ബജറ്റും ഗാര്‍ഹിക സമ്പദ്വ്യവസ്ഥയും

ബജറ്റും ഗാര്‍ഹിക സമ്പദ്വ്യവസ്ഥയും

ഡോ. കൊച്ചുറാണി ജോസഫ്

ഗാര്‍ഹികസമ്പത്ത് കൈകാര്യംചെയ്യുക എന്നര്‍ത്ഥമാക്കുന്ന ഒയിക്കണോമിയ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഇക്കണോമിക്സ് അഥവാ സാമ്പത്തികശാസ്ത്രം എന്ന പദം ഉടലെടുത്തത്. പണവും മറ്റു സാമ്പത്തികസ്രോതസുകളും എങ്ങനെ സമാഹരിക്കുന്നു എപ്രകാരം ചെലവാക്കുന്നു, ഏതു വിധത്തില്‍ പരിപാലിക്കുന്നു, വളര്‍ത്തുന്നു, വികേന്ദ്രീകൃതമാവുന്നു, അടുത്ത തലമുറയ്ക്കായി എപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നു എന്നിവ ഈ പഠനമേഖലയുടെ അടിസ്ഥാനമാണ്.

നാണയമെടുത്തിട്ട് സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് യേശു പറയുമ്പോള്‍ പണത്തോടുള്ള വിവേകപൂര്‍ണമായ സമീപനമാണ് ആഗ്രഹിക്കുന്നത്. പണത്തെ പറ്റി ജാഗരണപ്പെടുന്നവര്‍, പണത്തെ തിന്മയായികണ്ട് വര്‍ജിക്കുന്നവര്‍, പണത്തെ സര്‍വസ്വവുമായി കരുതി ആരാധിക്കുന്നവര്‍, പണത്തെ പൊങ്ങച്ചത്തിന് ഉപയോഗിക്കുന്നവര്‍, പണത്തെക്കുറിച്ച് സംസാരിക്കുന്നതേ ശരിയല്ല എന്ന് ചിന്തിക്കുന്നവര്‍, പണം പിശാചാണെന്നും അതാണ് എല്ലാ തിന്മകളുടേയും അടിസ്ഥാനമെന്നും കരുതുന്നവര്‍ എന്നിങ്ങനെ മനുഷ്യരില്‍ പണത്തിനോട് പൊതുവെ വ്യത്യസ്തമായ മനോഭാവങ്ങളാണുള്ളത്.

സമ്പത്ത് ദൈവത്തിന്‍റെ ഉദാരതയുടെ അടയാളമാകയാല്‍ (നിയമാവര്‍ത്തനം 8:18) പ്രതിബദ്ധതയോടെ ഒരു മിഷനറി തലത്തില്‍ വേണം പരിഗണിക്കേണ്ടത്. ഒരു താലന്ത് കുഴിച്ചിട്ടവനോട് നിനക്ക് ഇത് പലിശയ്ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന് യേശു ചോദിക്കുന്നതും പണം ഉപയോഗിക്കുകയും വളര്‍ത്തുകയും ചെയ്യണം എന്നതിലേക്കാണ് കൈചൂണ്ടുന്നത്. അടുക്കള മാനേജ് ചെയ്യുന്ന വീട്ടമ്മ മുതല്‍ ധനവകുപ്പ് കൈകാര്യം ചെയ്യേണ്ട മന്ത്രി വരെ ശരിയായ ധനവിനിയോഗം അറിയേണ്ടത് സാമൂഹ്യ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ്. ജീവിക്കുവാന്‍ പണം ആവശ്യമാണ്. എന്നാല്‍ പണമുണ്ട് എന്നതുകൊണ്ട് മാത്രം ജീവിതം ഉണ്ടാവണമെന്നില്ല. ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അയാളുടെ കുറ്റമല്ല. എന്നാല്‍ ഒരുവന്‍ ദരിദ്രനായി മരിക്കുന്നത് അയാളുടെ കുറ്റംകൊണ്ടും കൂടിയാണ്.

