ചാവറ സ്മരണയുയര്‍ത്തുന്ന വിദ്യാഭ്യാസ വെല്ലുവിളികള്‍

ചാവറ സ്മരണയുയര്‍ത്തുന്ന വിദ്യാഭ്യാസ വെല്ലുവിളികള്‍


ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി CMI

പ്രിന്‍സിപ്പാള്‍, സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര

ചാവറയച്ചന്‍ വിടപറഞ്ഞിട്ട് ഒന്നരനൂറ്റാണ്ട് (147 വര്‍ഷങ്ങള്‍) കഴിയുമ്പോള്‍, അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മികതയും ചൈതന്യവും ഉത്തരോത്തരം പ്രസ്ഫുടിതമായി കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. 'എത്ര മിഴികള്‍ കൊണ്ട് കാണ്‍കിലും കാഴ്ചകള്‍ക്കപ്പുറം, എത്ര വര്‍ണ്ണം മാറ്റി എഴുത്തിലും, എഴുത്തുകള്‍ക്കപ്പുറം' എന്ന് പറഞ്ഞത് അന്വര്‍ത്ഥമായി കാണുന്നു. ഒന്നര നൂറ്റാണ്ടിനപ്പുറം നമ്മുടെ മണ്ണില്‍ ഇപ്രകാരം ഒരാള്‍! അഭിമാനത്തിന്‍റെ കാരണമായി ചാവറയച്ചന്‍ നിലകൊള്ളുന്നു.

ഇന്ന് കേരളം സാമാന്യം എന്ന് കരുതുന്ന സാര്‍വജനിക വിദ്യാഭ്യാസം – വരേണ്യര്‍ എന്ന് കരുതപ്പെടുന്നവര്‍ക്കപ്പുറം, സാധാരണ പൗരര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന സംവിധാനം ചാവറയച്ചനിലെ സാമൂഹ്യപരിഷ്കര്‍ത്താവ് 1865-ല്‍ തന്നെ രൂപപ്പെടുത്തി. സാര്‍വജനിക വിദ്യാഭ്യാസം ഉന്നമനത്തിന്‍റെ വഴിയാണെന്ന തിരിച്ചറിവ് കേരളനാട്ടിലും സമൂഹത്തിലും എത്തിച്ച ആദ്യസംരംഭങ്ങളില്‍പ്പെടുന്നു ചാവറയച്ചന്‍റേത്. അതിനുമുന്‍പ് തന്നെ 1846 വളരെ മൗലികം എന്ന് പറയാവുന്ന ഒരു നടപടി ചാവറ അച്ചന്‍ എടുത്തിരുന്നു. വരേണ്യ ഭാഷയായ സംസ്കൃതത്തിന് ഒരു സ്കൂള്‍! 1868-ല്‍ കൂനമ്മാവില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കേന്ദ്രവും കൂടി സ്ഥാപിച്ചു.

തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ കുതിച്ച് പായലാണ് കാണുക. ഒരു മിഷനറി തീക്ഷ്ണതയോടെ അക്ഷരാഭ്യാസം, അടിസ്ഥാന വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ എല്ലാ മേഖലകളിലും കേരളത്തിലെ ക്രൈസ്തവസമൂഹം ശക്തമായ മുന്നേറ്റം നടത്തി. വിദ്യാഭ്യാസത്തിന്‍റെ വ്യാപനത്തിലും ഗുണമേന്മ ഉറപ്പാക്കുന്നതിലും ഒരു വലിയ പങ്ക് ക്രൈസ്തവസമൂഹം വഹിച്ചു. ഇന്നും വഹിച്ചുകൊണ്ടി രിക്കുന്നു. ഇതിനൊക്കെ അടിസ്ഥാനമായി ചാവറ അച്ഛന്‍റെ ക്രാന്തദര്‍ശിത്വവും വിപധി ധൈര്യവും നിലകൊള്ളുന്നു.

