വിശുദ്ധ ചാവറയുടെ ചാവരുളില്‍ വിരിയുന്ന കുടുംബപരിശീലന മാര്‍ഗ്ഗരേഖ

വിശുദ്ധ ചാവറയുടെ ചാവരുളില്‍ വിരിയുന്ന  കുടുംബപരിശീലന മാര്‍ഗ്ഗരേഖ

ഫാ. ബെന്നി നല്‍ക്കര സി.എം.ഐ.
ധര്‍മ്മാരാം കോളേജ്, ബാംഗ്ലൂര്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സമൂഹത്തിന്‍റെ നവോത്ഥാനത്തിനും സമഗ്രവിമോചനത്തിനുമായി ജീവിതം സമര്‍പ്പിച്ച വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ബഹുവിധ സംഭാവനകളുടെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. ചരിത്രാഖ്യായികകളില്‍ അര്‍ഹിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്താതെ പോയ ആ ജീവിതം വര്‍ഷിച്ച അനവധി നന്മകളിലൊന്നാണ് "ഒരു നല്ല അപ്പന്‍റെ ചാവരുള്‍" എന്ന പേരിലറിയപ്പെടുന്ന അദ്ദേഹമെഴുതിയ കുടുംബനവീകരണ മാര്‍ഗ്ഗരേഖ. "ഞാന്‍ മരിച്ചാലും ഈ കടലാസു മരിക്കയില്ല…. മാസത്തിലെ ആദ്യ ശനിയാഴ്ച ഇതു വായിക്കണം. പകര്‍ത്തി എഴുതി വീടുകളില്‍ സൂക്ഷിക്കണം… നിങ്ങള്‍ എന്‍റെ അനന്തരിവര്‍ ആകുന്നു എന്നു കാണിക്കുന്നതിന് നിങ്ങള്‍ക്കിതു അടയാളമായിരിക്കട്ടെ. ഞാന്‍ ലോകത്തില്‍ വന്നു എന്ന് ഇതിനാലെ ഓര്‍ക്കുവിന്‍… ഞാന്‍ മരിക്കുന്ന ദിവസം ഇതിനാലെ ഓര്‍ക്കുവിന്‍… മറ്റൊരോര്‍മ്മയും എന്നെക്കുറിച്ച് നിങ്ങള്‍ ചെയ്യേണ്ട." സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ സുഭാഷ് ചന്ദ്രന്‍ ചാവരുളുകളെക്കുറിച്ച് ഇങ്ങനെയെഴുതി: "ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ റോമിലേക്കു കൊടുത്തുവിട്ട അത്ഭുതപ്രവൃത്തികളുടെ കൂട്ടത്തില്‍ ചാവരുളുണ്ടായിരുന്നോ എന്ന് എനിക്കു തീര്‍ച്ചയില്ല. മിക്കവാറും അതൊരു രോഗസൗഖ്യംപോലെ താരതമ്യേന ചെറിയ അത്ഭുതവൃത്തിയാകാനാണ് ഇടയുള്ളത് എന്ന് ഊഹിക്കാം. എന്നാല്‍ മറ്റു വിശുദ്ധരില്‍ നിന്ന് ചാവറയച്ചനെ വ്യതിരിക്തനാക്കുന്നത് സാമൂഹികരംഗത്ത് അദ്ദേഹം നിര്‍വ്വഹിച്ച ചാവരുള്‍ പോലുള്ള അസംഖ്യം വിസ്മയപ്രവര്‍ത്തനങ്ങളാണെന്നു ഞാന്‍ കരുതുന്നു."

