ബിഷപ് ജോനാസ് തളിയത്ത് സി എം ഐ: ഭരണപാടവമുണ്ടായിരുന്ന ആത്മീയാചാര്യന്‍

ബിഷപ് ജോനാസ് തളിയത്ത് സി എം ഐ: ഭരണപാടവമുണ്ടായിരുന്ന ആത്മീയാചാര്യന്‍

ഭാരതത്തിലെ വൈദികപരിശീലനഭവനങ്ങളില്‍ തനതുസ്ഥാനമുള്ള ബാംഗ്ലൂര്‍ ധര്‍മ്മാരാം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ബിഷപ് ജോനാസ് തളിയത്ത് സിഎംഐ. തുടര്‍ന്ന് രാജ്കോട്ട് രൂപതയുടെ പ്രഥമമെത്രാനായി. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഭാരതസഭയ്ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കി. ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിക്കുകയാണ് ആര്‍ച്ചുബിഷപ് ആന്‍റണി കരിയില്‍ സിഎംഐ

1960 കളുടെ തുടക്കത്തില്‍ സിഎംഐ കളമശേരി, രാജഗിരി എസ്എച്ച് പ്രൊവിന്‍ഷ്യന്‍ കൗണ്‍സിലറായിരുന്ന ഫാ. അര്‍സീനിയൂസ് പാറക്കല്‍ സിഎംഐ യില്‍ നിന്നാണ് ബിഷപ് ജോനാസിന്‍റെ ദര്‍ശനങ്ങളേയും സംഭാവനകളേയും കുറിച്ചു ഞാനാദ്യമായി അറിയുന്നത്. അന്ന് മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. തത്ത്വശാസ്ത്ര പഠനം പുനെ ജ്ഞാനദീപവിദ്യാപീഠത്തിലായിരുന്നതുകൊണ്ട് ബിഷപ് ജോനാസ് റെക്ടറായിരുന്നപ്പോള്‍ ധര്‍മ്മാരാമില്‍ വിദ്യാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചില്ല. പക്ഷേ അവധിക്കാലത്ത് ധര്‍മ്മാരാമിലെത്തുമ്പോള്‍ എന്‍റെ ബാച്ചിലെ മറ്റു വൈദികവിദ്യാര്‍ത്ഥികള്‍ ബിഷപ് ജോനാസിനെക്കുറിച്ച് ധാരാളമായി പറയുക പതിവായിരുന്നു. ബിഷപ് ജോനാസ് രാജ്കോട്ട് ബിഷപ്പായപ്പോള്‍ അദ്ദേഹത്തെ കാണാനും ഇടപെടാനും സാധിച്ചു. ശ്രീ. കെ.പി. ജോസഫ് എഴുതിയ അദ്ദേഹത്തിന്‍റെ ജീവചരിത്രം വായിച്ചിട്ടുമുണ്ട്.

ആദ്യകാലം
എറണാകുളം അങ്കമാലി-അതിരൂപതയിലെ വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍ 1919 ഡിസംബര്‍ 21- നാണ് ബിഷപ് ജോനാസ് ജനിച്ചത്. മാമോദീസാ പേര് ജേക്കബ് എന്നായിരുന്നു. പ്രിയപ്പെട്ടവര്‍ അദ്ദേഹത്തെ ചാക്കപ്പന്‍ എന്നു വിളിച്ചുപോന്നു. പ്രഥമ വൃതമെടുത്ത് സിഎംഐ സഭയില്‍ ഔദ്യോഗികമായി അംഗമായപ്പോള്‍ നല്‍കപ്പെട്ട പേരാണ് ജോനാസ്. ആസ്പിരന്‍റ്സ് ഹൗസ് എന്നറിയപ്പെട്ട തേവരയിലെ മൈനര്‍ സെമിനാരിയില്‍ അദ്ദേഹം ചേര്‍ന്നത് പത്താം വയസ്സിലാണ്. അവിടെ സ്കൂള്‍ പഠനം തുടര്‍ന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിശിതമായ ബുദ്ധിയും അസാധാരണമായ ഓര്‍മ്മശക്തിയും പ്രകടമാക്കിയിരുന്ന അദ്ദേഹം പഠനമികവില്‍ ഒന്നാം സ്ഥാനം എന്നും നിലനിറുത്തിയിരുന്നു. വിദ്യാര്‍ത്ഥിയായ ചാക്കപ്പന്‍ 1936-ല്‍ എസ്എസ്എല്‍സി ജയിച്ചത് കൊച്ചി രാജ്യത്ത് ഒന്നാം റാങ്കും സ്വര്‍ണമെഡലും കരസ്ഥമാക്കിക്കൊണ്ടാണ്.

