Latest News
|^| Home -> Cover story -> സത്യദീപം: ബഹുസ്വരതയുടെ ഭാഷണമണ്ഡലം

സത്യദീപം: ബഹുസ്വരതയുടെ ഭാഷണമണ്ഡലം

Sathyadeepam

ഡോ. പോള്‍ തേലക്കാട്ട്

സത്യദീപം അതിന്‍റെ നവതി ആഘോഷിച്ചു. 1927 ജൂലൈ മൂന്നാം തീയതി അതിന്‍റെ ആദ്യപതിപ്പു പുറത്തിറങ്ങിയപ്പോള്‍ അതിന് അന്നത്തെ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്ത അഗസ്റ്റിന്‍ കണ്ടത്തിലിന്‍റെ ആശീര്‍വാദവും പിന്തുണയുമുണ്ടായിരുന്നു. പക്ഷേ, അതിന്‍റെ സാമ്പത്തിക സ്രോതസ്സ് പഞ്ഞിക്കാരന്‍ ജോസഫ് അച്ചന്‍റെ പത്രമേനിയായിരുന്ന ‘സത്യം’, ‘ദീപം’ എന്നീ കടത്തുബോട്ടുകള്‍ വിറ്റ പണമായിരുന്നു. എന്നാല്‍ അതിന്‍റെ ബൗദ്ധികബലം നടുവത്തുശ്ശേരി ജേക്കബ് അച്ചന്‍റെ പ്രതിഭയായിരുന്നു.

കാലാന്തരത്തില്‍ സത്യത്തിന്‍റെയും കേരള കത്തോലിക്കാസഭയുടെയും സ്വരമായി കത്തോലിക്കാസമൂഹവും പൊതുസമൂഹവും ഈ പത്രത്തെ സ്വീകരിച്ചു. വി. അഗസ്റ്റിന്‍ എഴുതിയിട്ടുള്ളതുപോലെ “സത്യം നിന്നില്‍ കുടികൊള്ളുന്നു” എന്നതനുസരിച്ച് ആന്തരികതയിലെ സത്യമാണു കണ്ണുകളുടെ കാഴ്ചപ്പാടാകുന്നത്. പത്തു പേര്‍ക്കു ക്യാമറകള്‍ നല്കിയിട്ട് ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടാല്‍ പത്തുപേര്‍ എടുത്തതും ഒരു പെണ്‍കുട്ടിയുടെ തന്നെ പടമായിരിക്കും. എന്നാല്‍ ഓരോ പടവും ഭിന്നമായിരിക്കുകയും ചെയ്യും. അങ്ങനെ പടങ്ങള്‍ ഭിന്നമാകുന്നതു വീക്ഷണകോണങ്ങള്‍ ഭിന്നമായതുകൊണ്ടാണ്. ഫോട്ടോ എടുക്കുന്ന ഇടത്തില്‍ നിന്നു നോട്ടം ഭിന്നമായിരിക്കുന്നു. ഇടം മാത്രമല്ല പടമെടുക്കുന്ന ആളുടെ താത്പര്യവും പടത്തിന്‍റെ സ്വഭാവം മാറ്റുന്നു. ഫോട്ടോ എടുക്കുന്നവന്‍ നോക്കുകയാണ്, നോക്കുന്നവന്‍റെ കണ്ണില്‍നിന്നു പുറപ്പെടുന്ന നോട്ടത്തിന്‍റെ വെളിച്ചം (lumen) നോക്കുന്ന വിഷയത്തെ പ്രത്യേകവിധം കാണിക്കുന്നു. ഫോട്ടോ എടുക്കുന്ന വിഷയം വസ്തുവോ വ്യക്തിയോ ആണ്. അത് ഒരു കാണിക്കല്‍ പ്രക്രിയയാണ്. പൂവ് സ്വയം കാണിക്കുന്നതുപോലെ പെണ്‍കുട്ടിയും കച്ചകെട്ടി കാണിക്കുകയാണ്. കാണിക്കലിന്‍റെ വെട്ടം (lux) കാണുന്നവനില്‍ വന്നെത്തുന്നു. ഈ രണ്ടു പദങ്ങള്‍ക്കും (lumen, lux) ഒരേ അര്‍ത്ഥമാണെങ്കിലും ഭിന്നമായ അര്‍ത്ഥധ്വനിയിലാണ് ഉപയോഗിക്കുന്നത്.

