നമ്മെ ആവശ്യമുള്ളിടത്ത് സംലഭ്യരാകുക; പരമാവധി നല്‍കുക

നമ്മെ ആവശ്യമുള്ളിടത്ത് സംലഭ്യരാകുക; പരമാവധി നല്‍കുക


ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍

രാഷ്ട്രത്തിന്‍റെ സ്ഥാപകപിതാക്കള്‍ സ്വപ്നം കണ്ടതും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചതുമായ ഒരന്തരീക്ഷമല്ല ഇന്നത്തെ ഇന്ത്യയിലുള്ളത്. 2019-ലെ തിരഞ്ഞെടുപ്പോടെ പുതിയ ഒരിന്ത്യ രൂപപ്പെട്ടു വരുന്നതായി തോന്നുന്നു.

ക്രിസ്ത്യന്‍ മിഷണറിമാരേയും പാശ്ചാത്യ സഭകളേയും മതേതര ബുദ്ധിജീവികളേയും സന്നദ്ധസംഘടനകളേയും സഹായസ്ഥാപനങ്ങളേയും വിദേശ ഭരണകൂടങ്ങളേയും മനുഷ്യാവകാശസംഘടനകളേയുമെതിര്‍ക്കുന്ന പ്രചാരണം ശക്തമായി. അവരെല്ലാം ചേര്‍ന്ന് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഈ ശക്തികള്‍ ഇന്ത്യയിലെ ചെറിയ വംശീയവിഭാഗങ്ങളായ ദ്രാവിഡര്‍, ആദിവാസികള്‍, അവരുടെ സ്വത്വം, വികസനം തുടങ്ങിയ കാര്യങ്ങളില്‍ താത്പര്യമെടുക്കുന്നത് ഇന്ത്യയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണത്രെ.

ഈ പ്രചാരണത്തിന് പ്രത്യാഘാതങ്ങളുണ്ടായി. സന്നദ്ധസംഘടനകള്‍ക്കു ധനസഹായങ്ങള്‍ നിഷേധിക്കപ്പെട്ടു, വിദേശ പണ്ഡിതര്‍ ഇന്ത്യയില്‍ പഠനസമ്മേളനങ്ങള്‍ക്കു വരാതായി, സന്യാസമേധാവികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു, സാമൂഹ്യപ്രവര്‍ത്തകരും മിഷണറിമാരും അധിക്ഷേപിക്കപ്പെട്ടു, സ്ഥാപനങ്ങളുടേയും സംഘടനകളുടേയും മേധാവികളെ താഴ്ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പോലും അവമതിക്കുന്ന സ്ഥിതി വന്നു.

അതേസമയം വലതു രാഷ്ട്രീയസംഘങ്ങള്‍ക്ക് വിദേശ ഇന്ത്യക്കാരില്‍നിന്നു വന്‍തോതില്‍ ധനസഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ പണം പോകുന്നത് ഗോമാംസം കഴിച്ചെന്ന പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഘങ്ങള്‍ക്കും ക്രൈസ്തവ പ്രാര്‍ത്ഥനാലയങ്ങള്‍ അടിച്ചു തകര്‍ക്കുന്ന കുറ്റവാളിക്കൂട്ടങ്ങള്‍ക്കും സദാചാരപോലീസിംഗ് നടത്തുന്നവര്‍ക്കും ഒക്കെയാണ്. ഒരു കാര്യം വ്യക്തമാണ്. നാം മഹാത്മാഗാന്ധിയുടേയും ടാഗോറിന്‍റേയും പട്ടേലിന്‍റേയും മറ്റും ആദര്‍ശങ്ങളില്‍നിന്നു വളരെയേറെ അകന്നു പോയിക്കഴിഞ്ഞു.

ഈ ഇന്ത്യന്‍ സാഹചര്യത്തെ മാറുന്ന ലോകയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കാം. ഒരു ആധുനിക ജനാധിപത്യരാഷ്ട്രത്തെ നയിക്കാന്‍ ട്രംപിനെയോ ദ്യുതെര്‍ത്തെയേയോ മോദിയേയോ പോലുള്ള ആളുകള്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആരും കരുതിയിരുന്നില്ല. ഉത്തര കൊറിയയെ ഇല്ലാതാക്കുമെന്നു ട്രംപും ഫിലിപ്പൈന്‍സിലെ മയക്കുമരുന്നു വ്യാപാരികളേയും മുസ്ലീം വിമതരേയും ഉന്മൂലനം ചെയ്യുമെന്ന് ദ്യുതെര്‍ത്തെയും പ്രഖ്യാപിക്കുമ്പോള്‍ പാക്കിസ്ഥാനെതിരായ പോര്‍വിളികളാണു മോദി നടത്തുന്നത്. രാഷ്ട്രീയൗചിത്യമുള്ള പ്രസ്താവനകളെ ഇന്നു കാണുന്നത് നട്ടെല്ലില്ലായ്മ ആയാണ്.

ഒരു ജനാധിപത്യരാജ്യമായ ഗാന്ധിജിയുടെ ഇന്ത്യയില്‍ അ സാദ്ധ്യമെന്നു കരുതാവുന്ന ഭാ ഷാപ്രയോഗങ്ങളും സമീപനങ്ങളുമാണ് ഇന്നുണ്ടാകുന്നത്. ഒരു വശത്ത് പാര്‍ട്ടി/കോര്‍പറേറ്റ് താ ത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കു ന്ന നേതാക്കള്‍ക്കെതിരെ ജനരോ ഷം വ്യാപകമാകുന്നു. മറുവശ ത്ത് ട്രംപിനെ പോലുള്ള സ്വേച്ഛാധിപത്യ ജനപ്രിയ നേതാക്കള്‍ വ ളരുന്നു. അവര്‍ നിക്ഷിപ്ത സം ഘങ്ങളുടെ നിക്ഷിപ്തതാത്പര്യങ്ങളെ സംരക്ഷിക്കുന്നു. റഷ്യയും തുര്‍ക്കിയും തെരഞ്ഞെടുപ്പിലൂടെയുള്ള സ്വേച്ഛാധിപത്യങ്ങളായി മാറിയിരിക്കുന്നു.

