Latest News
|^| Home -> Cover story -> ചൈന-വത്തിക്കാന്‍ ബന്ധത്തിലെ മഞ്ഞുരുകുന്നുവോ?

ചൈന-വത്തിക്കാന്‍ ബന്ധത്തിലെ മഞ്ഞുരുകുന്നുവോ?

Sathyadeepam

ഏ. അടപ്പൂര്‍

ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക ജിഹ്വ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്ലോബല്‍ ടൈംസ് എന്ന പത്രികയില്‍ വന്ന വാര്‍ത്ത നിരീക്ഷകരെ അമ്പരപ്പിച്ചു. ആ അമ്പരപ്പ് ഇപ്പോഴും തുടരുന്നു. വത്തിക്കാനും ചൈനയും തമ്മില്‍ നയതന്ത്രബന്ധം എന്നാണു വാര്‍ത്ത. ഉടനടി അല്ലെങ്കില്‍ അല്പം വൈകിയെങ്കിലും അത് യാഥാര്‍ത്ഥ്യമാകുമത്രേ. ഏതെങ്കിലും തടസ്സമുണ്ടായാല്‍ പോപ്പ് ഫ്രാന്‍സിസിന്‍റെ വിവേകപൂര്‍വ്വമായ ഇടപെടല്‍ അതിനു പരിഹാരം കണ്ടെത്തുമെന്ന സൂചനയും വാര്‍ത്തയോടൊപ്പം.

ഇക്കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി എണ്ണത്തില്‍ അനുദിനമെന്നോണം വര്‍ദ്ധിച്ചു വരുന്ന ചൈനീസ് കത്തോലിക്കര്‍ക്ക് മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്…? പോപ്പിന്‍റെ സവിശേഷാവകാശമാണതെന്ന പരമ്പരാഗത ധാരണ ചൈനീസ് ഭരണകൂടത്തിനു സ്വീകാര്യമല്ല. ഏഴ് പതിറ്റാണ്ടു മുമ്പ് ചെയര്‍മാന്‍ മാവോ നയിച്ച ചെമ്പട ചൈനയുടെ ഭരണം അന്നത്തെ ദേശീയ നേതൃത്വത്തില്‍ നിന്നു പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷമാണിത്. മെത്രാന്മാരുടെ നിയമനാധികാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നത്രേ ചൈനയുടെ നിലപാട്. നാളിതുവരെ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന ഈ നയതന്ത്ര കീറാമുട്ടി ഒരു സമവായത്തിന്‍റെ പടിക്കല്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന പ്രതീതി സംജാതമായിട്ടുണ്ട്.

അതിന്‍റെ ഭാഗമെന്നോണം മാര്‍പാപ്പയുടെ അംഗീകാരമില്ലാതെ മെത്രാന്മാരാക്കപ്പെട്ട ഏഴ് പേര്‍ക്കെതിരെ എടുത്ത ശിക്ഷണ നടപടികള്‍ റദ്ദാക്കാന്‍ വത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട്.

ചൈനയിലെ കത്തോലിക്കര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ “ദേശാഭിമാനി” സഭ (ആ പേരിലുള്ള പാര്‍ട്ടി പത്രവുമായി ഇതിനു ബന്ധമൊന്നുമില്ല) എന്നും മാര്‍പാപ്പയോട് വിധേയത്വം പുലര്‍ത്തി ഒളിവില്‍ കഴിയുന്ന കത്തോലിക്കാസഭ എന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. നിലവിലുള്ള ദേശാഭിമാനി മെത്രാന്മാരെ അംഗീകരിക്കുകവഴി ഭാവിയില്‍ മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം പോപ്പിനു കൈവരും എന്ന ശുഭപ്രതീക്ഷ ഇതിന്‍റെ പിന്നിലുണ്ട്. മെത്രാന്മാരുടെ നിയമനത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടാവണം എന്ന കടുംപിടുത്തത്തില്‍ നിന്ന് ചൈനീസ് അധികൃതര്‍ അണുവിട മാറുമോ എന്ന സംശയം ഇപ്പോഴും അവശേഷിക്കുന്നു.

ഭൂഗര്‍ഭ (ഒളിവില്‍ കഴിയുന്ന) സഭയിലെ പ്രമുഖാംഗമായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സമവായ വാര്‍ത്തയെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ചൈനയിലെ കത്തോലിക്കരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു തീറെഴുതി കൊടുക്കുന്ന നടപടിയാണിതെന്നു അദ്ദേഹം പ്രതികരിക്കുന്നു. ഇക്കാര്യത്തില്‍ ബീജിംഗുമായി ധാരണയിലെത്തുക അസാദ്ധ്യമാണെന്നു കര്‍ദ്ദിനാള്‍ സെന്‍ ഖണ്ഡിതമായി പറയുന്നു.

