ബ്രസീല്‍ : കത്തോലിക്കര്‍ നിറഞ്ഞ ഒരു മിഷന്‍ നാട്

ബ്രസീല്‍ : കത്തോലിക്കര്‍ നിറഞ്ഞ ഒരു മിഷന്‍ നാട്

ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍

ബ്രസീല്‍ ഒരു കത്തോലിക്കാ രാജ്യമാണ്. എന്നാല്‍ പന്തക്കുസ്താ സഭാവിഭാഗങ്ങള്‍ക്ക് (evangelical churches), കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം വളര്‍ച്ചയുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഒരു കത്തോലിക്കാ പള്ളിയുടെ അതിര്‍ത്തിയില്‍ 20-25 ഇത്തരം പള്ളികളുണ്ട്. ഈ സഭകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ കത്തോലിക്കാ സഭയ്ക്കായിട്ടില്ല. വളരെ വൈകാരികസമീപനം പുലര്‍ത്തുന്ന ആളുകളാണ് ഇവര്‍. അതുകൊണ്ടുതന്നെ ഇത്തരം സഭകള്‍ അവരുടെ വൈകാരികാവേശമുള്ള സുവിശേഷവത്കരണരീതികള്‍, പ്രഭാഷണങ്ങള്‍, സൗഖ്യപ്പെടുത്തല്‍ തുടങ്ങിയവയും എളുപ്പത്തില്‍ സഭാംഗമാകാമെന്നുള്ള അവസ്ഥയും മൂലം വളരെപ്പേരെ അവരിലേക്കടുപ്പിക്കുന്നു. ഇത്തരത്തിലുള്ള ഭൂരിഭാഗം സഭകളും, കത്തോലിക്കാ സഭ വിഗ്രഹാരാധകരാണെന്ന പ്രചാരണമാണ് നടത്തുന്നത്. അല്പവിശ്വാസികളെ കയ്യിലെടുക്കാന്‍ ഇതു മതിയല്ലൊ.

ബ്രസീലില്‍ ആകെ 262 രൂപതകളും, 489 മെത്രാന്മാരും ഉണ്ട്. ഇതില്‍ 169 മെത്രാന്മാര്‍ വിരമിച്ചവര്‍ ആണ്. ബ്രസീലിന്റെ വടക്കന്‍ പ്രദേശത്തെ ആമസോണ്‍ മേഖല മിഷന്‍ പ്രദേശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. വൈദികരുടെ ക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് ഗ്രാമങ്ങളിലെ പള്ളികളാണ്. വര്‍ഷത്തില്‍ ആറോ ഏഴോ കുര്‍ബാനകളാണ് മിക്കപ്പോഴും ഉണ്ടാകുക. എന്നാല്‍ ഇവിടുത്തെ സഭ വിശുദ്ധ കുര്‍ബാന നല്കുവാനുള്ള അനുവാദം ജനങ്ങള്‍ക്ക് കൊടുത്തിരിക്കുന്നതുകൊണ്ട് പല സ്ഥലങ്ങളിലും, പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ച ദിവ്യകാരുണ്യ ശുശ്രൂഷകര്‍ (eucharistic ministers) ഉണ്ട്. സ്ത്രീകളും പുരുഷന്മാരും ഇവരിലുണ്ട്.

എല്ലാ ഞായറാഴ്ചകളിലും അന്നത്തെ വായനകളും മറ്റു പ്രാര്‍ത്ഥനകളും ചേര്‍ത്ത് ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ ഇവരുടെ നേതൃത്വത്തില്‍ നടത്തുന്നു. ബ്രസീലിലെ എല്ലാ പള്ളികളിലും (എത്ര വലുതായാലും ചെറുതായാലും) ഈ സംവിധാനമുണ്ട്. അവരാണ് വൈദികരെ വി. കുര്‍ബാനയ്ക്ക് സഹായിക്കുന്നത്.