സുവിശേഷത്തില്‍ നിന്നുദ്ഭൂതമാകുന്ന പ്രകാശത്തിന്‍റേയും ശക്തിയുടേയും സഹായത്താല്‍, കുടുംബങ്ങള്‍ നേരിടുന്ന സമകാലിക വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് സമഗ്രവും പ്രായോഗികവുമായി പറഞ്ഞു തരുന്ന നല്ല അപ്പന്‍റെ ചാവരുളുകള്‍ നല്കപ്പെട്ടിട്ട് 2018 ഫെബ്രുവരി 13-ന് 150 വര്‍ഷം തികയുകയാണ്. 1868 ഫെബ്രുവരി 13-ന് കൈനകരിയിലെ തന്‍റെ ഇടവകക്കാര്‍ക്കായി ചാവറയച്ചനെഴുതിയതാണ് ചാവരുള്‍. 19-ാം നൂറ്റാണ്ടില്‍ വിരചിതമായതും ഇന്നും പ്രസക്തവുമായ ചാവരുളിനെ നാമെങ്ങനെയാണ് വായിക്കേണ്ടത്? എനിക്കു തോന്നുന്നത് മൂന്നു വിധത്തില്‍ നാം ചാവരുളിനെ സമീപിക്കേണ്ടതുണ്ടെന്നാണ്.

ഒന്നാമതായി, ചാവരുള്‍ എഴുതപ്പെട്ട സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തില്‍ നാം അതിനെ വായിക്കണം. ഒന്നര നൂറ്റാണ്ടുമുമ്പ് കുടുംബചട്ടമെഴുതുമ്പോള്‍, നാട്ടാചാരങ്ങളുടെ പിന്‍ബലത്തില്‍ പുരുഷാധിപത്യം നിലനിന്ന ഒരു സമൂഹമായിരുന്നു കേരളത്തിന്‍റേത്. ധാര്‍മ്മികവും സദാചാരപരവുമായ വിഷയങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന സ്ഥിതിവിശേഷം അന്നുണ്ടായിരുന്നുവെന്ന് ചാവരുളിനു നേരെ നാം ഒരു കണ്ണാടി പിടിക്കുമ്പോള്‍ വ്യക്തമാകും. സ്നേഹത്തിന്‍റേയും, മനോതാഴ്മയുടേയും, സംസര്‍ഗ്ഗവിശേഷത്തിന്‍റേയും അദ്ധ്വാനശീലത്തിന്‍റേയും പരോപകാരശീലത്തിന്‍റേയും നീതിതല്പരതയുടേയും ദൈവപേടിയുടേയും മാപ്പുസംസ്കാരത്തിന്‍റേയും സദ്ഗ്രന്ഥ വായനയുടേയും ആവശ്യകത ചാവരുള്‍ അക്കമിട്ടു നിരത്തുമ്പോള്‍ കുടുംബവും കുട്ടികളും അന്നു നേരിട്ടിരുന്ന വെല്ലുവിളികളുടെ നേര്‍ക്കാഴ്ച ചാവരുളില്‍ നിന്ന് നമുക്കു കിട്ടുന്നു. ധാര്‍മ്മികഭ്രംശം സംഭവിക്കാനിടയുള്ള സാഹചര്യങ്ങളിലേക്കു ചാവരുള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. മുതിര്‍ന്ന കുട്ടികളുടെ സ്വാതന്ത്ര്യത്തേയും ജീവിതാന്തസു തിരഞ്ഞെടുക്കാനുള്ള അവകാശത്തേയും ബഹുമാനിക്കണമെന്നു പറയുമ്പോള്‍ ഒരു മനഃശാസ്ത്ര വിദഗ്ധനെയല്ലാതെ ആരെയാണ് ചാവറയില്‍ കാണാനാവുക. കാത്തു പരിപാലിക്കാത്ത