പൈശാചികബാധയും വിമോചനവും

പൈശാചികബാധയും വിമോചനവും

ഭൂതോച്ചാടനം: മറയും പൊരുളും – 2


ബ്ര. മാര്‍ട്ടിന്‍ പാലക്കപ്പിള്ളി

അന്തര്‍ദ്ദേശീയ ഭൂതോച്ചാടന സമിതി അംഗം

യുക്തി അവസാനിക്കുന്നിടത്ത് വിശ്വാസം ആരംഭിക്കുന്നു എന്നതാണ് പൊതുകാഴ്ചപ്പാട്. എന്നാല്‍ വിശ്വാസത്തിന് യുക്തിഭദ്രത ആവശ്യമെന്നാണ് തിരുസഭയുടെ വീക്ഷണം. യുക്തിരഹിതമായ വിശ്വാസം അസംബന്ധമാണെന്നും അന്ധമാണെന്നും നാം വിശ്വസിക്കുന്നു. കേവലാനുഭവങ്ങളെയും അനുഭൂതികളെയും നാം കണക്കിലെടുക്കുന്നില്ല. വിശ്വാസത്തിന്‍റെ യുക്തി നമ്മെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഭൂതോച്ചാടനവും, ഭൂതാവേശവുമൊക്കെ യുക്തിപ്രാധാന്യമില്ലാതെ വിലയിരുത്തപ്പെടുകയും വിവേചിക്കപ്പെടുകയും ചെയ്യുന്നുണ്ട് പലപ്പോഴും. യക്ഷിക്കഥകള്‍ക്ക് സമാനമായ കഥാഖ്യാനങ്ങളും അനുഭവസാക്ഷ്യങ്ങളുമൊക്കെ ചിരപരിചിതമാകുന്നു നമ്മുടെ ചുറ്റുപാടുകളില്‍. ബാധകൂടലും ബാധയൊഴിക്കലും പ്രാചീന മതങ്ങളിലും സമൂഹങ്ങളിലും കണ്ടതൊക്കെയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനു സമാനമായ ക്രൈസ്തവരൂപമല്ല ഭൂതോച്ചാടനം. അതേപോലെ യക്ഷിക്കഥകള്‍ക്ക് സമാനമായ പ്രേതബാധയല്ല നമ്മുടെ വിശ്വാസത്തിലുള്ള പൈശാചികബാധ.

പിശാച് മനുഷ്യനില്‍ ആവസിക്കുന്നത് അത്ര എളുപ്പമല്ല. കാരണം പിശാച് ആത്മാവാണ്. അരൂപിക്ക് അങ്ങനെ വസ്തുക്കളിലോ വ്യക്തികളിലോ വസിക്കുക സ്വാഭാവികമായി സാധ്യമല്ല. വ്യക്തിയെ പിശാച് ബന്ധിക്കുന്നു എന്നതിനെക്കാള്‍ നാം ലോകവുമായി വസ്തുക്കളുമായി വ്യക്തികളുമായി തിന്മകളുമായി മമതയിലാകുന്നതിന്‍റെ പ്രകടമായ അടയാളമാണ് ബന്ധനാവസ്ഥ. പൈശാചികബാധ എന്നു കേള്‍ക്കുമ്പോള്‍ പിശാച് അകത്തുകയറി വസിക്കുന്നു എന്നാണല്ലോ സാധാരണ നാം മനസിലാക്കുക. യേശുവിനു മുമ്പ് അങ്ങനെ പൈശാചിക ആധിപത്യം ഉണ്ടായിരുന്നു. യേശു എന്നേയ്ക്കുമായി പിശാചിന്‍റെ അ ടിമത്തത്തില്‍നിന്ന് നമ്മെ മോചിതരാക്കി. നമ്മെ മാത്രമല്ല സകല മനുഷ്യരെയും. പിശാചിന്‍റെ തലതകര്‍ത്തു.