പടിപടിയായി മറ്റ് സമൂഹങ്ങളും ഈ മേഖലയില്‍ സജീവമായി. സ്വാതന്ത്ര്യപ്രാപ്തിക്കും ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനും ശേഷം വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ഗണ്യമായ ഇടപെടല്‍ നടത്തി. നയങ്ങളും നിയമങ്ങളും രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കാലക്രമത്തില്‍ പലതരത്തിലുള്ള പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന മാറി മാറി വരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ നടപ്പിലാക്കുന്ന 'ഏജന്‍സി' കളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയിരിക്കുന്നു.

ആരംഭിച്ച സ്ഥാപനങ്ങള്‍ സര്‍ക്കാരുകളുടെ അനുദിനം വര്‍ദ്ധിച്ചു വരുന്ന നിയന്ത്രണങ്ങളുടെ നൂലാമാലകളിലൂടെ 'നടത്തികൊണ്ട്' പോകാനുള്ള വ്യഗ്രതയാണ് ഇന്ന് ഇതിന്‍റെ നിരവധിയായ ചുമതലക്കാരുടെ അനുഭവം. അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാനും തുടരുവാനും രാഷ്ട്രീയനേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രീതി സമ്പാദിക്കുകയാണ് മറ്റൊരു വ്യഗ്രത. ഇതിനെല്ലാം പുറമെ, വര്‍ദ്ധമായിക്കൊണ്ടിരിക്കുന്ന അവകാശബോധം – കുട്ടികളുടെ, മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, ഇതരജീവനക്കാരുടെ – അവകാശങ്ങള്‍ ഉറപ്പാക്കുകയും അവയുടെ സീമകള്‍ ലംഘിക്കാതെ നോക്കി സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുക എന്നുള്ള ഒരു ദൈനംദിന പ്രശ്നത്തിലൂടെയാണ് ഇവയുടെ പ്രവര്‍ത്തകര്‍ നടക്കുക.

സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും പലപ്പോഴും ദൗത്യത്തേയും ഗുണമേന്മയെയും ബാധിക്കുന്നു എന്ന കണ്ടെത്തലാണ് പില്‍ക്കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക സഹായമില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ ക്രൈസ്തവനേതൃത്വത്തെയും കാലക്രമത്തില്‍ ഇതരസമൂഹങ്ങളെയും പ്രേരിപ്പിച്ചത്. പ്രത്യക്ഷത്തില്‍ ഗുണമേന്മ-ഉന്നതപരീക്ഷഫലം, നൈപുണ്യവികസനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ – ഉറപ്പാക്കിയെങ്കിലും, ഇത്തരം സേവനത്തിന് സ്വീകാര്യതയും, ആവശ്യകതയും വര്‍ദ്ധിക്കുകയും ചെയ്തെങ്കിലും, വളരെ പെട്ടെന്ന് അത് ഒരു ചൂഷണ സംസ്കാരത്തിന്‍റെ അടയാളമായി വ്യാഖ്യാനിക്കപ്പെടുകയും പലപ്പോഴും ആ ആരോപണം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.

അവയിലെ ദുഷ്പ്രവണതകള്‍ അമര്‍ച്ച ചെയ്യുക സര്‍ക്കാരിന്‍റെ ചുമതലയായും വ്യാഖ്യാനിക്കപ്പെട്ടു.

ഇവിടെ സംഭവിച്ചിരിക്കുന്നത് അംഗീകൃതമായിരിക്കുന്ന പൊതുധാരയിലൂടെയുള്ള ഒഴുക്കിന്‍റെ ഭാഗമായി ക്രൈസ്തവവിദ്യാഭ്യാസ പ്രവര്‍ത്തനം മാറിയിരിക്കുന്നു. കാതലായ പ്രശ്നം സ്ഥാപനങ്ങള്‍ (നന്നായി) തുടരുന്നു എന്നതിനപ്പുറം ഒരു ധൈഷണിക നേതൃത്വം നല്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അത്തരം നേതൃത്വം നല്കുന്ന സഭയുടെ സ്ഥാപനങ്ങള്‍ പോലും പലപ്പോഴും സര്‍ക്കാരിനാല്‍ നീതിയും സത്യവും പഠിപ്പിക്കപ്പെടേണ്ടി വന്നിരിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ഉണര്‍ത്തിയ ക്രാന്തദര്‍ശിയായ ചാവറയച്ചനെ അനുസ്മരിപ്പിക്കുമ്പോള്‍ ഇന്ന് ഈ മേഖലയില്‍ സഭാസമൂഹം ഊന്നല്‍കൊടുക്കേണ്ട ഏതാനും കാര്യങ്ങള്‍ വിവരിക്കാം.

