കത്തോലിക്കാ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുവാന്‍

കത്തോലിക്കാ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുവാന്‍

ഫാ. ജെറി ഞാളിയത്ത്

കത്തോലിക്കാസ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കു പൊതുജനദൃഷ്ടിയില്‍ മങ്ങലേല്‍ക്കുന്നതായി കാണുന്നുണ്ട്. കേരളസമൂഹത്തില്‍ ഭരണകൂടം ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും കര്‍ക്കശമായ സാമൂഹ്യ വിചാരണയ്ക്ക് എപ്പോഴും വിധേയമാണ്. യുവജനങ്ങള്‍ ഈ വിചാരണയുടെ മുന്നണിയിലുണ്ട്, സാമൂഹ്യ മാധ്യമങ്ങളാണ് അവരുടെ വിചാരണയുടെ തട്ടകം. അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങളാകട്ടെ സാമൂഹ്യ മാധ്യമങ്ങളുടെ വേഗതയോടും പ്രചാരത്തോടും മത്സരിക്കാനുള്ള വെമ്പലില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം വിചാരണകളെയും വിധിയെഴുത്തുകളെയും യാതൊരു ധാര്‍മ്മിക മാനദണ്ഡങ്ങളും പാലിക്കാതെ വൈകാരികവത്കരിച്ചു മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്നു. ന്യായമായ സാമൂഹ്യവിചാരണ, പക്ഷേ സ്ഥാപനങ്ങള്‍ക്കു ഗുണകരമാണ്. വസ്തുതാപരമായി സ്വയം വിശകലനം ചെയ്യാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും അതു സ്ഥാപനങ്ങള്‍ക്കു സഹായകരമാകുന്നു.

സര്‍ക്കാര്‍ നയങ്ങളിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് ലാഭലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി വിഭാഗങ്ങള്‍ കേരളത്തില്‍ വിദ്യാഭ്യാസ, ആതുരസേവന രംഗത്തേയ്ക്ക് കടന്നുവരികയുണ്ടായി. അതിനു മുമ്പ് സര്‍ക്കാരും ലാഭം ലക്ഷ്യമാക്കാത്ത പ്രസ്ഥാനങ്ങളും മാത്രം പ്രവര്‍ത്തിച്ചിരുന്ന മേഖലയായിരുന്നു ഇത്. മാനവവികാസത്തിനു വഴിയൊരുക്കുന്ന ഇത്തരം രംഗങ്ങളില്‍ ലാഭലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കിയത് നയപരമായ ഒരു തെറ്റാണ്. പണം മാത്രം ലക്ഷ്യമാക്കുന്ന ആര്‍ക്കും ഈ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തോടു നീതി പു ലര്‍ത്താനാകില്ല. മനുഷ്യവ്യക്തിയെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാകാം ഇവരൊക്കെ സ്ഥാപനം തുടങ്ങുന്നതെങ്കില്‍ കൂടിയും ഇടയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോള്‍ ഇവരുടെ ശ്രദ്ധ മനുഷ്യനില്‍ നിന്നു തെന്നി മാറും. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള സാഹചര്യത്തില്‍, ഏതു പ്രതിസന്ധിയിലും പണം തരാന്‍ കഴിയുന്ന ജനവിഭാഗത്തിലേയ്ക്കു സ്ഥാപനങ്ങളുടെ ശ്രദ്ധ തിരിയും. ഗവണ്‍മെന്‍റുകളാകട്ടെ വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യും. ഇതിന്‍റെ ആദ്യത്തെ ഇരകളാകുന്നത് സാമ്പത്തിക – രാഷ് ട്രീയ ശക്തിയില്ലാത്ത പാവപ്പെട്ട മനുഷ്യരാകും. ഇവിടെയാണ് ലാഭലക്ഷ്യത്തോടെയല്ലാതെ സ്ഥാപിക്കപ്പെട്ടിട്ടുള്ള കത്തോലിക്കാ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും തത്ത്വത്തിലെങ്കിലും ഒരു പങ്കു വഹിക്കാനുള്ളത്. ലാഭലക്ഷ്യമുള്ള ഒരു സ്ഥാപനം ലാഭകരമല്ലാത്ത ഒരു സേവനം ചെയ്യേണ്ടി വരുമ്പോള്‍ അതൊഴിവാക്കാന്‍ നോക്കും. ലാഭലക്ഷ്യമില്ലാത്ത ഒരു സ്ഥാപനമാകട്ടെ ആ സേവനത്തെ തങ്ങളുടെ ദൗത്യത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുകയും പ്രധാനമാണെന്നു തോന്നിയാല്‍ അതിനു പണം കണ്ടെത്താന്‍ ക്രിയാത്മകമായ വഴികള്‍ നോക്കുകയും ചെയ്യും.

