Latest News
|^| Home -> Cover story -> നവമാധ്യമ യുഗത്തിലെ ക്രിസ്തീയ പ്രസാധകരുടെ സംവേദനം, നയം, നിലപാട്

നവമാധ്യമ യുഗത്തിലെ ക്രിസ്തീയ പ്രസാധകരുടെ സംവേദനം, നയം, നിലപാട്

Sathyadeepam

ഡോ. ബിനോയ് പിച്ചളങ്ങാട്ട് എസ് ജെ

കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കാനുള്ള സുതാര്യതയും പ്രവാചകധൈര്യവും നമുക്കുണ്ടാകണം. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രസിദ്ധീകരണം, എഴുത്ത്, സാഹിത്യം ഇതെല്ലാം സുവിശേഷത്തിനുള്ള ഉപാധിയാണ്. സഭയുടെ ചരിത്രവും നമ്മെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. ഓരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള ഉപാധികളെ, രീതിശാസ്ത്ര സംവേദനങ്ങളെ നമ്മള്‍ പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട്. നാം ഏതു വിഷയവും ചര്‍ച്ച ചെയ്യുമ്പോഴും അടിസ്ഥാനപരമായി നോക്കേണ്ടത് എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതാണ്. നമ്മള്‍ അനുവര്‍ത്തിക്കുന്ന രീതിശാസ്ത്രം എന്താണ്? ഗാഡ്മറെപ്പോലുള്ള ചിന്തകരും ഷൂമാക്കറെപ്പോലുള്ള തത്വശാസ്ത്രജ്ഞരുമൊക്കെ ഫ്യൂ ഷന്‍ ഓഫ് ഹൊറൈസന്‍സ് എന്ന ചക്രവാളങ്ങളുടെ കണ്ടുമുട്ടലുകളെക്കുറിച്ച് പറയാറുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട സുവിശേഷത്തെ ഇന്നത്തെ ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന രീതിശാസ്ത്രം – അത് ഒരു ക്രൈസ്തവന്‍റെ പത്രധര്‍മ്മത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മെത്തഡോളജിയാണെന്ന് ഞാന്‍ വിശ്വസിക്കുകയാണ്.

ക്രിസ്തീയ പ്രസാധകര്‍ക്കിടയില്‍ ഇന്നു പ്രധാനമായും രണ്ടു തരത്തിലുള്ള പ്രസിദ്ധീകരണങ്ങളാണുള്ളത്. 1) ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവ 2) ക്രൈസ്തവേതര സമൂഹങ്ങളെ സംബോധന ചെയ്യുന്നവ. നമ്മുടെ ഇന്നത്തെ പ്രസിദ്ധീകരണങ്ങളെ പരിശോധിച്ചാല്‍ അവയെ നാലായി തരം തിരിക്കാമെന്നു തോന്നുന്നു.

