ആരാധനക്രമത്തില്‍ നവോത്ഥാനം സൃഷ്ടിച്ച വിശുദ്ധ ചാവറപ്പിതാവ്

ആരാധനക്രമത്തില്‍ നവോത്ഥാനം സൃഷ്ടിച്ച വിശുദ്ധ ചാവറപ്പിതാവ്


ഡോ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ CMI

ആമുഖം
19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പല നവോത്ഥാന നായകന്മാരും ഉദയം ചെയ്തിട്ടുണ്ട്. കേരള സമൂഹത്തില്‍ പല മാറ്റങ്ങള്‍ക്കും ആരംഭംകുറിച്ച കാലഘട്ടമായിരുന്നു അത്. ദാരിദ്ര്യം, അജ്ഞത, അന്ധവിശ്വാസം, ശൈശവ വിവാഹം, തൊട്ടുകൂടായ്മ തുടങ്ങി ഒട്ടേറെ മുറിവുകള്‍ കേരള സമൂഹത്തെ വ്രണപ്പെടുത്തികൊണ്ടിരുന്നു. ഉച്ഛനീചത്വങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയ ആ നൂറ്റാണ്ടില്‍ അസമത്വങ്ങളോട് സന്ധിയില്ലാസമരം ചെയ്ത് എല്ലാവര്‍ക്കും സംലഭ്യനായി, കാരുണ്യത്തിന്‍റെ മന്ദമാരുതനായി നടന്നു നീങ്ങിയ ഒരു തപോധനനായിരുന്നു വിശുദ്ധ ചാവറയച്ചന്‍.

എന്നാല്‍ കേരളത്തിന്‍റെ നവോത്ഥാനനായകരില്‍ ചാവറയച്ചന്‍റെ പേര് കാണുന്നില്ല എന്നത് ദുഃഖകരമാണ്. അതിനുകാരണം ചരിത്രകാരന്മാരുടെ അറിവില്ലായ്മയാണ്. ഈ അടുത്തകാലത്ത് മാത്രമാണ് ചാവറപിതാവിന്‍റെ പേര് കേരളത്തിലെ മണ്‍മറഞ്ഞുപോയ നവോത്ഥാനനായകരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വിദ്യാഭ്യാസ-സാമൂഹ്യരംഗത്ത് ചാവറ പിതാവ് നല്‍കിയിട്ടുള്ള സംഭാവനകള്‍ ഇതിനകം പലവേദികളിലും ചര്‍ച്ച ചെയ്യപ്പെടുകയും, അതിനെ സംബന്ധിച്ച ധാരാളം അറിവ് പത്രങ്ങളിലും, മീഡിയകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. വിശുദ്ധ ചാവറ പിതാവിന്‍റെ സാമൂഹ്യ-വിദ്യാഭ്യാസരംഗത്തെ സംഭാവനകളെ ഇവിടെ പ്രതിപാദിക്കുന്നില്ല. മറിച്ച് അദ്ദേഹം കേരളത്തിലെ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് അവരുടെ ആത്മീയ വളര്‍ച്ചയ്ക്കുവേണ്ടി നല്‍കിയ സംഭാവനകളെ മാത്രം വിലയിരുത്തുകയാണ്.