ലാഭലക്ഷ്യത്തോടെയുള്ള സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലേയ്ക്കു കടന്നു വന്നപ്പോള്‍ ലാഭലക്ഷ്യമില്ലാത്ത സ്ഥാപനങ്ങളും അവയുടെ നടത്തിപ്പിലേയ്ക്കു വാണിജ്യതത്ത്വങ്ങളും ശൈലികളും ലാഭമന്ത്രവും ഉള്‍ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി. അത്തരമൊരു സംവിധാനത്തില്‍ മനുഷ്യവ്യക്തിയാകും എല്ലാ ഏര്‍പ്പാടുകളുടെയും കേന്ദ്രം എന്നു കരുതുക പകല്‍ക്കിനാവാകും.

കത്തോലിക്കാ സ്ഥാപനങ്ങള്‍ നൈയാമികമായ കാഴ്ചപ്പാടില്‍ ലാഭലക്ഷ്യമില്ലാത്തവയും തങ്ങള്‍ സേവിക്കുന്ന സമൂഹത്തോടും സഭയോടും പ്രതിബദ്ധതയുള്ളവയുമാണ്. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും യേശുക്രിസ്തുവിന്‍റെ ദര്‍ശനത്തിനുമിടയില്‍ കണ്ട വലിയ വിടവാണ് ഈ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഇതിന്‍റെ സ്ഥാപകരെ പ്രേരിപ്പിച്ചത്. കേരളസമൂഹത്തിന്‍റെ സമുദ്ധാരണത്തിനു വിസ്മയകരമായ സംഭാവനകളാണ് തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ദൈവച്ഛായയിലുള്ള മനുഷ്യനെ മുഖ്യമായി കണ്ടതുകൊണ്ടാണ് അവര്‍ക്കിതു സാധിച്ചത്.

എന്നാല്‍ സാമ്പത്തിക യുക്തിവാദത്തിന്‍റെ വരവോടെ ക്ഷേമരാഷ്ട്ര സങ്കല്‍പം ഇല്ലാതാകുകയും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലേയ്ക്കു ലാഭലക്ഷ്യപ്രസ്ഥാനങ്ങള്‍ കടന്നുവരികയും ചെയ്തു. ഇത് ലാഭലക്ഷ്യമില്ലാതിരുന്ന സ്ഥാപനങ്ങളെപോലും വഴി തിരിക്കുകയും അവരുടെ ശ്രദ്ധ വ്യക്തിയില്‍ നിന്ന് ലാഭത്തിലേയ്ക്കു മാറ്റുകയും ചെയ്തു. ഒരു പരിധി വരെ ഇത് അനിവാര്യമായിരുന്നു. ഉദാഹരണത്തിന് ഒരു കത്തോലിക്കാ ആശുപത്രിയുടെ ഊന്നല്‍ വ്യക്തികളില്‍, വിശേഷിച്ചും പാവപ്പെട്ട വ്യക്തികളില്‍ മാത്രമാണെങ്കില്‍ അതിന്‍റെ ലാഭമത്രയും ഉപവി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടും. കൂടാതെ, പ്രത്യുത്പാദനരംഗത്തെയും മറ്റും വളരെ ലാഭകരമായ ചികിത്സാരംഗങ്ങളില്‍ കത്തോലിക്കാ ആശുപത്രികള്‍ക്ക്, അവയുടെ ധാര്‍മ്മികതയെപ്രതി ഇടപെടാനാകുകയുമില്ല. ഇങ്ങനെ ലാഭം കുറയുന്നതു മൂലം ഈ ആശുപത്രികള്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ മുതല്‍ മുടക്കാനാകാതെ വരുന്നു. ഇത് മികച്ച ഡോക്ടര്‍മാരെ ആ കര്‍ഷിക്കുന്നതിനു തടസമാകും. സ്വാഭാവികമായും രോഗികള്‍ കുറയും. അതേസമയം ഇത്തരം പ്രതിബദ്ധതകളൊന്നുമില്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ലാഭമത്രയും പുതിയ സാങ്കേതികവിദ്യകള്‍ക്കും മികച്ച ഡോക്ടര്‍മാര്‍ക്കുമായി ചെലവാക്കാന്‍ കഴിയുന്നു. ഇതുകൊണ്ടാണ് മുമ്പു ലാഭലക്ഷ്യമില്ലാതിരുന്ന സ്ഥാപനങ്ങളും ലാഭലക്ഷ്യസ്ഥാപനങ്ങളുടെ ശൈലി പിന്തുടര്‍ന്ന് സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നതും ക്രമേണ പ്രവര്‍ത്തനകേന്ദ്രം മനുഷ്യവ്യക്തിയല്ലാതായി മാറുന്നതും. ആരോഗ്യവും വിദ്യാഭ്യാസവും പോലെയുള്ള രംഗങ്ങളില്‍ എല്ലാവര്‍ക്കും പ്രാപ്യതയും നീതിയും ഉറപ്പു വരുത്തണമെങ്കില്‍ ലാഭലക്ഷ്യമില്ലാത്ത ആശുപത്രികള്‍ക്കും മറ്റും വളരാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അതിപ്പോള്‍ സംഭവിക്കുന്നില്ല.

സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്ഥാപനാധികാരികള്‍ പല വിധത്തിലാണു പ്രതികരിക്കുക. ചി ലര്‍ നിഷേധിക്കും. സാംസ്കാരികമായ അപചയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാത്ത ചിലര്‍ അങ്ങനെയൊന്നു സംഭവിക്കുന്നില്ലെന്നു നടിക്കും. സ്ഥാപനത്തിന്‍റെ സംസ്കാരം തകര്‍ന്നു പോയിട്ടുണ്ടാകാമെങ്കിലും സ്ഥാപനാധികാരികളും അംഗങ്ങളുമൊക്കെ എല്ലാം നന്നായി പോകുന്നുവെന്ന വ്യാജധാരണയില്‍ കഴിയും. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രകടമായി കാണാവുന്ന ഒരു സത്യത്തെ നേതാക്കള്‍ കണ്ടില്ലെന്നു നടിക്കും. രാഷ്ട്രീയനേതാക്കളുടെ ഒരു പതിവു വായ്ത്താരി ഉണ്ടല്ലോ, "ഇതൊരു ഒറ്റപ്പെട്ട ആക്രമണമാണ്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകര്‍ന്നു എന്ന് ഇതിന്‍റെ പേരില്‍ പറയാനാവില്ല." സഭാനേതാക്കള്‍ പറയുന്നതിങ്ങനെയായിരിക്കും, "ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ഈയൊരു ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ശ്രദ്ധയൂന്നുന്നതിനു പകരം അനേകം നല്ല വൈദികരുള്ളതു കാണാത്തതെന്താണ്?"
ചിലര്‍ ഗൃഹാതുരത്വത്തിലേയ്ക്കു തിരിയും. മഹത്ത്വപൂര്‍ണമായിരുന്ന ഭൂതകാലത്തെ മുന്‍നിറുത്തി ഇപ്പോഴത്തെ വിമര്‍ശനങ്ങളെ നേരിടാനുള്ള പ്രലോഭനം. ഇത് കത്തോലിക്കാസഭയില്‍ വളരെയധികമുണ്ട്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ സഭാനേതാക്കള്‍ അതിനെ നേരിട്ടത് കേരളത്തിന്‍റെ സാമൂഹിക നവോത്ഥാനത്തിനു മുന്‍കാലങ്ങളില്‍ സഭ നല്‍കിയ സംഭാവനകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. വിമര്‍ശനങ്ങളെ നേരിടുന്നതിനു ഗൃഹാതുരത്വത്തെ ഉപയോഗിക്കുന്നതിനുള്ള ഒന്നാന്തരം ഉദാഹരണമാണിത്. പക്ഷേ പണ്ടു ചെയ്ത നന്മകള്‍ക്ക് ഇപ്പോഴത്തെ തെറ്റുകളെ മൂടിവയ്ക്കാന്‍ കഴിയില്ല.