1) ഇന്‍സ്ട്രക്റ്റീവ് – ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നവ. 2) ഡിഫന്‍സീവ് – ന്യായീകരണങ്ങള്‍ നിരത്തുന്നവ 3) ഒഫന്‍സീവ് – ഞാന്‍ മാത്രം ശരി, മറ്റുള്ളത് തെറ്റ് എന്ന സമീപനം സ്വീകരിക്കുന്നവ 4) ഡയലോജിക്കല്‍ – എല്ലാത്തിനും ആനുപാതികമായ ഊന്നല്‍ നല്‍കി സംവാദാത്മകമാകുന്നവ. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളാണ് എനിക്ക് പ്രചോദനാത്മകമായി തോന്നുന്നത് “മതിലുകള്‍ കെട്ടാതെ പാലങ്ങള്‍ പണിയുന്നവരാകുക”. ഇന്നത്തെ കാലഘട്ടത്തില്‍ ഇതു വളരെ പ്ര ധാനമാണ്. സംഭാഷണത്തിന്‍റെയും സംവേദനത്തിന്‍റെയും ഒരു സംസ്ക്കാരം ഉണ്ടാകണം. അത്തരത്തിലുള്ള വിട്ടുകൊടുക്കലുകളും ഉടച്ചുവാര്‍ക്കലുകളും നമ്മുടെ മനോഭാവത്തില്‍ വന്നു ചേരണം.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ ശക്തിയെന്ത്, പരിമിതി എന്ത് എന്നു ആലോചിക്കേണ്ടതുണ്ട്. ക്രൈസ്തവ പ്രസിദ്ധീകരണമായതുകൊണ്ടുതന്നെ അതു നമ്മുടെ മുഖപത്രമാണ്. ജിഹ്വ എന്നു പറയുന്നപോലെ, നമ്മുടെ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള വേദിയാണ്. പ്രസിദ്ധീകരണത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാന്‍ അധികം പറയേണ്ട കാര്യമില്ല. കാരണം, എഴുത്തിനു ശക്തിയുള്ളതു കൊണ്ടാണല്ലോ എഴുതിക്കൊണ്ടിരിക്കുന്നത്, പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പരിമിതി നാം പരിഗണിക്കേണ്ടതായിട്ടുണ്ട്. അതില്‍ ആദ്യം, ക്രൈസ്തവ പ്രസിദ്ധീകരണം എന്നു പറയുമ്പോഴുള്ള ലേബലിംഗ് ആണ്. ആ ലേബലിങ്ങിലൂടെ ഇതു വായിക്കു ന്നവര്‍ ക്രൈസ്തവര്‍ മാത്രമാകുന്നില്ലേ എന്നു സംശയിക്കും. എന്നാല്‍ ചില പ്രസിദ്ധീകരണങ്ങള്‍ അങ്ങനെയല്ല, മറ്റുവിഭാഗക്കാരും വായിക്കുന്നവയാണ്. സെക്കുലര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം ദൈവശാസ്ത്രജ്ഞന്മാര്‍ നമുക്കുണ്ട്. പക്ഷെ സെക്കുലര്‍ പരിപ്രേഷ്യത്തില്‍ നിന്നു വസ്തുതകളെ വിശകലം ചെയ്യുന്ന എഴുത്തുകാര്‍ നമുക്കു കുറവാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ അവര്‍ എത്രത്തോളം പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നുള്ളതും ചിന്തിക്കേണ്ടതാണ്.