കേരളത്തില്‍ നിരവധി പത്രങ്ങളും മാസികകളുമുണ്ട്. ഒരേ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത ഓരോ പത്രത്തിലും വ്യത്യസ്തമായി എഴുതപ്പെടുന്നു, വിവരിക്കപ്പെടുന്നു. പത്രക്കാര്‍ അതിനു കഥ – സ്റ്റോറി എന്നു പറയുന്നു. ഈ പദപ്രയോഗംതന്നെ വാര്‍ത്താഖ്യാനത്തില്‍ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ ഉള്ളപ്പോഴും വ്യക്തിനിഷ്ഠമായ കഥനം വന്നു ചേരുന്നു എന്ന് അറിയിക്കുന്നു. ഈ പത്രക്കാരന്‍റെയും പത്ര ഉടമയുടെയും കാഴ്ചപ്പാട്, നയം എന്നിവയില്‍ പത്രം പൂരിതമാകും. സത്യദീപം 90 കൊല്ലങ്ങള്‍ പ്രവര്‍ത്തിച്ചത് ഇങ്ങനെ വ്യക്തമായ ഒരു കാഴ്ചപ്പാടിന്‍റെ ബലത്തിലാണ്.

“ഞങ്ങള്‍ നയിക്കപ്പെടുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കോറി. 5:7) എന്ന സെന്‍റ് പോളിന്‍റെ വാചകം ഇവിടെ അന്വര്‍ത്ഥമാണ്. ക്രൈസ്തവവിശ്വാ സം സ്വകാര്യതയില്‍ കാത്തുസൂക്ഷിക്കേണ്ട രഹസ്യമല്ല. ആ വിശ്വാസത്തിന്‍റെ വീക്ഷണം സകല മണ്ഡലങ്ങളിലും പ്രതിധ്വനിക്കും. ഈ വിശ്വാസം മൂര്‍ത്തമായി കത്തോലിക്കാസഭയുടെ നിലപാടാണ്. മലകളെ മാറ്റുന്ന വിശ്വാസം അടിമയോ ഉടമയോ ജാതിയോ മതങ്ങളോ ഇല്ലാത്ത ഒരു സ്വപ്നമാണ്. ഈ വിശ്വാസം ലോകത്തില്‍ ഒരിടത്തും ഒന്നിലും ദൈവത്തെ കാണാത്തതുമാണ്. ആ വിശ്വാസത്തിന്‍റെ വഴി ദൈവങ്ങളെ ചോദ്യം ചെയ്യുന്നതുമാണ്. അതിന്‍റെ വഴിയില്‍ ദൈവം വെളിപ്പെടുത്തിയ നിത്യസത്യങ്ങള്‍ ജീവിതധര്‍മ്മമായി മോസസിനു നല്കിയ പത്തു കല്പനകളാണ്. അത് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്കിയപ്പോഴും അത് എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളില്‍ ആ ലേഖിതവും ഹൃദയം വായിച്ച് അറിയാവുന്നതുമായ സാര്‍വത്രികമായ ധര്‍മ്മമാണ്. ഈ സത്യങ്ങളുടെ അനുസരണം ലോകത്തിലുള്ള ഒന്നിനെയും അനുസരിക്കുന്നതല്ല, ഈ ലോകാതീതമായ വിശുദ്ധിയുടെ നിഴലാണ് അതു മനുഷ്യനില്‍ വീഴ്ത്തുന്നത്. ആ വിശുദ്ധിയുടെ നിറസാന്നിദ്ധ്യമായിരുന്നു യേശുക്രിസ്തു. അവനായിരുന്നു ദൈവത്തിന്‍റെ മാംസം ധരിച്ച രൂപവും. ദൈവമില്ലാത്ത ലോകത്തില്‍ ദൈവത്തിന്‍റെ പ്രിയപുത്രനായി അവന്‍ ജീവിച്ചു. അവന്‍റെ ജീവിതവും മരണവും മരണാനന്തരവും മനുഷ്യന്‍റെ ജീവിതത്തിന്‍റെ സത്യവും വഴിയുമായി. സത്യദീപത്തിന്‍റെ പേരിന്‍റെ ചുവട്ടിലെ മുദ്രാവാചകം “ഞാന്‍ ലോകത്തിന്‍റെ ദീപമാകുന്നു; എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല” എന്ന സുവിശേഷവചനത്തില്‍ നിന്നും കടമെടുത്തതാണ്.

