല്ലാറ്റിലും ഈശ്വരനെ ദര്‍ശിക്കുക (To find God in everything) എന്ന സന്ദേശം പകരുന്ന ഈ ഭാഗം മനുഷ്യമനസ്സിനെ പക്വതയാര്‍ന്ന പ്രതലത്തിലേക്കാണ് നയിക്കുന്നത്. ഭാരത ദര്‍ശനത്തില്‍ 'തത്ത്വമസി' എന്ന ദര്‍ശനവും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. 'എന്‍റെ' എന്ന അവസ്ഥയില്‍നിന്ന് നമ്മുടെ എന്ന അവസ്ഥയിലേക്കാണ് ഇത് മനുഷ്യനെ നയിക്കുക. ഇത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും അസാധ്യവുമല്ല എന്ന് കബീര്‍ദാസ് ലോകത്തിലെ രണ്ട് പ്രബല മതാനുയായികളെ പഠിപ്പിച്ചത് നാം വിസ്മരിച്ചിട്ടില്ലല്ലൊ. വ്യത്യസ്ത ചിന്താധാരയാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിയെ അവന്‍റെ വിശ്വാസാചാരങ്ങളോടെയും ആവിഷ്കാര പ്രത്യേകതകളോടെയും സ്വീകരിക്കാന്‍ ലൊയോള നിര്‍ദ്ദേശിക്കുന്ന ഉപകരണങ്ങള്‍ (TOOLS) ശ്രദ്ധേയങ്ങളാണ് – തീഷ്ണമായ സ്നേഹം, അപരനോടുള്ള ആഴമായ നന്ദി, അളക്കാനാവാത്ത വിനയം, നീതിബോധം, സ്വാതന്ത്ര്യം എന്നിവയാകുന്നു അവ. ആര്‍ഷഭാരത സംസ്ക്കാരം എന്നതില്‍ ഉള്‍ച്ചേര്‍ന്നതല്ലെ ഇതെല്ലാം! ആത്മീയതയുടെ മേമ്പൊടി കലരാത്ത ജീവിതം നയിക്കുന്നവന് ഇതൊന്നും മനസ്സിലാകണമെന്നില്ല. ഭൗതിക വാദത്തിന്‍റെ നിഘണ്ടുവില്‍ മാത്രമേ 'അപരന്‍', 'അന്യന്‍' എന്ന പദങ്ങള്‍ക്ക് സ്ഥാനമുള്ളു. ഈ കാഴ്ചപാടുകള്‍ ഇല്ലാതാകുമ്പോള്‍ അസഹിഷ്ണുത എന്ന അര്‍ബുദം മനസ്സിനെ കീഴടക്കുന്നു. ശൈശവാവസ്ഥയിലെ നൈസര്‍ഗ്ഗികമായ സ്നേഹവും സാഹോദര്യവും ക്രമേണ നമ്മെ കൈയ്യൊഴിയുന്നു. ലൊയോള നിര്‍ദ്ദേശിക്കുന്ന ആറ് ഉപകരണങ്ങള്‍ പ്രയോഗിച്ച് മനസ്സിനേയും ജീവിതത്തേയും പരുവപ്പെടുത്തുന്ന നിരീശ്വരന്‍ പോലും ആത്മീയനാണ് എന്ന് ഞാന്‍ കരുതുന്നു.

ഇഗ്നേഷ്യസ് ലൊയോള നല്‍കുന്ന ആത്മീയ ആന്തരീക സ്വാതന്ത്ര്യം ഇന്ന് ഏറെ പ്രസക്തമാകുകയാണ്. മൗലികവാദത്തിന്‍റെ കൈപ്പിടിയില്‍ നിന്ന് കുടഞ്ഞ് മാറാത്തവര്‍, ആ നീരാളിപ്പിടുത്തത്തിന്‍റെ ഇരകളാകുന്നതല്ലേ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാറ്റിലും ആത്മീയ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് ശത്രുക്കള്‍ ഉണ്ടാവുക! ഈ തത്ത്വങ്ങള്‍ ശത്രുവിനെ മിത്രമാക്കുന്നു. തികഞ്ഞ ആശയസംഘട്ടനങ്ങള്‍ക്കിടയില്‍ത്തന്നെയല്ലേ മഹാത്മജിയും നെല്‍സണ്‍മണ്ടേലയുമെല്ലാം സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ നിരായുധരാക്കിയത്. ('തോല്‍പിക്കുക' എന്ന പദം പോലും ഇവിടെ അപ്രസക്തമാകുന്നു. എല്ലാവരും വിജയിക്കുന്നു.) ഇവിടെ അകലം കുറയുന്നു. അടുപ്പം വര്‍ദ്ധിക്കുന്നു.

