ബീഹാറിലെ രക്തപുഷ്പം

ബീഹാറിലെ രക്തപുഷ്പം

എബ്രാഹം അഞ്ചാനി, വാഴൂര്‍ ഈസ്റ്റ്

ഫാ. തോമസ് അഞ്ചാനിക്കല്‍ എസ്ജെയുടെ രക്തസാക്ഷിത്വത്തിന്‍റെ 20-ാം വാര്‍ഷികത്തില്‍ ഒരനുസ്മരണം

കോട്ടയം ജില്ലയിലെ ആനിക്കാട്ട് അഞ്ചാനിക്കല്‍ തൊമ്മന്‍ തോമസിന്‍റെ സീമന്തപുത്രനായി 1951-ല്‍ ജനിച്ചു. ജന്മനാട്ടില്‍ പ്രാഥമികവിദ്യാഭ്യാസവും ചങ്ങനാശ്ശേരി എസ്എച്ച് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്നു വിവിധ ജെസ്യൂട്ട് സ്ഥാപനങ്ങളില്‍നിന്നു ഫിലോസഫി തിയോളജി എന്നിവയും പാസ്സായി.

പ്രതിയോഗികളുടെ കൈകളാല്‍ ശിരച്ഛേദം ചെയ്യപ്പെട്ട് വീരമൃത്യു വരിച്ച ഫാ. തോമസ് അഞ്ചാനിക്കലിന്‍റെ ഒന്നാം രക്തസാക്ഷിത്വദിനമായിരുന്നു 1997 ഒക്ടോബര്‍ 24-ാം തീയതി. ഇന്ത്യയിലെമ്പാടും മിഷനറിമാര്‍ ഇന്ന്, എന്നത്തേക്കാളും അധികം ഭീഷണി നേരിടുന്ന ഈ അവസരത്തില്‍ ഫാ. അഞ്ചാനിക്കലിന്‍റെ മിഷനറിജീവിതത്തെ വിലയിരുത്തുക ഉചിതമാണ്.

തന്‍റെ മുപ്പതു വര്‍ഷത്തെ സുദീര്‍ഘമായ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ ആ നാടിന്‍റെ മുഴുവന്‍ കണ്ണിലുണ്ണിയായ ഇദ്ദേഹം ഒരു വ്യക്തിയെപ്പോലും ക്രിസ്ത്യാനിയാക്കാന്‍ ശ്രമിച്ചിട്ടില്ല; എന്നു മാത്രമല്ല ക്രിസ്തു ക്രിസ്ത്യാനികളുടെ കുത്തകയല്ല എന്ന സത്യംകൂടി ബോദ്ധ്യപ്പെടുത്തി. സഹപ്രവര്‍ത്തകരായ വൈദികര്‍ പറയുന്നു, ഫാ. ഏ.ടി.യുടേത് അവരെപ്പോലും നടുക്കുന്ന ഒരു പ്രവര്‍ത്തനശൈലിയായിരുന്നു.

ബീഹാര്‍ എന്ന അതിവിസ്തൃതമായ സംസ്ഥാനത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പശ്ചാത്തലം വളരെയേറെ ശോചനീയമാണ്. ഉന്നതജാതരെന്നു സ്വയം അഭിമാനിക്കുന്ന, രജപുത്രവംശജരും ബ്രാഹ്മണവംശജരും സമ്പന്നതയുടെ വശത്തും, ദളിതരും പൂര്‍വികസ്വത്ത് അനുഭവിക്കേണ്ടവരായ ആദിവാസികളും ഇല്ലായ്മയുടെ വശത്തും ബീഹാറില്‍ ഉടനീളം കഴിയുന്നു. ദളിതരെയും ആദിവാസികളെയും കേവലം മനുഷ്യകോലങ്ങളായിപ്പോലും അംഗീകരിക്കാന്‍ സവര്‍ണവര്‍ഗം കൂട്ടാക്കിയില്ല. സവര്‍ണരുടെ പാരമ്പര്യ അടിമകളാണിവര്‍. അവരുടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതുപോലും വിലക്കപ്പെട്ടിരിക്കുകയാണ്.

ഫാ. ഏ.ടി.യുടെ സ്വന്തം പരിശ്രമഫലമായി മുപ്പതിലേറെ പ്രൈമറി സ്കൂളുകളും മറ്റനേകം സാമൂഹിക-സാംസ്കാരിക സംഘടനകളും മഹിളാ വികാസ് സെന്‍ററുകളും ഹസാരിബാഗിലുണ്ട്.