ഗ്ലോബല്‍ ടൈംസില്‍ വന്ന എഡിറ്റോറിയലിന്‍റെ ശീര്‍ഷകം “ചൈന-വത്തിക്കാന്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിമ കൈവരുന്നു” എന്നത്രേ. വേറൊരു കമ്മ്യൂണിസ്റ്റു രാഷ്ട്രമായിരുന്ന വിയറ്റ്നാമുമായി വത്തിക്കാന്‍ ഒപ്പുവെച്ച കരാറിനോടുള്ള സാധര്‍മ്മ്യത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. അതിനെ പിന്‍താങ്ങിക്കൊണ്ട് സര്‍ക്കാര്‍ പക്ഷം പറയുന്നു: ചൈനാക്കാരായ കത്തോലിക്കര്‍ക്ക് വളരെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. പോപ്പിനെ ആദരിക്കുന്നവരാണ് ചൈനീസ് ജനത.

64 കൊല്ലം മുമ്പ് 23-ാം ജോണ്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച “പാച്ചെം ഇന്‍ തേരിസ്” (ഭൂമിയില്‍ സമാധാനം) എന്ന ചാക്രികലേഖനത്തിലെ കാതലായ ഒരു നിരീക്ഷണത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാനുതകിയേക്കാവുന്ന ഉള്‍ക്കാഴ്ച കണ്ടെത്താനാവും. “മഹാനും മനുഷ്യസ്നേഹിയും” എന്ന് മുന്‍ കേരള മുഖ്യമന്ത്രി സി. അച്യുതമേനോന്‍ വിശേഷിപ്പിച്ച പോപ്പ് ജോണ്‍ എഴുതി: പ്രപഞ്ചത്തിന്‍റെയും മനുഷ്യന്‍റെയും പ്രകൃതി, ഉത്ഭവം, നിയതി എന്നിവയെപ്പറ്റിയുള്ള തെറ്റായ ദാര്‍ശനിക സിദ്ധാന്തങ്ങളും സാമൂഹ്യ-സാംസ്കാരിക ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബഹുജന പ്രസ്ഥാനങ്ങളും തമ്മില്‍ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ഒരിക്കല്‍ നിര്‍വചിച്ചു കഴിഞ്ഞാല്‍ സിദ്ധാന്തങ്ങള്‍ അങ്ങനെ തന്നെ നില നില്‍ക്കും. പ്രസ്ഥാനങ്ങളാകട്ടെ ചുറ്റുപാടുകളുടെ സ്വാധീനമേറ്റ് പരിവര്‍ത്തന വിധേയമാകും. അതിന്‍ഫലമായി ഗണ്യമായ മാറ്റങ്ങള്‍ അവയില്‍ ഉണ്ടാവാനിടയുണ്ട്.

മെത്രാന്മാരുടെ നിയമനത്തെപ്പറ്റി ബീജിംഗും വത്തിക്കാനും തമ്മില്‍ ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന സമവായത്തിലും ഇതുതന്നെ സംഭവിക്കുകയില്ലെന്നു ആര്‍ക്കു മുന്‍കൂട്ടി പറയാന്‍ കഴിയും? മൂവായിരത്തോടടുത്ത് അംഗങ്ങളുള്ള പാര്‍ലമെന്‍റാണ് ചൈനയില്‍ നിയമ നിര്‍മ്മാണം നടത്തുന്നത്. മാര്‍ച്ച് 11-ാം തീയതി നടന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ജിംഗ്പിങ്ങിന്‍റെ അധികാര കാലാവധി സീമാതീത മാക്കുന്ന ഭരണഘടനാ ഭേദഗതി എതിരില്ലാതെ അംഗീകരിക്കപ്പെടുകയുണ്ടായല്ലോ. ഒരു പ്രമേയം പാസ്സായി കിട്ടാന്‍ മൂന്നില്‍ രണ്ടു വോട്ടിന്‍റെ ഭൂരിപക്ഷമേ വേണ്ടിയിരുന്നുള്ളൂ. ഇത്തവണ പക്ഷേ വിയോജിച്ച് വോട്ട് ചെയ്യുന്നവരുടെ എണ്ണം ആവുന്നത്ര കുറവായിരിക്കാന്‍ പാര്‍ട്ടി നേതൃത്വം പരമാവധി പരിശ്രമിച്ചു. ഫലമോ? ആകെ വോട്ടു ചെയ്ത 2964 അംഗങ്ങളില്‍ വെറും രണ്ടുപേര്‍ മാത്രമേ എതിര്‍പ്പ് രേഖപ്പെടുത്തിയുള്ളൂ.

