Latest News
|^| Home -> Cover story -> ക്രൈസ്തവ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയും ചരിത്രവും

ക്രൈസ്തവ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയും ചരിത്രവും

Sathyadeepam

ഫാ. ആന്‍റണി നങ്ങേലിമാലില്‍

ഒമ്പതാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെ സുദീര്‍ഘമായ പാരമ്പര്യം ചുമര്‍ ചിത്രങ്ങളെ (മ്യൂറല്‍ പെയിന്‍റിംഗ്) സംബന്ധിച്ച് കേരളത്തിനുണ്ട്. ഇതില്‍ തന്നെ പതിനഞ്ച് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെയാണ് ഇത് സജീവമായി നിലനിന്നത്. ചുമര്‍ചിത്രങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലുമാണ്. കേരളത്തില്‍ നാല്പത്തിരണ്ടു പള്ളികളില്‍ മേല്‍ പ്രസ്താവിച്ച കാലഘട്ടത്തിലെ ചുമര്‍ചിത്രങ്ങള്‍ കാണാനാകും (അവലംബം: ജിപിന്‍ വര്‍ഗീസ്, കേരള ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ച്ചിത്രങ്ങളും അള്‍ത്താരച്ചിത്രങ്ങളും: ഒരു വിമര്‍ശനാത്മക പഠനം, 2010). ക്ഷേത്രശൈലിയിലുള്ള ചുമര്‍ചിത്രങ്ങള്‍ അമ്പലങ്ങളിലും കൊട്ടാരങ്ങളിലുമായി 28 ഇടങ്ങളില്‍ കാണാനാവും. (അവലംബം: A. Ramachandran, Painted Abode of Gods, 2005) എന്നാല്‍, കേരള ചുമര്‍ചിത്ര പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ക്രൈസ്തവ ദേവാലയ ചുമര്‍ചിത്രങ്ങള്‍ പൊതുവേ പരിഗണനയ്ക്ക് പുറത്താണ്; ക്ഷേത്രശൈലിയിലെ ചുമര്‍ചിത്രങ്ങളാണ് പരിഗണിക്കപ്പെടുന്നത്.

ദേവാലയ ചുമര്‍ചിത്രങ്ങള്‍ ഈ അടുത്ത നാളുകള്‍ വരെ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന തുടര്‍ച്ചയുള്ള ഒരു ശൈലിയോട് താരതമ്യപ്പെടുത്താനാവാത്ത വിധം വ്യത്യസ്തങ്ങളായ പല ശൈലികള്‍ ക്രൈസ്തവ ചുമര്‍ചിത്രങ്ങളില്‍ കാണപ്പെടുന്നു. പള്ളികളിലെ മദ്ബഹയുടെ മൂന്നു വശങ്ങളിലുള്ള ചുമരുകളിലും മദ്ബഹായ്ക്ക് താഴെ ഇരുവശങ്ങളിലും ഉപ അള്‍ത്താരകളോടു ചേര്‍ന്നുള്ള ചുമരുകളിലും ആണ് മുഖ്യമായും ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. വിശ്വാസിസമൂഹം നില്ക്കുന്ന ഹൈക്കലയുടെ ചുമരുകളിലും ചുരുക്കം ഇടങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ബൈബിളില്‍ നിന്നും സഭാപാരമ്പര്യങ്ങളില്‍ നിന്നും ഉള്ള പ്രമേയങ്ങള്‍ ആണ് ദേവാലയങ്ങളില്‍ ചിത്രീകരിച്ചിരുന്നത്. അലങ്കാരത്തിനോ ഭംഗിക്കോ വേണ്ടി മാത്രമല്ല ഇവ ആലേഖനം ചെയ്തിരുന്നത്. മദ്ബഹയില്‍ അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാനയ്ക്ക് ദൃശ്യപശ്ചാത്തലമാകുന്ന പാശ്ചാത്യ ശൈലിയിലുള്ള റത്താളുകളുടെയും (Retables) റിലീഫ് പാനലുകളുടെയും അനുകരണമാണ് ദേവാലയ ചുമര്‍ചിത്രങ്ങളില്‍ നാം ദര്‍ശിക്കുന്നത്. യഥാര്‍ത്ഥ റത്താളുകളും റിലീഫ് പാനലുകളും നിര്‍മ്മിക്കുന്നതിനു സാങ്കേതികവും സാമ്പത്തികവും ആയ പരിമിതികള്‍ ഉള്ളതു കൊണ്ടാവാം പല ദേവാലയങ്ങളിലും അവ ചുമര്‍ചിത്രങ്ങളായി ചിത്രീകരിച്ചത്.