ആദിവാസി, ദളിതരുടെ ഭൂമികള്‍ കയ്യേറി അവരെ ആട്ടിപ്പായിക്കുക സവര്‍ണ വിഭാഗത്തിന് ഒരു ഹോബിപോലെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇപ്രകാരം കുറേ കുടുംബങ്ങളുടെ ഭൂമി തട്ടിയെടുത്തതു ഫാ. ഏ.ടി.യുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കു തിരികെ വാങ്ങി കൊടുത്തു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഏതാനും പ്രമുഖരെ ജയിലില്‍ അടച്ചെങ്കിലും താമസിയാതെ കേസ് ഒത്തുതീര്‍ത്തു പ്രതികളെ ഫാ. ഏ.ടി. തന്നെ മോചിപ്പിച്ചു. ഈ പ്രതികളില്‍ രണ്ടു പേരാണ് എംസിസി എന്ന നക്സലൈറ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ഏരിയാ കമാണ്ടര്‍ സ്ഥാനം കൈക്കലാക്കി ഫാദറിനെ പിടികൂടിയത്. അവരുടേതായ ഗ്രാമ അദാലത്ത് (കുറ്റവിചാരണ) നടത്താതെ തിടുക്കത്തില്‍ ഫാ. ഏ.ടി.യുടെ ശിരച്ഛേദനം നടത്തുകയാണുണ്ടായത്.

കാലങ്ങള്‍ക്കുമുമ്പ്, രാഷ്ട്രീയപാര്‍ട്ടികള്‍ തത്കാലിക നേട്ടങ്ങള്‍ക്കായി മത്സരിച്ചു. തുറന്നുവിട്ട ദുര്‍ഭൂതം ബീഹാറിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. എം.സി.സി. ആണെന്നു കണ്ടാല്‍ ഏതു കൃത്യത്തിനും ഒരു സാക്ഷ്യം പറയാന്‍ പൊലീസിലോ കോടതിയിലോ ആരും പോകില്ല. നാട്ടിലൊരിടത്തും നാഥനില്ലാത്ത അവസ്ഥ!

ആദിവാസികോളനികളില്‍ ഒരു വാട്ടര്‍ ടാപ്പ് കേടായി എന്നറിഞ്ഞാല്‍ എത്ര ദൂരം സഞ്ചരിച്ചും ഫാ. ഏ.ടി. അവിടെ എത്തുമായിരുന്നു. എളിയവര്‍ക്കും നീതി ലഭിക്കാത്തവര്‍ക്കും എന്തു സേവനവും ചെയ്തുകൊടുക്കുവാന്‍ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അവശവിഭാഗത്തിനു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ടുന്ന അര്‍ഹമായ വിഹിതങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയാല്‍ നേരിട്ടു മന്ത്രിമന്ദിരങ്ങളില്‍ പോയി കണക്കു പറഞ്ഞു വാങ്ങി കൊടുക്കുക ഒരു പതിവായിരുന്നു.

മിഷനറി വൈദികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വഴി സംസ്കാരസമ്പന്നരടങ്ങുന്ന ഒരു പുത്തന്‍ തലമുറ ജന്മമെടുത്തു. തന്മൂലം അടിമവ്യവസ്ഥിതിയ്ക്കു മാറ്റം വന്നു തുടങ്ങിയ ബീഹാറിന്‍റെ സന്തുലിതാവസ്ഥതന്നെ തകിടം മറിയുമോ എന്നവര്‍ ഭയന്നു.

അന്ത്യനിമിഷത്തിലേക്ക്!: ഒരിക്കല്‍ തന്‍റെ പരിചയക്കാരനും ഗ്രാമമുഖ്യനുമായ "ബച്ചുഗോപു" എന്ന വ്യക്തിയെ ബന്ധനസ്ഥനാക്കി നികൃഷ്ടമായി മര്‍ദ്ദിക്കുന്ന കാഴ്ച ഫാ. ഏ.ടി. കണ്ടു. അയാള്‍ കൊടുക്കുവാനുണ്ടായിരുന്ന തുക മുടക്കിയതിനുള്ള ശിക്ഷയായിരുന്നു അത്. വൈദികന്‍ തന്‍റെ സഹജമായ രീതിയില്‍ പ്രതികരിച്ചു. എംസിസിയുടെ ഗ്രാമ അദാലത്തായിരുന്നു അത്. കയര്‍ത്തു സംസാരിച്ചപ്പോള്‍ അവരിലൊരാള്‍ വൈദികന്‍റെ മോപ്പടിന്‍റെ താക്കോല്‍ തന്ത്രപൂര്‍വം കൈക്കലാക്കി. 24 അംഗങ്ങളുള്ള ആ സംഘം വൈദികനെ ചോദ്യം ചെയ്തു. അപ്പോള്‍ ഒക്ടോബര്‍ 24-ാം തീയതി വെള്ളിയാഴ്ച രാവിലെ സമയം 9 മണി. വൈദികനോടു നിങ്ങള്‍ ആര് എന്ന ചോദ്യത്തിനു ഞാന്‍ ഫാ. ഏ.ടി. എന്നു മറുപടി കൊടുത്തു സ്വയം വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ കരങ്ങള്‍ രണ്ടും പുറകോട്ട് ബന്ധിക്കപ്പെട്ടു. സമീപസ്ഥരായ കോളനിവാസികള്‍ കേണപേക്ഷിച്ചു.

