Latest News
|^| Home -> Cover story -> പുരോഗതിയും സന്തോഷവും വിശ്വാസത്തില്‍

പുരോഗതിയും സന്തോഷവും വിശ്വാസത്തില്‍

Sathyadeepam

കൊല്ലം രുപതയുടെ അദ്ധ്യക്ഷനായി, ജൂണ്‍ 3-ന് അഭിഷിക്തനാകുകയാണ് ബിഷപ് പോള്‍ ആന്‍റണി മുല്ലശ്ശേരി. 1960-ല്‍ കുണ്ടറ, കാഞ്ഞിരകോട് ഇടവകയിലാണ് അദ്ദേഹത്തിന്‍റെ ജനനം. (ഇപ്പോള്‍ കൈതാകോടി). വൈദികവിദ്യാര്‍ത്ഥികളാകാന്‍ സാദ്ധ്യതയുള്ള കുട്ടികളെ ഇടവകകളില്‍ നിന്നു തിരഞ്ഞെടുത്ത് സവിശേഷപരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ബിഷപ് ജെറോം സ്ഥാപിച്ച അപ്പസ്തോലിക് സ്കൂളില്‍ നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ ചേര്‍ന്നയാളാണ് ബിഷപ് മുല്ലശ്ശേരി. പത്താം ക്ലാസിനു ശേഷം രൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവ സെമിനാരിയിലായിരുന്നു തുടര്‍ പഠനം. പുരോഹിതനായതിനു ശേഷം റോമില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

രൂപതയിലെ നിരവധി ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു. കൂടാതെ, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി, സെമിനാരി റെക്ടര്‍, പ്രൊഫസര്‍, പ്രോ. വികാരി ജനറല്‍, വികാരി ജനറല്‍ എന്നിങ്ങനെ ഏതാണ്ട് എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ചു നേടിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം രൂപതാഭരണത്തിലേയ്ക്കു വരുന്നത്.

ബിഷപ് മുല്ലശ്ശേരിയുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? കേരളത്തില്‍ ഏറ്റവും ദീര്‍ഘമായ ചരിത്രവും പാരമ്പര്യവുമുള്ള രൂപതകളിലൊന്നാണല്ലോ കൊല്ലം. അതിന്‍റെ നേതൃത്വ ത്തിലേയ്ക്കു നിയമിക്കപ്പെടുമ്പോള്‍ എന്താണു തോന്നുന്നത്?
വലിയ പിതാക്കന്മാര്‍ രൂപപ്പെടുത്തിയെടുത്ത ഒരു രൂപതയാണിത്. ബെന്‍സിഗര്‍ പിതാവിന്‍റെ സംഭാവനകളാണ് ഏറ്റവും ശ്രദ്ധേയം. ആധുനിക കൊല്ലം രൂപതയ്ക്കു വേണ്ടിയുള്ള ഏറ്റവും കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയത് അദ്ദേഹമാണ്. ചങ്ങനാശേരി അതിരൂപതയുടെ ബെര്‍ക്കുമാന്‍സ് കോളേജ് സ്ഥാപിക്കാന്‍ സഹായിച്ചുകൊണ്ട് കൊല്ലം രൂപതയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പഠിക്കാന്‍ അദ്ദേഹം സൗകര്യമൊരുക്കിയിരുന്നു. അന്നു കൊല്ലത്ത് കോളേജ് സ്ഥാപിക്കാനുള്ള സാഹചര്യമില്ലായിരുന്നു. പക്ഷേ ചങ്ങനാശേരിയിലേക്ക് അധികം പേര്‍ പഠിക്കാന്‍ പോകുന്നില്ലെന്നു കണ്ട് ബിഷപ് ജെറോം കൊല്ലത്തു തന്നെ ഫാത്തിമാ കോളേജ് സ്ഥാപിച്ചു. ബിഷപ് ബെന്‍സിഗറിന്‍റെ കാലത്താണല്ലോ പുനരൈക്യം സംഭവിച്ചത്. ഇവിടത്തെ ചാപ്പലാണ് അതിനു വേദിയായത്. കൊല്ലം രൂപതയുടെ ഭാഗമായിരുന്ന മലങ്കര കത്തോലിക്കരെ പുതിയ മലങ്കര രൂപതകളില്‍ ചേര്‍ക്കാന്‍ താത്പര്യമെടുത്തത് കൊല്ലം മെത്രാന്മാര്‍ തന്നെയായിരുന്നു. അങ്ങനെ റീത്തുകളുടെ വളര്‍ച്ചയ്ക്കും കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയ പാരമ്പര്യമാണ് കൊല്ലം രൂപതയ്ക്കുള്ളത്.

