Latest News
|^| Home -> Cover story -> ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം

ഭയം ദൈവത്തെ മാത്രം, ആശ്രയം ദൈവത്തില്‍ മാത്രം

ഷിജു ആച്ചാണ്ടി

സിബിഐ ആന്വേഷിക്കണം എന്ന മട്ടില്‍ സിബി അന്വേഷിക്കണം എന്നു കോടതി കല്‍പിച്ചിട്ടുണ്ടു പലവട്ടം. സിബി മാത്യൂസിനെ പോലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം എന്നു വിഎസിനെ പോലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളതു വേറെ. ആ ഉദ്യോഗസ്ഥന്‍റെ അന്വേഷണ മികവും സത്യസന്ധതയും തന്നെ കാരണങ്ങള്‍. മുന്നണി ഏതാണെങ്കിലും കാര്യങ്ങള്‍ കുഴയുമ്പോള്‍ കുരുക്കഴിക്കാന്‍ ഭരണാധികാരികള്‍ സിബി മാത്യൂസിനെ ആശ്രയിക്കും, കാര്യം കഴിയുമ്പോള്‍ അവഗണിക്കും. കാരണം ആരുടെയും ആശ്രിതനായിരിക്കാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം.

കേരള പോലീസില്‍ ഡിജിപി പദവിയിലും തുടര്‍ന്നു മുഖ്യവിവരാവകാശ കമ്മീഷണറായും സേവനം ചെയ്തു വിരമിച്ച ഡോ. സിബി മാത്യൂസിന്‍റെ സര്‍വീസ് സ്റ്റോറി ‘നിര്‍ഭയം’ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു ഐപിഎസ് ഓഫീസറുടെ ഉദ്യോഗകഥ മാത്രമല്ല ഇത്. ദൈവഭയവും ദൈവാശ്രയബോധവും ഉള്ള ഒരു വ്യക്തിയുടെ വിശ്വാസപരീക്ഷണങ്ങളുടെ കഥ കൂടിയാണ്. കരിസ്മാറ്റിക് ധ്യാനം കൂടി പുകവലി നിറുത്തിയ അദ്ദേഹം ദീര്‍ഘയാത്രകളില്‍ കരുണക്കൊന്ത ചൊല്ലുകയും ‘ദൈവമനുഷ്യന്‍റെ സ്നേഹഗീത’ ആവര്‍ത്തിച്ചു വായിക്കുകയും ചെയ്യുന്നയാളാണ്. അധികാരികളുടെ ഉപജാപങ്ങളെയും മാധ്യമവിചാരണകളുടെ മുന്‍വിധികളെയും പൊതുജനാഭിപ്രായത്തിന്‍റെ സമ്മര്‍ദ്ദങ്ങളെയും മറികടന്ന് മനഃസാക്ഷിക്കനുസരിച്ചു മാത്രം പ്രവര്‍ത്തിച്ച ഒരു ഉന്നത പോലീസ് ഓഫീസറുടെ ഉദ്യോഗാനുഭവകഥ എന്ന നിലയില്‍ ‘നിര്‍ഭയം’ കേരളത്തിന്‍റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളുടെ ചരിത്രമാണ് പറയുന്നത്. ഇതില്‍ കുറ്റാന്വേഷണമുണ്ട്, രാഷ്ട്രീയമുണ്ട്, മൂല്യബോധനമുണ്ട്, മനുഷ്യജീവിതമുണ്ട്.

‘നിര്‍ഭയം’ പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഡോ. സിബി മാത്യൂസ് സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയോടു സംസാരിച്ചു. പുതുവൈപ്പ് സമരത്തിനെതിരായ പോലീസ് നടപടി വിവാദമായ ദിവസമായിരുന്നു സംഭാഷണം. ജനകീയസമരങ്ങളെ തല്ലിയൊതുക്കുന്നതു ശരിയല്ല എന്ന് ചില സമരങ്ങളെ കൈകാര്യം ചെയ്തതു വിവരിക്കുമ്പോള്‍ സര്‍വീസ് സ്റ്റോറിയില്‍ ഡോ. സിബി മാത്യൂസ് എഴുതിയിട്ടുണ്ട്. ആ നിലപാട് സംഭാഷണത്തില്‍ അദ്ദേഹം വിശദീകരിച്ചു:


ഡോ. സിബി മാത്യൂസ്: ഞാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പോലീസ് കമ്മീഷണറായി ഏഴു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരനുഭവത്തിന് ഇടയാക്കിയിട്ടില്ല. സമരങ്ങളുണ്ടാകാഞ്ഞിട്ടല്ല. ഇന്നത്തേക്കാള്‍ വളരെ രൂക്ഷമായ രാഷ്ട്രീയസമരങ്ങള്‍ പതിവായിരുന്ന കാലമാണത്. 1987-ല്‍ മുഖ്യമന്ത്രി കരുണാകരനെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ വഴിതടയല്‍ സമരമൊക്കെ ഉദാഹരണമാണ്. പക്ഷേ, അതിനെ നേരിട്ടപ്പോള്‍ പോലും സമരക്കാരെ അടിച്ചൊതുക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. മറ്റൊരനുഭവം പറയാം. കൊച്ചി കമ്മീഷണറായിരിക്കെയാണ് മട്ടാഞ്ചേരിയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ശക്തമായ ഉപരോധസമരം നടക്കുന്നത്. ഫെഡറേഷന്‍ അന്നു വന്‍ശക്തിയായിരുന്നു. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളെടുക്കുകയും രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന ഫാ. തോമസ് കോച്ചേരിയാണ് സമരനേതാവ്. ഞാനദ്ദേഹത്തെ കാണാന്‍ പോയി. പോലീസുകാരെയൊന്നും തനിക്കു കാണേണ്ടെന്നായി അച്ചന്‍. “ഞാനുമൊരു ചങ്ങനാശേരിക്കാരനാണ്” എന്നു പറഞ്ഞു നോക്കി ഞാന്‍. അച്ചന്‍ ഒന്ന് അയഞ്ഞു. “ഓ ഹോ, അങ്ങനെയാണോ” എന്നു ചോദിച്ചു. സൗഹൃദസംഭാഷണത്തിലൂടെ കാര്യത്തിലേയ്ക്കു കടന്നു. ചര്‍ച്ച നടന്നു. പിറ്റേന്ന് ഉപരോധം പിന്‍വലിക്കുകയും ചെയ്തു. പൗരന്മാര്‍ പങ്കെടുക്കുന്ന സമരങ്ങളെ ബലം പ്രയോഗിച്ചല്ല നേരിടേണ്ടത്. സമരക്കാരോടു സംസാരിക്കാന്‍ തയ്യാറാകണം. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.

? ജനശ്രദ്ധ നേടിയ കേസുകളില്‍, പൊതുജനധാരണകള്‍ക്ക് എതിരായ അന്വേഷണഫലങ്ങള്‍ ഉണ്ടാകുമ്പോള്‍, ജനവികാരം എതിരായിരിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ ആ ഫലങ്ങളുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ?
പി ജെ കുര്യനെതിരെ പെണ്‍കുട്ടിയുടെ മൊഴി മാത്രം എടുത്താല്‍ മതി, തെളിവ് അന്വേഷിക്കുന്നതെന്തിന് എന്നായിരുന്നു സൂര്യനെല്ലി കേസില്‍ ഞാന്‍ നേരിട്ട ചോദ്യം. കുര്യനെ അറസ്റ്റ് ചെയ്യുക, കുറ്റവാളിയല്ലെങ്കില്‍ അദ്ദേഹം കോടതിയില്‍ തെളിയിച്ച് മോചനം നേടിക്കോട്ടെ എന്നതായിരുന്നു പലരുടേയും നിലപാട്. ആ നിലപാട് ഞാനെടുത്തില്ല. അതിനു കാരണമുണ്ട്. ആ കാരണങ്ങള്‍ എല്ലാം ഞാന്‍ ഈ പുസ്തകത്തിലും വിശദീകരിക്കുന്നില്ല. കാരണം, സുപ്രീംകോടതിയില്‍ ഇപ്പോഴും ഉള്ള ഒരു കേസാണത്. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് ഇതിലുള്‍പ്പെട്ട ആളുകള്‍ക്കു വേദനയുണ്ടാക്കുന്ന കാര്യമാണ്. പറയാതിരുന്നാല്‍ ഞാന്‍ കുറെ ആക്ഷേപം കേള്‍ക്കുമെന്നല്ലേയുള്ളൂ. അതിലെനിക്കു വിഷമമില്ല. അതൊക്കെ സഹിക്കാന്‍ എനിക്കു കഴിയും. പിജെ കുര്യന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാര്യത്തില്‍ എനിക്കു തീര്‍ച്ചയുണ്ട്. അതാണു പ്രധാനം. എനിക്കു ബോദ്ധ്യപ്പെട്ട ഒരു കാര്യം മാറ്റി വച്ചിട്ട് ഒരാളെ അറസ്റ്റ് ചെയ്യാനൊന്നും എനിക്കു പറ്റില്ല. എന്തെല്ലാം ഭവിഷ്യത്തുകള്‍ ഉണ്ടായാലും. ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, ഇടതുപക്ഷമാണു ഭരണത്തില്‍. പക്ഷേ അതുകൊണ്ട് എന്‍റെ രീതികള്‍ മാറ്റാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

