Latest News
|^| Home -> Cover story -> ബൈബിള്‍ വെറും കേട്ടെഴുത്തോ?

ബൈബിള്‍ വെറും കേട്ടെഴുത്തോ?

Sathyadeepam

ബൈബിള്‍ പഠനത്തിനും വ്യാഖ്യാനത്തിനുമുള്ള കത്തോലിക്കാസഭയുടെ പരമോന്നതകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബൈബിള്‍ പ്രൊഫസറാണ് ഫാ. ഹെന്‍റി പട്ടരുമഠത്തില്‍ എസ്.ജെ.. ബിബ്ലിക്കും എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ പ്രൊഫസര്‍. ബിബ്ലിക്കുമിലും ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലുമായിട്ടായിരുന്നു ബൈബിളിലെ അദ്ദേഹത്തിന്‍റെ ഉപരിപഠനം. വി. മത്തായിയുടെ സുവിശേഷമായിരുന്നു ഗവേഷണവിഷയം. ഫാ. ഹെന്‍റി എഴുതിയ ‘മലയിലെ പ്രസംഗം’ എന്ന പുസ്തകം ഈയിടെ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. ഗിരിപ്രഭാഷണത്തെ 165 ചോദ്യോത്തരങ്ങളിലൂടെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു ബൈബിള്‍ പഠനഗ്രന്ഥമാണിത്. ഫാ. ഹെന്‍റിയുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി എഴുതിയ ലേഖനം….

 

ബൈബിളും ദൈവജനവും
വി. പത്താം പീയൂസ് മാര്‍പാപ്പ യുടെ കാലത്ത് 1909-ല്‍ ആരംഭിച്ചതാണ് ബിബ്ലിക്കും. കത്തോലിക്കാസഭയില്‍ അതിനു മുമ്പു ബൈബിള്‍ ഗവേഷണം കാര്യമായി നടന്നിട്ടില്ല. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായുടെ 1943-ലെ ദിവിനോ അഫ്ളാന്തെ സ്പിരിത്തു എന്ന ചാക്രികലേഖനത്തോടുകൂടിയാണ് കത്തോലിക്കാസഭയില്‍ ബൈബിള്‍ പഠനത്തിന് ഊര്‍ജം ലഭിച്ചത്. അതുവരെ ബൈബിള്‍ പഠനം ഏറെയും പ്രൊട്ടസ്റ്റന്‍റുകാരാണ് നടത്തി വന്നിരുന്നത്. ഒറ്റപ്പെട്ട ബൈബിള്‍ പഠനങ്ങള്‍ മാത്രം നടന്നിരുന്ന കത്തോലിക്കാസഭയില്‍ 1943-നു ശേഷം വളരെ സ്വതന്ത്രമായ ബൈബിള്‍ പഠനങ്ങള്‍ സജീവമാകാന്‍ തുടങ്ങി.