? രൂപതയെ കുറിച്ചു പിതാവിന്‍റെ സ്വപ്നങ്ങളും പദ്ധതികളും എന്തൊക്കെയാണ്?
കര്‍ത്താവ് ആഗ്രഹിക്കുന്നതെന്തന്നറിഞ്ഞ് പ്രാര്‍ത്ഥനാപൂര്‍വം മുന്നോട്ടു നീങ്ങുകയാണ് പ്രധാനം. സ്റ്റാന്‍ലി പിതാവ് തുടങ്ങി വച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം. പിതാവ് തുടങ്ങിയ 20-20 പദ്ധതിയുണ്ട്. അതു 25-25 ആക്കി മുന്നോട്ടു കൊണ്ടു പോകണം. ഇടവകതിരുനാളുകളുടെ ചിലവു കുറച്ച് ആ ഇടവകകളില്‍ തന്നെ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതൊക്കെ ഇതിന്‍റെ ഭാഗമാണ്. ഫൊറോനകളില്‍ നിന്നു കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്കു പ്രത്യേക കോച്ചിംഗ് കൊടുക്കുന്ന പദ്ധതി, സിവില്‍ സര്‍വീസ് ട്രെയിനിംഗ് തുടങ്ങിയ പദ്ധതികളുമുണ്ട്. വിധവാകൂട്ടായ്മ, പ്രോലൈഫ് തുടങ്ങിയവയും നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. അതിനെയൊക്കെ പിന്തുണയ്ക്കണം.

? ആപ്തവാക്യം എന്താണ്?
ഫിലിപ്പിയര്‍ 1:25-ല്‍ നിന്നാണ്. ‘പ്രോഗ്രസ് ആന്‍ഡ് ജോയ് ഇന്‍ ദ ഫെയ്ത്ത്’ എന്നതാണത്. തുടങ്ങി വച്ച കാര്യങ്ങളെ കൂടുതല്‍ പുരോഗതിയിലേയ്ക്കു കൊണ്ടു പോകണം. സഭയില്‍ നിന്നു വിശ്വാസികള്‍ക്കു വേണ്ടത് സന്തോഷമാണ്. അതിനു വിശ്വാസം ആഴപ്പെടുത്തണം. ഇങ്ങനെയൊരു ചിന്തയാണ് ഈ വാക്യത്തില്‍ നിന്നുണ്ടാകുന്നത്.

? സഭൈക്യത്തെ കുറിച്ചു പറഞ്ഞല്ലോ. ഇപ്പോള്‍ ഈ രംഗത്തു ഗൗരവതരമായ പ്രശ്നങ്ങളൊന്നും കേരള കത്തോലിക്കാസഭയില്‍ ഇല്ലെങ്കില്‍ തന്നെയും കൂടുതല്‍ ഐക്യപ്പെടേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച്?
കൊല്ലം രൂപതയില്‍ ലത്തീന്‍ അല്ലാത്ത പള്ളികള്‍ കൂടുതലും ഉള്ളത് മലങ്കര സഭയുടേതാണ്. മലങ്കര പള്ളികളുമായി വളരെ ഐക്യത്തിലാണ് ഞങ്ങള്‍ പോകുന്നത്. കാതോലിക്കാ ബാവയും ഞാനും സഹപാഠികളുമാണ്. ചങ്ങനാശേരി അതിരൂപതയുമായും അടുപ്പം സൂക്ഷിക്കുന്നുണ്ട്. പണ്ട് പമ്പയാറിനു തെക്കു കൊല്ലത്തു താമസിച്ചിരുന്ന സീറോ മലബാറുകാരെല്ലാം കൊല്ലം രൂപതാംഗങ്ങളായിരുന്നല്ലോ.