ദീര്‍ഘചരിത്രമുള്ള ജനാധിപ ത്യരാഷ്ട്രങ്ങളില്‍ പോലും ബൗദ്ധിക സംവാദങ്ങളും ജനകീയപങ്കാളിത്തവും വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള ഊഷ്മളബന്ധങ്ങളും പോലെയുള്ള ജനാധിപത്യപാരമ്പര്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അഴിമതി ഉന്നതതലങ്ങളില്‍ വ്യാപകമായി. ഭരണകൂട-വാണിജ്യ കൂട്ടുകെട്ട് ബലഹീനരായ പൗരസമൂഹത്തെ ഭയചകിതരാക്കുന്നു. വ്യാജമാധ്യമങ്ങള്‍ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. അധികാരത്തിലും സ്ഥാപനങ്ങളിലും മാധ്യമപ്രവര്‍ത്തകരിലും ജനത്തിനു വിശ്വാസം നഷ്ടമാകുന്നു. (സഭാനേതൃത്വത്തെയും ഒഴിവാക്കാനാകില്ല!)

തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് ഒരാകുലതയേയുള്ളൂ. തിരഞ്ഞെടുപ്പില്‍ ചിലവഴിച്ച വന്‍തുക തിരിച്ചെടുക്കണം. അതിനാല്‍ അവര്‍ തങ്ങളുടെ സമയത്തില്‍ പകുതിയും അടുത്ത തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ധനസമാഹരണത്തിനായി ചിലവാക്കുന്നു. ധനദാതാക്കള്‍, നിക്ഷിപ്തതാത്പര്യസംഘങ്ങള്‍ തുടങ്ങിയവരുമായി അടുത്തബന്ധം സൂക്ഷിക്കുന്നു. ബാക്കി സമയം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍, സാംസ്കാരികവും ധനപരവുമായ വരേണ്യര്‍ തുടങ്ങിയവരോടൊപ്പം ചിലവഴിക്കുന്നു. അതുകൊണ്ട് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ചിലവാക്കാന്‍ സമയമില്ല. ഇത്തരം നിക്ഷിപ്ത താത്പര്യ – വരേണ്യ സംഘങ്ങളാണ് സമൂഹത്തിന്‍റെ മൂല്യവ്യവസ്ഥകള്‍ക്കും ആശയങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും രൂപംനല്‍കുന്നത്. ജനാധിപത്യങ്ങള്‍ അതല്ലാതായി മാറുന്നു. വോട്ടുകള്‍ നേടുന്നതിനു തിരഞ്ഞെടുപ്പു വര്‍ഷങ്ങളില്‍ ഒരു കൃത്രിമ ഉത്തേജനം ഭരണസംഘങ്ങള്‍ ഉറപ്പാക്കുന്നു.

ഇന്ത്യയില്‍ ഇങ്ങനെയൊരു ഘട്ടത്തിലേയ്ക്കു നാം വന്നെത്തിയിരിക്കുകയാണ്. രാഷ്ട്രീയസംവിധാനങ്ങളെല്ലാം ഉപജാപങ്ങള്‍ക്കു വിധേയമാകുന്നു. ജനാധിപത്യമൂല്യങ്ങള്‍ മാനിക്കപ്പെടുന്നില്ല. പാര്‍ലിമെന്‍ററി സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തി. കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടേയും രോഷം രൂക്ഷമാകുന്നു. വികാരങ്ങളാണു വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത്.

പിന്നിലായിപ്പോകുന്നവരുടെ ദേഷ്യം മനസ്സിലാക്കാനാകുന്നതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 60% വളര്‍ച്ചയുണ്ടായി. അതായത്, 81,000 കോടിപതികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. 83% എംപി മാരും ഇവരില്‍പ്പെടുന്നു. കോടിപതികളാണ് 430 എംപിമാരും. അതേസമയം ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പകുതിയില്‍ താഴെ പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

ഇന്ത്യയിലെ വാണിജ്യ വരേണ്യവര്‍ഗം സുരക്ഷിതമായി നിക്ഷേപം നടത്താന്‍ പറ്റിയ മേഖലകള്‍ തേടുകയാണ്. ഒപ്പം വിഭവസ്രോതസ്സുകള്‍ ചൂഷണം ചെയ്യാനും കൂലികുറഞ്ഞ തൊഴിലാളികളെ ലഭിക്കാനുമുള്ള സാദ്ധ്യതകളും. അവര്‍ക്ക് സ്ഥലങ്ങള്‍ വേണം. ആദിവാസി ഭൂമിയും ദളിത് മേഖലകളുമാണു പിടിച്ചെടുക്കാന്‍ എളുപ്പം. വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ കഴിയുന്ന ശക്തമായ ഒരു കരമെന്ന നിലയില്‍ ഒരു ഫാസിസ്റ്റ് നേതാവിനെയാണ് അവര്‍ തേടുന്നത്. പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാത്ത പാവങ്ങളും തൊഴിലില്ലാത്തവരും ആഗ്രഹിക്കുന്നത് അവരുടെ അടിയന്തിരാവശ്യങ്ങള്‍ പരിഗണിക്കുന്ന ഭരണാധികാരികളെയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്വതന്ത്രമാധ്യമങ്ങള്‍ക്കും വിമര്‍ശകര്‍ക്കുമെതിരെ വ്യാജ ഏറ്റുമുട്ടലുകളും റെയിഡുകളും കള്ളക്കേസുകളും പോലുള്ള സ്വേച്ഛാധിപത്യ സര്‍ക്കാരിന്‍റെ നടപടികളെ അവര്‍ എതിര്‍ക്കുകയില്ല.