ഐഎസ്ആര്‍ഒ കേസിലും അതു തന്നെയാണ് ഉണ്ടായത്. സൂര്യനെല്ലി കേസിനേക്കാള്‍ ഗൗരവമായത് ആ കേസാണല്ലോ. ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്തു, ഇന്ത്യയുടെ ശാസ്ത്രപുരോഗതി തടസ്സപ്പെടുത്തി, ക്രയോജനിക് വികസിപ്പിക്കാന്‍ സാധിച്ചില്ല എന്നെല്ലാമാണ് എനിക്കെതിരായി വന്ന ആരോപണങ്ങള്‍. ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കില്‍ 20 കൊല്ലം മുമ്പേ ചന്ദ്രയാന്‍ നടക്കുമായിരുന്നു എന്ന അവകാശവാദമുണ്ടായി. ഞാനിതിനെയൊന്നും പരസ്യമായി ഖണ്ഡിക്കാന്‍ പോയിട്ടില്ല. ഒരു മാധ്യമങ്ങളിലും ഒന്നും വെളിപ്പെടുത്താന്‍ പോയില്ല. കുറച്ചൊക്കെ പുസ്തകത്തിലുണ്ട്. മുഴുവനും അതിലുമില്ല. കേസ് നടക്കുന്നതുകൊണ്ടാണ് അത്. ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലായിരുന്നു എന്ന് ഇതുവരെ ഒരു കോടതിയും പറഞ്ഞിട്ടില്ല. മാധ്യമവിചാരണക്കാരാണു വിധിയെഴുതിയത്.

? ചാരക്കേസില്‍ കാര്യമില്ല എന്നു സിബിഐ പറഞ്ഞല്ലോ.
സിബിഐയുടേത് ഒരു പ്രത്യേകതരം റിപ്പോര്‍ട്ടാണ്. സിബിഐ മറുപടി പറയാത്ത നിരവധി ചോദ്യങ്ങളുണ്ട്. ഉദാഹരണത്തിന്, മറിയം റഷീദ ഇവിടെ എന്തു ചെയ്യുകയായിരുന്നു? അവര്‍ വെറുമൊരു വീട്ടമ്മ ആയിരുന്നില്ല. മാലിസര്‍ക്കാരിലെ ഇന്‍റലിജെന്‍സ് ഓഫീസറായിരുന്നു. മാലിസര്‍ക്കാരാണ് അവരെ ഇങ്ങോട്ടയച്ചത്. മാലിയുടെ അന്നത്തെ പ്രസിഡന്‍റായിരുന്ന അബ്ദുള്‍ ഗയൂമിനെതിരെ അട്ടിമറി നടക്കാനുള്ള സാദ്ധ്യതകള്‍ അന്വേഷിക്കാനാണ് അവര്‍ വന്നിരുന്നത്. ഗയൂം അധികാരത്തിനായി അട്ടിമറിച്ച മുന്‍ പ്രസിഡന്‍റിന്‍റെ ബന്ധുക്കള്‍ ഇന്ത്യയിലുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട് പുതിയൊരു അട്ടിമറിയുടെ സാദ്ധ്യതകളാണ് അവര്‍ അന്വേഷിച്ചിരുന്നത്. അങ്ങനെയൊരു വ്യക്തിയെ ചന്ദ്രയാന്‍ പ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ശാസ്ത്രജ്ഞര്‍ എന്തിനു ബന്ധപ്പെടണം? അവര്‍ തമ്മില്‍ പൊതുവായി എന്തുണ്ട്? ഇതിനു സിബിഐ ഉത്തരം കണ്ടെത്തിയില്ല. കളവും കൃത്രിമവും കെട്ടിച്ചമച്ചതുമാണ് ചാരക്കേസ് എന്നാണ് അവരെഴുതിയത്. എങ്കില്‍ ഞാനെന്തിന് അങ്ങനെയൊരു കേസുണ്ടാക്കണം എന്ന ചോദ്യമുണ്ട്. എന്തായിരുന്നു എന്‍റെ പ്രേരണ? ശാസ്ത്രജ്ഞരോട് എനിക്കു വ്യക്തിപരമായി വിരോധമുണ്ടായിരുന്നു എന്ന് അവര്‍ പോലും പറഞ്ഞിട്ടില്ല. തീര്‍ത്തും അപരിചിതരായിരുന്നു ഞങ്ങള്‍. അതവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ തീര്‍ത്തും അപരിചിതരായ ശാസ്ത്രജ്ഞരെ “കളവും കെട്ടിച്ചമച്ചതും കൃത്രിമവുമായ” കേസില്‍ അറസ്റ്റ് ചെയ്ത്, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ അട്ടിമറിക്കുകയാണു ഞാന്‍ ചെയ്തതെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇടേണ്ടതല്ലേ? അതിനവര്‍ക്കു മറുപടിയില്ല. കേസുണ്ടാക്കിയതു ഞാനല്ല. ഏതാനും അറസ്റ്റുകള്‍ നടന്ന ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എന്നെ ചുമതലേയല്‍പിക്കുന്നത്. അവിടെ വരെ എന്‍റെ സാന്നിദ്ധ്യമില്ലല്ലോ. കേസ് കെട്ടിച്ചമക്കാന്‍ ഗൂഢാലോചന നടന്നെങ്കില്‍ ആ ഗൂ ഢാലോചനയില്‍ ഞാനില്ലല്ലോ. ഇതൊന്നും അവര്‍ വിശദീകരിച്ചിട്ടില്ല.