? കേരളസഭയെ ആകെ നോക്കുമ്പോള്‍….
കാനോന്‍ നിയമം 111 ഉം 112 ഉം തമ്മിലുള്ള ചെറിയൊരു പ്രശ്നമുണ്ട്. ഇല്ലെന്നു പറയാന്‍ പറ്റില്ല. അതിനെ ആടുമോഷണം എന്നു തന്നെ പറയേണ്ടി വരും. തെറ്റായ ഒരു സവര്‍ണബോധം ഇവിടെയുണ്ട്. അതും ശരിയല്ല. ഇതു രണ്ടും സഭയുടെ ഐക്യത്തെ തകര്‍ക്കും.

? സവര്‍ണബോധം എങ്ങനെയാണു ബാധിക്കുന്നത്?
ഞങ്ങള്‍ കൂടിയവരും നിങ്ങള്‍ കുറഞ്ഞവരും എന്ന ഒരു സമീപനം സംഭാഷണത്തിലും പെരുമാറ്റത്തിലുമൊക്കെ കൊണ്ടു നടക്കുന്നവരുണ്ട്. കല്യാണക്കേസുകളില്‍ ഇതു ശരിക്കും പ്രതിഫലിക്കുന്നുണ്ട്. വിവാഹമോചനത്തിലേയ്ക്കു വരെ ഈ സവര്‍ണബോധം ആളുകളെ എത്തിക്കുന്നുണ്ട്. ദീര്‍ഘകാലം രൂപതാകോടതിയില്‍ കല്യാണക്കേസുകള്‍ നോക്കിയ ആളെന്ന നിലയില്‍ എനിക്കിതറിയാം. ചില ലത്തീന്‍, സീറോ മലബാര്‍ പ്രണയവിവാഹങ്ങള്‍ക്ക് ഈ ജാതിചിന്ത മാത്രം വച്ചു തടസ്സം പറയുന്നവരുണ്ട്. റീത്തു വ്യത്യാസം നോക്കാതെ ധാരാളം വിവാഹങ്ങള്‍ ഇന്നു നടക്കുന്നുണ്ടെന്നതു ശരിയാണ്. എന്‍റെ വീട്ടിലും നടന്നിട്ടുണ്ട്. എങ്കിലും ഇന്നും പുരോഹിതര്‍ പോലും ഈ ജാതിചിന്ത പുലര്‍ത്തുന്നതും കണ്ടിട്ടുണ്ട്.

എന്‍റെ ഇടവകയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹം ഒരു സീറോ മലബാര്‍ ഇടവകയില്‍ നടത്തുകയുണ്ടായി. വധുവിന്‍റെ വീട്ടുകാരുടെ ക്ഷണമനുസരിച്ച് ഞാന്‍ ആ പള്ളിയില്‍ ചെന്നു. പക്ഷേ എന്നെ ആ വിവാഹത്തില്‍ സഹകാര്‍മ്മികനായി പോലും പങ്കെടുക്കാന്‍ അവിടത്തെ വികാരിയച്ചന്‍ സമ്മതിച്ചില്ല. ഞാനത് ഇന്നും ക്ഷമിച്ചിട്ടില്ലെന്നോ വിരോധം സൂക്ഷിക്കുന്നുവെന്നോ കരുതരുത്. ഇങ്ങനെയുള്ള മനോഭാവം ഇന്നും നമ്മുടെ സഭയുടെ ചില തലങ്ങളില്‍ നിലനില്‍ക്കുന്നുവെന്നു വ്യക്തമാക്കാന്‍ വേണ്ടി പറയുന്നതാണ്. ഈ മനോഭാവം ക്രിസ്തീയമല്ല.