ഇന്ത്യയില്‍ ഇതെല്ലാം മറ്റൊരു മാനം കൂടി സ്വീകരിക്കുന്നുണ്ട്. പാശ്ചാത്യലോകത്തെ മതേതര ഫാസിസങ്ങളില്‍ നിന്നു ഭിന്നമായി ഇന്ത്യന്‍ ഫാസിസം ഭൂരിപക്ഷസമുദായത്തിന്‍റെ മതഭക്തിയെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നു. അധികാരം ശക്തിപ്പെടുത്താനും വ്യാപകമാക്കാനും നിഗൂഢമായ വിധത്തില്‍ സ്വാധീനങ്ങള്‍ ചെലുത്താനും മതത്തെ ഉപയോഗിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ഗുരുതരമായിരിക്കും. ഗോരക്ഷകര്‍, അക്രമികളായ ആള്‍ക്കൂട്ടങ്ങള്‍, ആള്‍ദൈവങ്ങള്‍, ഭൂമി പിടിച്ചെടുക്കുന്ന കോര്‍പറേറ്റുകള്‍, കണ്ണടച്ചു നില്‍ക്കുന്ന പോലീസുദ്യോഗസ്ഥര്‍, വിഷം തുപ്പുന്ന മൗലികവാദികള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന ആള്‍ക്കൂട്ടാക്രമണങ്ങള്‍ അജ്ഞാത ക്രമസമാധാനപ്രശ്നങ്ങളായും അതു ചെയ്യുന്നവര്‍ തിരിച്ചറിയാനാകാത്തവരായും വിശേഷിപ്പിക്കപ്പെടും.

ഭരണനയങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതില്‍ വോട്ടര്‍മാര്‍ക്കു തുടക്കത്തില്‍ രോഷമുണ്ടാകും. ആ നിരാശയില്‍ മടുത്ത്, സ്വയം അശക്തരായി തോന്നുന്ന ജനക്കൂട്ടം ഒടുവില്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന, ജനവികാരമിളക്കുന്ന, മൈതാനപ്രസംഗകനായ ഒരു നേതാവിനു കീഴ്പ്പെടും.

ഇന്ത്യയില്‍ ഫാസിസ്റ്റുകളുടേത് ഒരു ദീര്‍ഘകാലതന്ത്രമാണ്. ഭരണഘടനാപ്രകാരമുള്ള അധികാരങ്ങളുടെ വേര്‍തിരിവിനെ ദുര്‍ബലപ്പെടുത്തുന്നു. പ്രത്യേക നിയമനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ജുഡീഷ്യറിയെ നിയന്ത്രിക്കുക, ഹിന്ദുത്വവാദികളെ സര്‍വ്വകലാശാലകളില്‍ നിയമിക്കുക, വളച്ചൊടിച്ച വസ്തുതകളും ദുര്‍വ്യാഖ്യാനങ്ങളും നിറച്ച പാഠപുസ്തകങ്ങള്‍ പുറത്തിറക്കുക, മാധ്യമങ്ങളെ ഭരണകക്ഷിയുടെ വരച്ച വരയില്‍ നിറുത്തുക, വോട്ട് നേടുന്നതിനും നികുതിരഹിതമായ ധനനിക്ഷേപങ്ങള്‍ നടത്തുന്നതിനും ആള്‍ദൈവങ്ങളെ വളര്‍ത്തുക തുടങ്ങിയവയെല്ലാം ഇതിനായി ചെയ്യുന്നു. ദുര്‍ബലവിഭാഗങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നതിനുള്ള പദ്ധതികളും ഇവര്‍ ആവിഷ്കരിക്കുന്നു. ഉദാഹരണത്തിനു മുസ്ലീങ്ങള്‍ വ്യാപരിക്കുന്ന ബീഫ് കച്ചവട മേഖല, ക്രൈസ്തവരുടെ റബര്‍, ആദിവാസികളുടെ സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കുന്നു. അതേസമയം ബീഫ് കയറ്റി അയക്കുന്ന വന്‍കിട ഹിന്ദു, ജെയിന്‍ കച്ചവടക്കാര്‍ക്കു വലിയ വളര്‍ച്ചയും ഉണ്ടാകുന്നു.

ദുര്‍ബലവിഭാഗങ്ങളിലെ തൊഴില്‍ രഹിത യുവജനങ്ങളാണ് ഇതിന്‍റെയെല്ലാം യഥാര്‍ത്ഥ ഇരകള്‍. പട്ടാളക്കാരെ വാഴ്ത്തുക, അതിര്‍ത്തികളിലെ സംഘര്‍ഷങ്ങളെ അതിശയോക്തിവത്കരിക്കുക, സൈനികമേധാവികള്‍ കൂടെക്കൂടെ പ്രസ്താവനകള്‍ നടത്തുക എന്നിങ്ങനെയൊക്കെ ചെയ്ത് ഒരു ജിം ഗോയിസ്റ്റിക് രാജ്യമായി ഇതിനെ മാറ്റാനാണു ശ്രമം. സൈനികവത്കരിക്കപ്പെട്ട ഒരു ഹിന്ദുരാഷ്ട്രം എന്ന സവര്‍ക്കറുടെ സ്വപ്നമാണ് സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്. ആളുകളില്‍ ഉത്കണ്ഠ വളരുമ്പോള്‍ സര്‍ക്കാരിനു പൂര്‍ണ നിയന്ത്രണം കൈവരികയാണ്.