'ബജറ്റ്' എന്ന പദം ബാസ്കറ്റ് എന്നും പേഴ്സ് എന്നുമൊക്കെ അര്‍ത്ഥമുള്ള ലത്തിന്‍ വാക്കായ ബുള്‍ഗയില്‍നിന്നോ ഫ്രഞ്ച് വാക്കായ ബൊഗറ്റെയില്‍ നിന്നോ ഇംഗ്ളിഷ് ഭാഷയില്‍ ഉപയോഗിച്ചു തുടങ്ങി. ധനകാര്യമന്ത്രിമാര്‍ പെട്ടിയും തൂക്കി ബജറ്റ് അവതരിപ്പിക്കാന്‍ വരുന്നത് പലരുടേയും ഓര്‍മയിലുണ്ട്. മാര്‍ച്ച് മാസം പ്രധാനമായും ബജറ്റിന്‍റെ മാസമായാണ് പരിഗണിക്കുന്നത്. ബജറ്റിലൂടെ പണം ആസൂത്രണം ചെയ്യാന്‍ പഠിക്കുന്നു.

ബജറ്റും കുടുംബവും: ഗാര്‍ഹികസാമ്പത്തികശാസ്ത്രം ഏറെ അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ സാമ്പത്തികശാസ്ത്രമേഖലയാണ്. കുടുംബത്തിലെ സാമ്പത്തികڋക്രയവിക്രയരീതികളില്‍ നിന്നുംകൂടിയാണ് രാഷ്ട്രത്തിലെയും സമൂഹത്തിലെയും സാമ്പത്തികചംക്രമണത്തെ സ്വാധീനിക്കുന്ന സിദ്ധാന്തങ്ങളുണ്ടാവുന്നത്. അതുകൊണ്ട് ബിഹേവിയറല്‍ സാമ്പത്തികശാസ്ത്രത്തില്‍ കുടുംബത്തിലെ ധനസമാഹരണവും പരിപാലനവും, വിനിയോഗവും കൈമാറ്റവും പ്രാധാനപ്പെട്ടതാണ്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സിന്‍റെ അഭിപ്രായത്തില്‍ പണം പ്രാഥമികമായും ഒരു വിനിമയ മാര്‍ഗമാണ്. ജീവിതത്തിന്‍റെ ദൈനംദിനാവശ്യങ്ങള്‍ക്ക് പണം ആവശ്യമാണ്. അടുക്കളചെലവ്, യാത്രചെലവ്, മരുന്ന്, വിനോദം തുടങ്ങിയവ ഇവയില്‍പെടുന്നു. രണ്ടാമതായി പണത്തിന്‍റെ ആവശ്യകത ഒരു കരുതല്‍ ശേഖരം എന്ന നിലയിലാണ്. അവിചാരിതമായി സംഭവിച്ചേക്കാവുന്നതും മുന്‍ കൂട്ടി പ്ലാന്‍ ചെയ്യാവുന്നതുമായ ചെലവുകളുണ്ട്. അപകടം, രോഗം, ദുരന്തങ്ങള്‍, വാഹനകേടുപാടുകള്‍ എന്നിവ അവിചാരിതമാണ്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ഗ്രഹനിര്‍മാണം തുടങ്ങിയവ നേരത്തെ പദ്ധതി ചെയ്യാവുന്നതാണ്. മൂന്നാമതായി ഭാവിയില്‍ ലഭ്യമാവാന്‍ പോവുന്ന പണത്തിനായി ഇന്നേ നിക്ഷേപിക്കുന്നതാണ്.

