ചൈനയുടെ ആകാശങ്ങളിലെ പെയ്തൊഴിയാത്ത മേഘങ്ങള്‍

ചൈനയുടെ ആകാശങ്ങളിലെ പെയ്തൊഴിയാത്ത മേഘങ്ങള്‍

കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം നിലവിലുള്ള ചൈനയിലെ കത്തോലിക്കാസഭ എന്നും പുറത്തുള്ളവര്‍ക്ക് ഒരു സമസ്യയാണ്. ചൈനയിലേയ്ക്കു ഈയിടെ നടത്തിയ ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ആ യാത്രയുടെ വിശേഷങ്ങളും ചൈനീസ് സഭയെക്കുറിച്ചുള്ള ചില വിവരങ്ങളും പങ്കുവയ്ക്കുകയാണു മകാവുവില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ജിജോ കണ്ടംകുളത്തി സിഎംഎഫ്

രണ്ടു വര്‍ഷത്തെ വിസ നിരോധനത്തിന് ശേഷമാണ് ആറു മാസത്തേക്ക് എനിക്ക് ചൈനീസ് വിസ പതിച്ചു കിട്ടിയത്. രണ്ടു വര്‍ഷക്കാലത്തെ ചൈനായാത്രകള്‍ പതിനഞ്ചു ദിവസത്തേക്കുള്ള ബിസിനസ് വിസയിലായിരുന്നു. ഇത്തവണത്തെ ചൈനായാത്രയുടെ പ്രഥമ ലക്ഷ്യം പണ്ട് ക്ലരീഷ്യന്‍ സഭ പ്രവര്‍ത്തിച്ചിരുന്ന ആന്‍ഹുയി പ്രവിശ്യയായിരുന്നു. 1952-ല്‍ സഭ ചൈന വിടുമ്പോള്‍ അന്നത്തെ മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ ഉറച്ച കത്തോലിക്കാ വിശ്വാസികളായി ചൈനയില്‍ തുടര്‍ന്നു ജീവിച്ചിരുന്നു. അതിലൊരാള്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടു. ബാക്കിയുള്ള ഒരാളെ കാണുക. അവിടത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അല്‍പം സാഹസികമാണെങ്കിലും അത് ഒഴിവാക്കാനാകുമായിരുന്നില്ല. 20 വര്‍ഷം തൊഴില്‍ ക്യാമ്പില്‍ ജീവിതം ഹോമിക്കേണ്ടി വന്നപ്പോളും സ്വന്തം വിശാസത്തെ ഒറ്റിക്കൊടുക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹത്തെ എത്ര സാഹസികമായിട്ടായാലും ഒന്ന് കൂടി കാണണമെന്ന ആഗ്രഹം എന്‍റെ ഉള്ളില്‍ തീവ്രമായിരുന്നു.

