|^| Home -> Cover story -> സ്വയംതൃപ്തിയുടെ സ്വകാര്യ ലോകങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഒരു വിഭൂതി

സ്വയംതൃപ്തിയുടെ സ്വകാര്യ ലോകങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഒരു വിഭൂതി

Sathyadeepam


ബിഷപ് ടോണി നീലങ്കാവില്‍

അമ്പത് നോമ്പുകാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നവീകരണത്തിന്‍റെയും മനഃപരിവര്‍ത്തനത്തിന്‍റെയും ഏറെ പ്രായോഗികമായ പല മാര്‍ഗ്ഗങ്ങളും കേരളത്തിലെ ക്രൈസ്തവസമൂഹം തീക്ഷ്ണതയോടെ അനുവര്‍ത്തിച്ചുപോരുന്നുണ്ട്. എങ്കിലും, ഈ മാര്‍ഗ്ഗങ്ങളില്‍ പലതും ആന്തരികതയില്ലാത്ത കേവലം അനുഷ്ഠാനങ്ങളായി ചുരുങ്ങുകയും നോമ്പു വീടുന്നതോടെ പടിയിറങ്ങുകയും ചെയ്യുന്ന സംഭവങ്ങള്‍ നാം കാണാറില്ലേ? ഉദാഹരണത്തിന്, നോമ്പില്‍ താന്‍ മദ്യം തൊടുകപോലുമില്ല; അതിനാല്‍ തന്നെ താന്‍ മദ്യപാനത്തിന് അടിമയല്ല എന്നു വാദിക്കുന്ന മദ്യപരെ നാം കണ്ടിട്ടുണ്ടാകാം. തെറ്റായ തഴക്കങ്ങളും പ്രവണതകളും ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്നത്, നോമ്പുകഴിഞ്ഞ് തുടരാം എന്ന ആശ്വാസത്തിലാണെങ്കിലോ? അല്ലെങ്കില്‍, താന്‍ ഇങ്ങനെയൊക്കെയാണ്; ഇനി മാറുമെന്ന് തോന്നുന്നില്ല എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു തീവ്രലൂഥറന്‍ സമീപനമായിരിക്കാം പലരിലും. എനിക്ക് നല്‍കപ്പെട്ട ദൈവകൃപയോട് സഹകരിച്ച്, സ്ഥായിയായ പരിവര്‍ത്തനം ലക്ഷ്യംവച്ചുകൊണ്ട്, നിശ്ചയദാര്‍ഢ്യത്തോടും എളിമയോടുംകൂടി മന്നേറുവാനുള്ള ഊര്‍ജ്ജമാണ് ഈ നോമ്പിലൂടെ നാം നേടിയെടുക്കേണ്ടത്.

സ്വയം നീതീകരണത്തില്‍നിന്ന് മാനസാന്തരത്തിലേക്ക്
സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോ. 1:15). യേശുവിന്‍റെ സുവിശേഷം സ്വീകരിക്കാനുള്ള ആദ്യപടി തന്നെ ഈ മാനസാന്തരമാണെന്നിരിക്കേ, അനുതാപമാവശ്യമില്ലാത്ത തൊണ്ണൂറ്റിയൊമ്പത് നീതിമാന്മാരുടെ (ലൂക്കാ 15:7) ഗണത്തില്‍ സ്വയംപ്പെടുത്തി നോമ്പിനെ സമീപിക്കുന്ന പ്രവണതയില്‍നിന്ന് നാം വിടുതല്‍ പ്രാപിക്കേണ്ടതുണ്ട്.

തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോടാണ് (ലൂക്കാ 18:9) പ്രാര്‍ത്ഥിക്കുവാന്‍ പോയ ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമ യേശു പറഞ്ഞത്. സ്വയം നീതീകരിക്കപ്പെട്ടവരാണെന്ന് അഹങ്കരിക്കുന്ന ഫരിസേയ മനോഭാവത്തിന്‍റെ പരിണിതഫലമാണ് മറ്റുള്ളവരെ ഇകഴ്ത്തുകയും പുച്ഛിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍. ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല (ലൂ ക്കാ 18:11) എന്ന് വിളിച്ചുപറഞ്ഞു പ്രാര്‍ത്ഥിക്കുന്നവരുടെയും വിശ്വാസം ഏറ്റു പറയുന്നവരുടെയും എണ്ണം കേരളസമൂഹത്തിലും സഭയിലും വര്‍ദ്ധിച്ചുവരുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.

