Latest News
|^| Home -> Cover story -> ഭക്തിയുടെ പേരിലുള്ള അഭ്യാസങ്ങള്‍

ഭക്തിയുടെ പേരിലുള്ള അഭ്യാസങ്ങള്‍

Sathyadeepam

ഡോ. റോസിതമ്പി

ഭക്തി ജീവാത്മാവിന് പരമാത്മാവിനോടുള്ള പ്രണയമാണ്. മനുഷ്യന് ദൈവത്തോടുള്ള പ്രേമം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണത്.

ഭക്തിയുടെ പ്രകടമായ ഒരടയാളമാണ് ‘വഴിപാടു’കള്‍. മലയാളത്തില്‍ ഈ പദത്തിന്‍റെ നിഷ്പത്തി എങ്ങനെയെന്ന് അറിഞ്ഞുകൂടാ. എന്നാലും ഈ വാക്കിന് പ്രയോഗത്തില്‍ രണ്ട് അര്‍ത്ഥമുണ്ട് എന്നറിയാം. ഇതൊരു വഴിപാടാണ് എന്ന് പറയുമ്പോള്‍ അതില്‍ ഭക്തിയും, ഭയവും, സ്നേഹവും, ബഹുമാനവും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതൊരു വഴിപാടുപോലെ എന്നു പറഞ്ഞാല്‍ ചെയ്ത് ചെയ്ത് തഴക്കംവന്ന ഒരു കാര്യം വലിയ ശ്രദ്ധയൊന്നും കൂടാതെ ഒരു ആവര്‍ത്തി കൂടി ചെയ്യുക എന്നാണര്‍ത്ഥം.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവുമധികം വഴിപാടു നേരുന്ന വ്യക്തി എന്‍റെ അമ്മാമ്മയാണ്. ചെറുപ്പത്തിലെ, വിധവയും രണ്ടുപെണ്‍കുട്ടികളുടെ അമ്മയുമായ അവര്‍ക്ക് ഏകആശ്രയം ഈ വഴിപാടുകളായിരുന്നു. വേലിക്കരികിലൂടെ ഒരു ചേര ഇഴഞ്ഞുപോയാല്‍മതി ‘ന്‍റെ വറുതുണ്ണ്യാളാ നിനക്ക് ഞാന്‍ പാമ്പും മുട്ടയും എത്തിച്ചോളാം.’ കുറിപ്പണം കിട്ടിയത് വെച്ച സ്ഥലം മറന്നുപോയാലും വിളിക്കും. ‘ന്‍റെ അന്തോണിസുപുണ്യാള ന്നെ വലയ്ക്കല്ലേ; നിനക്ക് ഒരു കൂടുമെഴുതിരി കത്തിച്ചോളാം’….

ചിലപ്പോള്‍ നേര്‍ച്ചകള്‍ ഇടവകപള്ളിയില്‍ നിന്ന് പുറത്തുകടക്കും. അപ്പോള്‍ അത് ചെട്ടിക്കാടും, വേളാങ്കണ്ണിയും മലയാറ്റൂരുമൊക്കെയാകും. ആ കൂട്ടത്തില്‍ വീട്ടുകാരൊന്നിച്ച് ഒന്നു രണ്ടു യാത്രയും കൊല്ലത്തില്‍ തരപ്പെടും. അന്ന് ധ്യാനകേന്ദ്രങ്ങള്‍ ഇത്ര ശക്തി പ്രാപിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പാണ് എല്ലാ ധ്യാനകേന്ദ്രങ്ങളിലും സാക്ഷ്യം പറയാന്‍ അമ്മാമ എത്തുമായിരുന്നു. ഇടതുകൈമുട്ടിന്‍റെ വേദനമാറിയ 50 പേര്‍ ഉണ്ട് എന്ന് ധ്യാനപ്രസംഗകന്‍ നിലവിളിക്കുമ്പോള്‍ ആദ്യം ചാടിയെണീറ്റ് സ്റ്റേജിലേക്ക് ഓടുക അമ്മാമയായിരിക്കും. കാരണം അത്രമാത്രം സാധുവായിരുന്നു അവര്‍. അത്തരം കൊച്ചുകൊച്ചു നേര്‍ച്ചകളും ത്യാഗപ്രവര്‍ത്തികളും ഉപവാസവും ഒരിക്കലും എല്ലാം കണ്ടും ശീലിച്ചുതന്നെയാണ് നമ്മളെല്ലാം കത്തോലിക്കാവീടുകളില്‍ വളര്‍ന്നത്.