വൈദികരുടെയും സന്യസ്തരുടെയും കുറവുള്ളതുകൊണ്ട്, ഇവിടെ അല്മായപങ്കാളിത്തം വളരെ വലുതാണ്. വിവിധ തരത്തിലുള്ള അജപാലന പ്രവര്‍ത്തനങ്ങള്‍ എല്ലാ ഇടവകകളിലും ഉണ്ട്. ഭൂരിഭാഗം അജപാലന പ്രവര്‍ത്തനങ്ങളും വൈദികരുടെ സാന്നിദ്ധ്യമില്ലാതെ തന്നെ നടക്കുന്നതാണ്.

മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്ക്കരണം ബ്രസീലില്‍ വളരെയധികമായി നടക്കുന്നുണ്ട്. കത്തോലിക്കരുടെയും മറ്റു സഭാവിഭാഗങ്ങളുടെയും അനവധി ടിവി ചാനലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് കത്തോലിക്കാ FM ചാനലുകള്‍, അതില്‍ ചിലത് 24 മണിക്കൂറും, മറ്റു ചിലത് തിരഞ്ഞെടുത്ത സമയങ്ങളില്‍ മാത്രവും, രാജ്യത്തെ എല്ലാ സ്ഥലങ്ങളിലുമുണ്ട്. FM റേഡിയോ പ്രക്ഷേപണങ്ങള്‍ എല്ലാ ദിവസവും ശ്രവിക്കാത്ത ഭവനങ്ങള്‍ വളരെ കുറവാണ്. രാജ്യം മുഴുവനും ഒരു ഭാഷ മാത്രമേ ഉള്ളൂ (പോര്‍ച്ചുഗീസ്) എന്നത് ഇവിടത്തെ വലിയ ഒരു ആനുകൂല്യം ആണ്.

രാജ്യത്തെ മുഴുവന്‍ പള്ളികളും കഴിഞ്ഞുപോകുന്നത്, ജനങ്ങള്‍ എല്ലാ മാസവും പള്ളികളില്‍ കൊടുക്കുന്ന സംഭാവനകള്‍ കൊണ്ടാണ്. ഇവിടെ ഇതിനെ dizimo (ദശാംശം) എന്നു വിളിക്കും. എല്ലാ മാസവും, സ്വന്ത ഇഷ്ടപ്രകാരം (volunteer contribution), പള്ളികളില്‍ തരുന്ന തുകയാണിത്. അവനവന്‍, സ്വന്തം സാമ്പത്തിക നിലയും, താത്പര്യവും പോലെ കൊടുക്കുന്നതാണിത്. കൊടുക്കാത്തവര്‍ക്ക് ബാദ്ധ്യതയോ, കൊടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളോ ഇല്ല. തിരുനാള്‍ പിരിവുകളോ, നേര്‍ച്ചകളോ (അമ്പ്, അടിമ etc) ഇല്ല.

മതബോധനം

ഇനി മതബോധനത്തെക്കുറിച്ച് പറയാം. കുറെയേറെ വര്‍ഷങ്ങളായി ബ്രസീലില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മതബോധന രീതിയുണ്ട്, "Initiation to Christian Life" എന്നാണ് ഇതിനെ വിളിക്കുന്നത്. തത്വത്തില്‍ ഇത് വളരെ നല്ലതാണെങ്കിലും, പ്രായോഗിക തലത്തില്‍ ഇത് ഇടവകകളില്‍ നടപ്പിലാക്കുന്നതിന് സാധിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതാദ്ധ്യാപകനും ഒരു യുവാവും ഒരു ആനിമേറ്ററും കൂടിയുള്ള ഒരു ടീം ആണ് മതബോധനം നടത്തേണ്ടത്. ഈ രീതി യുവജനങ്ങള്‍ക്കുള്ള മതബോധനത്തിലാണ് കൂടുതലും ഉപയോഗിക്കുന്നത്. ധാരാളം "കത്തോലിക്കര്‍" (മാമ്മോദീസ ഇല്ലെങ്കിലും അവര്‍ അവരെത്തന്നെ കത്തോലിക്കരായി കണക്കാക്കുന്നു) കൂദാശകള്‍ സ്വീകരിക്കാത്തവരാണ്. ഭൂരിഭാഗം പേരും മാമ്മോദീസാ സ്വീകരിച്ചവരാണ്. എന്നാല്‍ സ്ഥൈര്യലേപനം സ്വീകരിച്ചിട്ടില്ല. വിശ്വാസപരിശീലനത്തിന്റെ ആദ്യ മൂന്നു (ചില സ്ഥലങ്ങളില്‍ നാല്) വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നു. തുടര്‍ന്നുള്ള 2 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്ഥൈര്യലേപനവും സ്വീകരിക്കുന്നു. അതോടെ വിശ്വാസപരിശീലനം അവസാനിക്കുന്നു. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണ് വിശ്വാസപരിശീലനത്തിന് ചേരാന്‍ അനുവാദമുള്ളത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഒരു വര്‍ഷത്തെ വിശ്വാസപരിശീലനമുള്ളത്. ഈ ഒരു വര്‍ഷത്തില്‍ അവര്‍, മാമ്മോദീസ, കുര്‍ബാന, കുമ്പസാരം, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ സ്വീകരിക്കും.