പക്ഷെ, ഇന്നും പൈശാചികാടിമത്തത്തിന്‍റെ അനുഭവം ഒരാള്‍ക്ക് ഉണ്ടാകാം. അയാള്‍ ക്രിസ്തുവിനെ അറിഞ്ഞ് സ്വീകരിക്കുന്നതുവരെ. അടിമത്തമല്ല. അടിമത്താനുഭവം. കിളിയെ കൂട്ടിലടച്ചിരിക്കുകയായിരുന്നു. തുറന്നുവിട്ടിട്ടും അത് പറന്നുപോകുന്നില്ല. താന്‍ സ്വതന്ത്രയായിരിക്കുന്നു എന്ന അറിവ് കിളിക്ക് ഇല്ലാതെ പോയിരിക്കുന്നു. അതേപോലെ നമ്മുടെ കെട്ടുകള്‍ അഴിച്ചിട്ടും നാമത് അറിയാത്തതുകൊണ്ട്, നാം തിന്മയുടെ ആധിപത്യത്തെ അനുഭവിക്കുന്നു. യേശുവില്‍ അഖിലലോകത്തിനും കൈവന്ന വിമോചനം നാം അനുഭവിക്കുന്നില്ല.

പൈശാചികാടിമത്തമെന്നാല്‍ മരിച്ചുപോയവരുടെ ആത്മാവ് കൂടുന്നതല്ല എന്ന് അറിയണം. ഭയത്തിന്‍റെയോ, കോപത്തിന്‍റെയോ വിഗ്രഹാരാധനയുടെയോ ആഭിചാരത്തിന്‍റെയോ, അങ്ങനെ പ്രവൃത്തിക്ക് അനുസരിച്ച് വിളിക്കപ്പെടുന്ന പൈശാചീക ബാധകളെയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ വിവക്ഷിക്കുന്നത്. ഇങ്ങനെ പറയുമ്പോള്‍ നമ്മുടെ അനുഭവം നമ്മെ തര്‍ക്കത്തിലേക്ക് നയിക്കും. ഇപ്രകാരം ബാധയുള്ള ഒരാളോട് നീ ആരാണ് എന്ന് ചോദിച്ചാല്‍, ബാധയുള്ള വ്യക്തി ഉത്തരം പറയുന്നത് ഒരുപക്ഷേ, മരിച്ചുപോയ ഒരു വ്യക്തിയുടെ പേരാകാം. സുവിശേഷത്തില്‍ ഗനേസറത്ത് തടാകക്കരയില്‍ വച്ച് പിശാചു ബാധിതനെ കാണുമ്പോള്‍ യേശു പേരു ചോദിക്കുന്നു. അപ്പോള്‍ അവന്‍ പറയുന്നത് ലഗിയോന്‍ എന്നാണ്. അനേകം എന്നയര്‍ത്ഥത്തില്‍. അതു പിശാചുക്കളെ നശിപ്പിക്കാന്‍ വന്നവനാണ് താനെന്ന് അടയാളപ്പെടുത്തുകയാണ് യേശു.

ഒരു സംഭവം ഒന്നു പരിശോധിക്കാം. പൈശാചികാടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഒരു വ്യക്തിക്കുവേണ്ടി ശുശ്രൂഷകന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ വ്യക്തി, തികച്ചും അപരിചിതയായ ഒരു സ്ത്രീയുടെ സ്വരത്തില്‍ സംസാരിക്കുന്നു. നീ ആരാണ്? എന്ന് ശുശ്രൂഷകന്‍ ചോദിക്കുന്നു. "ഞാന്‍ ജാനകിയാണ്" "നീ എന്തിനു വന്നു?" "ഇവളെ കൊണ്ടുപോകാന്‍." ഉത്തരം പറയുന്ന സ്ത്രീശബ്ദം പറയുന്നയാള്‍ക്കുപോലും അറിയില്ല. ഇവിടെയാണ് ഒരു വിധത്തിലുള്ള ഭൂതപ്രേതപിശാചുക്കളുടെ പ്രവര്‍ത്തനം വെളിപ്പെടുക.

