Latest News
|^| Home -> Cover story -> ഭാരതസഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ

ഭാരതസഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

ഷംഷാബാദ്, ഹോസൂര്‍ എന്നീ രണ്ടു രൂപതകള്‍ സീറോ-മലബാര്‍ സഭാ വിശ്വാസികള്‍ക്കായി സ്ഥാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇന്ത്യയിലെ എല്ലാ മെത്രാന്മാര്‍ക്കുമായി ഒക്ടോബര്‍ 9-ാം തീയതി ഒരു കത്തെഴുതി. ആ കത്തിന്‍റെ പൂര്‍ണ്ണരൂപം.

പ്രിയപ്പെട്ട സഹോദര മെത്രാന്മാരേ,
വ്യത്യസ്തമായ പൗരസ്ത്യ സഭകളുടെ ചരിത്രപരവും സാംസ്കാരികവും ആത്മീയവും, പാരമ്പര്യാനുസരണവുമായ പ്രകിയകളുടെ ഫലമായ, Regina in ve-stitude aura to circum data vere-gate (cf ps 44 and Leo XIII, Orient-al ium Dignitas)-ല്‍ പറയുംപോലെ തങ്ങളുടെ വിളക്കില്‍ എണ്ണ നിറച്ച് മണവാളനെ കാത്തിരിക്കുന്ന മതിശാലിനികളായ കന്യകമാരേപ്പോലെ നമ്മുടെ കര്‍ത്താവിന്‍റെ വരവിനായി കാത്തിരിക്കുന്നവരുടെ സമൂഹമാണല്ലോ സഭ, അവളുടെ സൗന്ദര്യത്തിന്‍റെ എല്ലാ വ്യതിരിക്തതയോടും കൂടി മുന്നു വ്യക്തിസഭകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രശോഭിക്കുന്നു.

ഭാരതത്തിലെ കത്തോലിക്കാ സഭ വിശുദ്ധ തോമസ് അപ്പസ്തോലന്‍റെ പ്രേഷിതപ്രവര്‍ത്തനത്തെ തുടര്‍ന്ന് ഉരുവാക്കപ്പെടുകയും പൗരസ്ത്യ സുറിയാനി (കല്‍ദ്ദായ), പാശ്ചാത്യ സുറിയാനി (അന്ത്യോക്യന്‍) എന്നീ പാരമ്പര്യങ്ങള്‍ വഴിയും വൈദേശിക ലത്തീന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും വളര്‍ന്ന് ഇന്നത്തെ നിലയിലെത്തിയതാണ്. ഈ മഹത്തായ രാജ്യത്തെ ക്രിസ്തീയസഭ അങ്ങനെ മൂന്നു Sui juris കത്തോലിക്കാ സഭകള്‍, ഒരേ വിശ്വാസം മൂന്നു വ്യത്യസ്തമായ റീത്തുകള്‍ വഴി പ്രഘോഷിക്കുന്ന, മൂന്നു വ്യത്യസ്തമായ ആരാധനക്രമ പരികര്‍മ്മ രീതികളുള്ള, ആത്മീയതയിലും, ദൈവശാസ്ത്രത്തിലും, സഭാനു സരണത്തിലും വ്യത്യസ്തമായ മൂന്നു പാരമ്പര്യങ്ങളായി രൂപപ്പെട്ടതാണ്. ചരിത്രത്തിന്‍റെ ദശാസന്ധികളില്‍ ചിലപ്പോഴൊക്കെ ഈ വ്യത്യാസം പരസ്പരമുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കില്‍ പോലും, ഇന്ന് നമുക്ക് ഈ മഹത്തായ രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തെ ഒരേ സമയത്ത് സങ്കീര്‍ണ്ണവും, ഏകവും, സമ്പന്നവും, മനോഹരവുമായി കാണാം.

