Latest News
|^| Home -> Cover story -> ഭയമെന്ന വൈറസ്

ഭയമെന്ന വൈറസ്

Sathyadeepam

അഭിലാഷ് ഫ്രേസര്‍

നിസ്സഹായമായ ഒരു നിലവിളി പോലെയായിരുന്നു, ആ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ്. നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്ന നഴ്സുമാര്‍ക്കെതിരെ നാട്ടുകാര്‍ നടത്തിയ അയിത്തത്തെക്കുറിച്ച് ചങ്കുലഞ്ഞ് വിശദീകരിക്കുകയായിരുന്ന ആ പോസ്റ്റ് നമ്മളെല്ലാം ഒരു പക്ഷേ കണ്ടു കാണും. ബസില്‍ കയറിയ ഒരു നഴ്സിനെ സീറ്റില്‍ അടുത്തിരുത്താന്‍ പോലും വിസമ്മതിച്ച, സംഘം ചേര്‍ന്ന് ഉപരോധിച്ച മനുഷ്യര്‍. ഈ നഴ്സുമാര്‍ പലപ്പോഴും സ്വന്തം സുരക്ഷ പോലും മറന്ന് യാതൊരു രക്തബന്ധവുമില്ലാത്തവരെ, ചിലപ്പോള്‍ നമ്മുടെ ഉറ്റവരെയും നമ്മെ തന്നെയും ശുശ്രൂഷിക്കുന്നവരും ഭാവിയില്‍ ശുശ്രൂഷിക്കേണ്ടവരും ആണെന്ന ചിന്ത പോലുമില്ലാതെ… ഭയം നമ്മെ മനുഷ്യരല്ലാതാക്കുന്നു!

നമ്മുടെ കാലത്തിന്‍റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ എനിക്കു തോന്നുന്നു, അത് ഭയമാണെന്ന്! കേരളീയരുടെ മനസ്സിലേക്ക്, ജീവിതത്തിന്‍റെ ഞരമ്പുകളിലേക്കും കോശങ്ങളിലേക്കും ഈയടുത്ത കാലത്ത് ആരെങ്കിലും മാരകമായൊരു വൈറസിനെ കടത്തിവിട്ടിട്ടുണ്ടെങ്കില്‍ അത് നിപ്പയോ ഡെങ്കി വൈറസോ ഒന്നുമല്ല, അത് ഭയമാണ്. ഭയകാരണവുമായി ആനുപാതികമല്ലാത്ത ഭീതി!

ഒരു പത്തു വര്‍ഷം പിന്നിലേക്കുള്ള നമ്മുടെ സമൂഹജീവിതം ഒന്നോര്‍ത്തു നോക്കൂ. മുല്ലപ്പെരിയാര്‍ ഇപ്പോ പൊട്ടുമെന്നുള്ള വാര്‍ത്തകള്‍ ആഘോഷിച്ച കാലം മുതല്‍ ഓര്‍ത്തു നോക്കൂ. നമ്മള്‍ വെറുതെ ഭയക്കുകയായിരുന്നു. കാരണമില്ല എന്നല്ല. പക്ഷേ, നമ്മള്‍ അനുഭവിക്കുന്ന ഭയം ഭയകാരണവുമായി ആനുപാതികമല്ലെന്ന് തീര്‍ച്ച. ജനാലകളിലെ കറുത്ത സ്റ്റിക്കര്‍ നമ്മെ ഞെട്ടിക്കുന്നു. പിന്നെ എല്ലാവരെയും സംശയമാണ്. നമ്മുടെ കണ്‍കളില്‍ ഭീതിയാണ്. കണ്ടെയ്നറുകളിലും ലോറികളിലും കൊണ്ടുപോകുമ്പോള്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയുരസാതിരിക്കാന്‍ ഒട്ടിക്കുന്നതാണ് ഇത്തരം സ്റ്റിക്കറുകള്‍ എന്നു പറഞ്ഞു തന്നത് ഒരു ആര്‍ക്കിടെക്ടാണ്. നോക്കുമ്പോള്‍ രണ്ടാം നിലയില്‍ താമസിക്കുന്ന ഞങ്ങളുടെ ജാലകങ്ങളിലും ഉണ്ട് നാലോ അഞ്ചോ സ്റ്റിക്കറുകള്‍. മുകളില്‍ ഒക്കെ ഈ കള്ളന്‍മാര്‍ അത് ഒട്ടിക്കാന്‍ വേണ്ടി എപ്പോ വലിഞ്ഞു കേറിയോ ആവോ? എന്തായാലും ഇപ്പോള്‍ നമ്മുടെ ആ പേടി പോയ വഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ അതിനെ ചൊല്ലി നമ്മള്‍ അനുഭവിക്കുന്ന ഭയം, ആ ഭയത്താല്‍ പ്രേരിതരായി നാം കാട്ടിക്കൂട്ടുന്ന ഹിസ്റ്റീരിക്ക് ആയ പ്രതികരണങ്ങള്‍ ന്യായീകരിക്കാവുന്നതിനും അപ്പുറമാണ്.

