ചോര കിനിയുന്ന, ലഹരി പൂക്കുന്ന മലയാളസിനിമ

ചോര കിനിയുന്ന, ലഹരി പൂക്കുന്ന മലയാളസിനിമ

സണ്ണി ചെറിയാന്‍

പരീക്ഷാച്ചൂടിലും സിനിമാ തിയേറ്ററുകള്‍ക്കു മുന്നില്‍ വന്‍ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. ഹൗസ് ഫുള്‍ ബോര്‍ഡ് കണ്ടിട്ടും അടുത്ത ഷോയ്ക്ക് മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തു മടങ്ങുന്നവര്‍ സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളാണ്.

ചോര കിനിയുന്ന, മദ്യപാനവും മൃഗവേട്ടയും മാത്രമുള്ള ഒരു 'കട്ട ലോക്കല്‍' ചിത്രവും കാമ്പസിനുള്ളിലെ കഠാരരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വിപ്ലവ കാല്പനികതയുടെ വിപണനമൂല്യം തിരിച്ചറിയപ്പെടുന്ന ഒരു 'അപാര' ചിത്രവുമാണു വിദ്യാര്‍ത്ഥി പ്രേക്ഷകര്‍ക്ക് ആവേശം കൂട്ടുന്നത്.

സിനിമയുടെ സൗന്ദര്യശാസ്ത്രം പാടേ മാറിയിരിക്കുന്നു. അയുക്തി യുക്തിയായി മാറുകയും സമൂഹത്തിന്‍റെ ശ്ലീലാശ്ലീലങ്ങള്‍വരെ തിരുത്തിയെഴുതപ്പെടുകയും ചെയ്യുന്നു. സമൂഹത്തെ മൊത്തം ഗ്രസിച്ചിരിക്കുന്ന പൈശാചികതകളില്‍ നിന്നു സിനിമയും മുക്തമല്ല. ഈ ക്രൂരതകള്‍ക്ക് ഒരുപക്ഷേ കൂടുതല്‍ ആക്കം കൂട്ടുന്നതു സമീപകാല സിനിമകളാണ്.

അങ്കമാലിക്കാര്‍ കൂടുതല്‍ നസ്രാണികളാണ്. മദ്യഉപഭോഗവും പന്നിയിറച്ചി തീറ്റയും അടിപിടിയും മാത്രമാണോ ഒരു അങ്കമാലിക്കാരന്‍റെ ശരാശരി ജീവിതം? 'അങ്കമാലി ഡയറീസ്' എന്ന സിനിമ കണ്ടിറങ്ങിയ യുവത്വം പറയുന്നു: "ഗംഭീരം…" കണ്ടവര്‍ വീണ്ടും ഇതേ സിനിമ കാണുന്നു.

ഒരാളെ കണ്ടുമുട്ടിയാല്‍ മദ്യസത്കാരത്തില്‍ തുടങ്ങുന്നതാണോ ഇവരുടെ യഥാര്‍ത്ഥമായ ജീവിതം? അങ്കമാലിയിലെ പെണ്ണുങ്ങള്‍ക്കും മദ്യം പെരുത്ത് ഇഷ്ടമാണെന്നും തിരക്കഥാകാരനും സംവിധായകനും തീര്‍ച്ചപ്പെടുത്തുന്നു.

പള്ളിപ്പെരുന്നാള്‍ എന്നാല്‍ വീടിന്‍റെ പൂമുഖത്തും പ്രദക്ഷിണ വഴികളിലും മദ്യപിക്കാനും പരസ്പരംതല്ലു കൂടാനുമുള്ള ഒരിടമാണെന്ന കണ്ടെത്തലുമുണ്ട്. പള്ളിപ്പെരുന്നാളിന്‍റെ പ്രദക്ഷിണത്തിനിടയിലൂടെ നീട്ടിപ്പിടിച്ച കഠാരയുമായി ക്രൗര്യം കിനിയുന്ന യുവത്വം ഇരയെ വേട്ടയാടാന്‍ മാരത്തണ്‍ ഓട്ടമോടുന്നു. 'ബ്രോ'യെന്നു പറഞ്ഞു തോളത്തു തട്ടി രസിക്കുന്ന എന്‍റെ കുഞ്ഞനുജന്മാര്‍ തിയേറ്ററില്‍ ഇരയുടെ രക്തത്തിനായി ഒരു വേട്ടക്കാരനെപ്പോലെ ദാഹിക്കുകയായിരുന്നു.
എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് എഴുതിയ ബേപ്പൂര്‍ സുല്‍ത്താനേ ക്ഷമിക്കുക. മൃഗമായാലും മനുഷ്യനായാലും ചോര കണ്ടു രസിക്കാന്‍ ഞങ്ങള്‍ ഉത്സാഹം കാട്ടുന്നു.