ജീസസ് യൂത്ത് വഴി സുവിശേഷത്തില്‍ ആകൃഷ്ടനാകുകയും ദീര്‍ഘകാലം പ്രായോഗികമായി ക്രൈസ്തവനായി ജീവിക്കുകയും ചെയ്ത വിദ്യാസമ്പന്നനായ ഒരു യുവാവിന് അയാള്‍ താഴ്ന്ന ജാതിയായതിനാല്‍ ജ്ഞാനസ്നാനം നിഷേധിച്ച ഒരു അനുഭവം നേരിട്ടറിയാം. പിന്നീട് ഞാനാണ് അയാള്‍ക്കു ജ്ഞാനസ്നാനം നല്‍കിയത്. കുറച്ചു നാളുകള്‍ക്കു ശേഷം അയാളുടെ കുടുംബവും ജ്ഞാനസ്നാനം സ്വീകരിച്ചു. കത്തോലിക്കാസഭയില്‍ ജാതിയില്ല എന്ന് അവരോടു വിശദീകരിച്ചു. പക്ഷേ പലരും ഇതു മറന്നുപോകുന്നുണ്ട്. സവര്‍ണബോധം ക്രിസ്തീയമല്ല. കര്‍ത്താവിനു യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല എന്ന് അറിയുന്നവരാണു നമ്മള്‍. പക്ഷേ പ്രവൃത്തിയില്‍ പലപ്പോഴും കാണാറില്ല. റീത്തുകള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്? ഓരോ സ്ഥലത്തും അപ്പസ്തോലന്മാരിലൂടെ സ്ഥാപിതമായ സഭയില്‍ വളര്‍ന്നു വന്ന ആചാരാനുഷ്ഠാനങ്ങളും ആത്മീയതയും ക്രിസ്തുവീക്ഷണവും ചേരുന്നതാണ് റീത്ത്. അവയെല്ലാം ചേരുമ്പോഴാണ് സഭയുടെ വൈവിദ്ധ്യത്തിലുള്ള ഏകത്വം നമുക്കു കാണാനാകുന്നത്. ലാറ്റിന്‍ സഭയില്‍ ധൂപാര്‍പ്പണം ഇല്ലായിരുന്നു. റോമില്‍ ദേവന്മാര്‍ക്കാണ് ധൂപാര്‍പ്പണം നടത്തിയിരുന്നത് എന്നതുകൊണ്ട് റോമില്‍ ക്രൈസ്തവര്‍ അതു സ്വീകരിച്ചിട്ടില്ലായിരുന്നു. പക്ഷേ ക്രമേണ പൗരസ്ത്യസമൂഹങ്ങളിലെ ധൂപിക്കല്‍ കണ്ട് അതു സ്വീകരിക്കുകയായിരുന്നു. ആരാധനാക്രമത്തില്‍ പോലും ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഐകരൂപ്യം വരുത്തേണ്ടതുമില്ല. ലത്തീന്‍ ക്രമത്തില്‍ ‘സൈന്യങ്ങളുടെ കര്‍ത്താവ്’ എന്ന പ്രയോഗത്തിന് ഊന്നല്‍ കൊടുക്കുന്നു. എന്നാല്‍ സീറോ മലബാര്‍ സഭയില്‍ ‘ബലവാനായ ദൈവം’ എന്നതിനാണ് ഊന്നല്‍. ദൈവശാസ്ത്ര കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം ഇതിനു പിന്നിലുണ്ട്. എല്ലാം സഭയ്ക്കു പ്രിയപ്പെട്ടതാണ്.

എന്നെ സെമിനാരിയില്‍ പഠിപ്പിച്ചത് മലങ്കര സഭക്കാരനായ പണിക്കരച്ചനാണ്. അദ്ദേഹം വലിയ സമഭാവന പ്രകടമാക്കിയിരുന്നു. റീത്തിന്‍റെ കാര്യവും പറഞ്ഞു തന്‍റെയടുത്തു വരാന്‍ അദ്ദേഹം ആരേയും അനുവദിച്ചിരുന്നില്ല. അങ്ങനെ വലിയ ഐക്യബോധം അദ്ദേഹം ഞങ്ങളിലേയ്ക്കു പകരുകയും ചെയ്തു. ഞങ്ങളുടെ ബാച്ചിലെ മൂന്നു റീത്തിലും പെട്ടവര്‍ തമ്മില്‍ ഇന്നും നല്ല ബന്ധം നിലവിലുണ്ട്.