ഭൂതമെന്നാല്‍ പഴയകാലം അല്ലെങ്കില്‍ സ്മരണയിലുള്ള കാലം. പ്രേതം മരണമടഞ്ഞയാളുടെ രൂപം. പിശാച്-ഇവിടെ ഭയത്തിന്‍റെ ദുരാത്മാവാണ്. രാത്രി ഒറ്റയ്ക്കുവരുമ്പോള്‍ പിശാച്, അഥവാ ഈ ഭയത്തിന്‍റെ ദുരാത്മാവ്, സ്മരണയിലുള്ള ഒരു ഓര്‍മയെ പ്രേതമാക്കി അവതരിപ്പിച്ചു. മനസ് ഭയന്നപ്പോള്‍ അതിന്‍റെ ഒഴുക്ക് നിലയ്ക്കുകയും മനസില്‍ ഭയത്തിന്‍റെ ദുരാത്മാവ് പ്രവേശിക്കുകയും വ്യക്തിയുടെ മനസ്സിനെ അടിമപ്പെടുത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പ്രവേശിച്ചതും അടിമപ്പെടുത്തിയതും ഭയത്തിന്‍റെ ദുരാത്മാവാണെങ്കിലും, ഭയകാരണമായ സ്മരണയും അതിനായി പിശാച് ഉപയോഗിച്ച പ്രേതരൂപവുമാണ് വ്യക്തിയില്‍ പ്രകടമാവുക. അതുകൊണ്ട് പൈശാചീകബാധ പ്രേതബാധയായോ മരണമടഞ്ഞയാളുടെ ആത്മബാധയായിട്ടോ അനുഭവപ്പെടാം.

വചനം ഹൃദയത്തില്‍ ഇല്ലാതെവരുക. ക്രിസ്തുവിനേക്കാള്‍ പ്രധാനമായി സമ്പത്തും ലോകമോഹങ്ങളും പ്രബലപ്പെടുക. മാനുഷികതയും സഹനങ്ങളോട് നീരസവും അവനവന്‍ സ്നേഹവും ശക്തമാവുക, തന്നില്‍തന്നെ ആശ്രയിക്കുക. പ്രതികൂലങ്ങളെ ഭയപ്പെടുക. ജീവിത വ്യഗ്രതയും ഭാവി പ്രതീക്ഷയും ശക്തമാവുക. ഇങ്ങനെയുള്ള അവസരങ്ങള്‍ പിശാചിന് നല്‍കുമ്പോഴാണ് അവന്‍ നമ്മെ നയിക്കുക.

ഒരു വ്യക്തിയില്‍ സംഭവിക്കുന്നത് പൈശാചിക നയിക്കപ്പെടലാണ് എന്ന് ബോധ്യം വന്നാല്‍, അയാളിലുള്ള തിന്മയെ ബഹിഷ്ക്കരിക്കുകയാണ് വേണ്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാള്‍ തിന്മയെ ബഹിഷ്ക്കരിച്ചയാളാണ്. മാമ്മോദീസയില്‍ പുരോഹിതന്‍ ചോദിക്കുന്നു. പിശാചിനെയും അവന്‍റെ ആഢംബരങ്ങളെയും ഉപേക്ഷിക്കുന്നുവോ? ഉപേക്ഷിക്കുന്നു. ഇതാണ് ബഹിഷ്ക്കരണത്തിന്‍റെ ആദ്യപടി. എന്നിട്ട് വിശ്വാസം ഏറ്റുപറയുന്നു. അങ്ങനെ വ്യക്തിതന്നെയാണ് തിന്മയെ ഉപേക്ഷിക്കുന്നത്. ഇതാണ് ബഹിഷ്ക്കരണം. അത് വ്യക്തിയുടെ മാത്രം പ്രവര്‍ത്തിയല്ല, ഏറ്റുപറച്ചിലുമല്ല. പുരോഹിതന്‍ പറയുന്നു. ഇതുതന്നെയാണ് സഭയുടെ വിശ്വാസവും. അങ്ങനെ തിന്മയെ ഉപേക്ഷിച്ചവനാണ് താനെന്നും തന്‍റെ ഉടമ ദൈവമാണെന്നും, താന്‍ സഭയാകുന്ന ക്രിസ്തുശരീരത്തിന്‍റെ ഭാഗമാണെന്നുമുള്ള ബോധ്യം നഷ്ടപ്പെടുമ്പോഴാണ് പൈശാചിക നയിക്കപ്പെടലിന് അയാള്‍ വിധേയനാവുക.