സാഹചര്യങ്ങളും, നുണ, സൂത്രം, ചതി, തട്ടിപ്പ് ഇവയൊക്കെ ലോകനടപ്പായ സ്ഥിതിവിശേഷവുമൊക്കെ കുട്ടികളുടേയും യുവജനങ്ങളുടേയും രൂപീകരണത്തില്‍ സവിശേഷശ്രദ്ധയര്‍ഹിക്കേണ്ട കാര്യങ്ങളാണെന്ന ഉള്‍ക്കാഴ്ച ചാവരുളിന്‍റെ 19-ാം നൂറ്റാണ്ടിലെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള വായന നമുക്കു നല്‍കുന്നു. കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചും പെണ്‍കുട്ടികളുടെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചും അപായ സൂചനയോടെ ചാവറയച്ചന്‍ പറയുമ്പോള്‍ തികഞ്ഞ യാഥാസ്ഥിക മനോഭാവത്തിന്‍റേയും ഇടുങ്ങിയ ചിന്താഗതിയുടേയും നേര്‍ക്കാഴ്ചയായി ചില ചാവരുളുകള്‍ നമുക്കനുഭവപ്പെട്ടേക്കാം. കുട്ടികളെ ബന്ധുവീടുകളില്‍ തനിയെ പാര്‍പ്പിക്കരുതെന്നും അവര്‍ മുതിര്‍ന്നവരുമായി ഇടപഴകുന്നതില്‍ കരുതലുണ്ടാകണമെന്നും പറയുമ്പോള്‍ മാനുഷികബന്ധങ്ങള്‍ക്കും സ്ത്രീപുരുഷ ബന്ധങ്ങളിലെ സ്വാഭാവിക പരിണാമങ്ങള്‍ക്കും വിലകല്പിക്കാത്ത, രക്തബന്ധങ്ങളെപ്പോലും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവയായി ചാവരുളിലെ ചില അനുശാസനങ്ങള്‍ നമുക്ക് തോന്നിയേക്കാം. പക്ഷേ, സമകാലിക സമൂഹത്തില്‍ നമുക്കു ചുറ്റും പങ്കുവയ്ക്കപ്പെടുന്ന അനുഭവകഥകളും, വര്‍ത്തമാനകാലത്തെ കൗണ്‍സലിംഗ് കേന്ദ്രങ്ങളും മറ്റും നല്‍കുന്ന സാക്ഷ്യങ്ങളും പരിശോധിക്കുമ്പോള്‍, ചാവറപ്പിതാവിന്‍റെ യാഥാസ്ഥിക മനസ്സിനേക്കാള്‍ യാഥാര്‍ത്ഥ്യബോധവും, ക്രാന്തദര്‍ശിത്വവും പ്രായോഗികബുദ്ധിയുമെല്ലാം നിറഞ്ഞ പ്രവാചകമനസ്സിനെ ഒന്നരനൂറ്റാണ്ടിനുശേഷവും വിസ്മയത്തോടും, ആദരസമന്വിതമായും മാത്രമേ നമുക്കു കാണാനാകൂ. ചാവരുള്‍ വിരചിതമായിട്ട് 150 വര്‍ഷത്തിനുശേഷം സമ്മേളിക്കാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡിന്‍റെ ഒരുക്കരേഖയില്‍ ദീര്‍ഘമായി പരാമര്‍ശിക്കുന്ന യുവജനങ്ങളുടെ ജീവിതാന്തസ്സിന്‍റെ തിരഞ്ഞെടുപ്പ് എന്ന പ്രമേയം ഏറെ വിശദമായിതന്നെ ചാവറയുടെ ചാവരുളില്‍ സ്ഥാനം പിടിച്ചുവെന്നത്, ആ കാലാതീതമായ ദര്‍ശനത്തിന്‍റെ നിദര്‍ശനം തന്നെയാണ്.