ഏതു കത്തോലിക്കാ പുരോഹിതനും ഏതു റീത്തിലെ കുര്‍ബാനയിലും സഹകാര്‍മ്മികനാകാം. ഒരു തടസ്സവുമില്ല. റീത്തു മാറി കുര്‍ബാനയില്‍ സംബന്ധിച്ചാല്‍ എന്താണു പ്രശ്നം? ഇടവകപ്പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നു പറയുന്നതിനു പകരം മറ്റൊരു റീത്തിലെ കുര്‍ബാന സാധുവല്ല എന്നൊക്കെ പറയുന്നവരുണ്ട്. ഇത്തരം പ്രസ്താവനകളും പെരുമാറ്റങ്ങളുമെല്ലാം ഒഴിവാക്കാന്‍ നമുക്കു സാധിക്കണം. അനുഷ്ഠാനപരമായ മതഭ്രാന്ത് പാടില്ല. മറ്റൊരു റീത്തിലെ കുര്‍ബാനയില്‍ തുടര്‍ച്ചയായി സംബന്ധിച്ചതുകൊണ്ട് ഒരാളുടെ റീത്ത് മാറിപ്പോകുന്നില്ല എന്നു സഭാനിയമം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതെല്ലാം മറന്നുകൊണ്ട് എന്തെങ്കിലും മൗലികവാദം അടിച്ചേല്‍പിക്കുന്നത് ശരിയല്ല.

? സഭയിലെ അല്മായപങ്കാളിത്തത്തെയും വനിതാപങ്കാളിത്തത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
ഞങ്ങളുടെ അജപാലനസമിതിയുടെ നിയമത്തില്‍ തന്നെയുള്ളത് മൂന്നിലൊന്ന് വനിതകളായിരിക്കണം എന്നതാണ്. ഇപ്പോള്‍ പകുതിയിലധികം സ്ത്രീകളാണ്. പല സമിതികളിലും വന്‍തോതില്‍ വനിതാപങ്കാളിത്തമുണ്ട്. അല്മായപങ്കാളിത്തവും സഭ നിര്‍ദേശിക്കുന്നതിലുമധികം നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്. ധനകാര്യസമിതിയിലെ അംഗങ്ങളെ ബിഷപ്പിനു നാമനിര്‍ദേശം ചെയ്യാമെന്നാണു നിയമം. എന്നാല്‍ അതുപോലും ഒരുതരം തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുകയാണു നാം ചെയ്യുന്നത്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു വരുമ്പോള്‍ രാഷ് ട്രീയം കടന്നു വരുന്നതും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ആളുകള്‍ മാറുന്നതും കണ്ടിട്ടുമുണ്ട്. അത് ആശാസ്യമായ രീതിയല്ല.

? ഫ്രാന്‍സിസ് മാര്‍പാപ്പ എങ്ങനെയാണു സ്വാധീനിക്കുന്നത്?
മാര്‍പാപ്പയുടെ ചിന്തകളും പ്രവൃത്തികളും ഒരു ജെസ്യൂട്ട് കാഴ്ചപ്പാടിലുള്ളതാണ്. അതൊന്നും ഒരിക്കലും സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമല്ല. പലരും വിവാദങ്ങള്‍ ഉണ്ടാക്കാന്‍ നോക്കാറുണ്ട്. തിരഞ്ഞെടുത്ത പേരിനനുസരിച്ചുള്ള ഒരു മാറ്റം സഭയില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നു. ക്രിസ്തുവുമായുള്ള ഒരു ഐക്യപ്പെടലിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത് എന്നു പറയുമ്പോള്‍ അത് പ്രപഞ്ചവുമായുള്ള ഐക്യപ്പെടല്‍ തന്നെയാണ്. പ്രപഞ്ചത്തെ നമുക്കു വേണ്ടിയും വരുംതലമുറയ്ക്കു വേണ്ടിയും സംരക്ഷിക്കണമെന്ന് പാപ്പ ആവശ്യപ്പെടുന്നു. ‘ലൗദാത്തോ സി’യില്‍ അതു വിശദീകരിക്കുന്നു. യഥാര്‍ത്ഥ സന്തോഷങ്ങള്‍ക്കു പകരം നൈമിഷിക ആഹ്ലാദങ്ങള്‍ക്കു വേണ്ടി മനുഷ്യര്‍ പരക്കം പായുന്നു. ഈ സന്തോഷത്തെ കുറിച്ചു മാര്‍പാപ്പ ആവര്‍ത്തിച്ചു പറയുന്നു. സുവിശേഷത്തിലെ സന്തോഷം വിശദീകരിക്കുന്ന പാപ്പ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ എന്നാണല്ലോ നമ്മോടു പറയുന്നത്. ഇന്നത്തെ സഭയ്ക്കാവശ്യമായ മാറ്റം പരിശുദ്ധാത്മാവ് മാര്‍പാപ്പയിലൂടെ കൊണ്ടുവരികയാണ്. ഫ്രാന്‍സിസ് പുണ്യവാളന്‍ അന്നത്തെ സഭയിലുണ്ടായിരുന്ന കെടുതികളെ മാറ്റി സഭയെ പണിതതു പോലെ ഈ പുതിയ ഫ്രാന്‍സിസിനെ കൊണ്ടു ദൈവം സഭയെ പണിയിപ്പിക്കുകയാണ് പുതിയൊരു സമൂഹമാക്കി മാറ്റുവാന്‍. നമ്മു ടെ ചിന്താഗതിയെ തന്നെ മാറ്റിയെടുക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ആചാരബദ്ധമായ മതാത്മകതയിലേയ്ക്കു നാം നീങ്ങുകയും ആഴമേറിയ ആത്മീയതയിലേയ്ക്കു വളരാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ പാപ്പയുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രസക്തിയേറുന്നു. അതുകൊണ്ടാണു പാപ്പ ആത്മീയ മതേതരത്വത്തെ കുറിച്ചും ആത്മരതിയെ കുറിച്ചും നമുക്കു മുന്നറിയിപ്പു നല്‍കുന്നത്. സുവിശേഷവുമായി കൂടുതല്‍ അടുക്കുവാനാണു പാപ്പ ആവശ്യപ്പെടുന്നത്.

? ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു കേരളസഭ പഠിക്കേണ്ട പാഠങ്ങള്‍, വരുത്തേണ്ട മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടോ?
ഫ്രാന്‍സിസ് പാപ്പ പറയുന്നത് ഉള്ളില്‍ നിന്നുള്ള മാറ്റങ്ങളെക്കുറിച്ചാണ്. ബാഹ്യമായ മാറ്റങ്ങളെ കുറിച്ചല്ല. ഒരുദാഹരണം പറയാം. മെത്രാഭിഷേകത്തോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ ലളിതമായിരിക്കണം എന്നു ഞാന്‍ പറഞ്ഞു. ഉടനെ ഒരച്ചന്‍, മരം കൊണ്ടുള്ള അംശവടി ഉണ്ടാക്കിക്കൊണ്ടു വരാമെന്നു പറഞ്ഞു. സിമ്പിളാവാന്‍ വേണ്ടി എക്സ്പെന്‍സീവാകണ്ട എന്നായിരുന്നു എന്‍റെ മറുപടി. കാരണം അംശവടി റോമില്‍ നിന്നു തരുന്നുണ്ട്. അതുപയോഗിച്ചാല്‍ പോരേ? മോതിരം റോമില്‍ നിന്നു തരുന്നു. അതു സ്വര്‍ണനിറമുള്ളതാണെന്നു പറഞ്ഞ് അതിനു പകരം തേടാന്‍ പോകേണ്ടതില്ലല്ലോ. കാട്ടിക്കൂട്ടലിലല്ല കാര്യം. ഉള്ളിലാണ് മാറ്റം വരേണ്ടത്. പള്ളികള്‍ക്ക് ആവശ്യത്തിനു വലിപ്പവും ഭംഗിയും ഉണ്ടാകുന്നതില്‍ തെറ്റില്ല. ബോധപൂര്‍വം ആഡംബരം കൊണ്ടു വരുന്നതാണ് എതിര്‍ക്കേണ്ടത്. നമ്മുടെ ഭക്തി പോലും പ്രകടനാത്മകമാകുന്നുണ്ട്. വി. കുര്‍ബാനയും തിരുനാളുകളും പെര്‍ഫോമെന്‍സുകളാകാതിരിക്കുക എന്നതാണു പ്രധാനം. മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന ചേങ്ങിലയോ ആകാതിരിക്കുക.