1. വിശുദ്ധ കുര്‍ബാനയെ സംബന്ധിച്ച പരിഷ്കാരങ്ങള്‍
ക്രിസ്തു വര്‍ഷത്തിന്‍റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം ഭാരതത്തില്‍ വന്നു. വിശുദ്ധ തോമസ് അപ്പസ്തോലന്‍ നല്‍കിയ സുവിശേഷവെളിച്ചം ഭാരതത്തില്‍ ക്രിസ്തുമതത്തിന് ജന്മം നല്‍കി. ഗുരു പഠിപ്പിച്ച 'അപ്പം മുറിക്കല്‍ ശുശ്രൂഷ' അന്നത്തെ ഭാരതത്തിന്‍റെ സംസ്കാര പശ്ചാത്തലത്തില്‍ വിശുദ്ധ തോമസ് ഇവിടെ ആചരിച്ചു. കാലത്തിന്‍റെ പ്രയാണത്തില്‍ ഈ ആരാധന മറ്റ് ആരാധനസ്വാധീനങ്ങള്‍ക്ക് അധീനമായി. നാലാം നൂറ്റാണ്ടില്‍ മദ്ധ്യപൂര്‍വ്വ ദേശത്തുള്ള കല്‍ദായ സഭയുമായും, പതിനാറാം നൂറ്റാണ്ടില്‍ ലത്തീന്‍ സഭയുമായും മാര്‍ത്തോമ ക്രിസ്ത്യാനികള്‍ ബന്ധത്തിലായി. 19-ാം നൂറ്റാണ്ടില്‍ വിശുദ്ധ ചാവറയച്ചന്‍റെ കാലത്ത്, പരിശുദ്ധ കുര്‍ബാന സുറിയാനി ഭാഷയില്‍ ആയിരുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാന ചൊല്ലുന്നതിന് വൈദികര്‍ ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങള്‍, കുര്‍ബാനയിലെ ആചാരങ്ങള്‍ ഇവ ലത്തീന്‍ സഭയുടേതായിരുന്നു. വിശുദ്ധ തോമസ് അപ്പസ്തോലന്‍റെ ഭാരതസഭയുടേത്, എന്ന് വിശേഷിപ്പിക്കുവാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിശുദ്ധ കുര്‍ബാന പല സ്ഥലങ്ങളിലും വ്യത്യസ്തരീതിയില്‍ അര്‍പ്പിച്ചുപോന്നു. ചാവറയച്ചന്‍റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് അതിലേക്കാണ്. വൈദികര്‍ ഒരേ രീതിയില്‍, ഭക്തി സാന്ദ്രതയില്‍ ബലിയര്‍പ്പിക്കുന്ന രീതി ഉണ്ടാകണമെന്ന് ചാവറ പിതാവ് തീവ്രമായി ആഗ്രഹിച്ചു. അന്നത്തെ വികാരി അപ്പസ്തോലിക്ക ബര്‍ണ്ണദീനോസ് ബച്ചിനേലിയുടെ ആശീര്‍വാദത്തോടെ ചാവറയച്ചന്‍ 'തൂക്കാസ' (ക്രമം) എന്ന പുസ്തകം എഴുതിയുണ്ടാക്കി, അച്ചടിപ്പിച്ച് വൈദികര്‍ക്ക് നല്‍കി. തൂക്കാസ എന്നത് സുറിയാനി വാക്കാണ്. ഇതിന്‍റെ അര്‍ത്ഥം ക്രമം എന്നാണ്. അന്ന് (1866-ല്‍) ചാവറയച്ചന്‍ കേരളത്തിലെ സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാള്‍ ആയിരുന്നു. തൂക്കാസ (പൂജാനുഷ്ഠാന ക്രമം) അദ്ദേഹത്തിന്‍റെ ഒരു വലിയ സംഭാവനയായിരുന്നു. വൈദികര്‍ എല്ലായിടത്തും ഒരേ രീതിയില്‍ ഏറ്റവും ഭക്തിയായി ബലിയര്‍പ്പിക്കുവാന്‍ അത് കാരണമായി.

1866-ല്‍ വരാപ്പുഴ മെത്രാപ്പോലീത്ത അയച്ചിട്ടുള്ള ഒരു കല്‍പ്പനയില്‍ ഇപ്രകാരം വായിക്കുന്നു.