ഈ കോവിഡ് കാലത്ത് എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ പരിപാടികള്‍ നടത്തുന്നുണ്ട്. മതാധ്യാപനപരിശീലനം, മീറ്റിംഗുകള്‍ എന്നിങ്ങനെ പലതും ഓണ്‍ലൈന്‍ ആയി നടത്തുന്നുണ്ട്. മിക്കവാറും എല്ലാ പള്ളികളിലും ഓണ്‍ലൈന്‍ കുര്‍ബാനകളുണ്ട്.

എന്റെ ഇടവക

ഇനി എന്റെ ഇടവകയെക്കുറിച്ച് ചില കാര്യങ്ങള്‍. ഇവിടെ എനിക്ക് ഒരു ഇടവകപള്ളിയും ഏഴു കുരിശുപള്ളികള്‍ നഗരപ്രദേശത്തും, ഏഴു കുരിശുപള്ളികള്‍ ഗ്രാമപ്രദേശത്തും ഉണ്ട്. എല്ലാ ദിവസവും കുര്‍ബാനയുള്ളത് ഇടവകപള്ളിയില്‍ മാത്രം. ബാക്കി സ്ഥലങ്ങളില്‍ മാസത്തില്‍ ഒന്നോ രണ്ടോ കുര്‍ബാനയും ഗ്രാമപ്രദേശത്ത് ഒന്നോ രണ്ടോ മാസങ്ങളില്‍ ഒരു കുര്‍ബാനയുമുണ്ട്. ഗ്രാമപ്രദേശത്തെ പള്ളികള്‍ ഇടവകപള്ളിയില്‍നിന്ന് 40-70 കിലോ മീറ്റര്‍ വരെ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. അവിടങ്ങളില്‍ വളരെ കുറച്ചു ജനങ്ങളേ താമസിക്കുന്നുള്ളൂ.

കോവിഡ്

കോവിഡ് സമയത്ത് ഇവിടെ ഞങ്ങള്‍ ഒരു YouTube channel തുടങ്ങി. കുര്‍ബാനയും മറ്റു ചില പരിപാടികളും അതിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു. കുട്ടികള്‍ക്കുവേണ്ടി ചിത്രരചനാമത്സരം എല്ലാ ആഴ്ചയും നടത്തുന്നുണ്ട്. ഇ തിന് മാര്‍ക്കിടുന്നത് എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. എബി എടശ്ശേരിയാണ്. എ ല്ലാ ആഴ്ചയും ബൈബിള്‍ ക്വിസും നടത്തുന്നുണ്ട്. കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. 15-25 നും ഇടയ്ക്ക് കുടുംബങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. മതാദ്ധ്യാപകര്‍ പലരും വാട്‌സാപ്പിലൂടെ മതബോധന ക്ലാസ്സുകള്‍ നടത്തുന്നു. ഞായറാഴ്ച മാത്രം ഓണ്‍ലൈന്‍ കുര്‍ബാനയുണ്ട്. അതില്‍ ഏകദേശം 700-ലധി കം ആളുകള്‍ പങ്കെടുക്കുന്നുണ്ട്.