? യുവജനങ്ങളുമായി നല്ല ബന്ധമുണ്ടല്ലോ. ഇപ്പോഴത്തെ യുവജനങ്ങളില്‍ പ്രതീക്ഷയാണോ?
തീര്‍ച്ചയായും. കെ.സി.വൈ.എമ്മിലും ജീസസ് യൂത്തിലുമെല്ലാം നല്ല ഊര്‍ജ്വസ്വലരായ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു കൃത്യമായ ദിശാബോധം നല്‍കാനും അവരുടെ കൂടെ നടക്കാനും ആളുണ്ടാകണം. അവരുടെ തെറ്റു തിരുത്തുന്ന യജമാനന്മാരാകനല്ല കൂടെ നടക്കേണ്ടത്. അവരെ വിശ്വാസത്തിലെടുക്കുക. എങ്കില്‍ അവരിലൂടെ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇക്കാര്യം ആഴത്തില്‍ മനസ്സിലാക്കിയിരുന്ന ആളാണ്. യുവജനങ്ങളുടെ സമീപത്തായിരിക്കുക. ഇതവരില്‍ വലിയ മാറ്റം വരുത്തും. യുവജനങ്ങളോടുള്ള സാമീപ്യം ഉണ്ടാക്കാന്‍ നമ്മുടെ വൈദികര്‍ക്കു സാധിക്കണം. യുവജനങ്ങള്‍ അരക്ഷിതബോധമുള്ളവരാണ് പലപ്പോഴും. അതുകൊണ്ട് സുരക്ഷിതത്വബോധവും അംഗീകാരവും കിട്ടുന്നിടത്തേയ്ക്ക് അവര്‍ പോകും. മാതാപിതാക്കളായാലും വൈദികരായാലും അവരെ വിശ്വസിക്കുക പ്രധാനമാണ്. വി. കുര്‍ബാന സ്വീകരിക്കുകയും വി. കുര്‍ബാനയായി മാറുകയും ചെയ്യുക. ഇതു യുവജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുക. ഈ ഐക്യത്തിലേയ്ക്കു വരുമ്പോള്‍ നാം ഒരൊറ്റ സമൂഹമായി മാറുന്നു.

? വിവാഹകോടതിയില്‍ ഇരുപതിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്നല്ലോ. അതില്‍ നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ കുടുംബജീവിതത്തെ എങ്ങനെ കാണുന്നു?
വിവാഹത്തെ വെറുമൊരു ഭൗതിക സ്ഥാപനമായി കാണുകയും വിവാഹമോചന മനോഭാവം വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്ന ധാരാളം മാതാപിതാക്കള്‍ ഇന്നുണ്ട്. അവരില്‍ നിന്നു മക്കളിലേയ്ക്ക് അതു പകരുന്നു. പലപ്പോഴും കല്യാണങ്ങളില്‍ ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴേയ്ക്കും അവരെ മാതാപിതാക്കള്‍ പിടിച്ചു അകറ്റുന്ന, വേര്‍പെടുത്തുന്ന രീതി കണ്ടു വരുന്നു. കുടുംബങ്ങളില്‍ മക്കള്‍ കുറയുന്നതാണ് ഇതിനു പിന്നിലുള്ള അടിസ്ഥാനപരമായ ഒരു കാരണം. നാലു മാതാപിതാക്കളെ നോക്കാന്‍ രണ്ടു മക്കളേയുള്ളൂ. ഞാന്‍ ഒമ്പതു മക്കളുള്ള കുടുംബത്തില്‍ നിന്നാണ്. എന്‍റെ മൂത്ത സഹോദരിക്ക് ഒരു മകനാണ്. ഒരു ചേച്ചിയ്ക്ക് മൂന്നു മക്കള്‍. ഒരു മകനും രണ്ടു പെണ്‍മക്കളും. വേറൊരു ചേച്ചിക്കു മക്കളില്ല. ചേട്ടന് ഒരു മകനും രണ്ടു പെണ്‍മക്കളും. അങ്ങനെയൊക്കെയാണു മറ്റുള്ളവരും. ഏകമകന്‍ മറ്റൊരു ഏകമകളെ വിവാഹം ചെയ്താല്‍ അവരുടെ സംരക്ഷണത്തില്‍ നാലു മാതാപിതാക്കള്‍ വരുമല്ലോ. മക്കളെ കുറിച്ച് ഈ മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയും കൂടുതലായിരിക്കും.