ജനവികാരമുണര്‍ത്തി നേതാക്കളാകുന്നവര്‍ വിജയിക്കുകയും വീണ്ടും വിജയിക്കുകയും ചെയ്യുന്ന ഏതാണ്ട് എല്ലാ കേസുകളിലും അവര്‍ തങ്ങളുടെ എതിരാളികള്‍ക്കിടയില്‍ വലിയ പിളര്‍പ്പുകളുണ്ടാക്കിയാണ് അതു കരസ്ഥമാക്കാറുള്ളതെന്ന് ഗ്രന്ഥകാരനായ യാഷാ മോങ്ക് എഴുതിയിട്ടുണ്ട്. ഹംഗറിയിലും തുര്‍ക്കിയിലും അമേരിക്കയിലും പോളണ്ടിലും ഇന്ത്യയിലുമെല്ലാം ഇതു തന്നെയാണു നടന്നത്. പ്രതിപക്ഷകക്ഷികള്‍ ദേശീയതാത്പര്യം മുന്‍നിറുത്തിയുള്ള ഐക്യത്തിനു വേണ്ടി യത്നിക്കുന്നില്ല. പണമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്നു വരുന്നു. വന്‍ വ്യവസായികള്‍ക്കെല്ലാം അവരുടെ കൈപ്പിടിയില്‍ രാഷ്ട്രീയഭീമന്മാരുണ്ട്. അവരുടെ പ്രതിച്ഛായ ഒരു പ്രശ്നമല്ല. ബിജെപിയുടെ പണത്തിന്‍റെ 90 ശതമാനവും കോര്‍പറേറ്റുകളില്‍ നിന്നുള്ളതാണെന്നു പണ്ടു പ്രമോദ് മഹാജന്‍ പറഞ്ഞിട്ടുള്ളതാണ്.

അഴിമതി കണ്ടു വലയുന്ന ജനം ഒടുവില്‍ പറുദീസകള്‍ വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥിതിവിരുദ്ധരായ ഒറ്റയാന്മാരെ തിരഞ്ഞെടുക്കുന്നു. നിസ്സഹായതയില്‍ നിന്നാണ് ജനം ഇത്തരം കരുത്തര്‍ക്കു വഴങ്ങുന്നത്. പക്ഷേ അധികാരത്തിലെത്തി കഴിഞ്ഞാല്‍ ഇവര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നു.

രാഷ്ട്രീയമെന്നാല്‍ സാമൂഹ്യനിര്‍മ്മാണമെന്നതിനേക്കാള്‍ അധികാരത്തിന്‍റെ പങ്കുവയ്പും ഉപകാരവിതരണവും പണം വെളുപ്പിക്കലും ജനപ്രീണനവുമായി മാറുന്നു.വോട്ടര്‍മാരേക്കാള്‍ ധനദാതാക്കള്‍ക്കാണു പരിഗണന. ശക്തി ചോര്‍ത്തപ്പെട്ട പാര്‍ട്ടികളും രാഷ്ട്രീയസഖ്യങ്ങളുമാണ് ഉണ്ടാകുക. ഒടുവില്‍ ഗവണ്‍മെന്‍റുകള്‍ തന്നെ ശക്തിയില്ലാത്തവയായി മാറുന്നു. ഇത്രയും ദുരിതമൊക്കെ അനുഭവിച്ചിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം ബലഹീനമായ ഒരു മുന്നണിക്കെതിരെ വോട്ടു ചെയ്തതിന്‍റെ കാരണങ്ങള്‍ ഇതൊക്കെയാണ്.

അയഥാര്‍ത്ഥ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ജനപ്രീണന നേതാക്കള്‍ക്കു മടിയില്ല. ചിലവു നോക്കാതെ, ഭാരം ആരു വഹിക്കുമെന്നതു പരിഗണിക്കാതെ വാഗ്ദാനങ്ങള്‍ നല്‍കാനും പദ്ധതികള്‍ തുടങ്ങാനും ജനപ്രീണന നേതാക്കള്‍ മടിക്കില്ല. ആത്യന്തികമായി ഇതിനു വില കൊടുക്കുന്നതു രാജ്യമായിരിക്കും, ശരാശരി മനുഷ്യരായിരിക്കും. ഓരോ നയങ്ങളും മറ്റു നയങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണു വസ്തുത.

തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പു കഴിഞ്ഞും എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്നതു കണക്കു കൂട്ടുന്നവരായിരിക്കും മനഃസാക്ഷിയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍. ആത്യന്തികമായി വിജയിക്കേണ്ടതു രാജ്യമാണ്, പാര്‍ട്ടികളല്ല. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഇതേ ഉത്തരവാദിത്വമുണ്ടെങ്കില്‍ അവ ബുദ്ധിപരമായതും നന്നായി പഠിച്ചു രൂപപ്പെടുത്തിയതുമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കും. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി പദ്ധതികള്‍ തടസ്സപ്പെടുത്തുന്നവരായിരിക്കില്ല അവര്‍.