കത്തോലിക്കര്‍ക്കിടയില്‍ ബൈബിള്‍ വേണ്ടത്ര ലഭ്യമല്ലാതിരുന്നതുകൊണ്ട് ദൈവജനത്തിനിടയില്‍ ബൈബിള്‍ പഠനം പിന്നെയും ഏറെ വൈകിയാണ് വ്യാപകമാകുന്നത്. തുടക്കത്തില്‍ ലഭ്യമായിരുന്നത് പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകള്‍ വീടുകളില്‍ കൊണ്ടുകൊടുക്കുന്ന ബൈബിളുകളായിരുന്നു. ആ ബൈബിളിന്‍റെ ഉള്ളടക്കത്തില്‍ വലിയ പ്രശ്നങ്ങളില്ലെങ്കിലും അവരുമായുള്ള സമ്പര്‍ക്കം നമ്മുടെ വിശ്വാസത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നമുക്ക് ഉണ്ടായിരുന്നിരിക്കണം. അതിനാല്‍ അവര്‍ കൊണ്ടു കൊടുക്കുന്ന ബൈബിളിന്‍റെ വായനയെയും നാം നിരുത്സാഹപ്പെടുത്തുന്ന രീതി വന്നിട്ടുണ്ടായിരിക്കാം. 1964-ല്‍ ആരാധനക്രമം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോഴാണല്ലോ ഇതിനോടെല്ലാമുള്ള താത്പര്യം കേരളത്തില്‍ വര്‍ദ്ധിച്ചത്. ഇപ്പോള്‍ ബൈബിള്‍ യഥേഷ്ടം ലഭ്യമായി. ബൈബിള്‍ വായനയെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എല്ലാവരും ശരിയായ രീതിയിലാണോ ബൈബിള്‍ വായിക്കുന്നതെന്ന ചോദ്യം ഇവിടെ അപ്രസക്തമല്ല. എല്ലാ എഴുത്തുകള്‍ക്കും ഒരു ചരിത്രപശ്ചാത്തലമുണ്ട്. ആ പശ്ചാത്തലത്തില്‍ നിറുത്തിയാണു രചനകളെ കാണേണ്ടത്. സന്ദര്‍ഭത്തില്‍ നിന്ന് ഒരു വാക്യം മാത്രം അടര്‍ത്തിയെടുത്തു വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകാം. അതിനെ അജ്ഞതയെന്നു വിധിയെഴുതുന്നില്ല. എങ്കിലും ചരിത്രപശ്ചാത്തലത്തില്‍ വേണം ബൈബിളിനെ കാണാനെന്നും വിശ്വാസമാണ് ബൈബിളിനു മുമ്പു വന്നതെന്നും പറയാതിരിക്കാനാവില്ല. ബൈബിള്‍ പഠനത്തിനെത്തുന്ന ആളുകളോട് ഇതു പറയുമ്പോള്‍ അവരില്‍ ഒരു അങ്കലാപ്പു കാണാറുണ്ട്. സാവധാനത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തു കഴിയുമ്പോള്‍ അടുത്ത ചോദ്യം വരും: എന്നിട്ടിത്ര നാളായിട്ടും തങ്ങളോടെന്തുകൊണ്ടിതു പറഞ്ഞില്ല?

പറയാന്‍ നമുക്ക് ഏറെ അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബൈബിള്‍ പഠിക്കാന്‍ നമുക്കുണ്ടായിരുന്ന വേദി ഞായറാഴ്ച പ്രസംഗം മാത്രമായിരുന്നു. അവിടെ ലഭിക്കുന്ന അഞ്ചോ പത്തോ മിനിറ്റു കൊണ്ട്, ജീവിതത്തിനാവശ്യമായ സന്ദേശങ്ങള്‍ നല്‍കുക എന്നതല്ലാതെ ബൈബിള്‍ ശരിയായി പഠിപ്പിക്കാന്‍ സാധിക്കില്ലല്ലോ. ഇപ്പോള്‍ ബൈബിള്‍ പഠനത്തിനുള്ള അവസരങ്ങള്‍ സഭയില്‍ ധാരാളം വര്‍ദ്ധിച്ചിട്ടുണ്ട്. ബൈബിള്‍ പഠിക്കാന്‍ അവസരം കൊടുത്തു കഴിഞ്ഞാല്‍ വിശ്വാസത്തില്‍ ജനം ആഴപ്പെടുമെന്നാണ് തോന്നിയിട്ടുള്ളത്.