മറ്റുള്ളവരുടെ ഉള്ളതോ ഇല്ലാത്തതോ ആയ കുറവുകള്‍ നിറം പിടിപ്പിച്ച കഥകളായി അവതരിപ്പിക്കുന്നതില്‍ യാതൊരു ഉളുപ്പുമില്ലാത്ത ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഒന്നുണ്ട്, മറ്റുള്ളവരെ പുച്ഛിക്കുന്ന വാര്‍ത്തകളും വിവരണങ്ങളും ട്രോളുകളും സ്വീകരിക്കാന്‍ വെമ്പിനില്‍ക്കുന്ന അത്ര ചെറുതല്ലാത്ത ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ വിഭാഗത്തിന്‍റെ തൃഷ്ണയെ തൃപ്തിപ്പെടുത്തുന്ന പരിഹാസപ്രസരണ പരിപാടികള്‍ക്ക് പ്രാധാന്യം കൊടുത്ത് നമ്മുടെ പല ദൃശ്യമാധ്യമങ്ങളും തങ്ങളുടെ റേറ്റിംഗ് കൂട്ടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരിലെ കുറവുകളെക്കുറിച്ചുള്ള കിംവദന്തികളിലും അപവാദപ്രചരണങ്ങളിലും അഭിരമിക്കുന്ന പ്രവണത ക്രൈസ്തവവിശ്വാസികളായ നമ്മുടെയിടയിലും രൂഢമൂലമായിക്കൊണ്ടിരിക്കുന്നുണ്ടോ എന്നത് ഈ നോമ്പുകാലത്ത് നാം പരിശോധിക്കേണ്ടതാണ്.

സ്വയംതൃപ്തിയുടെ സ്വകാര്യലോകങ്ങള്‍
സ്വയംതൃപ്തിയുടെ (self-complacency) സ്വകാര്യലോകങ്ങളില്‍നിന്ന് മോചനം നേടാനുള്ള ഒരു കാലമാണ് നോമ്പുകാലം. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ തൃപ്തി ലഭിക്കുന്നു എന്നത് സ്വാഭാവിക മനുഷ്യപ്രകൃതിയാണ്. നമ്മുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പ്രതീക്ഷകളുടെയും പൂര്‍ത്തീകരണങ്ങളെല്ലാം നമുക്ക് തൃപ്തി നല്‍കുന്നുണ്ട്. എന്നാല്‍, അവ എന്നെ മാത്രം ബാധിക്കുന്നവയില്‍ ഒതുങ്ങുമ്പോള്‍, അപരനെ ബലപ്പെടുത്തുന്ന ഒരു ആഗ്രഹവും ആവശ്യവും എനിക്ക് ലക്ഷ്യമായി വയ്ക്കാനില്ലാത്തപ്പോള്‍, ഞാന്‍ ലക്ഷ്യംവയ്ക്കുന്നത് സ്വയംതൃപ്തിയാണ് എന്ന് അനുമാനിക്കാം. നമ്മുടെ പൊതുസമൂഹത്തിന്‍റെ സാംസ്കാരിക പരിപ്രേക്ഷ്യത്തിന് ഇത്തരം അപചയം സംഭവിക്കുന്നുണ്ടോ? സ്വയം തൃപ്തിയില്‍ അഭിരമിക്കുന്നതിന്‍റെ വിശുദ്ധാവിഷ്കാരമായി നമ്മുടെ ആത്മീയത മാറുന്നുണ്ടോ എന്ന ആത്മപരിശോധന ഈ നോമ്പുകാലത്തില്‍ നാം ഏറ്റെടുക്കുന്നത് നന്നായിരിക്കും.

സുരക്ഷിതയിടങ്ങളില്‍ അഭയംതേടുവാനാണ് നമുക്ക് താല്‍പര്യം. വിളക്കുകൊളുത്തി ആരും പറയുടെകീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലത്രെ വയ്ക്കുന്നത് (മത്താ. 5:15). ലോകത്തിന്‍റെ പ്രകാശമാകാന്‍ (14-ാം വാക്യം) വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക്, സ്വകാര്യതാല്‍പര്യങ്ങളുടെ കൊച്ചുലോകമാകുന്ന പറയ്ക്ക് അകത്തേക്ക് ഉള്‍വലിയാനുള്ള പ്രവണത ഉണ്ടോ? പറയ്ക്കുള്ളില്‍ ഒതുങ്ങുന്ന ജീവിതത്തില്‍ മാത്രം താല്‍പര്യംവച്ച്, അവിടം വിളക്കു തെളിച്ചതിനുശേഷം ഞാന്‍ എല്ലായിടത്തും പ്രകാശം പരത്തുന്നു എന്ന് തൃപ്തിയടയാനുള്ള പ്രവണത നാം വെടിയണം. ഞാനും എന്‍റെ കുടുംബവും മാത്രം ഉള്‍പ്പെടുന്ന ലോകം സൃഷ്ടിച്ചെടുത്ത് അവിടെ പ്രകാശം പരത്തുന്നതില്‍ തൃപ്തിയടയുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. സ്വാര്‍ത്ഥത കട്ടപിടിച്ച പുതുതലമുറയാണ് പരിണിതഫലം. ചിലര്‍ക്കു തങ്ങളുടെ ജോലിയും ബിസിനസ്സും മാത്രം ഉള്‍പ്പെടു ന്ന ലോകം മാത്രമാണ് പ്രകാശം പരത്താനുള്ളയിടം. സ്ഥാനകാംക്ഷയും അധികാരവും തേടുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒരു ലോകമാണ് അവര്‍ സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കുന്നത്. ‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരുലോകം, നമുക്കില്ലൊരുലോകം’ എന്ന കുഞ്ഞുണ്ണികവിത ഇത്തരുണത്തില്‍ പ്രസക്തമാണ്.