ഒറ്റയ്ക്കാണ് അദ്ദേഹം താമസം. കുറച്ചകലെ ജോലി ചെയ്യുന്ന മകന്‍ ആഴ്ചയില്‍ ഒരിക്കല്‍ വരവുണ്ട്, ഭക്ഷണവും മറ്റുമായി. നാലാം നിലയിലാണ് താമസമെന്നതുകൊണ്ടു പുറത്തോട്ടിറങ്ങാറില്ല. 92 വയസ്സായ ശരീരം മുന്‍പ് കണ്ടതിലും അല്പംകൂടി ശോഷിച്ചിട്ടുണ്ട്. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ചെറുപ്പത്തിന്‍റെ തെളിച്ചം. എന്നെ കണ്ടതേ തിരിച്ചറിഞ്ഞു. കരുതിയിരുന്ന വിശുദ്ധ കുര്‍ബാന കൊടുത്തു. മൗനമായി, ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിച്ചപ്പോള്‍ കൂടെയുള്ളവരാരും ശല്യപ്പെടുത്തിയില്ല. പിന്നീട് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി. മുറിയില്‍ ഒരു മേശപ്പുറത്തു ഒരുക്കിയിരിക്കുന്ന അള്‍ത്താരയാണ് ഇപ്പോഴത്തെ ജീവിതത്തിന്‍റെ കാതല്‍ എന്ന് പറഞ്ഞപ്പോള്‍ വാക്കുകളില്‍ വിശ്വാസതീക്ഷ്ണത പ്രകടമായിരുന്നു. ആശീര്‍വാദം കൊടുത്തു തിരിഞ്ഞു പോരുമ്പോള്‍, കേള്‍ക്കരുതെന്നു കരുതിയ ആ ചോദ്യം അദ്ദേഹം ചോദിച്ചു: 'ഇനി ഒരിക്കല്‍ കാണുമോ?' മറുപടി പറയാന്‍ കഴിയാതെ ഞാന്‍ വിഷമിക്കുന്നതു കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന തദ്ദേശവാസിയായ ഒരു സിസ്റ്റര്‍ വൃഥാ സമാധാനിപ്പിക്കാന്‍ എന്തോ പറഞ്ഞു. അദ്ദേഹത്തിനതില്‍ കൗതുകം തോന്നിയിട്ടാവണം ചുണ്ടുകളില്‍ ഒരു ചിരി വിടരുന്നുണ്ടായിരുന്നു.

സ്ഥലത്തെ മെത്രാനും ഞങ്ങളെ (എന്‍റെ കൂടെ ഒരു ചൈനീസ് സിസ്റ്റര്‍ കൂടി ഉണ്ടായിരുന്നു) കാണാന്‍ എത്തിയിരുന്നു. വത്തിക്കാന്‍ – ചൈനകരാര്‍ പ്രകാരം വത്തിക്കാന്‍ അംഗീകരിച്ച മെത്രാന്മാരില്‍ ഒരാളായിരുന്നു, അദ്ദേഹം. ആ ഞായറാഴ്ച വിശ്വാസികളോടൊപ്പം കുര്‍ബാന അര്‍പ്പിച്ചു ബലിപീഠം ചുംബിക്കുമ്പോള്‍ അറിയാതെ സുറിയാനി ക്രമത്തിലെ പ്രാര്‍ത്ഥന ഞാന്‍ ഉരുവിട്ടു, 'ഇനി ഒരു ബലി അര്‍പ്പിക്കാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ.' (അടുത്തകാലത്തായി സഭയോടുള്ള നിലപാടുകള്‍ ചൈന സര്‍ക്കാര്‍ കടുപ്പിച്ചു കൊണ്ടിരിക്കുകയാണ്).

ഇവിടുന്നു പോയത് ക്ലരീഷ്യന്‍ സഭ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു പള്ളിയിലേക്കാണ്. ഈ പള്ളി ആ നഗരത്തിന്‍റെ മ്യൂസിയം സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം നാലായിരം ഇന്ത്യന്‍ രൂപ ആളോഹരി പ്രവേശനത്തിനു കൊടുത്തു പള്ളിയുടെ പ്രദേശത്തു ചെന്നപ്പോള്‍ കോമ്പൗണ്ട് പൂട്ടിയിരിക്കുന്നതായി കണ്ടു. മുന്‍പൊരിക്കല്‍ പോയപ്പോള്‍ ഹൃദയഭേദകമായിരുന്നു ഇവിടത്തെ കാഴ്ച. തച്ചുടക്കപ്പെട്ട മദ്ബഹായുടെ മുകളില്‍ മേശയും കസേരയും ഇട്ടിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്നു അന്നതില്‍. കൂടാതെ പള്ളിയുടെ ഹോസ്പിറ്റല്‍, സ്കൂള്‍, താമസസ്ഥലങ്ങള്‍ എല്ലാം പലരും അന്ന് കയ്യേറിക്കഴിഞ്ഞിരുന്നു. ഇന്ന് അത് പൂട്ടിക്കിടക്കുന്നതു കണ്ടപ്പോള്‍ ആശ്വാസമാണ് തോന്നിയത്. എത്രയോ പേര്‍ വിശ്വാസത്തിനു വേണ്ടി ത്യാഗം ചെയ്തു പടുത്തുയര്‍ത്തിയ പള്ളി അവഹേളിതമായി കിടക്കുന്നതു കണ്ടപ്പോളുണ്ടായ ദുഃഖമായിരുന്നു അന്ന്.