ഒരു വാര്‍ഷികസാമ്പത്തികപ്ലാനില്‍ ഇടത്തെ പേജില്‍ ആസ്തിയും വലത്തെ പേജില്‍ കടബാധ്യതകളും എഴുതുക. ആസ്തിയുടെ കോളത്തില്‍ നമുക്കുള്ളതെല്ലാം വസ്തുക്കള്‍, വീട്, ജോലി, വരുമാനം, സമ്പാദ്യം ഇവയൊക്കെ എഴുതാം. ബാധ്യതയുടെ കോളത്തില്‍ ലോണ്‍, പിടിച്ച ചിട്ടികള്‍ ഇവയൊക്കെയാവാം. കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തേയ്ക്ക്, ഒരു ആഴ്ചത്തേയ്ക്ക് ഒരു മാസത്തേയ്ക്ക് എന്നിങ്ങനെ കുടുംബ ബഡ്ജറ്റ് ക്രമപ്പെടുത്തേണ്ടതാണ്. മറ്റൊരു കുടുംബത്തിന്‍റെ ബഡ്ജറ്റ് കോപ്പിയടിക്കാന്‍ ശ്രമിക്കരുത്. കാരണം ജീവിതമാകുന്ന പരീക്ഷയില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത ചോദ്യപേപ്പറുകളാണ് നല്‍കപ്പെട്ടിരിക്കുന്നത്.

കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന മിക്കവരും സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. കാരണം അതില്‍ റൊമാന്‍സില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ എല്ലാ റൊമാന്‍സിനെയും തകര്‍ക്കുന്ന വില്ലനാണ് പണം. വിവാഹപൂര്‍വപരിശിലനപരിപാടികളില്‍ അതുകൊണ്ട് നിര്‍ബന്ധമായും ഉണ്ടാകേണ്ട വിഷയമാണ് സാമ്പത്തികആസൂത്രണം.

സാമ്പത്തിക സാക്ഷരത കുടുംബങ്ങളില്‍: സാമ്പത്തിക അച്ചടക്കം മാതാപിതാക്കളില്‍ നിന്ന് മക്കള്‍ അഭ്യസിച്ചെടുക്കേണ്ട കലയാണ്. മാതാപിതാക്കളുടെ കഷ്ടപ്പാട് ഒട്ടുംതന്നെ അറിയാതെ മക്കള്‍ വളരുന്നു. ഫലമോ, അവരുടെ ആവശ്യങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ മാതാപിതാക്കള്‍ക്ക് എതിരാകുന്നു. മക്കളെ ദാരിദ്ര്യവും ബുദ്ധിമുട്ടും അറിയിച്ചുതന്നെ വളര്‍ത്തുന്നതാണ് നല്ലത്. സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വബോധം, ഭാവിയിലേക്കുള്ള കരുതിവക്കല്‍, അഗതികളെ സഹായിക്കല്‍ തുടങ്ങിയവ വീട്ടില്‍നിന്നുതന്നെ കിട്ടേണ്ട ബാലപാഠങ്ങളാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതമാരംഭിക്കാനുതകുന്ന ആദ്യപടിയുമല്ലാതെ കൂടുതലായി നല്‍കിയാല്‍ അടുത്ത തലമുറ മടിയന്മാരാവും. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ആലോചിക്കാതെ സ്വന്തമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കുട്ടികളും അതേ പ്രവണത തുടരും. മാതാപിതാക്കളുടെ ധൂര്‍ത്ത് കുട്ടികളെ ബാധിക്കുകയും അത് അവരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ ഉദ്ബോധിപ്പിക്കുന്നു. (കര്‍ത്താവേ അങ്ങേക്ക് സ്തുതി 162)