പെ.ബ. പ്രിയോരച്ചന്‍ (വി. ചാവറ പിതാവ്) മലയാളത്തില്‍ എഴുതിയിരിക്കുന്ന തൂക്കാസ (കുര്‍ബാന ക്രമം) എല്ലാവരും പഠിച്ച് അത് വിശുദ്ധ ബലിയര്‍പ്പണത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ആജ്ഞാപിക്കുന്നു. ആദ്യമായാണ് ഇപ്രകാരം പൊതുവായ ഒരു കുര്‍ബാനക്രമം സീറോ-മലബാര്‍ സഭയ്ക്ക് ഉണ്ടാകുന്നത്. വൈദികര്‍ ബലിയര്‍പ്പണത്തിനായി സങ്കീര്‍ത്തിയില്‍ പ്രവേശിക്കുന്നത് മുതല്‍ കുര്‍ബാന കഴിഞ്ഞ് തിരികെ വരുന്നതുവരെയുള്ള എല്ലാ കര്‍മ്മങ്ങളും ചാവറ പിതാവ് ഏറ്റവും വ്യക്തതയോടെ അതില്‍ വിവരിച്ചിട്ടുണ്ട്. മെത്രാപ്പോലീത്തായുടെ ആഗ്രഹമനുസരിച്ച്, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി മല്പാന്‍റെ പഠനംപോലെ വളരെ താത്വികമായിട്ടാണ് ചാവറയച്ചന്‍ അതില്‍ കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. വിശുദ്ധബലി കൂടുതല്‍ ഒരുക്കത്തോടും ശ്രദ്ധയോടും കൂടി അര്‍പ്പിക്കുന്നതിന് ചാവറയച്ചന്‍ നല്‍കിയ വലിയ സംഭാവനയാണ് സുറിയാനി സഭയുടെ പൂജാനുഷ്ഠാന വിധികള്‍. 1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അവസരത്തില്‍ പുനഃരുദ്ധരിക്കപ്പെട്ട സീറോ-മലബാര്‍ കുര്‍ബാന നടപ്പില്‍ വരുന്നതുവരെ ചാവറയച്ചന്‍ എഴുതിയുണ്ടാക്കിയ പൂജാവിധികളാണ് കേരളത്തില്‍ എല്ലായിടത്തും ഉപയോഗിച്ചിരുന്നത്.

ഇതിനുപുറമെ മൂന്ന് വൈദികരുടെ ആഘോഷമായ പാട്ടുകുര്‍ബാനയുടെ (സ്തപസ്സ് കുര്‍ബാന) ക്രമം ചാവറയച്ചന്‍ എഴുതിയുണ്ടാക്കി. തിരുനാളുകളുടെ തലേദിവസം നടത്തുന്ന ആഘോഷമായ റംശനമസ്കാരം (വേസ്പ്പര), മരിച്ചവര്‍ക്കുവേണ്ടിയുള്ള സംസ്കാര ക്രമം, അന്നീദ, ഒപ്പീസ് – എല്ലാം ജ്ഞാനിയായ വിശുദ്ധ ചാവറപിതാവ് സീറോ-മലബാര്‍ സഭയ്ക്കുവേണ്ടി പല ശ്രോതസ്സുകളില്‍നിന്നും അറിവ് സമ്പാദിച്ച് എഴുതിയുണ്ടാക്കിയ ലിറ്റര്‍ജി പുസ്തകങ്ങളാണ്.

