Latest News
|^| Home -> Cover story -> മുമ്പേ ഓടുന്ന യുവജനങ്ങളെ സഭ മനസ്സിലാക്കണം

മുമ്പേ ഓടുന്ന യുവജനങ്ങളെ സഭ മനസ്സിലാക്കണം

Sathyadeepam

ഗിരിപ്രഭാഷണത്തെ തന്‍റെ ജീവിതാദര്‍ശമാക്കിയിരുന്ന ഞങ്ങളുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകളോടെ ആരംഭിക്കട്ടെ: “യുവജനങ്ങള്‍ ഉപയോഗശൂന്യരല്ല, കുറച്ചു മാത്രം ഉപയോഗിക്കപ്പെട്ടവരാണ്. അവര്‍ യുക്തിഹീനരല്ല, കുറച്ചു മാത്രം മനസ്സിലാക്കപ്പെട്ടവരാണ്. അവര്‍ വര്‍ത്തമാനത്തിനെതിരായ പ്രക്ഷോഭകരല്ല, ഭാവിയുടെ പ്രവാചകരാണ്.” ഗാന്ധി പറഞ്ഞത് നമ്മുടെ സഭാത്മകസാഹചര്യത്തിലും വളരെ ശരിയാണ്.

ആത്മീയ അനുയാത്രയെ വിശദീകരിക്കുന്നതിന് ഒരു ബൈബിള്‍ ഭാഗത്തേയ്ക്കു ശ്രദ്ധ ക്ഷണിക്കുകയാണ്. യോഹ 20:2-9 ല്‍ ഉത്ഥിതന്‍റെ കല്ലറയിലേയ്ക്കുള്ള ഓട്ടത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ആദ്യ പാപ്പയായ പത്രോസ് യുവാവായ യോഹന്നാന്‍റെയൊപ്പം ഓടുകയാണ്. ഒന്നിച്ചാണ് ഓട്ടം തുടങ്ങിയതെങ്കിലും യുവാവ് പത്രോസിനെ പിന്നിലാക്കുകയും കല്ലറയില്‍ ആദ്യം എത്തിച്ചേരുകയും ചെയ്തു. യോഹന്നാനെ പോലെ യുവജനങ്ങള്‍ അവരുടെ ആവേശവും തീക്ഷ്ണതയും കൊണ്ട് പലപ്പോഴും മുഖ്യധാരാസഭയേക്കാള്‍ വളരെ മുമ്പിലായിരിക്കും. അനുയാത്രയുടെ കാര്യത്തില്‍ നാം എപ്പോഴും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം യുവജനങ്ങള്‍ എപ്പോഴും സഭാധികാരത്തേക്കാള്‍ ഏറെ മുമ്പിലായിരിക്കുമെന്നതാണ്. അതൊരു പാപമല്ല, ഒരു പ്രശ്നവുമല്ല. അവരെ എപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ നിറുത്താന്‍ ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ പാപം. യുവജനങ്ങളുടെ അജപാലനപരമായ അനുയാത്ര എന്ന സങ്കല്‍പത്തെ മനസ്സിലാക്കുന്നതിലുള്ള പ്രശ്നവുമിതാണ്. അവര്‍ നിശിതമായി വിമര്‍ശിക്കുന്നവരും തുറന്ന് ആക്രമിക്കുന്നവരുമായിരിക്കാം. പക്ഷേ അതിനാധാരമായ യുവജനങ്ങളുടെ തീക്ഷ്ണമായ ആവേശവും സജീവതയും മനസ്സിലാക്കാനുള്ള വിശാലമായ ഹൃദയം ഒരു യഥാര്‍ത്ഥ അജപാലകനുണ്ടായിരിക്കണം.

