നന്മയിലേക്കുള്ള കോവിഡ് കാല മാറ്റങ്ങളെ നിലനിറുത്താനാകുമോ?

നന്മയിലേക്കുള്ള കോവിഡ് കാല മാറ്റങ്ങളെ നിലനിറുത്താനാകുമോ?

കോവിഡിന്റെ രണ്ടാം തീവ്രവ്യാപനഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതയും മാറ്റവും ആവശ്യപ്പെടുന്ന ലേഖനം…

പ്രൊഫ. മോനമ്മ കോക്കാട്

പ്രൊഫ. മോനമ്മ കോക്കാട്
പ്രൊഫ. മോനമ്മ കോക്കാട്

ഒരു യുദ്ധാനന്തര ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണു നാം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സഞ്ചാരപഥങ്ങള്‍ തുറന്ന് സര്‍വ്വ ജീവിതങ്ങളെയും തകിടം മറിച്ച കുഞ്ഞന്‍ വൈറസ് പ്രതിരോധ മരുന്നുകള്‍ക്കു മുന്‍പില്‍ കീഴടങ്ങുന്നു എന്ന വാര്‍ത്ത സൃഷ്ടിക്കേണ്ടത് ആശ്വാസം മാത്രമല്ല, കൊറോണ കൊണ്ടുവന്ന നല്ല മാറ്റങ്ങള്‍ കൈവിട്ടുകളയില്ല എന്ന നിശ്ചയദാര്‍ഢ്യം കൂടിയാണ്. പ്രതികാര ബുദ്ധിയോടെയാണോ ആഞ്ഞടിച്ചതെന്നു സംശയം തോന്നുമാറ്, സജീവമായതിനെയെല്ലാം നിര്‍ജ്ജീവമാക്കിയ കൊറോണ മനുഷ്യന്റെ മുന്‍പിലെ ഏറ്റവും വലിയ പാഠശാലയാണ്. എല്ലാം കീഴടക്കി എന്ന മനുഷ്യന്റെ അഹങ്കാരത്തിനു കിട്ടിയ ഭീകര പ്രഹരം ഒട്ടനവധി പാഠങ്ങള്‍ പഠിപ്പിച്ചെങ്കിലും വീണ്ടും പഴയ ആക്രാന്തങ്ങളിലേക്കും ആസക്തികളിലേക്കും ആക്രോശങ്ങളിലേക്കും തിരികെ പോകുമോ എന്നത് വലിയ പേടിസ്വപ്നമായി മനസ്സിലേക്കെത്തുന്നു.

മാസ്‌ക്കിന്റെ സുവിശേഷം

ഏകദേശം ഒരു വര്‍ഷക്കാലമായി സുരക്ഷാപടയാളിയായി കൂടെയുണ്ടായിരുന്ന മുഖാവരണം വെറുമൊരു തുണിക്കഷ്ണ മല്ല, ആത്മനിയന്ത്രണത്തിന്റെ പ്രതീകമാണ്, കൊറോണാനന്തരം വര്‍ദ്ധിച്ച വിവേകത്തോടെ ജീവിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമാണ്. ലോകചരിത്രത്തില്‍ ഇന്നേവരെ രോഗം ബാധിക്കാത്തവരുടെ ജീവിതങ്ങളെ ഇത്രയേറെ തകിടം മറിച്ച മറ്റൊരു മഹാമാരി ഉണ്ടായിട്ടില്ല. ആരോഗ്യവാനെന്നോ രോഗിയെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ, വൃദ്ധനെന്നോ ചെറുപ്പക്കാരനെന്നോ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും കൊറോണയെ ഭയന്ന് മാസ്‌ക്ക് ധാരികളായി. പക്ഷെ കൊറോണ ഭീഷണിയില്‍ നിന്നും മോചിതരായാല്‍ വീണ്ടും പഴയ തെറ്റുകളിലേക്കും അഹങ്കാരത്തിലേക്കും തിരികെ പോകുമോ എന്ന ചോദ്യം മാസ്‌ക്ക് ഉയര്‍ത്തുന്നതു കേള്‍ക്കാന്‍ നമ്മുടെ ചെവികള്‍ തുറന്നിരിക്കുന്നുവോ? കവി സച്ചിദാന്ദനോടു ചേര്‍ന്ന് "ഞാന്‍ തകര്‍ത്ത മതിലുകള്‍ വീണ്ടും കെട്ടരുതേ" എന്ന് അതിശക്തമായ താക്കീതോടെ വൈറസ് ഭീകരന്‍ ആവര്‍ത്തിക്കുന്നതു കേട്ടില്ലെങ്കില്‍ ഇതിലും വലിയ മഹാമാരിയെ നേരിടേണ്ടി വന്നേക്കാം.