രണ്ടാമതായി നാം ചാവരുളിനെ വായിക്കേണ്ടത് സമകാലിക സാമൂഹിക-ഗാര്‍ഹിക ജീവിത പശ്ചാത്തലത്തിലാണ്. ആഗോളീകരണവും സ്വകാര്യവത്കരണവും ഉദാരവത്കരണവുമൊക്കെ ഗതി നിശ്ചയിക്കുന്ന ഒരു ലോകത്തില്‍ പൊതുസമൂഹം നയിക്കപ്പെടുന്നത് ചില പ്രത്യേക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കാണാം. നമ്മുടെ കുട്ടികളേയും യുവജനങ്ങളേയും അവരുടെ ജീവിത രീതിയേയും ചിന്തകളേയും ആഴമായി സ്വാധീനിക്കുന്ന നിലപാടുകളായി അവ മാറിയിട്ടുണ്ട്.

വിദ്യാലയങ്ങളും കലാലയങ്ങളും മികവിനും നിലവാരത്തിനും വേണ്ടി പരിശ്രമിക്കുമ്പോള്‍ മാനവികതയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും നമ്മുടെ പരിശീലന പദ്ധതികളില്‍ പ്രാമുഖ്യം കിട്ടാതെ പോകുന്നുണ്ട്. മികവിന്‍റെ ഇടങ്ങളില്‍ നിന്ന് ഉപവി പടിയിറങ്ങിപ്പോകുന്നുമുണ്ട്. നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും വ്യത്യസ്തങ്ങളും വ്യതിരിക്തങ്ങളുമാണെന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു ആത്മപരിശോധനയ്ക്കു സമയമായില്ലേ? നമ്മുടെ വിദ്യാദാനശുശ്രൂഷയിലൂടെ അടിസ്ഥാനമൂല്യങ്ങളുടെ പ്രസരണമെങ്കിലും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നമുക്കാകുന്നുണ്ടോ?

വിവരസാങ്കേതിക വിദ്യ നമ്മുടെ വീടകങ്ങളില്‍ ആദ്യം വിരുന്നുകാരും പിന്നെ വിരുന്നൂട്ടുകാരനുമായി മാറിക്കഴിഞ്ഞു. സൈബറിടങ്ങളില്‍ കബറടങ്ങിപ്പോകുന്നവരുടെ എണ്ണം പെരുകുകയാണ്. കവിതയും കാല്പനികതയും ചിന്തയുടെ രാഷ്ട്രീയവുമൊക്കെ പടിയിറങ്ങിപ്പോയ നമ്മുടെ കലാലയങ്ങളിലും വിദ്യാലയങ്ങളിലുമൊക്കെയുള്ള യുവജനങ്ങളുടെ പ്രതികരണശേഷി ലൈക്കുകളിലും ഡിസ്ലൈക്കുകളിലും, ട്രോളുകളിലുമായി ചുരുങ്ങിപ്പോകുന്നു. എന്‍റമ്മേടെ ജിമ്മിക്കിക്കമ്മലിന്‍റെ കിലുക്കത്തിലാണ് നമ്മുടെ യുവത അടുത്തകാലത്ത് ഉണര്‍ന്നെഴുന്നേറ്റ് മൂരി നിവര്‍ത്തി പിന്നെ കിടന്നുറങ്ങിയതെന്നുള്ളതു നമ്മെ ചിന്തിപ്പിക്കണം. രണ്ടേ രണ്ടു തിരഞ്ഞെടുപ്പുകളായിച്ചുരുങ്ങുകയാണ് നമ്മുടെ യുവതയുടെ പ്രതികരണം – അതിമൗനവും അതിക്രമവും – silence or violence.

ഈയൊരു അന്യവത്ക്കരണത്തിന്‍റേയും അനിശ്ചിതത്വത്തിന്‍റേയും അസ്ഥിരതയുടേയുമിടയില്‍ വളരുന്ന കുട്ടികളുടേയും യുവജനങ്ങളുടേയും വികാസത്തിലും വളര്‍ച്ചയിലും, 150 വര്‍ഷങ്ങള്‍ക്കു മുമ്പേ വിരചിതമായ ചാവറയുടെ ചാവരുളിന് എന്താണ് സാംഗത്യമുള്ളത്? ഒരു കാര്യമുറപ്പാണ്. അടിസ്ഥാന സംഗതികള്‍ക്കു മാറ്റങ്ങളില്ല. സങ്കേതങ്ങളേ മാറിയിട്ടുള്ളൂ.

ഇവിടെയാണ് ചാവരുളിന്‍റെ മൂന്നാമത്തെ തലത്തിലുള്ള വായനയുടെ പ്രസക്തി. ചാവരുളിന്‍റെ അന്തസത്തയും സമകാലിക സാമൂഹിക പരിതസ്ഥിതിയുടെ പ്രത്യേകതയും ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു വായന. മാതാപിതാക്കളും, അദ്ധ്യാപകരും അജപാലകരും അടങ്ങുന്ന വിദ്യാര്‍ത്ഥിയുവജന പരിശീലകരും രൂപീകരണത്തിലേര്‍പ്പെട്ടിരിക്കുന്നവരും എന്ന നിലയില്‍ ചാവരുളിനേയും അതിന്‍റെ സന്ദേശത്തേയും നാമെങ്ങനെ വായിക്കുന്നു?