ഭയം വിവേകത്തോടെ പ്രതികരിക്കാനുള്ള ഒരു മുന്നറിയിപ്പാണ്. ഉദാഹരണത്തിന്, തീയില്‍ തൊട്ട കുഞ്ഞിന്‍റെ കൈ പൊള്ളി. പിന്നെ തീ കാണുമ്പോള്‍ അത് തൊട്ടു നോക്കരുതെന്ന മുന്നറിയിപ്പ് അതു വഴി കുഞ്ഞിന് കിട്ടിയാല്‍ അത് വിവേകത്തിന്‍റെ വെട്ടം. എന്നാല്‍ തീ എവിടെയെങ്കിലും കാണുമ്പോഴേ അലറി വിളിക്കാനും കൈയില്‍ കിട്ടുന്നതെല്ലാം തല്ലിപ്പൊട്ടിക്കാനും തുടങ്ങിയാല്‍ അത് ഫോബിയ തന്നെയാണ്. നമ്മുടെ കാലത്തെ കീഴടക്കുന്നത് ഇത്തരം ഭയമാണ്. പേരാമ്പ്രയിലെ നഴ്സുമാരോടുള്ള പ്രതികരണം നമ്മുടെ പൊതുമനോഭാവത്തിന്‍റെ ഒരു പരിച്ഛേദം മാത്രമാണ്. ഇത് കേരളത്തിന് മാത്രം ബാധകമല്ല. കേരളത്തെ കുറിച്ചും ചില ഭയങ്ങള്‍ ഉത്തരേന്ത്യയിലേക്ക് ആരോ ചേര്‍ന്ന് കൃത്യമായി പരത്തുന്നുണ്ട്. ഒറ്റപ്പെട്ട നിപ്പാ വൈറസിന്‍റെ പേരില്‍ (ഏറിയാല്‍ അമ്പതു പേര്‍ക്ക് ബാധിച്ച നിപ്പായുടെ പേരില്‍) മൂന്നരക്കോടി ജനസംഖ്യ വരുന്ന കേരളത്തിലേക്ക് വരാന്‍ പേടി! ഇതിനെ എന്താ പറയുക? (ചില രാഷ്ട്രീയ അക്രമങ്ങളുടെ പേരില്‍ ഇവിടെ ഗുജറാത്തിനെ വെല്ലുന്ന കൂട്ടക്കൊല നടന്നു എന്നൊക്കെയുള്ള മട്ടില്‍ പ്രചരണങ്ങള്‍ ഉത്തരേന്ത്യയില്‍ നടക്കുന്നതായും കാണുന്നുണ്ടല്ലോ).

ഒരു സ്പാര്‍ക്ക് മതി പൊട്ടിത്തെറിക്കാന്‍ എന്നതാണ് ഭയത്തിന്‍റെ പ്രത്യേകത. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലുണ്ടായിട്ടുള്ള മതലഹളകള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് ഭീതിയാണ്. ആ മതത്തിലുള്ളവര്‍ നമ്മുടെ മതക്കാര്‍ക്ക് ഭീഷണിയാണെന്ന് പഠിപ്പിക്കുകയാണ് മതചൂഷകരായ അധികാരികള്‍ ചെയ്യുന്നത്. ഈ വിത്തു വളര്‍ന്നുവളര്‍ന്നു വന്ന് പരസ്പര അവിശ്വാസത്തിലേക്കെത്തുന്നു. ഒരാള്‍ കൊല്ലപ്പെടുമ്പോള്‍, ആ വാര്‍ത്ത അതിവേഗം പരക്കുമ്പോള്‍, അയാള്‍ അംഗമായിട്ടുള്ള സമൂഹത്തിലെ എല്ലാവരും നമുക്കെതിരാണ് എന്ന ചിന്തയാണ്, ആ ചിന്തയില്‍ നിന്നും തീവ്രത കൈവരിക്കുന്ന ഭീതിയാണ് മതസമൂഹങ്ങളെ അതിക്രമങ്ങള്‍ക്കു പേരിപ്പിക്കുന്നത്. നമ്മുടെ സമൂഹമിന്ന് ഭയത്താല്‍ വരിഞ്ഞു മുറുകിയ കമ്പി പോലെയായിരിക്കുന്നു. കേള്‍ക്കുന്നതെല്ലാം നമ്മെ ഭയപ്പെടുത്തുന്നു. ഇതറിഞ്ഞു കൊണ്ടു തന്നെ ഈ ഭയത്തെ പോറ്റി വളര്‍ത്തി തങ്ങളുടെ ഉദ്ദേശ്യം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്. സമൂഹങ്ങള്‍ക്കിടയില്‍ ഒരു ദൂരം, ഒരു വിടവ് സൃഷ്ടിക്കുകയും അത് വലുതാക്കുകയുമാണ് മത തന്ത്രജ്ഞര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.