? കേരളത്തില്‍ മതതീവ്രവാദത്തിന്‍റെ കടന്നുവരവ് ആദ്യം സംശയിക്കുകയും കണ്ടെത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണല്ലോ താങ്കള്‍. അതിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എന്തു കരുതുന്നു? കേരളത്തില്‍ മതതീവ്രവാദം വര്‍ദ്ധിക്കുന്നുണ്ടോ? അതിനെ നേരിടാന്‍ എന്തു ചെയ്യാനാകും?
തടയാന്‍ തീര്‍ച്ചയായും സാധിക്കും. പക്ഷേ ഒരു കാര്യം പറയാനുണ്ട്. കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ് ഞാന്‍ അന്വേഷിക്കുമ്പോള്‍ മുസ്ലീംലീഗോ കേരളത്തിലെ മറ്റു മുസ്ലീം സംഘടനകളിലേതെങ്കിലുമോ തീരെ ഇടപെട്ടിരുന്നില്ല. എന്‍ഡിഎഫ് പോലുള്ള സംഘടനകളും യാതൊരു പ്രതിഷേധവും ഉന്നയിച്ചില്ല. കേരളത്തിലെ മുസ്ലീം സമുദായത്തിലെ 99 ശതമാനം ആളുകളും തീവ്രവാദത്തെ ഒരു തരത്തിലും പിന്തുണയ്ക്കുന്നവരല്ല. മുസ്ലീങ്ങളുടെ കാര്യം പറയാന്‍ ഇവിടെ മുസ്ലീം ലീഗു മാത്രമല്ല ഉള്ളത്, ഞങ്ങളും ഇവിടെയുണ്ട് എന്നു കാണിക്കാന്‍ എന്‍ഡിഎഫ്/എസ്ഡിപിഐ പോലെയുള്ള സംഘടനകള്‍ ചില ഷോ ഒക്കെ കാണിക്കുമെന്നല്ലാതെ തീവ്രവാദത്തെയൊന്നും പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്കൊന്നുമില്ല. ഐസിസിലൊക്കെ ചേരുന്നത് യൂറോപ്പില്‍ നിന്നൊക്കെ മതം മാറി മുസ്ലീങ്ങളായ ആള്‍ക്കാരാണല്ലോ. പണ്ടു ഹിപ്പികള്‍ ചെയ്തിരുന്നതുപോലെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള സാഹസികമായ ഒരു വിയോജനം എന്ന നിലയ്ക്കാണ് ഇതൊക്കെ പലപ്പോഴും നടക്കുന്നത്. കേരളത്തില്‍ തീവ്രവാദം വേരു പിടിച്ചെന്നോ അത് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലായെന്നോ ഒന്നും പറയാന്‍ പറ്റില്ല.

? കല്ലുവാതുക്കല്‍ വിഷമദ്യക്കേസ് അന്വേഷിച്ചതും കുറ്റവാളികളെ പിടിച്ചതും താങ്കളുടെ നേതൃത്വത്തിലായിരുന്നല്ലോ. കേരളത്തില്‍ മദ്യനയം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഇക്കാര്യത്തില്‍ സഭയുടെ ഇടപെടലുകളും ചര്‍ച്ചാവിഷയമാകുന്നുണ്ട്. ഇതേക്കുറിച്ചൊക്കെയുള്ള അഭിപ്രായമെന്താണ്?
ഞാനതു തുറന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് എഴുതാന്‍ ബുദ്ധിമുട്ടുണ്ടാകുമോ?

? പറയൂ, കേള്‍ക്കട്ടെ.
സമ്പൂര്‍ണ മദ്യനിരോധനം എന്ന നിലപാടിനോടു ഞാന്‍ അനുകൂലമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാനവിഷയം ഇതായിരുന്നല്ലോ. 10 കൊല്ലം കൊണ്ടു മദ്യനിരോധനം നടപ്പാക്കുമെന്നും ഘട്ടം ഘട്ടമായി ബാറുകളെല്ലാം പൂട്ടുമെന്നും ആയിരുന്നു യുഡിഎഫിന്‍റെ നിലപാട്. ഇതായിരുന്നില്ല എല്‍ഡിഎഫിന്‍റെ നി ലപാട്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ ഇടതുപക്ഷത്തിന്‍റെ മദ്യനയത്തോടു യോജിക്കുന്നു എന്ന വസ്തുത നാം മനസ്സിലാക്കണം. അതുകൊണ്ട് സഭ പറയുന്ന നയം മാത്രമേ നടപ്പാക്കാവൂ എന്നു ശാഠ്യം പിടിക്കുന്നതു തെറ്റാണ്. സഭയുടെ ശ്രദ്ധ സഭാംഗങ്ങളെ ബോധവത്കരിക്കുന്നതിലായിരിക്കണം. അതിനു കാര്യമായ ഒരു ശ്രമം ഉണ്ടായിട്ടില്ല. മദ്യവിരുദ്ധസംഘടനകള്‍ സത്യഗ്രഹവും ധര്‍ണയുമൊക്കെ നടത്തുന്നുണ്ട്. പക്ഷേ, അങ്ങനെയല്ല ചെയ്യേണ്ടത്. പിന്നെ എങ്ങനെ ചെയ്യണം എന്നു ചോദിച്ചാല്‍, ഞാനതിന്‍റെ വിദഗ്ദ്ധനൊന്നുമല്ലെങ്കിലും, ഇക്കാര്യത്തില്‍ ചില ആശയങ്ങള്‍ എനിക്കുണ്ട്. ഓരോ ഇടവകയിലെയും വൈദികര്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും അറിയാന്‍ കഴിയും, ആ ഇടവകയില്‍ ആരാണ് ഡി-അഡിക്ഷന്‍ ചികിത്സയ്ക്കു പോകേണ്ടവരെന്ന്. അവരെ വീട്ടില്‍ പോയി സന്ദര്‍ശിക്കുക, ബോദ്ധ്യപ്പെടുത്തുക, ചികിത്സയ്ക്കു കൊണ്ടു പോകുക.

ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വലിയ പ്രചാരണപരിപാടികളൊന്നും മദ്യത്തിനെതിരെ സഭ ഇതുവരെ നടത്തിയിട്ടില്ല. ഇതു കത്തോലിക്കാസഭയ്ക്കു ചെയ്യാന്‍ കഴിയാത്ത കാര്യമല്ല. ബോധവത്കരണം കൊണ്ടു പ്രയോജനമുണ്ടാകും എന്നതിനു തെളിവാണ് പുകവലിയുടെ കാര്യം. സിഗരറ്റ് നിയമം മൂലം നിരോധിച്ചിട്ടില്ലല്ലോ. എങ്കിലും സിഗരറ്റ് വലി വളരെയേറെ കുറഞ്ഞു. കാരണം, ഇതു കാന്‍സറുണ്ടാക്കുന്നതാണെന്ന അറിവു ജനങ്ങള്‍ക്കുണ്ടായി. അവര്‍ പുകവലി വേണ്ടെന്നു വച്ചു. ഇതു തന്നെയാണ് മദ്യത്തിന്‍റെ കാര്യത്തിലും വേണ്ടത്. മറ്റു മതസമുദായങ്ങളില്‍ പെടുന്നവരുടെ അടുത്തൊന്നും ഇപ്പോള്‍ നമ്മള്‍ പോകേണ്ടതില്ല. സഭാംഗങ്ങളെയാണ് ആദ്യം സമീപിക്കേണ്ടത്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യം സ്വന്തം സമുദായത്തിലെ മദ്യപാനശീലം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. നായനാരും വിഎസും ഇതു പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. പരിഹാസമായി പറഞ്ഞതായിരുന്നില്ല അത്. അച്ചന്മാര്‍ പറഞ്ഞാല്‍ നിങ്ങളുടെ ആളുകള്‍ കേള്‍ക്കുമല്ലോ എന്നാണ് അവര്‍ പറയുക. ഇതില്‍ ഒരു സത്യമുണ്ട്. നമ്മള്‍ ഗൗരവപൂര്‍വം ഒരു പരിശ്രമം ഇതിനായി നടത്തിയിട്ടില്ല. മദ്യക്കച്ചവടം നടത്തുന്നവര്‍ക്കും സഭയില്‍ യാതൊരു വിലക്കുകളും ഉള്ളതായി അറിയില്ല. അതുകൊണ്ട് മദ്യനിരോധനത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഒരു പരാജയമാണ് എന്നു പറയാതെ വയ്യ.

? പുകവലി നിറുത്തിയത് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്തിനു ശേഷമാണല്ലോ. കരിസ് മാറ്റിക് നവീകരണം താങ്കളുടെ ജീവിതപരിവര്‍ത്തനത്തിനു ചെറിയ സഹായം ചെയ്തിട്ടുണ്ട്….
ചെറുതല്ല, വലിയ സഹായം ചെയ്തിട്ടുണ്ട്.

? പൊതുവില്‍ കരിസ്മാറ്റിക് പ്രസ്ഥാനം കേരളസഭയ്ക്കു നല്‍കിയിട്ടുള്ള സേവനങ്ങളെ കുറിച്ച് എന്താണഭിപ്രായം?
മഹത്തായ സേവനമാണ് ചെയ്തത്. നവീകരണം അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു. പരമ്പരാഗതമായ വിശ്വാസവുമായി, ഞായറാഴ്ച ക്രിസ്ത്യാനികളുടെ മനോഭാവവുമായി മുന്നോട്ടു പോകുകയായിരുന്ന മിക്കവരും. അതില്‍ നിന്നു മാറി, വചനം വായിക്കാനും പഠിക്കാനും ദൈവവുമായി വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കാനും നവീകരണം സഹായിച്ചു. നമ്മുടെ കാര്യങ്ങളിലെല്ലാം ശ്രദ്ധാലുവായ ഒരു ദൈവമുണ്ടെന്ന ബോദ്ധ്യം കിട്ടുന്നത് കരിസ്മാറ്റിക് നവീകരണത്തില്‍ വന്നതിനു ശേഷമാണ്. പള്ളിയില്‍ വരുന്നവരുടെയും കൂദാശകള്‍ സ്വീകരിക്കുന്നവരുടെയും എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തിനു സഭ കുറേക്കൂടി പ്രോത്സാഹനം കൊടുക്കേണ്ടതായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം. ആദ്യകാലത്ത് ചില നിരുത്സാഹപ്പെടുത്തലുകളൊക്കെ ഉണ്ടായിരുന്നല്ലോ.