കത്തോലിക്കാസഭയ്ക്ക് അവളുടെ മുഖം അതിന്‍റെ എല്ലാ സൗന്ദര്യത്തോടെയും, അവളുടെ വ്യത്യസ്തമായ പാരമ്പര്യങ്ങളുടെ സമ്പന്നതയിലും ലോകത്തിനുമുമ്പില്‍ പ്രത്യക്ഷീകരിക്കേണ്ടിയിരിക്കുന്നു. ഇതേ കാരണത്താല്‍ 1917-ല്‍ ബനഡിക്റ്റ് പതിനഞ്ചാം പാപ്പയുടെ ദീര്‍ഘവീക്ഷണത്താല്‍ രൂപംകൊണ്ട പൗരസ്ത്യ സഭകളുടെ തിരുസംഘ കാര്യാലയം, അതിന്‍റെ ശതാബ്ദി ആഘോഷവര്‍ഷത്തില്‍, പൗരസ്ത്യ സഭകളുടെ തനിമയെ വീണ്ടെടുക്കുവാനും, അവയെ പൂര്‍ണ്ണമായ ബഹുമാനാദരവുകളോടെ സംരക്ഷിക്കുവാനും, ഈ പുരാതന അപ്പസ്തോലിക സഭകളെ ബഹുമാനിക്കുവാനും അവയുടെ എല്ലാ അവകാശങ്ങളും സ്ഥാപിതമാക്കുവാനുമുള്ള മഹത്തായ തീരുമാനത്തിലെത്തിയത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ സാര്‍വ്വത്രിക സഭാവീക്ഷണത്തെ മുറുകെ പുല്‍കുകയും ഓരോ വ്യക്തിസഭയുടെയും തനതായ പാരമ്പര്യമാകുന്ന നിധിയെ സംരക്ഷിക്കുവാന്‍ സഭാമക്കളെ ഉത്ബോധിപ്പിക്കുകയും ചെയ്തു. സഭാപിതാവായ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വാക്കുകളില്‍ സാര്‍വ്വത്രിക സഭയ്ക്കുള്ളില്‍ ഓരോ വ്യക്തിസഭയും അതിന്‍റെതായ അനന്യമായ സ്ഥാനത്തു നിലനില്‍ക്കുകയും സാര്‍വ്വത്രികമായ ഉപവിയുടെ സമ്മേളനകേന്ദ്രമായ വിശുദ്ധ പത്രോസിന്‍റെ പരിശുദ്ധ സിംഹാസനത്തെ അംഗീകരിക്കുകയും (cf. Ignatius of Antioch, Ad Rom., Praef), തങ്ങളുടെ വ്യതിരിക്തത യെ സംരക്ഷിക്കുന്നതോടൊപ്പം ഈ വ്യത്യാസങ്ങള്‍ സഭയുടെ ഐക്യരൂപത്തിനു ബാധകമാകാതെ ഐക്യത്തിനു പൂരകമാവുകയും ചെയ്യുന്നു (Lumen Gentium 13).

Lumen Gentium പ്രഘോഷി ക്കുന്നതനുസരിച്ച് ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയുടെ വ്യതിരിക്തതയെയും അതിലൂന്നിയ ഐക്യത്തെയും സംരക്ഷിക്കുവാനുള്ള ചുമതല റോമാമെത്രാനില്‍ നിക്ഷിപ്തമാണ്. ഈ കൃത്യനിര്‍വഹണത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളെ, വിശ്വസ്തതയോടെ വ്യാഖ്യാനിക്കുന്നു. കൗണ്‍സില്‍ എല്ലാ അര്‍ത്ഥത്തിലും പൗരസ്ത്യസഭകള്‍ തങ്ങളുടെ വിശുദ്ധമായ പൗരാണികത കാത്തുസൂക്ഷിച്ച് വളര്‍ന്നു വികസിക്കാനും, തങ്ങളുടെ ദൗത്യം നവമായ അപ്പസ്തോലിക ചൈതന്യത്തോടെ പൂര്‍ണ്ണമാക്കാനും ആഗ്രഹിക്കുന്നു (Orientalium Ecclesiarum 1). കൂടാതെ ഈ വ്യക്തിസഭകള്‍ക്ക് എല്ലാ ക്രൈസ്തവരുടെയും പ്രത്യേകിച്ച് പൗരസ്ത്യരുടെ ഐക്യം ത്വരിതപ്പെടുത്തുവാന്‍ പ്രത്യേക കടമയുണ്ട്. (Orientalium Ecclesiarum 24). തങ്ങളുടെ ആദ്ധ്യാത്മിക പിതൃസമ്പത്ത് വ്യത്യസ്തമെങ്കിലും റോമാ മെത്രാന്‍റെ സംരക്ഷണത്തില്‍ എല്ലാ സഭകളും തുല്യരാണ്. എല്ലാ സഭകള്‍ക്കും ഒരേ അവകാശങ്ങളും ഒരേ ഉത്തരവാദിത്വവുമാണുള്ളത്. റോമാ മെത്രാന്‍റെ നിര്‍ദ്ദേശാനുസരണം ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുക എന്നതും എല്ലാ സഭകളുടെയും കടമയാണ് (Orientalium Ecclesiarum 3).