ബൈബിള്‍ പഠനത്തിന് അവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുള്ള ഈ കാലത്തും ബൈബിള്‍ വാച്യാര്‍ത്ഥത്തിലെടുത്ത് വ്യാഖ്യാനിക്കുന്ന പ്രവണത ചില തലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. പുസ്തകം തുറന്ന് ഒരു വാക്യമെടുത്ത് ഇതാണ് ദൈവത്തിന്‍റെ സന്ദേശമെന്നു പറയുമ്പോള്‍, അവര്‍ക്കതൊരു ആത്മീയാനുഭവമായിരിക്കാമെങ്കിലും, നമുക്കത് ഉള്‍ക്കൊള്ളാന്‍ വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു വാക്യത്തില്‍ നിന്നു ലഭിച്ച ദൈവസന്ദേശം തന്‍റെ ജീവിതത്തില്‍ നിവൃത്തിയായി എന്ന് ഒരാള്‍ വന്നു പറയുമ്പോള്‍ ഞാനത് നിഷേധിക്കാറില്ല. അങ്ങനെയൊന്നും സംഭവിക്കുകയേയില്ല എന്നു പറയാന്‍ നമുക്കു സാദ്ധ്യമല്ല. വിശ്വാസത്തിന്‍റെ ഒരു വിശാലതലത്തിലേയ്ക്കു കടക്കുമ്പോള്‍ എല്ലാം സാദ്ധ്യമാണെന്ന ചിന്ത എനിക്കുണ്ട്. ഇത് നിലപാടില്ലായ്മയല്ല, മറിച്ചു ശാഠ്യമില്ലായ്മയാണ്. പലപ്പോഴും വിശ്വാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പല ആന്തരിക സംഘര്‍ഷങ്ങളുടേയും കാരണം ആന്തരിക ശാഠ്യങ്ങളാണ്.

കരിസ്മാറ്റിക് പ്രസ്ഥാനവും ബൈബിളും
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം മൂലമാണ് കേരളത്തില്‍ ബൈബിള്‍ വായിക്കുന്നവര്‍ ഇന്ന് ഇത്രയധികം ഉണ്ടായത്. ജനങ്ങള്‍ക്കു ബൈബിള്‍ ടെക്സ്റ്റുകള്‍ നല്ല പരിചയമുണ്ട്. പത്തിരുപതു വര്‍ഷങ്ങളായി ബൈബിള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും വാക്യങ്ങള്‍ ഏതദ്ധ്യായത്തില്‍ എത്രാമത്തേത് എന്നത് പലപ്പോഴും എന്‍റെ ഓര്‍മ്മയിലേയ്ക്കു കയറുന്നില്ല. എന്നാല്‍ രണ്ടോ മൂന്നോ കൊല്ലം മുമ്പു മാത്രം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ വന്നവര്‍ക്കു പോലും ബൈബിള്‍ മനഃപാഠമാണ്. പലരും ബൈബിള്‍ ഉദ്ധരിക്കുന്നതു കേട്ട് അതിശയം തോന്നിയിട്ടുണ്ട്. ബൈബിളിനോടുള്ള അവരുടെ അടുപ്പം അല്‍പം കൂടി ശാസ്ത്രീയമാക്കാന്‍ നാം സഹായിച്ചാല്‍ അതു വലിയ ഫലങ്ങളുളവാക്കും എന്നാണ് തോന്നുന്നത്. കരിസ്മാറ്റിക് പ്രസ്ഥാനം ബൈബിള്‍ പഠനത്തിലും പാരായണത്തിലും ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ ചില വ്യതിചലനങ്ങളെ ചൂണ്ടിക്കാട്ടാതിരിക്കാനുമാകില്ല.

വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുന്നതും ബൈബിള്‍ വാക്യങ്ങള്‍ ഓരോന്നുമെടുത്ത് വിശ്വാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതും രണ്ടു കാര്യമാണ്. വിശ്വാസത്തില്‍ നിന്നാണ് ബൈബിള്‍ വരുന്നത്. ബൈബിള്‍ രചയിതാക്കള്‍ ആരും റിപ്പോര്‍ട്ടര്‍മാര്‍ അല്ല. എഡിറ്റര്‍മാരാണ്. ഒരു സമൂഹത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളും കഥകളും പാരമ്പര്യങ്ങളും ഒക്കെ തങ്ങളുടെ വിശ്വാസത്തിന്‍റെ വെളിച്ചത്തിലാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു വിവേചന പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ബൈബിള്‍ ഉണ്ടായിരിക്കുന്നത്. വിശ്വാസമാണ് ലിഖിതരൂപത്തിനു മുമ്പു വന്നത്.