എന്നാല്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അതൊന്നുമല്ല. വലിയ നോമ്പ് കാലത്ത് ഒരു തീര്‍ത്ഥയാത്രയായി മലയാറ്റൂര്‍ മല കയറുന്നത് നമ്മുടെയൊക്കെ വീടുകളിലെ ശീലമാണ്. അവിടെ കൊച്ചുകൊച്ചു വിശ്വാസങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്ക് മുടി നീണ്ടുവളരാന്‍ ഒരു ചൂല് ഉഴിഞ്ഞ് തലയില്‍ വെച്ചു മലകയറും. ശരീരത്തില്‍ അരിമ്പാറയുണ്ടെങ്കില്‍ എള്ളും, കുരുമുളകും, മുതിരയും ഈവക ധാന്യങ്ങള്‍ മുത്തപ്പന് നേര്‍ച്ച നേര്‍ന്നാല്‍ അത് തനിയെ ശരീരത്തില്‍ നിന്നു കൊഴിഞ്ഞുപോകും ഇതൊക്കെ അതില്‍പ്പെട്ട ചില വിശ്വാസങ്ങളാണ്. ചിലര്‍ പാപപരിഹാരത്തിനായി ഒരു ചെറിയ കല്ല് തലയില്‍വെച്ചു കയറും. ചിലര്‍ ചെറിയ മരക്കുരിശ് കൈപിടിച്ചുകയറും. ഏതായാലും 50 ദിവസത്തെ മാംസം, മത്സ്യം, മദ്യം ഇവയൊക്കെ ഒഴിവാക്കിയുള്ള ഭക്ഷണക്രമവും ചിട്ടയായ പ്രാര്‍ത്ഥനാരീതികളും ഒക്കെ കൊണ്ട് ആരോഗ്യം വീണ്ടുകിട്ടിയ ശരീരത്തിന് ആ മലകയറിയിറങ്ങല്‍ കൂടിയാകുമ്പോള്‍ ഒരു വര്‍ഷത്തെ ദുര്‍മ്മേദസ്സ് എല്ലാം പോയികിട്ടും. അങ്ങനെ നോമ്പുകാലം മനസ്സിനും ശരീരത്തിനും ഒരു പുതുഉന്മേഷം പ്രദാനം ചെയ്യും.

എന്നാല്‍ ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി വലിയ കുരിശുകള്‍ കുറേ ആളുകള്‍ ചേര്‍ന്ന് ചുമന്ന് മലമുകളിലെത്തിച്ച് ആ കുരിശില്‍ ഇടവകയുടെ പേരും എഴുതിവെച്ചുകാണാറുണ്ട്. എന്തിനാണ് ഈ പരസ്യം എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാല്‍ ഇപ്രാവശ്യം അതിഭീകരമായവിധം ഇത്തരം കുരിശുകളുടെ എണ്ണം കൂടിയിരിക്കുന്നു. വലിയ ലോറികളില്‍ കൊണ്ടുവന്നിറക്കുന്ന കുരിശ് ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ചേര്‍ന്ന് ചുമട്ടുതൊഴിലാളികളെപ്പോലെ മുകളിലെത്തിക്കുന്നു. അവര്‍ക്കുള്ള വെള്ളവും മറ്റു സഹായങ്ങളുമായി അവരുടെ സ്ത്രീകളും ഈ സംഘത്തോടൊപ്പം ചേരുന്നു. ഇത്തരം ഒരു ശക്തിപ്രകടനം ഭക്താഭാസം തന്നെയാണ്. അതുപോലെതന്നെ മറ്റൊരു കാര്യമാണ് കൊന്ത, കാവിനിറമുള്ള തോര്‍ത്ത് ഇവയെല്ലാം മലമുകളിലെ മരങ്ങളില്‍ കെട്ടിഞാത്തി ഇട്ടിരിക്കുന്നതും.