അവിടെനിന്നും ട്രെയിന്‍ മാര്‍ഗ്ഗം പോയത് നാന്‍ജിങ് അതിരൂപതയിലേക്കാണ്. ഈ രൂപത കുറേക്കാലം മെത്രാന്മാരില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. രണ്ടായിരാമാണ്ടിലാണ് ഇപ്പോഴത്തെ മെത്രാന്‍ അഭിഷിക്തനായത്. പക്ഷേ വത്തിക്കാന്‍റെ അംഗീകാരമില്ലാതെയായിരുന്നു അത്. അടുത്ത കാലത്തു മാത്രമാണ് ഇദ്ദേഹത്തിനു വത്തിക്കാന്‍ അംഗീകാരം ലഭിച്ചത്. ആഗോളസഭയുമായി കാര്യമായ ബന്ധങ്ങളോ, സന്യാസസമൂഹങ്ങളുടെ സേവനങ്ങളോ ഇവിടെ ഇല്ലാതിരുന്നതിനാല്‍ ഈ സമൂഹത്തിന്‍റെ കത്തോലിക്കാ വിശ്വാസപരിശീലനത്തില്‍ പോരായ്മകള്‍ ഉണ്ടായിരിക്കാനിടയുണ്ട്. സഭയുടെ പുതിയ പ്രബോധനങ്ങള്‍ എല്ലാം ഇവിടെ എത്തിയിരിക്കാനും സാദ്ധ്യതയില്ല.

നാല് ദിവസത്തെ ബൈബിള്‍ ക്ലാസ്സുകള്‍ക്കു വേണ്ടി സര്‍ക്കാരിന്‍റെ അനുവാദത്തോടു കൂടി ഇവിടത്തെ മെത്രാന്‍ ക്ഷണിച്ചതനുസരിച്ചാണ് ഞാനങ്ങോട്ടു പോയത്. എന്‍റെ ചൈനീസ് ഭാഷ ക്ലാസ്സെടുക്കാന്‍ മാത്രം നന്നല്ലാത്തതു കൊണ്ട് പരിഭാഷയ്ക്ക് ഒരാളെ കൂടി കൂട്ടിയിരുന്നു. എടുക്കാനുള്ള ക്ലാസ്സുകള്‍ കയ്യിലിരുന്ന ലാപ്ടോപ്പില്‍ അലസമായി എഡിറ്റ് ചെയ്യുമ്പോള്‍, മുന്നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന ആ ട്രെയിനിലിരുന്നു ഞാനോര്‍ത്തത് നാട്ടിലെ ഇരുന്നൂറു കിലോമീറ്റര്‍ വേഗതയുള്ള റയില്‍പ്പാളത്തിനു അനുമതിയായി എന്ന വാര്‍ത്ത വായിച്ചതായിരുന്നു. അതൊരനാവശ്യചിരി മനസ്സിലുണര്‍ത്തിയോ എന്ന സംശയവും ഇപ്പോഴുണ്ട്.

നാന്‍ജിങ് ചൈനയുടെ ചരിത്രത്തില്‍, ഒരു വേദനയുടെ പര്യായമാണ്. ജപ്പാന്‍ അധിനി വേശകാലത്തു അവരുടെ പട്ടാളക്കാരുടെ ഉല്ലാസത്തിനു വേണ്ടി സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുകയും ലക്ഷക്കണക്കിനു മനുഷ്യരെ കഠോരമായി മര്‍ദിച്ചു കൊന്നൊടുക്കുകയും ചെയ്ത സ്ഥലം. ഏകദേശം അറുപതിനായിരത്തോളം വരുന്ന കത്തോലിക്കരുണ്ട് പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ അതിരൂപതയില്‍.