ജപ്പാനില്‍ നിന്നും ഒരു ഒന്നാംതരം മാതൃക

ചൈനയില്‍ നിന്നും കൊറോണ ആദ്യം എത്തിയ നാടാണ് ജപ്പാനെങ്കിലും, ജപ്പാന്‍കാരെ തകര്‍ത്തെറിയാന്‍ കൊറോണ ഭീകരനു കഴിഞ്ഞില്ല. ലോകജനതയില്‍ ഭൂരിഭാഗവും ലോക്ഡൗണ്‍ നുക കീഴില്‍ ആയെങ്കിലും ജപ്പാനില്‍ ജനജീവിതം സാധാരണ രീതിയില്‍ത്തന്നെ തുടരുന്നു, അവിടെ വിദേശികള്‍ക്കു വിലക്കുമില്ല, പുതിയതായി കര്‍ശന നിയന്ത്രണങ്ങളുമില്ല. ജപ്പാന്‍കാര്‍ക്കു പണ്ടു മുതലേ ഉള്ള ഒരു നല്ല ശീലമാണ് ഇതിനു കാരണം. അവര്‍ മാസ്‌ക്ക് ധരിക്കാതെ ഒരിക്കലും പുറത്തിറങ്ങില്ല. വേറെയുമുണ്ട് അവര്‍ക്കു കുറേ നല്ല ശീലങ്ങള്‍. അവിടെ ആരും ഷേക്ഹാന്‍ഡ് കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ഇല്ല. റെസ്റ്റ് റൂമുകളില്‍ കൈ കഴുകിയ ശേഷം വാഷ്‌ബേസിന്‍ കൂടി കഴുകിയിട്ടേ അവര്‍ പുറത്തിറങ്ങൂ. പൊതുസ്ഥലത്ത് ഒരിക്കലും അവര്‍ തുപ്പുകയില്ല. ഒന്നും വലിച്ചെറിയുകയുമില്ല. ജപ്പാന്‍കാരുടെ നല്ല ശീലങ്ങള്‍ക്കു മുമ്പില്‍ ലജ്ജകൊണ്ടു നമ്മുടെ തല കുനിഞ്ഞു പോകുന്ന ചില നിമിഷങ്ങള്‍ തെളിഞ്ഞു വരുന്നു. വിദേശികളില്‍ നിന്നും അടുത്ത കാലത്തു കടമെടുത്ത ഷെക്ഹാന്‍ഡും ഹഗ്ഗിങും ഇല്ലാതെ ജീവിതമില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കൊറോണ ഉറഞ്ഞുതുള്ളി അവയെല്ലാം തട്ടിയെറിഞ്ഞത്. വിദേശ സംസ്‌ക്കാരത്തിന്റെ കടന്നാക്രമണത്തില്‍ പല നല്ല ശീലങ്ങളും വലിച്ചെറിയത്തക്കവിധം നട്ടെല്ലില്ലാത്തവരായിപ്പോയല്ലോ നാം. അതിമനോഹരവും അര്‍ത്ഥപൂര്‍ണവുമായ 'നമസ്‌തേ'ക്കു പകരം 'കെട്ടിപ്പിടുത്തം' എന്ന രോഗവാഹക സ്വഭാവത്തിലേക്ക് നാം എന്തിനു പോയി? കളഞ്ഞു കുളിച്ചതൊക്കെ തനിത്തങ്കമായിരുന്നുവെന്ന് ബോധ്യപ്പെടുന്നതിനൊപ്പം കൊറോണ അടിച്ചേല്‍പ്പിച്ച നല്ല ശീലങ്ങള്‍ ഇനിയെങ്കിലും വലിച്ചെറിയില്ല എന്ന നിശ്ചയദാര്‍ഡ്യം കൊറോണ കഴിഞ്ഞുള്ള പുതുജീവിതത്തിലെ വെള്ളിവെളിച്ചം ആവട്ടെ.

ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അനിവാര്യമായി തീര്‍ന്നതിന്റെ ചിഹ്നമായി മാസ്‌ക്കിനെ നാം സ്വീകരിക്കേണ്ടതുണ്ട്. പക്ഷെ ആവശ്യബോധം സൃഷ്ടിക്കുന്ന മനഃശക്തികൊണ്ട് മാസ്‌ക്ക് ഉപയോഗിക്കുമെന്ന വ്യാ മോഹം വച്ചുപുലര്‍ത്താതെ നിയമ നിര്‍മ്മാണം വഴി ഇതു നിര്‍ബന്ധമാക്കുന്നതല്ലേ കരണീയം?

ലക്ഷങ്ങള്‍ മുടക്കി കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നടത്തുന്നതിനു പകരം വീട്ടുമുറ്റത്തെ പന്തലില്‍ വിവാഹ സല്‍ക്കാരം നടത്തിയാലും വിവാഹകര്‍മ്മത്തിന്റെ പവിത്രതയെ ബാധിക്കില്ലെന്നു പഠിപ്പിക്കുവാന്‍ ഒരു മഹാമാരി തന്നെ വേണ്ടി വന്നു. ആഡംബരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ലാഭിക്കുന്ന തുക കൊണ്ട് നിസ്സഹായരുടെ കണ്ണീരൊപ്പുന്നതിലെ ആനന്ദം അനേകര്‍ തിരിച്ചറിഞ്ഞു.

വീടിനു പുറത്തിറങ്ങിയാല്‍ മാസ്‌ക് ധരിക്കണം എന്ന നിയമം വന്നാല്‍ അത് ആരോഗ്യസംരക്ഷണ മേഖലയിലെ ഒരു വന്‍ നേട്ടവുമായിരിക്കും. കഴിഞ്ഞുപോയ മഴക്കാലത്ത് ആശുപത്രികളില്‍ തിരക്കൊഴിഞ്ഞതും മരുന്നു വില്‍പനയിലെ വന്‍ ഇടിവും ഒരു വലിയ സൂചനയാണ്. മാസ്‌ക്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുന്നവരെ കടന്നാക്രമിക്കാന്‍ പകര്‍ച്ചപ്പനികള്‍ക്ക് സാധിച്ചില്ല, അതുകൊണ്ടു തന്നെ ആശുപത്രിവാസത്തിലെ ബുദ്ധിമുട്ടും ചെലവും അനേകര്‍ക്കു ഒഴിവായിക്കിട്ടി. മാസ്‌ക്കും സാനിറ്റൈസറും സന്തത സഹചാരികളായി കൂടെയുണ്ടെങ്കില്‍ കൊറോണയെ മാത്രമല്ല പലരോഗങ്ങളെയും അകറ്റി നിറുത്താമെന്നു വ്യക്തം.

ധൂര്‍ത്ത് ഇനി പടിക്കു പുറത്ത്

ധൂര്‍ത്തില്‍ മുക്കോളം മുങ്ങിക്കിടന്ന കൊടും ധാര്‍ഷ്ട്യത്തെയാണ് കൊറോണ പിഴുതെറിഞ്ഞത്. സമാനതകളില്ലാത്ത അഹങ്കാരത്തിന്റെ പ്രദര്‍ശനശാലകളായിരുന്നു സമ്പന്നരുടെ വിവാഹ, മനസ്സമ്മത മാമാങ്കങ്ങള്‍. കല്യാണത്തെ വെല്ലുന്ന രീതിയില്‍ മനസ്സമ്മതം നടത്തുന്ന കൊടും ധൂര്‍ത്തിന്റെ പത്തിയും കൊറോണ തല്ലിത്തകര്‍ത്തു. മിനിമം ക്ഷണിതാക്കളെ വച്ച് ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ക്ഷണിക്കുന്നവര്‍ക്കും ക്ഷണിക്കപ്പെടുന്നവര്‍ക്കും അതു വലിയ ആശ്വാസമായി. ലക്ഷങ്ങള്‍ മുടക്കി കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നടത്തുന്നതിനു പകരം വീട്ടുമുറ്റത്തെ പന്തലില്‍ വിവാഹ സല്‍ക്കാരം നടത്തിയാലും വിവാഹ കര്‍മ്മത്തിന്റെ പവിത്രതയെ ബാധിക്കില്ലെന്നു പഠിപ്പിക്കുവാന്‍ ഒരു മഹാമാരി തന്നെ വേണ്ടി വന്നു. ആഡംബരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ലാഭിക്കുന്ന തുകകൊണ്ട് നിസ്സഹായരുടെ കണ്ണീരൊപ്പുന്നതിലെ ആനന്ദം അനേകര്‍ തിരിച്ചറിഞ്ഞു.