മതപരമായ തീക്ഷ്ണതയ്ക്കും അച്ചടക്കശീലത്തിനും പുറമെ വളരെ ഉയര്‍ന്ന ബുദ്ധിശേഷി കൊണ്ടും അനുഗ്രഹിക്കപ്പെട്ടിരുന്ന ചാക്കപ്പന്‍ തന്‍റെ ബുദ്ധിവൈഭവം കൊണ്ട് സഹപാഠികളുടേയും അധികാരികളുടേയും ചുറ്റുമുള്ള മനുഷ്യരുടേയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു പ്രശ്ന പരിഹാരകനായി അവര്‍ക്കിടയില്‍ അറിയപ്പെട്ടു. ഒരിക്കല്‍ അവധിക്കു വീട്ടില്‍ പോയപ്പോള്‍ അവിടെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായി. മുതിര്‍ന്നവര്‍ പോലും അതിനൊരു പരിഹാരം കണ്ടുപിടിക്കാന്‍ കഴിയാതെ ഉഴലുകയാണ്. ഈ ചര്‍ച്ച കേള്‍ക്കാനിടയായ വിദ്യാര്‍ത്ഥിയായ ചാക്കപ്പന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു. ആ പരിഹാരം ശരിക്കും പ്രയോജനകരമായി. കുടുംബാംഗങ്ങള്‍ക്ക് അതൊരു ആഹ്ലാദകരമായ വിസ്മയമായി മാറി.

ചാക്കപ്പന്‍റെ അനന്യമായ ബുദ്ധിശക്തിയും കഴിവും ബോദ്ധ്യപ്പെട്ട അധികാരികള്‍ അദ്ദേഹത്തെ തത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിനു കാന്‍ഡി പേപ്പല്‍ സെമിനാരിയിലേയ്ക്ക് അയച്ചു. 1946 ഡിസംബര്‍ 21-ന് എറണാകുളം സെ. മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ച് ആര്‍ച്ചുബിഷപ് അഗസ്റ്റിന്‍ കണ്ടത്തില്‍ അദ്ദേഹത്തിനു പൗരോഹിത്യപട്ടം നല്‍കി. തുടര്‍ന്ന് കാനോന്‍ നിയമത്തില്‍ ഉപരിപഠനത്തിനായി റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലേയ്ക്ക് അയക്കപ്പെട്ടു.

ഉദയംപേരൂര്‍ സൂനഹദോസിന്‍റെ അസാധുത സമര്‍ത്ഥിച്ചു ബോദ്ധ്യപ്പെടുത്തുന്ന ബിഷപ് ജോനാസിന്‍റെ ഡോക്ടറല്‍ പ്രബന്ധം അദ്ദേഹത്തിന്‍റെ ബൗദ്ധികശേഷിക്കും തെളിവാണ്.