ഇതിന്‍റെയെല്ലാം പശ്ചാത്തലമെന്നോണം കമ്മ്യൂണിസ്റ്റ് ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ മാനസാന്തരങ്ങളുടെ വ്യാപനം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ മു പ്പത് കൊല്ലങ്ങള്‍ക്കിടയില്‍ ചൈനയിലെ ക്രൈസ്തവവിഭാഗങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ആ വളര്‍ച്ചാനിരക്ക് മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്നു. അത് താല്‍ക്കാലികം മാത്രമാണോ? അതോ ചരിത്ര പ്രാധാന്യമാര്‍ന്ന ദീര്‍ഘകാല പ്രവണതയോ? ഏതായാലും സാധാരണഗതിയില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെപോലെ മതപരമായ അടയാളങ്ങളും ആചാരാനുഷ്ഠാനങ്ങളും സര്‍വ്വസാധാരണമായുള്ള രാജ്യമല്ല ചൈന. കേവലഭാവമാര്‍ന്ന സത്യസന്ധനും, സൃഷ്ടികര്‍ത്താവും ലോകരക്ഷകനുമായ ദൈവം-ഇതൊക്കെ ചൈനീസ് സംസ്കാരത്തിനും അന്യമാണ്. ആപേക്ഷികവും പ്രയോജനാത്മകവുമാണ് ചൈനീസ് ജനതയുടെ ചിന്താരീതി. പോരെങ്കില്‍ പാശ്ചാത്യ കോളനിസമ്പ്രദായവുമായി ബന്ധം പുലര്‍ത്തിയിട്ടുള്ള ക്രിസ്തുമതത്തിനു മതാനുയായികളെ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നാസ്തിക ഭരണകൂടമായ ചൈനയുമായി രമ്യതപ്പെടുക എളുപ്പമല്ല.

പോപ്പ് ഫ്രാന്‍സിസ് ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി പലവട്ടം പറഞ്ഞിട്ടുണ്ട്. മെത്രാന്മാരുടെ നിയമനത്തെപ്പറ്റി ഇരുവിഭാഗത്തിനും സ്വീകാര്യമായ ഒരു ധാരണയിലെത്താതെ, പക്ഷേ, സന്ദര്‍ശനം സാധ്യമല്ല. ചൈനീസ് ഗവണ്‍മെന്‍റ് നിയമിച്ച ഏഴ് മെത്രാന്മാരെ അംഗീകരിക്കാന്‍ വത്തിക്കാന്‍ ഇപ്പോള്‍ സന്നദ്ധമാണെന്ന് കേള്‍ക്കുന്നു. പോപ്പിനോട് വിധേയത്വം പുലര്‍ത്തുന്ന രണ്ടു മെത്രാന്മാരുടെ സ്ഥാനത്ത് “ദേശാഭിമാനി” സഭയിലെ രണ്ടംഗങ്ങളെ സ്വീകരിക്കാന്‍ വത്തിക്കാന്‍ സന്നദ്ധമായേക്കുമെന്നും കേള്‍ക്കുന്നു.

ഇപ്പോള്‍ ചൈനയിലുള്ള കത്തോലിക്കര്‍ ആകെ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമേ ആകുന്നുള്ളൂ. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെന്തക്കോസ്തുകാരുമായി ബന്ധം പുലര്‍ത്തുന്ന പ്രോട്ടസ്റ്റന്‍റ് വിഭാഗക്കാരുടെ വ്യാപനം അതിശീഘ്രഗതിയിലാണെന്നതും പ്രസക്തം.