2. ലിറ്റര്‍ജി കലണ്ടര്‍
കല്‍ദായ സഭയുടെ പാരമ്പര്യത്തില്‍ ആരാധനകാലങ്ങള്‍ നിര്‍ണ്ണയിക്കുന്നത് രക്ഷണീയ കൃത്യത്തിലെ പ്രധാന ക്രിസ്തുസംഭവങ്ങളെ കേന്ദ്രീകരിച്ചാണ്. ഉദാഹരണത്തിന് ക്രിസ്തുവിന്‍റെ ജനനം, മാമ്മോദീസ, പീഢാനുഭവം, മരണം, ഉയിര്‍പ്പ് എന്നിവ ആധാരമാക്കിയാണ് ആരാധനകാലങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതാണ് കേരളത്തിലെ സീറോ മലബാര്‍ സഭ നൂറ്റാണ്ടുകളായി ആചരിച്ചുപോന്നിരുന്നത്. എന്നാല്‍ ഉദയംപേരൂര്‍ സുനഹദോസിനു ശേഷം ധാരാളം തിരുനാളുകളും ആചാരങ്ങളും ലത്തീന്‍ സഭയില്‍നിന്നും സുറിയാനി സഭയില്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കായി 1774-ലും പിന്നീട് 1844-ലും റോമില്‍നിന്നും അച്ചടിച്ച കുര്‍ബാന പുസ്തകത്തില്‍ നോമ്പുകാലം, തിരുനാളുകള്‍ ഇവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയംപേരൂര്‍ സുനഹദോസിനു ശേഷം കേരളത്തിലെ ലത്തീന്‍ സഭയ്ക്കും, സുറിയാനി സഭയ്ക്കും വേണ്ടി ഒരു ലിറ്റര്‍ജി കലണ്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു സഭകളും ആ കലണ്ടര്‍ ആചരിച്ചുപോന്നു. ലത്തീന്‍ സഭയും സുറിയാനി സഭയും വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ വ്യത്യാസമില്ലാതാകയാല്‍ ഓരോ ദിവസവും ഉപയോഗിക്കേണ്ട തിരുവസ്ത്രത്തിന്‍റെ നിറം ലിറ്റര്‍ജി കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഫലമായി സീറോ-മലബാര്‍ സഭയ്ക്ക് അവര്‍ മുമ്പ് ഉപയോഗിച്ചിരുന്ന വ്യത്യസ്ത ആരാധന കാലത്തോടുകൂടിയ ലിറ്റര്‍ജി കലണ്ടര്‍ നഷ്ടമായി പോയി. കൈയ്യെഴുത്തു പ്രതിയായിരിക്കണം ആദ്യം ഉണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തിലാണ് വിശുദ്ധ ചാവറയച്ചന്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്ക് സ്വന്തമായി ഒരു ആരാധന കലണ്ടര്‍ ഉണ്ടാകണമെന്ന ആശയവുമായി മുമ്പോട്ടുവന്നത്. പലരുടെയും സഹായത്തോടെ പല പഴയ കൈയ്യെഴുത്തുപ്രതികളെല്ലാം പരിശോധിച്ച് വളരെ ബുദ്ധിമുട്ടിയാണ് പിതാവ് മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി ഒരു ആരാധന കലണ്ടര്‍ രൂപപ്പെടുത്തിയത്. 1866-ല്‍ മാന്നാനത്തുനിന്നും അത് അച്ചടിപ്പിച്ചു. ചാവറയച്ചന്‍ അന്ന് രൂപം കൊടുത്ത കലണ്ടറിന്‍റെ തുടര്‍ച്ചയാണ് സീറോ-മലബാര്‍സഭ കാലത്തിന് അനുസരിച്ച വ്യത്യാസങ്ങളോടെ ഇന്നും തുടര്‍ന്ന് പോരുന്നത്.

വികാരി ജനറാള്‍ ആയിരുന്ന ചാവറപിതാവ് അച്ചടിപ്പിച്ച ലിറ്റര്‍ജി കലണ്ടറിന് കല്‍ദായ സഭയുടെ ആരാധന കാലവുമായി വളരെ സാമ്യം ഉണ്ടായിരുന്നു. കല്‍ദായരുടെ പോലെ ഈശോയുടെ പിറവിക്ക് ഒരുക്കമായി നാല് ആഴ്ചകള്‍ – മംഗളവാര്‍ത്തകാ ലം (സുബാറ); ദനഹാകാലം ഏഴ് ആഴ്ചകള്‍; വലിയ നോമ്പ് (സൗമ റംബ) ഏഴ് ആഴ്ചകള്‍ തുടങ്ങി ഏറ്റവും ഒടുവില്‍ നാല് ആഴ്ചകള്‍ ഉള്ള പള്ളികൂദാശ കാലം (കൂദാശ് ദ് ഏത്ത). ഇതോടുകൂടി ചാവറയച്ചന്‍ ലത്തീന്‍ കലണ്ടറില്‍നിന്നും പ്രധാനപ്പെട്ട തിരുനാളുകളും, വിശുദ്ധന്മാരുടെ തിരുനാളുകളും സീറോ-മലബാര്‍ കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചു. ഒരു ആരാധന കലണ്ടര്‍ സൃഷ്ടിക്കുക എന്നതിലുപരി ദൈവജനത്തിന്‍റെ ആദ്ധ്യാത്മിക വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ട്, വിവിധകാലങ്ങളും തിരുനാളുകളും ഉള്‍പ്പെടുത്തി മനോഹരമായ ഒരു ആരാധന കലണ്ടര്‍ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി രൂപപ്പെടുത്തി എന്നത് ചാവറയച്ചന്‍റെ മഹത്തായ സംഭാവനയാണ്.