"(1) വിളിച്ചു കൂട്ടിയ ആള്‍ക്ക് അതിനുള്ള അധികാരമില്ലാത്ത അവസ്ഥ (2) സംഘടിപ്പിച്ചയാള്‍ക്ക് ഉദ്ദേശ്യലക്ഷ്യമില്ലാതിരുന്ന അവസ്ഥ (3) സംഘടിപ്പിച്ചത് ശരിയായ വിധത്തിലല്ലാതിരുന്ന സ്ഥിതി (4) പ്രഖ്യാപിച്ച രേഖയുടെ സത്യസന്ധതയില്ലായ്മ എന്നിവ വീണ്ടെടുക്കുന്ന വിധത്തില്‍ പ.സിംഹാസനത്തിന്‍റെ ഔപചാരികമായ അനുമതി കാണിക്കുന്ന ഒരു രേഖ ലഭ്യമാക്കാനാകുന്നില്ലെങ്കില്‍/ലഭ്യമാക്കുന്നതു വരെ സിനഡിന്‍റെ അസാധുത അതിനാല്‍ തെളിയിക്കപ്പെട്ടിരിക്കുന്നു."

ധര്‍മ്മാരാം കോളേജ്
തന്‍റെ ബുദ്ധിശേഷിയും ജ്ഞാനവും സിഎംഐ സമൂഹാംഗങ്ങളുമായി പങ്കുവയ്ക്കണമെന്നത് ബിഷപ് ജോനാസിന്‍റെ ഒരു സ്വ പ്നമായിരുന്നു. സിഎംഐയുടെ ബൗദ്ധിക പരിശീലനത്തിന്‍റെ പ്രധാനകേന്ദ്രമായി പരിഗണിക്കാവുന്ന ധര്‍മ്മാരാമിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

ധര്‍മ്മാരാം ബിഷപ് ജോനാസിന്‍റെ ഒരു മാനസ സന്താനമാണ്. 1931-ല്‍ സ്ഥാപിക്കപ്പെടുന്നതു മുതല്‍ സിഎംഐ കേരള സംസ്ഥാനത്തിനകത്ത് ഒതുങ്ങി നില്‍ക്കുകയായിരുന്നു. സിഎംഐയുടെ ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുമുള്ള വളര്‍ച്ച ബിഷപ് ജോനാസ് വിഭാവനം ചെയ്തു. സഭയുടെ പ്രധാന പരിശീലനഭവനം ചെത്തിപ്പുഴയില്‍നിന്നു ബാംഗ്ലൂരിലേയ്ക്കു മാറ്റാന്‍ അധികാരികളെ അദ്ദേഹം പ്രേരിപ്പിച്ചത് ഈ ദര്‍ശനം മൂലമാണ്.

ഒരു സിഎംഐ വൈദികന് മൂന്നു ഗുണങ്ങളാണുണ്ടായിരിക്കേണ്ടതെന്നു ബിഷപ് ജോനാസ് പറഞ്ഞു: ആത്മീയം, ബൗദ്ധികം, പ്രായോഗികം. പരിശീലനത്തിലൂടെ ഈ മൂന്നു ഗുണങ്ങളും വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ധര്‍മ്മാരാമിനെ അദ്ദേഹം രൂപകല്‍പന ചെയ്തത്. എല്ലാ വിധത്തിലും ഏറ്റവും മികച്ച സ്ഥാപനമാകണം ധര്‍മ്മാരാം എന്ന കാര്യത്തില്‍ നിഷ്ഠയുണ്ടായിരുന്നു അദ്ദേഹത്തിന്. ബിഷപ് ജോനാസിനെ തന്നെ ഉദ്ധരിക്കാം:

"ആരംഭം മുതല്‍ തന്നെ ഉന്നതമായ ലക്ഷ്യം ഞങ്ങള്‍ നിര്‍ണയിച്ചിരുന്നു. ധര്‍മ്മാരാമിനെ ഇന്ത്യയിലെ മറ്റ് ഏതൊരു സെമിനാരിയ്ക്കും വൈദികപരിശീലനകേന്ദ്രത്തിനും പിന്നിലാകാതിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആസൂത്രണം നടത്തുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ യോഗ്യതയുള്ള വേണ്ടത്ര അദ്ധ്യാപകരെ ഏര്‍പ്പെടുത്തുന്നതിനു സാദ്ധ്യമായതെല്ലാം ചെയ്തു. ലൈബ്രറിയെ സജ്ജമാക്കുന്നതിനും പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനും വളരെ ഉദാരമായി പണം ചിലവഴിച്ചു. പൂര്‍ണസജ്ജമായ ഒരു സഭാ സര്‍വ്വകലാശാലയായി പിന്നീടു മാറുന്ന വിധത്തില്‍ ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അദ്ധ്യാപകരുള്ള ഒരു വിദ്യാകേന്ദ്രമായി ധര്‍മ്മാരാമിനെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ കണ്‍മുമ്പിലുള്ള ലക്ഷ്യം." ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്‍റെ രൂപീകരണത്തോടെ ഈ സ്വപ്നം സാ ക്ഷാത്കാരത്തിലേയ്ക്കെത്തുകയാണ്. കാരണം, ധര്‍മ്മാരാം വിദ്യാക്ഷേത്രം വൈകാതെ ഒരു സഭാ സര്‍വ്വകലാശാലയുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

