സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനും

സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനും

ചെന്നിത്തല ഗോപിനാഥ്

മത്തായി സുവിശേഷം 22-ാം അദ്ധ്യായം 21-ാം വാക്യം വിപുലമായ അര്‍ത്ഥഗര്‍ഭം തന്നെ ഉള്‍ക്കൊള്ളുന്നു. ഇന്നെല്ലാം മനുഷ്യകല്പനപ്രകാരം എന്ന മട്ടിലേക്കു പുരോഗമിച്ചിരിക്കുന്നു.

പത്തൊമ്പതാം നൂററാണ്ടിന്‍റെ പകുതിയെത്തിയ കാലഘട്ടത്തെയാണു പ്രമേയമാക്കുന്നത്. ഞാന്‍ പിറന്നിട്ടു നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞിരിക്കും. അന്നൊക്കെ നാട്ടുദീനങ്ങളും നടപ്പുദീനങ്ങളും നാടെങ്ങും വ്യാപകം. കണിയാന്മാരും നാട്ടുവൈദ്യന്മാരും പാരമ്പര്യങ്ങളായി കൈവരിച്ച വൈദ്യരീതിയാണു നാട്ടിലെങ്ങും.

മദ്ധ്യതിരുവിതാകൂറില്‍ അന്നത്തെ ഒരു ധനാഢ്യ കത്തോലിക്കാ കുടുംബം. ആ കുടുംബത്തിലെ മൂത്തപുത്രന് അഞ്ചുവയസ്സ് പ്രായം. അന്നത്തെ കാലവര്‍ഷം പേമാരി ചൊരിഞ്ഞ് നാലഞ്ചു ദിവസങ്ങള്‍ തുടര്‍ന്നു. പൊടുന്നനെ പയ്യന്‍ നടപ്പുദീനത്തിന് അടിമയായി. നാടെങ്ങും പ്രളയത്തിലാഴ്ന്നു. നാട്ടുവൈദ്യനെ എത്തിക്കണമെങ്കിലും ചെറുവള്ളങ്ങളെ ആശ്രയിക്കണം. പ്രമാണിമാരായതിനാല്‍ ആശ്രിതരുണ്ട് നാടെങ്ങും. ആയതിനാല്‍ തന്നെ ചെക്കന്‍റെ രോഗവാര്‍ത്ത ഗ്രാമത്തില്‍ വേണ്ട പ്രാധാന്യത്തോടെ സംസാരവിഷയമായി. പറഞ്ഞറിഞ്ഞു നാട്ടുവൈദ്യന്മാര്‍ പലരുമെത്തി. മരുന്നുകള്‍ കല്പിച്ചു. ചികിത്സ പരമപ്രാധാന്യത്തോടെയെങ്കിലും രോഗം മൂര്‍ച്ഛിക്കുകയാണ്. അഞ്ചാം നാള്‍ പ്രഭാതത്തില്‍ കാട്ടുതീപോലെ വാര്‍ത്ത പരന്നു. വലിയ വീട്ടിലെ കുട്ടി ഗുരുതരാവസ്ഥയില്‍. രാത്രിമഴ ശമിച്ചതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങി. നീന്തിത്തുടിക്കാതെ നടന്നെത്താന്‍ നാട്ടുനടപ്പാതകള്‍ തെളിയുന്ന ലക്ഷണം. ഇന്നത്തെപ്പോലെ വാര്‍ത്ത "വൈറലായി" – സംഭാഷണമാര്‍ഗത്തിലൂടെ. ജനക്കൂട്ടം മുഖം നിറഞ്ഞു പീടികത്തിണ്ണയില്‍ വരെ കൂടിനിന്നു സംസാരമായി.

അപ്രതീക്ഷിതമായി ഗെയ്റ്റ് കടന്നു വെള്ള ളോഹ ധരിച്ച്, സപ്തതിയും പിന്നിട്ട ഒരു വൈദികന്‍ ജനമദ്ധ്യത്തിലൂടെ നടന്നെത്തി. ആര്‍ക്കും തന്നെ പരിചിതനല്ല. ജനക്കൂട്ടം പരസ്പരം മുഖം നോക്കി അജ്ഞത നടിച്ചു. കണ്ടറിവോ കേട്ടറിവോ ഇല്ലാത്ത പുരോഹിതന്‍. ആകയാല്‍ കുശലപ്രശ്നത്തിനായി ആരും തുനിഞ്ഞില്ല. മാത്രമല്ല, മുഖകാന്തിയും ഗാംഭീര്യവും ആരെയും ആ വിധത്തില്‍ അടുക്കല്‍ പ്രേരിപ്പിക്കുന്നുമില്ല. ഹാളില്‍ കിടത്തിയിരിക്കുന്ന കുട്ടിയുടെ കട്ടില്‍ത്തലയ്ക്കല്‍ നിലയുറപ്പിച്ച് ആരുടെയും അനുവാദം കൂടാതെ മിഴിയടച്ച് മൗനധ്യാനത്തില്‍ അല്പനേരം മുഴുകി. കാല്പാദത്തിലെത്തിനിന്ന് ശൂന്യതയില്‍ കുരിശടയാളം വരച്ച് കൂടിനിന്നവരോടായി ചോദിച്ചു: "ഈ ബാലന്‍റെ അപ്പനും അമ്മയും?" പെട്ടെന്നു മാതാപിതാക്കള്‍ മുന്നിലേക്കു കടന്നുനിന്നു. അവരോടും ഇടവകയും പള്ളിയും ഒന്നും അന്വേഷിക്കുന്നില്ല. ഒരേയൊരു ഉപദേശം മാത്രം.