ഇരുപത്തിയൊന്ന് അച്ചന്മാരും ഇരുപത്തിനാല് സന്യാസിനികളും എട്ടു പുരോഹിത വിദ്യാര്‍ത്ഥികളും അടങ്ങുന്ന ആത്മീയനേതൃത്വം. ഇവരോടൊപ്പം കുറച്ചു അല്മായരും ചേര്‍ന്നതായിരുന്നു എന്‍റെ കേള്‍വിക്കാര്‍.

ചൈനയിലെ മിക്കവാറും സന്യാസിനീസഭകള്‍ അതതു രൂപതകള്‍ക്കകത്തു മാത്രം സേവനം ചെയ്യുന്നവരാണ്. (കോണ്‍ഗ്രിഗേഷന്‍സ് ഓഫ് ഡയോസിസന്‍ റൈറ്റ്) ഞാന്‍ പോയി കണ്ട മിക്കവാറും ചൈനീസ് രൂപതകള്‍ക്ക് സ്വന്തമായ സന്യാസിനീസഭകളുണ്ട്. എങ്കിലും നാന്‍ജിംഗില്‍ ആ രൂപതയുടെ സഭയ്ക്കൊപ്പം മറ്റു രൂപതകളുടെ സന്യാസിനീസഭകളിലെ ചില കന്യാസ്ത്രീകളും സേവനം ചെയ്യുന്നുണ്ടായിരുന്നു. ചൈനയില്‍ സേവനം ചെയ്യുന്ന അന്താരാഷ്ട്ര സന്യാസിനീസമൂഹങ്ങള്‍ (കോണ്‍ഗ്രിഗേഷന്‍സ് ഓഫ് പൊന്തിഫിക്കല്‍ റൈറ്റ്) തീരെ കുറവാണെങ്കിലും നാന്‍ജിംഗില്‍ ഇത്തരമൊരു സന്യാസിനീസമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. (അവരുടെ പേരു വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.) സമൂഹമായി ജീവിച്ചു സേവനം ചെയ്യുന്ന പുരുഷ സന്യാസസമൂഹങ്ങള്‍ ഇവിടെ ഇല്ലെന്നു തന്നെ പറയാം. എങ്കിലും ചൈനയില്‍ നിന്നുള്ള ധാരാളം മിഷണറിമാര്‍ ഇന്നു ചൈനയ്ക്കു പുറത്തു സേവനം ചെയ്യുന്നുണ്ട്. ഈ പൊതുസ്ഥിതിക്ക് അപവാദമായി, ഒരു രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഒരു അന്താരാഷ്ട്ര സന്യാസസമൂഹത്തിലെ അംഗങ്ങളാണെന്ന വിശേഷവും ഉണ്ട്. (അവരുടെയും പേരു വെളിപ്പെടുത്താനാകില്ല.)

മിക്കവാറും സന്യാസിനീസമൂഹങ്ങള്‍ ഇടവകകളുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പല ഇടവകകളും പുരോഹിതരുടെ അഭാവത്തില്‍ ഈ സന്യാസിനിമാര്‍ തന്നെയാണു നടത്തിക്കൊണ്ടു പോകുന്നത്.

നമുക്കു പരിചയമുള്ള സഭകളുടെ കെട്ടുറപ്പ് ചൈനയിലെ സന്യാസസഭകള്‍ക്കുണ്ടെന്നു പറഞ്ഞു കൂടാ. എങ്കിലും ചൈനയിലെ പ്രത്യേക സ്ഥിതിവിശേഷത്തില്‍ വിശ്വാസം നിലനിറുത്താനും വളര്‍ത്താനും ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്.