ക്രിസ്തുവിന്‍റെ വചനം എത്ര നിശിതമാണ്! സ്നേഹത്തിനു ഭയത്തിനിടമില്ല. യഥാര്‍ത്ഥ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. യോഹന്നനാണത് എഴുതിവച്ചത.് അപ്പോള്‍ നമ്മുടെ പ്രശ്നം സ്നേഹമില്ലായ്മയാണ്. സ്വര്‍ത്ഥതയാണ്. അവനവനിലേക്കുള്ള ചുരുങ്ങലാണ്. എന്താണ് ഏറ്റവും വലിയ സമകാലിക പ്രശ്നമെന്ന് ചോദിച്ചാല്‍ ഇതാണ് ഉത്തരം: പരസ്പരം വിശ്വസിക്കാനാവാത്ത വിധം, പരസ്പരം ഭയപ്പെടുന്ന വിധം നാം നമ്മിലേക്ക് ചുരുങ്ങിപ്പോയി!

സാര്‍ത്രിന്‍റെ ക്രാന്തദര്‍ശനം പ്രസക്തമാണിന്ന്, അദ്ദേഹത്തിന്‍റെ കാലത്തേക്കാളും. അപരന്‍ നരകമാണ്! നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച (അയാള്‍ക്കോ അവള്‍ക്കോ ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പ് വേണമെന്നില്ല, അങ്ങനെ ഞാന്‍ ഭയപ്പെടുന്നു എന്നുമാത്രം) എന്‍റെ അയല്‍ക്കാരന്‍ എനിക്ക് നരകമായതു കൊണ്ടാണ് ഒരാള്‍ ബസില്‍ നിന്നു പുറംതള്ളപ്പെടുന്നത്. ഞങ്ങളെ ലോകം ഭീകരരെ പോലെ നോക്കുന്നു എന്നാണ് പേരാമ്പ്ര ഭാഗത്തുള്ള ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. (ഫാദര്‍ ഡാമിയനെ പോലുള്ളവരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം നമ്മള്‍!).

മനുഷ്യപുത്രന്‍ മടങ്ങി വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്ന ക്രിസ്തുവിന്‍റെ വാക്യം ശരിയായി വരുന്നുണ്ടെന്ന് തോന്നുന്നു. ദൈവത്തിലുള്ള വിശ്വാസം മാത്രമല്ല. മനുഷ്യര്‍ തമ്മില്‍ പരസ്പരമുള്ള വിശ്വാസത്തെ കുറിച്ചു കൂടിയാണ് ക്രിസ്തു പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ആ വചനം അന്വര്‍ത്ഥമാകുന്നത് നാം കാണുന്നു. ഭയം എന്നത് പരസ്പര വിശ്വാസമില്ലായ്മ തന്നെയല്ലാതെ മറ്റെന്ത്! കിമ്മിന് ട്രംപിനെ വിശ്വാസമില്ല. അവര്‍ തമ്മില്‍ കൂടിക്കാഴ്ചാശ്രമം ഏതായാലും അലസി. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പോലും ഉള്‍ഭയത്തോടും ഒളിച്ചു വച്ച പരസ്പര അവിശ്വാസത്തോടും കൂടിയുമുള്ളതാണെന്നും സംശയമില്ലാത്ത വസ്തുതയാണ്. അളന്നു കുറിച്ചാണ് നാം സംസാരിക്കുന്നത്. അളന്നു കുറിച്ച്, കൃത്യമായ ദൂരം നിശ്ചയിച്ചാണ് നാം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്!

