ക്രിസ്മസ് വിശേഷങ്ങള്‍ അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാനയില്‍

ക്രിസ്മസ് വിശേഷങ്ങള്‍ അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാനയില്‍

എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്

ക്രിസ്മസ് ആഗതമാകുമ്പോള്‍ ലോകം മുഴുവന്‍ സന്തോഷഭരിതമാകുന്നു. ക്രിസ്മസ് ക്രിബ്, കരോള്‍, നക്ഷത്രങ്ങള്‍, കേക്ക് തുടങ്ങി ആഘോഷങ്ങളുടെ നീണ്ടനിര ആബാലവൃന്ദം ഈ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു. ആഘോഷങ്ങളുടെയെല്ലാം ഉറവിടം കാലിത്തൊഴുത്തിലെ ഉണ്ണീശോയാണ്. അതുകൊണ്ടുതന്നെ കാലിത്തൊഴുത്തിനും പുല്‍ക്കൂടിനും ക്രിസ്മസില്‍ പ്രസക്തിയേറുന്നു.

ഈ സാഹചര്യങ്ങളും ചരിത്രവും വിശുദ്ധ ബൈബിളിന്‍റെ പശ്ചാത്തലത്തില്‍, മലയാള ഭാഷയുടെ രണ്ടാം തുഞ്ചത്തെഴുത്തച്ഛന്‍ എന്നും 'അര്‍ണവം' എന്നും ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് മാഷു വിശേഷിപ്പിച്ച, ജര്‍മ്മന്‍കാരനും ഈശോസഭാ വൈദികനുമായ അര്‍ണോസ് പാതിരിയെന്ന യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്ങ്സ്ലേഡന്‍ രചിച്ച 'പുത്തന്‍പാന' അഥവാ 'കൂദാശപ്പാന'യുടെ അഞ്ചാം പാദത്തില്‍ അതീവ സുന്ദരമായാണ് അര്‍ണോസ് പാതിരി തന്‍റെ പുത്തന്‍പാനയില്‍ വിവരിക്കുന്നത്. യേശുവിനെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടായ ഹൃദയവ്യഥയും പിന്നീട് അവിടുത്തെ കണ്ടെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ ആഹ്ലാദരംഗങ്ങളും അവതരിപ്പിച്ചു കൊണ്ടാണ് അര്‍ണ്ണോസ് പാതിരി തന്‍റെ പുത്തന്‍പാനയുടെ അഞ്ചാം പാദം അവസാനിപ്പിക്കുന്നത്. 142 ഈരടികളുള്ള ഈ പാദത്തിലെ 1 മുതല്‍ 47 വരെയുള്ള ഈരടികളിലാണ് യേശുദേവന്‍റെ ദിവ്യജനന ചരിത്രം മനോഹരമായി വിവരിച്ചിട്ടുള്ളത്.

