ക്രൈസ്തവൈക്യം അനിവാര്യം

ക്രൈസ്തവൈക്യം അനിവാര്യം
  • ജനുവരി 21 ക്രൈസ്തവ ഐക്യ ഞായര്‍

റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി
സെക്രട്ടറി, കെസിബിസി കമ്മീഷന്‍ ഫോര്‍ ഡയലോഗ് ആന്‍റ് എക്യുമെനിസം

"ലോകാ സമസ്താ സുഖിനോ ഭവന്തു" (എല്ലായിടത്തും എല്ലാ ജീവജാലങ്ങള്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ) എന്ന ശാന്തിമന്ത്രത്തിന്‍റെ ഉടമകളാണു ഭാരതീയരായ നമ്മള്‍. ഇതൊരു ആശയമാണ്, സ്വപ്നമാണ്, പ്രാര്‍ത്ഥനയാണ്. ഈ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു ചെറുഗണമാണു ഭാരതീയ ക്രൈസ്തവര്‍. കാലം മാറി… ആശകള്‍ മാറുന്നു… സ്വപ്നങ്ങള്‍ മാറുന്നു… പ്രാര്‍ത്ഥനകള്‍ നിലയ്ക്കുന്നു. ലോകത്തില്‍ സര്‍വ ജീവിജാലങ്ങള്‍ക്കും എന്തും സംഭവിക്കട്ടെ, എനിക്ക് എല്ലാം ശുഭമായിരുന്നാല്‍ മതി എന്ന മന്ത്രമാണ് എവിടെയും. സഹോദരനെ സഹജീവിയായും സഹജീവിയെ അന്യനായും അന്യനെ നരകമായും കാണാന്‍ തുടങ്ങി. മിത്രങ്ങളുടെ സംഖ്യ കുത്തനെ താഴ്ന്നു… ശത്രുക്കള്‍ കൂടി. ലോകത്തിന്‍റെ ഈ അവസ്ഥയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഭാരതത്തിന്‍റെ അവസ്ഥയും. യേശുവിന്‍റെ ചെറിയ അജഗണമായ ഭാരതക്രൈസ്തവരുടെ ദൗത്യം ആരംഭിക്കേണ്ടത് ഇവിടെയാണ്. ശത്രുവിനെ മിത്രമായി കാണാനും സഹജീവിയെ സഹോദരനായി കാണാനും പഠിപ്പിക്കുക. ജീവിക്കുന്നതാണു പഠിപ്പിക്കേണ്ടത്; അതാണു സാക്ഷ്യം. ക്രൈസ്തവസാഹോദര്യവും ക്രൈസ്തവ ഐക്യവും എക്കാലത്തേക്കാള്‍ ലോകത്തിന് ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണു നമ്മള്‍ കടന്നുപോകുന്നത്. ആയതിനാല്‍ ക്രൈസ്തവൈക്യം അനിവാര്യംതന്നെ.

ഇന്നത്തെ ഭാരതം: "തുലനം നഷ്ടപ്പെടുന്ന തുലാസുകള്‍" എന്ന പുസ്തകത്തിന്‍റെ കവര്‍ പേജില്‍ ഗ്രന്ഥകര്‍ത്താവായ മാര്‍ഷല്‍ ഫ്രാങ്ക് ഇന്നത്തെ ഭാരതത്തിന്‍റെ അവസ്ഥയെ വരച്ചുകാട്ടുന്നതിങ്ങനെയാണ്: വര്‍ഗീയത, അഴിമതി, സ്വജനപക്ഷപാതം, ചരിത്രതമസ്കരണം, മനുഷ്യാവകാശധ്വംസനം, വിലക്കയറ്റം, ഫാസിസം, മീഡിയ ആക്ടിവിസം എന്നിവ നീരാളിയെപ്പോലെ ഭാരതത്തെ പിടിമുറുക്കിക്കഴിഞ്ഞു. ഞങ്ങള്‍ രക്ഷിക്കാം എന്ന വാഗ്ദാനവുമാ യി ഇറങ്ങിപ്പുറപ്പെടുന്നവരൊക്കെ എരിതീയില്‍ എണ്ണയൊഴിക്കുന്നവരായി മാറുകയാണ്.