നല്ല കെട്ടുറപ്പോടെ വളര്‍ന്നു വരുന്ന മൂന്നു സന്യാസിനീസഭകളെയെങ്കിലും ചൈനയില്‍ എനിക്കറിയാം. ഒന്നില്‍ മുന്നൂറില്‍ കൂടുതല്‍ അംഗങ്ങളുണ്ട്. മറ്റു രണ്ടെണ്ണം നൂറോളം അംഗങ്ങളുള്ളവയാണ്. ഈ സന്യാസിനീസഭകളിലെ പല അംഗങ്ങളും വിദേശരാജ്യങ്ങളില്‍ പഠനവും പരിശീലനവും നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെ സേവനം ചെയ്തിരുന്ന പല സന്യാസസമൂഹങ്ങളും ഇവരുടെ പഠനത്തിനു സഹായമേകുന്നു.

ചൈനയിലെ മിക്കവാറും രൂപതകളിലെ രണ്ടോ മൂന്നോ വൈദികരെങ്കിലും വിദേശരാജ്യങ്ങളില്‍ പഠിച്ചവരാണ്. അതുകൊണ്ട് ഇവര്‍ ആഗോളസഭയുമായി ബന്ധമുള്ളവരും കാര്യങ്ങള്‍ അറിയുന്നവരുമാണ്. പക്ഷേ പഠിച്ച സ്പെഷ്യലൈസേഷന് അനുസരിച്ച് ചൈനയില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് അവസരങ്ങളില്ല. പലപ്പോഴും രൂപതയുടെ മറ്റ് ഉത്തരവാദിത്വങ്ങള്‍ ഇവര്‍ക്ക് ഏറ്റെടുക്കേണ്ടതായി വരും. അതുകൊണ്ടു ചൈനയിലെ മേജര്‍ സെമിനാരികളില്‍ പഠിപ്പിക്കാന്‍ പുറത്തു നിന്നുള്ള അദ്ധ്യാപകരെ വിളിച്ചു വരുത്തുകയാണു ചെയ്യുക. അവര്‍ക്ക് പക്ഷേ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാറില്ല. അതിനു മുമ്പായി മടങ്ങി പോകേണ്ടി വരും. സെമിനാരി പരിശീലനത്തിലെ ഈയൊരു പരാധീനത ഈ സന്ദര്‍ശനത്തിനിടെ കണ്ട ഒരു മെത്രാന്‍ പങ്കുവയ്ക്കുകയുണ്ടായി.

നാന്‍ജിംഗ് രൂപതയുടെ വലിയൊരു സമ്പാദ്യം ചെറുപ്പക്കാരായ വൈദികരാണ്. മിക്കവാറും പേര്‍ അമ്പതില്‍ താഴെ പ്രായമുള്ളവര്‍. പലരേയും മറ്റു രൂപതകളില്‍ നിന്നു കടമെടുത്തിരിക്കുന്നതാണ്. ചൈനയിലെ സമ്പന്നമായ രൂപതകളില്‍ നിന്നു വരുന്ന യുവവൈദികരില്‍ ആത്മീയതയുടെ കുറവു കാണാമെന്ന ഒരു പരാതിയും ആര്‍ച്ചുബിഷപ് പങ്കു വയ്ക്കുകയുണ്ടായി.

യോഹന്നാന്‍റെ സുവിശേഷത്തെ ആസ്പദമാക്കി ഞാന്‍ കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ ഒരു ലഘു പാഠപുസ്തകമാണ് 'ബൈബിള്‍ തുറക്കാന്‍ അഞ്ചു താക്കോലുകള്‍.' അതിന്‍റെ അന്തഃസത്തയും ബൈബിള്‍ മൂല്യങ്ങളും നാലുദിവസം കൊണ്ട് അവരോടൊപ്പം പങ്കുവച്ചു. കാലങ്ങളായി സഭ നല്‍കിക്കൊണ്ടിരിക്കുന്ന പല ബൈബിള്‍ വ്യാഖ്യാനങ്ങളും ഇവര്‍ക്ക് അന്യമായി തുടരുന്നു എന്ന് ക്ലാസിലെ അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലായി.

