Latest News
|^| Home -> Cover story -> സ്നേഹസാക്ഷ്യത്തിലൂടെ സുവിശേഷം പകരുക

സ്നേഹസാക്ഷ്യത്തിലൂടെ സുവിശേഷം പകരുക

Sathyadeepam

മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനാണ് ബിഷപ് ജെയിംസ് അത്തിക്കളം എംഎസ്ടി. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്നില്‍ 1958 ജൂലൈ 5-നാണ് അദ്ദേഹത്തിന്‍റെ ജനനം. 1984 മാര്‍ച്ച് 22 നു മിഷണറീസ് ഓഫ് സെന്‍റ് തോമസ് ദ അപ്പോസ്തല്‍ (എംഎസ്ടി) സമൂഹത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും റോമില്‍ നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും പട്രോളജിയില്‍ ഡോക്ടറേറ്റും നേടി. 2 വര്‍ഷം ഉജ്ജൈന്‍ രൂപതയിലെ ബര്‍നഗറില്‍ മിഷണറിയായി സേവനം ചെയ്തു. പിന്നീട് ഉജ്ജൈന്‍ രൂപതാ മൈനര്‍ സെമിനാരിയിലെ പ്രൊഫസറും പ്രോക്കുറേറ്ററുമായി നിയമിതനായി. എംഎസ്ടി മൈനര്‍ സെമിനാരിയിലെ പ്രൊഫസറായും ആ സമയത്തു പ്രവര്‍ത്തിച്ചു. 1991-ല്‍ മാണ്ഡ്യ ജീവന്‍ജ്യോതിയിലെ മിഷണറി ഓറിയന്‍റേഷന്‍ കോഴ്സ് ഡയറക്ടറായും ഉജ്ജൈന്‍ റൂഹാലയ മേജര്‍ സെമിനാരിയിലെ പട്രോളജി പ്രൊഫസറായും നിയമിതനായി. തുടര്‍ന്ന് റൂഹാലയ സെമിനാരിയുടെ റെക്ടറായി. ഒരു തവണ എംഎസ്ടി ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഭോപ്പാലിലെ നിര്‍മല്‍ ജ്യോതി മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ജോലി ചെയ്തു വരുമ്പോഴാണ് സാഗര്‍ രൂപതയുടെ ചുമതല സഭ അദ്ദേഹത്തെ ഏല്‍പിക്കുന്നത്. ബിഷപ് അത്തിക്കളവുമായി സത്യദീപം കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? എന്താണ് അങ്ങയുടെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്?
സാക്ഷ്യം സ്നേഹത്തില്‍.

? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?
സ്നേഹമെന്ന പദവുമായി ബന്ധപ്പെട്ട ഒരു ആപ്തവാക്യം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ക്രൈസ്തവികതയുടെ സത്ത സ്നേഹമാണ്. നമ്മുടേതു പോലൊരു മിഷന്‍രാജ്യത്തിലെ സുവിശേഷവത്കരണം സാക്ഷ്യത്തിന്‍റെ ഒരു ജീവിതത്തിലൂടെ ചെയ്യേണ്ടതാണ്. ആ ജീവിതമാകട്ടെ അവശ്യമായും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ജീവിതമായിരിക്കേണ്ടതുണ്ട്. അത്തരമൊരു ആപ്തവാക്യത്തിനു വേണ്ടിയുള്ള അന്വേഷണമാണ് “സാക്ഷ്യം സ്നേഹത്തില്‍” എന്നതിലേയ്ക്കെത്തിയത്.