ഇതു കൂടാതെ ഇടവകയില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതെല്ലാം നടത്തുന്നത് ഇവിടുത്തെ ആളുകളുടെ സഹായം കൊണ്ടു മാത്രമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം സ്‌കൂള്‍ യൂണിഫോം ഇല്ലാത്ത എല്ലാ കുട്ടികള്‍ക്കും പുതിയ സ്‌കൂള്‍ യൂണിഫോം നല്കി (700 ലധികം കുട്ടികള്‍ക്ക് ലഭിച്ചു). രണ്ടു വര്‍ഷം നോട്ട്ബുക്ക് തുടങ്ങിയവ ഇല്ലാത്ത എല്ലാ കുട്ടികള്‍ക്കും ഇത് എത്തിച്ചുകൊടുത്തു (900-ല്‍ അധികം കുട്ടികള്‍ക്ക് ലഭിച്ചു). ഈ വര്‍ഷം തുടങ്ങിയ പരിപാടിയാണ് ഭവന സഹായ പദ്ധതി. ഓരോ മാസവും പള്ളിയുടെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ഭവനസഹായത്തിനായി നീക്കിവെക്കുകയും അതുപയോഗിച്ച് പള്ളിയിലെ സന്നദ്ധ പ്രവര്‍ത്തകരെ കൊണ്ട് വീടിന്റെ അറ്റകുറ്റപണികള്‍, ടോയിലെറ്റ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കുന്നതുമാണ് ഈ പ്രൊജക്ട്. പക്ഷെ, കോവിഡ് കാരണം ഇപ്പോള്‍ ഇത് നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ മറ്റു ചെറിയ പ്രൊജക്ടുകളും നടത്തുന്നുണ്ട്. വഴിയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ക്രിസ്മസ് ഊണ്, ദരിദ്രര്‍ക്ക് ഡിസംബറില്‍ ഒരു മാസത്തെ ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. കോവിഡ് കാലത്ത് നൂറുകണക്കിന് ഭവനങ്ങളിലേക്ക് ഭക്ഷണസാമഗ്രികള്‍ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു.

എന്റെ ഇടവകാതിര്‍ത്തിയില്‍ 40,000 ആളുകളാണ് താമസിക്കുന്നത്. ഇന്നുവരെ (ജൂലൈ 07) 1720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ സുഖംപ്രാപിച്ചു. 59 പേര്‍ മരിച്ചു. ഇ

ടവകയില്‍ വളരെ സജീവമായി ആയി പ്രവര്‍ത്തിച്ചിരുന്ന പലരും മരിച്ചവരില്‍പ്പെടുന്നു. ഒ ന്നില്‍കൂടുതല്‍ പേര്‍ ഒരേ വീട്ടില്‍ മരിച്ച സംഭവങ്ങളുണ്ടായി. ഇപ്പോള്‍ യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങള്‍ക്കും സാധ്യതകളില്ല. 40-75 പേര്‍ക്ക് വീതം ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നു. മാര്‍ച്ച് മാസം മുതല്‍ പള്ളികളെല്ലാം അടഞ്ഞുകിടക്കുന്നു. കൂടുതലായി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ചിലര്‍ ഫോണിലൂടെയോ, ചിലര്‍ നേരിട്ടോ സംസാരിക്കാനായി പള്ളിയില്‍ വരും. മറ്റുചിലര്‍ പ്രാര്‍ത്ഥിക്കാനായും പള്ളിയില്‍ വന്നു കൊണ്ടിരിക്കുന്നു.

(2005 ഫെബ്രുവരിയിലാണ്, എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ലേഖകന്‍ ഒരു മിഷണറിയായി ബ്രസീലിലേക്ക് അയക്കപ്പെട്ടത്. ആമസോണ്‍ മേഖലയില്‍, ബൊളീവിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ ബ്രസീലിലെ ഒരു ചെറിയ രൂപതയാണിത്. 13 ഇടവകകളും 18 വൈദികരും മാത്രമേയുള്ളൂ. വൈദികരില്‍ 11 പേരും മറ്റു രാജ്യങ്ങളില്‍നിന്നോ രൂപതകളില്‍നിന്നോ ഉള്ളവരാണ്. രൂപതയുടെ വിസ്തൃതി പക്ഷേ, വളരെ വലുതാണ്. ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് 1300 കി.മീറ്റര്‍ ദൂരമുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org