ചുരുക്കത്തില്‍, അതിദ്രുതം മാറുന്ന ഒരു സാഹചര്യത്തില്‍ നിസ്സഹായതയുടെ ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണു നമ്മള്‍. ധനമാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു പറഞ്ഞിട്ടുണ്ട്. "പണമാണ് അധികാരത്തില്‍! പണമാണ് നിയമങ്ങളുണ്ടാക്കുന്നത്!" (ഒസ്സര്‍വത്തോരെ റൊമാനോ 25.1.2013) സമൂഹത്തിലാകെ പ്രവര്‍ത്തിക്കുന്ന ഈ മനശ്ശാസ്ത്ര-സാമൂഹ്യശക്തികള്‍ അതിനുള്ളിലുള്ള എല്ലാവരേയും ബാധിക്കുന്നു. സഭയേയും. എല്ലാവരും ഒരേ ഡിഎന്‍എ പങ്കുവയ്ക്കുന്നവരാണ്. അതുകൊണ്ടാണു പാപ്പാ ആവശ്യപ്പെടുന്നത്, "പണം സേവിക്കുകയാണു വേണ്ടത്, ഭരിക്കുകയല്ല!"

1980-കളില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റുകളും സമൂലമായി മാറിയല്ലോ. ചൈനീസ് ജനത അധിവസിക്കുന്ന സിംഗപ്പൂര്‍ വിപണി സമ്പദ്വ്യവസ്ഥയില്‍ പുരോഗതി നേടിയതായി ഡെംഗ് സിയാവോ പിംഗ് കണ്ടു. ചൈനയിലെ പ്രശ്നങ്ങള്‍ക്ക് ഇതൊരു പരിഹാരമാകുമെന്ന് അദ്ദേഹം കരുതി. മാവോ യുഗത്തിന്‍റെ മടുപ്പിക്കുന്ന അസൗകര്യങ്ങളില്‍ നിന്നു ജനങ്ങളും മാറ്റമാഗ്രഹിച്ചിരുന്നു. ഡെംഗ് യുവതലമുറയില്‍ ആവേശമുണ്ടാക്കുകയും അവര്‍ തങ്ങള്‍ക്കും രാഷ്ട്രത്തിനുമായി സമ്പത്തുണ്ടാക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. സമ്പന്നരാകുന്നതു മഹത്തരമാണെന്നായിരുന്നു ഡെംഗിന്‍റെ പ്രഖ്യാപനം. പണമുണ്ടാക്കുന്നത് ആവേശകരമാണ്. പ്രലോഭിപ്പിക്കുന്നതാണ്. ഇതാണു വരേണ്യവിഭാഗത്തിന്‍റെ നിലപാട്. ഈ ബോധനശാസ്ത്രമാണ് മോദിയും പിന്തുടരുന്നത്. പാവപ്പെട്ടവരെ ഇതില്‍ പരിഗണിക്കുന്നില്ല. വിപണിയുടെ പ്രത്യയശാസ്ത്രം സമൂഹത്തിന്‍റെ സംഘാതമനസ്സിലേയ്ക്കു കടന്നു കയറുന്നു എന്നതാണ് അപകടം. അതു സംഭവിച്ചു കഴിഞ്ഞു.

വ്യക്തികളുടെ ആര്‍ത്തി പ്രോത്സാഹിപ്പിക്കുകയും നിലനിറുത്തുകയും ചെയ്താല്‍ അതു മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ അളവു വര്‍ദ്ധിപ്പിക്കുമെന്നും സമൂഹത്തിനാകെ ഗുണകരമായി മാറുമെന്നും ഉള്ള തത്വത്തിന്‍റെ അടിസ്ഥാനത്തിലാണു മുതലാളിത്ത പ്രത്യയശാസ്ത്രം പടുത്തുയര്‍ത്തിയിരിക്കുന്നത്.

ഇതിനിടയില്‍ അരികുവത്കരിക്കപ്പെടുന്നവരെ അവഗണിക്കുക, ഉപേക്ഷിക്കുക എന്നതാണു വിപണി ചെയ്യുന്നത്. അപരനോടുള്ള അവഗണന, ഉദാസീനത! ഉദാസീനതയുടെ ഈ ആഗോളവത്കരണത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിജയികളുടെ ഈ ഉദാസീനതയ്ക്കെതിരെ വലിയ രോഷമുണ്ടാകും. ആഗോളതലത്തിലുള്ള ഈ രോഷം ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്.

ഈ സാഹചര്യത്തിലാണ് സുവിശേഷം ഇവിടെ ഏറ്റവും ആവശ്യമായിരിക്കുന്നത്. പുതിയൊരു ഗണം മൂല്യങ്ങള്‍ ഇവിടെ വരണം. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായി മാര്‍പാപ്പ ഒപ്പുവച്ച രേഖയില്‍ മാനവസാഹോദര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും നന്മയുടെയും സൗന്ദര്യത്തിന്‍റേയും മൂല്യങ്ങളെ വീണ്ടെടുക്കാന്‍ ലോകത്തെ ബുദ്ധിജീവികളോടും തത്ത്വചിന്തകരോടും മതനേതാക്കളോടും കലാകാരന്മാരോടും മാധ്യമപ്രവര്‍ത്തകരോടും ആഹ്വാനം ചെയ്യുന്നുണ്ട്. (ഒസ്സര്‍വത്തോരെ റൊമാനോ 8.2.19). വിപണിമൂല്യങ്ങള്‍ മാനവീകമൂല്യങ്ങള്‍ക്കും സുവിശേഷാത്മകമൂല്യങ്ങള്‍ക്കും വഴിമാറണം.

ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്കു പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനു നായകത്വം വഹിക്കാന്‍ ഇറ്റാലിയന്‍ മെത്രാന്മാരെ അഭിസംബോധന ചെയ്യുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. മാനവികപ്രശ്നങ്ങള്‍ക്കു സുവിശേഷ പ്രചോദിതമായ പരിഹാരങ്ങള്‍ കൊണ്ടു വരിക എന്നതാണ് സുവിശേഷവത്കരണം. സത്യത്തിലേയ്ക്ക് ആളുകളെ നയിക്കുകയും പൊതുജനാഭിപ്രായത്തെ ബോധവത്കരിക്കുകയും ചെയ്യുന്നതാണു സത്യാഗ്രഹമെന്നു മഹാത്മാഗാന്ധി നിര്‍വചിച്ചിട്ടുണ്ട്. സുവിശേഷപ്രവര്‍ത്തകരുടെയും ദൗത്യം അതു തന്നെ.

സുവിശേഷവത്കരണം ആരംഭിക്കുന്നത് അവനവനില്‍ തന്നെയാണ്. പുതിയൊരു ഗണം മൂല്യങ്ങള്‍ നമ്മുടെ ആന്തരീക ലോകത്തെ ഏറ്റെടുക്കണം. വേദനയുടെ, പ്രശ്നത്തിന്‍റെ, ആകുലതയുടെ ഒരു നിമിഷത്തിലാണ് ഇതു പലപ്പോഴും സംഭവിക്കുക. "പ്രതിസന്ധിയില്ലാതെ വളര്‍ച്ചയില്ല" എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ സഹസന്യാസികളായ ഈശോസഭാംഗങ്ങളോടു സംസാരിക്കുമ്പോള്‍ പറയുകയുണ്ടായി. നിരന്തരമായ വെട്ടിയൊതുക്കലും പോരാട്ടവും ആവശ്യമാണ്.

ഇതിനു മനോഭാവം മാറണം. വിപണിയുടെ തത്വശാസ്ത്രങ്ങള്‍ സഭയെയും സ്വാധീനിച്ചിട്ടുണ്ടാകാം. സ്ഥാപനങ്ങളും ഘടനകളും ഭരണവും ഒക്കെ ദീര്‍ഘകാലമായി നടത്തി വരുന്നവരെ ഇതു ബാധിക്കാതിരിക്കില്ല. അമേരിക്കന്‍ മെത്രാന്മാര്‍ക്കെഴുതിയ കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങളെ നേരിടുന്നതില്‍ പുതിയ ആഭിമുഖ്യങ്ങളും ശൈലികളും വേണം എന്നാണു പാപ്പാ ആവശ്യപ്പെട്ടത്. കര്‍ക്കശമായ പുതിയ ഉത്തരവുകളോ പുതിയ കമ്മിറ്റികളോ അല്ല ആവശ്യം. ശക്തമായ വാക്കുകളായിരുന്നു പാപ്പയുടേത്.

സഭയുടെ മിഷന്‍ എന്നത് വെറും ഭരണപരമോ സംഘടനാപരമോ ആയ പ്രവൃത്തിയല്ല. ബന്ധങ്ങള്‍ വളര്‍ത്തുകയും ഇടങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനുള്ള കഴിവു വികസിപ്പിച്ചുകൊണ്ടു മാത്രമേ ലോകസാഹചര്യത്തില്‍ മാറ്റം വരുത്താനാകൂ. ബന്ധങ്ങള്‍ വളര്‍ത്തുക എന്നു പറയുന്നതു ശ്രദ്ധിക്കൂ. ഇന്നു ഏറ്റവും വിസ്മരിക്കപ്പെടുന്ന ഒരു കല. ഉദാസീനതയ്ക്കോ നിസംഗതയ്ക്കോ ഇവിടെ സ്ഥാനമില്ല. ജനങ്ങളെ ഒന്നിച്ചു കൂട്ടാനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കുകയാണു നമ്മുടെ ഭാവി.

മനോഭാവത്തിലും പ്രവര്‍ത്തനശൈലിയിലും ഉള്ള മാറ്റം ആണു ഏറ്റവും പ്രധാനം. "നാം പ്രാര്‍ത്ഥിക്കുന്ന ശൈലി, അധികാരവും പണവും ഉപയോഗിക്കുന്ന വിധം, പരസ്പരവും ചുറ്റുമുള്ള ലോകവുമായും ബന്ധപ്പെടുന്ന ശൈലി." ഓരോ വാക്കും ആലോചിച്ചുറപ്പിച്ചു പ്രയോഗിച്ചിരിക്കുന്നതാണ്. ജനത്തിന്‍റെ ചരിത്രത്തില്‍ ദൈവികസാന്നിദ്ധ്യത്തെ വിവേചിച്ചറിയാനാണ് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടത്. അതായത്, സമകാലിക സംഭവവികാസങ്ങളില്‍ ദൈവികപദ്ധതി നടപ്പാകുന്നത് അറിയുക.