മതഭ്രാന്ത് വിശ്വാസമാണെന്ന് ആരാണ് പറഞ്ഞത്! മതമൗലികത തീവ്രവിശ്വാസമാണെന്ന് ആരാണ് പറഞ്ഞത്! അത് തീവ്ര അവിശ്വാസമാണ്. അപരനിലുള്ള അവിശ്വാസമാണ്. മതമൗലിക വാദത്തിന് ഒരു ആത്മാവേയുള്ളൂ. അത് അഹം എന്ന തീവ്രബോധമാണ്. എന്‍റെ വിശ്വാസം. എന്‍റെ ആചാരം. എന്‍റെ ദൈവം! അതിനപ്പുറമുള്ളതിനെയെല്ലാം ഞാന്‍ അവിശ്വസിക്കുന്നു! ഇന്നത്തെ ഇന്ത്യയുടെ രോഗം ഇതാണ്. സംഘപരിവാറിന് മാത്രമാണ് ഈ രോഗം ബാധിച്ചിരിക്കുന്നത് എന്നൊന്നും കരുതേണ്ട. എന്‍റെ രാജ്യം ഐഹികമല്ല എന്ന് സുവ്യക്തമായി പറഞ്ഞ ക്രിസ്തുവിന്‍റെ അനുയായികള്‍ തന്നെയാണ് ക്രിസ്തു പിറന്നുവളര്‍ന്ന നാട് വെട്ടിപ്പിടിക്കാന്‍ കുരിശിനെ വാളാക്കി യുദ്ധം നയിച്ചു പോയത്! കുരിശു യുദ്ധം എന്ന വാക്ക് ഇഷ്ടമല്ലാതിരുന്ന ഒരു മാര്‍പാപ്പ നമുക്കുണ്ടായിരുന്നു, ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ. (ഫ്രാന്‍സിസ് പാപ്പാ തന്നെ ഇക്കാര്യം പാച്ചെം ഇന്‍ തേരീസ് എന്ന ചാക്രിക ലേഖനത്തിന്‍റെ 55-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തില്‍ പറയുകയുണ്ടായി). അദ്ദേഹം ആരംഭം കുറിച്ച വിപ്ലവലാവണ്യമുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അമ്പതാം വാര്‍ഷികം കഴിഞ്ഞിട്ടും നാം വിശാലമായ ആ ദര്‍ശനത്തില്‍ നിന്നും എത്ര ദൂരെയാണ്! കത്തോലിക്കരെ മാത്രമല്ല, സകല മാളോരെയും ശുശ്രൂഷിക്കാനാണ് കത്തോലിക്കന്‍റെ വിളി എന്ന് പറഞ്ഞ പാപ്പായാണത്. മനുഷ്യവ്യക്തി ആയിരുന്നു അദ്ദേഹത്തിന് പ്രധാനം. ക്രിസ്ത്യാനിയോ കത്തോലിക്കനോ കത്തോലിക്കരുടെ ഉള്ളിലെ കുഞ്ഞുകുഞ്ഞു വിഭാഗങ്ങളോ ആയിരുന്നില്ല!

ആ കാഴ്ചപ്പാടിലേക്കെത്താന്‍ പരസ്പര അവിശ്വാസത്തിന്‍റെ, പരസ്പര ഭയത്തിന്‍റെ അനേകം തുരുത്തുകള്‍ കടന്നു പോകേണ്ടതുണ്ട്. ഗൂബിയായിലെ ചെന്നായ ഫ്രാന്‍സിസ് അസ്സീസിയെ വിശ്വസിച്ചതിന്‍റെ രഹസ്യം എന്തായിരുന്നിരിക്കണം? സകലരെയും പേടിപ്പിച്ച് വിറപ്പിച്ച ചെന്നായ. ഒരേയൊരു രഹസ്യം, ഇവനും ദൈവപിതൃത്വത്തിന്‍റെ ആകാശത്തിന് കീഴില്‍ എനിക്ക് സഹോദരന്‍ എന്ന ബോധം. ആ ബോധത്തില്‍ ഇരുവരുടെയും ഭീതികളും അവിശ്വാസവും അഴിഞ്ഞു വീണുകാണും!

എങ്ങനെയാണ് നാം ഈ വൈറസില്‍ നിന്നും സ്വതന്ത്രരാകേണ്ടത് എന്ന പാഠം അസ്സീസിയിലെ ഫ്രാന്‍സിസ് നല്‍കും. അതിരില്ലാത്ത ആകാശങ്ങളുടെ ഉടയോനായ ദൈവപിതൃത്വത്തെ കുറിച്ചുള്ള ബോധം സ്വന്തമാക്കുക. അതൊരു മരുന്നാണ്, ഒരു രോഗപ്രതിരോധ മാര്‍ഗമാണ്, നമ്മുടെ കാലത്തിന്‍റെ വൈറസുകള്‍ക്കെതിരെ. നമ്മുടെ സമൂഹത്തെ കീറിമുറിക്കുന്ന ക്ഷുദ്രചിന്തകള്‍ക്കെതിരെ. സ്നേഹത്തില്‍ ഭയത്തിനിടമില്ല എന്നെഴുതിയ ആളുടെ ഗുരുവിനെ, നമ്മുടെ ഗുരുവിനെ, ആ ഗുരുവചനങ്ങളെ നാം വിശ്വസിക്കുന്നുണ്ടെങ്കില്‍ സുഖംപ്രാപിക്കുക – ഈ വൈറസില്‍ നിന്ന്!

Leave a Comment

*
*