മണ്ഡലകാലത്ത് അയല്‍വീടുകളില്‍ നിന്ന് അയ്യപ്പന്മാര്‍ മാലയിട്ടാല്‍ ഞങ്ങളുടെ വീട്ടിലും മത്സ്യ, മാംസാദികള്‍ വേവിക്കാറില്ല. അവര്‍ ദേശവിളക്ക് കഴിഞ്ഞ് കെട്ടുനിറയ്ക്ക് പോകുമ്പോള്‍ ആ വീട്ടിലേക്ക് ഒരു കുപ്പി പശുനെയ്യോ ഒരു തേങ്ങയോ കൊടുത്തയയ്ക്കും. തിരിച്ചുവരുമ്പോള്‍ അരവണപായസ്സവും, കാരോലപ്പവും വീട്ടില്‍ കൊണ്ടുതരും. എന്തെങ്കിലും വിശേഷത്തിന് അമ്പലത്തില്‍ പായസം കഴിപ്പിച്ചാല്‍ ഒരു പങ്ക് ഞങ്ങള്‍ക്ക് തരും. പള്ളിയിലേക്ക് പാച്ചോറുണ്ടാക്കി കൊണ്ടുപോകുമ്പോള്‍ നേര്‍ച്ചയായി തിരിച്ചുകൊണ്ടുവരുന്ന ഒരു ഭാഗം അവര്‍ക്കും കൊടുക്കും. അതു കഴിച്ചതുകൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു ദൈവകോപവും ഉണ്ടായിട്ടില്ല. ഗുണമായി അയല്‍പക്കസ്നേഹം ഉണ്ടാകുകയും ചെയ്തു. ക്ലാസ്സില്‍ മുസ്ലീം കുട്ടികള്‍ ഉമിനീരുപോലും ഇറക്കാതെ നോമ്പ് നോറ്റിരിക്കുമ്പോള്‍ ഞാനും ഉച്ചക്ക് ഉണ്ണാതിരുന്നിട്ടുണ്ട്. പെരുനാള്‍ കഴിയുമ്പോള്‍ അവരും പത്തിരിയും പ്രത്യേകതരം പലഹാരങ്ങളും കൊണ്ടുവരും. ക്ലാസ്സില്‍ എല്ലാവരും അതുകിട്ടാന്‍ കാത്തിരിക്കും. അന്നൊന്നും ഞങ്ങളോടാരും പറഞ്ഞില്ല ഇതൊന്നും കഴിക്കരുതെന്ന്. ഇപ്പോ കോളേജില്‍ ഏതെങ്കിലും കുട്ടികള്‍ ഇങ്ങനെ വല്ലതും കൊണ്ടുവന്നാല്‍ പരമഭക്തരായ അധ്യാപകര്‍ക്ക് പോലും അത് കഴിക്കാന്‍ പേടിയാണ്. അത് കഴിക്കാന്‍ പാടില്ല; കഴിച്ചാ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാകുമെന്ന് അച്ചന്‍ പറഞ്ഞു. ഇതായിരിക്കും മറുപടി. ഇടക്കാലത്തുണ്ടായ ഒരു ഭക്തപരിഷ്ക്കരണത്തിന്‍റെ ഭാഗമായി ഓസ്തി കയ്യില്‍ തരുന്ന രീതിയായല്ലോ. അങ്ങനെ ഞാനും കൈനീട്ടി. ചിലപ്പോള്‍ കയ്യില്‍ മയിലാഞ്ചി ഇടുന്ന സ്വഭാവമുണ്ടായിരുന്നു. എനിക്ക് അത് കൈത്തലം കൂടുതല്‍ അലങ്കരിക്കുന്നതാണ്. പക്ഷേ പുരോഹിതന്‍ കൈകണ്ട പാടേ കോപിഷ്ഠനായി. അന്നും ഇന്നും എനിക്കു മനസ്സിലായിട്ടില്ല. പെണ്‍കുട്ടി അവളുടെ കൈത്തലത്തില്‍ മയിലാഞ്ചിയിട്ടാല്‍ എങ്ങനെ അവളുടെ പ്രിയപ്പെട്ട യേശുവിനെ അപമാനിക്കലാകുമെന്ന്. ഒരു മണ്ണില്‍ യേശുവിന്‍റെ വിശ്വാസം വേരുപിടിക്കുന്നത് അത് മണ്ണിന്‍റെ സംസ്കാരത്തെ കൂടി ഉള്‍ക്കൊള്ളുമ്പോഴാണ്. അങ്ങനെയാണ് 2000 കൊല്ലത്തിന്‍റെ പാരമ്പര്യം കേരള സഭയ്ക്കും ഉണ്ടായത്. നമ്മളതിനെ ഭക്താഭാസങ്ങളുടെ തീവ്രവാദം കൊണ്ട് മലിനമാക്കുന്നത് എന്തിനാണ്?