സത്യദീപത്തിന്‍റെ കാഴ്ചപ്പാട് യേശുക്രിസ്തുവിന്‍റെ പാദുകങ്ങളില്‍ നിന്ന് അവന്‍റെ കണ്ണുകളോടെ ലോകത്തെയും സഭയെയും വീക്ഷിക്കുന്നതും വിലയിരുത്തുന്നതുമായിരിക്കണം. ഏതു കാഴ്ചയി ലും ആയിരിക്കുന്നതിന്‍റെ സത്യം കാണലും ആകാമായിരിക്കുന്നതിന്‍റെ അസാന്നിദ്ധ്യദര്‍ശന ഫലമായ സാദ്ധ്യത തുറക്കലുമാണ്. യേശുവിന്‍റെ ഈ വീക്ഷണം ജീവിച്ച സഭയുടെ വിശുദ്ധമായ പാരമ്പര്യത്തിന്‍റെ ഓര്‍മകള്‍ ഉണ്ടാകണം. തലമുറകള്‍ ജീവിച്ചു കാണിച്ച മഹത്തരവും വിശുദ്ധവുമായ ജീവിതത്തിന്‍റെ മഹനീയ പാരമ്പര്യം രാജാക്കന്മാരുടെ അഹത്തിന്‍റെ ഔദ്യോഗികചരിത്രങ്ങളില്‍ എഴുതപ്പെടാതെയും അതിനടിയില്‍ മങ്ങിയും മറഞ്ഞും കിടക്കുന്നതു വീണ്ടെടുക്കാനുള്ള ചരിത്ര വായനയാവണം. എല്ലാ വിപ്ലവങ്ങളും അതിന്‍റെ ഊര്‍ജ്ജം സ്വീകരിക്കുന്നതു പാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനത്തില്‍ നില്ക്കുന്നവന്‍ ഭൂതത്തിന്‍റെ ഓര്‍മ്മയില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത സാദ്ധ്യതകള്‍ കണ്ടെത്തുകയും ഭാവിയുടെ സ്വപ്നങ്ങള്‍ കല്പിക്കുകയും വേണം. ഭൂതവും ഭാവിയും തമ്മിലുണ്ടാകുന്ന കുഴച്ചില്‍ കുഴപ്പങ്ങളുണ്ടാക്കും. ആ കുഴപ്പങ്ങളുടെ അലോസരങ്ങളാണു മെച്ചപ്പെട്ട ജീവിതത്തിനും സംസ്കാരത്തിനും അനിവാര്യം. ക്രൈസ്തവജീവിതം ഹോമറിന്‍റെ യുളീസിസിനെപ്പോലെ പിന്നോട്ടു പോക്കല്ല. അത് അബ്രാഹത്തെയും മോസസിനെയുംപോലെ നാടും വീടും വിട്ട്, വര്‍ത്തമാനവും ഭൂതവും വിട്ടു ഭാവിയിലേക്കുള്ള പുറപ്പാടു യാത്രയാണ്. മിശിഹായ്ക്കുവേണ്ടിയുള്ള യഹൂദന്‍റെ കാത്തിരിപ്പും ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനായുള്ള ക്രൈസ്തവന്‍റെ നോക്കിയിരിപ്പും കാത്തിരിപ്പിന്‍റെ മരണമില്ലാത്ത ഭാവിയുടെ പ്രതീക്ഷയാണ്. വര്‍ത്തമാനകാലത്തോടു പൊരുത്തപ്പെട്ട് അതില്‍ ചടഞ്ഞുകൂടുന്ന യാഥാസ്ഥിതികത ഈ ലോകം സാദ്ധ്യമാകുന്നതില്‍ ഏറ്റവും നല്ലതാണ് എന്ന അന്ധതയില്‍ കുടുങ്ങിപ്പോകലാണ്. ഏറ്റവും നല്ലതും സാദ്ധ്യവുമായതും ഇനിയും കാണാതിരിക്കുന്നു എന്ന പ്രതീക്ഷ വെടിയാനാവില്ല.