? സഭ കൂടുതല്‍ മക്കളുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു, കര്‍ക്കശമായ പ്രോലൈഫ് നിലപാടുകള്‍ സ്വീകരിക്കുന്നു. അതിന്‍റെ പേരില്‍ വിമര്‍ശനവും നേരിടുന്നു…
കര്‍ക്കശമായ പ്രോലൈഫ് എന്നൊരു നിലപാടില്ല. സഭ ജീവനെ ഏതു സാഹചര്യത്തിലും സംരക്ഷിക്കാനും കുടുംബത്തിന്‍റെ പവിത്രത നിലനിറുത്താനും ശ്രമിക്കുന്നു. വ്യക്തിബന്ധങ്ങള്‍ ആരോഗ്യകരമായി വളര്‍ത്തിയെടുക്കാന്‍ ഒരു കുടുംബത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മക്കള്‍ ഉണ്ടാകണമെന്നതാണ് എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട്. ജീവന് എതിരായി നില്‍ക്കുന്ന പ്രവണത സ്രഷ്ടാവായ ദൈവത്തിന് എതിരായ വെല്ലുവിളി തന്നെയാണ്. ജീവനെ സംരക്ഷിക്കുക എന്നത് പ്രപഞ്ചത്തെ സംരക്ഷിക്കുക എന്നതു തന്നെയാണ്. സന്തുലിതാവസ്ഥ നിലനില്‍ക്കണം. ജീവനെ എല്ലാ തരത്തിലും മാനിക്കണം. നിത്യരോഗിയായ ഒരാള്‍ക്ക് മനുഷ്യനു ചെയ്യാന്‍ കഴിയുന്നതിനപ്പുറത്തുള്ള അനാവശ്യമായ ചികിത്സയ്ക്കു പോകുന്നത് ഒരു തരത്തില്‍ പാപമാണ്. എന്നുവച്ച്, ജീവിച്ചുകൊണ്ടിരിക്കുന്ന ആളെ കൊല്ലാന്‍ ശ്രമിക്കരുതല്ലോ. അന്തസ്സുള്ള മനുഷ്യോചിതമായ മരണത്തിലേയ്ക്കാണ് അയാളെ അനുയാത്ര ചെയ്യേണ്ടത്. ആത്മഹത്യ യ്ക്കോ കൊലപാതകത്തിനോ തുല്യമായ യാതൊരു നടപടിയും അന്തസ്സു പകരുന്നതല്ല. മനുഷ്യജീവനെ മാനിക്കാത്തതാണ് ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും കാരണമെന്നു ഞാന്‍ ചിന്തിക്കുന്നു. ഭ്രൂണഹത്യയും മറ്റും നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഇപ്പോള്‍ ഭീകരവാദം ഭീഷണിയായി വന്നിരിക്കുന്നു. ആരുടെയും ജീവന് അവിടെ ആരും വില കല്‍പിക്കാത്ത സ്ഥിതി. ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്നതാണ് ഭ്രൂണാവസ്ഥയിലുള്ള മനുഷ്യജീവന്‍. അതു മനുഷ്യജീവന്‍ അല്ലെന്നു നമുക്കു പറയാന്‍ പറ്റുന്നതെങ്ങനെ? അതിന് ആത്മാവ് ഇല്ലെന്നെങ്ങനെ പറയും? ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തിയാല്‍ അതു മരണമാണ്. ഓരോ മനുഷ്യനും കര്‍ത്താവിന്‍റെ തിരുച്ചോരയില്‍ രക്ഷിക്കപ്പെട്ടതാണ്. ആ മനുഷ്യനെ ആ രീതിയില്‍ കാണണം.

? മുയലുകളെ പോലെ പെറ്റു പെരുകേണ്ടതില്ല എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതും ചര്‍ച്ചയാകുകയുണ്ടായി….
മാര്‍പാപ്പ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാതെയായിരുന്നു വിവാദങ്ങള്‍. ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുകയാണ് സ്ത്രീയും പുരുഷനും. ആ ബോദ്ധ്യത്തോടെ, പരസ്പരസ്നേഹത്തോടെയാണ് മനുഷ്യര്‍ മക്കളെ ജനിപ്പിക്കേണ്ടത്. മൃഗങ്ങളെ പോലെയല്ല. മനുഷ്യനു കൊടുത്ത ബുദ്ധിയും സ്വാഭാവിക മാര്‍ഗങ്ങളുമൊക്കെ ഉപയോഗിക്കണമെന്നു തന്നെയാണ് സഭ പറയുന്നത്. ഉത്തരവാദിത്വപൂര്‍ണമാകണം ഭാര്യാഭര്‍തൃബന്ധവും മക്കള്‍ക്കു ജന്മം നല്‍കലുമെല്ലാം.

Leave a Comment

*
*