പണം ഉണ്ടെങ്കില്‍ ഏതു ചടങ്ങിനും താന്‍പോരിമ കാണിക്കാന്‍ ധൂര്‍ത്തിലേക്കു വീണുപോയിരുന്ന ഒട്ടനവധി പേരാണ് കൊറോണയുടെ പ്രഹരമേറ്റ് പത്തി താഴ്ത്തിയത്. ആദ്യകുര്‍ബാന സ്വീകരണം, മാമ്മോദീസ, പാലു കാച്ചല്‍, മരണ അടിയന്തിരം, ജന്മ ദിനം തുടങ്ങിയവയിലെല്ലാം ദൃശ്യമായിരുന്ന പണക്കൊഴുപ്പിന്റെ ധിക്കാരം കൊറോണ തകര്‍ത്തെറിഞ്ഞു. 100 പേരെ ക്ഷണിച്ചു വിവാഹവും 50 പേരെ ഉള്‍പ്പെടുത്തി മറ്റു ചടങ്ങുകളും നടത്താന്‍ പഠിച്ചത്, ഇനിയൊരിക്കലും കൈമോശം വരരുത്. വീണ്ടും ആഡംബരങ്ങളിലേക്കു പോകുന്നവര്‍ പരിഹാസപാത്രങ്ങളായി മാറും എന്ന വിചാരം ഉണ്ടാകണം.

പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത് എന്തിന്?

അനേക ലക്ഷങ്ങളില്‍ മുങ്ങിക്കുളിച്ചുള്ള പള്ളിപ്പെരുന്നാളുകളിലെ ധൂര്‍ത്തും കൊറോണയില്‍ ഒലിച്ചുപോയി. പെരുന്നാള്‍ നടത്തിപ്പിലെ വന്‍ ചെലവുകളില്‍ എത്ര ശതമാനമാണ് ആത്മീയതയെ പരിപോഷിപ്പിക്കുവാന്‍ ഉപകരിക്കുന്നത്? പണ്ടുകാലം മുതലുള്ള പെരുന്നാള്‍ ധൂര്‍ത്ത് ഇല്ലാതാക്കാന്‍ വികാരിമാര്‍ക്കും ഇടവകജനങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും കൊറോണ അതു നേടിയെടുത്തു. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വെടിക്കെട്ടും ബാന്റുമേളവും വൈദ്യുതാലങ്കാരവും, പുഷ്പാലങ്കാരങ്ങളും നടത്തേണ്ടതില്ലെന്നും പകരം പെരുന്നാള്‍ സമ്മാനമായി വീടില്ലാത്തവര്‍ക്കു വീടും നിര്‍ദ്ധന യുവതികള്‍ക്ക് താലിഭാഗ്യവും ദരിദ്ര കുടുംബങ്ങളിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും കൊടുക്കുന്ന പതിവാണ് ശ്രേഷ്ഠമെന്നും കൊറോണക്കാലത്ത് പഠിച്ചത് മഹാമാരി തന്ന സമ്മാനമായി സ്വീകരിക്കാം. അധികമായി ചെലവാക്കുന്നതെല്ലാം ദരിദ്രന് അവകാശപ്പെട്ടതാണെന്നുള്ള കോവിഡ് തന്ന തിരിച്ചറിവിന്റെ വെളിച്ചം മനസ്സകങ്ങളില്‍ എന്നുമുണ്ടായിരിക്കണം.