3. യാമ പ്രാര്‍ത്ഥനകള്‍
വിശുദ്ധ ചാവറയച്ചന്‍റെ ശ്രേഷ്ഠമായ മറ്റൊരു കാല്‍വെപ്പാണ് മാര്‍ത്തോമ ക്രിസ്ത്യാനികളുടെ യാമ പ്രാര്‍ത്ഥന പരിഷ്കരണം. ഉദയംപേരൂര്‍ സുനഹദോസുവരെ മാര്‍ത്തോമ ക്രിസ്ത്യാനികള്‍ കല്‍ദായരുടെ സുറിയാനി നമസ്കാരമാണ് ചൊല്ലിയിരുന്നത്. വൈദികര്‍ക്കും ശെമ്മാശ്ശന്മാര്‍ക്കും മാത്രമേ കാനോന നമസ്കാരം നിര്‍ബന്ധമായിരുന്നുള്ളൂ. സുറിയാനി ഭാഷയില്‍ അച്ചടിച്ചപുസ്തകങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ചില വൈദികര്‍ കൈയ്യെഴുത്തുപ്രതികള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. ചാവറ പിതാവിന്‍റെ ശ്രദ്ധ ആ വഴിക്ക് തിരിഞ്ഞു. പാലക്കല്‍ തോമ മല്‍പാനച്ചന്‍റെ കീഴില്‍ പള്ളിപ്പുറം സെമിനാരിയില്‍ വെച്ച് വൈദീകപഠനം നടത്തുമ്പോള്‍ത്തന്നെ ചാവറയച്ചന്‍ യാമപ്രാര്‍ത്ഥന ക്രോഡീകരണത്തിനായി പ്രത്യേകം ഒരുങ്ങിയിരുന്നു. പിന്നീട് 1861-ല്‍ സുറിയാനി സഭയുടെ വികാരിജനറാള്‍ ആയിരിക്കുമ്പോള്‍ സുറിയാനി പണ്ഡിതരുടെ ഒരു സംഗമം അദ്ദേഹം കൂനമാവില്‍ വിളിച്ചുകൂട്ടി. അവരുമായി യാമപ്രാര്‍ത്ഥനയെ സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ച നടത്തി. വൈദികരുടെ ആത്മീയാഭിവൃദ്ധിയെ ലക്ഷ്യംവെച്ചുകൊണ്ട് പഴയ കയ്യെഴുത്ത് പ്രതികളില്‍നിന്നും മനോഹരമായ പ്രാര്‍ത്ഥന അദ്ദേഹം സംഗ്രഹിച്ചെടുത്തു.

കല്‍ദായ സഭയുടെ യാമപ്രാര്‍ത്ഥന ഏഴാം നൂറ്റാണ്ടില്‍ ഈശോയാബ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് പരിഷ്കരിച്ചതാണ്. അതിനു ശേഷം പല പിതാക്കന്മാരും അതിന്‍റെ വളര്‍ച്ചയ്ക്കായി വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അത് പശ്ചാത്തലമായി സ്വീകരിച്ച്, പല ശ്രോതസ്സുകളില്‍നിന്നും അറിവ് സമ്പാദിച്ച്, ചാവറയച്ചന്‍ ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും ചൊല്ലേണ്ട പ്രാര്‍ത്ഥന ക്രമീകരിച്ചു. ദീര്‍ഘമായി ചൊല്ലിയിരുന്ന സങ്കീര്‍ത്തനങ്ങളുടെ എണ്ണം അദ്ദേഹം കുറച്ചു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ ചുരുക്കി എഴുതി. വൈദികര്‍ക്കും സെമിനാരിക്കാര്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ ഉതകത്തക്കവിധം പ്രാര്‍ത്ഥന ക്രമപ്പെടുത്തി. അന്നത്തെ വികാരി അപ്പസ്തോലിക്ക വഴി അനുദിനം ചൊല്ലുവാനുള്ള പ്രാര്‍ത്ഥനയ്ക്ക് റോമില്‍ നിന്നും അനുവാദം വാങ്ങി. ഈ ജോലികളെല്ലാം ചാവറപിതാവുതന്നെ നേരത്തെ തീര്‍ത്തെങ്കിലും, പലവിധ കാരണങ്ങളാല്‍ കാനോന നമസ്കാരം പുസ്തകമായി കൂനമ്മാവുനിന്ന് പുറത്തുവന്നത് 1876-ല്‍ ആണ്. അതിനുമുമ്പ് 1871-ാം മാണ്ടില്‍ വിശുദ്ധനായ ചാവറയച്ചന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.