നക്ഷത്ര ഹോട്ടല്‍ മുറികളിലെ ആകാശനിലാവില്‍ കണ്ടുമുട്ടി കള്ളും കഞ്ചാവുമടിച്ച് ഇണചേര്‍ന്നു വെളുക്കുന്നതിനുമുമ്പേ പിരിയുന്ന നായികമാര്‍ ഞങ്ങള്‍ക്കിടയിലെത്തിയിട്ട് അധികനാളുകളായില്ല. പ്രണയാര്‍ദ്രമായ സ്ത്രീഹൃദയത്തെ കാല്പനികഭംഗിയോടെ ചിത്രീകരിക്കാനും വികാരവിക്ഷോഭങ്ങളിലൂടെ ആവിഷ്കരിക്കാനും സ്നേഹത്തിന്‍റെ മൗനചിത്രമായി വരച്ചുകാട്ടാനും 'ന്യൂജെന്‍'കാരല്ലാത്ത പഴയ സിനിമാക്കാര്‍ക്കു കഴിഞ്ഞിരുന്നു.

ആണ്‍-പെണ്‍ ബന്ധങ്ങളിലെ സാമ്പ്രദായിക രീതികളോടു കലഹിക്കുന്നവരാണു ന്യൂജെന്‍ നായികമാര്‍. 'നീന'യെന്ന സിനിമയിറങ്ങിയപ്പോള്‍ മദ്യപിച്ചാല്‍, പുകവലിച്ചാല്‍ എല്ലാം തികയുമെന്നു കരുതി അതിനു പിന്നാലെ പോയ ഒരുപാടു പെണ്‍കുട്ടികളെ ഈ ലേഖകനറിയാം.

കടുത്ത സംസ്കാര വിരുദ്ധവും സ്ത്രീവിരുദ്ധവുമായ എത്രയോ സിനിമകള്‍ ഇറങ്ങിക്കഴിഞ്ഞു. ജനപ്രിയതയെന്ന പേരില്‍ സിനിമ വെറും കച്ചവടച്ചരക്കാകുമ്പോള്‍ ഉള്ളടക്കത്തില്‍പ്പോലും ക്രിമിനല്‍ സ്വഭാവം കടന്നുവരുന്നു. ഇതു പ്രേക്ഷകനെ മോശമായി സ്വാധീനിക്കുന്നു.

കലാമൂല്യമുള്ള സമാന്തരസിനിമകളുടെ സൗന്ദര്യവും കച്ചവടസിനിമകളുടെ ജനപ്രിയരീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള സിനിമകളും ഇന്നെത്തുന്നില്ല.
വൈകാരികതയോടു ചേര്‍ന്നുനില്ക്കുന്ന പ്രണയവും കണ്ണുനീരും അനുഭവങ്ങളും ഇന്നത്തെ സിനിമാക്കാര്‍ക്കും പ്രേക്ഷകര്‍ക്കും താത്പര്യമില്ല.
അദ്ധ്യാപകര്‍ക്കു ഗുരുദക്ഷിണയായി തല്ലു കൊടുക്കുന്ന, അദ്ധ്യാപികയെ പ്രേമിക്കുന്ന നായകനെ ധീരോദാത്തനും പ്രതാപഗുണവാനുമായി കരുതാനാണു പുതിയകാല പ്രേക്ഷകര്‍ക്കു താത്പര്യം.