സാമൂഹ്യവിചാരണയുണ്ടാകുമ്പോള്‍ സ്ഥാപനാധികാരികള്‍ നേരിടുന്ന മറ്റൊരു രീതി പന്തു മറ്റുളളവരുടെ കളത്തിലേയ്ക്കു തട്ടിയിടുക എന്നതാണ്. കുറ്റവാളികളുണ്ടെങ്കില്‍ രാജ്യത്തിന്‍റെ നിയമമനുസരിച്ചു ശിക്ഷിച്ചുകൊള്ളട്ടെ എന്നതാണ് സഭാവക്താക്കള്‍ ഇപ്പോള്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു വാചകം. ഇതു കത്തോലിക്കാസഭയുടെ സുസ്ഥിര നിലപാടിനോടു പൊരുത്തപ്പെടുന്നതല്ല. രാജ്യത്തിന്‍റെ നിയമം മനുഷ്യവ്യക്തിയുടെ അന്തസ്സിനെ മാനിക്കുന്നിടത്തോളം അതിനെ ആദരിക്കണമെന്നതാണ് സഭയുടെ നിലപാട്. നിയമമുണ്ടാക്കുന്നതു ഭരണകൂടങ്ങളാണ്. ജനപ്രീതി മാത്രം നോക്കി അവര്‍ നിയമങ്ങളുണ്ടാക്കിയെന്നിരിക്കാം. സഭയ്ക്ക് അതിന്‍റെ സമ്പന്നമായ സാമൂഹിക, ധാര്‍മ്മിക പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവ്യക്തിയെ മാനിക്കുന്ന ഒരു ആഭ്യന്തര നിയമഘടനയുണ്ട്. ഈ സാഹചര്യത്തില്‍ പന്തു രാജ്യത്തെ കോടതികളുടെ കളത്തിലേയ്ക്ക് തട്ടിയിടുന്നത് നന്നായിരിക്കില്ല. അതു സഭാപ്രബോധനങ്ങള്‍ക്കു നിരക്കുന്നതുമല്ല.

ഒരു സ്ഥാപനത്തിനെതിരെ വിമര്‍ശനമുണ്ടാകുമ്പോള്‍ മറ്റൊരു സ്ഥാപനത്തിനു നേരെ ശ്രദ്ധ തിരിക്കുന്നതാണ് പ്രതിഷേധങ്ങളെ നേരിടുന്നതിനുളള മറ്റൊരു രീതി. തങ്ങളുടെ കുഴപ്പമല്ല, സര്‍ക്കാര്‍ നയങ്ങളുടെ കുഴപ്പമാണ് എന്നു പറയുന്നത് ഉദാഹരണം. മറ്റൊന്നു താത്കാലിക പരിഹാരങ്ങളാണ്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഉടനെ ഏതാനും പേരെ സസ്പെന്‍ഡ് ചെയ്യുക, ഒരു പിടിഎ വിളിച്ചു കൂട്ടുക എന്നിങ്ങനെ.

ഇവയൊന്നും മൂലകാരണം പരിഹരിക്കുന്നതിനു പര്യാപ്തമായ നടപടികളല്ല. വൈയക്തിക പാപത്തിനു സമാനമായി എല്ലാ സ്ഥാപനങ്ങളിലും ഘടനാപരമായ പാപങ്ങളുണ്ട്. സാധാരണ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പാപകരമായ ഘടനകള്‍ രൂപപ്പെടാം. ആളുകള്‍ തിന്മയുമായി ചെറിയ വിധത്തില്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളുടെ ഫലമായി ഘടനാപരമായ വലിയ തിന്മകള്‍ ഉണ്ടായെന്നിരിക്കും. വ്യക്തികളുടെ, പ്രവൃത്തികളുടെ ഫലമായാണ് ഒരു സ്ഥാപനത്തിലേയ്ക്ക് ഘടനാപരമായ പാപം പ്രവേശിക്കുന്നതെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ഭരണകാലത്തിന്‍റെ തുടക്കം മുതല്‍ സഭയുടെയാകെയും അതിലെ സ്ഥാപനങ്ങളിലെയും ഘടനാപരമായ പാപങ്ങളെ വളരെ വിമര്‍ശനാത്മകമായാണു സമീപിച്ചു വരുന്നത്.