? ഉത്തരേന്ത്യയില്‍, വിശേഷിച്ചും സാഗര്‍ പോലൊരു രൂപതയില്‍ സുവിശേഷവത്കരണം ഇപ്പോള്‍ വളരെ ബുദ്ധിമുട്ടേറിയതായിരിക്കുകയാണല്ലോ. അവിടെ എന്തു തരത്തിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളാണ് അങ്ങ് വിഭാവനം ചെയ്യുന്നത്?
ശത്രുതാമനോഭാവം നാമിന്ന് അഭിമുഖീകരിക്കുന്ന ഒരു യാഥാര്‍ ത്ഥ്യമാണ്. പ്രാര്‍ത്ഥന കൊണ്ട് നാം സ്വയം സായുധരാകണം. കര്‍ത്താവില്‍ നിന്നുള്ള ശക്തി പ്രാര്‍ത്ഥന നമുക്കു നല്‍കും. നമ്മുടെ ക്രൈസ്തവബോദ്ധ്യങ്ങളെ വ്യത്യസ്തരായ പ്രാദേശിക ജനവിഭാഗങ്ങള്‍ക്കും നേതാക്കള്‍ക്കും മുമ്പില്‍ സൗഹൃദത്തോടെ അവതരിപ്പിക്കുക, നമ്മുടെ സാ ധാരണ സാമൂഹ്യജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അവരെ ഉള്‍ക്കൊള്ളിക്കുക എന്നതാണു നമ്മുടെ മിഷണറി പ്രവര്‍ത്തനത്തിന്‍റെ മറ്റൊരു തലം. പ്രാദേശിക ജനങ്ങളുമായി ബന്ധം പുലര്‍ത്താന്‍ നാം സദാ ശ്രമിക്കണം. പ്രാര്‍ത്ഥന എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് നമ്മുടെ സ്ഥാപനത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രമല്ല. ഹൈന്ദവരുള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. അവരെല്ലാവരും മൗലികവാദികളാണെന്നു നമുക്കൊരിക്കലും പറയാനാവില്ല. അവരും ദൈവത്തിന്‍റെ കൃപയും ക്രിസ്തുവിന്‍റെ സ്നേഹവും സ്വീകരിക്കട്ടെ. എല്ലാ മനുഷ്യവ്യക്തികളും നമ്മുടെ സഹോദരനും സഹോദരിയുമാണെന്നു നാം മനസ്സിലാക്കണം. സ്നേഹസാഹോദര്യത്തിന്‍റെ ഒരു ജീവിതത്തിലേയ്ക്ക് ഈ സമൂഹത്തെയാകെ നാം നയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഹൈന്ദവര്‍ക്കുവേണ്ടി വളരെ പ്രത്യേകമായ വിധത്തില്‍ നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

? നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അങ്ങ് ദീര്‍ഘകാലം സെമിനാരിയില്‍ വൈദിക പരിശീലന രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ നേരിട്ടുള്ള സുവിശേഷീകരണം സാദ്ധ്യമാണോ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരിട്ടുള്ള സുവിശേഷവത്കരണം പ്രായോഗികമായി വളരെ ദുഷ്കരമാണ്. സഹായമര്‍ഹിക്കുന്ന ജനങ്ങള്‍ക്കു നല്ല സമരിയാക്കാരായി മാറിക്കൊണ്ട് നമ്മുടെ സ്നേഹസാക്ഷ്യത്തിലൂടെയാണ് സുവിശേഷവത്കരണം നിര്‍വഹിക്കേണ്ടത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സാമൂഹ്യശു ശ്രൂഷയിലൂടെയുള്ള സുവിശേഷവത്കരണം. നമ്മുടെ ഉപവിപ്രവര്‍ത്തനങ്ങളെ പലരും ദുര്‍വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരിലേയ്ക്ക് എത്തിച്ചേരാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഞാന്‍ കാണുന്നില്ല. വിശേഷിച്ചും സാഗറിലും പരിസരങ്ങളിലും. ഇതൊരു വികസിത പ്രദേശമല്ല. സമത്വത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സുവിശേഷമൂല്യങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് അവരെ നാം കൂടുതല്‍ മാനവീകരാക്കേണ്ടതുണ്ട്. ചിറയത്ത് പിതാവ് ‘ദയാസാഗര്‍ ഹൃദയ്’ എന്ന പേരില്‍ ദൈവികകരുണയുടെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദൈവിക കരുണയുടെ തിരുനാള്‍ ഇപ്പോള്‍ അവിടെ വളരെയധികം ഹൈന്ദവര്‍ പ്രാര്‍ത്ഥനയ്ക്കും സമാശ്വാസം നേടുന്നതിനുമായി ഒത്തു ചേരുന്ന ഒരു സന്ദര്‍ഭമാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വയ്ക്കാവുന്നതാണ്.