സമ്പത്ത് സൃഷ്ടിക്കുന്ന വരാവുക: അദ്ധ്വാനത്തിന്‍റെ സുവിശേഷം ബൈബിളിലുടനീളം കാണുവാന്‍ സാധിക്കും. ബൈബിള്‍ ആരംഭിക്കുന്നതുതന്നെ കര്‍മനിരതനായ ദൈവത്തെ അവതരിപ്പിച്ചുകൊണ്ടാണ്. തന്‍റെ സൃഷ്ടി നല്ലതാണെന്നും ദൈവം പറയുന്നു. ദൈവം വിളിച്ചു മാറ്റിനിര്‍ത്തി മറ്റു ജോലികളേല്‍പിച്ച വ്യക്തികളില്‍ പലരും പണിസ്ഥലത്തു നിന്നാണ് വിളിക്കപ്പെട്ടത്. ഉദാഹരണത്തിന് മോശയും ദാവീദും വിളിക്കപ്പെട്ടത് ആടിനെ മേയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടപ്പോള്‍ മീന്‍പിടുത്തം കഴിഞ്ഞ് വല കഴുകുകയായിരുന്നു. പൗലോസിനെ വിളിക്കുമ്പോഴും ജോലി സംബന്ധമായി യാത്ര ചെയ്യുകയായിരുന്നു. മത്തായിയെ നികുതിപിരിവിന്‍റെ മേശയില്‍നിന്നാണ് വിളിച്ചുകൊണ്ടുപേയത്. ഇതെല്ലാം നമ്മളോട് പറയുന്നത് പണിയെടുക്കാത്തവനെ ദൈവത്തിനും ആവശ്യമില്ല എന്ന വസ്തുതയാണ്. 11-ാം മണിക്കൂറിലും അലസരായി നില്‍ക്കാതെ മുന്തിരിത്തോട്ടത്തിലേക്ക് പണിക്കയച്ച തോട്ടമുടമസ്ഥന്‍റെ ചിത്രം മനസ്സിലുണ്ടാവണം. കാരണം പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നുചേരുന്നതും സമ്പത്തും ഉയര്‍ച്ചയും തേടിയെത്തുന്നതും അദ്ധ്വാനിക്കുന്നവനിലാണ്. അതിന് ഇപ്പോഴുള്ള തൊഴിലിനോട് ആത്മാര്‍ത്ഥമായ അഭിനിവേശവും പ്രതിബദ്ധതയും ഉണ്ടാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥക്കായുള്ള പരിശ്രമം തുടരണം.

സ്ത്രീയും തൊഴില്‍സം സ്കാരവും: ഉത്തമയായ ഭാര്യയുടെ ലക്ഷണങ്ങളെക്കുറിച്ച് സുഭാഷിതം 31-ാമദ്ധ്യായത്തില്‍ വായിക്കുന്ന വരികള്‍ എനിക്ക് എന്നും ആശ്ചര്യം ഉളവാക്കുന്നതാണ്. ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് പരാമര്‍ശിക്കപ്പെടുന്ന ഗ്രന്ഥത്തില്‍ ബിസിനസ് ചെയ്യുന്ന ഒരു സ്ത്രീയെ ഉത്തമയായ ഭാര്യയായി വിവരിച്ചിരിക്കുന്നു. അവള്‍ നല്ല നിലം നോക്കി വാങ്ങുന്നു. അവളുടെ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിക്കുന്നു. ജോലി ക്രമീകരണത്തിനായി അതിരാവിലെ ഉണര്‍ന്ന് പരിചാരികമാര്‍ക്ക് നിര്‍ദേശം നല്‍കുന്നു. അവള്‍ കഴിവും അന്തസ്സും അണിയുന്നു. ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു. അവളുടെ അദ്ധ്വാനത്തെ വിലമതിക്കുവിന്‍ (സുഭാഷിതങ്ങള്‍ (31:16-31).