ഒരു കേടും സംഭവിക്കാത്ത പള്ളി പൊളിച്ചു പണിയാന്‍ പണം കൊടുക്കാത്ത ഇടവകക്കാരെ ശപിക്കുന്ന പുരോഹിതന്മാരുടെ എണ്ണം കൂടിവരികയാണ്. ഭക്തിയുടെ തീവ്രവാദം പ്രചരിപ്പിക്കുന്നതുപോലെ തന്നെയുള്ള ഒരു ആഭാസത്തരമാണിതും. ദേവാലയം ഒരു ഗര്‍ഭാശയമാണ്. കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന അമ്മയാണ് ദേവാലയം. അമ്മയുടെ ഉദരത്തില്‍ നിന്നു പുറത്തുകടന്ന നമ്മള്‍ വീണ്ടും ആ സുരക്ഷിതത്വവും സുഖവും അന്വേഷിച്ചുചെല്ലുന്ന ഇടമാണ് ദേവാലയം. എന്നാല്‍ നമ്മളിന്ന് കോടികള്‍ മുടക്കി പണിയുന്ന നാടകശാലകള്‍ക്ക് എങ്ങനെയാണ് ആ ശാന്തി നമുക്ക് നല്കാനാകുന്നത്. കമ്പോളം നമ്മുടെ ജീവിതത്തെ അടിമുടി നിയന്ത്രിക്കുന്ന കാലത്ത് മതവും അതിന്‍റെ ഭാഗമാകുക തന്നെ ചെയ്യും. കമ്പോളം ജീവിതത്തിലേക്ക് കടന്നുകയറുന്നത് അതാണ് ഏറ്റവും നല്ലത് എന്നു തോന്നിപ്പിച്ചുകൊണ്ടാണ്. ഈ ഭക്തതീവ്രതകളും അങ്ങനെ തന്നെ. മാര്‍ക്കറ്റിന്‍റെ ഈ അന്ധശക്തിക്കെതിരെ ഒരു ചെറുപ്രതിരോധമെങ്കിലും ഓരോ വിശ്വാസിയും സ്വയംരൂപപ്പെടുത്തേണ്ടതുണ്ട്. ഇടവക വൈദികര്‍ക്ക് ദൈവജനത്തെ യഥാര്‍ത്ഥ വിശ്വാസജീവിതത്തില്‍ വളര്‍ത്താനുള്ള വലിയ ഉത്തരവാദിത്വമുണ്ട്. അവരുടെ ആ സ്നേഹചൈതന്യത്തിന്‍റെ ഊഷ്മളത വറ്റിപോകുന്നതുകൊണ്ടാണ് രോഗശാന്തികളും, അഭിഷേകാഗ്നികളും തേടി ഇടവകജനം നെട്ടോട്ടമോടുന്നത്. ഒരു ബദല്‍ ജീവിതത്തിന്‍റെ, യഥാര്‍ത്ഥക്രിസ്തു ചൈതന്യത്തിന്‍റെ മഹത്തായ ഉത്തരവാദിത്വമാണ് ഈ കമ്പോളകാലത്ത് ഓരോ ഇടയനില്‍ നിന്നും സഭ ആവശ്യപ്പെടുന്നത്. അതിന് അവര്‍ക്കു വേണ്ടത് എം.ബി.എ. ബിരുദങ്ങളല്ല. മനുഷ്യമനസ്സുകളെ യേശുവില്‍ വിളിച്ചുചേര്‍ക്കാനുള്ള പരിശീലനമാണ്. എവിടെനിന്നാണ് ഇനിയും അവര്‍ക്കത് ലഭിക്കുക.