1. ദൗത്യബോധം – ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 'നല്ല' സ്ഥപനങ്ങള്‍ ആയി പരിഗണിക്കപ്പെടുന്നു. പക്ഷേ അവ ആദര്‍ശ സ്ഥാപനങ്ങളും ഉത്തമ ഇടങ്ങളും ആകുന്നുണ്ടോ? ഒരു ആത്മപരിശോധന നടത്തുമ്പോള്‍ ക്രൈസ്തവ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് 'ചെയ്യാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ടല്ലോ' എന്നതാണ് – സൗകര്യങ്ങള്‍ യോഗ്യരായ അദ്ധ്യാപകര്‍, സേവന മേഖലകള്‍, സമഗ്രവികസനത്തിനുള്ള ഊന്നല്‍, ഇങ്ങനെ എല്ലാം…

പക്ഷേ, ക്രിസ്തുവില്‍ പ്രത്യക്ഷമായ സുവിശേഷം ദൈവം കൂടെയുണ്ടെന്നും, കരുതുന്ന സാന്നിദ്ധ്യമാണെന്നും അളവറ്റ നന്മയും കരുണയും ആണ് അവിടുത്തെ പൂര്‍ണ്ണത (perfection) എന്നും ഉള്ള സദ്വാര്‍ത്ത അറിയിക്കുകയാണ് ദൗത്യം എന്ന തിരിച്ചറിവും ബോധ്യവും നിയന്താക്കളിലും പ്രവര്‍ത്തകരിലും സംജാതമാകുകയാണ് വേണ്ടത്. 'ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നത് വരെ ഞാന്‍ ഈറ്റ്നോവ് അനുഭവിക്കുന്നു' എന്ന് വിശുദ്ധ പൗലോസ് പറയുമ്പോലെ ഉള്ള ദൗത്യബോധത്തിന്‍റെ തീവ്രത! ഈ കാര്യം ഗുണമേന്മയുടെ ഒരു അവശ്യഘടകമായി അംഗീകരിക്കുവാന്‍ ക്രൈസ്തവ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അപ്പോഴാണ് ജിംകോളിന്‍സ് പറയുമ്പോലെ നല്ല (good) സ്ഥാപനങ്ങള്‍ ആദര്‍ശ (great) സ്ഥാപനങ്ങള്‍ ആയി മാറുന്നത്.

2. മുന്‍കാലങ്ങളില്‍ ക്രൈസ്തവവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി നിര്‍ബന്ധിത ബൈബിള്‍ പഠനം, പിന്നീട് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് വേദപാഠം, മറ്റുള്ളവര്‍ക്ക് നീതിശാസ്ത്രം (moral science) എന്നിവ നിലവില്‍ നിന്നിരുന്നു. ഇന്നും മിക്കവാറും ഇവ തുടര്‍ന്ന് പോരുന്നു.

ഇന്ന് ഫലങ്ങള്‍ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം (Outcome based education) മുന്നോട്ട് വയ്ക്കപ്പെട്ടുകൊണ്ടിരിക്കേ, വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യവും ഫലങ്ങളും വ്യക്തമാക്കി ഓരോ ഘടകവും അവയിലേക്ക് നയിക്കുന്ന പ്രക്രീയതത്വത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവവിദ്യാഭ്യാസ ദൗത്യം ഈ പശ്ചാത്തലത്തില്‍ പുനര്‍ ചിന്തിക്കപ്പെടേണ്ടതും വ്യക്തമാക്കപ്പെടേണ്ടതും ആവശ്യമാണ്. ഈ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയിലും ഇപ്രകാരമുള്ള ഫലങ്ങള്‍ ഉളവാക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടണം.