ഭാര്യയുംകൂടി ജോലിക്കുപോയി കഴിയേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല എന്നും നിനക്കിവിടെ എന്തിന്‍റെ കുറവാണുള്ളത് എന്നും ചോദിച്ചിരുന്ന ധാര്‍ഷ്ട്യക്കാരായ ഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ വിരളമാണ്. സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യാന്‍ തുടങ്ങിയതാണ് എല്ലാ കുടുംബപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കാരണം എന്ന് വാദിക്കുന്നവരുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനത്തിന്‍റെ ഒരു കാരണം ഉദ്യോഗസ്ഥയായ ഒരു ജീവിതപങ്കാളിയോടൊപ്പം ജീവിക്കുവാനുള്ള പരിശീലനം നമ്മുടെ ആണ്‍മക്കള്‍ക്ക് കിട്ടിയിട്ടില്ല എന്നതാണ്. മിക്ക പുരുഷന്മാരും സ്വന്തം അമ്മയെ നല്ല മോഡലായി മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ്. സ്വയംപര്യാപ്തതയുടെ അഹങ്കാരം പേറിനടക്കുന്ന ആധുനിക സ്ത്രീകള്‍ക്ക് ജീവിക്കാനാവശ്യമായ വിവേകത്തിന്‍റെ ബാലപാഠങ്ങള്‍ നല്‍കുവാനും നമുക്ക് സാധിക്കുന്നില്ല. ഉദ്യോഗസ്ഥരല്ലാത്ത സ്ത്രീകള്‍ക്കും സ്വയം തൊഴിലിലൂടെ നല്ല സംരംഭകരാകുവാന്‍ സഹായിക്കുന്ന അയല്‍കൂട്ടങ്ങള്‍ "വീട്ടുമുറ്റത്ത് ഒരു ബാങ്ക്" ആണ്.

സമ്പത്തിന്‍റെ പരോന്മുഖത: പണം സമൂഹത്തിന്‍റെ സ്വത്തും അവകാശവുമാണ്. നമ്മള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്‍റെ വീതം അപരന്‍റെ അവകാശമാണ്. ബില്‍ഗേറ്റ്സ് തന്‍റെ അദ്ധ്വാനത്തിലൂടെ നേടിയ വരുമാനത്തിന്‍റെ 80 ശതമാനവും ആതുരസേവനത്തിന് നല്‍കുവാനായി ഭാര്യയുമായി ചേര്‍ന്ന് ബില്‍ ആന്‍റ് മെലിന്‍റാ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ദശാംശം നല്‍കി ദൈവകരങ്ങളില്‍നിന്ന് സമ്പത്ത് കൈനിറയെ നേടുവാനുള്ള മലാക്കി പ്രവാചകനിലൂടെയുള്ള ആഹ്വാനവും ഇവിടെ കൂട്ടിചേര്‍ത്ത് വായിക്കാവുന്നത്. പണത്തിന് ദ്രാവകസ്വഭാവമാണുള്ളത്. അത് ഒഴുകിക്കൊണ്ടേയിരിക്കും. പണത്തെ നമുക്ക് കൈകാര്യം ചെയ്യാനായില്ല എങ്കില്‍ പണം നമ്മളെ കൈകാര്യം ചെയ്യും എന്നതാണ് സ്ഥിതി. യഥാര്‍ത്ഥത്തില്‍ ലോകത്തിനാവശ്യമായ പണം ഇവിടെ തന്നെ ഉണ്ട്. പോക്കറ്റുകള്‍ മാറുന്നു എന്നേയുള്ളു.

സമ്പത്തിന്‍റെ പ്രകടനപരാത്മകത: ജെയിംസ് ഡുയിസെന്‍ബെറി എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുന്നോട്ടുവച്ച ഡമോണ്‍സ്ട്രേഷന്‍ ഇഫക്ട് അഥവാ പ്രദര്‍ശനസിദ്ധാന്തമനുസരിച്ച് താഴ്ന്ന വരുമാനക്കാര്‍ മധ്യവര്‍ഗക്കാരെയും, മധ്യവര്‍ഗം സാമ്പത്തികമായി ഉയര്‍ന്നവരെയും അനുകരിക്കാന്‍ പരിശ്രമിക്കുന്നു. ഒരു ശരാശരി മലയാളി പണം ചെലവാക്കുന്നത് അയല്‍വാസിയെ നോക്കിക്കൊണ്ടാണ്. ഒന്നുകില്‍ മറ്റുള്ളവര്‍ക്ക് ഒപ്പമെത്തുക അല്ലെങ്കില്‍ അവരെ മറികടക്കുക എന്ന ചിന്ത ദയനീയമാണ്. വ്യക്തമായ സാമ്പത്തിക ആസൂത്രണമില്ലായ്മ മൂലം വീട് പണിത് കടം കയറി ആ വീട് വിറ്റ് അതില്‍ വാടകയ്ക്ക് താമസിക്കുന്നവരെ കണ്ടിട്ടുണ്ട്.