വൈദികപരിശീലനത്തിനു ബിഷപ് ജോനാസ് വിഭാവനം ചെയ്ത ബൗദ്ധികമാനം ധര്‍മ്മാരാമിന്‍റെ വാസ്തുഘടനയില്‍ തന്നെ പ്രതീകാത്മകമായി പ്രതിഫലിക്കുന്നതു കാണാം. ധര്‍മ്മാരാമിന്‍റെ മദ്ധ്യത്തില്‍ ലൈബ്രറിയാണ്. മൂന്നു വശത്തും ക്ലാസ് മുറികളും ഒരു വശത്ത് ബിഷപ് ജോനാസ് തളിയത്ത് മെമ്മോറിയല്‍ ഓഡിറ്റോറിയവും. കെട്ടിടത്തിന്‍റെ ഇരുഭാഗത്തും താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിജ്ഞാനവും വിവരവും ആര്‍ജിക്കുന്നതിനു ധര്‍മ്മാരാം വലിയ പ്രാധാന്യം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതിന്‍റെ പ്രതീകമാണിത്. മുന്‍ഭാഗത്ത് ചാപ്പലും ഭരണവിഭാഗവുമാണ്. ധര്‍മ്മാരാമിന്‍റെ ആത്മീയശക്തിയെ ഇതുകാണിക്കുന്നു. ഈ ആത്മീയശക്തിയാണ് റെക്ടറും സംഘവും വിദ്യാര്‍ത്ഥിസമൂഹത്തിനാകെ പകര്‍ന്നു നല്‍കേണ്ടത്. പിന്നിലാണ് ഭക്ഷണശാല. വസ്ത്രത്തോടും പാര്‍പ്പിടത്തോടുമൊപ്പം മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളിലൊന്നാണു ഭക്ഷണമെങ്കിലും ഒരു പ്രധാന പഠനകേന്ദ്രത്തില്‍ അത് പ്രതീകാത്മകമായി അവസാന സ്ഥാനം മാത്രമേ എടുക്കുന്നുള്ളൂ. ഭക്ഷണശാലയുടെ ഇരുവശങ്ങളിലും സംഗീതശാലയും വ്യായാമശാലയുമാണ്. സാംസ്കാരിക പരിപാടികളിലൂടെയും കായികപരിശീലനത്തിലൂടെയും ഉള്ള സമഗ്ര വ്യ ക്തിത്വ വികസനത്തെയാണ് അതു പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പരിശീലനം
പരിശീലനപ്രക്രിയയില്‍ ഈ ദര്‍ശനം നടപ്പാക്കപ്പെടുന്നുവെന്ന് ധര്‍മ്മാരാമിന്‍റെ റെക്ടര്‍ എന്ന നിലയില്‍ ബിഷപ് ജോനാസ് ഉറപ്പു വരുത്തി. അതുകൊണ്ട്, വിദ്യാര്‍ത്ഥികളുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചാവേളയില്‍ മൂന്നു പുസ്തകങ്ങളുടെ സംഗ്രഹം പറയണമെന്നു അദ്ദേഹം വിദ്യാര്‍ത്ഥികളോടു നിഷ്കര്‍ഷിച്ചിരുന്നു. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ഉള്ള പുസ്തകങ്ങളായിരിക്കണം. മൂന്നാമത്തേത് ഒരു ആദ്ധ്യാത്മികഗ്രന്ഥവും. റെക്ടറെ കാണാന്‍ പോകുന്നതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ഇവ വായിച്ചിരിക്കണം. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുന്ന പ്രധാന പോയിന്‍റുകള്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. "കാര്‍ഡ് സിസ്റ്റം" എന്നാണ് അതിനെ വിളിച്ചിരുന്നത്. കാര്‍ഡ് സിസ്റ്റത്തെ കുറിച്ച് വിശദീകരിക്കാന്‍ ബിഷപ് ജോനാസ് നടത്തിയിരുന്ന സോദാഹരണ ക്ലാസുകളെ കുറിച്ച് എന്‍റെ ബാച്ച്മേറ്റ്സ് പറയാറുണ്ട്. പ്രസംഗങ്ങളും ലേഖനങ്ങളും മറ്റും തയ്യാറാക്കുമ്പോള്‍ പിന്നീട് ഉപയോഗിക്കാനായി ഈ പോയിന്‍റുകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ഒരു രീതിയായിരുന്നു അത്.