വിശ്വാസത്തിന് ഒരുപാടു വ്യക്തിനിഷ്ഠമായ തലങ്ങളുണ്ട്. ഓരോരുത്തരുടേയും ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവര്‍ സ്വന്തം വിശ്വാസത്തെ മനസ്സിലാക്കുക. നമ്മള്‍ വചനം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഏതു വിശ്വാസാനുഭവത്തില്‍ നിന്നുകൊണ്ടാകും ഈ ഗ്രന്ഥകാരന്‍ ഈ രചന അവതരിപ്പിച്ചിരിക്കുക എന്നതാണ്. അതിന് ഗ്രന്ഥകാരന്‍റെ ചരിത്രവും പശ്ചാത്തലവും എല്ലാം പരിഗണിക്കേണ്ടി വരും. ഈ പശ്ചാത്തല-സാഹചര്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ രചനയില്‍ നിന്നൊരു വാക്യമെടുത്ത് ഇതാണ് ദൈവത്തിന്‍റെ സന്ദേശം എന്നു പറയുന്നതില്‍ അപകടമുണ്ട്.

പഴയ നിയമത്തില്‍ നിന്നു പുതിയ നിയമത്തിലേയ്ക്ക്
പുതിയ നിയമമെന്നത് യേശുസംഭവത്തിന്‍റെ വെളിച്ചത്തിലുള്ള പഴയ നിയമത്തിന്‍റെ പുനര്‍വ്യാഖ്യാനമാണ്. പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം – പുതിയ നിയമ രചയിതാക്കള്‍ അന്നത്തെ സമൂഹത്തോടു വിനിമയം ചെയ്യാന്‍ ശ്രമിച്ച കാര്യം – യേശു ദൈവപുത്രനാണ്, യേശു ക്രിസ്തുവാണ് എന്നതാണ്. യോഹന്നാന്‍ 20:30-31-ല്‍ അതു കാണാം. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ നിങ്ങള്‍ക്കു ജീവനുണ്ടാകുവാനും വേണ്ടിയാണ് ഞങ്ങള്‍ ഇതെഴുതിയിരിക്കുന്നതെന്ന് അതില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ഇതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഈ സന്ദേശം ആളുകളിലേയ്ക്ക് വിനിമയം ചെയ്യുന്നതിന് അവരുടെ പക്കലുള്ള പ്രധാനപ്പെട്ട സ്രോതസ്സ് പഴയ നിയമമാണ്. അന്ന് അവരുടെ വിശുദ്ധഗ്രന്ഥമെന്നത് പഴയ നിയമമാണ്. അതെടുത്ത് യേശുവിന്‍റെ ചരിത്രവുമായി ബന്ധപ്പെടുത്തി എഴുതുകയാണ് അവര്‍ ചെയ്തത്. പുതിയ നിയമത്തിലെ ഭൂരിഭാഗവും പഴയ നിയമവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പഴയ നിയമത്തിന്‍റെ പൂര്‍ത്തീകരണമായിട്ടാണ് പുതിയനിയമകര്‍ത്താക്കള്‍ പുതിയ നിയമം അവതരിപ്പിക്കുന്നത്. ഈ ബന്ധം വിട്ടുകളഞ്ഞിട്ട് വാക്യങ്ങള്‍ എടുത്ത് വ്യാഖ്യാനിക്കുന്നത് വഴി തറ്റിക്കും.

അതേസമയം, പഴയ നിയമഗ്രന്ഥങ്ങളുടെ ചരിത്രവും സാഹചര്യവും വളരെ വ്യത്യസ്തമാണ്. അതു മനസ്സിലാക്കിയിരിക്കുക ബൈബിള്‍ വായനയില്‍ വളരെ പ്രധാനമാണ്. ഭാഷാപരമായ പ്രശ്നങ്ങളുണ്ട്. ഹീബ്രുവിലും ഗ്രീക്കിലും ഒക്കെയുള്ള രചനകള്‍ മലയാളത്തിലേയ്ക്കോ ഇംഗ്ലീഷിലേയ്ക്കോ പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം വല്ലാതെ ചോര്‍ന്നു പോകും. അതില്‍ നിന്ന് മലയാളത്തിലേയ്ക്കെത്തിയ ഒരു രചനയിലെ ഒരു വാക്യം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി വ്യാഖ്യാനിക്കുമ്പോള്‍ അര്‍ത്ഥം പിന്നെയും മാറിപ്പോയേക്കാം.

