ബൈബിളും സ്ത്രീകളും (ഒരു പുനര്‍വായന)

ജോസ് കൊച്ചുപുരയ്ക്കല്‍, ചെമ്പ്

പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീത്വം
ഏദന്‍തോട്ടത്തില്‍നിന്നു പുറത്താക്കിയ കാലം മുതല്‍ക്കേ സ്ത്രീ ശപിക്കപ്പെട്ടവള്‍ എന്നു കരുതുകയും തന്മൂലം സ്ത്രീത്വം പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുപോന്നു. പുരുഷനെയും സ്ത്രീയെയും 'മനുഷ്യനായി' ദൈവം സൃഷ്ടിച്ചതു വ്യക്തിത്വങ്ങളുടെ സമമായ വികാസത്തിനും തുല്യതയ്ക്കും രണ്ടാളും സമരസിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചായിരുന്നു. അവര്‍ രണ്ടല്ല മറിച്ച് ഒന്നാണെന്നു നമ്മെ ഓര്‍മിപ്പിച്ചത് ഇത്തരത്തിലുള്ള പരസ്പര പൂരകങ്ങളായി ജീവിക്കാനായിരുന്നു. എന്നിരുന്നാലും 'ഒരേ ശരീരമായിരിക്കുക' എന്ന പദംകൊണ്ടു ലൈംഗികതയുടെയും കീഴ്പ്പെടുത്തലിന്‍റെയും ദുര്‍വ്യാഖ്യാനം മൂലം സ്ത്രീകള്‍ തുല്യതയും മാന്യതയും കിട്ടാതെ അരിക്വത്കരിക്കപ്പെട്ടവരായി കരുതിപ്പോന്നു.

പഴയനിയമത്തിലുടനീളം നാം കാണുന്നതു സ്ത്രീത്വത്തോടുള്ള നിഷേധമാണ്. ദൈവജനമായ ഇസ്രായേല്‍ ജനതയുടെ നേതാക്കളെല്ലാവരും പുരുഷന്മാരായിരുന്നു. അബ്രാഹത്തിലൂടെയും ഇസഹാക്കിലൂടെയും യാക്കോബിലൂടെയും പിന്നീടു മോശയിലൂടെയും കൈമാറപ്പെട്ടതു പിതൃമേധാവിത്വമായിരുന്നു. എന്നാല്‍ അവര്‍ക്കു തുണയായിരുന്ന സ്ത്രീകള്‍ അദൃശ്യരും 1 കോറി. 11:1-6, എഫേ. 5:24 എന്നിവ ദുര്‍വ്യാഖ്യാനിച്ചു പുരുഷമേധാവിത്വം സ്ഥാപിക്കാന്‍ വെമ്പുന്നവര്‍ വേറെയും യഹൂദ പാരമ്പര്യത്തിലെ പ്രര്‍ത്ഥനതന്നെ "സര്‍വശക്തനായ ദൈവമേ, അങ്ങ് എന്നെ ദരിദ്രനായും വിജാതീയനായും സ്ത്രീയായും സൃഷ്ടിക്കാതിരുന്നതിനു ഞാന്‍ അങ്ങേയ്ക്കു നന്ദി പറയയുന്നു" എന്ന് അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു. വ്യഭിചാരത്തിനു പിടിക്കപ്പെട്ടാലോ ഒരു കന്യക ഗര്‍ഭിണിയായാലോ ദാരുണമരണം ഉറപ്പായിരുന്നു. വിദ്യ അഭ്യസിക്കാന്‍ സ്ത്രീക്ക് അധികാരമുണ്ടായിരുന്നില്ല. യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ 'തോറ' വായിക്കുവാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. വഴിയിലൂടെ നടക്കുന്ന ഒരു റബ്ബിയും സ്ത്രീകള്‍ക്കു മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതു തിന്മയായി കണക്കാക്കിയിരുന്നു. സ്ത്രീ ഒരു ഉപഭോഗവസ്തുവും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുവാനുള്ള ഉപാധിയും മാത്രമായി. യേശുവിന്‍റെ ഒരു പ്രാര്‍ത്ഥനാവേളയില്‍ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ" (ലൂക്കാ 11:27) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതിന്‍റെ സാമൂഹികപശ്ചാത്തലം ഇതുതന്നെ.

സ്ത്രീകളെ സ്വാതന്ത്ര്യമില്ലാത്തവരും അടിമകളും ചൊല്പ്പടിക്കു നിര്‍ത്തുന്നവരുടേതുമായ സമുദായം സദാ നിയമനിര്‍മാണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഹില്ലേല്‍ എന്ന റബ്ബിയുടെ നിയമസംഹിത പ്രകാരം ഒരു ഭര്‍ത്താവിനു ഭാര്യയെ ഉപേക്ഷിക്കുവാന്‍ താഴെപ്പറയുന്നവ മതിയായ കാരണങ്ങളായിരുന്നു. ഒന്ന്, ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ചു ഭാര്യ ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടു കയര്‍ത്തു സംസാരിച്ചാല്‍. രണ്ട്, തന്‍റെ ഭാര്യയേക്കാള്‍ സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ ഉപേക്ഷപത്രം കൊടുത്ത് ആദ്യഭാര്യയെ ഉപേക്ഷിക്കാം.

വിചിത്രമായ ഈ നിയമംമൂലം ധാരാളം സ്ത്രീകള്‍ നിരാലംബരാക്കപ്പെടുകയും തെരുവിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്തുപോന്നു. കാരണം, അവരെ സ്വഭവനത്തിലേക്കു സ്വീകരിച്ചതുമില്ല. മറിച്ചു സമൂഹത്തില്‍ നിന്നു ഭ്രഷ്ട കല്പിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്രകാരമുള്ള സ്ത്രീകള്‍ നിത്യവൃത്തിക്കായി ധാരാളം അകൃത്യങ്ങളില്‍ അകപ്പെട്ടിരുന്നു.