? സാഗര്‍ രൂപതയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
60 ഓളം മിഷന്‍ സ്റ്റേഷനുകളാണ് രൂപതയിലുള്ളത്. എല്ലാത്തിനേയും ഇടവകകള്‍ എന്നു വിളിക്കാന്‍ കഴിയില്ല. 62 രൂപതാ വൈദികരുണ്ട്. സിഎംഐ സന്യാസസഭയില്‍ നിന്നുള്ള കുറെ വൈദികരും സേവനം ചെയ്യുന്നു. നാലായിരത്തോളം കത്തോലിക്കരാണ് രൂപതയിലുള്ളത്. സാമ്പത്തികമായി ശരാശരിക്കാരും ശരാശരിക്ക് അല്‍പം മുകളില്‍ നില്‍ക്കുന്നവരുമാണ് അവര്‍. ഛത്തീസ്ഗഡ് ആദിവാസിമേഖലയില്‍ നിന്ന് ഇവിടെ വന്ന് വാസമുറപ്പിച്ചിരിക്കുന്ന ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍. ഛത്തീസ്ഗഡില്‍ സഭയുടെ മിഷണറി ഹോസ്റ്റലുകളില്‍ നിന്നു പഠിച്ചവരാണ് അവര്‍. അതുകൊണ്ട് സംവരണാനുകൂല്യം ഉപയോഗപ്പെടുത്തി എളുപ്പത്തില്‍ നല്ല ജോലികള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞവര്‍.

? ഏതു തരത്തിലുള്ള ഊന്നലാണ് രൂപതയ്ക്കു നല്‍കാന്‍ താങ്കളാഗ്രഹിക്കുന്നത്?
സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്ന ഒരു മാനത്തിലേയ്ക്ക് ആഴത്തില്‍ പോകുന്നതിനെ കുറിച്ചു ഞാനാലോചിക്കുന്നു. സ്നേഹിക്കുന്ന ഒരു സമൂഹം അതില്‍ തന്നെ ഒരു മിഷണറി സമൂഹമാണ്. അത്തരത്തിലൂടെ മാത്രമേ ജനങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ നമുക്കു സാധിക്കുകയുള്ളൂ. സുവിശേഷത്തിന്‍റെ സന്തോഷം, സ്നേഹത്തിന്‍റെ സന്തോഷം എന്നീ രണ്ടു വത്തിക്കാന്‍ രേഖകള്‍ എന്നെ വളരെ ആകര്‍ഷിച്ചവയാണ്. നാം സുവിശേഷം വായിക്കുകയും സ്നേഹിക്കുന്നതിന്‍റെ സന്തോഷം പ്രസരിപ്പിക്കുകയും ചെയ്യുന്നു, അതുവഴി ഊഷ്മളമായ ഒരു ഭവനവും സ്നേഹപൂര്‍വകമായ ഒരു സമൂഹവും ഉറപ്പാക്കുന്നു.

? കത്തോലിക്കര്‍ക്ക് ഏതു തരത്തിലുള്ള ദിശാബോധം നല്‍കാനാണ് ആഗ്രഹിക്കുന്നത്?
ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ഇവിടത്തെ കത്തോലിക്കാസമൂഹത്തിന്‍റെ വിശ്വാസം അത്ര ആഴമേറിയതല്ല. ജനങ്ങള്‍ക്കു കൂടുതല്‍ മതബോധനം നല്‍കുക എന്നതാണ് എന്‍റെ ആദ്യ മുന്‍ഗണന. തുടര്‍ന്ന്, യുവജനങ്ങളിലും യുവവൈദികരിലും ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിക്കുന്നു. സജീവരായ ധാരാളം യുവജനങ്ങള്‍ ഇവിടെയുണ്ട്. നല്ല ക്രൈസ്തവജീവിതത്തിലൂടെ നല്ല പൗരന്മാരായി മാറാന്‍ അവരെ പ്രചോദിപ്പിക്കുക പ്രധാനമാണ്. സഭയിലും സമൂഹത്തിലും കൂടുതല്‍ നേതൃത്വപരമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ നമ്മുടെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഞാനാഗ്രഹിക്കുന്നു.