ഒരു കുരിശടയാളം കൊണ്ട് ഇതിലേയ്ക്ക് നയിക്കാവുന്ന എല്ലാ പ്രലോഭനങ്ങളെയും പ്രേരണകളെയും ജയിക്കാന്‍ നമുക്ക് കഴിയും. കുരിശടയാളം ഒന്ന് തലതിരിച്ചു വരച്ചുനോക്കിയാല്‍ നമുക്ക് കാര്യം ബോധ്യപ്പെടും.

+ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, + ഞങ്ങളില്‍ വസിക്കുന്ന ഞങ്ങളുടെ തമ്പുരാനെ, + ഞങ്ങളുടെ ശത്രുക്കളില്‍നിന്ന് ഞങ്ങളെ രക്ഷിക്ക, + വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ.

നാം മാമ്മോദീസ സ്വീകരിച്ചത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് അഥവാ പേരിലാണ്, + അപ്പോള്‍ തമ്പുരാന്‍ നമ്മുടെ ഉള്ളില്‍ വന്നു, ആ തമ്പുരാനോട് നാം പ്രാര്‍ത്ഥിക്കുകയാണ് തിന്മയില്‍ നിന്ന് രക്ഷിക്കണമേ. ഏതാണ് തിന്മ? ഏതാണ് ശത്രു. മര്‍ക്കോസ് 7:21 പറയുന്നുണ്ട് ദുശ്ചിന്ത, പരസംഗം, മോഷണം തുടങ്ങിയ 13 തിന്മകളെക്കുറിച്ച്. അവയാണ് നമ്മുടെ ശത്രുക്കള്‍. ഇനി അവരില്‍നിന്ന് രക്ഷിക്കേണ്ടത് നെറ്റിയില്‍ വരയ്ക്കുന്ന വിശുദ്ധകുരിശി ന്‍റെ അടയാളത്താലാണ്. പുരോഹിതന്‍ നെറ്റിയില്‍ ജ്ഞാനസ്നാനവേളയില്‍ വിശുദ്ധതൈലം കൊണ്ടുവരച്ച കുരിശിന്‍റെമേല്‍ കുരിശടയാളം വരച്ചുകൊണ്ടാണ് നാമിത് പ്രാര്‍ത്ഥിക്കുന്നത്. സഭയിലെ ഏറ്റവും ചെറുതും ഏറ്റവും പ്രധാനപ്പെട്ടതുമായ ബഹിഷ്ക്കരണ പ്രാര്‍ത്ഥനയാണിത്.

ഓരോ കൂദാശകള്‍ സ്വീകരിക്കുമ്പോഴും ഈ ബഹിഷ്ക്കരണം നമ്മില്‍ സംഭവിക്കുന്നുണ്ട്. ഓരോ ആശീര്‍വാദത്തിലും മാമ്മോദീസ ഉണരുകയും ബഹിഷ്ക്കരണം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നുണ്ട്. പരിശുദ്ധ കുര്‍ബാനയില്‍ നിരന്തരം അതു സംഭവിക്കുന്നു. വിശുദ്ധ കുര്‍ബാനയുടെ വിസീത്ത നടത്തുമ്പോഴും സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോഴും വിശ്വാസപ്രമാണം ചൊല്ലുമ്പോഴും, അനുതപിച്ചു പ്രാര്‍ത്ഥിക്കുമ്പോഴും ദൈവവചനം വായിക്കുമ്പോഴും സഭയോട് ചേര്‍ന്നുനില്‍ക്കുമ്പോഴും ഇത് സംഭവിക്കുന്നു.

ഇനി പുറത്തുനിന്ന് ഒരു ശുശ്രൂഷകന് ചെയ്യാവുന്നത് വ്യക്തിയെ ഈ ബോധ്യത്തിലേയ്ക്ക് കൊണ്ടുവരികയും ബലപ്പെടുത്തുകയും ചെയ്യലാണ്. അയാളില്‍ പിശാചാണ് പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞു പഠിപ്പിക്കലല്ല. വചനത്താലും ആത്മാവിനാലും ആ വ്യക്തിയെ ജ്വലിപ്പിക്കലാണ്. വിശ്വാസപൂര്‍വം തന്‍റെ വിശ്വാസത്തിന്‍റെ പങ്കും സഹഭാഗിത്വവും നല്‍കി അയാളെ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് ഡലിവറന്‍സില്‍ സംഭവിക്കേണ്ടത്.