പരസ്പര ആദരവിന്‍റെ ഒരു പൊതു ഡിനോമിനേറ്റര്‍ സമൂഹ ജീവിതത്തില്‍ നാം വരച്ചിടണം. അപ്പോള്‍ ബഹുസ്വരതയ്ക്ക് ആദ്ധ്യാത്മിക മാനം കൈവരുന്നു. മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസത്തിന്‍റെ തകര്‍ന്നു കൊണ്ടിരിക്കുന്ന പാലങ്ങളെ നമുക്ക് ശക്തിപ്പെടുത്താനാകും. മതത്തിന്‍റെയോ, ഇസങ്ങളുടെയോ ആവിഷ്ക്കാര ശൈലിയുടെയോ പേരില്‍ ആര്‍ക്കും ആരേയും സംശയിക്കേണ്ടിവരില്ല. ശബരിമല മാനവസൗഹാര്‍ദത്തിന്‍റെ ശ്രീകോവിലായി നിലകൊള്ളുന്നില്ലേ. അയ്യപ്പനും വാവരും അവിടെ സഹോദരന്മാരല്ലേ. അദിശങ്കരന്‍റെ ജന്മംകൊണ്ട് ഖ്യാതിനേടിയ കാലടിയില്‍ പൂര്‍ണ്ണനദിയോരത്ത് സ്ഥിതി ചെയ്യുന്ന സമീക്ഷ ജെസ്വിറ്റ് ആശ്രമത്തിലെ പ്രാര്‍ത്ഥനമുറിയില്‍ ഗീത, ബൈബിള്‍, ഖുറാന്‍ തുടങ്ങിയ എല്ലാ മതഗ്രന്ഥങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ അവിടെ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടല്ലോ. സംശയരോഗം വച്ചുപൊറുപ്പിക്കരുത്. ഇന്ന് മനുഷ്യനെ പിടികൂടിയിരിക്കുന്നത് നമ്മുടെതന്നെ സൃഷ്ടിയായ 'ഫ്രാങ്കെന്‍സ്റ്റെന്‍ മോണ്‍സ്റ്റര്‍' ആണ് (Frankenstein Monster). ഇത് അതിന്‍റെ സൃഷ്ടികര്‍ത്താവിനെത്തന്നെ നശിപ്പിക്കുന്നതല്ലേ ഇപ്പോള്‍ നാം കാണുന്നത്! സര്‍വരിലും ഈശ്വരനെ ദര്‍ശിക്കാനുള്ള ഹൃദയത്തിന്‍റെ തുറവി ഇന്നിന്‍റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ആധുനിക ലോകം ലൊയോള എന്ന വ്യക്തിയെ കുറെകൂടെ പഠിക്കേണ്ടതുണ്ട് എന്നാണ് എന്‍റെ പക്ഷം.

ഈ ചിന്തകള്‍ അസ്ഥാനത്തുള്ള പല ഏറ്റുമുട്ടലുകള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ ഉപകരിക്കും. രാമായണ മാസാചരണ വിവാദം, പള്ളിത്തര്‍ക്കങ്ങള്‍, മന്ദിര്‍-മസ്ജിദ് വടംവലി, മീശയുദ്ധം, രാഷ്ട്രീയ എതിരാളികളോടുള്ള കൊലവിളി തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ തെരുവില്‍ അടരാടാന്‍ ആളുകളെ കിട്ടാതാകും. രാജ്യത്തിന്‍റെ സമാധാനം പുനഃസ്ഥാപിതമാകും. ദൈവത്തിന്‍റെ മഹത്ത്വം "പൂര്‍ണ്ണാവസ്ഥയില്‍ തിളങ്ങിനില്‍ക്കുന്ന മനുഷ്യനാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ചിന്തകനായ ഇരണേവൂസ് അഭിപ്രായപ്പെടുന്നു. ചിന്താ ആവിഷ്ക്കാര ബഹുസ്വരത ഇവിടെ പൂത്തുലയുന്നു. ഏതായാലും സ്വന്തം ഉള്ളറകളിലേക്ക് ഒരു ആത്മപരിശോധനാ സഞ്ചാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org