? നിങ്ങളുടെ പ്രദേശത്തെ പൊതുജനങ്ങള്‍ എങ്ങനെയാണ്?
ക്രൈസ്തവര്‍ വളരെ സാധാരണക്കാരായ മനുഷ്യരാണ്. ഹിന്ദുക്കള്‍ ഇപ്പോള്‍ വളരെ വര്‍ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. മുമ്പ് അവര്‍ വളരെ സൗഹൃദമനസ്ഥിതിയുള്ളവരായിരുന്നു. അതുകൊണ്ട് അവരുടെ വീടുകളില്‍ പോകുകയും പ്രാര്‍ത്ഥന നടത്തുകയുമൊക്കെ ചെയ്യാമായിരുന്നു. ഇപ്പോള്‍ മതത്തിന്‍റെ രാഷ്ട്രീയവത്കരണം മൂലം സാമൂഹ്യതലത്തില്‍ ഒരുതരം വിഭാഗീയത വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. ഇടവകകളില്‍ പോലും രാഷ്ട്രീയം പറയാന്‍ അവര്‍ ഭയപ്പെടുന്നു. ഓഫീസുകളിലെ സാധാരണ സംഭാഷണങ്ങളില്‍ പോലും രാഷ്ട്രീയം കടന്നു വരാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്ന സ്ഥിതിയാണ്.

? സൗഹാര്‍ദ-ആതിഥ്യമനസ്ഥിതിയുണ്ടായിരുന്ന ആളുകള്‍ ശത്രുതാഭാവമുള്ളവരായതെന്തുകൊണ്ടാണ്?
അവരുടെ ശത്രുത രാഷ്ട്രീയമോഹങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവരെ പുറമെ നിന്നുള്ളവരായി മുദ്രകുത്തിയിരിക്കുകയാണ് ഹിന്ദു തീവ്രവാദികള്‍. ക്രൈസ്തവര്‍ പോലും അങ്ങനെ ചിന്തിക്കുന്നു. ഞാനിപ്പോള്‍ ഭോപ്പാലിലാണ്. ഇവിടെ ഓരോ ചെറിയ ഗ്രാമത്തിലെയും അമ്പലങ്ങളില്‍ അവര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ യോഗങ്ങളില്‍ രാഷ്ട്രീയക്കാര്‍ സ്വന്തം ആശയങ്ങളാണല്ലോ പ്രചരിപ്പിക്കുക. നമുക്കതു മറച്ചു വയ്ക്കാനാവില്ല. നമ്മുടെ സമൂഹം വളരെയേറെ വര്‍ഗീയവത്കരിക്കപ്പെട്ടു എന്നെനിക്കു തോന്നുന്നു.

? അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ കൗശലപൂര്‍ ണമായ ഉപജാപങ്ങളിലൂടെ രൂക്ഷമായ തോതില്‍ വെറുപ്പിന്‍റെയും വിഭാഗീയതയുടെയും വിഷം കുത്തിവയ്ക്കപ്പെട്ട അവസ്ഥയിലാണ് നമ്മുടെ സംസ്കാരം ഇപ്പോഴുള്ളത്. വിഷം നിറഞ്ഞ ഈ ഭാഷയും അന്തരീക്ഷവും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അക്രമാസക്തമാക്കുമെന്നും അങ്ങു ഭയപ്പെടുന്നുണ്ടോ?
ഞാനങ്ങനെ ഭയപ്പെടുന്നു.