ഇത് വ്യക്തിപരമായ ഒരു കഴിവിന്‍റെയോ വരത്തിന്‍റെയോ കാര്യമല്ല. സഭയോടുള്ള വിധേയത്വം, സഭയാണ് പ്രവൃത്തിയുടെ കരമെന്നും പരിശുദ്ധാത്മാവില്‍ യേശുവിന്‍റെ അധികാരമാണ് പ്രയോഗിക്കപ്പെടുന്നത് എന്ന ബോധ്യത്തോടെ സഭാധികാരികള്‍ അനുവദിക്കുമെങ്കില്‍ മാത്രം ചെയ്യാമെന്ന എളിമയോടെ നില്‍ക്കുമെങ്കില്‍, പൈശാചീക നയിക്കപ്പെടലില്‍നിന്ന് വ്യക്തിയെ മോചിപ്പിക്കാന്‍ ശുശ്രൂഷ വഴി കഴിയും.

ഭൂതോച്ചാടകന്‍ എന്തെങ്കിലും പ്രത്യേക സിദ്ധിയുള്ളയാളോ മേന്മയുള്ളയാളോ അല്ല. അയാളുടെ എന്തെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയുടെ ശക്തിവഴിയുള്ള ഭൂതോച്ചാടനം സാധ്യമാവുക. മറ്റു മതവിശ്വാസങ്ങളിലേതുപോലെ വ്യക്തിഗതമായ കഴിവിലോ അറിവിലോ സിദ്ധിയിലോ ഇവിടെ പ്രാധാന്യം കല്‍പ്പിക്കുന്നില്ല.

തിരുസഭയ്ക്കാണ് പൈശാചീകതയെ കീഴ്പ്പെടുത്താന്‍ അധികാരവും അവകാശവും. അത് അപ്പോസ്തലന്മാരില്‍ നിക്ഷിപ്തമായ അധികാരമാണ്. അപ്പോസ്തലനായ മെത്രാന്‍റെ ശുശ്രൂഷയില്‍ സഹായിയായ പരോഹിതന് സാധാരണമായും ഏതെങ്കിലും ഒരു പുരോഹിതന് അസാധാരണമായും പൈശാചീകതയെ നീക്കാന്‍ അധികാരം നല്‍കുന്നു.

സാധാരണയായി മാമോദീസയില്‍ എല്ലാ പുരോഹിതര്‍ക്കും പൈശാചികാധിപത്യത്തെ നീക്കാന്‍ അധികാരമുണ്ട്. സാധാരണ ഭൂതോച്ചാടനം നടക്കുന്നത് മാമ്മോദീസയിലാണ്. സ്വാഭാവികമായി സഭയ്ക്കകത്ത് ശിഷ്യത്വത്തിലേക്കും ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവമായും കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനുമുമ്പ്, ലോകാരൂപിയുടെ പ്രവര്‍ത്തനത്തിന്‍റെ കീഴിലാകാം വ്യക്തി. അവിടെ അയാളെ അടിമപ്പെടുത്തുന്ന പിശാചിനെയും ലോകത്തിന്‍റെ ആഡംബരങ്ങളെയും വ്യക്തി ഉപേക്ഷിക്കുകയും ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുകയും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യുമ്പോള്‍, പുരോഹിതന്‍ യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ തിന്മകളെ പുറത്താക്കി, വ്യക്തിയെ ദൈവരാജ്യത്തില്‍ അംഗമാക്കുന്നു. അങ്ങനെ വിശുദ്ധതൈലത്താല്‍ മുദ്രിതരാക്കപ്പെടുന്നവരെ കണ്ടാല്‍ പിശാച് ഭയന്നോടും. ഇത് സാധാരണ ഭൂതോച്ചാടനമാണ്.