പ്രവാചകത്വമുള്ള നേതാക്കള്‍ക്കു മാത്രമേ ഈ പാപങ്ങള്‍ കാണാനും മാറ്റങ്ങള്‍ക്കു തുടക്കമിടാനും കഴിയുകയുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ കേരളസഭയിലെ പല നേതാക്കളും പ്രവാചകത്വമുള്ള നേതാക്കള്‍ എന്നതിനേക്കാള്‍ പ്രഗത്ഭരായ മാനേജര്‍മാര്‍ മാത്രമാണ്. മാനേജര്‍മാര്‍ക്ക് സംവിധാനങ്ങളും ഘടനകളുമാണ് പ്രധാനം. പരിവര്‍ത്തനം അവരുടെ ദൗത്യത്തിന്‍റെ ഭാഗമല്ല. പ്രവാചകത്വമുള്ള നേതാവ് മാറ്റത്തെ അഭിമുഖീകരിക്കാനായി തദ്സ്ഥിതിയെ വെല്ലുവിളിക്കുമ്പോള്‍ മാനേജര്‍മാര്‍ തദ്സ്ഥിതിയ്ക്കു വഴങ്ങുന്നു. മാനേജീരിയല്‍ നൈപുണ്യമുള്ളവര്‍ സ്ഥാപനങ്ങളില്‍ ആവശ്യമാണ്. അവര്‍ പ്രവാചകഗുണങ്ങളുള്ള നേതാക്കളെ സഹായിക്കുന്നവരാകണം. മാനേജര്‍ ഭരിക്കുന്നു, നേതാവ് നവീകരിക്കുന്നു. മാനേജര്‍ കോപ്പിയാണ്, നേതാവ് ഒറിജിനലും. മാനേജര്‍ നിലനിറുത്തുന്നു, നേതാവ് വളര്‍ത്തുന്നു. മാനേജര്‍ സംവിധാനങ്ങളിലും ഘടനകളി ലും ശ്രദ്ധയൂന്നുന്നു, നേതാവ് മനുഷ്യരിലും. മാനേജര്‍ക്കു ഹ്രസ്വദൃഷ്ടിയാണെങ്കില്‍ നേതാവ് ദീര്‍ഘദര്‍ശിയായിരിക്കും. മാനേജര്‍ എപ്പോള്‍, എങ്ങനെയെന്നു ചോദിക്കുമ്പോള്‍ നേതാവ് എന്ത്, എന്തുകൊണ്ട് എന്നു ചോദിക്കുന്നു. മാനേജര്‍ വഴി നടക്കുന്നു, നേതാവ് വഴിയുണ്ടാക്കുന്നു. മാനേജര്‍ കാര്യങ്ങള്‍ ശരിയായി ചെയ്യുന്നു, നേതാവ് ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു. നേതാക്കള്‍ ഇസ്രായേലിന്‍റെ പ്രവാചകന്മാരെ പോലെയാകണം.