ചരിത്രം പരിശോധിച്ചാല്‍ സാഹിത്യത്തെ, എഴുത്തിനെ സുവിശേഷവത്കരണത്തിന്‍റെ ഉപകരണമായി കാണുന്ന ഒരു മഹനീയമായ പാരമ്പര്യം നമുക്കുണ്ട്. പല സഭാ വിഭാഗങ്ങളിലും, കത്തോലിക്കാസഭയിലും അതുണ്ട്. എന്നാല്‍ സഭയ്ക്കുള്ളില്‍നിന്നു കൊണ്ടു മാത്രമല്ലാതെ അല്‍പം മാറി ചിന്തിക്കുന്ന ക്രൈസ്തവ എഴുത്തുകാരുണ്ട്. അവരുടെ അനുഭവങ്ങള്‍ അത്ര മനോഹരമല്ല. ക്രൈസ്തവമൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് ക്രൈസ്തവേതര വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന്‍റെ പേരില്‍ അവരെ ഉള്‍ക്കൊള്ളാനാകാതെ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥയുണ്ട്. പൊന്‍കുന്നം വര്‍ക്കി, എംപി പോള്‍, മുണ്ടശ്ശേരി മാസ്റ്റര്‍ പോലുള്ള എഴുത്തുകാര്‍ ഒന്നുകില്‍ നമ്മുടെ ഫ്രെയിമിനുള്ളില്‍ നിന്നില്ല അഥവാ അവരെ ഉള്‍ക്കൊള്ളാന്‍ നമുക്കായില്ല. അതു ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അവര്‍ പുറത്തുവന്ന് അവര്‍ക്ക് അനുഗുണമായിട്ടുള്ള കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്ന പക്ഷങ്ങളോടു ചേരുകയും അവയുടെ വക്താക്കളായി മാറുകയും ചെയ്തു. അതേസമയം, ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന് ക്രൈസ്തവ സാഹിത്യത്തിനു സെക്കുലറായുള്ള മതനിരപേക്ഷതയുടെ അടയാളപ്പെടുത്തലുകള്‍ നടത്തിയ മേരി ബനീഞ്ഞയെപ്പോലുള്ള സാഹിത്യകാരികളുമുണ്ട്. അപ്പോള്‍ എവിടെയാണ് അടിസ്ഥാനപരമായ പ്രശ്നം എന്നതു നാം ചോദിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവ ബോധമണ്ഡലത്തെ സംബോധന ചെയ്യുന്നുണ്ടെന്നു ഞാന്‍ സൂചിപ്പിച്ചു. രണ്ടാമത് പൊതുബോധമണ്ഡലത്തെ അഭിസംബോധന ചെയ്യുന്ന കാര്യമാണ്. ഇതു രണ്ടിനെയും വേര്‍തിരിച്ചു കാണിക്കാന്‍ പറ്റുമോ എന്നു നാം ചിന്തിക്കണം. ക്രിസ്ത്യന്‍ ബോധ മണ്ഡലം അല്ലെങ്കില്‍ പൊതു ബോധമണ്ഡലം എന്നതില്‍ അധികം വേര്‍തിരിവുകളില്ല. സഭയുടെ ഉള്ളിലെ പ്രശ്നം സഭയ്ക്കു മാത്രം കൈകാര്യം ചെയ്യുന്ന പ്രശ്നമായി ഇന്നു മാറിയിട്ടില്ല. അതു പുറത്തേക്കു പോകുകയാണ്. ഇതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഇന്നു നാം ചര്‍ച്ച ചെയ്യേണ്ട പ്രശ്നങ്ങള്‍ പൊതുബോധമണ്ഡലത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. അവിടെ ക്രിസ്ത്യന്‍ ബോധമണ്ഡലം, പൊതുബോധമണ്ഡലം എന്നുള്ള വേര്‍തിരിവുകള്‍ ഇല്ല. ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവനെ മാത്രം സംബോധന ചെയ്യുന്നതാണ് എന്നു കരുതുന്ന രീതിശാസ്ത്രമാണ് നമ്മുടേതെങ്കില്‍ പൊതുബോധ മണ്ഡലത്തിന്‍റെ പരിപ്രേഷ്യത്തിന്‍റെ വിശാല മണ്ഡലത്തില്‍ നാം നമ്മെ പ്രതിഷ്ഠിക്കേണ്ടതായി വരും.