നാം വച്ചു പുലര്‍ത്തുന്ന ദൈവദര്‍ശനത്തെ സാധൂകരിക്കാന്‍ സഹായകമായ കാഴ്ചപ്പാടുകള്‍ ബൈബിളിലെ പുസ്തകങ്ങളില്‍ കാണാം. ഉദാഹരണത്തിനു ലേവ്യരുടെ പുസ്തകം. പൗരോഹിത്യ മേധാവിത്വം പറയാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് ലേവ്യരുടെ പുസ്തകത്തില്‍ നിന്നു ധാരാളമായി ഉദ്ധരിക്കാം. കര്‍മാനുഷ്ഠാനങ്ങളിലൂടെയും പുരോഹിതശുശ്രൂഷയിലൂടെയുമാണ് ദൈവാനുഭവം സാദ്ധ്യമാകുക എന്നു നിര്‍ദേശിക്കുന്ന ഒരു പുസ്തകമാണത്. നിയമാവര്‍ത്തനപുസ്തകം വ്യത്യസ്തമായ മറ്റൊരു പാരമ്പര്യമാണ്, കാലഘട്ടമാണ്. ഇസ്രായേല്‍ ജനത്തിന് അവരുടേതായ പ്രതിസന്ധികളുണ്ടാകുന്ന സമയങ്ങളില്‍ അവരുടെ ദൈവശാസ്ത്രജ്ഞന്മാര്‍ നിര്‍ദേശിക്കുന്ന പരിഹാരമാണ് ഈ പുസ്തകങ്ങളില്‍ കാണുന്നത്. ആ സാഹചര്യത്തില്‍ നിന്ന് മാറി നിന്നു ചിന്തിച്ചാല്‍ അവര്‍ പറയാനുദ്ദേശിക്കുന്ന കാര്യം പൂര്‍ണമായി മനസ്സിലാക്കാനാകില്ല. ഏതു കാലഘട്ടത്തില്‍ പറയപ്പെട്ടു എന്നതു വ്യാഖ്യാനത്തില്‍ വളരെ പ്രധാനമാണ്.

ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാഹിത്യതാത്പര്യം കൊണ്ടു ബൈബിള്‍ പഠിക്കാന്‍ വരുന്നവരുണ്ട്. വിശ്വാസമാനത്തിലൂടെയല്ലാതെയും ബൈബിള്‍ വായിക്കാമെന്നര്‍ത്ഥം. വിശ്വാസികളുടെ ഒരു സമൂഹത്തില്‍ നമ്മളതു വായിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തിലാണു വായിക്കുന്നത്. അല്ലാതെയും വായിക്കാം. വേണമെങ്കില്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമായും വായിക്കാം.

വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വായിക്കുമ്പോള്‍
വിശ്വാസം എപ്പോഴും സുസ്ഥിരമായി പോകുന്ന ഒന്നല്ല. മനുഷ്യരുടെ വിശ്വാസത്തില്‍ എപ്പോഴും കയറ്റിറക്കങ്ങള്‍ ഉണ്ടാകാം. ജീവിതാനുഭവങ്ങള്‍ വിശ്വാസത്തില്‍ മാറ്റങ്ങളുണ്ടാക്കാം. അത്തരം ഏറ്റക്കുറച്ചിലുകള്‍ കൂടി നമുക്കു ബൈബിളില്‍ കാണാം. വിശ്വാസത്തില്‍ ചാഞ്ചല്യം നേരിടുന്നവരായിട്ടാണ് ശിഷ്യന്മാരെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് സുവിശേഷവായനയില്‍ എന്നെ വളരെയേറെ ആശ്വസിപ്പിക്കുന്ന ഒരു കാര്യമാണ്. ചില സമയത്ത് അവര്‍ വളരെ തീക്ഷ്ണമതികളായിരിക്കും, ചിലപ്പോള്‍ വളരെ സംശയാലുക്കളും. എന്നെ ഇതു പലപ്പോഴും കൗതുകപ്പെടുത്തിയിട്ടുണ്ട്. സുവിശേഷങ്ങള്‍ എഴുതുന്ന കാലഘട്ടത്തില്‍ സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ അപ്പസ്തോലന്മാരാണ്. ഇവരുടെ പേരിലാണ് അപ്പസ്തോലികസമൂഹങ്ങള്‍ രൂപപ്പെട്ടതു തന്നെ. അപ്പസ്തോലന്മാരുടെ പേരില്‍ സമൂഹങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും അവരുടെ വിശ്വാസത്തിന്‍റെ ചാഞ്ചാട്ടം കുറിച്ചു വയ്ക്കാന്‍ സുവിശേഷകന്മാര്‍ മറന്നില്ല. ഇന്നു നമ്മളാണെങ്കില്‍ അതു ചെയ്യുകയില്ല. ആ ചാഞ്ചാട്ടം മറച്ചു വയ്ക്കാതിരുന്നത് എന്തുകൊണ്ടാണ്? വേണമെങ്കില്‍ അവര്‍ക്കത് ഒഴിവാക്കാമായിരുന്നല്ലോ. എഴുതി വച്ചിരുന്ന പലതും പിന്നീടു കളഞ്ഞിട്ടുണ്ട്, ആ കൂട്ടത്തില്‍ ഇതും കളയാമായിരുന്നു. അങ്ങനെ കളയാതിരുന്നതിനൊരു കാരണമുണ്ട്. ഇത്തരം കയറ്റിറക്കങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ദൈവത്തില്‍ ആശ്രയിച്ചു ധൈര്യമായി മുന്നോട്ടു പോകുകയെന്നും ഉള്ള സന്ദേശം കൊടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

വിശ്വാസത്തെക്കുറിച്ചു മറ്റുള്ളവരോടു പറയുമ്പോഴും എന്‍റെയുള്ളില്‍ ചില സന്ദേഹങ്ങളും ആകുലതകളും സംഘര്‍ഷങ്ങളും ഒക്കെയുണ്ടാകുന്നുണ്ട്. അതിനുള്ള ആശ്വാസമാണ് ആ വാക്യങ്ങളിലുള്ളത്. ആ ഒരു തുറവ് ബൈബിള്‍ വായിക്കുമ്പോള്‍ നമുക്കു വേണം. സുവിശേഷകന്മാര്‍ക്കുണ്ടായിരുന്ന തുറവ്, മാനുഷികാവസ്ഥയെക്കുറിച്ചുള്ള യഥാര്‍ത്ഥമായ അവബോധം, ഇതിന്‍റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുക. ദൈവം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുക. അപ്പോള്‍ അന്തിമവിധിതീര്‍പ്പുകള്‍, ശാഠ്യങ്ങള്‍ നമുക്കു പറ്റില്ല.