? എമ്മാനുവല്‍ എംപറര്‍, സ്പിരിറ്റ് ഇന്‍ ജീസസ് തുടങ്ങിയ വിഘടിച്ചു പോയ വിഭാഗങ്ങള്‍ വളര്‍ന്നു വന്നത് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടല്ലേ? കുറേ പേര്‍ പെന്തക്കോസ്തു സഭകളിലേയ്ക്കും പോയി. അങ്ങനെയും ഒരു വശമുണ്ടല്ലോ.
അതു ശരിയാണ്. പക്ഷേ വളരെ കുറച്ചു ആളുകള്‍ മാത്രമേ ഈ സെക്ടുകളുടെ കൂടെ പോയിട്ടുള്ളൂ. അതിന്‍റെ പേരില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തെ നിരുത്സാഹപ്പെടുത്താന്‍ പാടില്ല. ആകെയുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും തട്ടിച്ചു നോക്കിയിട്ടല്ലേ ഒരു കാര്യത്തെ വിലയിരുത്താന്‍ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ കരിസ്മാറ്റിക് പ്രസ്ഥാനം കൊണ്ടു വന്ന നന്മയാണ് എപ്പോഴും മുന്നിട്ടു നില്‍ക്കുന്നത്.

? കരിസ്മാറ്റിക് പ്രസ്ഥാനം സഭയിലെ അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടല്ലോ. സഭയിലെ അല്മായ പങ്കാളിത്തത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
അല്മായ പങ്കാളിത്തം ഇനി യും ഒരുപാടു വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ആളുകളും സ്വയം ഒരു വേലികെട്ടി കഴിയുകയാണ്. പള്ളിയുമായി അടുക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു. അതിനപ്പുറത്തോട്ടു പോകേണ്ടതില്ല എന്ന നിലപാടാണ്. കുറച്ചുപേര്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നു. അതു പോരാ. എല്ലാം വൈദികരെ കേന്ദ്രീകരിച്ചു നടക്കുന്നു എന്ന തോന്നല്‍ ശക്തമാണ്. ഇതു കത്തോലിക്കാസഭയില്‍ മാത്രമേ ഉള്ളൂ. മറ്റു സഭകളില്‍ ഇത്രയും കാണുന്നില്ല. മറ്റ് പരമ്പരാഗത എപ്പിസ്കോപ്പല്‍ സഭകളുമായി താരതമ്യപ്പെടുത്താമല്ലോ. അവിടെയൊന്നും വൈദികാധിപത്യം ഇത്രയേറെയില്ല. നമുക്ക് അച്ചനില്ലാതെ ഒരു പരിപാടിയുമില്ല. ചിലയിടങ്ങളില്‍, അച്ചനില്ലാതെ പ്രാര്‍ത്ഥിക്കാന്‍ പോലും പാടില്ലെന്ന സ്ഥിതിയുണ്ട്. ഇത്രത്തോളം വൈദികകേന്ദ്രീകൃതമാകേണ്ട കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്. ദൈവശാസ്ത്രവും ബൈബിളും ഒക്കെ പഠിച്ച അല്മായരെ കൂടുതല്‍ കാര്യങ്ങള്‍ ഏല്‍പിക്കണം.

? ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചപ്പോള്‍ എറണാകുളം പോലീസ് കമ്മീഷണര്‍ എന്ന നിലയില്‍ അടുത്ത് ഇടപെടാന്‍ അവസരമുണ്ടായല്ലോ. സര്‍വീസ് സ്റ്റോറിയില്‍ ഒരദ്ധ്യായം തന്നെ അതിനെ കുറിച്ചു എഴുതിയിട്ടുമുണ്ട്. പിന്നീട് അദ്ദേഹത്തെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. അപ്പോള്‍ എന്തു തോന്നി?
യാതൊരു അത്ഭുതവും തോന്നിയില്ല. എന്‍റെ പുസ്തകത്തില്‍ എഴുതാത്ത ഒരനുഭവം പറയാം. വരാപ്പുഴ ആര്‍ച്ചുബിഷപ്സ് ഹൗസിലാണ് മാര്‍പാപ്പ താമസിച്ചിരുന്നത്. അതിനടുത്താണ് കമ്മീഷണറുടെ വസതി. പാപ്പ അവിടെ താമസിച്ച ദിവസങ്ങളില്‍ സുരക്ഷാ മേല്‍നോട്ടത്തിനായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാന്‍ ബിഷപ്സ് ഹൗസില്‍ കയറി ചെല്ലുമായിരുന്നു. ഒരു ദിവസം രാത്രി പന്ത്രണ്ടു മണിക്ക് ഞാനവിടെ ചെല്ലുമ്പോള്‍ കേളന്തറപ്പിതാവ് ഉറങ്ങാതിരിക്കുകയാണ്. ഞാന്‍ കാരണം ചോദിച്ചു. മാര്‍പാപ്പ ഉറങ്ങിയിട്ടില്ല, ചാപ്പലില്‍ ഏകാന്ത പ്രാര്‍ത്ഥനയിലാണ് എന്നദ്ദേഹം പറഞ്ഞു. അതിഥി ഉറങ്ങാതെ ആതിഥേയന്‍ ഉറങ്ങുന്നതെങ്ങനെ? അന്നു പകല്‍ കോട്ടയത്ത് അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച്, യാത്ര ചെയ്തു ക്ഷീണിതരായി വന്നിരിക്കുകയാണ് മാര്‍പാപ്പയും മറ്റുള്ളവരും. അദ്ദേഹം നേരെ പോയി കിടക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കെത്തുകയായിരുന്നു പാപ്പ. ആ അവസ്ഥയിലും മുക്കാല്‍ മണിക്കൂറോളം നീളുന്ന വ്യക്തിഗത പ്രാര്‍ത്ഥന ഒഴിവാക്കാന്‍ പാപ്പ തയ്യാറായില്ല. പാതിരാ കഴിഞ്ഞ നേരത്ത് ഒറ്റയ്ക്ക് അദ്ദേഹം ചാപ്പലില്‍ നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ഒരു ദൈവദൂതനെ പോലെ തോന്നി. അദ്ദേഹം തീര്‍ച്ചയായും ഒരു ദൈവികമനുഷ്യന്‍ ആയിരുന്നു. അതിനാല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതില്‍ യാതൊരു അത്ഭുതവുമില്ല.

? താങ്കളെ പലരും ഒരു പ്രാര്‍ത്ഥനക്കാരനായി കാണുന്നു എന്നും അതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തതെന്നും ഉദ്യോഗകഥയില്‍ പറയുന്നുണ്ടല്ലോ. താങ്കളുടെ പ്രാര്‍ത്ഥന എങ്ങനെയാണ്? എന്തിനു വേണ്ടിയാണു പ്രാര്‍ത്ഥിക്കുക?
കഴിയുമ്പോഴെല്ലാം രാവിലെ വി. കുര്‍ബാനയ്ക്കു പോകാറുണ്ട്. ഉദ്യോഗസ്ഥക്കൂട്ടായ്മയിലും പങ്കെടുക്കാറുണ്ട്. വൈകുന്നേരം ജപമാല ഒരിക്കലും മുടക്കാറില്ല. രാവിലെ എണീറ്റാല്‍ ആദ്യം തന്നെ ചെയ്യുന്നത് ബൈബിള്‍ വായനയാണ്. എന്നും ആദ്യം കാണുന്ന അക്ഷരം ബൈബിള്‍ വചനമാണ്. ദീര്‍ഘമായ യാത്രകളിലെല്ലാം കരുണക്കൊന്ത ചൊല്ലും. ഔദ്യോഗികയാത്രകളാണെങ്കിലും അതു ചെയ്യാമല്ലോ. കരുണക്കൊന്ത എനിക്കു വലിയ ഇഷ്ടമുള്ള ഒരു ഭക്താഭ്യാസമാണ്. വി. ഫൗസ്റ്റീനയുടെ പുസ്തകം എന്നെ സ്പര്‍ശിച്ചിട്ടുള്ളതാണ്.

? ബൈബിളില്‍ ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങള്‍ ഏതാണ്?
ബൈബിള്‍ ഞാന്‍ എല്ലാ ദിവസവും പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും വായിക്കും. 34-ാം സങ്കീര്‍ത്തനം വളരെ ഇഷ്ടമാണ്: “ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.” അതില്‍ നിന്നു തന്നെയുള്ള “ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്ക് ഉത്തരമരുളി. സര്‍വഭയങ്ങളില്‍ നിന്നും അവിടുന്നെന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി. അവര്‍ ലജ്ജിതരാകുകയില്ല.” അതുപോലെ ഏശയ്യായുടെ പുസ്തകത്തിലെ വചനങ്ങള്‍. ദൈവം നമുക്കു സംരക്ഷണം നല്‍കുന്നു എന്നു വിശദീകരിക്കുന്ന “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടിയുണ്ട്. ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നു” തുടങ്ങിയവ. കുറേയേറെ വചനങ്ങള്‍ മനഃപാഠമാക്കിയിട്ടുണ്ട്. ഇപ്പോള്‍ എനിക്കു വായിക്കാന്‍ വളരെയേറെ ഇഷ്ടപ്പെട്ട ഒന്ന് ദൈവമനുഷ്യന്‍റെ സ്നേഹഗീത ആണ്. മരിയ വാള്‍ത്തോര്‍ത്തായുടെ ഈ പുസ്തകത്തിന്‍റെ 16 വാല്യങ്ങളും എന്‍റെ പക്കലുണ്ട്. അതു മൂന്നാം തവണയാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്.

