വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മദ്ധ്യസ്ഥ

സി. മരിയ ആന്‍റണി സി.എച്ച്.എഫ്.

ഭാരതസഭയില്‍ കുടുംബപ്രേഷിതത്വത്തിന് അടിത്തറയിട്ട് വളര്‍ത്തിയെടുത്തതില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ദൈവം തന്‍റെ അനന്ത നിക്ഷേപത്തില്‍നിന്ന് തന്‍റെ വിശുദ്ധര്‍ക്ക് അഥവാ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വ്യത്യസ്തങ്ങളായ ഉന്നതദാനങ്ങള്‍ പങ്കുവെയ്ക്കുന്നു. കാരുണ്യവും, അലി വും, അറിവും, ദയയും, സ്നേഹവും തുടങ്ങി എണ്ണമറ്റ സ്വര്‍ഗ്ഗീയനിധികള്‍കൊണ്ട് അവരെ സമ്പന്നരാക്കുന്നു. ഈ ദൃശ്യദാനങ്ങളില്‍ വിശിഷ്ടവും പ്രധാനവുമായ ഒരു ഭാഗം വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്കും ലഭിച്ചു. അത് സഭയുടെ ഏറ്റവും വിലപിടിപ്പുള്ള ഓഹരിയായ കുടുംബങ്ങളായിരുന്നു. അതിന്‍റെ ഉദ്ഗ്രഥനവും പവിത്രീകരണവും ദൈവം അവളെ വിശ്വസിച്ചേല്പിച്ചു. ജീവിച്ചിരുന്നപ്പോഴും മരണശേഷവും കുടുംബങ്ങളുടെ നിലവിളികള്‍ക്ക് ഉടനടിയുള്ള ഉത്തരമായി, ഒരു കുടുംബാംഗമായി നിറഞ്ഞുനിന്നവളാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. അവളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും അയല്‍പക്കത്തുള്ള ഒരു സഹോദരി, ഒറ്റപ്പെട്ട ഒരു സഹോദരന്‍, വേദനയനുഭവിക്കുന്ന ഒരു രോഗി, മാനസാന്തരപ്പെടാത്ത ഒരു പാപി, ദരിദ്രമായ ഒരു കുടുംബം, മദ്യപാനിയായൊരു കുടുംബനാഥന്‍ എന്നിവരുടെ പട്ടികയായിരുന്നു. തനിക്കുവേണ്ടിയോ തന്‍റെ സൗഖ്യത്തിനുവേണ്ടിയോ യാതൊന്നും ആവശ്യപ്പെടാത്തവള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് എല്ലാം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
എല്ലാ മനുഷ്യരേയും സഹോദരീസഹോദരന്മാരായിക്കാണുന്‍ കഴിയുന്ന ഒരു ദൈവീകദര്‍ ശനം അവളുടെ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലും നിര്‍ലീനമായിരുന്നു. തന്മൂലം മുട്ടുപാടുള്ള കുടുംബങ്ങളേയും വ്യക്തികളേയുമൊക്കെ പരിശുദ്ധ കന്യകാമാതാവ് തന്നെ നേരിട്ടുവന്ന് അവളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുടുംബങ്ങളുടെ നേരെ അവള്‍ പുലര്‍ത്തിയ ഈ ജാഗ്രത ദൈവത്തിന് ഏറെ പ്രീതികരമായിരുന്നു. കാരണം, ഒരു സൂചന കിട്ടിയാല്‍ മതി തന്‍റെ ആരോഗ്യവും രോഗവും പരിഗണിക്കാതെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അവിടെ എത്തും -പിന്നെ അവരുടെ പക്കലേക്ക്, കര്‍ത്താവിന്‍റെ കരുണ ലഭിക്കുവോളം അവരെ അവള്‍ കൈവെടിയില്ല. ഈ വിവരം അവളെ പരിചയമുള്ള എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരിക്കല്‍ ഒരു പ്രത്യേക കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചുകൊണ്ടുള്ള ബഹുമാനപ്പെട്ട ജോണ്‍ മേനാച്ചേരി പിതാവിന്‍റെ കത്ത് അതിന് ഉത്തമ ഉദാഹരണമാണ്.

1905 മാര്‍ച്ച് 21-ാം തീയതി ബിഷപ്പ് അവളുടെ ആത്മീയ പിതാവിനെഴുതിയ കത്തില്‍ മറിയം ത്രേസ്യയെ ഒല്ലൂരിലുള്ള കര്‍മ്മലീത്ത മഠത്തിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കത്തിലെ ഉള്ളടക്കം ഇങ്ങനെ "അടുത്ത വെള്ളിയാഴ്ചയോ അതിന്‍റെ തലേന്നാള്‍ വ്യാഴാഴ്ചയോ മറിയം ത്രേസ്യയെ അവള്‍ തെരഞ്ഞെടുക്കുന്ന ഏതാനും കൂട്ടുകാരുമൊന്നിച്ച് തൃശ്ശൂരിലെ ഒല്ലൂരിലുള്ള മഠത്തിലേക്ക് അയക്കണം. ശനിയാഴ്ച ഞാന്‍ മഠത്തിലേക്ക് വരും. അവള്‍ക്ക് സന്ദര്‍ശിക്കാനുള്ള ഒരു വീട് അവിടെ ഒരുക്കിയിട്ടുണ്ട്. അവള്‍ക്ക് അവിടെ എത്താന്‍ ഒരു കുതിരവണ്ടിയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉച്ചതിരിയുമ്പോള്‍ ആ കുതിരവണ്ടിയില്‍ തന്നെ അവള്‍ക്ക് മഠത്തിലേക്ക് തിരിച്ച് പോകാം. ആവശ്യമുണ്ടെങ്കില്‍ തുടര്‍ന്നുവരുന്ന ദിവസം അവള്‍ക്ക് തൃശ്ശൂര്‍ക്ക് വരികയും ആ വണ്ടിയില്‍ തന്നെ പുത്തന്‍ചിറയ്ക്ക് തിരിച്ചുപോവുകയും ചെയ്യാം." (പൊസിസിയോ സാക്ഷ്യം 64)