പൊതുബോധമണ്ഡലത്തില്‍ നമുക്കെങ്ങനെ വ്യാപരിക്കാനാകും എന്നതാണു നാം പ്രധാനമായും ചിന്തിക്കേണ്ടത്. ഇവിടെ നമുക്കു ചില മാതൃകകളെ നോക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പേ നമുക്ക് ഇക്കാര്യത്തില്‍ മാതൃകകളുണ്ട്. ഏറ്റവും നല്ല മാതൃകയായി ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, സഭയുടെ സമൂഹിക പ്രബോധനങ്ങളാണ് (social teachings of Catholic Church) നമ്മുടെ നയവും നമ്മുടെ നിലപാടും അടിവരയിട്ടു പറയട്ടെ ക്രിസ്തു കേന്ദ്രീകൃതമാകണം, സുവിശേഷാധിഷ്ഠിതമാകണം. അതില്‍ യാതൊരു മായവും പാടില്ല. കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കേണ്ടത് എങ്ങനെയെന്നു നമുക്കു കാണിച്ചു തന്ന നല്ല ചാക്രിക ലേഖനങ്ങളും മറ്റും നമുക്കുമുന്നിലുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന റേരും നൊവാരും. അതു കത്തോലിക്കരുടെ മാത്രം കാര്യമല്ല. അതേക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അതുപോലെ മനുഷ്യാന്തസ്സിനെ സംബന്ധിച്ച എഴുത്തുകള്‍, സഭയുടെ പ്രബോധനങ്ങള്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചില മാര്‍ഗ്ഗരേഖകള്‍ ഇതെല്ലാം സഭയുടെ ചരിത്ര പങ്കാളിത്തത്തില്‍ പൊതുവായ പരിവര്‍ത്തനമാണ് നല്‍കിയിരിക്കുന്നത്. സഭ ദൈവജനം എന്നു പറയുമ്പോള്‍ത്തന്നെ പൊതുബോധ മണ്ഡലത്തില്‍ തന്നെയാണ് ക്രിസ്ത്യന്‍ ബോധമണ്ഡലത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നോക്കുക, എത്രയോ മുമ്പേ ഇത്തരത്തിലുള്ള രീതിശാസ്ത്രങ്ങള്‍ കാണാനാകും. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ ദര്‍ശനത്തില്‍ നാം എടുക്കുന്നുണ്ട് എന്നു പരിചിന്തിക്കേണ്ടതാണ്.

ഞാന്‍ ആദ്യം പറഞ്ഞ ഡയലോജിക്കല്‍ സമീപനത്തിന്‍റെ സവിശേഷതയായി ഞാന്‍ കാണുന്നത്, ക്രിയാത്മകമായ വിമര്‍ശനമാണ്. അത്, അകത്തും പുറത്തുമുള്ള ജീര്‍ണതകളെ പൊളിച്ചെഴുതാന്‍ കഴിയുക എന്നതാണ്. അകത്തും പുറത്തും ജീര്‍ണതകളുണ്ടെന്ന് വളരെ വിനയത്തോടെ നാം അംഗീകരിക്കണം. ഡിഫന്‍സീവും ഒഫന്‍സീവും ഡിസ്ട്രക്റ്റീവും വേണ്ട എന്നല്ല, ഇരട്ടസ്വഭാവമുള്ളതാകരുത് നമ്മുടെ ചിന്തകള്‍. ഇവിടെയാണ് തുറന്ന ചര്‍ച്ചയ്ക്കുള്ള വേദിയാക്കി നമ്മുടെ പ്രസിദ്ധീകരണങ്ങളെ നാം കൊണ്ടുവരേണ്ടത്. തുറന്ന ചര്‍ച്ചകള്‍ നടക്കട്ടെ. വിമര്‍ശനം പോലുള്ള ഒരു ശുദ്ധീകരണം നമ്മില്‍ നടക്കണം. അവഗണിക്കപ്പെട്ടവരുടെ ശബ്ദമാകണം, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ ഇവരൊക്കെ പരിഗണിക്കപ്പെടണം. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്കു നാം കടന്നുചെല്ലണം. രീതിശാസ്ത്രപരമായ വിശദീകരണങ്ങള്‍ അന്വേഷിച്ചാല്‍ മാത്രമേ സംവേദനങ്ങള്‍ കാര്യക്ഷമമാകുകയുള്ളൂ. സഭയിലെ ഒരു പ്രശ്നം ഇന്നു പൊതുപ്രശ്നമായി മാറാം. പൊതുപ്രശ്നത്തെ കൈകാര്യം ചെയ്യണമെങ്കില്‍ പൊതുമണ്ഡലത്തില്‍ നില്‍ക്കുന്ന പ്രബുദ്ധരായ, പ്രതിഭാധനരായ വ്യക്തികളുമായി സംവേദനം നടത്തണം.