? താങ്കള്‍ ഒരു ഡോക്ടറാകാന്‍ ആഗ്രഹിച്ചു, ഇംഗ്ലീഷ് സാ ഹിത്യം ഇഷ്ടപ്പെട്ടു, ഐഎഎസുകാരനാകാന്‍ പരീക്ഷയെഴുതി. ഐപിഎസ് ഓഫീസറായി. ഇപ്പോള്‍ കുട്ടികള്‍ പുതിയ കോഴ്സുകള്‍ക്കു ചേരുന്ന സമയമാണല്ലോ. ഉപരിപഠനത്തിനു വിഷയം തിരഞ്ഞെടുക്കുമ്പോള്‍ എന്താണു ശ്രദ്ധിക്കേണ്ടത്? ഇഷ്ടമുള്ള വിഷയം പഠനത്തിനു തിരഞ്ഞെടുക്കണമെന്നാണോ?
നമ്മുടെ ഇഷ്ടം മാത്രം നോക്കിയാല്‍ പോരാ എന്നാണ് എന്‍റെ അഭിപ്രായം. ഓരോ സമയത്തെയും ജോലിസാദ്ധ്യതകള്‍ മനസ്സിലാക്കിയിരിക്കണം. വളരെ സമ്പന്നരാണ്, പഠിക്കാന്‍ വേണ്ടി മാത്രമാണു പഠിക്കുന്നത്, ജോലി വേണ്ട എന്നാണെങ്കില്‍ ഇഷ്ടം മാത്രം നോക്കി പഠിക്കാം. അതല്ല തൊഴില്‍ ആണുദ്ദേശിക്കുന്നതെങ്കില്‍ അടുത്ത നാലോ അഞ്ചോ കൊല്ലം കഴിയുമ്പോള്‍ ഏറ്റവും അധികം അവസരങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന മേഖല എന്താണെന്നു മനസ്സിലാക്കി അതിനനുസരിച്ചു തീരുമാനങ്ങളെടുക്കണം. കരിയര്‍/വിദ്യാഭ്യാസസംബന്ധമായ പുസ്തകങ്ങള്‍ വായിക്കുക. സാദ്ധ്യതകള്‍ പരിശോധിക്കുക. സാമ്പത്തികമായി എത്രത്തോളം മെച്ചമുണ്ടാകും എന്നന്വേഷിക്കുക. ഇതൊക്കെ നോക്കിത്തന്നെ കോഴ്സുകള്‍ തിരഞ്ഞെടുക്കണമെന്നാണ് എന്‍റെ അഭിപ്രായം.

ഡോക്ടറാകാന്‍ ആഗ്രഹിച്ചെങ്കിലും പ്രീഡിഗ്രിക്കു സയന്‍സ് ഗ്രൂപ്പില്‍ ചേരാനായില്ല. തുടര്‍ന്ന് ഇംഗ്ലീഷ് സാഹിത്യം പഠിക്കാനാഗ്രഹിച്ചെങ്കിലും ഇക്കണോമിക്സിനാണു ചേര്‍ന്നത്. ഐഎഎസുകാരനാകാനാണ് പരീക്ഷയെഴുതിയതെങ്കിലും ഐപിഎസ് ആണു ലഭിച്ചത്. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ തരിമ്പും ഖേദമില്ല സിബി മാത്യൂസിന് ഇതില്‍. കാരണം ഡോക്ടര്‍ക്കും ഐഎഎസുകാരനും കഴിയാത്ത തരത്തില്‍ സമൂഹത്തെ സേവിക്കാന്‍ ഐപിഎസ് ഓഫീസറെന്ന ഉദ്യോഗം സഹായിച്ചു. ആഗ്രഹിക്കാതിരുന്ന വഴിത്തിരിവുകളെല്ലാം ദൈവനിയുക്തമായ ഒരു വഴിയിലേയ്ക്കാണ് തന്നെ നയിച്ചതെന്ന് അദ്ദേഹം കരുതുന്നു. ആ വഴികളിലൂടെ ദൈവമൊഴികെ മറ്റാരേയും ഭയപ്പെടാതെയും ദൈവത്തിലൊഴികെ മറ്റാരിലും ആശ്രയിക്കാതെയും യാത്ര ചെയ്യാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യമാണ് ‘നിര്‍ഭയം’ അദ്ദേഹം പങ്കുവയ്ക്കുന്നത്.

Leave a Comment

*
*