മുടിയും താടിയുമൊക്കെ നീട്ടി വളര്‍ത്തുന്ന സ്വാതന്ത്ര്യം സഹിക്കാം. പക്ഷേ, ആണി ഘടിപ്പിച്ച പട്ടികയും ഇരുമ്പുവടികളും ഇടിക്കട്ടകളും ഉപയോഗിച്ചു സ്വന്തം സഹോദരനെ വേട്ടയാടാനാണു സമീപകാല സിനിമാക്കാര്‍ക്കു താത്പര്യം.

വിപ്ലവാവേശം വിതറി കാണികളായ വിദ്യാര്‍ത്ഥി സമൂഹത്തെ ത്രസിപ്പിക്കാം. ഒരു കൊടി മാറ്റിയാല്‍ ഉടനെ അടി പൊട്ടുന്നതാണോ നമ്മുടെ കലാലയങ്ങള്‍. എസ്എഫ്ഐയെ എസ്എഫ് വൈയും കെഎസ്യുവിനെ കെ എസ്ക്യുവുമാക്കി പ്രശസ്തമായ ഈ കലാലയത്തിന്‍റെ പശ്ചാത്തലത്തില്‍ കോളജ് യൂണിയന്‍ പിടിച്ചെടുക്കാന്‍ ചോരപ്പുഴ ഒഴുക്കുന്നതാണോ 'മെക്സിക്കന്‍ അപാരത.'

ഇത്തരത്തിലുള്ള 'അപാരമായ' സൃഷ്ടികളുടെ ഹാങ് ഓവര്‍ തുടങ്ങിക്കഴിഞ്ഞു. പ്രിന്‍സിപ്പലിനു കുഴിമാടം ഒരുക്കിയും പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ചും വിപ്ലവത്തിന്‍റെ തോതു കൂട്ടിയവരുമുണ്ട്. പുതിയ കാലത്തിന്‍റെ പതാകവാ ഹകരാകണം വിദ്യാര്‍ത്ഥികള്‍. രാഷ്ട്രീയപാര്‍ട്ടിയുടെ പതാക ഉയര്‍ ത്തിയും പതാക കീറിയെറിഞ്ഞും കയ്യൂക്കിന്‍റെ ഗുണ്ടായിസം കാട്ടാന്‍ സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ചുകൂടാ.

നാട്ടിലേക്കു മടങ്ങുകയായിരുന്ന ഗീവര്‍ഗീസ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ ഈറോഡില്‍ ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ബ്ലേഡ്കൊണ്ടു ശരീരമാസകലം മുറിവേല്പിച്ച വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനക്കാരായിരുന്നില്ല; മലയാളികളായിരുന്നുവെന്നു നാമോര്‍ക്കുക.

കണ്ണൂര്‍ താപ്പാടിലെ അജ്മലി നെ കുളിമുറിയില്‍വച്ചു തീയിട്ടു കൊന്നതും ചുഴലി മുണ്ടുപാലം സ്വദേശി സുനു കുര്യാക്കോസിനെ ചവിട്ടിക്കൊന്നതും നമ്മുടെ കുഞ്ഞുങ്ങളായിരുന്നു.

സ്നേഹത്തിന്‍റെയും നന്മയുടെയും നിസ്വാര്‍ത്ഥതയുടെയും നിര്‍വചനം മനസ്സിലാക്കി കൊടുക്കേണ്ട കലാലയ തിരുമുറ്റത്തേയ്ക്കാണ് അക്രമത്തിന് ആക്കം കൂട്ടുന്ന ഇത്തരം സിനിമകള്‍ പ്രേരകശക്തിയായെത്തുന്നത്. ഒപ്പമിരുന്നു പഠിക്കുന്ന, സഹോദരനായി കാണേണ്ട സഹപാഠിയെ അക്രമിക്കുന്നതു മഹത്ത്വവത്കരിക്കുന്ന 'ഒരു അപാരതയും' നമുക്കു വേണ്ട.

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ താരതമ്യനേ കുറവായിരുന്ന കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഈ വര്‍ഷത്തെ സ്ഥിതി. സിനിമകളില്‍ കത്തിയും വടിവാളും ആഘോഷമാക്കുന്നവര്‍ക്കു ഹീറോ പരിവേഷം ചാര്‍ത്തിക്കിട്ടിയതോടെ യുവമനസ്സുകളും അക്രമത്തിനു തുനിയുന്നു.