വന്‍പനഗുസ്തോസ് കേസര്‍ മഹാരാജന്‍
കല്പിച്ചു തന്‍റെ ലോകരെയെണ്ണുവാന്‍
നൂതനം1 തലക്കാണവും2 വാങ്ങിച്ചു
സാധനത്തി3ലെഴുതേണം ലോകരെ
ജന്മമായ നഗരിയില്‍ കൂടുവാന്‍
തന്മഹീപതി4 കല്പിച്ചറിയിച്ചു
ദാവീദു രാജപൗത്രന്‍ യവുസേപ്പും
ദേവമാതാവും ദാവീദു ഗോത്രികള്‍
താതന്‍ രാജാവു ദാവീദ് വാണതു
ബെതലഹേം തന്നിലെന്നതു കാരണം
പോകണമവര്‍ ബെത്ലഹേം ചന്തയില്‍5
സകലേശ വിധിയുമതുപോലെ
ഉമ്മായും യൗസേപ്പുമെഴുന്നെള്ളി
ജന്മഭൂമിയവര്‍ക്കതറിഞ്ഞാലും
ബെതലഹേംപുക്കു രാജവിധിപോലെ
ബെതലഹേം ചന്തയാകെ നടന്നവര്‍
ഇരിപ്പാനൊരു വീടു തിരഞ്ഞാറെ
ആരും കൈക്കൊണ്ടില്ല നരമുഖ്യരെ
മുഷ്കരന്മാര്‍ക്കു6 നല്‍കി  വനങ്ങള്‍
സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും.
ഇവരെത്രയും നിര്‍ദ്ധനരാകയാല്‍
ആവാസത്തിന്നു സ്ഥലമില്ലാഞ്ഞാറെ
ശ്രേഷ്ഠനാഥയ്ക്കു നിയോഗ്യയോഗത്താല്‍7
ഗോഷ്ഠാന8ത്തിലിറങ്ങി പാര്‍ത്താരവര്‍
വില്പഞ്ചവിംശതി ഞായര്‍ വാസരേ9
സ്വപ്നം ഭൂമിയില്‍ വ്യാപിച്ച കാലത്തില്‍
തിന്മയാലുള്ള പാപങ്ങള്‍ നീക്കുവാന്‍
ഭൂമിക്കാനന്ദത്തിനുള്ള കാരണം
ഉത്തമധ്യാനം പൂണ്ടൊരു കന്യക
പുത്രദര്‍ശനമേറെ ഇച്ഛിച്ചപ്പോള്‍
രാത്രി പാതി കഴിഞ്ഞോരനന്തരം
ചിത്രമെത്രയും നീങ്ങിയിരുട്ടുകള്‍
മനോജ്ഞനൊരു സാര്യോപമാനനായ്
കന്യാപുത്രന്‍ ഭൂപാലന്‍ പിറന്നിത്
കന്യാത്വക്ഷയം വരാതെ നിര്‍മ്മലാ
ഊനം കൂടാതെ പെറ്റു സവിസ്മയം?
കുപ്പിക്കു ഛേദം10 വരാതെയാദിത്യന്‍
കുപ്പിതന്നില്‍ കടക്കുമതുപോലെ
ഉദരത്തിനു ഛേദം വരുത്താതെ
മേദിനി11യിലിറങ്ങി സര്‍വ്വപ്രഭു
സൂതിദുഃഖങ്ങ12ളുമ്മായറിയാതെ
പുത്രനെ പുരോഭാഗ13ത്തില്‍ കണ്ടുടന്‍
ഉള്ളകത്തു കൊള്ളാതുള്ള സന്തോഷാല്‍
പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാല്‍
ആദരിച്ചു തൃക്കാല്‍ മുത്തി ബാലന്‍റെ
സ്നേഹസാധനം14 മാനസേ പൂരിച്ചു
ദേവമര്‍ത്ത്യനായ് വന്നുപിറന്നോരു
ദേവബാലനെയമ്മകൊണ്ടാടിനാള്‍
ആടുകള്‍ക്കിടയരുടെ സഞ്ചയം15
ആടുകള്‍ മേച്ചിരുന്ന സമയത്തില്‍
ആ ജനം മഹാ ശോڅകണ്ടക്ഷണം
രജനി16യിലീവെളിവെന്തിങ്ങനെ?
പകച്ചു മഹാപേടിയും പൂണ്ടിവര്‍
ആകാശത്തിലെ വികാരകാരണം17
മാലാഖയുമിറങ്ങിയവരോടു:
"കാലം വൈകാതെ സംഭ്രമം നീക്കുവിന്‍
ഭീതിക്കിപ്പോളവകാശമില്ലല്ലോ
സന്തോഷത്തിന്‍റെ കാലമിതായത്
അത്യന്തോത്സവം പൂണ്ടു കൊണ്ടാടുവിന്‍
സത്യവേദാവു18 വന്നു പിറന്നിതാ!
രക്ഷിതാവു നിങ്ങള്‍ക്കു ഭവിച്ചയാള്‍
അക്ഷിഗോചരനായീടുമപ്രഭു
ദാവീദിന്നുടെ നഗരേ ചെല്ലുവിന്‍
ഞാന്‍ പറഞ്ഞപോലുണ്ണിയെക്കണ്ടീടും
'അസറോ'നെന്ന ശീലയും19 ചുറ്റിച്ചു
അസമേശനെ ഗോഷ്ഠാനം തന്നിലേ
തൃണത്തിന്മേല്‍ കിടക്കുന്ന നാഥനെ
കാണുവിന്‍ നിങ്ങള്‍ ത്രിലോകേശനയാള്‍"ڈ
ഈവണ്ണം ചൊല്ലിക്കൂടിയ തല്‍ക്ഷണം
ദിവ്യന്മാര്‍ വന്നുകൂടി സംഖ്യാവിനാ20,
"ഉന്നതത്തിലിരിക്കുന്ന ദേവന്നു
നിരന്തരസ്തുതി സര്‍വ്വലോകത്തിലും
സുമനസ്സുള്ള ഭൂമീ ജനത്തിനും
അമേയാനുകൂല്യ21മുണ്ടായീടുക."
ഇത്യാദി ബഹു സുന്ദരഭാഷയില്‍
സത്യവേദാവിന്‍ ദൂതന്മാര്‍ പാടിനാര്‍.
അന്തോനാ ദേവപാദവും22 വന്ദിച്ചു
സന്തോഷിച്ചു ഗമനം ചെയ്താരവര്‍
ഇടയന്മാരും നേരം കളയാതെ
ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടന്‍
മുട്ടുകുത്തി വന്ദിച്ചു തിരുമേനി
സാഷ്ടാംഗ നമസ്കാരവും ചെയ്തുടന്‍
"ഇടയര്‍ ഞങ്ങളെന്നുവരികിലും
ആടുകള്‍ നിനക്കഖിലപാലക!
ആടുകള്‍ ഞങ്ങള്‍ രക്ഷിക്കുമെന്നപോല്‍
ഇടയന്‍ നീയേ ഞങ്ങളെ പാലിക്ക
കണ്ണിന്നിവിടെ ദുര്‍ബലനെങ്കിലും
ഉണ്ണി നീ തന്നെ സര്‍വ്വവശനല്ലോ
ദീനനെന്നു തോന്നീടിലും മംഗലം
അനന്തം നിനക്കെന്നു വിശ്വാസമായ്
നിന്‍മുമ്പിലൊന്നുണര്‍ത്തിച്ചു കൊള്ളുവാന്‍
സാമര്‍ത്ഥ്യം ഞങ്ങള്‍ക്കില്ലെന്നറിഞ്ഞു നീ
ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ
നീ പാലിക്കേണം സര്‍വ്വദയാനിധേ."