ബൈബിള്‍ കേട്ടെഴുത്തോ?
ബൈബിള്‍ ദൈവനിവേശിതമാണെന്നു പറയുമ്പോള്‍ രചയിതാവ് ഒരു പേന മാത്രമാണെന്ന ചിന്താഗതി ശരിയല്ലെന്നതാണ് അതു സംബന്ധിച്ച വിശാലമായ കാഴ്ചപ്പാട്. ദൈവത്തിന്‍റെ ഒരു പദ്ധതി മനുഷ്യചരിത്രത്തില്‍ സംഭവിക്കുന്നു. ആ ദൈവികപദ്ധതിയെ മനുഷ്യന്‍ വിവേചിച്ചറിയാന്‍ ശ്രമിക്കുന്നു. ആ വിവേചനത്തിന്‍റെ ഭാഗമായി തനിക്കുണ്ടാകുന്ന വിശ്വാസാനുഭവത്തെയാണ് മനുഷ്യന്‍ കുറിച്ചു വയ്ക്കുന്നത്. ഇത്രയും പ്രക്രിയകള്‍ ഒരു രചനയ്ക്കു മുമ്പു നടക്കുന്നുണ്ടെന്നു പറയുമ്പോള്‍ കേട്ടെഴുത്ത് സിദ്ധാന്തം മാറുന്നു. ഒരു രചനയില്‍ പേനയ്ക്കുള്ള പങ്കല്ല തീര്‍ച്ചയായും പേന പിടിക്കുന്ന മനുഷ്യനുള്ളത്. മനുഷ്യന്‍ വെറുമൊരു പേനയല്ല. അവന്‍ തന്‍റേതായ പങ്കുവഹിക്കുന്നുണ്ട്. മനുഷ്യന്‍റെ ഉള്ളിലുണ്ടായ ദൈവാനുഭവത്തിന്‍റെ ഒരു ലിഖിതരൂപമായിട്ടാണ് ബൈബിളിനെ കാണേണ്ടത്. ബൈബിള്‍ ദൈവനിവേശിതമെന്നു പറയുമ്പോള്‍ അതിലെ മനുഷ്യന്‍റെ സംഭാവനയെ മറച്ചുവയ്ക്കാന്‍ കഴിയില്ല.

ഒരു ചരിത്രഘട്ടത്തില്‍ ഈ രചനകളെയെല്ലാം ക്രോഡീകരിച്ചു കാനോനികഗ്രന്ഥങ്ങള്‍ നിശ്ചയിച്ചു എന്നതു വാസ്തവമാണ്. ഒരു സ്ഥാപനത്തിന് അതു പ്രധാനമാണ്. അല്ലെങ്കില്‍ ഒരുപാടു ബൈബിളുകള്‍ ഉണ്ടാകുമായിരുന്നു. കാനോനിക ഗ്രന്ഥങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞ ശേഷം അതിലേയ്ക്കൊന്നും കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടില്ല. അത് മാറ്റങ്ങളില്ലാതെ നില്‍ക്കുന്നു. എന്നാല്‍, കേട്ടെഴുത്താണു ബൈബിള്‍ എന്ന സിദ്ധാന്തത്തെ ആശ്രയിച്ചാല്‍ ചില കാര്യങ്ങള്‍ നമുക്കു മനസ്സിലാക്കാന്‍ പോലും സാധിക്കില്ല.

ജോഷ്വായുടെ പുസ്തകം വായിക്കുക. ഇസ്രായേല്‍ വംശത്തോടു കാനാന്‍ ദേശത്തെ കൈയടക്കാന്‍ അതില്‍ ആവശ്യപ്പെടുന്നുണ്ട്. കാനാന്‍ദേശത്ത് ഒരു സമൂഹം അപ്പോള്‍ അധിവസിക്കുന്നുണ്ട്. ഇന്നു ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചൊക്കെ നാം പറയുന്നുണ്ടല്ലോ. അപ്രകാരം അവിടെയുണ്ടായിരുന്ന നിരവധി വംശങ്ങള്‍ കീഴടക്കപ്പെടുകയാണ്. അങ്ങനെയൊരു അധിനിവേശം അവിടെ നടന്നില്ലെന്നു പറയുന്ന പണ്ഡിതരുണ്ടെങ്കിലും, ജോഷ്വായുടെ പുസ്തകം പരിഗണിക്കുമ്പോള്‍ നാം കാണുന്നത് കാനാന്‍ ദേശത്തു ചെല്ലുമ്പോള്‍ അവിടെയുള്ള സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ സകലരേയും കൊന്നു കളയുക എന്നു പറയുന്നതാണ്. ഈ ദൈവശാസ്ത്രം നമുക്കെങ്ങനെ ഇന്നത്തെ കാലത്തു മനസ്സിലാക്കാന്‍ പറ്റും? ഇങ്ങനെ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ദൈവത്തെപ്പറ്റി നമുക്കു ചിന്തിക്കാന്‍ സാധിക്കുമോ? അപ്പോള്‍ നാം അതിനെ എങ്ങനെ കാണണം? ജോഷ്വായുടെ പുസ്തകവും മറ്റു പഴയ നിയമ പുസ്തകങ്ങളും ആ കാലഘട്ടത്തില്‍ എഴുതുന്ന ആളുകളുടെ ഉള്ളില്‍ ഒരു ദൈവികചിന്തയുണ്ട്. എന്തൊക്കെ നാശം ലോകത്തിനു സംഭവിച്ചാലും തങ്ങളെ രക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്ന കാഴ്ചപ്പാടില്‍ നിന്ന് അവരെഴുതിയിരിക്കുന്ന പുസ്തകമാണ് അത്. അതിനെ ആ തരത്തില്‍ മനസ്സിലാക്കണം.