ആഗോള കത്തോലിക്കാസഭ ഈ വര്‍ഷം യുവജനപ്രമേയവുമായി സിനഡും, കേരളകത്തോലിക്കാസഭ 2018 ജനുവരി 6 മുതല്‍ 2019 ജനുവരി 6 വരെ യുവജനവര്‍ഷവുമാചരിക്കുമ്പോള്‍ തന്നെ, കുട്ടികളേയും യുവജനങ്ങളെയും നിക്ഷേപങ്ങളായി കാണാന്‍ പറഞ്ഞ ഒരു നല്ല അപ്പന്‍റെ ചാവരുളിന്‍റെ 150-ാം വാര്‍ഷികം ആചരിക്കാന്‍ കഴിഞ്ഞത് നമുക്കൊരു ദൈവനിയോഗമായി കാണാം.

ജീവിതശൈലീ രോഗങ്ങളുടെ കാലമാണിത്. ജീവിതത്തെ, സ്വഭാവത്തെ രോഗാതുരമാക്കാത്ത ഒരു ജീവിതശൈലി നമുക്കു പകരാനാകുമോ? കൊച്ചി പോലുള്ള നഗരങ്ങള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായിരിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട വാര്‍ത്തകള്‍ നമ്മുടെ മുമ്പിലെത്തുമ്പോള്‍ നമ്മുടെ യുവജനക്ഷേമദൗത്യം കൂടുതല്‍ ഗൗരവതരമായി മാറുന്നു. ഇന്നത്തെ യുവജനം ഏറ്റവും ദുര്‍വിനിയോഗം ചെയ്യുന്നത് സമയവും സമ്പത്തുമാണ്. രണ്ടിനേയും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയുന്ന മാനേജ്മെന്‍റ് തത്ത്വങ്ങള്‍ അവരെ പഠിപ്പിക്കാനാകണം. പൗരബോധത്തിലും സാമൂഹികപ്രതിബദ്ധതയിലും പരിശീലനം കൊടുക്കാനും നമുക്കാകണം. സമൂഹത്തെ ചുട്ടുപൊള്ളിക്കുന്ന വിഷയങ്ങളെക്കുറിച്ച് സ്വതന്ത്രമായി ചര്‍ച്ചചെയ്യാന്‍ യുവതയ്ക്ക് അവസരമൊരുക്കണം. യുവജനം നിയന്ത്രണത്തേക്കാളുപരിയായി ഇഷ്ടപ്പെടുന്നത് പങ്കാളിത്തമാണ്. നമ്മുടെ ഇടവകകളോടും സന്ന്യാസ ഭവനങ്ങളോടും സ്ഥാപനങ്ങളോടും ചേര്‍ന്നുള്ള സാമൂഹികക്ഷേമ പദ്ധതികളില്‍ യുവജനങ്ങളെ പങ്കെടുപ്പിക്കാന്‍, സഹകാരികളാക്കാന്‍ നമുക്കാകുമോ? യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തീര്‍ത്ഥയാത്രകളും പ്രാര്‍ത്ഥനാരീതികളും സംഘടിപ്പിക്കാന്‍ നമുക്കു കഴിയില്ലേ?