ജീവിതം പിന്നോട്ടല്ല. അതു ഘര്‍വാപ്പസിയാണ്, വീടു പിന്നിലാണ് എന്നു കരുതുന്നവന്‍ പഴമയില്‍ കെട്ടിക്കിടക്കുന്ന മൗലികവാദ പ്രതിസന്ധി നേരിടുന്നു. പഴമയില്‍ നിന്നു വിട്ടുപോരാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചു തലവിധിയുടെ ഗോത്രം, ജാതി, വര്‍ഗം, സമുദായം എന്നിവയില്‍ ആണിവച്ചു കഴിയുന്നവരുടെ ജീവിതം പേഗനിസത്തിന്‍റെ, അക്രമത്തിന്‍റെ ഉന്മാദത്തിലേക്കു കൂപ്പുകുത്തുന്നതു കാണാം. അങ്ങനെയൊരു പേഗനിസമായിരുന്നു നാസിസം. അതിന്‍റെ നേതാവിനെ രക്ഷകനായി കണ്ടവര്‍ യൂറോപ്പിലെ ക്രൈസ്തവരായിരുന്നു എന്നത് മറക്കാനാവില്ല.

യേശുവിന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ പോയ മഗ്ദലേനമറിയത്തിനു കിട്ടിയ സന്ദേശമായ ക്രിസ്തുവിന്‍റെ കൂദാശയായ സഭ, ലോകത്തോടു പ്രഘോഷിക്കുന്നത് “അവന്‍ ഇവിടെ ഇല്ല…” (മത്താ. 28:6). അവന്‍റെ പകരമായി സഭ നില്ക്കുന്നു. അവന്‍റെ പകരക്കാരായി ക്രൈസ്തവര്‍ ജീവിക്കണം – ദൈവത്തിനുവേണ്ടി ചരിത്രത്തില്‍ ഇടപെടാന്‍. ജെറുസലേം ജെറീക്കോ വഴിയില്‍ തല്ലുകൊണ്ടു കിടന്നവനിലേക്കു പോകാനുള്ള ദൈവത്തിന്‍റെ വിളിയാണു ക്രൈസ്തവന്‍റെ ഉത്തരവാദിത്വം. അവന്‍റെ ദൈവാനുഭവം ഏതെങ്കിലും അനുഷ്ഠാനകര്‍മങ്ങളില്‍ ലഭിക്കുന്ന ഉന്മാദമല്ല. നിലവിളിക്കുന്നവന്‍റെ മുഖത്തു പീഡിതക്രിസ്തുവിന്‍റെ മുഖദര്‍ശനം ലഭിച്ച ദൈവത്തിന്‍റെ വിളിയുടെ ഉത്തരവാദിത്വം നിറവേറ്റലാണ്.

ഈ ഉത്തരാവാദിത്വം ഒരു നിലവിളിയോടുള്ള പ്രതികരണമാകണം. ഗാഗുല്‍ത്തായിലെ കുരിശില്‍ കിടന്നവന്‍റെ നിലവിളി: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് എന്നെ നീ ഉപേക്ഷിച്ചു.” ക്രിസ്തുവിന്‍റെ ഈ നിലവിളിയുടെ പ്രകമ്പനമാണു ജെറുസലേം – ജെറീക്കോ വഴിയിലും എല്ലാ ജീവിതവഴികളിലും മുഴങ്ങുന്നത്. അതാണു ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കപ്പെട്ടവരുടെ കൂടെനില്ക്കാന്‍ ആവശ്യപ്പെടുന്നതിന്‍റെ അര്‍ത്ഥം. ഭ്രഷ്ട് കല്പിച്ചു നാം പുറത്താക്കുന്നവര്‍, ജാതിയുടെ, വര്‍ഗത്തിന്‍റെ, ലിംഗത്തിന്‍റെ, ഭാഷയുടെ, ദേശത്തിന്‍റെ, മതത്തിന്‍റെയെല്ലാം പേരില്‍ ജീവിതത്തിന്‍റെ ഇടങ്ങളില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍. അവര്‍ ഇടം നിഷേധിക്കപ്പെട്ടവരാണ്, അവര്‍ നിലവിളിക്കുന്നു: “എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?” ഈ നിലവിളി പ്രാര്‍ത്ഥനയായിരുന്നു. ഈ പ്രാര്‍ത്ഥന നമ്മുടെ പ്രാര്‍ത്ഥനകളെയും പ്രവര്‍ത്തനങ്ങളെയും അലോസരപ്പെടുത്തുന്നുണ്ടോ?