"ഈ ബാലന്‍ ഇന്നത്തെ സൂര്യാസ്തമയത്തിനടുത്തു സുബോധത്തിലെത്തും. രാത്രിയോടെ രോഗശാന്തിയുണ്ടാകും. സുഖം പ്രാപിച്ചു വലുതാകുമ്പോള്‍ ഇവനെ ദൈവവേലയ്ക്കു നിയോഗിക്കണം." ഇത്രമാത്രം പറഞ്ഞു ജനക്കൂട്ടത്തെ ശ്രദ്ധിക്കാതെ, ആരും തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് അതിവേഗത്തില്‍ ഗെയ്റ്റ് കടന്നു ജനമദ്ധ്യേ ലയിച്ചു ആ പുരോഹിതന്‍. ഈ വാര്‍ത്തയും ക്ഷണനേരംകൊണ്ടു ഗ്രാമങ്ങളും കടന്നു പട്ടണങ്ങളിലും വൈറലായി. ദിനരാത്രങ്ങള്‍ രണ്ടുമൂന്നു പിന്നിട്ടപ്പോള്‍ വൈദികന്‍റെ വചനപ്രകാരം പിഞ്ചുബാലന്‍റെ രോഗം ശമിച്ചുതുടങ്ങി. ബന്ധുക്കള്‍ വന്നുകൂടിയവര്‍ സ്വഭവനങ്ങളിലേക്കു മടക്കയാത്രയായി.

കാലങ്ങള്‍ കടന്നുപോയി. പഠനത്തില്‍ പുരോഗമിച്ചപ്പോള്‍ സ്കൂള്‍ തലവും കടന്ന്, ഉന്നത വിദ്യാഭ്യാസവും പിന്നിട്ടു. ബാല്യത്തില്‍ നടന്ന സംഭവങ്ങള്‍ക്കും കാലപ്പഴക്കം മങ്ങലേല്പിച്ചു. ഉന്നത വിദ്യാഭ്യാസം നേടിക്കഴിഞ്ഞപ്പോള്‍ ഉദ്യോഗത്തിലേക്കുള്ള ലക്ഷ്യത്തില്‍ വൈദികനോട് ഏറ്റുപറഞ്ഞ വാഗ്ദാനം നിറവേറ്റാന്‍ മാതാപിതാക്കള്‍ക്കു വിമുഖത. മകനെ ഏറ്റവും നല്ല ഔദ്യോഗിക മേഖലയിലെത്തിക്കാന്‍ ശ്രമം. അതില്‍ ലക്ഷ്യം കണ്ടെത്തി. എന്നിരുന്നാലും ഉള്ളിന്‍റെ ഉള്ളില്‍ പതിഞ്ഞുനിന്നിരുന്ന രംഗങ്ങള്‍ മറക്കാതെ സൂക്ഷിച്ചപ്പോള്‍ ലഘുവായ രീതിയില്‍ പരിഹാരമാര്‍ഗവും കണ്ടെത്തി. ദേവാലയങ്ങളില്‍ ആരാധനാവേദിയായ മദ്ബഹയിലെ ആരാധനാവേളയില്‍ പുരോഹിതരുടെ കൂടെ സഹായിയായി നിന്ന് ബലികര്‍മ്മങ്ങളില്‍ പങ്കാളിയാകാനുള്ള യോഗ്യത നേടിയെടുത്തു. അങ്ങനെ കുറുക്കുവഴിയിലൂടെ ദൈവവേല എന്ന വാഗ്ദാനം നിറവേറ്റിയ ലാഘവത്തോടെ കാലത്തിന്‍റെ വഴിതെളിച്ചു ജൈത്രയാത്ര തുടര്‍ന്നു.