സ്ത്രീത്വത്തിന്‍റെ വിജയാരവം ക്രിസ്തുവില്‍
യേശുവിന്‍റെ ജീവിതകാലമത്രയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച ജീവിതമായിരുന്നു. തന്‍റെ തെരുവിലൂടെയുള്ള യാത്രകളില്‍, അത്ഭുതപ്രവര്‍ത്തനങ്ങളില്‍, ഭക്ഷണനേരങ്ങളില്‍ സ്ത്രീകള്‍ സഹയാത്രികളായിരുന്നു. തന്‍റെ പരസ്യജീവിതത്തിന്‍റെ മൂന്നു വര്‍ഷക്കാലവും ഗുരുവിനുവേണ്ടി ഒരു ശിശുസഹജമായ സ്നേഹത്തോടെ മഗ്ദലന മറിയം കൂടെ നടന്നു. ഉത്ഥാനത്തിനുശേഷം പ്രിയ ശിഷ്യഗണത്തിനുമുമ്പേ കര്‍ത്താവ് പ്രത്യക്ഷനായതു മഗ്ദലനാ മറിയത്തിനായിരുന്നു. ശിഷ്യന്മാര്‍ ഭയന്ന് ഓടിയൊളിച്ച രാത്രിയില്‍ തന്‍റെ ഗുരുവിനെ ഒരു നോക്ക് കാണാന്‍ ഒറ്റയ്ക്ക് അവള്‍ പോയതുകൊണ്ടാകാം അവളുടെ നിസ്വാര്‍ത്ഥസ്നേഹത്തിനു യേശു ഇങ്ങനെ പ്രത്യക്ഷനായത് എന്നു വ്യാഖ്യാനിക്കുന്ന പണ്ഡിതരുമുണ്ട്. പുരുഷന്മാരെ പൊതുസ്ഥലത്തുവച്ചു സ്പര്‍ശിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്തു രക്തസ്രാവക്കാരി സ്ത്രീ ക്രിസ്തുവിന്‍റെ വസ്ത്രത്തില്‍ തൊട്ടതിന്‍റെ ധൈര്യം അവളുടെ വിശ്വാസതീവ്രതയായിരുന്നു. വിജാതിയരോടുള്ള തൊട്ടുകൂടായ്മയുടെ കാലത്തെ സമരിയക്കാരി സ്ത്രീയോടുളള യേശുവിന്‍റെ സ്നേഹസംഭാഷണം മനുഷ്യന്‍റെ വിഭാഗീയചിന്തയ്ക്കു കടിഞ്ഞാണിട്ടു. ലാസറിന്‍റെ മരണവിഷയത്തില്‍ മര്‍ത്തയോടും മറിയത്തോടും കര്‍ത്താവിന്‍റെ സമാശ്വസിപ്പിക്കുന്ന വചനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. വേശ്യാവൃത്തിക്കു പിടിക്കപ്പെട്ട സ്ത്രീയോടുള്ള സമീപനം തികച്ചും സ്ത്രീപക്ഷമായിരുന്നു. സ്ത്രീയെ കുറ്റക്കാരാകക്കുന്നവര്‍ അസന്മാര്‍ഗികളും രഹസ്യത്തില്‍ അവരെ പ്രാപിക്കുന്നവരുമായിരുന്നു. സ്ത്രീകളുടെ സ്വന്തം നിവൃത്തികേടിന്‍റെ പേരില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ യേശു തയ്യാറായിരുന്നില്ല. കാനായിലെ കല്യാണവിരുന്ന് ഒരു മകന്‍ അമ്മയോടു ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് ഉത്തമോദാഹരണമാണ്. മറ്റുള്ളവുടെ വേദനയില്‍ അമ്മയോടൊത്തു നില്ക്കുന്ന മകന്‍.

അവസാനം തന്‍റെ ജോലി പൂര്‍ത്തിയാക്കി മരണത്തിനു കീഴടങ്ങുന്നതിനു മുമ്പു യേശു നമുക്കു സമ്മാനമായി തന്നതും ഒരു സ്ത്രീയെത്തന്നെ – തന്‍റെ അമ്മയെ. പഴയനിയമകാലം സ്ത്രീ വിരുദ്ധമായിരുന്നെങ്കില്‍ ക്രിസ്തുവിലൂടെ, ക്രിസ്തുവിനുശേഷം സ്ത്രീത്വം സദാ ആരിക്കപ്പെട്ടു. അവനെന്നും ഒരു സ്ത്രീപക്ഷക്കാരനായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി നമ്മളിന്ന് മുറവിളി കൂട്ടുമ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പു യേശുവെന്നൊരുവന്‍ യൂദയാ പട്ടണത്തില്‍ സ്ത്രീപക്ഷക്കാരനായി അമരത്തുണ്ടായിരുന്നു. സ്ത്രീസമത്വവും സ്ത്രീവസ്വാതന്ത്ര്യവും വാനോളം വാഴ്ത്തി പാടുമ്പോഴും ഇന്നും സ്ത്രീത്വം ദൈനംദിനം അവഹേളിക്കപ്പെടുന്നതു കാണുമ്പോള്‍, നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ പാഠങ്ങളല്ല മറിച്ച് അവന്‍റെ അടരുകളെ നമുക്ക് ഒന്നു പുനര്‍വായിക്കാം. അങ്ങനെ സ്ത്രീത്വത്തെ മാന്യതയോടെ നോക്കിക്കാണാന്‍ നമ്മുടെ മനസ്സുകളും കണ്ണുകളും സ്നാനപ്പെടട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org