കത്തോലിക്കാ പത്രപ്രവര്‍ത്തനത്തെ കാണേണ്ടതു കുരിശിന്‍റെ നിലവിളിയുടെയും പ്രാര്‍ത്ഥനയുടെയും കാലദേശങ്ങളിലെ പ്രതിധ്വനികള്‍ക്കു ഭാഷ നല്കുന്നതിലാണ്. പശുവിന്‍റെ പരിശുദ്ധിയുടെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നത്  വിശ്വാസവഞ്ചനയാകും. യുദ്ധത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്നവര്‍ക്കു വാതിലയടയ്ക്കുന്നതും ഈ ആത്മവഞ്ചനയാണ്. ഫ്രാന്‍സിസ് ബേക്കന്‍റെ പ്രയോഗം പോലെ “ദൈവത്തിന്‍റെ കര്‍മ്മഗ്രന്ഥ”ത്തിനും “ദൈവത്തിന്‍റെ വചനഗ്രന്ഥ”ത്തിനും വ്യാഖ്യാനതര്‍ജ്ജമകള്‍ ഉണ്ടാക്കുകയാണു പത്രപ്രവര്‍ത്തനം. അതു ഭാഷയുണ്ടാക്കലാണ്. മനുഷ്യന്‍ ഭാഷാഭവനത്തില്‍ ജീവിക്കുന്നു. ഏശയ്യാപ്രവാചകനെപ്പോലെ ഭാഷാഭവനത്തില്‍നിന്നു ക്രൈസ്തവന്‍ വിളിക്കപ്പെടുന്നു. അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണു നാവിന്‍റെ അഗ്നിശുദ്ധിക്കു വിധേയമായത്. അവനാണു അയയ്ക്കപ്പെടുന്നത്, അവനു പ്രവാചകനു വേണ്ട ഭാഷാവരം ലഭിക്കുന്നു.

ഭാഷാവരം കിട്ടിയ മറ്റൊരു പ്രവാചകനാണു നാഥാന്‍. അക്രമവും കൊലയും വ്യഭിചാരവും നടത്തിയ ദാവീദ് രാജാവിന്‍റെ മുമ്പില്‍ നാഥാന്‍ നിന്നതു രാജാവിനെ തെറിവിളിക്കാനല്ല, ആക്രമിക്കാനുമല്ല. എല്ലാ വികാരക്ഷോഭങ്ങളെയും ഉള്ളിലിട്ടു വേവിച്ചുണ്ടാക്കിയ കഥ പറയാനാണ്. പാവപ്പെട്ടവന്‍റെ ഏക ആടിനെ മോഷ്ടിച്ച ധനവാന്‍റെ കഥ. ആ കഥ ഒരു അത്ഭുതം പ്രവര്‍ത്തിച്ചു; ചിന്താഹീനനായിരുന്ന രാജാവു ചിന്തിച്ചു, ധര്‍മ്മബോധമുള്ളവനായി. “അവനെ കൊല്ലണം” എന്ന സ്വാഭാവിക പ്രതികരണം. നാഥാന്‍ വികാരക്ഷോഭമില്ലാതെ പറഞ്ഞു: “ആ മനുഷ്യന്‍ നീ തന്നെ.” സ്വന്തം കുടുംബത്തിലെ 70 പേരെ അധികാരി കൊന്നപ്പോള്‍ ഒളിച്ചിരുന്നു രക്ഷപ്പെട്ടവന്‍ ഗരിസിംമലയുടെ മുകളില്‍നിന്നു നാട്ടുകാരെ വിളിച്ചുകൂട്ടി പറഞ്ഞതെന്താണ്? മാനുഷികമായ കോപതാപാദികള്‍ ഉള്ളില്‍ തീയാക്കി പാകപ്പെടുത്തിയ കഥയാണു യോഥാം പറഞ്ഞത് – മരങ്ങളുടെ രാജാവിനെ വാഴിച്ച കഥ. ഈ കഥകളാണു വെളിപാടുകള്‍. അവയാണു ധര്‍മ്മജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവയൊക്കെ ആ നിലവിളിയുടെ ഭാഷകളാണ്.