ഘടനാപരമായ പാപം തിരിച്ചറിയുക വളരെ ദുഷ്കരമാണ്. വിശേഷിച്ചും സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക്. കാരണം, ഘടനാപരമായ പാപം ആ സ്ഥാപനത്തിന്‍റെ ഔദ്യോഗിക സംസ്കാരമായി മാറിയിട്ടുണ്ടാകും. ഇതുകൊണ്ടാണ് പ്രവാചകധീരതയും വിചിന്തനശേഷിയും വ്യക്തതയും ഉള്ള ഒരു നേതാവിനു മാത്രമേ സ്ഥാപന മനഃസാക്ഷിയെ ശ്രവിക്കാനാകുകയുള്ളൂ എന്നു പറയുന്നത്. സ്ഥാപനത്തിന്‍റെ ദൗത്യം, ദര്‍ശനം, മൂല്യങ്ങള്‍, സ്ഥാപനചരിത്രം എന്നിവയുടെ ആകെത്തുകയാണ് സ്ഥാപന മനഃസാക്ഷി. ഒരു കത്തോലിക്കാ ആശുപത്രിയെ സംബന്ധിച്ച് ഈ ഘടകങ്ങള്‍ക്ക് ആധാരമാകുന്നത് സഭയുടെ സാമൂഹ്യ, ധാര്‍മ്മിക പ്രബോധനങ്ങളാണ്. അവയാകട്ടെ സുവിശേഷമൂല്യങ്ങളുടെ പ്രതിഫലനങ്ങളുമാണ്. സ്ഥാപന മനസാക്ഷി, വൈയക്തിക മനസാക്ഷി പോലെ സ്ഥാപനത്തിന്‍റെ ആന്തരിക ശബ്ദമാണ്. സ്ഥാപനത്തെ നല്ല ലക്ഷ്യങ്ങളിലേയ്ക്കു നയിക്കാന്‍ സഹായിക്കുന്നതാണ് അത്. നേതാക്കള്‍ക്ക് അതു വ്യക്തമായി ശ്രവിക്കാനും നിരന്തരം വിചിന്തനം ചെയ്യാനും സാധിച്ചാല്‍ ഘടനയില്‍ സന്നിഹിതമായിരിക്കുന്ന പാപങ്ങളെ അവര്‍ക്കു തിരിച്ചറിയാന്‍ സാധിക്കും. തഴക്കമായി മാറുന്ന പാപങ്ങള്‍ വൈയക്തിക മനഃസാക്ഷിയുടെ ശബ്ദത്തെ കീഴ്പ്പെടുത്തുന്നതു പോലെ സ്ഥാപനത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായി മാറുന്ന പാപങ്ങള്‍ സ്ഥാപന മനഃസാക്ഷിയുടെ ശബ്ദത്തേയും കീഴ്പ്പെടുത്തിയേക്കാം. ഒരു കത്തോലിക്കാ സ്ഥാപനത്തിന്‍റെ നായകന്‍റെ പ്രാഥമിക ചുമതല സ്ഥാപന മനഃസാക്ഷിയില്‍ ശ്രദ്ധയുണ്ടായിരിക്കുക എന്നതും സ്ഥാപനമനഃസാക്ഷിയുടെ പരിശോധനയ്ക്കു ക്രമമായി വിധേയരാകാന്‍ സ്ഥാപനത്തിലെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന അംഗങ്ങളെയെങ്കിലും ശാക്തീകരിക്കുക എന്നതുമായിരിക്കണം. സ്ഥാപനത്തിലെ ജോലിക്കാരോ, സേവനം തേടി വരുന്ന വ്യക്തികളോ ആകട്ടെ, മനുഷ്യവ്യക്തികളെ അവമതിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാറ്റം വരണമെങ്കില്‍ ഇവയുടെ സ്ഥാപനമനഃസാക്ഷിയുടെ പരിശോധന ക്രമമായി നടത്തുക അത്യാവശ്യമാണ്.

സ്ഥാപന മനഃസാക്ഷിയുടെ പരിശോധന കുമ്പസാരത്തിനു മുമ്പ് വ്യക്തികള്‍ സ്വന്തം ജീവിതത്തെക്കുറിച്ചു നടത്തുന്ന വിചിന്തനം പോലെ തന്നെയാണ്. ഒരു വ്യക്തി തന്‍റെ ജീവിതത്തെ സുവിശേഷത്തിനും കല്‍പനകള്‍ക്കും എതിരെ വച്ചു വിശകലനം ചെയ്യുന്നതു പോലെ നേതാക്കള്‍ സ്ഥാപനത്തെ അതിന്‍റെ ദൗത്യം, ദര്‍ശനം, മൂല്യങ്ങള്‍ എന്നിവയുമായി തട്ടിച്ചു വിശകലനം ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഒരു വ്യക്തി തന്‍റെ പാപങ്ങളും അതിലേയ്ക്കു നയിച്ച സാഹചര്യങ്ങളും തിരിച്ചറിയുന്നതുപോലെ സ്ഥാപനനേതാക്കളും തിരിച്ചറിയണം. കൂലിയിലെ അനീതികള്‍, ഒരേ സ്ഥാപനത്തിലെ വിവിധ ഉപസംസ്കാരങ്ങള്‍ തമ്മിലുള്ള അസമാനമായ ബന്ധങ്ങള്‍, വിദ്യാര്‍ത്ഥിസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തല്‍, രോഗികളെ മനുഷ്യോചിതമല്ലാതെ കൈകാര്യം ചെയ്യല്‍ തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. ഘടനാപരമായ പാപങ്ങളെ നേതാവ് തിരിച്ചറിഞ്ഞാല്‍ അവയെ ഇല്ലാതാക്കാനും മനുഷ്യരോടു പ്രതിബദ്ധതയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാനും വേണ്ട തീരുമാനങ്ങള്‍ നേതാവെടുക്കണം. മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പുതിയ നയങ്ങളിലൂടെ ഇവ നടപ്പാക്കണം. പുതിയ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ സ്ഥാപനത്തിന്‍റെ ആന്തരിക പരിവര്‍ത്തനം നടന്നു കഴിഞ്ഞുവെന്ന് നേതൃത്വം ഉറപ്പാക്കുകയും വേണം.

