കന്യാസ്ത്രീകള്‍ നിശ്ചയദാര്‍ഢ്യമാര്‍ജിക്കണം

കന്യാസ്ത്രീകള്‍ നിശ്ചയദാര്‍ഢ്യമാര്‍ജിക്കണം

ബിഷപ് ഹെന്‍റി ഡിസൂസ, ബെല്ലാരി

കന്യാസ്ത്രീകളുടെ സേവനമില്ലെങ്കില്‍ സഭ പക്ഷാഘാതം പിടിപെട്ട ശരീരം പോലെ തളര്‍ന്നു കിടക്കും. ഉദാഹരണത്തിന് ആരോഗ്യസേവനരംഗം എടുത്തു നോക്കൂ. ഭാരതത്തിലെ പിന്നാക്ക മേഖലകളിലും ഗ്രാമാന്തരങ്ങളിലും നമ്മുടെ സന്യാസിനിമാര്‍ ചെയ്യുന്ന സേവനം മഹത്തരമാണ്. അതുപോലെ തന്നെ വിദ്യാഭ്യാസരംഗത്തെ സേവനവും സമാനതകളില്ലാത്തതാണ്.

അധികാരമുള്ളതും ഉന്നതമെന്നു കരുതപ്പെടുന്നതുമായ ജോലികളെ മാത്രം ഗ്ലാമറൈസ് ചെയ്യാനുള്ള ഒരു പ്രവണത നമുക്കുണ്ട്. സന്യസ്തര്‍ സേവനം ചെയ്യുന്ന മേഖലകള്‍ക്കു വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എന്നാല്‍ സഭയ്ക്കും സമൂഹത്തിനും ഇവര്‍ ചെയ്യുന്ന സേവനം മഹത്തരമാണ്. അതിനോടു നാം കൃതജ്ഞതാഭരിതരായിരിക്കണം. തുല്യമായ അന്തസ്സോടെയും പരിഗണനയോടെയും അവരോട് ഇടപെടുകയും വേണം.

കന്യാസ്ത്രീകള്‍ കുറച്ചു കൂടി നിശ്ചയദാര്‍ഢ്യവും സ്വപ്രത്യയസ്ഥൈര്യവും ഉള്ളവരായി വളരണമെന്നും എനിക്കഭിപ്രായമുണ്ട്. പണ്ടത്തേക്കാള്‍ ഇക്കാര്യത്തില്‍ അവര്‍ വളര്‍ന്നിട്ടുണ്ട്. ഇനിയും വളരേണ്ടതുമുണ്ട്. കന്യാസ്ത്രീകളുടെ പരിശീലനത്തില്‍ കുറെക്കൂടി മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ വിവേചിച്ചറിഞ്ഞു വളരാന്‍ അവര്‍ക്ക് അവസരങ്ങളുണ്ടാകണം. ശാക്തീകരിക്കുന്ന ഒരു നേതൃത്വശൈലി അവര്‍ക്കുണ്ടാകണം.

ഇന്നു ധാരാളം വനിതാനേതാക്കള്‍ നമ്മുടെ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതുപോലെ സഭയിലും കൂടുതല്‍ വനിതകള്‍ ഉയര്‍ന്നു വരണം. കന്യാസ്ത്രീകള്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കാകെ സഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org