ഒരു ചെറിയ ഡയറി പോക്കറ്റുകളില്‍ സൂക്ഷിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്നു. കൂടുതല്‍ വിശദീകരണം ആവശ്യമുള്ള അപരിചിതമായ വാക്കുകളും സംഭവങ്ങളും ഒക്കെ കുറിച്ചു വയ്ക്കുന്നതിനാണിത്.

ഒരു ഗവേഷകമനോഭാവം വളര്‍ത്തിയെടുക്കണമെന്നും ആവശ്യത്തിനു പശ്ചാത്തല പഠനവും ഗവേഷണവും നടത്തിയതിനു ശേഷമേ ഒരു ജോലി ഏറ്റെടുക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വി ദ്യാര്‍ത്ഥികളോടു പറയുമായിരുന്നു. ബിഷപ് ജോനാസ് സ്വയം നടത്തിയ ഇത്തരം ചില പശ്ചാത്തലപഠനങ്ങളേയും ഗവേഷണങ്ങളേയും കുറിച്ച് എന്‍റെ ബാച്ച്മേറ്റ്സ് പറഞ്ഞതോര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാനുള്ള മുറികള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് പോലെയുള്ള രാജ്യത്തെ പ്രമുഖമായ കലാലയങ്ങളുടെ ഹോസ്റ്റലുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ അദ്ദേഹം പഠനവിധേയമാക്കി. അതുപോലെ ദല്‍ഹിയില്‍ പോയി ഒരു കേന്ദ്രമന്ത്രിയെ കാണുന്നതിനു മുമ്പ് ക്രിക്കറ്റ് കളിയെക്കുറിച്ചു വിശദമായി പഠിച്ചു. കാരണം ആ മന്ത്രിക്ക് ഏറ്റവും താത്പര്യമുള്ള പ്രധാന ഹോബി ക്രിക്കറ്റായിരുന്നു. ക്രിക്കറ്റ് കളിയെക്കുറിച്ചു സംസാരിച്ച് ഒരു ഉല്ലാസഭാവത്തില്‍ മന്ത്രിയുമായുള്ള സംഭാഷണമാരംഭിക്കുന്നതിനു വേണ്ടിയായിരുന്നു അത്.

വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്ന ഗവേഷണങ്ങള്‍ക്കു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. അദ്ദേഹം റെക്ടറായിരുന്നപ്പോള്‍ നടത്തിയ തുടര്‍ച്ചയായ സെമിനാറുകളുടേയും ശില്പശാലകളുടേയും ഫലമാണ് ധര്‍മ്മാരാമിലെ ബൈബിള്‍ മ്യൂസിയം.