മുപ്പതുവര്‍ഷംമുമ്പ് എന്‍റെ പ്രിയപ്പെട്ട മുന്‍ഗാമി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ഇന്ത്യയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി. അതില്‍ പരിശുദ്ധ പിതാവ് വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്ഘോഷിച്ചു. ക്രൈസ്തവ പ്രേഷിതത്വത്തിന് ഈ വലിയ രാജ്യത്ത് രണ്ടു സഹസ്രാബ്ദങ്ങളുടെ ചരിത്രം ഉണ്ടെങ്കിലും ക്രിസ്ത്യാനികള്‍ ഇവിടെ വളരെ നേരിയ ശതമാനമേ ഉള്ളൂ എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് പൊതുജനമദ്ധ്യത്തില്‍ ഏതു വിധേനയുമുള്ള വ്യത്യാസങ്ങള്‍ പ്രകടമാകരുതെന്ന് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നാനാത്വത്തിലെ വ്യതിരിക്തത ഏകത്വത്തെ ബാധിക്കരുത് എന്നാഗ്രഹിച്ചു.

അതായത് തന്‍റെ റീത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടി മാത്രമാകാതെ ചിതറിക്കിടക്കുന്ന ദൈവജനത്തെ ഒന്നിച്ചു കൂട്ടുന്ന (യോഹന്നാന്‍ 11/52) പ്രവര്‍ത്തിയും രക്ഷകനോടുള്ള കൂട്ടായ്മയില്‍ ജനതതിയെ ഒന്നിച്ചു ചേര്‍ക്കാനുള്ള (May 28, 1987 se Epistula adþIndiae Epis-copos) പ്രവര്‍ത്തിയുമാണ്.