ഹാര്‍വി ലിവിങ്സ്റ്റണ്‍ എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ വളരെ മനോഹരമായി ബാന്‍ഡ് വാഗന്‍, സ്നോബ്, വെബ്ളന്‍ എന്നീ മൂന്ന് ഇഫക്ടുകളായിട്ടാണ് പ്രകടനപരതയെ ചിത്രീകരിക്കുന്നത്. മറ്റുള്ളവര്‍ക്കൊക്കെ ഉള്ളതുകൊണ്ട് എനിക്കുവേണം. എന്ന് ബാന്‍ഡ് വാഗന്‍ ഇഫക്ട് പറയുമ്പോള്‍ മറ്റുള്ളവര്‍ക്കാക്കും ഇല്ലാത്തതുകൊണ്ട് എനിക്ക് വേണം എന്നതാണ് സ്നോബ് ഇഫക്ട് പറയുന്നത്. താരതമ്യേന വില കുറഞ്ഞ വസ്തുക്കള്‍ ലഭ്യമാവുമ്പോഴും വിലയേറിയതിന്‍റെ പിന്നാലെ പോവുന്ന വെബ്ളന്‍ ഇഫക്ടും കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവുന്നു. കാരണം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നമ്മള്‍ പാടുപെടുമ്പോള്‍ അറ്റങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കും.

സാമൂഹ്യ, മനശാസ്ത്രഞ്ജന്മാര്‍ ഉപഭോഗസംസ്കാരത്തെ നിഷേധാത്മകമായി പറയുമെങ്കിലും സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ എന്നും ഉപഭോഗത്തിന് അനുകൂലമാണ്. കാരണം ഉപഭോഗം ഉല്‍പാദനത്തെയും ഉല്‍പാദനം തൊഴിലിനെയും തൊഴില്‍ വരുമാനത്തെയും വരുമാനം ഉപഭോഗത്തെയും സൃഷ്ടിക്കുന്നു. ഒരു വ്യക്തിയുടെ ചെലവ് മറ്റൊരാളിന്‍റെ വരുമാനമാണ്. ഒരു കുടുംബം കഞ്ഞിയും പയറും മതി എന്ന് ചിന്തിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ കുടുംബവും അങ്ങനെ ചിന്തിച്ചാല്‍ സാമ്പത്തികരംഗം കുത്തനെ താഴും.

അതുകൊണ്ട് ഏതു വിധേനയും ഉപഭോഗം കൂട്ടുവാനുള്ള തന്ത്രങ്ങളില്‍ അനാവശ്യമായി വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഉപഭോക്താവാണ്. വസ്തുക്കളെ അവശ്യവസ്തുക്കള്‍, സുഖഭോഗവസ്തുക്കള്‍, ആഡംബരവസ്തുക്കള്‍ എന്ന് മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒരു വസ്തു ആവശ്യമാണോ, ആഡംബരമാണോ എന്നത് അത് ഉപയോഗിക്കുന്ന വ്യക്തിയെയും സ്ഥലകാലസാഹചര്യങ്ങളെയും സമൂഹത്തിലെ അവരുടെ സ്ഥാനത്തെയും ആശ്രയിച്ചാണിരിക്കുന്നത്.