സ്വയം ഇരയായി കാണുന്നതിനേയും താഴ്ത്തിക്കെട്ടുന്നതിനേയും പാപ്പാ വിമര്‍ശിക്കുന്നുണ്ട്. ഇരവാദം വേറൊരു തരത്തിലുള്ള അധികാരപ്രഖ്യാപനമാണെന്നു സാമൂഹ്യശാസ്ത്രജ്ഞ വീണ ദാസ് എഴുതിയിട്ടുണ്ട്. ഞങ്ങള്‍ സഹിച്ചിട്ടുള്ളതുകൊണ്ട് നിങ്ങളുടെ മേല്‍ സഹനമേല്‍പിക്കാന്‍ ഞങ്ങള്‍ക്കവകാശമുണ്ട് എന്ന വാദം. ഇതിനു സുവിശേഷവുമായി യാതൊരു ബന്ധവുമില്ല. ഇന്നത്തെ ലോകത്തില്‍ ഇതാണ് ഏറ്റവും ശക്തമായ അധികാരപ്രഖ്യാപനമായി വരുന്നത്. ഭൂമിയിലെ വന്‍ശക്തികള്‍ പോലും സ്വയം പ്രതിരോധിക്കാന്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നു.

കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. മന്ദമാരുതനില്‍ ആയിരുന്നു അവിടുന്ന്. കൊടുങ്കാറ്റുകളെ കടന്നുപോകാന്‍ അനുവദിക്കുക. ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും പ്രതികാരം ചെയ്യാതിരിക്കുക. മറിച്ചു സംഭാഷണത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാകുക. വിജയമോ കൈയ്യടിയോ നേടാനല്ല ഇത്, മറിച്ച് എല്ലാവര്‍ക്കും പ്രയോജനകരമായ പരിഹാരങ്ങള്‍ കണ്ടെത്താനാണ്. അതിനാണു ഭാവിയുള്ളത്. എല്ലാ കാര്യങ്ങളിലും കൂടുതല്‍ മാനവീകതയും സുവിശേഷാത്മകതയും ഉള്ളവരായിരിക്കുക എന്നതാണു പ്രധാനം.

ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും ആത്മവിമര്‍ശനത്തെ ശക്തമായി പ്രോത്സാഹിപ്പിച്ചിരുന്നു. ആരോഗ്യകരമായ ആത്മവിമര്‍ശനം പരാജയപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ബാഹ്യവിമര്‍ശനം കരുത്താര്‍ജിക്കുന്നതും വിഷലിപ്തമാകുന്നതും. വൈദികാധിപത്യത്തിനും ഉദ്യോഗസ്ഥശൈലികള്‍ക്കും എന്നും എതിരായിരുന്നു മാര്‍പാപ്പ. സഭാനേതാക്കളുടെ ഭാഗത്തു നിന്നുള്ള ഉദ്യോഗസ്ഥമേധാവിത്വശൈലികള്‍ക്കും സംവിധാനങ്ങളുടെ വഴക്കമില്ലായ്മയ്ക്കുമെതിരെ പാപ്പ 'സുവിശേഷത്തിന്‍റെ സന്തോഷത്തില്‍' എഴുതിയിട്ടുണ്ട്. ഭരണസമീപനം അജപാലനസമീപനത്തിനു മുകളിലാകരുത്. മാര്‍പാപ്പ പറയുന്നത് ഇടവകസംവിധാനങ്ങളെക്കുറിച്ചാണെങ്കിലും ഇന്ത്യയില്‍ സഭാസ്ഥാപനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ പാപ്പാ സൂചിപ്പിക്കുന്ന അപകടം ഇവിടെ പതിന്മടങ്ങായിട്ടുണ്ട്.

സ്ഥാപനങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. സേവനത്തിനുള്ള ഉപകരണങ്ങളും സംഭാഷണത്തിനുള്ള ഇടങ്ങളുമാണ് അവ. മാനവകുലത്തിനുള്ള നമ്മുടെ സന്ദേശത്തെ അതിലൂടെ ഉയര്‍ത്തിക്കാണിക്കാനും കഴിയും. പക്ഷേ അധികാരത്തിന്‍റെയും പദവിയുടെയും സമ്പത്തിന്‍റെയും ഒക്കെ ഒരു പ്രതിച്ഛായയാണ് സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതെങ്കില്‍, സാധാരണക്കാരനോടുള്ള ഉദാസീനതയാണു പുലര്‍ത്തുന്നതെങ്കില്‍, ചുറ്റുപാടുകളുടെ ആകുലതകളെ കുറിച്ച് നിസംഗമാണെങ്കില്‍ സ്ഥാപനങ്ങള്‍ കുഴപ്പങ്ങളിലെത്താനുള്ള സാദ്ധ്യതയുണ്ട്. കുഴപ്പങ്ങള്‍ മാറ്റത്തിലേയ്ക്കുള്ള ക്ഷണപത്രങ്ങളാണു വാസ്തവത്തില്‍.

"പരിക്കേറ്റ, ദ്രോഹിക്കപ്പെടുന്ന, മലിനമാക്കപ്പെട്ട ഒരു സഭയെയാണു, സ്വന്തം സുരക്ഷയോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന സഭയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്," എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങളില്‍ അഭിരമിക്കാന്‍, വ്യാജസുരക്ഷയുടെ ഘടനാസംവിധാനങ്ങളില്‍ തൃപ്തരായിരിക്കാന്‍, മറ്റുള്ളവരെ രൂക്ഷമായി വിധിക്കുന്ന ചട്ടങ്ങള്‍ക്കുള്ളില്‍ അടച്ചിരിക്കാന്‍ സഭാപ്രവര്‍ത്തകര്‍ക്കു കഴിയുന്നതു തനിക്കു മനസ്സിലാക്കാനാകുന്നില്ലെന്നും പാപ്പാ പറയുന്നു.