വീട്ടകങ്ങളില്‍ പൂത്ത നന്മമരങ്ങള്‍ ഉണങ്ങിപ്പോകരുത്

അതീവ ഭയാശങ്കകളോടെ വീട്ടു തടങ്കലിലേക്കു പ്രവേശിച്ചവര്‍ ആത്മബന്ധങ്ങളുടെ അതിമാധുര്യത്തില്‍ മതിമറന്നിരിക്കുകയാണിപ്പോള്‍. ഉറ്റവരുടെ മുഖത്തു നോക്കാനോ ഒരു വാക്ക് ഉരിയാടാനോ സമയമില്ലാതെ എന്തിനോ വേണ്ടി ഓടിപ്പാഞ്ഞിരുന്ന മനുഷ്യന് കിട്ടിയ വന്‍ തിരിച്ചടിയാണ് കോറോണ. ലണ്ടനിലും ദുബായിയിലും ഓസ്‌ട്രേലിയയിലും ഉള്ള സുഹൃത്തുക്കളോട് മണിക്കൂറുകള്‍ സംസാരിക്കാന്‍ സമയമുണ്ടെങ്കിലും കിടപ്പുമുറിയില്‍ രോഗിയായി കിടന്നിരുന്ന പെറ്റമ്മയോട് സം സാരിക്കാന്‍ സമയം കിട്ടിയിരുന്നില്ല. രക്തബന്ധം പോയിട്ട് ആത്മ ബന്ധം പോലുമില്ലാത്ത നൂറുകണക്കിനു മുഖങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട് സായൂജ്യമടഞ്ഞവര്‍ക്ക് സ്വന്തം പങ്കാളിയുടെ മുഖത്തു നോക്കി പുഞ്ചിരിക്കാന്‍ അശേഷം സമയം ഉണ്ടായിരുന്നില്ല. സമയമില്ല എന്നു എപ്പോഴും വിലപിച്ചവര്‍ ലോക്ഡൗണ്‍ കാലത്ത് ആദ്യം അല്‍പം പരിഭ്രമിച്ചെങ്കിലും അധികം കിട്ടിയ സമയം കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചതിലെ നിര്‍വൃതി നുകരുകയാണിപ്പോള്‍. വീട് ആരാധനാലയമായി മാറിയതിനും അസംഖ്യം പേര്‍ കൊറോണയോടു കടപ്പെട്ടിരിക്കുന്നു. ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആത്മബന്ധങ്ങളുടെ അതിമധുരം അനുഭവച്ചവരില്‍ ചിലര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ ദുഃഖിക്കുകയുണ്ടായി. ഭാര്യമാരോടൊത്ത് ഭക്ഷണം പാകം ചെയ്യുകയും, വീടു വൃത്തിയാക്കുകയും, കുട്ടികളെ കുളിപ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരെ കേരളം കണ്ടത് കൊറോണക്കാലത്താണ്. മരണം ഒരു രോഗാണുവായി മുന്നില്‍ വന്നു ഭീഷണി മുഴക്കിയപ്പോഴാണ് പലരും സ്വന്തം വീടാണ് ഏറ്റവും മനോഹരമായ സ്ഥലമെന്ന് മനസ്സിലാക്കിയത്. തിരിച്ചറിഞ്ഞതും തിരിച്ചുപിടിച്ചതും തിരുത്തിയതും ഇനിയുള്ള കാലം മുഴുവന്‍ നിലനിറുത്താനുള്ള മിനിമം ബുദ്ധിയെങ്കിലും നമുക്ക് ഉണ്ടാകുമോ?

ഷോപ്പിംഗ് ഭ്രാന്ത് എവിടെപ്പോയി ?