വേദം എഴുതിയവരെല്ലാം അക്രമത്തെയും പാപത്തെയും കഥയാക്കിയവരാണ്. ഈ കഥപറച്ചില്‍ വേദപുസ്തകത്തിന്‍റെ താളുകളില്‍ അവസാനിക്കുന്നില്ല. മനുഷ്യന്‍റെ കഥ തുടരുന്നു-അവസാനമില്ലാത്ത പ്രതീക്ഷയുടെ കഥ. അവന്‍റെ കഥ പറയാന്‍ കവികള്‍ വിളിക്കപ്പെടുന്നു.

മൈക്കിള്‍ ആഞ്ചെലോ ബൈബിള്‍ വായിച്ച് ബൈബിളിനു പൂരണം നടത്തിയപ്പോള്‍, ചിന്തിക്കാത്തതും സങ്കല്പിക്കാത്തതും ചിന്തിക്കുകയും സങ്കല്പിക്കുകയും ചെയ്തപ്പോള്‍ – പീയെത്ത ഉണ്ടായി. അത്താഴത്തിന് ഏശയ്യായും എസക്കിയേലും വന്ന കഥ കവിയായി വില്യം ബ്ലേക്ക് പറയുന്നു. അവരോടു നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ എന്നും പിന്നെ നിങ്ങള്‍ ദൈവനാമത്തില്‍ പറഞ്ഞതെന്ത് എന്നും ചോദിച്ചു. ഏശയ്യ പറഞ്ഞു, “ഞാനൊരു ദൈവത്തെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല… ധര്‍മ്മരോഷത്തിന്‍റെ സത്യസന്ധമായ സ്വരം ദൈവസ്വരമാണ്. ഞാന്‍ പിന്നെ പ്രത്യാഘാതങ്ങള്‍ അന്വേഷിച്ചില്ല, എഴുതി.” നീതി അന്വേഷിക്കുന്നവന്‍ ഭീകരബോധത്താല്‍ ഗ്രസിക്കപ്പെടുന്നു; ദൈവത്തിന്‍റെ മുമ്പില്‍ ആത്മീയ നിരാശ ഉയരുന്നു. അവനും നിലവിളിക്കുന്നു. “എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?” ദൈവത്തിനു മനുഷ്യന്‍റെ മുന്നില്‍ വിശുദ്ധിയായിട്ടേ പ്രത്യക്ഷനാകാനാവൂ. ഈ വിശുദ്ധ ബോധത്തോടെ മനുഷ്യചരിത്രം രക്ഷാകരചരിത്രമായി വിരചിക്കാനാണു വിളിക്കപ്പെടുന്നത്.

ഈ പത്രഭാഷ ആരുടെയും സ്വഗതമല്ല. അധികാരിയുടെ ശബ്ദത്തിനും സ്ഥാനമുണ്ട്; പക്ഷേ, ഇത് അധികാരിയുടെ ഗസറ്റല്ല. പത്രം അന്തമില്ലാത്ത സംഭാഷണത്തിലാണ്. ഏകഭാഷാധിപത്യത്തിന്‍റെ ബാബേല്‍ തകര്‍ത്തതു ദൈവമാണ്. ബഹുസ്വരതയുടെ സംഭാഷണമണ്ഡലമാണു പത്രം. അതു സാഹിത്യമാണ്, അതു ജനാധിപത്യവുമാണ്. സത്യം വെളിവാകുന്നതു സംഭാഷണത്തിന്‍റെ പാലത്തില്‍ പൂവിടുന്ന ദൈവികതയിലാണ്. ഒരുവന്‍റെ എഴുത്തിനോ ഭാഷയ്ക്കോ വിശദീകരണം കൊടുക്കാതിരിക്കുന്ന ഉത്തരവാദിത്വരാഹിത്യവും വലിയ ഉത്തരവാദിത്വമാകും. അതു ദൈവികമായ ലഹരിയുടെ ഭ്രാന്തിനു സ്വയം വിട്ടുകൊടുക്കുന്ന കുരിശുപേറലാകും. ദൈവം വാഗ്ദാനത്തിന്‍റെയാണ്. സംഭാഷണത്തിലാണു വാക്കു കൊടുക്കലും വാക്കു പാലിക്കലും നടക്കുക. അപരന്‍റെ മുഖത്തോടു മൊഴിയുന്ന വാക്കുകള്‍ക്കു സത്യത്തിന്‍റെ സൗന്ദര്യവും സൗന്ദര്യത്തിന്‍റെ സത്യവുമുണ്ടാകണം.