പഴ്സ് നിറയെ പണവുമായി പോയി സഞ്ചി നിറയെ സാധനങ്ങളുമായി വരുന്ന അവസ്ഥയ്ക്ക് നേരെ വിപരീതമായി സഞ്ചി നിറയെ കാശുമായ് പോയി പഴ്സ് നിറയെ സാധനവുമായി വരുന്ന അവസ്ഥയാണുള്ളത്. സോപ്പ് വാങ്ങിയാല്‍ ചീപ്പ് ഫ്രീ എന്നതുപോലെ വിപണനരംഗം തകര്‍ത്ത് ആടുമ്പോള്‍ ഓരോ കുടുംബവും അവര്‍ക്കാവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കാനുള്ള സാമ്പത്തിക സാക്ഷരതയിലേക്ക് വളരേണ്ടത് ആവശ്യമാണ്. ഇന്‍സ്റ്റാള്‍മെന്‍റാണോ, ആനയെയും വാങ്ങും എന്ന അവസ്ഥയിലേക്ക് എത്തരുത്.

ജീവിതചക്രത്തെ മൂന്നായി തരം തിരിക്കാം. ആദ്യത്തേത് വരുമാനമില്ലാത്തതും എന്നാല്‍ ചെലവുള്ളതുമായ ബാല്യകാലം. രണ്ടാമത് വരുമാനവും ചെലവും ഉള്ള യൗവനകാലം, മൂന്നാമത് വരുമാനം കുറഞ്ഞ് ചെലവുകള്‍ ഏറുന്ന വാര്‍ദ്ധക്യകാലം. ബാല്യത്തില്‍ സമയമുണ്ട്, ആരോഗ്യമുണ്ട് പക്ഷെ പണമില്ല. യൗവ്വനത്തില്‍ ആരോഗ്യമുണ്ട് പണമുണ്ട് പക്ഷെ സമയമില്ല. വാര്‍ദ്ധക്യത്തില്‍ സമയമുണ്ട് ആരോഗ്യമില്ല, പണവുമില്ല. പല മനുഷ്യരും ആരോഗ്യം വകവക്കാതെ പണിയെടുത്ത് കാശുണ്ടാക്കുന്നു. പിന്നീട് ആരോഗ്യം സംരക്ഷിക്കുവാനായി ആ പണം ചെലവഴിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ് അഭിപ്രായപ്പട്ടതുപോലെ നമ്മള്‍ സ്വന്തം അബദ്ധങ്ങള്‍ക്ക് അനുഭവം എന്ന് പേരിടുന്നവരാണ്.

സാമ്പത്തിക ആസൂത്രണത്തിന്‍റെ പടവുകള്‍: സാമ്പത്തിക ആസൂത്രണത്തിന്‍റെ പടവുകളില്‍ കൃത്യതയോടെ സമീപിക്കേണ്ട ചില മേഖലകള്‍ പരാമര്‍ശിക്കാം.
1. സാമ്പത്തികലക്ഷ്യങ്ങള്‍ നിജപ്പെടുത്തുക,
2. നൂതനസാമ്പത്തിക സ്ത്രോതസ്സുകള്‍ കണ്ടെത്തുക,
3. വരവ് ചെലവ് സന്തുലിതമാക്കാന്‍ പരിശ്രമിക്കുക.
4. ആവശ്യങ്ങളും ആഗ്രഹങ്ങളും ആഡംബരങ്ങളും വേര്‍തിരിക്കുക,
5. ലോണ്‍ എടുക്കുന്നത് ഉല്‍പാദനക്ഷമമായ കാര്യത്തിനാണെന്ന് ഉറപ്പാക്കുക,
6. ആരോഗ്യപരിപാലനത്തായി നിശ്ചിതതുക മാറ്റിവക്കുക.
7. താല്‍ക്കാലിക ചെലവുകള്‍ പരിമിതപ്പെടുത്തി ഭാവിയിലേക്ക് കരുതുക.

ഇവയൊക്കെ കൃത്യമായി പാലിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ ഉത്തരം കാര്‍ന്നോന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. വിവരമുള്ളവര്‍ മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കും അല്ലാത്തവര്‍ കൊണ്ട് പഠിക്കും.

(തൃക്കാക്കര ഭാരതമാതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖിക.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org