സംഭാഷണത്തിന്‍റെ സംസ്ക്കാരം സഭയില്‍ വരട്ടെ. ദ്വന്ദ (binary) ചിന്ത എന്ന പരിമിതികളെ മാറ്റി സമഗ്രമായ ചിന്തകള്‍ നമ്മുടെ കാഴ്ചപ്പാടില്‍ വരണം. അപ്പോള്‍ മാത്രമേ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം നമ്മുടെ ഇടയില്‍നിന്നു വരൂ. അതുണ്ടാകണമെങ്കില്‍ നാം അവരെ കേള്‍ക്കണം. പൊതുബോധത്തെയും സെക്കുലര്‍ ബോധത്തെയും കേള്‍ക്കുക എന്നതു വളരെ പ്രധാനപ്പെട്ടതാണ്. ക്രൈസ്തവാബോധം പൊതുബോധത്തിന്‍റെ വിശാല വിഷയങ്ങളുമായി ചേര്‍ന്നു പോകണം. അത്തരം വിഷയങ്ങളെ അവതരിപ്പിക്കാനായി ചില പരുവപ്പെടുത്തലുകളും ഉടച്ചുവാര്‍ക്കലുകളും മാധ്യമരംഗത്തു നാം നടത്തേണ്ടതുണ്ട്.

(കെസിബിസിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച കത്തോലിക്കാ എഡിറ്റര്‍മാരുടെയും പ്രസാധകരുടെയും സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Comments

One thought on “നവമാധ്യമ യുഗത്തിലെ ക്രിസ്തീയ പ്രസാധകരുടെ സംവേദനം, നയം, നിലപാട്”

  1. Mathew Zacharias says:

    സഭയുടെ ഇന്നത്തെ ഏറ്റവും വലിയ കുഴപ്പം അത്മായരുടെ ശബ്ദം കേള്‍ക്കാന്‍ ആരും സഭയിലില്ല എന്നതാണ്. കുടുംബക്കൂട്ടായ്മമകളും പളളി സംഘടനകളും അതിനുളള വേദിയാകേണ്ടതാണ്. അച്ചനു വേണ്ടപ്പെട്ട രണ്ടു പേര്‍ എന്തെങ്കിലും പറയുന്നു. എന്നാപ്പിന്നെ നമ്മളത് കെെയടിച്ചു പാസ്സാക്കുകയല്ലേ എന്ന് അച്ചന്‍ ചോദിക്കുന്നു. കഴിഞ്ഞു.

    ഇതൊരുതരം സ്വേച്ഛാധിപത്യമാണ് മോഡിയും പിണറായിയും ചെയ്യുന്നതുപോലെ സഭാധികാരികളും ചെയ്യുന്നു. അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സഭാധികാരികള്‍ ഭയപ്പെടുന്നു. സ്വന്തം അഭിപ്രായം പറയാനാകാതെ വീര്‍പ്പുമുട്ടുന്ന അത്മായര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നു. അവിടെ അവര്‍ എതിര്‍ ഗ്രൂപ്പുകളാല്‍ ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതയുണ്ട്. സഭയില്‍ അഭിപ്രായപ്രകടനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുളള സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇൗ പ്രശ്നം വരില്ല.

    ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നു പറയുന്ന കേസില്‍ സഭ പല സര്‍ക്കുലറുകളിലൂടെയും കന്യാസ്ത്രീകള്‍ ചെയ്തതു ശരിയല്ലെന്നു പറയുന്നു. പക്ഷേ തങ്ങള്‍ക്കോ തങ്ങളില്‍ ചിലര്‍ക്കോ തെറ്റു പറ്റി എന്നു പറയാനുളള ആര്‍ജ്ജവം വെെദികര്‍ കാണിക്കുന്നില്ല. അവരെല്ലാം സ്വയം നീതിമാനായി ചമയുകയാണ്. ഞങ്ങള്‍ക്കു തെറ്റു പറ്റിപ്പോയി. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചോളാം എന്നു സഭാധികാരികള്‍ പറഞ്ഞിരുന്നെങ്കില്‍ വിശ്വാസികള്‍ക്ക് ആശ്വാസമായേനെ.

Leave a Comment

*
*