ഒരേ കാലഘട്ടത്തില്‍, ഒരേ ഭൂപ്രദേശത്ത്, സമാന സാങ്കേതങ്ങളുപയോഗിച്ച് രചിക്കപ്പെട്ട സമ്പന്നമായ ചുമര്‍ചിത്ര ശേഖരവും പാരമ്പര്യവും ക്രൈസ്തവ ദേവാലയങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ക്ഷേത്ര ചുമര്‍ചിത്രങ്ങളുമായി അവ സങ്കലനപ്പെടുന്നതിനോ പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നതിനോ ഇടവന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് മിഷനറിമാരുടെ ആഗമനം വരെ തദ്ദേശീയമായ സാംസ്കാരികാചാരങ്ങളും ദൃശ്യചിഹ്നങ്ങളും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ സന്ദേഹമില്ലാതെ സ്വീകരിച്ചിരുന്നതായി ചരിത്രം സാക്ഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ചുമര്‍ചിത്രശൈലികളില്‍ കാണപ്പെടുന്ന ഈ അകലം അസാധാരണമായി തോന്നാം. അതിനുള്ള ഒരു കാരണം ട്രെന്‍റ് സൂനഹദോസിന്‍റെ നിര്‍ദ്ദേശങ്ങളാണ്. ക്രൈസ്തവര്‍ക്ക് വിശ്വാസത്തില്‍ ഇടര്‍ച്ചയുണ്ടാക്കാവുന്ന യാതൊന്നും ദേവാലയങ്ങളില്‍ പാടില്ലെന്ന് സൂനഹദോസ് നിഷ്ക്കര്‍ഷിച്ചിരുന്നു. ഉദയംപേരൂര്‍ സൂനഹദോസും ഇതേ നിലപാട് ആവര്‍ത്തിക്കുന്നുണ്ട്.

പ്രതലത്തിന്‍റെ ദ്വിമാന സ്വഭാവം കൈവിടാതെ, ത്രിമാന തലത്തെക്കുറിച്ച് സൂചനകള്‍ പോലും നല്കാതെ ബിംബങ്ങളെ ആദര്‍ശ രൂപങ്ങളില്‍ അവതരിപ്പിക്കുന്ന ശൈലിയാണ് കേരളത്തിലെ ക്ഷേത്ര ചുമര്‍ചിത്രങ്ങളുടെ പ്രത്യേകത. പ്രകൃതിയെ സാധ്യമാം വിധം അനുകരിച്ചു ത്രിമാനബോധം കാഴ്ചക്കാരില്‍ ഉളവാക്കുന്ന യൂറോപ്യന്‍ നാച്ചുറലിസത്തിന്‍റെ ദൃശ്യഭാഷ ക്ഷേത്ര ചുമര്‍ചിത്രങ്ങള്‍ക്കന്യമാണ്. എന്നാല്‍ പല ക്രൈസ്തവ ദേവാലയങ്ങളിലെയും ചുമര്‍ ചിത്രങ്ങളില്‍ ഈ പാശ്ചാത്യ ശൈലി സ്പഷ്ടമായി കാണാം. യൂറോപ്യന്‍ നാച്ചുറലിസത്തിന്‍റെ ദൃശ്യഭാഷ ഭാരതത്തില്‍ ആദ്യമായി അവതരിപ്പിച്ചത് വിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മ്മയാണെന്നാണ് കലാചരിത്രകാരന്മാര്‍ക്കിടയില്‍പോലും പരക്കെ കരുതപ്പെടുന്നത്. എന്നാല്‍ പുതുതായി പരിചയപ്പെട്ട ഈ ശൈലിയുടെ പൂര്‍ണ്ണത കൈവരിച്ചില്ലെങ്കിലും, രവിവര്‍മ്മ ചിത്രങ്ങളുടെ ജനകീയത ലഭിച്ചില്ലെങ്കിലും, യൂറോപ്യന്‍ നാച്ചുറലിസം ഭാരതത്തിലെത്തിയത് ക്രൈസ്തവ ദേവാലയങ്ങളുടെ ചുമരുകളിലൂടെയാണ് എന്നു നിസംശയം പറയാം.