എന്നാല്‍ തിരുസഭയ്ക്കകത്ത്, ആയിരിക്കുമ്പോഴും ആ വിശ്വാസത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാതെയും, ലോകാഢംബരങ്ങളില്‍ മുഴുകുകയും, അന്ധവിശ്വാസത്തിലും അനാചാരത്തിലും വിശ്വസിക്കുകയും, ആന്തീരക മുറിവിനാലോ കുറ്റബോധത്താലോ വ്രണിത ഹൃദയരാവുകയും ചെയ്യുന്ന വ്യക്തിക്ക് ക്രിസ്തുവിന്‍റെ പ്രകാശം അന്യമാകാം. ഈ ലോകത്തിന്‍റെ ദേവന്‍ അവിശ്വാസികളായ അവരുടെ ഹൃദയങ്ങളെ അന്ധമാക്കിയിരിക്കുന്നു. (2 കൊറി. 4:4) അങ്ങനെ അന്ധതയില്‍ ആയിരിക്കുകയും പിശാചിന്‍റെ കൈവശത്തില്‍ ഒരാള്‍ ആയിത്തീരുകയും ചെയ്താല്‍ അയാള്‍ രക്ഷാനുഭവത്തില്‍നിന്നും പ്രകാശത്തില്‍നിന്നും അകന്ന് ജീവിക്കാം.

അങ്ങനെയുള്ള വ്യക്തിയില്‍ ആത്മഫലങ്ങള്‍ പ്രകടമാകില്ല. ദൈവീക പൂണ്യങ്ങളോ, വിശ്വാസത്തിന്‍റെ അടയാളങ്ങളോ അയാളില്‍ കാണാന്‍ കഴിയില്ല. നിരാശയിലും വിദ്വേഷത്തിലും കടുത്ത ദുഃഖത്തിലും ആസക്തികളിലും മാനസീക വിഭ്രാന്തിയിലും അയാള്‍ അകപ്പെടാം. പക്ഷെ, ഇങ്ങനെ കാണുന്നതെല്ലാം പൈശാചികാധിപത്യമാകണെന്നും വ്യക്തി പിശാചിന്‍റെ കൈവശത്തിലാണെന്നും ഉറപ്പിക്കാന്‍ മതിയായ കാരണങ്ങളല്ല. മാനസികരോഗമോ ജീവിതത്തില്‍ നേരിടുന്ന ദുരനുഭവങ്ങളോ ഇവയ്ക്ക് കാരണമല്ലെന്ന് ഉറപ്പിക്കാന്‍ വയ്യ.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ അത് പൈശാചിക ആധിപത്യമാണോ എന്ന് വിവേചിച്ചറിയാനും അങ്ങെ ആണെങ്കില്‍ അസാധാരണമായ ഭൂതോച്ചാടനത്തിലൂടെ വ്യക്തിയെ മോചിപ്പിക്കാനും മെത്രാനാണ് അധികാരം. ഈ അധികാരം തന്‍റെ സഹശുശ്രൂഷികളില്‍ ഒരു പുരോഹിതന് താല്‍ക്കാലികമായി നല്‍കപ്പെടാം.

സാധാരണ ഭൂതോച്ചാടനം പുരോഹിതരിലാണല്ലോ നിക്ഷിപ്തമാവുക. എന്തുകൊണ്ടാണ് എല്ലാ വിശ്വാസികള്‍ക്കും ഉള്ള അടയാളമായ ഈ ശുശ്രൂഷ പുരോഹിതരിലേക്ക് മാത്രം ഒതുക്കിനിറുത്തുന്നത്? മാമ്മോദീസ നല്‍കാനും അല്‍മായനും അധികാരമില്ലേ?

