ഭിക്ഷാടനമാഫിയ കേരളം കയ്യടക്കുമ്പോള്‍

ഭിക്ഷാടനമാഫിയ കേരളം കയ്യടക്കുമ്പോള്‍

രാജന്‍ ബെഞ്ചമിന്‍, ഗുരുവായൂര്‍

പറഞ്ഞതുതന്നെ വീണ്ടും പറയട്ടെ. കേരളം ഭിക്ഷാടകരുടെ പറുദീസയായി മാറുകയാണ്. ദിനം പ്രതി ഡസന്‍ കണക്കിനു ഭിക്ഷാടകരാണു വിവിധ സംസ്ഥാനങ്ങളില്‍ നിന്നായെത്തുന്നത്. ആരോഗ്യമുള്ള വ്യക്തികളാണു ഭിക്ഷാടനം "തൊഴിലാക്കി" ഇവിടെ വിലസുന്നത്. മറ്റൊരു തൊഴിലും ചെയ്യാന്‍ ഇവര്‍ക്ക് ഒട്ടും താത്പര്യമില്ല.

അംഗവൈകല്യമുള്ളവര്‍ ഭിക്ഷ അര്‍ഹിക്കുന്നവരാണ്. നമ്മള്‍ അവരെ സഹായിച്ചില്ലെങ്കില്‍ അതൊരു അപരാധമാകും. എന്നാല്‍ അംഗവൈകല്യമുള്ള ഭിക്ഷാടകരുടെ കണക്കു വെറും പതിനെട്ടു ശതമാനമാണ്. ഒരുകാലത്തു തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമൊക്കെയാണു ഭിക്ഷാടകര്‍ ഒഴുകിയെത്തിയിരുന്നതെങ്കില്‍ ഇന്ന് ഉത്തരേന്ത്യയില്‍നിന്നുള്ള ഒഴുക്കു ശക്തമാണ്. ഉത്തരേന്ത്യന്‍ സംഘങ്ങളില്‍ ധാരാളം കുട്ടികളുമുണ്ട്.

ഹൈക്കോടതി ഭിക്ഷാടനം നിരോധിച്ചിട്ടു വര്‍ഷങ്ങളായി. എന്നാല്‍ നിയമം ലംഘിക്കുന്ന ഭിക്ഷാടകരെ പുറത്തുവിടാതെ സംരക്ഷിക്കാനുള്ള ഷെല്‍ട്ടറുകളില്ലാത്തതാണ് നിയമപാലകരെ വലയ്ക്കുന്ന പ്രശ്നം. സര്‍ക്കാര്‍ തലത്തില്‍ ഷെല്‍ട്ടറുകള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ഭിക്ഷാടകര്‍ക്ക് ഒരു ദിവസത്തെ ശരാശരി വരുമാനം 1500-ഓളം രൂപയാണുപോലും! അംഗവൈകല്യമില്ലാത്തവര്‍ക്കു ഭിക്ഷ നല്കില്ല എന്നു പൊതുജനം തന്നെ തീരുമാനിക്കണം. ശല്യം ഒഴിവാക്കാന്‍ ഭിക്ഷ കൊടുക്കുന്ന സ്ഥിതി മാറണം. ഇന്നു ഭിക്ഷയെടുക്കുന്ന പല കുട്ടികളും നാളെ ക്രിമിനലുകളാകാനുള്ള സാദ്ധ്യത കൂടുതലാണ്. കാരണം, അവര്‍ക്കു ലഭിക്കുന്ന 'പരിശീലനം' അത്തരത്തിലാണ് എന്നോര്‍ക്കണം.

ഇന്ന് ഒട്ടുമിക്ക മാധ്യമങ്ങളും ഭിക്ഷാടനത്തിന്‍റെ ഭീകര മുഖത്തെയാണു തുറന്നു കാട്ടുന്നത്. ഭിക്ഷാടനത്തിന്‍റെ മറവില്‍ മോഷണപരമ്പരതന്നെ നടക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും ഇന്നൊരു നിത്യകാഴ്ചയാണ്. ഇതൊരു ക്രൂരമായ പീഡനമല്ലാതെ മറ്റെന്താണ്?

ജനംതന്നെ ജാഗ്രത പാലിക്കണം. ഭിക്ഷാടനം ഒരു അവകാശമോ തൊഴിലോ അല്ലെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം. അര്‍ഹിക്കുന്നവരെ സഹായിക്കാം. അല്ലാത്തവരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ഭിക്ഷാടകരുടെ സ്വന്തം നാടാകുന്നതു തടഞ്ഞേ മതിയാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org