? ഭാഷയുടെയും സംസ്കാരത്തിന്‍റെയും പേരില്‍ നിരവധി ക്രൂരതകള്‍ അരങ്ങേറിയല്ലോ. ഇതൊരു സാര്‍വത്രിക പ്രതിഭാസമാണ്. രാഷ്ട്രീയരൂപത്തില്‍ വരുന്ന ആര്യന്‍ അധിനിവേശമാണിതെന്നു അങ്ങു വ്യാഖ്യാനിക്കുന്നുണ്ടോ?
ഒരുപക്ഷേ അങ്ങനെയാകാം. ഇത്തരം കാര്യങ്ങളില്‍ വിദഗ്ദ്ധനല്ല ഞാന്‍. അടിസ്ഥാനപരമായി ഇതെല്ലാം അധികാരവും ആധിപത്യവും നേടിയെടുക്കുന്നതിനുള്ള രാഷ്ട്രീയകളികളാണ്. വിവിധ ജാതികളെയെല്ലാം ഉള്‍ക്കൊള്ളിക്കുന്ന ഒരു ഹിന്ദുരാഷ്ട്രം സമീപഭാവിയില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാകുന്നതിനെ തടയാന്‍ ഒരുപക്ഷേ ദളിത് മുന്നേറ്റത്തിനു കഴിഞ്ഞേക്കാം.

? ഇന്ത്യയുടെ ഭാവിയെ കുറിച്ചു താങ്കള്‍ക്ക് ആശങ്കകളുണ്ടോ? മറ്റുള്ളവരോടു തീരെ സഹിഷ്ണുതയില്ലാത്ത ഹിന്ദുത്വയായി ഹിന്ദുമതം അധപതിക്കുമെന്നു തോന്നുന്നുണ്ടോ?
ഉവ്വ്, എനിക്ക് ഈ ആശങ്കകളുണ്ട്. അതേസമയം പരിഭ്രാന്തരാകേണ്ട കാര്യമില്ല. സാമൂഹ്യശാസ്ത്രപരമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ട് നമുക്കിതിനെ നേരിടാനാകും. നാം ദൈവത്തിനും ദൈവപരിപാലനയ്ക്കും നന്ദി പറയുകയും വിശ്വസ്തതാപൂര്‍വം ജോലി ചെയ്യുകയും ചെയ്യുന്നു.

? “ചെന്നായ്ക്കള്‍ക്കിടയിലേയ്ക്ക് ചെമ്മരിയാടുകളെ എന്ന പോലെ ഞാന്‍ ലോകത്തിലേയ്ക്കു നിങ്ങളെ അയയ്ക്കുന്നു.” യേശുവിന്‍റെ ഈ വാക്കുകളില്‍ പീഡനം വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങ് എങ്ങനെയാണ് സ്നേഹവും സാഹോദര്യവും സമത്വവും പ്രഘോഷിക്കുന്ന ക്രിസ്തുവിന്‍റെ ഒരു ഫലപ്രാപ്തിയുള്ള സാക്ഷിയാകുക?
ഞങ്ങള്‍ എത്രത്തോളം വിജയികളും ഫലപ്രാപ്തിയുള്ളവരും ആകുമെന്നത് ഉറപ്പു പറയാനാവില്ല. പക്ഷേ നമ്മുടെ ജീവിതത്തില്‍ സുവിശേഷമൂല്യങ്ങള്‍ ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും നമ്മെ തടയാനാവില്ല. ആരെങ്കിലും നമുക്കെതിരെ വന്നാല്‍ തന്നെ നമുക്കവരെ സ്നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യാനാകും. അതേസമയം തന്നെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആഴമേറിയ ഉത്കണ്ഠ നമുക്കുണ്ട്. ദൈവിക ഇടപെടലിലൂടെ മാത്രം സംഭവിക്കാവുന്ന ഒരു മാറ്റത്തിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നു. അതിനിടയില്‍, ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനങ്ങളില്ലാതെ സ്നേഹത്തിന്‍റെയും ഉപവിയുടെയും പ്രവര്‍ത്തനങ്ങള്‍ നാം തുടരുന്നു. സുവിശേഷം ജീവിക്കുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടതെന്നു ഞാന്‍ ചിന്തിക്കുന്നത് അതുകൊണ്ടാണ്.