Comments

3 thoughts on “ഭക്തിയുടെ പേരിലുള്ള അഭ്യാസങ്ങള്‍”

  1. Pauly says:

    This is meaningful.congratulations to you.

  2. Thomas Emmanuel says:

    These sort of rituals and blind beliefs don’t have any relevance in Christian life. If a person is a firm believer in the goodness of God, he or she will never adopt such practices and instead would contempt them. The author is cent percent right in her observations. What is prudent to be understood is that the clergy encourage such absurdities just for the sake of some money they earn in the process. Pity that even the educated people also fall into such traps. One rationalist pope Francis is just not enough to dissuade the faithfulls and clergy from stooping so low.

  3. Steephan says:

    താങ്കൾ പറഞ്ഞതിൽ കുറെ ഒക്കെ കാര്യം ഉണ്ട്, എന്നാൽ മുഴുവനും അല്ല. അയല്പക്കകാരുമായി സ്നേഹത്തിൽ കഴിയാൻ അവരോടു സ്നേഹത്തിൽ പെരുമാറിയാൽ മതി, വേണമെങ്കിൽ അവരുടെ വീട്ടിൽ വച്ച കറി അവിടെ പോയോ സ്വന്തം വീട്ടിലോ വച്ചോ കഴിച്ചോ. അതിനു ആരും ഒരു കുറ്റവും പറയുന്നില്ല. പക്ഷെ അമ്പലത്തിലെ വിഗ്രഹങ്ങൾക്ക് അർപ്പിച്ച പ്രസാദം കഴിച്ചു തന്നെ അവരെ സ്നേഹിക്കണം എന്ന് എന്തിനാണ് വാശിപിടിക്കുന്നത്? വേറെ എത്ര മാർഗങ്ങൾ ഉണ്ട് അവരോടുള്ള സ്നേഹം കാണിക്കാൻ? ചേച്ചിയുടെ അടുത്ത വീട്ടിൽ താമസിക്കുന്ന നമ്പൂതിരിക്ക് കോഴി ഇറച്ചിയോ അല്ലെങ്കിൽ അടുത്ത് താമസിക്കുന്ന മുസ്ലിം സഹോദരന് പന്നി ഇറച്ചിയോ ക്രിസ്തുമസിന് കൊണ്ടുപോയി കൊടുക്കുമോ? അങ്ങനെയും സ്നേഹം പ്രകടിപ്പിക്കാമല്ലോ അല്ലെ? വിവരം അറിയും, കൊടുത്തതേ ഓർമ്മ കാണൂ. താങ്കൾക്കു കാര്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു. പിന്നെ വിഗ്രഹാർപ്പിത ഭക്ഷണം കഴിച്ചില്ല എന്ന് വച്ച് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. ഇനി വീഴുന്നെങ്കിൽ താങ്കൾ സൂചിപ്പിച്ച അഭിഷേകാഗ്നി രോഗശാന്തി വൈദികർ അത് താങ്ങിക്കൊള്ളും. അതുവരെ മേല്പറഞ്ഞ വൈദികർ അത് പ്രഘോഷിച്ചുകൊണ്ടേ ഇരിക്കും. അത് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കും, അനുസരിക്കാൻ മനസുള്ളവൻ അനുസരിക്കും. ഇനി രോഗശാന്തി അഭിഷേകാഗ്നി പരാമർശം മനസിലാകാത്തവരുണ്ടെങ്കിൽ Please search in YouTube Fr.Xavier Khan Vattayil, Fr.Dominic Valamnal and Fr. Daniel Poovannathil

Leave a Comment

*
*