ചീത്തപ്പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് വയ്ക്കോലില്‍ തീ സൂക്ഷിക്കുന്നതുപോലെയാണെന്നും സദ്ഗ്രന്ഥങ്ങളാണ് കുഞ്ഞുങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ നിക്ഷേപമെന്നും പറഞ്ഞ ചാവറപ്പിതാവിന്‍റെ അരുളുകള്‍ക്ക് ഈ സൈബര്‍ യുഗത്തിലും വലിയ സ്ഥാനമുണ്ട്. ശ്ലീലാശ്ലീലങ്ങളുടെ അതിര്‍വരമ്പുകള്‍ നേര്‍ത്തു വരുന്ന, കാഴ്ചകള്‍ നമ്മെ വീഴ്ചകളിലേക്കു നയിക്കുന്ന ഇക്കാലത്ത് മൂല്യപ്രസരണത്തിനുതകുന്ന യുവജനമാധ്യമ ശുശ്രൂഷയെക്കുറിച്ച് ഗൗരവമായി നമുക്കെന്തു കൊണ്ട് ചിന്തിച്ചുകൂടാ? പ്രവാസിയുവതയെ നാം കാണാതെ പോകരുത്. യൂറോപ്പിലും, അമേരിക്കയിലും, ഭാരതത്തിന്‍റെ മഹാനഗരങ്ങളിലും പ്രവാസികളുടെയിടയില്‍, പ്രവാസി യുവതയുടെ മധ്യേ ശുശ്രൂഷ നിര്‍വഹിക്കാന്‍ മുന്‍കയ്യെടുത്തവരാണു നാം. ഇപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് മറ്റൊരു പ്രവാസി യുവതയെക്കുറിച്ചാണ്. എട്ടാമത്തെ ഭൂഖണ്ഡത്തിലേക്ക് – ഡിജിറ്റല്‍ ഭൂഖണ്ഡത്തിലേക്ക് – ചേക്കേറിയിരിക്കുന്നവരെക്കുറിച്ച്. അവര്‍ നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അര്‍ഹിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും, ട്വിറ്ററിലും, ഇന്‍സ്റ്റഗ്രാം മുഴുവനിലും ഗൂഗിളിന്‍റെ അതിര്‍ത്തികള്‍ വരെ യുവജനതയോടൊപ്പം സാക്ഷികളായിരിക്കാന്‍ കര്‍ത്താവ് നമ്മെ വിളിച്ചിരിക്കുന്നു.

താന്‍ ജീവിച്ച കാലഘട്ടത്തില്‍ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം വേണമെന്നു പറഞ്ഞ വ്യക്തിയാണ് ചാവറയച്ചന്‍. ശരീരത്തിനടുത്ത ഭക്ഷണം കൊടുക്കുന്നതിനോടൊപ്പം ആത്മത്തിനടുത്ത ഭക്ഷണമായ ദൈവവിചാരവും, പ്രാര്‍ത്ഥനയും നല്‍കുന്നതില്‍ ബദ്ധശ്രദ്ധരാകണമെന്ന് ചാവരുളിലൂടെ പറയുന്ന അദ്ദേഹം, ഇന്ന് നമ്മോടു പറയാതെ പറയുന്നത് പള്ളിക്കൂടങ്ങളോടനുബന്ധിച്ച് പള്ളികള്‍ വേണമെന്നാണ്. അവിടെ നാം നല്‍കേണ്ടത് ആത്മീയതയില്‍ പൊതിഞ്ഞ മതാത്മകതയല്ല. ആചാരാനുഷ്ഠാനങ്ങളുടേയും, അനുഭൂതികളുടേയും ആത്മീയതയുമല്ല, നേരെ മറിച്ച് ബന്ധങ്ങളുടെ ആത്മീയതയാണ്. ചാവരുള്‍ അനുശാസിക്കുന്നതുപോലെ "തമ്പുരാനോടും മനുഷ്യരോടും സമാധാനത്തില്‍ നടക്കാന്‍ സഹായിക്കുന്ന" ആത്മീയതയുടെ വിളനിലമാകട്ടെ നമ്മുടെ പള്ളികളും, പ ള്ളിക്കൂടങ്ങളും. മാതാപിതാക്കളും ഗുരുഭൂതരും അജപാലകരുമായ, ചാവരുളിന്‍റെ ഈ മൂന്നാം വായനക്കാരോട് ചാവറപ്പിതാവ് ഇങ്ങനെ പറയുന്നു: "പ്രിയ കൂടപ്പിറപ്പുകളേ കുട്ടികളും യുവാക്കളും സര്‍വ്വേശ്വരന്‍ തമ്പുരാന്‍ സൂക്ഷിപ്പിനായിട്ടു നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്ന ഒരു നിക്ഷേപമാകുന്നു… " നിങ്ങളുടെ കുറ്റം നിമിത്തം ഈ മക്കളില്‍ ഒന്നു നരകത്തില്‍ നശിച്ചുപോകുമെങ്കില്‍, അത് നിങ്ങള്‍ രക്ഷപ്പെടുന്നതിന് എത്രയോ തടസ്സമായിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org