ഈ നോമ്പുകാലത്ത് നമ്മുടെ സ്വകാര്യലോകങ്ങളില്‍ നിന്ന് നമുക്ക് പുറത്തു കടക്കാം. ലോകം മുഴുവനുമായിരിക്കട്ടെ നമ്മുടെ പ്രേഷിതഔത്സുക്യങ്ങളുടെ ദര്‍ശനമണ്ഡലം. ലോകം മുഴുവന്‍ പ്രകാശം പരത്താനുള്ള എനിക്ക് ഇത്തിരിവെട്ടത്തില്‍ ആശ്വാസവും സംതൃപ്തിയും കണ്ടെത്താനാകില്ല. ഈ നോമ്പുകാലത്തില്‍ നമ്മുടെ പോരാട്ടങ്ങള്‍ പറയില്‍ ഒതുങ്ങുന്നതാകാതിരിക്കട്ടെ. എന്‍റെ പരിമിതമായ ലോകത്തിലെ ഏതെങ്കിലും ഒരു നിയോഗത്തിനുവേണ്ടി, അല്ലെങ്കില്‍, ഏതെങ്കിലും ഒരു കുറവു പരിഹരിക്കുന്നതിനു വേണ്ടി മാത്രം ഒരു നോമ്പുകാലം ചിലവഴിക്കണമോ? ഉന്നതമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ലോകം മുഴുവന്‍ വ്യാപിക്കുന്ന പ്രേഷിതദൗത്യം ഏറ്റെടുക്കാനുള്ള ഒരുക്കമാകട്ടെ നമ്മുടെ നോമ്പുകാലം. യേശുവിന്‍റെ നാല്പതുദിനരാത്രങ്ങളിലെ നോമ്പ് അപ്രകാരമുള്ളതായിരുന്നല്ലോ.

കേരളം ഈ സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രളയകെടുതിയില്‍ ഒരു ജനത മുഴുവന്‍ തങ്ങളുടെ സ്വകാര്യയിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി ദുരിതാശ്വാസത്തിനായി കൈകോര്‍ക്കുകയുണ്ടായി. എന്നാല്‍, പ്രളയത്തിന്‍റെ ഓര്‍മ്മകള്‍ മങ്ങുന്നതിനുമുമ്പേ, ചിലര്‍ തങ്ങളുടെ വിഭാഗീയതയുടെ മാളങ്ങളിലിരുന്ന് പരസ്പരം പഴിചാരുകയും കരിവാരിതേക്കുകയും കൊലവിളിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ അലയടികള്‍ക്ക് ഒരു വിരാമമിടാന്‍ ഈ നോമ്പുകാലത്ത് നമുക്ക് പരിശ്രമിക്കാം.

കേരളസഭയിലെ പ്രതിസന്ധികളുടെ പ്രളയം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല – നമുക്ക് നമ്മുടെ സുരക്ഷിതയിടങ്ങളില്‍ നിന്നു പുറത്തുകടക്കാന്‍ ഇനിയും വൈകിക്കൂടാ. സഭാചരിത്രത്തില്‍ വലിയ വെല്ലുവിളികളുണ്ടായപ്പോഴെല്ലാം വലിയ നവീകരണ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. വലിയ വിശുദ്ധരും ഉദയം ചെയ്തിട്ടുണ്ട്. എന്നാല്‍, അതൊന്നും തങ്ങളുടെ സുരക്ഷിതയിടങ്ങളിലിരുന്ന് മറ്റുള്ളവരിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്തിച്ചര്‍ച്ച നടത്തിയവരിലൂടെയായിരുന്നില്ല എന്നു മാത്രം. സ്വന്തം അസന്തുഷ്ടിയുടെ പ്രകടനങ്ങള്‍ എല്ലാറ്റിലും കണ്ടവരിലൂടെയുമായിരുന്നില്ല. പ്രത്യുത, നിരന്തരമായി സ്വയംപരിവര്‍ത്തനത്തിന് തയ്യാറായി ദൈവരാജ്യദൗത്യം ഏറ്റെടുത്ത ദൈവാശ്രയബോധത്തിന്‍റെ മൂര്‍ത്തീഭാവങ്ങളായ സഭാമക്കളിലൂടെയാണ്; സഭാംഗങ്ങളുടെ കുറവുകള്‍ സ്വന്തംകുറവുകളായി ഏറ്റെടുത്ത കുടുംബത്തിലെ മക്കളിലൂടെയാണ്. തിരുത്താനും പൊറുക്കാനും നമ്മില്‍ത്തന്നെ ഒത്തിരിയുള്ളപ്പോള്‍, ആരോടാണ് എന്‍റെ പോരാട്ടം എന്ന് സ്വയം ചോദിക്കാന്‍ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.

Leave a Comment

*
*