ആര്‍തര്‍ ലാര്‍ക്കില്‍ 1954-ല്‍ പ്രസിദ്ധീകരിച്ച കവിതയാണു Church Going. പള്ളിയെന്നും സഭയെന്നും ആദ്യവാക്ക് അര്‍ത്ഥമാക്കും. രണ്ടാമത്തെ പദമാകട്ടെ പള്ളിയില്‍ പോക്കാണു സാധാരണമായി മനസ്സിലാക്കുക. കുറേ ചെറുപ്പക്കാര്‍ കണ്ണൂരില്‍ നിന്ന് എറണാകുളത്തു വന്നു. എന്തു കാണാനാണ്? അവരില്‍ ഒരുവന്‍ പറഞ്ഞു; “ലുലു മാളിലും ഇടപ്പള്ളി പള്ളിയിലും പോകണം.” ഇവര്‍ പള്ളിയില്‍ പോകുന്നത് എന്തിന്? യൂറോപ്പിലെ വലിയ കത്തിഡ്രല്‍ പള്ളികളില്‍ ആളുകള്‍ പോകുന്നു – മ്യൂസിയം കാണാന്‍. എന്നാല്‍ ഈ പോക്കല്ല കവി അര്‍ത്ഥമാക്കുന്നത്. പള്ളിയുടെ പോക്കാണു സൂചിതം. പള്ളി സമൂഹത്തില്‍നിന്നും മനുഷ്യമനസ്സുകളില്‍ നിന്നും പോകുന്നു. അതു പള്ളിയുടെ മരണമാണ്. ഇതു പാശ്ചാത്യനാടുകളില്‍ സംഭവിക്കുന്നു. ദൈവം ദേവാലയം ഉപേക്ഷിച്ചു പോകുന്നത് കണ്ടു എന്ന് എസക്കിയേല്‍ എഴുതിയിരിക്കുന്നു.

ക്രൈസ്തവ ദൈവത്തിന്‍റെ തിരോധാനമാണോ നാം കാണുന്നത്? അതു പേഗന്‍ ദൈവങ്ങളുടെ പുനരധിവാസമാണോ? വര്‍ഗ-ജാതി-ഗോത്ര ദൈവങ്ങളുടെയും ആര്യവര്‍ഗാധിപത്യത്തിന്‍റെയും യുദ്ധത്തിന്‍റെ കടന്നുവരവു നാം കാണു ന്നുണ്ടോ? ഒരു സാര്‍വത്രികവും വിശുദ്ധവുമായ ഭാഷയുടെ തിരോധാനം. വിശുദ്ധ ഭാഷയുടെ കടന്നുപോക്കില്‍ കരയാനും വിശുദ്ധഭാഷയെ വിളിച്ചുവരുത്താനും കവികളും പ്രവാചകരുമുണ്ടോ? പ്രവാചകനും പുരോഹിതനും അവരുടെ വിശുദ്ധവസ്ത്രങ്ങള്‍ കീറിയും വിശുദ്ധ വചനങ്ങള്‍ വിഴുങ്ങിയും വീടുകളിലേക്കു മടങ്ങിയോ? അവന്‍റെ വരവിനു വഴിയൊരുക്കാന്‍ മാതൃഭൂമിയുടെ ശബ്ദമായി ഭാഷയുടെ ചക്രവാളത്തില്‍ നിന്നും വാഗ്ദാനത്തിന്‍റെ ഭാഷാവരത്തിനു കാത്തിരിപ്പുണ്ടോ? പത്രോസിന്‍റെ പ്രസംഗം “നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നു.” ഈ “പുതുവീഞ്ഞിന്‍റെ ലഹരി” സഭയില്‍ പടരുമോ? അലോസരപ്പെടുത്തുന്ന ചോദ്യങ്ങളും പത്രത്തിന്‍റെ ധര്‍മ്മമാണ്. ഇതു സത്യാന്വേഷണത്തിന്‍റെ ഫലമാണ്. സത്യമന്വേഷിക്കുന്നത് അതു സത്യമായതുകൊണ്ടല്ല നന്മയായതുകൊണ്ടാണ്. സത്യത്തിലുള്ള ആഴമാര്‍ന്ന ശ്രദ്ധയാണു പ്രാര്‍ത്ഥന. മനുഷ്യന്‍റെ പീറത്തരം അംഗീകരിക്കാതിരിക്കുന്നതല്ലാതെ മറ്റെന്താണു പാപം?

Leave a Comment

*
*