അഞ്ചുദശകങ്ങള്‍ക്കുമുമ്പ് സീറോ-മലബാര്‍ സഭയ്ക്ക് വടക്കേ ഇന്ത്യയില്‍ ചില മിഷന്‍ രൂപതകള്‍ സ്ഥാപിച്ചപ്പോള്‍ ലത്തീന്‍ മെത്രാന്മാര്‍ പൊതുവായി കരുതിയത് ഒരു സ്ഥലത്ത് ഒരു ഭരണക്രമം (Jurisdiction), അതായത് ഒരു പ്രദേശത്ത് ഒരു മെത്രാന്‍ മാത്രം എന്നായിരുന്നു. അന്ന് ലത്തീന്‍ രൂപതകളെ വിഭജിച്ചു സൃഷ്ടിച്ച ആ രൂപതകള്‍ ഇന്ന് അവിടെയുള്ള, സീറോ-മലബാര്‍, ലത്തീന്‍ റീത്തുകളിലെ വിശ്വാസികളുടെ അജപാലനം നിര്‍വഹിക്കുന്നു. അങ്ങനെ സീറോ-മലബാര്‍ പ്രവാസി സമൂഹത്തിനും ലത്തീന്‍ വിശ്വാസികള്‍ക്കും ഗുണവത്തായ അജപാലനം അവിടെ സാധ്യമായി. ഈ സുഗഭമായ, വിവിധ റീത്തുകളിലെ മെത്രാന്മാര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം അജപാലനപരമായ നേട്ടങ്ങളും ജനത്തിനു നല്‍കി. ഇന്നിന്‍റെ ലോകവ്യവസ്ഥയില്‍, വലിയൊരു ഭാഗം ക്രിസ്തീയസമൂഹം പ്രവാസികളും കുടിയേറ്റക്കാരുമാകുന്ന ഇക്കാലത്ത്, അധികാര പരിധികള്‍ ഇടകലര്‍ന്നുള്ള, വിവിധ റീത്തുകളിലെ മെത്രാന്മാരുടെ സഹവര്‍ത്തിത്വത്തിന്‍റെ അജപാലനം പ്രശ്നങ്ങള്‍ ഉളവാക്കുകയല്ല, മറിച്ച് എല്ലാ റീത്തുകളുടെയും പൈതൃകത്തെ പരസ്പരം അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതുമാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ തന്നെ കേരളത്തിലെ വ്യക്തിസഭകള്‍ ഇടകലര്‍ന്നു നടത്തുന്ന അജപാലനം മാതൃകയാണല്ലോ. വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ കത്ത് മുംബൈ പൂനപ്രദേശങ്ങളില്‍ പുതിയ സീറോ-മലബാര്‍ രൂപതയായ കല്യാണ്‍ രൂപതയുടെ രൂപീകരണത്തിന് ഹേതുവായി. 2012-ല്‍ ഡല്‍ഹിയും സമീപ പ്രദേശങ്ങളും ചേര്‍ത്ത് ഫരീദാബാദ് സീറോ-മലബാര്‍ രൂപത സ്ഥാപിതമായി. 2015-ല്‍ മാണ്ഢ്യ സീറോ-മലബാര്‍ രൂപതയുടെ ഭാഗമായി ബാംഗ്ളൂര്‍ നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ചേര്‍ത്തു. അതേവര്‍ഷം ഒരു രൂപതയും ഒരു അപ്പസ്തോലിക എക്സാര്‍ക്കേറ്റും സീറോ-മലങ്കര സഭയ്ക്കും സ്ഥാപിതമാവുകയും സീറോ-മലങ്കര സഭയ്ക്ക് ഇന്ത്യയിലെവിടെയും തങ്ങളുടെ വിശ്വാസികള്‍ക്ക് അജപാലനം നല്‍കാന്‍ സാധിതമാവുകയും ചെയ്തു. ഈ പ്രക്രി യകള്‍, പ്രശ്നങ്ങളൊന്നുമില്ലാതെ, മൂന്നു വ്യക്തിസഭകള്‍ക്കും, ഒരേ പ്രദേശങ്ങളില്‍ തന്നെ തങ്ങളുടെ സഭാമക്കള്‍ക്ക് സ്വതന്ത്രമായ അജപാലനം നല്‍കാന്‍ സാധിക്കുകയും വ്യക്തിസഭകള്‍ക്ക് തങ്ങളുടെ പ്രേഷിതവേല അഭംഗുരം തുടരുന്നതിനും അവസരമൊരുക്കി.

2011-ല്‍ എന്‍റെ മുന്‍ഗാമി ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സീറോ-മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ അജപാലനാധികാരം നല്‍കുവാന്‍ ആഗ്രഹിച്ചു. പരിശുദ്ധ പിതാവിന്‍റെ ആ ആഗ്രഹത്തെ 2013-ല്‍ വത്തിക്കാനില്‍ നടന്ന പൗരസ്ത്യ സഭകളുടെ പ്ളീനറി സമ്മേളനത്തില്‍ ഞാനും പിന്‍തുണ ഉറപ്പാക്കി. ഇപ്പോള്‍ സീറോ-മലബാര്‍ സഭയ്ക്ക് തങ്ങളുടെ രൂപതകളില്ലാത്ത, അധികാരപരിധിക്കു പുറത്തുള്ള എല്ലാ ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കുമായി അപ്പസ്തോലിക വിസിറ്റേറ്ററായി മാര്‍ റാഫേല്‍ തട്ടില്‍ പ്രവര്‍ത്തിക്കുകയും ഈ പ്രദേശങ്ങളുടെ അജപാലനം സംബന്ധമായ വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. ഈ വിഷയങ്ങളില്‍ സമഗ്രമായ പരിശോധനകള്‍ സാര്‍വ്വത്രിക സഭയുടെ ഉന്നതതലങ്ങളില്‍ നടന്നു. ഇവയുടെ പരിണത ഫലമായി ഇതാണ് ശരിയായ സമയമെന്ന കാര്യത്തില്‍ ഞാന്‍ (പോപ്പ് ഫ്രാന്‍സിസ്) തിരുമാനത്തിലെത്തുന്നു. സീറോ-മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവനുമുള്ള സ്വതന്ത്ര അജപാലനാധികാരം നല്‍കിക്കൊണ്ട് രണ്ടു പുതിയ രൂപതകളും, നിലവിലുള്ള മറ്റു രണ്ടു രൂപതകളുടെ അധികാര പരിധി നീട്ടാനും ഞാന്‍ പൗരസ്ത്യസഭകളുടെ കാര്യാലയത്തെ ചുമതലപ്പെടുത്തുന്നു. ഞാനിത് സീറോ-മലബാര്‍ സഭയുടെ തലവനും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മേജര്‍ ആര്‍ച്ച്ബിഷപ്പിനും സീറോ-മലബാര്‍ സഭാസിനഡിനും പൗരസ്ത്യസഭകളുടെ കോഡ് ഓഫ് കാനന്‍സിന്‍റെ നിയമങ്ങള്‍ പ്രകാരം ഡിക്രിയായി നല്‍കുന്നു.