3. ഇതിനോട് കിടപിടിക്കുന്ന മറ്റൊരു മേഖല പഠിതാവില്‍ ഉളവാകേണ്ട പരിണാമം അല്ലെങ്കില്‍ ഗുണഗണങ്ങള്‍ (attributes) ആണ്. ക്രൈസ്തവവിശ്വാസത്തിന്‍റേയും ആദര്‍ശത്തിന്‍റേയും അവശ്യ ഘടകങ്ങള്‍ ആയ സേവനത്തില്‍ ഊന്നിയ സ്നേഹം, പൊതുനന്മയ്ക്കും അപര നന്മയ്ക്കുമായി വിട്ടുവീഴ്ചയ്ക്കും സഹനത്തിനും തയ്യാറാവുക, സമാധാന കാംഷികളായി വളരുക, സത്യം പറയുന്നവരും നീതി പുലര്‍ത്തുന്നവരും എന്നിവ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വിജ്ഞാന സമ്പാദനം, അന്വേഷണ പരത, ക്രിയാത്മകത, വിമര്‍ശനാത്മക ബുദ്ധി എന്നിവയോടൊപ്പം ആര്‍ജ്ജിക്കേണ്ടതാണ്.

4. ചാവറ അച്ചന്‍റെ വിദ്യാഭ്യാസസാമൂഹിക സംഭാവനകള്‍ നിശ്ചയമായും അദ്ദേഹത്തിന്‍റെ ദൈവദര്‍ശനത്തിന്‍റേയും ദൈവാനുഭവത്തിന്‍റേയും കവിഞ്ഞൊഴുകല്‍ ആയിരുന്നു. 'കാണാകേണം' എന്ന തീവ്രമായ അദ്ദേഹത്തിന്‍റെ അഭിലാഷം ദൈവദര്‍ശനത്തിന്‍റെ ഉന്നത മേഖലകളിലേക്ക് അദ്ദേഹത്തെ നയിക്കുന്നതിനോടൊപ്പം മനുഷ്യരുടെ ആവശ്യങ്ങളിലേക്കും അവയ്ക്കുള്ള പരിഹാരങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു. ഈ ഒരു ആത്മീയതയുടെ ഉള്‍ക്കാമ്പ് ദൈവദര്‍ശനത്തിലൂടെയുള്ള വിശ്വദര്‍ശനം അല്ലെങ്കില്‍ ജീവിതദര്‍ശനം ആണ്. ക്രൈസ്തവ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ മുഖമുദ്ര ആകേണ്ടതും അപ്രകാരമുള്ള ഒരു കാഴ്ച്ചപ്പാടാണ്.

5. സഭയുടെ ഇപ്പോഴുള്ള ഒരു പ്രവര്‍ത്തനശൈലി ഉള്ള സ്ഥാപനങ്ങള്‍ നടത്തുവാനും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുവാനുമുള്ള ആളുകളെ കണ്ടെത്തി പരിശീലിപ്പിക്കുക എന്നതാണ്. ഇതിനുമപ്പുറത്തേക്ക് ദൈവദര്‍ശനത്തിന്‍റെ സൂക്ഷ്മക്കണ്ണാടിയില്‍ കൂടി വിദ്യാഭ്യാസ ലക്ഷ്യവും നയങ്ങളും അതിനൊത്ത കര്‍മ്മ പരിപാടികളും ഒരുക്കുവാന്‍ സജ്ജരായ ഒരു പറ്റം ആളുകളെ ബോധപൂര്‍വ്വം തയ്യാറാക്കാന്‍ സഭയ്ക്ക് ചുമതലയുണ്ട്. ദൈവശാസ്ത്ര പരിശീലനത്തിന്‍റെ ഭാഗമായും ഒരു വലിയ പ്രേഷിത മേഖല അപഗ്രഥിക്കപ്പെടേണ്ടതാണ്. ചാവറയച്ചന്‍റെ സ്മരണ അപ്രകാരമുള്ള നവദര്‍ശനത്തിനും കര്‍മ്മപരിപാടികള്‍ക്കും വഴിതെളിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org