സിനിമയുടെതന്നെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ രംഗമായി കരുതപ്പെടുന്നത് ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ 'സൈക്കോ'യിലെ ഷവര്‍ രംഗമാണ്. എന്നാല്‍ ന്യൂജെന്‍ സിനിമകളിലെ അക്രമരംഗങ്ങള്‍ കാണുമ്പോള്‍ ഹിച്ച് കോക്ക് സിനിമകള്‍ ഒന്നുമല്ലെന്നു കാണാനാകും.

ലോകസിനിമയുടെ ജാതകം മാറ്റിയെഴുതിയ ആന്ദ്രേതര്‍ക്കോവ്സ്കി, താലത്തില്‍ കൊത്തിവച്ച ശില്പമെന്നാണു സിനിമയെ നിര്‍വചിച്ചത്. പലതരം കാഴ്ചകളും വിസ്മയങ്ങളും വേദനകളും ആഹ്ലാദങ്ങളും അന്വേഷണങ്ങളും എല്ലാം പകര്‍ന്നു നല്കുന്നതാകണം സിനിമ.

ഇത്തരത്തിലുള്ള സിനിമകള്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ മുങ്ങിപ്പോകുന്നില്ല. റോബര്‍ട്ട് വൈസിന്‍റെ 'സൗണ്ട് ഓഫ് മ്യൂസിക്' (1965) സിനിമയുടെ വാണിജ്യചരിത്രത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചത് ഓര്‍ക്കുക. ജൂലി ആന്‍ഡ്രൂസിന്‍റെ 'മരിയ' വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മനസ്സില്‍ സുഖദായകമായ ഓര്‍മയാകുന്നു.

ലോകസിനിമ നിലനില്ക്കുന്ന കാലമത്രയും നാം കാണാന്‍ ഇഷ്ടപ്പെടുന്ന 'ബൈസക്കിള്‍ തീവ് സ്' (സംവിധായകന്‍ വിറ്റോറിയോ ഡിസീക്ക-1948) മുതലാളിത്ത വികസന കാഴ്ചപ്പാടിനെയും മനുഷ്യവിരുദ്ധമായ പ്രയോഗത്തെയും അപഹസിക്കുന്ന ചാര്‍ളി ചാപ്ലിന്‍റെ 'മോഡേണ്‍ ടൈംസ്' (1936), സൊള്‍ട്ടാന്‍ ഫാബ്രിയുടെ 'ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍' (1962), ഗൊദാര്‍ദിന്‍റെ 'വീക്കെന്‍ഡ്' (1987), കാഴ്ചയിലും ബോധത്തിലും സിരകളിലും സിനിമ ഒരനുഭവമാകുന്ന പസോളനിനിയുടെ 'സാലോ ഓര്‍ 120 ഡേയ്സ് ഓഫ് സോദോം' (1976) തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ചലച്ചിത്രങ്ങള്‍ ലോകസിനിമയിലുണ്ട്.

1955-ല്‍ പുറത്തുവന്ന 'പഥേര്‍ പാഞ്ചാലി'യിലൂടെ സത്യജിത് റേ സിനിമയുടെ ഉത്തമ മുഖം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി. ഋത്വിക് ഘ്ടക്, ബിമല്‍റോയ്, മണി കൗള്‍, കുമാര്‍ സാഹ്നി, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രതിഭകളും ഇന്ത്യന്‍ സിനിമയ്ക്കു തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തി.

1938-ല്‍ 'ബാലന്‍' എന്ന സിനിമയിലൂടെ തുടക്കമിട്ട മലയാളസിനിമ 2017-ല്‍ എത്തിനില്ക്കുന്നു. കഴിഞ്ഞ വര്‍ഷം 115 സിനിമകള്‍ പുറത്തിറങ്ങി. 7 സൂപ്പര്‍ഹിറ്റുകള്‍, 17 ഹിറ്റുകള്‍, 14 ആവറേജ് ഹിറ്റുകള്‍ എന്നിവ നമുക്കു സമ്മാനിക്കപ്പെട്ടു. 2015-ല്‍ 151 സിനിമകളും പ്രദര്‍ശനത്തിനെത്തിയെന്ന് ഓര്‍ക്കുക. 2015-ല്‍ 520 കോടി രൂപയാണു മലയാളസിനിമയ്ക്കുവേണ്ടി ചെലവിട്ടത്. 60 കോടി നേടി 'പ്രേമം' ഏറ്റവും വലിയ ഹിറ്റ് ചാര്‍ട്ടിലെത്തിയപ്പോള്‍ത്തന്നെ യുവത്വതത്തിന്‍റെ മാറിയ സിനിമാസംസ്കാരം ചര്‍ച്ച ചെയ്യപ്പെട്ടു.