യേശുവിനെ മൂന്നു പ്രാവശ്യം ലജ്ജാശൂന്യമായി നിഷേധിച്ചതിന്‍റെ നിന്ദ്യമായ ഭൂതകാലത്തെ തുടര്‍ന്നാണ് പത്രോസ് തന്‍റെ ഓട്ടത്തില്‍ പതുക്കെയായിപ്പോകുന്നത്. എങ്കിലും യുവാവായ യോഹന്നാന്‍റെ ആഹ്ലാദകരമായ ആവേശം പത്രോസിനെയും ഓടാന്‍ പ്രേരിപ്പിക്കുന്നു. ഭൂതകാലത്തിലെ കയ്പുറ്റ അനുഭവങ്ങള്‍ പത്രോസിനെയെന്ന പോലെ സഭയെയും അവളുടെ ദൗത്യത്തില്‍ പിന്നോട്ടു വലിക്കുന്നെങ്കില്‍ യുവജനങ്ങളുടെ തീക്ഷ്ണതയും ആവേശവും ശരിക്കും സൗഖ്യദായകവും സഭയുടെ അധുനാധുനീകരണത്തിന് ഊര്‍ജ്ജം പകരുന്നതുമാണ്. വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നതിന്‍റെ കല സഭ യുവജനങ്ങളില്‍നിന്നു പഠിക്കേണ്ടതുണ്ട്. മഹത്ത്വത്തിന്‍റെ സ്മരണയിലോ ഭൂതകാലത്തിന്‍റെ മുറിവുകളിലോ ജീവിക്കുക എന്നത് സഭയിലെ ഒരു സ്ഥിരം പ്രശ്നമാണ്. വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുന്നതില്‍നിന്ന് അതു നമ്മെ തടയുന്നു. ഭൂതകാലദൗര്‍ബല്യങ്ങളെയും വ്യാജമഹിമകളെയും മറക്കാനും പത്രോസിനെ പോലെ തന്‍റെ ഗുരുവായ യേശുവിന്‍റെ പക്കലേയ്ക്ക് വീണ്ടുമോടാനും യുവാക്കള്‍ സഭയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സീറോ മലബാര്‍ സഭാംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍, കണ്ടു വിശ്വസിക്കുകയെന്ന തോമസ് ശ്ലീഹായുടെ രീതിയെ ആദരിക്കുന്നു. ഉട്ടോപ്യന്‍ ആദര്‍ശങ്ങളെ പിന്തുടരുകയെന്നതിനേക്കാള്‍ കണ്ടു വി ശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് യുവജനങ്ങളും. വൈദികരും മെത്രാന്മാരും പ്രാര്‍ത്ഥിക്കുന്നതു കാണുമ്പോള്‍ യുവജനങ്ങളും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. യേശു പ്രാര്‍ത്ഥിക്കുന്നതു കണ്ടപ്പോള്‍, തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ശിഷ്യര്‍ യേശുവിനോടാവശ്യപ്പെട്ടു. കാഴ്ചയ്ക്കുള്ള മാതൃകാവ്യക്തിത്വങ്ങളാകുന്നതില്‍ നമുക്കുണ്ടായ പരാജയമാണ് യുവജനങ്ങളെ സഭയില്‍ നിന്നകറ്റിയത്. പത്രോസിന്‍റെയും യോഹന്നാന്‍റെയും ഈസ്റ്റര്‍ കഥയില്‍ കാഴ്ചയുടെ രണ്ടു ഘട്ടങ്ങളുള്ളത് വ്യക്തമാണ്. ആദ്യഘട്ടത്തില്‍ യുവ ശിഷ്യന്‍ വിശുദ്ധകല്ലറയുടെ യാഥാര്‍ത്ഥ്യം, സഭയുടെ പ്രതീകം, പുറമെ നിന്ന്, ഒരകലത്തില്‍നിന്ന് കാണുന്നു. ഈ കാഴ്ച ഭാഗികവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നു വ്യക്തം. ഈ ആശയക്കുഴപ്പത്തിന്‍റെ സാഹചര്യത്തില്‍ അയാള്‍ക്ക് പത്രോസിന്‍റെ, അതായതു സഭയുടെ സഹായം ആവശ്യമായി വരുന്നു. മുതിര്‍ന്ന തലമുറകളെ ആദരിക്കുന്നതും ശ്രവിക്കുന്നതും നല്ലതും മാതൃകാപരവുമാണെന്ന ശ്രദ്ധേയമായ പാഠമാണിത് ആ ശിഷ്യനു നല്‍കുന്നത്. യുവജനങ്ങള്‍ അവരുടെ അഹങ്കാരബദ്ധമായ ചിന്താരീതികളില്‍ നിന്നു പുറത്തു വരികയും അനുഭവസമ്പന്നമായ ആളുകളെ കേള്‍ക്കുകയും വേണം. ഈ പരസ്പരപൂരകത്വം യുവജനങ്ങളുടെ അജപാലന അനുയാത്രയില്‍ നിര്‍ണായകമാണ്.

കാഴ്ചയുടെ രണ്ടാമത്തെ ഘട്ടമാണ് അനുധാവനത്തിന്‍റെ യഥാര്‍ത്ഥ ഘട്ടം. കാഴ്ചയുടെ ഒരുമ, സഭയോടൊപ്പം (പത്രോസിനൊപ്പം) യുവജനം കാണുന്നതിന്‍റെ ഒരുമയാണിവിടെ പ്രധാന പ്രമേയം. ഈ ഒരുമ യുവശിഷ്യന്‍റെയും പത്രോസിന്‍റെയും ധാരണകളില്‍ ഒരു വീക്ഷണവ്യതിയാനം സൃഷ്ടിക്കുന്നു. അവര്‍ ക്രമത്തില്‍ യഥാര്‍ത്ഥവിശ്വാസത്തിലേയ്ക്കു നീങ്ങുന്നു. കാഴ്ചയുടെയും ക്രിസ്തുസംഭവത്തെ പുനഃവായിക്കുന്നതിന്‍റെയും ഈ ഒരുമയാണ് യഥാര്‍ത്ഥമായ അജപാലന അനുധാവനം. യുവജനങ്ങള്‍ക്കു പുതിയ ചക്രവാളങ്ങളും മേച്ചില്‍പുറങ്ങളും തുറന്നു കൊടുക്കുന്നതിനുള്ള വ്യാഖ്യാനാത്മക താക്കോല്‍ ആയിരിക്കണമിത്.

(റോമില്‍ നടന്ന ആഗോള മെത്രാന്‍ സിനഡില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായ ബിഷപ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തിന്‍റെ പരിഭാഷ.)

Leave a Comment

*
*