തീര്‍ത്തും വ്യത്യസ്തമായ ഈ ചിത്രീകരണ ശൈലി വശമില്ലാതിരുന്നതിനാല്‍ തദ്ദേശീയ ചുമര്‍ ചിത്രകാരന്മാര്‍ പാശ്ചാത്യ മിഷനറിമാരുടെ പക്കലുണ്ടായിരുന്ന റത്താളിന്‍റെ രേഖാരൂപങ്ങളും മറ്റു പെയിന്‍റിങ്ങുകളും നോക്കി അനുകരിക്കുകയായിരുന്നു എന്ന് അനുമാനിക്കാം. ഈ അനുമാനത്തെ സാധൂകരിക്കുന്ന ഏക തെളിവ് ആരക്കുഴ പള്ളിയില്‍നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ യൂറോപ്പില്‍നിന്ന് മാര്‍ ജോസഫ് കരിയാറ്റില്‍ മെത്രാപ്പോലീത്ത കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്ന സ്ലീവാപ്പാതയുടെ, കടലാസില്‍ രചിച്ച പതിന്നാലു ജലച്ചായ ചിത്രങ്ങള്‍ ആരക്കുഴ പള്ളിവക മ്യൂസിയത്തില്‍ (അശാസ്ത്രീയമായ നിലയിലാണെങ്കിലും) സൂക്ഷിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റ് ശൈലിയില്‍ തഴക്കമുള്ള ഏതോ യൂറോപ്യന്‍ ചിത്രകാരന്‍റെ വൈഭവം അവയില്‍ ദൃശ്യമാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ പുനരുദ്ധരിക്കപ്പെടുകയോ നിര്‍മ്മിക്കപ്പെടുകയോ ചെയ്ത അങ്കമാലി സെ. മേരീസ് യാക്കോബായ പള്ളി, അകപ്പറമ്പ് യാക്കോബായ പള്ളി, ഒല്ലൂര്‍ പള്ളി എന്നിവിടങ്ങളിലെ ചില ചുമരുകളിലുള്ള ചിത്രങ്ങള്‍ക്ക് ആരക്കുഴ ജലച്ചായചിത്രങ്ങളുമായി ശൈലീപരമായും രൂപപരമായും ഉള്ള സാമ്യം വളരെ പ്രകടമാണ്. ഇതു വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ പലതും യൂറോപ്പില്‍ നിന്നും കൊണ്ടുവന്ന ചിത്രങ്ങളില്‍ നിന്നു പകര്‍ത്തിയതാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്.

യൂറോപ്പില്‍ നിന്നെന്ന വണ്ണം സിറിയന്‍ പാരമ്പര്യത്തില്‍നിന്നും ചിത്രങ്ങള്‍ കേരളത്തിലെത്തി എന്ന് അനുമാനിക്കാവുന്നതാണ്. പാശ്ചാത്യസിറിയന്‍ സഭയില്‍ ആറാം നൂറ്റാണ്ടില്‍ രൂപപ്പെട്ട റാബ്ബുള ഗോസ്പല്‍ ധാരാളം ചിത്രങ്ങളാല്‍ സമ്പന്നമാണ്. വിവിധ കാലങ്ങളില്‍ പൗരസ്ത്യപാശ്ചാത്യ സിറിയന്‍ സഭകളോടു സമ്പര്‍ക്കത്തിലായിരുന്ന കേരളത്തിലെ വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങളുടെ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങളെ അവിടെ നിന്നു കൊണ്ടു വന്ന അത്തരം സചിത്ര ഗ്രന്ഥങ്ങളിലെ ചിത്രങ്ങളും സ്വാധീനിച്ചിരിക്കാം. നിലവിലിരുന്ന ഏതെങ്കിലും ശൈലികളെ പിന്തുടരാത്ത ചില ചിത്രങ്ങളും ഉണ്ട്. അവ ബൈബിളിന്‍റെയും സഭാപാരമ്പര്യങ്ങളുടെയും മറ്റും വിവരണങ്ങള്‍ കേട്ട് ചിത്രകാരന്‍റെ ഭാവനയില്‍ നിന്നും വരഞ്ഞതാവാം.

ബൈബിള്‍-സഭാപാരമ്പര്യം ഇവ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ചെടികളും വള്ളികളും പൂക്കളും കായ്കളും പക്ഷികളും ചെറുജീവികളും മറ്റും പ്രതലത്തെ അലങ്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വരച്ചു ചേര്‍ത്തിട്ടുണ്ട്. തദ്ദേശീയ ചിത്രകലയുടെ സ്വാധീനം അവയില്‍ കുറച്ചൊക്കെ കടന്നുവന്നിട്ടുള്ളത് അവയില്‍ മാത്രമാണ്. അങ്കമാലി യാക്കോബായ പള്ളിയിലെ ‘നരക’ ചിത്രീകരണത്തില്‍ മാത്രമാണ് തദ്ദേശീയമായ ബിംബങ്ങള്‍ പ്രകടമായി സ്വീകരിച്ചിട്ടുള്ളത്.