അതേസമയം ബാലവേലയുടെ സംഘര്‍ഷങ്ങളില്‍ ബാല്യം നഷ്ടപ്പെട്ടു പോകുന്ന കുട്ടപ്പായിയുടെ ജീവിതത്തെയും വല്യപ്പച്ചായിയുടെ ജീവിതത്തെയും പ്രകൃതിയുമായി കൂട്ടിയിണക്കി ആന്‍റണ്‍ ചെക്കോവിന്‍റെ വാങ്കയെന്ന കഥാപാത്രം കുട്ടനാടന്‍ പശ്ചാത്തലത്തിലേക്കു 'ഒറ്റാല്‍' എന്ന ജയരാജ് ചിത്രത്തിലൂടെ പറിച്ചുനട്ടപ്പോള്‍ തിയേറ്ററുകള്‍ ശൂന്യമായിരുന്നു.

പോയ വര്‍ഷം പുലിമുരുകന്‍ 150 കോടി ക്ലബ്ബിലെത്തിയപ്പോള്‍ നാട്ടിന്‍പുറത്തുകാരനായ ഒരു കുട്ടിയുടെ സ്വപ്നസാഫല്യത്തിന്‍റെ കഥ പറയുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന സിദ്ധാര്‍ത്ഥ ശിവ ചിത്രവും ജോണ്‍ പോള്‍ ജോര്‍ജിന്‍റെ 'ഗപ്പി' പോലെയുള്ള ചിത്രങ്ങളും യുവത്വം നിരസിച്ചതു കണ്ടില്ലെന്നു നടിക്കാനാവില്ല.
കൊച്ചിയുടെ ചരിത്രത്തിലൂടെ റിയലിസ്റ്റിക്കായി കഥ പറഞ്ഞ കമ്മട്ടിപ്പാടം പ്രേക്ഷക, മാധ്യമചര്‍ച്ചകള്‍ക്ക് ഇടം കണ്ടെത്തി അവാര്‍ഡുകള്‍ വാരിക്കൂട്ടിയെങ്കിലും ഈ വര്‍ഷത്തെ വയലന്‍സിനു പ്രാധാന്യമുളള ചലച്ചിത്രങ്ങള്‍ക്കു കമ്മട്ടിപ്പാടം ഒരു പ്രേരകശക്തിയായെന്നു സമ്മതിക്കേണ്ടി വരും. സ്ത്രീത്വത്തെ ഏറ്റവും മോശമായി ചിത്രീകരിച്ച 'കസബ'പോലെയുള്ള ചിത്രങ്ങളുടെ വിജയവും നമ്മുടെ കാഴ്ചാശീലം എവിടെയെത്തിനില്ക്കുന്നുവെന്നതിന്‍റെ സൂചനയാണ്.

നന്നായി മദ്യപിക്കുന്ന, പോരിനിറങ്ങുകയും ജയിച്ചു മുന്നേറുകയും ചെയ്യുന്ന, യാഥാസ്ഥിതിക ധാര്‍മികബോധത്തെ നിരാകരിക്കുന്ന ആക്രമണോത്സുകതയാണു പുതിയകാല നായകസങ്കല്പം. നായികയാകട്ടെ, പാരമ്പര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ നിന്നു പുറത്തുവരാന്‍ വെമ്പല്‍ കാട്ടുന്നു. ലഹരിയും ലൈംഗികതയും അവള്‍ക്ക് അന്യമല്ല. 'മദര്‍ ഇന്ത്യ'യില്‍ നര്‍ഗീ സ് അവതരിപ്പിച്ച രാധപോലെയുളള കഥാപാത്രങ്ങള്‍ വിസ്മൃതിയിലായിക്കഴിഞ്ഞു.