സ്നേഹം, കരുണ, സഹിഷ്ണുത, അഹിംസ എന്നിവ കൂടാതെ നാനാത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. മഹാത്മാവായ ഗാന്ധിജി ഈ മൂല്യങ്ങളോടുള്ള രക്ഷാപ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടു. കല്‍ക്കട്ടയിലെ മദര്‍ തെരേസ ഈ മൂല്യങ്ങളുടെ അവതാരമായി മാറി. രണ്ടുപേര്‍ക്കും മാതൃക യേശുവിന്‍റെ ജീവിതവും വചസ്സുകളുമായിരുന്നു ഗാന്ധിജിയെയും മദര്‍ തെരേസയെയും തള്ളിപ്പറയുന്നവര്‍ സ്നേഹസംസ്കാരത്തെ എതിര്‍ക്കുകയും വിദ്വേഷസംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജാതി-മത-വര്‍ണ-ദേശ-ഭാഷാ വിവേചനമില്ലാതെ നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വത്തില്‍ വിശ്വസിക്കുകയും സഹജീവികളോടു ഹൃദയപൂര്‍വം സഹവര്‍ത്തിക്കുകയും ചെയ്യുന്ന ഭാരതീയരെയാണ് ഇന്നു നമുക്കാവശ്യം, ലോകത്തിനുമാവശ്യം. ലോകം ഇന്നും ആദ്ധ്യാത്മികതയ്ക്കായി ഉറ്റുനോക്കുന്ന ഒരു ഇടമാണു ഭാരതം. ഭാരതം ലോകത്തെ ചതിക്കരുത്!

ഇന്നത്തെ ഭാരതസഭ: സഭാചരിത്രത്തിലെല്ലാം വിഭജനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും കുടിയേറാന്‍ സാധിച്ച ഒരു സഭാ സമൂഹമാണു ഭാരതസഭ. മൂന്നു റീത്തുകളടങ്ങിയ കത്തോലിക്കാസഭയോടൊപ്പം പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങളുള്ള മറ്റനവധി സഭകളും ഒട്ടനവധി പെന്തക്കോസ്തുസഭകളും ഭാരതത്തിലുണ്ട്. ചരിത്രപരമായ ഭിന്നതകളും ദൈവശാസ്ത്രപരമായ വിയോജിപ്പുകളും സഭകള്‍ തമ്മിലുള്ള സൗഹൃദത്തെ എക്കാലവും തളര്‍ത്തിയിട്ടുണ്ട്. അങ്ങനെ ക്രിസ്തുവിന്‍റെ സുവിശേഷത്തിന് എതിര്‍സാക്ഷികളായിട്ടുമുണ്ട്. സഭകള്‍ തമ്മിലുള്ള വ്യത്യാസങ്ങളേക്കാള്‍ സഭകളെ ഐക്യപ്പെടുത്തുന്നവയ്ക്കു ഊന്നല്‍ നല്കി നമ്മള്‍ മുന്നേറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ലോകമെമ്പാടുമുളള ക്രൈസ്തവരുടെ ഐക്യത്തിനായി അഹോരാത്രം ശുശ്രൂഷ ചെയ്യുന്ന പിതാവാണു ഫ്രാന്‍സിസ് പാപ്പ. പിതാവിന്‍റെ വാക്കുകളില്‍ 'ഐക്യം എന്നു പറയുന്നതു മാനുഷിക പ്രയത്നങ്ങളുടെയോ സഭയുടെ നയതന്ത്രത്തിന്‍റെയോ ഫലമല്ല; അത് ഉന്നതങ്ങളില്‍ നിന്നു ലഭിക്കുന്ന ദാനമാണ്… ഐക്യം (unity) എന്നതു സാരൂപ്യം (uniformity) അല്ല… അവശോഷണവും (absorption) അല്ല." പാപ്പ നമ്മെ തുടര്‍ന്നു പഠിപ്പിക്കുന്നു, "യഥാര്‍ത്ഥ സഭാക്യൈം (ecumenism) സംഭവിക്കുന്നതു നമ്മള്‍ നമ്മില്‍ നിന്ന് ശ്രദ്ധ തിരിച്ച്, അതായതു നമ്മുടെ വാദപ്രതി വാദങ്ങളില്‍നിന്നും രൂപവത്കരണങ്ങളില്‍ നിന്നും ദൈവവചനത്തിലേക്കു തിരിഞ്ഞ്, വചനം ശ്രവിച്ച്, സ്വീകരിച്ച് ലോകത്തില്‍ വചനത്തിന്‍റെ സാക്ഷികളാകുമ്പോഴാണ്."

പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന ഐക്യത്തിന്‍റെ പാതയില്‍ നിന്ന് ഭാരതസഭ ബഹുദൂരത്താണ്. വചനമോ ക്രിസ്തുവോ അല്ല സഭാജീവിതത്തിന്‍റെ കേന്ദ്രബിന്ദു. ചരിത്രം, പാരമ്പര്യം, ആരാധനക്രമം, അധികാരം, പണം എന്നിവയ്ക്ക് അമിതപ്രാധാന്യം നല്കി ക്രിസ്തുവിനെയും സുവിശേഷത്തെയും തമസ്ക്കരിക്കാന്‍ ഇടയായ് എന്നത് ഒരു നഗ്നസത്യം തന്നെ. ജാതി-വര്‍ഗ്ഗ-ദേശ-ഭാഷ എന്നീ ഘടകങ്ങളും ഭാരതസഭയില്‍ അനൈക്യത്തിനു കാരണമായിട്ടുണ്ട്.

ഐക്യത്തിനായി പരിശ്രമിക്കാം: "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം" എന്ന സ്വര്‍ഗ്ഗീയഗീതം ഹൃദയത്തിന്‍റെ കര്‍ണ്ണപുടങ്ങളില്‍ ശ്രവിക്കാം. സമാധാനം, ഐക്യം, സ്നേഹം എന്നിവ ആശിക്കുന്ന സന്മാനസികളാകാം. റോമില്‍ പരിശുദ്ധ പിതാവും സഹപ്രവര്‍ത്തകരും എല്ലാ സഭാ വിഭാഗങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. മോസ് ക്കോയിലെ പാത്രിയാര്‍ക്ക് കിറിലുമായും എക്യുമെനിക്കല്‍ പാത്രിയാര്‍ക്ക് ബര്‍ത്തലോമിയോ ഒന്നാമനുമായും, എത്യോപ്യന്‍ സഭയുടെ പാത്രിയാര്‍ക്ക് മത്തിയാസ്, അസീറിയന്‍ പാത്രിയാര്‍ക്ക് മാര്‍ ഗീവര്‍ഗിസ്, കാന്‍റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി എന്നിവരുമായും അടുത്തബന്ധം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. കേരളത്തില്‍ കത്തോലിക്കാ സഭ മലങ്കര (യാക്കോബ) സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുമായും എല്ലാ വര്‍ഷവും കോട്ടയത്തു സംവാദങ്ങള്‍ വിജയകരമായി നടത്തുകയും കൂടുതല്‍ പ്രാവര്‍ത്തികമായ ആത്മീയ സഹകരണത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സഭൈക്യപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേരളം ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. കേരള സഭയുടെ ശക്തിയും സാധ്യതകളും തുലനം ചെയ്യുമ്പോള്‍ സാധ്യതകളെ ഇനിയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താതെ ക്രൈസ്തവൈക്യത്തി ന്‍റെ ആവശ്യകതയെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കാതെ മുന്നോട്ടുപോകുന്ന ഒരു സഭാ സമൂഹമായി നിലകൊള്ളുന്നതു ഖേദകരം തന്നെ. സഭാനേതൃത്വവും വൈദികരും സന്യസ്തരും ക്രൈസ്തവ ഐക്യത്തിന്‍റെ അനിവാര്യതയെ ഗ്രഹിച്ച് സാധിക്കുന്ന വിധത്തിലെല്ലാം വിശ്വാസികളുടെ ഒരുമയ്ക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഐക്യത്തിനായി പ്രാര്‍ത്ഥിക്കാം: "അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ. 17:21). അന്ത്യഅത്താഴത്തിനു ശേഷമുള്ള യേശുവിന്‍റെ ഈ പ്രാര്‍ത്ഥന യേശുവിന്‍റെ അന്നും ഇന്നുമുള്ള ആഗ്രഹം പ്രകടമാക്കുന്നു: ഐക്യം. യേശുവിന്‍റെ വാക്കുകളില്‍ വ്യക്തതയും കൃത്യതയുമുണ്ട്.