മനോഹരവും അനുപമവും അര്‍ത്ഥസമ്പുഷ്ടവും ചരിത്രപ്രാധാന്യമുള്ളതുമായ ഈ ചുമര്‍ചിത്രങ്ങളും മറ്റു കലാവസ്തുക്കളും വേണ്ട വിധം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. എന്നാല്‍ പലയിടത്തും അവ സംരക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആരക്കുഴയിലെ സ്ലീവാപ്പാത ചിത്രങ്ങള്‍ യൂറോപ്യന്‍ നാച്ചുറലിസം എങ്ങനെ ഇന്ത്യയിലെത്തി എന്നു തെളിവു നല്കുന്ന ഏക അവശേഷിപ്പാകുമ്പോള്‍, അവയുടെ വിലമതിക്കാനാവത്ത മൂല്യത്തെക്കുറിച്ച് അവബോധമുള്ളവരാകാനും അവയൊക്കെ വേണ്ടത്ര പ്രാധാന്യത്തോടെ സംരക്ഷിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.

ദേവാലയങ്ങളില്‍ ഇന്ന് അവശേഷിക്കുന്ന ചുമര്‍ചിത്രങ്ങളുടെ ചരിത്ര പ്രാധാന്യമോ പ്രസക്തിയോ പലര്‍ക്കും അജ്ഞാതമാണ്. ദേവാലയങ്ങളും അവയിലെ ചിത്രങ്ങളും ശില്പങ്ങളും മറ്റും സഭയുടെ ചരിത്രമെഴുത്തിനു വേണ്ട പ്രാഥമിക ഉറവിടങ്ങളാണെന്ന തിരിച്ചറിവ് ഇനിയും നമുക്കുണ്ടായിട്ടില്ല. ഏതു മതവിഭാഗത്തിന്‍റെതായാലും ദേവാലയ നിര്‍മ്മിതികള്‍ ഏതു കാലത്തും ഏതു ദേശത്തും കലയുടെയും വാസ്തു വിദ്യയുടെയും അതിശയകരമായ നിര്‍മ്മിതികള്‍ എന്നതിലുപരി സംസ്ക്കാരങ്ങളെയും വിശ്വാസങ്ങളെയും കാലത്തെയും അടയാളപ്പെടുത്തുന്നവയാണ്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും ചരിത്രത്തെ ഓര്‍മ്മിപ്പിക്കുക മാത്രമല്ല, പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നു. എന്നാല്‍ കാലത്തിന്‍റെ കയ്യൊപ്പു വീണ പല ദേവാലയങ്ങളും പൊളിച്ചു മാറ്റപ്പെടുകയോ പുതുക്കിപ്പണിയുകയോ ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. അവയെ സംരക്ഷിക്കുക എന്നത് കാലവും ചരിത്രവും നമ്മെ ഏല്പിക്കുന്ന ഉത്തരവാദിത്വമാണ്.

(സീറോ-മലബാര്‍ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍, കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ‘ക്രിസ്ത്യന്‍ കലകളുടെയും വാസ്തുശില്പങ്ങളുടെയും സംരക്ഷണം’ എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനം.

140-ഓളം ക്രൈസ്തവദേവാലയങ്ങള്‍ സന്ദര്‍ശിച്ച്, കലാവസ്തുക്കള്‍ പരിശോധിച്ച്, ചിത്രങ്ങള്‍ പകര്‍ത്തി, ചരിത്രസംബന്ധിയായി ലഭ്യമായ രേഖകള്‍ ശേഖരിച്ചു നടത്തിയ പഠനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗുജറാത്തിലെ ബറോഡ, M.S. യൂ ണിവേഴ്സിറ്റില്‍ മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ട്ട് ഹിസ്റ്ററി & ഏസ്തെറ്റിക്സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ആണ് ലേഖകന്‍.)

Comments

One thought on “ക്രൈസ്തവ ചുമര്‍ചിത്രങ്ങളുടെ സവിശേഷതയും ചരിത്രവും”

  1. Pallikkonam Rajeev says:

    കോട്ടയം ചെറിയപള്ളിയിലെ ലോകപ്രശസ്തമായ ചുവർ ചിത്രങ്ങളെ പറ്റി ഒരു വരിയെങ്കിലും പരാമർശിക്കാതെ പോയത് കഷ്ടമായി പോയി. വേമ്പനാട് ശൈലിയുടെ ക്രൈസ്തവ പരിപ്രേക്ഷ്യമാണത്. സാങ്കേതികവിദ്യയിൽ ക്ഷേത്ര കലാകാരന്മാരുമായി കൊടുക്കൽ വാങ്ങൽ ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ പക്ഷം.

Leave a Comment

*
*