എന്‍റെ ഈ പ്രഖ്യാപനത്തെ എല്ലാ മെത്രാന്മാരും അതിന്‍റെ ശരിയായ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഉള്‍ക്കൊള്ളുമെന്നു കരുതുന്നു, പ്രത്യേകിച്ചും തങ്ങളുടെ സഭയുടെ അജപാലനാധികാരത്തിലുള്ള കുറവു കാരണം ധാരാളം സീറോ-മലബാര്‍ സഭാ മക്കള്‍ ലത്തീന്‍ ഇടവകകളില്‍ സജീവ ഭാഗഭാക്കുകളാണ്. അവരോടു പറയട്ടെ, സഭയുടെ ഈ തീരുമാനം അവരെ യാതൊരുവിധത്തിലും പ്രതികൂലമായി ബാധിക്കില്ല. കൂടാതെ തങ്ങളുടെ പല തലമുറകളായുള്ള പ്രവാസിജീവിതത്തില്‍ അവരുടെ വിവിധ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാക്കപ്പെട്ട സഭകളില്‍നിന്നും അന്യവല്‍ക്കരിക്കുകയല്ല, മറിച്ച് ക്രമേണ തങ്ങളുടെ അമ്മ സഭയായ വ്യക്തിസഭകളിലേക്ക് മടങ്ങി വരുംതലമുറകള്‍ക്ക് ആ ധന്യമായ പാരമ്പര്യം പകര്‍ന്നു നല്‍കാനുള്ള അസുലഭാവസരമാണ്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സീറോ-മലബാര്‍ വിശ്വാസികളുടെ, തങ്ങളായിരുന്ന ലത്തീന്‍ ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും വരാതെ അവര്‍ സീറോ-മലബാര്‍ മക്കളായി തുടരുവാനുള്ള അവസരം പൗരസ്ത്യ സഭകളുടെ കാര്യാലയം Code of Canons of the Eastern Churches can.280$1 പ്രകാരം അവരുടെ ലത്തീന്‍, സീറോ-മലബാര്‍ മെത്രാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് (cf. Prot. No. 197/2014, 28 January 2016).

ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ പാത ഒരിക്കലും ഒറ്റപ്പെടലിന്‍റെയോ വേര്‍പിരിയലിന്‍റേതോ ആകരുത്, മറിച്ച് പരസ്പര ബഹുമാനത്തിന്‍റെയും സഹകരണത്തിന്‍റേതുമാണ്. ഓരോ വ്യക്തിസഭകളുടെയും മെത്രാന്മാരുടെ ഒരേ സ്ഥലത്തെ സാന്നിധ്യം സജീവ ക്രൈസ്തവസാക്ഷ്യത്തിന്‍റെയും കൂട്ടായ്മയുടേതുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കാഴ് ചപ്പാടുകളും അതുതന്നെയാണ്. ഒരിക്കല്‍ കൂടി ഉദ്ധരിച്ചുകൊള്ളട്ടെ സാര്‍വ്വത്രിക സഭയുടെ ഓരോ വിഭാഗങ്ങള്‍ തമ്മില്‍ കൂട്ടായ്മയുടെ സജീവമായ പരസ്പര ഇഴുകിച്ചേരലുകളും അതുവഴി ലഭിക്കുന്ന പങ്കുവയ്ക്കലിന്‍റെ ആത്മീയ സമ്പന്നതയും, പ്രേഷിതവേലക്കാരും മറ്റു ശ്രോതസുകളും പങ്കുവച്ച് പത്രോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ ഓരോരുത്തരും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥന്‍ എന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ (1 പത്രോസ് 4:10). (Lumen Gentium, 13) ഇതേ അരൂപിയുടെ നിറവില്‍ ഇന്ത്യയിലെ വ്യക്തിസഭകളോട് എനിക്ക് പറയാനുള്ളത് പൊതുവായ സഭാപൈതൃകത്തോടെയും പരസ്പര സ്നേഹത്തോടെയും കൂടുതല്‍ ആതിഥ്യമര്യാദയോടെയും ധൈര്യത്തോടെയും സുവിശേഷത്തിന്‍റെ സജീവസാക്ഷികളാകുക.