സഭാസ്ഥാപനത്തിനും സഭാവസ്ത്രസ്വീകരണത്തിനും മുമ്പുതന്നെ അവളുടെ നടപടികളെക്കുറിച്ചുള്ള കേട്ടറിവും അനുഭവവുമാണ് തൃശൂരിലെ ഒരു കുടുംബത്തിനേറ്റ ക്ഷതം സുഖപ്പെടുത്താന്‍ വേണ്ടി മറിയം ത്രേസ്യയെയും കൂട്ടുകാരികളെയും അങ്ങോട്ട് ക്ഷണിക്കാന്‍ പിതാവിനെ പ്രേരിപ്പിച്ചത്. അവള്‍ മുറിയിലിരുന്ന് പ്രാര്‍ത്ഥിച്ചാലും പുറത്തിറങ്ങി പ്രവര്‍ത്തിച്ചാലും അടയാളങ്ങള്‍ കൊടുത്ത് അവളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം കൊടുക്കുമെന്ന് പുത്തന്‍ചിറക്കാരും പുറമെയുള്ളവരും വിശ്വസിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നിട്ടും 'കാതോട് കാതോരം' പറഞ്ഞറിഞ്ഞ വാര്‍ത്തകള്‍ക്ക് വന്‍പ്രചാരമാണ് ഉണ്ടായിരുന്നത്. യാത്രാവേളകളിലൊക്കെയും, തടഞ്ഞുനിര്‍ത്തിയും, കേണപേക്ഷിച്ചും വിശ്വാസികള്‍ അവളുടെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി കാത്തുനിന്നിരുന്നു.

പറുദീസയില്‍ വച്ച് കുടുംബത്തെ രൂപപ്പെടുത്തുകയും ഭൂമിയിലേക്കയച്ച് അതിനെ ആശീര്‍വദിച്ച് സ്ഥാപിക്കുകയും ചെയ്ത ദൈവത്തിന്‍റെ സൂക്ഷ്മമായ ശ്രദ്ധ ഓരോ കുടുംബത്തിനുംമേല്‍ എന്നും എപ്പോഴുമുണ്ടായിരുന്നു. ഉന്നതദാനങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന ഗാര്‍ഹിക സഭയായ കുടുംബങ്ങളില്‍ അതിന്‍റെ ചൈതന്യത്തിന് ചോര്‍ച്ച വരുമ്പോഴെല്ലാം ദൈവം ഇടപെട്ട് അതിനെ പുതുക്കിയെടുക്കും. ദൈവത്തിന്‍റെ ആത്മാവ് നിറഞ്ഞ വ്യക്തികളിലൂടെയാണ് ദൈവം ആ ദൗത്യം നിര്‍വ്വഹിക്കുന്നത്. അത്തരമൊരു തിരഞ്ഞെടുപ്പിന്‍റെ സുഖദ സാന്നിദ്ധ്യമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. അമര്‍ത്തിക്കുലുക്കി നിറച്ചളന്നുകൊടുക്കുന്ന ദൈവത്തിന്‍റെ ഉദാരമനസ്സിനെ അവള്‍ കുടുംബങ്ങള്‍ക്കുനേരെ ഉണര്‍ത്തി. രാത്രിയിലുടനീളമുള്ള പ്രാര്‍ത്ഥനയും, മുഴുവന്‍ സമയവും കര്‍ത്താവിന്‍റെ പീഢാനുഭവങ്ങളെ സംവഹിക്കാനുളള തപശ്ചര്യകളും ഇടമുറിയാതെ അനുഷ്ഠിച്ചപ്പോള്‍ ദൈവം അവളെ തന്നോടു ചേര്‍ത്തുനിര്‍ത്തി. അവളെ മാത്രമല്ല 'തിരുക്കുടുംബം' പോലെയാകണമെന്ന് അവള്‍ സ്വപ്നം കണ്ട ഓരോ കുടുംബത്തെയും. ഭൗമിക ജീവിതത്തില്‍ കുടുംബങ്ങളോട് അവള്‍ പുലര്‍ത്തിയ അടുപ്പത്തിന് ഇന്ന് ആഴവും പരപ്പും ഏറുകയാണ്. കേരളത്തിന്‍റെ അതിരുകള്‍ വിട്ട് സഭയിലാകെ ഒഴുകി സുഗന്ധം പരത്തുന്ന ഈ 'കുടുംബപ്രേഷിത മദ്ധ്യസ്ഥയ്ക്ക്' സഭാതനയരുടെ ഊഷ്മള പ്രണാമം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org