ഈ ഭാഗങ്ങളില്‍ യേശുനാഥന്‍റെ ജനനം "സ്ഫടികം കൊണ്ടുള്ള കുപ്പിയുടെ ഉള്ളില്‍ സ്ഥടികത്തിനു കേടുവരുത്താതെ സൂര്യരശ്മികള്‍ കടക്കുന്നതുപോലെ മറിയത്തിന്‍റെ കന്യകാത്വത്തിനു ഭംഗം വരുത്താതെ ദൈവപുത്രന്‍ ഭൂജാതനായി" എന്നു പറയുന്നു.

അന്ത്യോക്യായില്‍ വിജാതീയ മാതാപിതാക്കളില്‍ ജനിച്ച വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലാണ് (ലൂ ക്കാ 1:43) മറിയം ദൈവമാതാവാണെന്ന് എലിസബത്തിലൂടെ ആദ്യം പ്രഘോഷിക്കുന്നത്. 1931-ല്‍ പീയൂസ് പതിനൊന്നാമന്‍ (1922-1939) മാര്‍പാപ്പയാണ് ദൈമവമാതൃത്വത്തിരുനാള്‍ സഭയില്‍ സാഘോഷം കൊണ്ടാടണമെന്ന് നിഷ്കര്‍ഷിച്ചത്. എന്നാല്‍ 1722-ല്‍ പൂര്‍ത്തിയാക്കി കൈരളിക്കു സമര്‍പ്പിച്ച 'പുത്തന്‍പാന' യില്‍ മേരി മാതാവിനെ 'ദൈവമാതാവ്' (Theotokos) എന്നാണ് അര്‍ണോസ് പാതിരി രേഖപ്പെടുത്തുന്നത്. മലയാളത്തില്‍ ആദ്യമായി 'ദൈവമാതാവ്' എന്ന് മറിയത്തെ വിശേഷിപ്പിക്കുന്നതും പുത്തന്‍പാനയിലാണ്. 1701-ല്‍ കേരളത്തിലെത്തി 1732-ല്‍ തന്‍റെ 51-ാം വയസ്സില്‍ കടന്നുപോയ ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

1. നൂതനം – നവ്യം, 2. തലക്കാണം -ആളോഹരി നികുതി, 3. സാധനത്തില്‍ – രജിസ്റ്ററില്‍, 4. തന്മഹീപതി – തന്‍റെ മഹാരാജാവ്, 5. ചന്ത – പട്ടണം, 6. മുഷ്കരന്മാര്‍ – പ്രതാപികള്‍, 7. നിയോഗ്യയോഗത്താല്‍ – ഭാഗ്യക്കേടാല്‍, 8. ഗോഷ്ഠാനം – പശുത്തൊഴുത്ത്, 9. വാസരേ – ദിവസത്തില്‍, 10. ഛേദം – പൊട്ടല്‍, 11. മേദിനി – ഭൂമി, 12. സൂതി ദുഃഖം – പ്രസവക്ലേശം, 13. പുരോഭാഗം-മുന്‍ഭാഗം, 14. സ്നേഹസാധനം – സ്നേഹസ്വരൂപം, 15. സഞ്ചയം – കൂട്ടം, 16. രജനി -രാത്രി, 17. വികാരകാരണം – മാറ്റത്തിനുകാരണം, 18. സത്യവേദാവ് – സത്യദൈവം, 19. അസറോനെന്ന ശീല – ഒരുതരം മൃദുലമായ തുണി, 20. സംഖ്യാവിനാ – അസംഖ്യം, 21. അമേയാനുകൂല്യം – എണ്ണമറ്റ അനുഗ്രഹങ്ങള്‍, 22. അന്തോനാ ദേവപാദം – അനന്തദൈവത്തിന്‍റെ പാദം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org