സുവിശേഷപ്രവര്‍ത്തനത്തില്‍ നമുക്കേറ്റവും ആവശ്യമുള്ളത് ബന്ധമാണ്. പിതാവും ഞാനും ഒന്നായിരിക്കുന്നതു പോലെ, ഞാന്‍ പിതാവിലും പിതാവ് എന്നിലും ആയിരിക്കുന്നതു പോലെ, പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ എന്നെല്ലാം ബൈബിളില്‍ ഉണ്ടല്ലോ. അന്ത്യ അത്താഴവേളയിലെ വാക്യങ്ങളെല്ലാം ബന്ധങ്ങളെക്കുറിച്ചുള്ള ഗാഢമായ പരാമര്‍ശങ്ങളാണ്. ഊഷ്മളമായ ഹൃദയബന്ധത്തിന്‍റെ ഈ സാഹചര്യത്തിലാണ് യേശുവിന്‍റെ ഓരോ നോക്കും വാക്കും സ്പര്‍ശനവും കണ്ണീരും നെടുവീര്‍പ്പും മൗനം പോലും വലിയ വ്യത്യാസമുണ്ടാക്കുന്നത്. തന്‍റെ ശിഷ്യഗണത്തില്‍ പെടാത്തവരേയും യേശു ക്ഷണിക്കുന്നത് ഈ ബന്ധത്തിലേയ്ക്കാണ്. നാം യേശുവിനു സ്വന്തമായിരിക്കുന്നു, പരസ്പരവും സ്വന്തമായിരിക്കുന്നു. ഈ സ്വന്തമാകലിലേയ്ക്കുള്ള ക്ഷണമാണ് സുവിശേഷവത്കരണം. പരസ്പരം ഗൗരവമായി വിയോജിക്കുമ്പോഴും നാം പരസ്പരം സ്വന്തമാണ്. സ്വന്തമെന്ന ഈ ബോധം വളര്‍ത്തിയെടുക്കാനാണ് എപ്പോഴും സമൂഹത്തിന്‍റെ അരികുകളിലേയ്ക്കു പോകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നത്. ഗ്രാമങ്ങള്‍, ചേരികള്‍, വിസ്മരിക്കപ്പെട്ട ഫ്ളാറ്റുകള്‍, പാര്‍പ്പിടങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക്. മനുഷ്യരെ, തകര്‍ന്ന കുടുംബങ്ങളെ, സ്ത്രീകളെ, കുട്ടികളെ, ഒരേ ജോലി ചെയ്യുന്ന അജപാലകരെ, അക്രമോത്സുകരായ യുവജനങ്ങളെ, സഭ വിട്ടു പോയവരെ, പണ്ഡിതരെ, സത്യാന്വേഷകരെ, സഭയുടെ കടുത്ത വിമര്‍ശകരെ ഒക്കെ പോയി കാണുകയും സംസാരിക്കുകയും ബന്ധങ്ങളുണ്ടാക്കുകയും വേണം.

ഇതേ ലക്ഷ്യത്തോടെ വേണം നാം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. തിരുനാളുകള്‍, ധ്യാനങ്ങള്‍, കുടുംബയോഗങ്ങള്‍, സംഘടനാ സമ്മേളനങ്ങള്‍ എന്നിവയെല്ലാം. സാങ്കേതികവിദ്യയും മാനേജ്മെന്‍റ് വൈദഗ്ദ്ധ്യങ്ങളും സംഘടനാമികവുകളും ഒക്കെയുണ്ടാകാമെങ്കിലും സുവിശേഷസന്ദേശം ഫലപ്രദമായി കൈമാറപ്പെടുന്നത് ഊഷ്മളമായ വ്യക്തിബന്ധങ്ങളില്‍ മാത്രമായിരിക്കും. അതുകൊണ്ടാണ് നമ്മുടെ ശക്തമായ ഭരണസംവിധാനങ്ങളുടെയും വന്‍ സ്ഥാപനങ്ങളുടെയും കൂറ്റന്‍ സമ്മേളനങ്ങളുടെയുമെല്ലാം ഇടയിലും നാം വ്യക്തിപരമായ പരിചയപ്പെടലുകള്‍ക്കും പങ്കുവയ്ക്കലുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും സാക്ഷ്യങ്ങള്‍ക്കും സാഹചര്യമൊരുക്കേണ്ടതുള്ളത്. ഉദാസീനതയെ നാം തുടച്ചു നീക്കണം.

അനുനയത്തിന്‍റെ വൈദഗ്ദ്ധ്യം നാം വളര്‍ത്തിയെടുക്കണം. സുവിശേഷവത്കരണത്തിലും അജപാലനത്തിലും ഇതു ആവശ്യമാണ്. വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുത്. കത്തോലിക്കാവിശ്വാസമോ ക്രൈസ്തവപാരമ്പര്യങ്ങളോ ഉപേക്ഷിച്ചു പോയവരെ കുറിച്ചു നിഷേധാത്മക ചിന്തകള്‍ പോലും പുലര്‍ത്തരുത്. വിനയത്തോടെ പഠിപ്പിക്കുക. ജനത്തെ ദൈവത്തിലേയ്ക്കു സ്നേഹത്തോടെ കൊണ്ടുവരിക. പുതിയ ആശയങ്ങളോടും ചിന്തകളോടും തുറവിയുള്ളവരായിരിക്കുക. നമ്മെ ഏറ്റവും ആവശ്യമായിരിക്കുന്നിടത്തു സ്വയം സംലഭ്യരാകാന്‍ തയ്യാറായിരിക്കുക, വാക്കിലും കര്‍മ്മത്തിലും സ്നേഹത്തിലും നമുക്കുള്ള ഏറ്റവും മികച്ച ഉത്തരങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org