ഔദ്യോഗികജീവിതം ആരംഭിച്ച പുത്രന്‍ എല്ലാ മേഖലകളും കടന്നു കുടുംബജീവിതവുമായി പതിറ്റാണ്ടുകള്‍ പിന്നിട്ടു. കാലഘട്ടത്തിന്‍റെ വഴിത്തിരിവില്‍ പ്രിയതമയും സാധുജനസേവനത്തെ തപസ്യയാക്കി ജീവിതശൈലിയില്‍ മാറ്റം വരുത്തി. വി. വേദപുസ്തകത്തിലെ ദശാംശത്തിന്‍റെ പൊരുളിനെ ആധാരമാക്കി പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആയിരങ്ങള്‍ ലക്ഷങ്ങളും കടന്നുള്ള ലക്ഷ്യം എത്തിയപ്പോള്‍ മനഃപരിവര്‍ത്തനം. തോന്നിച്ചപോലെ ദശാംശമെന്ന വചനം മറക്കാന്‍ മനസ്സ് മന്ത്രിച്ചു. പിന്നീടുള്ള ലക്ഷങ്ങളുടെ വരുമാനം സ്വസമ്പാദ്യത്തിലേക്കു വഴിതിരിക്കാന്‍ ദിശാബോധമുണര്‍ന്നു. ചുരുക്കത്തില്‍ ഉന്നതശ്രേണിയില്‍ ഔദ്യോഗിക പദവിയില്‍ നായകനും സാമൂഹ്യസേവനരംഗത്ത് നായികയും പൊതുരംഗങ്ങളില്‍ ഖ്യാതി നേടി.

സ്വപുത്രനും സ്കൂള്‍ തലം കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനു സംസ്ഥാനം വിട്ടു വിദൂരത്തില്‍ എത്തിനില്ക്കുമ്പോള്‍, വിഖ്യാതമായ ചോദ്യങ്ങള്‍ ഓരോന്നായി ജീവിതപാതയിലെ എതിര്‍ദിശയില്‍നിന്ന് മുഖാമുഖമെത്താന്‍ തുടങ്ങി. പുത്രനിലൂടെയെന്നവണ്ണം തിരിച്ചടികള്‍. പഠനം താറുമാറാകാന്‍ നിമിത്തങ്ങള്‍ അപ്രതീക്ഷിതം.

ഹൃദയം തകര്‍ന്ന പിതാവ് ആ ആഘാതത്തില്‍ രോഗാതുരനായി. മകന്‍റെ വിദ്യാഭ്യാസപതനം ഉന്നത സമൂഹത്തില്‍ വാര്‍ത്തയായി. വിവാഹപ്രായമെത്തിയപ്പോള്‍ അനുയോജ്യമായ ബന്ധങ്ങള്‍ വഴിമാറി. ഗത്യന്തരമില്ലാതെ സ്ത്രീവംശത്തിലെ ആള്‍രൂപമെന്ന വണ്ണം ബുദ്ധിമാന്ദ്യം സംഭവിച്ച ഒന്നിന്‍റെ കഴുത്തില്‍ മിന്ന് ചാര്‍ത്തേണ്ട ഗതികേടെന്നു പറയാം, സംഭവിച്ചു. സുമുഖനായ പയ്യനു കൂനിന്മേല്‍ കുരുവായി. ഗത്യന്തരമില്ലാതെ മനംനൊന്ത ഹതഭാഗ്യന്‍ ഒടുവില്‍ ആത്മഹത്യ ചെയ്തു. അങ്ങനെ സ്വപുത്രന്‍റെ അകാലവിയോഗത്തിലൂടെ ഈ വ്യക്തിയുടെ കുലത്തിലൂടെ നിലനിര്‍ത്തേണ്ട കണ്ണിയും തുടര്‍ച്ചയില്ലാതെ നിശ്ചലമായി. ദൈവനാമത്തില്‍ ദശാംശത്തിന്‍റെ പൊരുള്‍ ലംഘിച്ചു ധനാഢ്യയായ മാതാവ്. അന്യരുടെ രാത്രിസംരക്ഷണയില്‍ ജീവിതം നയിക്കുമ്പോള്‍ ആര്‍ക്കെല്ലാം എന്തിലെല്ലാം വാഗ്ദാനലംഘനം ഉണ്ടായിയെന്നു വായനക്കാരായ വിശ്വാസികള്‍ വിലയിരുത്തട്ടെ. ദൈവസാക്ഷ്യത്തിന്‍റെ ഈ ചുരുക്കെഴുത്തിനെ കഥയെന്നോ ഭാവനയെന്നോ സങ്കല്പിക്കേണ്ടതില്ല. യഥാര്‍ത്ഥ ജീവിതമാര്‍ഗമെന്ന സംഭവത്തിന്‍റെ വിധിയെഴുത്തായി കല്പിച്ചാല്‍ ഗുണപാഠമായി നിലനില്ക്കും, പതിനായിരങ്ങള്‍ക്ക് മാര്‍ഗരേഖയായി. മതവും വിശ്വാസവും ഏതുമാകട്ടെ, ഏകത്വമല്ലേ ദൈവഹിതവും സത്യവുമായി നിലകൊള്ളുന്നത്.

"ഇന്നെന്തേ – പാഠം പഠിക്കുവാന്‍ വീഥിയില്‍ ഇടറാത്ത പാദങ്ങളുണ്ടെങ്കിലത്ഭുതം ഇവിടെയിന്നീ ഭൂമുഖത്തെ അടക്കി ഞാന്‍ ഇന്നിന്‍റെ ഭൂപതിയായിത്തന്നെ വാഴണോ?"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org