സീറോ-മലബാര്‍ സഭയ്ക്ക്, ലത്തീന്‍സഭയില്‍ സുവിശേഷവേല ചെയ്യുന്ന പുരോഹിതരെയും സന്യസ്തരെയും സന്യാസിനികളെയും സീറോ-മലബാര്‍ വിശ്വാസിസമൂഹത്തിനും ഉപകാരപ്പെടുത്താനും, ലത്തീന്‍ സഭയുടെ ഇടവകകളിലുള്ള സീറോ-മലബാര്‍ മക്കള്‍ക്കും ആവശ്യകമായ സീറോ-മലബാര്‍ അജപാലനം ലഭ്യമാക്കുന്നതിനും ഈ അവസരം ഉപയോഗപ്രദമാകട്ടെ. ലത്തീന്‍ ഇടവകകള്‍ തുടര്‍ന്നും സീറോ- മലബാര്‍ സഭാമക്കള്‍ക്ക് പള്ളികളില്ലാത്ത സ്ഥലങ്ങളില്‍ നല്‍കുന്ന സൗകര്യങ്ങള്‍ തുടരണം. ഈ മൂന്നു വ്യക്തിസഭകളും തങ്ങളുടെ പരസ്പരസഹവര്‍ത്തിത്വവും സഹകരണവും എല്ലാ മേഖലകളിലും തുടരണം, ഉദാഹരണത്തിന് പുരോഹിതര്‍ക്കുള്ള സെമിനാറുകളും, ധ്യാനങ്ങളും, ബൈബിള്‍ കോണ്‍ഫറന്‍സുകള്‍, പൊതുവായ തിരുനാളുകളും ആഘോഷങ്ങളും കൂടാതെ സഭൈക്യശ്രമങ്ങളും. ആത്മീയസൗഹൃദങ്ങളും പരസ്പര സഹകരണങ്ങളും മറ്റു തടസങ്ങളെയും പെട്ടെന്ന് തന്നെ മാറ്റും.

സീറോ-മലബാര്‍ സഭയ്ക്ക് ലഭ്യമായ ഈ അജപാലനപരമായ ഇന്ത്യമുഴുവനുമുള്ള അധികാരം അധികാരശക്തിയുടെ അടയാളമാകാതെ അഗാധമായ ക്രൈസ്തവ സഹവര്‍ത്തിത്വത്തിനും ഐക്യരൂപത്തിനുമുള്ള അവസരമാകട്ടെ. പരിശുദ്ധ ത്രീത്വത്തിന്‍റെ സ്തുതി പാഠകനായ വിശുദ്ധ അഗസ്തീനോസിന്‍റെ വാക്കുകളില്‍ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും അത്ഭുതാവഹമായ ഐക്യത്തില്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു, ഉപവിക്ക് നമുക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്താം. Dilatentur Spatia Caritatis (Sermon 69. PL5, 440, 441).

സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സേവനത്തിന്‍റെയും മേഖലകള്‍ വളരട്ടെ.

പ്രിയപ്പെട്ട സഹോദര മെത്രാന്മാരേ, പരിശുദ്ധ അമ്മയുടെ സജീവ മാദ്ധ്യസ്ഥം ആശംസിക്കുന്നതോടൊപ്പം എന്‍റെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയും നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ എല്ലാവരോടും, ഇന്ത്യയിലെ എല്ലാ വിശ്വാസികളോടും എന്‍റെ അപ്പസ്തോ ലിക ആശീര്‍വ്വാദം എപ്പോഴും ഉണ്ടായിരിക്കും. നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ.

പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാനില്‍ നിന്നും
9 ഒക്ടോബര്‍ 2017

സ്വതന്ത്ര്യവിവര്‍ത്തനം:
സിറിയക് സെബാസ്റ്റ്യന്‍

Leave a Comment

*
*