"ഇതു ഞങ്ങളുടെ ഫാദറാണ്; കൊണ്ടുപോകരുത്, വിട്ടയയ്ക്കണം. അവരില്‍ കുറേ സ്ത്രീകളെ നിന്ദ്യമായ രീതിയില്‍ മര്‍ദ്ദിച്ച് അവരോടായി പറഞ്ഞു, "ഏ.ടി. യുടെ തല ഞങ്ങള്‍ക്കും; ശരീരം നിങ്ങള്‍ക്കും."

ഫാ. ഏ.ടി.യെ അറിയാത്ത ഒരു എം.സി.സി. നേതാവും ബീഹാറിലില്ല. ഫാദറിനെ പിടിച്ചുകൊണ്ടുപോയി എന്ന വാര്‍ത്ത നീണ്ട എട്ട് മണിക്കൂറുകള്‍ക്കുശേഷമാണു സഹവൈദികര്‍ ആ ശ്രമകേന്ദ്രത്തില്‍ അറിയുന്നത്. നൂറുകണക്കിനു സ്കൂള്‍ കുട്ടികളും നാട്ടുകാരും നേരില്‍ കണ്ടിട്ടും പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ദൂരത്തില്‍ അറിയിക്കാന്‍ അവരാരും തയ്യാറായില്ല. കാരണം സംശയം തോന്നുന്നവരുടെ കുടിലുകളും തലയും മണിക്കൂറുകള്‍ക്കകം നഷ്ടപ്പെടും.

ബീഹാറിലുടനീളം ക്രിസ്തുവിനുവേണ്ടി ആദിവാസികള്‍ക്കും അശരണര്‍ക്കും വിസ്മയിപ്പിക്കുന്ന സാമൂഹ്യസേവനം ചെയ്ത, ഈശോസഭാംഗം ഫാ. തോമസ് അഞ്ചാനിക്കല്‍ ആയിരുന്നു. ബീഹാറിലെ മേലാളന്മാരുടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കീഴാളന്മാരുടെ ചെറ്റക്കുടിലുകളില്‍ നിന്നും അനേകം അദ്ധ്യാപകര്‍, സര്‍ക്കാര്‍ ഓഫീസര്‍മാര്‍, ഉന്നത ബിരുദധാരികളായ ഡോക്ടര്‍മാര്‍ എന്നിവര്‍ അദ്ദേഹം സ്ഥാപിച്ച സ്കൂളുകളില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. അവര്‍ അവിടെ നീതി നടപ്പാക്കി ഫാ. ഏ.ടി.യുടെ സ്വപ്നം സാക്ഷാത്കരിക്കട്ടെ എന്നു നമുക്ക് ആശ്വസിക്കാം.

1997 ഒക്ടോബര്‍ 24-ാം തീയതി വെള്ളിയാഴ്ച മൂന്നു മണി; യേശുക്രിസ്തു മരിച്ച അതേ സമയത്ത് ഈ ധീരയോദ്ധാവും പ്രതിയോഗികളുടെ കൈകളാല്‍ ശിരച്ഛേദം ചെയ്യപ്പെട്ടു. എല്ലാ ചരമ വാര്‍ഷികത്തിനും സാദ്ധ്യമാകുന്ന കുടുംബാംഗങ്ങളും ജെസ്യൂട്ട് സമൂഹവും അച്ചന്‍റെ സ്പന്ദനമേറ്റ ആയിരക്കണക്കിനു പ്രവാസികളും അവിടെ എത്തുന്നു.

ഒന്നാം ചരമവാര്‍ഷികത്തിന് ഒരുങ്ങുന്ന സമയത്തുപോലും പൊലീസിനുതന്നെ അറിയാവുന്ന 24 പ്രതികളില്‍ ഒരാളെപ്പോലും ഒന്നു ചോദ്യം ചെയ്യാന്‍ ബീഹാര്‍ പൊലീസിനു കഴിഞ്ഞില്ല. അന്വേഷണത്തിനു പോയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു; ഇതായിരുന്നു അവിടത്തെ സാമൂഹ്യസ്ഥിതി.

ഫാ. ഏ.ടിയുടെ ശിരസ്സില്ലാത്ത മൃതദേഹം ഹസാരിബാഗ് ജെസ്യൂട്ട് ആശ്രമത്തില്‍ വിദേശമിഷനറിമാരായ വൈദികശ്രേഷ്ഠരുടെ കബറിടത്തിനു സമീപം അന്ത്യവിശമം കൊള്ളുന്നു.

തിരുസഭയ്ക്കുവേണ്ടി ഒരു രക്തസാക്ഷിയാകാനും മടിക്കരുത്: 1981 ഏപ്രില്‍ 21-നു നടന്ന പൗരോഹിത്യസ്വീകരണ ശുശ്രൂഷാവേളയില്‍ മുഖ്യകാര്‍മ്മികനായിരുന്ന കര്‍ദി. ആന്‍റണി പടിയറയുടെ ഈ വാക്കുകള്‍ 1997 ഒക്ടോബര്‍ 24-ന് അന്വര്‍ത്ഥമാകുകയാണുണ്ടായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org