1) ലക്ഷ്യം : എല്ലാവരും ഒന്നാകുക/ഐക്യം.
2) വിധം : പിതാവിനെയും പുത്രനെയും പോലെ ആത്മീയ ഐക്യം.
3) മാര്‍ഗ്ഗം : പിതാവിലും പുത്രനിലും ആയിരിക്കുക.
4) ഫലം : യേശു ദൈവമാണെന്ന് ലോകം അറിയും.

യേശുവിന്‍റെ ഈ പ്രാര്‍ത്ഥനയില്‍നിന്നു തന്നെ അനൈക്യത്തിന്‍റെയും അസാമാധാനത്തിന്‍റെയും കാരണവും പരിണിതഫലവും വ്യക്തം:
1) കാരണം : പിതാവിലും പുത്രനിലും ആയിരിക്കുന്നില്ല.
2) ഫലം : ലോകം യേശു ദൈവമാണെന്ന് അംഗീകരിക്കില്ല.

ക്രൈസ്തവര്‍ പിതാവിലും പുത്രനിലും വസിക്കാതെ ജീവിക്കുമ്പോള്‍, ദൈവത്തിന് ഒന്നാം സ്ഥാനം നല്കാതെ പോകുമ്പോള്‍, ആത്മീയമായി തകരുമ്പോള്‍, സഭയില്‍ ഭിന്നതകള്‍ ഉടലെടുക്കുന്നു. ആയതിനാല്‍ നമുക്കു സഭയുടെ ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുകയും ഐക്യത്തെ ദാനമായി നല്കുന്ന പിതാവിനോടു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ജനുവരി 21-ന് "ക്രൈസ്തവ ഐക്യഞായര്‍" ആണ്. എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കും. അതോടൊപ്പം ജനുവരിയില്‍ത്തന്നെ "ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരവും" ആഘോഷിക്കുന്നു. 1968-ലാണ് ഇങ്ങനെയൊരു പ്രാര്‍ത്ഥനാവാരം ആരംഭിച്ചത്. ഈ വര്‍ഷം പ്രാര്‍ത്ഥനാവാരത്തിന്‍റെ ജൂബിലികൂടിയാണ്. പ്രാര്‍ത്ഥനാവാരത്തിനാവശ്യമായ വചനഭാഗങ്ങളും പ്രാര്‍ത്ഥനകളും കെസിബിസി കമ്മീഷന്‍ ഫോര്‍ എക്യുമെനിസം തയ്യാറാക്കി രൂപതാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഏതെങ്കിലും ഇടവകള്‍ക്കോ സന്ന്യാസഭവനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ ഇതിന്‍റെ സോഫ്റ്റ് കോപ്പി ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ ഇ-മെയില്‍ 8086369454 എന്ന നമ്പരിലേക്ക് അയച്ചുതരിക, നിങ്ങള്‍ക്ക് ഉടന്‍ തന്നെ ലഭ്യമാക്കാം.

നമുക്കു പൂര്‍ണ്ണഹൃദയത്തോടെ ഈ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കെടുക്കാം. നമ്മുടെ ഹൃദയങ്ങള്‍ കൂടുതല്‍ പിതാവിലും പുത്രനിലും ആയിരിക്കുവാനും പരിശുദ്ധാത്മാവ് പെന്തക്കുസ്താ ദിനത്തില്‍ എന്നപോലെ നമ്മുടെ കൂ ട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും ഇടയാകട്ടെ. നമുക്ക് ഒന്നാകാം… യേശുവില്‍ ഒന്നാകാം… നമുക്കു സാക്ഷികളാകാം… യേശുവിന്‍ സാക്ഷികളാകാം…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org