ഇതു സാദ്ധ്യമാകണമെങ്കില്‍ സ്ഥാപനനേതാക്കള്‍ക്ക് ശുശ്രൂഷക നേതാക്കളുടെ കഴിവുകളും പ്രവാചകഗുണങ്ങളും ആവശ്യമാണ്. ശുശ്രൂഷക നേതാക്കള്‍ യേശുക്രിസ്തുവിന്‍റെ മാതൃക പിന്തുടര്‍ന്ന് അനുയായികളുടെ താത്പര്യങ്ങളെ സ്വന്തം താത്പര്യങ്ങള്‍ക്കു മുമ്പു പ്രതിഷ്ഠിക്കുകയും അനുയായികളുടെ വൈയക്തിക വളര്‍ച്ചയ്ക്കു പ്രാധാന്യം നല്‍കുകയും അനുയായികളെ ശാക്തീകരിക്കുകയും ചെയ്യുന്നു. ശുശ്രൂഷക നേതാക്കള്‍ അനുയായികളില്‍ നിന്നു സത്യസന്ധമായ വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുകയും നല്‍കുകയും ചെയ്യുന്നു. ഇത് ആളുകളില്‍ പരസ്പര വി ശ്വാസം വളര്‍ത്തുകയും അത്തരമൊരു അന്തരീക്ഷത്തില്‍ എല്ലാവരും കൂടുതല്‍ സര്‍ഗാത്മകത പ്രകടമാക്കുകയും ചെയ്യുന്നു. ഈയൊരു ഘടകം കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഇല്ലാതായിട്ടുണ്ട്. ഈ നേതാക്കള്‍ സോഷ്യല്‍ മീഡിയായില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കെതിരെ വരുന്ന ഒരു ട്രോളെങ്കിലും ഓരോ ദിവസവും തങ്ങളുടെ ധ്യാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ട് സഭയുടെ അരികുകളിലായിപ്പോയ വലിയൊരു വിഭാഗം വിശ്വാസികള്‍ ചിന്തിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും.
ശുശ്രൂഷകനേതൃത്വവും പ്രവാചക ഗുണങ്ങളും ഒത്തിണങ്ങുന്ന ശൈലിയുണ്ടെങ്കില്‍ സ്ഥാപനത്തിലെ ഏറ്റവും ദുര്‍ബലനായ അംഗത്തില്‍ നിന്നു കൂടി വിലയിരുത്തലുകള്‍ നേതാവിനു ലഭ്യമാകുന്ന സ്ഥിതി വരും. ഏറ്റവും ദുര്‍ബലനു പോലും താന്‍ ശാക്തീകരിക്കപ്പെട്ടതായി തോന്നും. മനുഷ്യവ്യക്തികളെന്ന നിലയിലും സ്ഥാപനാംഗങ്ങളെന്ന നിലയിലും തങ്ങള്‍ മൂല്യമുള്ളവരാണെന്ന് അവര്‍ക്കനുഭവപ്പെടും. ഇത്തരത്തില്‍ സംഭാഷണത്തിന്‍റെയും സ്ഥാപന മനഃസാക്ഷി പരിശോധനയുടെയും ഒരന്തരീക്ഷം കത്തോലിക്കാസ്ഥാപനങ്ങളില്‍ സൃഷ്ടിക്കാന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കു സാധിച്ചാല്‍ അത് ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള ഒരു നല്ല തുടക്കമായി മാറും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org