സമഗ്രവ്യക്തിത്വവികസനത്തോടു കൂടി മാത്രമേ പരിശീലനത്തിന്‍റെ ബൗദ്ധിക മാനങ്ങള്‍ക്ക് പൂര്‍ണത ലഭിക്കുകയുള്ളൂവെന്ന പൂര്‍ണ ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രസംഗകലയില്‍ പരിശീലനം നേടണമെന്നും പ്രസംഗങ്ങള്‍ ആകര്‍ഷകവും ഫലപ്രദവുമാക്കാന്‍ കഥകളും തമാശകളും അന്യാപദേശങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു.

മതാത്മകവും മതേതരവും
വൈദികപരിശീലനം തത്വശാസ്ത, ദൈവശാസ്ത്ര പഠനം മാത്രമായി പോകരുതെന്നും മതേതരവിഷയങ്ങളുടെ പഠനം നിശ്ചയമായും ഉള്‍പ്പെടുത്തണമെന്നും അഭിപ്രായമുള്ളയാളായിരുന്നു ബിഷപ് ജോനാസ്. ധര്‍മ്മാരാം ക്യാംപസിനുള്ളില്‍ തന്നെ ക്രൈസ്റ്റ് കോളേജ് (ഇപ്പോള്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ ദര്‍ശനമാണ്. മത, മതേതര വിജ്ഞാന ശാഖകളുടെ സന്തോഷകരമായ ഒരു സമന്വയം അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ കേള്‍ക്കൂ, "നമ്മുടെ സഭാത്മകപഠനങ്ങള്‍ക്ക് ശരിയായ സന്തുലനവും ലക്ഷ്യബോധവും നിലനിറുത്തുന്നതിനു സാമൂഹ്യ, പെരുമാറ്റ ശാസ്ത്രങ്ങളുടെ കൂടി പിന്തുണ ലഭിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഒരു സെക്കുലര്‍ കോളേജിന്‍റെ ആവശ്യകത എന്‍റെ മനസ്സില്‍ കൂടുതല്‍ കൂടുതലായി വ്യക്തമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ വായിക്കുമ്പോള്‍ ഈ ആവശ്യകത കൂടുതല്‍ സ്പഷ്ടമായി. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വിചിന്തനങ്ങള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് ഇത്തരം വിഷയമിശ്രണം ഉണ്ടായിരുന്ന കത്തോലിക്കാ സര്‍വകലാശാലകളാണ്. സാമൂഹ്യശാസ്ത്രം, വിശേഷിച്ചും മതസാമൂഹ്യശാസ്ത്രം, സാമൂഹ്യസേവനം, മനശ്ശാസ്ത്രം, കൗണ്‍സലിംഗ്, സമ്പര്‍ക്കമാധ്യമം, ഭരണം തുടങ്ങിയ മാനവീക, സാമൂഹ്യശാസ്ത്രശാഖകള്‍ പഠിക്കാനും വളര്‍ത്താനും കഴിയുന്ന ഒരു സ്ഥാപനം നമ്മുടെ സേവനത്തിനായി ലഭ്യമായിരിക്കുക എന്നതായിരുന്നു ധര്‍മ്മാരാം ക്യാംപസില്‍ ഒരു യൂണിവേഴ്സിറ്റി കോളേജ് വേണമെന്നു തീരുമാനിക്കുമ്പോള്‍ നമ്മുടെ പ്രധാന ഉദ്ദേശ്യം. നമ്മുടെ ചില സഭാത്മകവിഷയങ്ങളെ, വിശേഷിച്ചും വ്യവസ്ഥാപിത ഉള്ളടക്കമുള്ള കാനോന്‍ നിയമം, ധാര്‍മ്മികത, ആരാധനാക്രമം തുടങ്ങിയവയെ ഗുണപരമായ സ്വാധീനിക്കാന്‍ ഈ വിഷയങ്ങള്‍ക്കു കഴിയുമെന്നു കരുതി."