മലയാള സിനിമയ്ക്ക് അന്യമെന്നു കരുതുന്ന പല നേട്ടങ്ങളും സ്വന്തമാക്കി ദേശാന്തരത്തോളം സഞ്ചരിക്കുന്ന ഒരു കാലഘട്ടം മലയാളസിനിമയ്ക്കുണ്ടായിരുന്നു. സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്‍റെ അഗ്നിയുള്‍ക്കൊണ്ട പ്രതിപാദനങ്ങള്‍, 'നീലക്കുയില്‍' മുതലുള്ള മലയാള സിനിമയില്‍ ദൃശ്യമായിരുന്നു. 'സ്വയംവരത്തി'നു തൊട്ടുമുമ്പുവരെയുള്ള കാലഘട്ടത്തില്‍ നല്ല സാഹിത്യവും നല്ല നാടകവും സിനിമയ്ക്ക് ആത്മാവേകി. 'ഓളവും തീരത്തി'ലൂടെ പക്വത പ്രാപിച്ച മൂന്നാം ഘട്ടം മുതല്‍ മലയാള സിനിമ പുതിയൊരു ദിശാബോധം കൈവരിക്കുകയായിരുന്നു. 1970-ല്‍ പി.എന്‍. മേനോന്‍ ഈ ചലച്ചിത്രത്തിലൂടെ ചലച്ചിത്ര സ്വഭാവമെന്തെന്നു മലയാളിക്കു മനസ്സിലാക്കി.

സ്വയംവരം, കൊടിയേറ്റം, നിര്‍മാല്യം, കാഞ്ചനസീത, ഉത്തരായനം, പെരുവഴിയമ്പലം, ഓപ്പോള്‍, പിറവി, വിധേയന്‍, മതിലുകള്‍, വാനപ്രസ്ഥം, പൊന്തന്‍മാട, ഭരതം, യവനിക, ഡാനി തുടങ്ങി ഓര്‍മയില്‍ തങ്ങിനില്ക്കുന്ന മലയാള ചലച്ചിത്രങ്ങള്‍ പിന്നീടുണ്ടായി. ഇപ്പോള്‍ യുവത്വത്തിന്‍റെ കലയായി സിനിമ മാറുമ്പോള്‍ പ്രതീക്ഷ ഏറെയാണ്. ചോര കിനിയുന്ന, ലഹരി പൂക്കുന്ന ഇടമായി നമ്മുടെ സിനിമ മാറരുത്. വാഴുന്നവരെ വാഴ്ത്തുകയും വീഴുന്നവരെ ഇകഴ്ത്തുകയും ചെയ്യുന്നതാണു സിനിമാസംസ്കാരം. മലയാള സിനിമയ്ക്കു പുത്തന്‍ ദിശാബോധം നല്കാന്‍ പ്രാപ്തിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഹിറ്റുകളൊരുക്കുന്ന യുവത്വത്തില്‍നിന്ന് ഇന്നിന്‍റെ യുവത്വം കൂടുതല്‍ പ്രതീക്ഷിക്കുന്നു. കുടിയും അടിയും മാത്രമല്ലല്ലോ ജീവിതം. സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നില്‍ നില്ക്കുമ്പോഴും സമൂഹം കൂടുതല്‍ മലീമസമാകുകയാണ്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം രോഗാവസ്ഥയെ മൂര്‍ച്ഛിപ്പിക്കുന്നു. ഇവിടെ നവസിനിമക്കാര്‍ ഒരു യഥാര്‍ത്ഥ ഭിഷഗ്വരനാകേണ്ടതുണ്ട്. രോഗം വന്നിട്ടു ചികിത്സിച്ചിട്ടു കാര്യമില്ലല്ലോ. രോഗിയാകുന്നതിനുമുമ്പുളള ബോധവത്കരണം. ഹിറ്റ്മേക്കേഴ്സില്‍നിന്നു യുവത്വം പ്രതീക്ഷിക്കുന്നത് അത്രമാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org