? വളരെ സമ്പന്നമായ ക്രൈസ്തവ പാരമ്പര്യവും സംസ്കാരവുമുള്ള കേരളത്തിലെ പു ളിങ്കുന്നാണല്ലോ അങ്ങയുടെ സ്വദേശം. ഉത്തരേന്ത്യയിലേയ്ക്കു പോകാനും ജീവിതം മിഷനു വേണ്ടി സമര്‍പ്പിക്കാനും അങ്ങയെ പ്രേരിപ്പിച്ചതെന്താണ്? അത്തരമൊരു തീരുമാനമെടുത്തതില്‍ അങ്ങ് എത്രത്തോളം സന്തുഷ്ടനാ ണ്?
എന്‍റെ അമ്മാവന്‍മാര്‍ ഏതാനും പേര്‍ വൈദികരാണ്. 1973 ലാണു ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നത്. നിര്‍ഭാഗ്യവാന്മാരായ പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു സഹായമാകാന്‍ ഞാനാഗ്രഹിച്ചു. അതുകൊണ്ട്, ഒരു രൂപതാ വൈദികനാകുന്നതിനേക്കാള്‍ മിഷണറി വൈദികനാകുന്നതാണ് നല്ലതെന്നു തീ രുമാനിച്ചു. ആ തീരുമാനമാണ് എന്നെ ഉത്തരേന്ത്യയിലേയ്ക്ക് എത്തിച്ചത്. വളരെ സംതൃപ്തനായ ഒരു മനുഷ്യനാണു ഇന്നു ഞാന്‍.

? ചെന്നകാലത്ത് അങ്ങ് എന്താണു കണ്ടത്?
ആരംഭകാലത്ത് പരസ്യമായി പ്രസംഗിക്കുക സാദ്ധ്യമായിരുന്നില്ല. പക്ഷേ വീടുകളില്‍ പോകാനും പ്രാര്‍ത്ഥിക്കാനും സാധിച്ചിരുന്നു. സാമൂഹ്യസേവനങ്ങളാണ് ഞങ്ങള്‍ പ്രധാനമായും ചെയ്തിരുന്നത്. വളരെ ദുഷ്കരവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളിലും ഞങ്ങള്‍ സ്നേഹത്തിന്‍റെയും മാധുര്യത്തിന്‍റെയും സംഗീതമാലപിക്കുന്നു.

? കത്തോലിക്കാസഭയുടെ മിഷണറി ചൈതന്യത്തിന് ഒരുതരത്തിലുള്ള മങ്ങലേറ്റിട്ടുണ്ട്. നമ്മെ തന്നെ സേവിക്കുന്ന ഒരു തരം നാര്‍സിസ്റ്റ് സഭയായി നാം മാറിയിട്ടുണ്ട്. സീറോ-മലബാര്‍ സഭയെ സംബന്ധിച്ച് ഇതു ശരിയാണെന്ന് കരുതുന്നുണ്ടോ?
ഈയൊരു മനോഭാവം കേരളത്തിലെ ഓരോ രൂപതയിലും ഓരോ ഇടവകയിലും പരന്നിട്ടുണ്ട്. അടിസ്ഥാനപരമായി അവരെല്ലാം അവരവരെ കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. മെത്രാന് തന്‍റെ രൂപതയെ കുറിച്ചു മാത്രമാണ് ചിന്ത. വൈദികര്‍ അവരുടെ ഇടവകകളെ കുറിച്ചു മാത്രം ചിന്തിക്കുന്നു. അതെന്തായാലും മറ്റുള്ളവരെ സഹായിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതിനു റാഫേല്‍ തട്ടില്‍ പിതാവ് വളരെ പരിശ്രമിക്കുന്നുണ്ട്. മിഷനുകളെയോ മിഷണറിമാരേയോ സഹായിക്കുന്നതിനെ കുറിച്ചുള്ള ബോദ്ധ്യം ആര്‍ക്കുമില്ല. മിഷന്‍ ഞായറാഴ്ചകളില്‍ പോലും ഇത്തരമൊരു മിഷണറി മാനം തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