ക്രൈസ്റ്റ് കോളേജ് ഒരു സ്വയംഭരണകോളേജായും തുടര്‍ന്ന് "ഡീംഡ് ടു ബി യൂണിവേഴ്സിറ്റി" ആയും ഉയര്‍ത്തപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ സ്വപ്നം സാക്ഷാത്കൃതമായതായി കരുതാം. ആണ്‍കുട്ടികള്‍ക്കുള്ള കോളേജായാണ് തുടങ്ങിയതെങ്കിലും പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനമുള്ള കോളേജായാണ് അദ്ദേഹം അതു വിഭാവനം ചെയ്തത്. ഭാവിയില്‍ പെണ്‍കുട്ടികളെ കൂടി പ്രവേശിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടം രൂപകല്‍പന ചെയ്യണമെന്നു വാസ്തുശില്‍പിയോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇത്തരം സെക്കുലര്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചില വിദ്യാര്‍ത്ഥികളുമുണ്ടായേക്കുമെന്ന് ബിഷപ് ജോനാസിന് അറിയാമായിരുന്നു. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പൗരോഹിത്യസ്വീകരണത്തിനു ശേഷം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പ്രായോഗിക നൈപുണ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മാരാം ക്യാംപസില്‍ തന്നെ അദ്ദേഹം കൃഷി, ക്ഷീരകൃഷി, പൗള്‍ട്രി, പന്നി വളര്‍ത്തല്‍, പ്രഥമശുശ്രൂഷ, നഴ്സിംഗ്, മരപ്പണി, വെല്‍ഡിംഗ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കാനാരംഭിച്ചത്. അമേരിക്കയില്‍നിന്നു ബാംഗ്ലൂരിലേയ്ക്കു ഹോളസ്റ്റിന്‍ പശുക്കളേയും പട്ടികളേയും പന്നികളേയും മുയലുകളേയും മറ്റു പക്ഷിമൃഗാദികളേയും കൊണ്ടു വന്ന വിമാനം മാത്രമല്ല, ധര്‍മ്മാരാം ക്യാംപസ് തന്നെയും അറിയപ്പെട്ടത് "ജോനാസ് പെട്ടകം" എന്നാണ്. ഭൂമിയിലെ എല്ലാത്തരം ജീവജാലങ്ങളേയും പ്രവേശിപ്പിച്ചിരുന്ന നോഹയുടെ പെട്ടകത്തെയാണ് അത് ഓര്‍മ്മിപ്പിച്ചത്.

ഒരു ബഹുമുഖ വ്യക്തിത്വം
ബിഷപ് ജോനാസിന്‍റെ ബൗദ്ധികശേഷിയെ ധര്‍മ്മാരാം കോളേജുമായി മാത്രം ബന്ധപ്പെടുത്തിയല്ല കാണേണ്ടത്. സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ്, 1969-ലെ ദേശീയ സെമിനാര്‍, സിബിസിഐ സെക്രട്ടേറിയറ്റ്, രാജ്കോട്ട് രൂപത എന്നിവയുമായും അതു ബന്ധപ്പെട്ടിരിക്കുന്നു.

സെ. ജോണ്‍സ് മെഡിക്കല്‍ കോളേജ് ഇന്ത്യയിലെ മെത്രാന്മാര്‍ക്ക് ഒരു വെള്ളാനയായി മാറിയപ്പോള്‍ അതിന്‍റെ സുഗമമായ നടത്തിപ്പിനായി ധനസമാഹരണം നടത്തുകയെന്ന ഭാരമേറ്റെടുക്കാന്‍ വന്നത് ബിഷപ് ജോനാസ് ആണ്. 1969-ല്‍ ധര്‍മ്മാരാമില്‍ നടത്തിയ "ഇന്നത്തെ ഇന്ത്യന്‍ സഭ" എന്ന ദേശീയ സെമിനാറിന്‍റെ മുഖ്യസംഘാടകനായും അദ്ദേഹം അറിയപ്പെടുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനവും അദ്ദേഹത്തിന്‍റെ സംഘാടക ശേഷിയും നേതൃത്വഗുണങ്ങളും ബൗദ്ധികശേഷിയും വിജ്ഞാനമികവും പ്രകടമാക്കുന്നതായിരുന്നു.