കല്‍ദായരുടെ കാനോന നമസ്ക്കാരത്തില്‍ സാധാരണ ദിവസത്തേക്കുള്ള പ്രാര്‍ത്ഥനയും, ക്രിസ്തുമസ് പോലെയുള്ള തീയതി മാറ്റംവരാത്ത തിരുനാളുകള്‍ക്കുമുള്ള പ്രര്‍ത്ഥനകളുമുണ്ട്. വിശുദ്ധ ചാവറയച്ചന്‍ ആ മാതൃകയില്‍ വലിയതിരുനാളുകളിലും മറ്റ് വിശുദ്ധരുടെ തിരുനാളുകളിലും ചൊല്ലേണ്ട വെറൊരു പ്രാര്‍ത്ഥന പുസ്തകം കൂടി തയ്യാറാക്കി. ലത്തീന്‍ സഭയില്‍നിന്നും ചില തിരുനാളുകള്‍ക്കുള്ള പ്രാര്‍ത്ഥനയും അദ്ദേഹം അതില്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ സാധാരണ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ട ഒന്നാം പുസ്തകവും ആഘോഷ തിരുനാള്‍ അവസരങ്ങളില്‍ ഉപയോഗിക്കേണ്ട രണ്ടാം പുസ്തകവും ചാവറയച്ചന്‍ തന്നെ ചിട്ടപ്പെടുത്തി. ഒന്നാം പുസ്തകം മാത്രമാണ് പൊതുവായി സീറോ-മലബാര്‍ സഭയില്‍ ഉപയോഗത്തില്‍ വന്നത്. രണ്ടാം പുസ്തകം സി.എം.ഐ. സന്യാസ ഭവനങ്ങളില്‍ മാത്രം തിരുനാള്‍ അവസരങ്ങളില്‍ ഉപയോഗിച്ചുപോന്നു. വ്യത്യസ്തമായ സ്രോതസ്സുകളില്‍നിന്നും പ്രാര്‍ത്ഥനകള്‍ തേടിപിടിച്ച് അതിനെ ഭംഗിയായി സമാഹരിച്ച് പുതുതായി ഒരു യാമപ്രാര്‍ത്ഥനയ്ക്ക് രൂപംകൊടുത്ത വിശുദ്ധ ചാവറപിതാവ് സീറോ-മലബാര്‍ സഭയില്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്. പ്രാര്‍ത്ഥനകള്‍ സംഗ്രഹിച്ച്, സങ്കീര്‍ത്തനങ്ങളുടെ എണ്ണം കുറച്ച്, വൈദികര്‍ക്ക് സമൂഹമായും, സാധ്യമല്ലെങ്കില്‍ തനിച്ചും പ്രാര്‍ത്ഥിക്കുവാനുള്ള ഒരു യാമപ്രാര്‍ത്ഥന ക്രമീകരിച്ചു എന്നതാണ് ചാവറ പിതാവിന്‍റെ മഹത്വം. 1967-ല്‍ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ഫാ. ആബേല്‍ സി.എം.ഐ. രൂപംകൊടുത്ത യാമപ്രാര്‍ത്ഥനകള്‍ ഉണ്ടാകുന്നതുവരെ ചാവറ പിതാവിന്‍റെ സുറിയാനി പുസ്തകമാണ് 'ആഴ്ചപ്പടി' എന്ന പേരില്‍ സഭ മുഴുവനിലും ഉപയോഗിച്ചിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org