മാമ്മോദീസ നല്‍കാന്‍ അല്‍മായനു കഴിയും. എന്നാല്‍ അത്, ശ്രേഷ്ഠമായി പരിഗണിക്കാന്‍ സമൂഹമോ, മാമ്മോദീസ സ്വീകരിച്ച വ്യക്തിയോ തയ്യാറാകണമെന്നില്ല. അങ്ങനെ ആ ശുശ്രൂഷയുടെ പവിത്രത ചോദ്യം ചെയ്യപ്പെടാം. മാത്രമല്ല, പുരോഹിതന്‍ സഭയോടുള്ള സമ്പൂര്‍ണ്ണമായ വിധേയത്വത്തിലാണ്. ഓരോ അധികാരവും വിധേയത്വം വഴിയാണ് പൂര്‍ണത പ്രാപിക്കുക. മാമ്മോദീസ വഴി നാമെടുത്ത വ്രതങ്ങള്‍ ആഘോഷമായെടുക്കുകയും ദൈവത്തെയും ദൈവജനത്തെയുംപ്രതി ജീവിതം ഉപേക്ഷിക്കുന്നതുകൊണ്ടും പുരോഹിതന് ഈ അധികാരം നല്‍കപ്പെടുന്നു. പുരോഹിതന്‍തന്നെയും ഏതെങ്കിലും കാരണത്താല്‍ അയോഗ്യനാണെന്ന് കരുതപ്പെട്ടാലും സഭയുടെ അധികാരമാണെന്നതിനാല്‍, ഈ ശുശ്രൂഷയ്ക്ക് ന്യൂനത സംഭവിക്കുന്നില്ല.

പൈശാചിക തിന്മകളുടെ മേല്‍ അധികാരമുണ്ടെന്ന് അല്മായര്‍ക്ക് തോന്നിയാലോ, അസാധാരണ ഭൂതോച്ഛാടനത്തിന് മെത്രാന്‍റെ നിര്‍ദ്ദേശപ്രകാരമല്ലാതെതന്നെ ദൈവം നിയോഗിക്കുന്നുവെന്ന് ഒരു പുരോഹിതനു തന്നെയും തോന്നിയാലോ സഭയ്ക്ക് കീഴ്പ്പെട്ടും അപ്പോസ്തലികാധികാരത്തിനു വിധേയപ്പെട്ടും താഴ്മയോടെ വര്‍ത്തിക്കുകയാണ് ഉചിതം.

പുരോഹിതനുമാത്രം ഉപയോഗിക്കാന്‍ അധികാരമുള്ള പ്രാര്‍ത്ഥനകള്‍ അടിച്ചുമാറ്റി ഉപയോഗിക്കുക. അങ്ങനെ 33 പ്രാവശ്യം കുരിശുവരയ്ക്കുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലുക, കയ്യിലുള്ള കുരിശിനാല്‍ പിശാചിനെ കീഴ്പ്പെടുത്താമെന്ന് ധരിക്കുക, പ്രത്യേക വിധമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ട് എന്നവിധം പ്രചരിപ്പിക്കുക, കുന്തിരിക്കം പുകയ്ക്കാനും കുരിശു സ്ഥാപിക്കാനും പരിഹാരങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുക തുടങ്ങിയ അനേകം അബദ്ധങ്ങള്‍ നമ്മുടെ ചുറ്റിലും അരങ്ങേറുന്നുണ്ട്. അപ്രകാരമുള്ള പ്രേരണകളെ തള്ളിക്കളയുകയും തിരുസഭയോടുള്ള അനുസരണത്തിലും വിധേയത്വത്തിലും ജീവിക്കുകയും വേണം.

യേശു അകമെ വസിക്കുന്നു എന്ന സത്യബോധത്തിലേയ്ക്ക് വിശ്വാസിയെ ആനയിക്കുകയും, തിരുസഭാ ശരീരത്തിന്‍റെ ഭാഗമായ നാം നരകകവാടങ്ങള്‍ പ്രബലപ്പെടാത്ത, സംരക്ഷണത്തിനകത്താണെന്നും, അഞ്ചുലക്ഷത്തിലധികം പുരോഹിതരുടെ ജീവാര്‍പ്പണത്തിന്‍റെയും എട്ടുലക്ഷത്തിലധികം സന്യാസിമാരുടെ വ്രതസമര്‍പ്പണത്തിന്‍റെയും നടുവില്‍ വിശുദ്ധരുടെ കൂട്ടായ്മയിലും മാലാഖമാരുടെ സംരക്ഷണത്തിലും പരിശുദ്ധ അമ്മയുടെ തുണയിലുമാണെന്നത് നമുക്ക് മറക്കാതിരിക്കാം. ഒപ്പം വിശ്വാസത്തിന്‍റെ സാക്ഷികളായി ലോകത്തിനു പ്രകാശം നല്‍കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org