? സീറോ മലബാര്‍ സഭയെ നോക്കുക. സ്വന്തം സഭാംഗങ്ങളിലേയ്ക്ക് കൂടുതല്‍ വിപുലീകരിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍. കുടിയേറ്റക്കാരുള്ളിടത്തെല്ലാം നാം പോകുന്നു. പക്ഷേ മിഷനുകളെക്കുറിച്ച് അത്രയും ഉത്കണ്ഠയില്ല. മിഷനുകളാണ് സഭയുടെ ആദ്യ മുന്‍ഗണനയാകേണ്ടതെന്നു അങ്ങു കരുതുന്നുണ്ടോ?
മിഷന്‍ തന്നെയായിരിക്കണം നമ്മുടെ ആദ്യ മുന്‍ഗണന. കാരണം ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അതിനാണ്. തത്വത്തില്‍ എല്ലാവരും ഇതംഗീകരിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പ ക്ഷേ, ഇടവകകളില്‍ വൈദികരുടെ പ്രധാന പരിഗണന ആദ്യകുര്‍ബാനസ്വീകരണവും മതബോധനവും മറ്റു പരിപാടികളുമാണ്. അതിനപ്പുറത്തേയ്ക്കു നാം കടക്കുന്നില്ല. സഭ അടിസ്ഥാനപരമായി മിഷണറിയാണെന്നു ജനങ്ങളെ നാം പഠിപ്പിക്കണം. നാം പരസ്പരം സഹായിക്കണം. അതു വളരെ പ്രധാനമാണ്. പക്ഷേ അത് എങ്ങനെയൊക്കെയാണു ചെയ്യുക എന്നെനിക്കറിയില്ല. ഇടവക വൈദികരില്‍ ബഹുഭൂരിപക്ഷവും മിഷണറി പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരോ അതിനെക്കുറിച്ച് ചിന്തിക്കുന്നവരോ അല്ല.

? യേശുവില്‍, അങ്ങയുടെ ജീവിതത്തിലുടനീളം അങ്ങയെ ഏറ്റവുമധികം പ്രചോദിപ്പിച്ച കാര്യമെന്താണ്?
ആളുകള്‍ക്കു നന്മ ചെയ്യുന്നതിനോടുള്ള എന്‍റെ പ്രതിബദ്ധ എന്നിലാരംഭിച്ചത് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. മറ്റുള്ളവര്‍ക്കു വേണ്ടിയുളള ഒരു മനുഷ്യനാകുക. അതായിരുന്നു എന്‍റെ സ്വപ്നം. മനുഷ്യവംശത്തെ രക്ഷിക്കാനാണ് യേശു ലോകത്തിലേയ്ക്കു വന്നത്. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് അവിടുന്നു ജീവിച്ചത്. സേവനത്തിന്‍റെ ഒരു മനുഷ്യനായിരുന്നു അവിടുന്ന്.

? അങ്ങ് പ്രാര്‍ത്ഥനയുടെ ഒരു മനുഷ്യനാണല്ലോ. എന്തുകൊണ്ടാണ് അങ്ങു പ്രാര്‍ത്ഥിക്കുന്നത്? എന്തിനു വേണ്ടിയാണു പ്രാര്‍ത്ഥിക്കുന്നത്?
പ്രാര്‍ത്ഥനയുടെ മനുഷ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനായിരിക്കുന്നിടത്ത് എനിക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയാണു സാധാരണ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സാഗറിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജപമാല എനിക്കിഷ്ടമാണ്. എനിക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുക പതിവില്ല. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്‍റെ പ്രാര്‍ത്ഥന.

Leave a Comment

*
*