രാജ്കോട്ടിന്‍റെ പ്രഥമമെത്രാനെന്ന നിലയില്‍ സുവിശേഷവത്കരണത്തിനുള്ള പുതിയ സങ്കല്‍പങ്ങള്‍ അദ്ദേഹം വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. ഗ്രാമീണ ജനതയ്ക്കുള്ള ആരോഗ്യപരിചരണം, ശുചിത്വപാലനം, പ്രതിരോധചികിത്സ, വിദ്യാഭ്യാസം, സമൂഹവികസനം തുടങ്ങിവയെല്ലാം ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മിഷണറി പ്രവര്‍ത്തനങ്ങള്‍.

കാലത്തിനു ചേരുന്ന വിധത്തില്‍ കാര്യങ്ങള്‍ നടത്തുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതേസമയം കാലത്തിന്‍റെയും ഇടത്തിന്‍റെയും പരിമിതികളെ മറികടക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ആത്മീയതയേയും ഭൗതികതയേയും ശരിയായ അളവില്‍ സമന്വയിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഒരാളെന്ന നിലയില്‍ ബിഷപ് ജോനാസിന്‍റെ വ്യക്തിത്വസവിശേഷതകളെ വി. ചാവറയുടേതുമായി താരതമ്യപ്പെടുത്താനാകും. വളരെ ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ ജീവിതനിയോഗത്തെ സ്വപ്നം കണ്ടിരുന്നവരാണ് ഇരുവരും. ഒരു തദ്ദേശീയ സന്യാസസമൂഹത്തിന്‍റെ സ്ഥാപനമായിരുന്നു വി. ചാവറയു ടെ ജീവിതനിയോഗമെങ്കില്‍ സിഎംഐ സമൂഹത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ ഒരു വൈദികപരിശീലന കേന്ദ്രം സ്ഥാപിക്കുക എന്നതായിരുന്നു ബിഷപ് ജോനാസിന്‍റേത്. സന്യസ്ത, പുരോഹിത ജീവിതം തിരഞ്ഞെടുത്തിരുന്നില്ലെങ്കില്‍ ബിഷപ് ജോനാസ് ഇന്ത്യയിലെ പ്രമുഖനായ നിയമജ്ഞനോ ചീഫ് ജസ്റ്റിസോ വന്‍വിജയം നേടുന്ന വ്യവസായിയോ ഐഎഎസ് ഉദ്യോഗസ്ഥനോ ആകുമായിരുന്നു എന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്.

ബിഷപ് ജോനാസ് ഉണ്ടായിരുന്നില്ലെങ്കില്‍ സിഎംഐ സഭ ഇന്നുള്ള രൂപത്തിലാകുമായിരുന്നില്ല എത്തിച്ചേര്‍ന്നിരിക്കുക. രാജ്കോട്ട് രൂപതയില്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ബിഷപ് ഗ്രിഗറി പറഞ്ഞു, "നമ്മുടെ സഭാവ്യക്തിത്വങ്ങളില്‍ ഏറ്റവും മഹാനായ ഒരാളായിരുന്നു അദ്ദേഹമെന്നു നിസ്സംശയം പറയാം. അദ്ദേഹം കഴിവുറ്റ ഒരു ഭരണാധികാരിയും മനുഷ്യരേയും വിഷയങ്ങളേയും നിശിതമായി വിലയിരുത്തുന്നയാളും വലിയ സംഘാടകനും വിദഗ്ദ്ധനായ ആസൂത്രകനും സ്ഥാപനങ്ങളുടെ നിര്‍മ്മാതാവും എല്ലാത്തിലുമുപരി മഹാനായ ഒരു ദീര്‍ഘദര്‍ശിയുമായിരുന്നു."

ബിഷപ് ജോനാസിന്‍റെ പൈതൃകം ധര്‍മ്മാരാമിലും സഹോദരസ്ഥാപനങ്ങളിലും മാത്രമല്ല, സിഎംഐ സമൂഹത്തിലും ഇന്ത്യന്‍ സഭയിലാകെയും തുടരട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org