ഓരോ പുസ്തകത്തിനുമാധാരമായ സംഭവങ്ങളുണ്ടായി കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം, ഇസ്രായേല്‍ ജനം തങ്ങളുടെ സ്വത്വത്തെക്കുറിച്ചു തന്നെ ചിന്തിക്കുകയും ഞങ്ങളെങ്ങനെ ഞങ്ങളായി എന്നു പറയുകയും ചെയ്യുന്ന പുസ്തകങ്ങളാണ് പഴയനിയമഗ്രന്ഥങ്ങള്‍. പഴയ സംഭവങ്ങള്‍ പുതിയ തലമുറയോടു പറഞ്ഞുകൊടുക്കുകയാണ് രചയിതാക്കള്‍ ചെയ്യുന്നത്. മറ്റെല്ലാ ജനതകളേയും വിട്ട് തങ്ങളെ മാത്രം സ്നേഹിച്ചുകൊണ്ടു പോകുന്ന ഒരു ദൈവം എന്നതാണ് ആ സമയത്ത് ദൈവത്തെക്കുറിച്ച് അവര്‍ കൊടുക്കുന്ന ഒരു ചിത്രം. ചിലപ്പോള്‍ ഇക്കാലത്തു പോലും അതിനു സമാനമായ മനോഭാവം നമ്മുടെ ചിന്തകളിലും സംസാരങ്ങളിലും കാണാമല്ലോ. ഉദാഹരണത്തിന് 50 പേരുള്ള ഒരു ബസ് തീര്‍ത്ഥാടനത്തിനു പോയി അപകടത്തില്‍ പെട്ട് 45 പേര്‍ മരിച്ച്, 5 പേര്‍ മാത്രം രക്ഷപ്പെടുമ്പോള്‍ തങ്ങളെ ദൈവം രക്ഷിച്ചു എന്ന് 5 പേര്‍ പറയുന്ന ഒരു കാഴ്ചപ്പാട്. അപ്പോള്‍ കൊല്ലപ്പെട്ടവരുടെ കാര്യമോ? അവരുടെ കാര്യത്തില്‍ എന്തു പദ്ധതിയാണു നടപ്പായത്?

ഇത് സാംസ്കാരികവും ചരിത്രപരവുമായ വ്യതിയാനമെന്നോ കണ്ടീഷനിങ്ങ് എന്നോ ഒക്കെ പറയാം. ഇതെല്ലാം ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത്തരം പാഠങ്ങള്‍ കാനോനികഗ്രന്ഥങ്ങളുടെ ഭാഗമായി വന്നിട്ടുണ്ട്. പക്ഷേ ആ കാലത്തിന്‍റെ മനോഭാവത്തോടെയല്ല ഇന്നു നാമതു വായിക്കേണ്ടത്. അവയെല്ലാം അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ അതിവികലമായ ഒരു ദൈവചിത്രമായിരിക്കും നാം കൊണ്ടു നടക്കുക.

Comments

One thought on “ബൈബിള്‍ വെറും കേട്ടെഴുത്തോ?”

  1. Vincent says:

    Really true and very inspiring.

Leave a Comment

*
*