2009-ല്‍ അധികാരമൊഴിഞ്ഞ ജിയാംഗ് സെമീനിന്‍റെ കാലശേഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാമ്പത്തിക മേഖലയില്‍ ഗണ്യമായ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തി. പ്രത്യയ ശാസ്ത്ര മേഖലയിലാകട്ടെ കടുത്ത യാഥാസ്ഥിതികത്വം ഇപ്പോഴും തുടരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാര്‍ട്ടിയുടെ അയ്യാണ്ട് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസിഡന്‍റ് ഷി ഊന്നിപ്പറഞ്ഞത് മതങ്ങളെ ചൈനവല്‍ക്കരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയാണ്. രാഷ്ട്രത്തിന്‍റെ സര്‍വ്വോന്നത ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മതങ്ങള്‍ സഹായകമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനികശക്തി ഒട്ടുമില്ലാത്ത ഏക രാഷ്ട്രമാണ് വത്തിക്കാന്‍. അതേസമയം ആഗോള കത്തോലിക്കാ സഭയുമായി അതിനുള്ള ബന്ധം ഒരു തരം “മൃദുശക്തി”യാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ നാമാവശേഷമാക്കാന്‍ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പയും, ക്യൂബയും അമേരിക്കയും തമ്മില്‍ സമവായം സൃഷ്ടിക്കാന്‍ പോപ്പ് ഫ്രാന്‍സിസും വഹിച്ച നിര്‍ണ്ണായകമായ പങ്ക് ചൈനീസ് ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ന്യൂയോര്‍ക്കിലെത്തിയ പോപ്പ് ഫ്രാന്‍സിസിന് ആഗോളതലത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ജനപ്രീയ സ്വീകരണമാണ് ലഭിച്ചത്. അതേ കാലയളവില്‍ തന്നെ യു.എന്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷീ യോ, ഡോണാള്‍ഡ് ട്രംപ്, ഹിലാരി ക്ലിന്‍റണ്‍, പ്രസിഡന്‍ഷ്യല്‍ മത്സരത്തിന്‍റെ സമാപനദിനങ്ങള്‍ക്കോ സൃഷ്ടിക്കാനാവാത്തത്ര സ്നേഹനിര്‍ഭരമായ ബഹുജന ശ്രദ്ധയാണ് പോപ്പ് ഫ്രാന്‍സിസിന് ലഭിച്ചത്. ചൈനാ കാര്യ നിരീക്ഷകന്‍ ഫ്രഞ്ചസ്കോ സിപ്പി എന്ന ഇറ്റലിക്കാരന്‍റെ സെറ്റി മാനാ വാര്‍ത്ത എന്ന വെബ്സൈറ്റില്‍ എടുത്ത് പറയുന്നു. മാത്രമല്ല, വത്തിക്കാനുമായുള്ള നയതന്ത്രബന്ധം സാധാരണ ഗതിയില്‍ ആക്കുകവഴി വിമതരെ പീഡിപ്പിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്ന “സൂപ്പര്‍ പവ്വര്‍” എന്ന ദുഷ്പ്പേര് മയപ്പെടുത്തിയെടുക്കുവാന്‍ ചൈനക്കു കഴിഞ്ഞേക്കുമെന്നും സിപ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ചരിത്രത്തിലാദ്യമായി വത്തിക്കാനുമായുള്ള നയതന്ത്രബന്ധം സാധാരണഗതിയിലാക്കുന്ന കാര്യം ചൈനീസ് ടിവി സംപ്രേഷണം ചെയ്യുകയുണ്ടായി. ഗ്ലോബല്‍ ടൈംസിലും മറ്റും ഇതേ വിഷയത്തെപ്പറ്റി ലേഖനങ്ങള്‍ വന്നു. 2016-ല്‍ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ചൈനയില്‍ നിന്നുള്ള അനേകം അപൂര്‍വ്വ കലാവസ്തുക്കള്‍ അവിടെ സൂക്ഷിച്ചുവച്ചിരിക്കുന്നതായി കണ്ടു. ഇരുരാഷ്ട്രങ്ങളുടെയും പുരാവസ്തു ശേഖരങ്ങളില്‍ നിന്നുള്ള കൗതുക വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ ബീജിംഗിലും റോമിലും നടത്താനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണിപ്പോള്‍.

കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നു വിഘടിച്ചു നില്‍ക്കുന്ന “തയ് വാന്‍” എന്ന ദ്വീപുമായി വത്തിക്കാന്‍ ദീര്‍ഘകാലം പുലര്‍ത്തിയിട്ടുള്ള ബന്ധം ഇവിടെ തടസ്സമാവില്ലേ? അതിനെ അവഗണിക്കുകയല്ലാതെ തല്‍ക്കാലം മറ്റു പോംവഴിയൊന്നുമില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളില്‍ മുന്നോട്ടുള്ള വഴി കണ്ടെത്തുന്നതിനു വേണ്ട പ്രാഗത്ഭ്യമാണ് വത്തിക്കാന്‍റെ വിദേശകാര്യ മന്ത്രി കര്‍ദ്ദിനാള്‍ പാരോലീനെ ശ്രദ്ധേയനാക്കുന്നത്. മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവ ജ്ഞാനമുള്ള അദ്ദേഹം ഇരുന്നൂറോളം രാഷ്ട്രങ്ങളുമായി നയത ന്ത്രബന്ധം പുലര്‍ത്തുന്ന വത്തിക്കാനോട് കമ്മ്യൂണിസ്റ്റ് ചൈനയെ രമ്യതയിലാക്കുന്ന പ്രക്രിയയില്‍ കരുതലോടെയത്രേ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഇരുഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും എല്ലാം വേണ്ടവിധം പുരോഗമിക്കുകയാണെങ്കില്‍ മാര്‍ച്ച് അവസാനമാകുമ്പോഴേക്കും കരാറില്‍ ഒപ്പുവക്കാനാവുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Leave a Comment

*
*