കൗതുകമുണര്‍ത്തിയ ഒരു കാര്യം, ഈ നാലുദിവസത്തെ ക്ലാസ്സുകളിലും ആര്‍ച്ചുബിഷപ്പ് ഒരു സാധാരണക്കാരനെപ്പോലെ പൂര്‍ണമായും പങ്കുകൊണ്ടു എന്നതാണ്. പാന്‍റ്സും ടീ ഷര്‍ട്ടുമായിരുന്നു അദ്ദേഹത്തിന്‍റെ വേഷം. ഇതുതന്നെയായിരുന്നു ആന്‍ഹുയി മെത്രാന്‍റെയും വേഷം. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ ക്രിസ്തീയ ജീവിതത്തില്‍ കാതലായതിനെ മാത്രം മുറുകെപ്പിടിക്കാന്‍ ഇവര്‍ പഠിച്ചിരിക്കുന്നു. സ്വാതന്ത്ര്യ മുള്ളപ്പോള്‍ ആടാന്‍ ഉപയോഗിക്കുന്ന ചന്തവും ചമയങ്ങളും, തൊങ്ങലുകള്‍ക്കു വീതി കൂട്ടണമോ കുറക്കണമോ എന്ന ചര്‍ച്ചകളും എത്രയോ വിലകുറഞ്ഞ വിശ്വാസബിംബങ്ങളാണെന്നു ഈ മെത്രാന്മാരോടൊപ്പം ചിലവഴിച്ചപ്പോള്‍ തിരിച്ചറിഞ്ഞു.

ഒന്ന് മറന്നു. എന്‍റെ ക്ലാസ്സു കേള്‍ക്കാന്‍ പോലീസ്പ്രജകളും വന്നിരുന്നു. അവര്‍ കുറച്ചു നേരം ക്ലാസില്‍ ഇരുന്നിട്ടു പോയി. എല്ലാവരും സുരക്ഷിതരാണോ എന്നറിയാന്‍ വന്നതാണെന്ന് മെത്രാനോട് പറഞ്ഞു. ഇതത്ര പുത്തരിയല്ല എന്ന മട്ടില്‍ മെത്രാന്‍ ഒരു ഒഴുക്കന്‍ മറുപടി കൊടുത്തു അവരെ പറഞ്ഞുവിട്ടു. പോലീസിന്‍റെയും ഭരണകൂടത്തിന്‍റെയും ശക്തമായ നിരീക്ഷണം എല്ലായിടത്തും എല്ലാ കാര്യങ്ങളിലും ചൈനയില്‍ ഉണ്ടായിരിക്കും.

പിറ്റേന്ന് അതിരാവിലെ അഞ്ചു മണിക്ക് ഞാന്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ മെത്രാന്‍ യാത്രയയക്കാന്‍ തയ്യാറായി വന്നിരുന്നു. കാറില്‍ കയറുമ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു, ഇനിയും അച്ചന്‍ വരണം. സാധാരണ പിരിയുമ്പോള്‍ പറയാറുള്ള ചൈനീസ് ഉപചാരവാക്യം വീണ്ടും കാണാം എന്നാണ്. പക്ഷെ ഇതൊരു ക്ഷണമായിരുന്നു. വീണ്ടും വരാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ ചൈനീസ് ആകാശത്തു കണ്ട കാര്‍മേഘങ്ങള്‍ പെയ്തൊഴിയുകയാണോ കൂടുതല്‍ ഇരുണ്ടുകൂടുകയാണോ ചെയ്യുകയെന്ന സന്ദേഹം ബാക്കിയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org