പരസ്യങ്ങളുടെ ചതിക്കെണികളില്‍പ്പെട്ട് ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയാനാവാതെ വാങ്ങിക്കൂട്ടിയതിനെ ഓര്‍ത്ത് കുറ്റബോധം തോന്നുന്ന അനേകരുടെ ചിത്രങ്ങളാണ് കൊറോണ വരച്ചിട്ടിരിക്കുന്നത്. അനു ദിനം പുതിയ ഷോപ്പിംഗ് മാളുകള്‍ മുളച്ചുവരുകയും എല്ലാം ജനസമുദ്രമാകുകയും ചെയ്യുന്നതിന് ഒരു അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ – പണത്തിന്റെ ഹുങ്ക്. ഒരിക്കല്‍ പോലും ഉപയോഗിക്കപ്പെടാതെ ശാപ മോക്ഷവും കാത്ത് അലമാരകളില്‍ കഴിയുന്ന വസ്ത്രങ്ങളും ആവശ്യത്തിലേറെയായതിന്റെ പേരില്‍ വലിച്ചെറിയപ്പെടുന്ന ഭക്ഷണ സാധനങ്ങളും മനസ്സാക്ഷിക്കു മുന്നില്‍ കൊഞ്ഞണം കുത്തുകയാണിപ്പോള്‍. വലിയൊരു ബാങ്ക് ബാലന്‍സും സ്ഥിരനിക്ഷേപങ്ങളും, ഭൂസ്വത്തും, ഡെബിറ്റ്കാര്‍ഡും ഉണ്ടായിട്ടും ഇല്ലാത്തവന്റെ നിസ്സഹായതയിലേക്ക് തള്ളി ഇടപ്പെട്ടപ്പോള്‍ സര്‍വ്വ അഹങ്കാരവും പോയ്മറഞ്ഞു. മാളുകളിലെ ഷോപ്പിംഗ് ഒരു സ്റ്റാറ്റസ് സിംബലായി കണ്ട് അര്‍മാദിച്ചിരുന്നവരില്‍ ഭൂരി ഭാഗവും അനാവശ്യങ്ങളെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്കു വന്നുകഴിഞ്ഞു. ഇതു നിലനിറുത്തുക എന്നതാണ് അടുത്ത വെല്ലുവിളി.

കൊറോണ മുളപ്പിച്ച നന്മ മരങ്ങള്‍ ഇനിയൊരിക്കലും ഉണങ്ങിപ്പോകരുത്

ലോകം കണ്ട ഏറ്റവും സങ്കീര്‍ണമായ പേടിസ്വപ്നമാണ് കൊറോണയെങ്കിലും ആശ്വസിക്കാന്‍ വകയുണ്ട്. കാരണം, ഇതും കടന്നുപോകും. മനുഷ്യരാശിയെ മുഴുവനും തളര്‍ത്താനും തോല്‍പ്പിക്കാനും ഒരു ചെറിയ രോഗാണുവിനു കഴിഞ്ഞെങ്കിലും ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും വിജയഭേരി മുഴക്കാനുള്ള കഴിവ് മനുഷ്യനു നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ അതു സാധിക്കണമെങ്കില്‍ സമാനതകളില്ലാത്ത മനഃശക്തി തന്നെ വേണം. ഒരു ജമൃമറശഴാ വെശള േകൊണ്ടുവരാന്‍ കൊറോണയ്ക്കു കഴിഞ്ഞെങ്കിലും അതു നിലനിറുത്തണമെങ്കില്‍ കൊടുക്കാന്‍ സാധിക്കാത്ത സ്‌നേഹവും, പറയാന്‍ സാധിക്കാത്ത നല്ല വാക്കുകളും, ചെയ്യാന്‍ സാധിക്കാത്ത സത്പ്രവൃത്തികളും, തീര്‍ക്കാന്‍ സാധിക്കാത്ത കടപ്പാടുകളും ഇനിയുള്ള ജീവിത വഴിത്താരയില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. കോറോണ വിതറിയ വിത്തുകളില്‍ നിന്നും നന്മ വിത്തുകള്‍ കണ്ടെടുത്ത് മുളപ്പിച്ച് വിളവെടുക്കാനുള്ള മിനിമം ബുദ്ധിയെങ്കിലും നമുക്കു വേണ്ടേ? ജീവിതത്തോടുള്ള സമീപനത്തില്‍ തന്നെ മാറ്റം വരുത്തി കൂടുതല്‍ കരുതലോടെ ജീവിക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം ആഘോഷിക്കാന്‍ കോവിഡാനന്തരകാലം ഇടവരുത്തട്ടെ.

(സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഡയറക്ടറാണ് ലേഖിക)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org