ക്രിസ്തുമസ്: സദ്വാര്‍ത്തയുടെ ആഘോഷം

ക്രിസ്തുമസ്: സദ്വാര്‍ത്തയുടെ ആഘോഷം

ബിഷപ് ജെയിംസ് അത്തിക്കളം
സാഗര്‍ രൂപത

ആമുഖം
ക്രിസ്തുമസ് സന്തോഷമാണ്, മതാത്മക ആനന്ദമാണ്, പ്രകാശത്തിന്‍റെയും സമാധാനത്തിന്‍റെയും ആന്തരിക ആഹ്ലാദമാണ്. ഇന്നു ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണു മുകളില്‍ ഉദ്ധരിച്ചത്. തോമസ് മോന്‍സന്‍ ക്രിസ്തുമസ്സിനെപ്പറ്റി പറയുന്നതും നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതു നല്ലതാണ്: "എന്തു ലഭിക്കുമെന്നു ചിന്തിക്കാതെ കൊടുക്കാനുള്ള മനസ്സാണു ക്രിസ്തുമസ്. ക്രിസ്തുമസ് സന്തോഷമാണ്. കാരണം നാം മനുഷ്യരില്‍ സന്തോഷം കാണുന്നു. സ്വയം മറന്നു മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്നതാണു ക്രിസ്തുമസ്സിന്‍റെ അരൂപി. അര്‍ത്ഥരഹിതമായവയെ വിട്ടുപേക്ഷിച്ചു സത്യമായ മൂല്യങ്ങളെ മുറുകെപിടിക്കുന്നതാണു ക്രിസ്തുമസിന്‍റെ ചൈതന്യം." നാം മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണു ചെയ്യേണ്ടത്. അതിനു പകരമായി മനുഷ്യരെ ഉപയോഗിക്കുകയും വസ്തുക്കളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇന്നത്തെ ലോകം എത്തിച്ചേര്‍ന്നിട്ടില്ലേയെന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു.

ആദ്യസദ്വാര്‍ത്ത
ആദിമാതാപിതാക്കളുടെ പാപത്തിനുശേഷം ദൈവം അവരെ ശിക്ഷിക്കുകയും ഏദന്‍തോട്ടത്തില്‍ നിന്ന് അവരെ പുറത്താക്കുകയും ചെയ്തു. ആ ശിക്ഷ പ്രഖ്യാപനത്തിന്‍റെ ഇടയിലും ദൈവം മനുഷ്യകുലത്തിന് ഒരു വാഗ്ദാനം നല്കി: "സ്ത്രീയില്‍ നിന്നു ജനിക്കുന്നവന്‍ പിശാചിന്‍റെ തല തകര്‍ക്കും." ഇതു മനുഷ്യനു ലഭിച്ച ആദ്യ സദ്വാര്‍ത്തയായിരുന്നു (ഉത്പ. 3:15). അന്നു മുതല്‍ നൂറ്റാണ്ടുകളായി മനുഷ്യകുലം കാത്തിരുന്ന ആ വലിയ മുഹൂര്‍ത്തമാണു ദൈവപുത്രന്‍റെ മനുഷ്യാവതാരത്തില്‍ വന്നെത്തിയത്.

മംഗളവാര്‍ത്ത
"കൃപ നിറഞ്ഞവളേ, ആനന്ദിച്ചാലും! കര്‍ത്താവു നിന്നോടുകൂടെ" (ലൂക്കാ 1:38) എന്ന് ആശംസിച്ചുകൊണ്ടാണു ദൈവദൂതന്‍ മംഗളവാര്‍ത്തയുമായി മറിയത്തെ സമീപിച്ചത്. ഗ്രീക്ക് ഭാഷയില്‍ നമ്മുടെ സുവിശേഷത്തിലുള്ള ഈ ആശംസയില്‍ 'കയിറേ' എന്ന ഗ്രീക്ക് വാക്ക് 'സ്വസ്തി' എന്നാണു പൊതുവേ മൊഴിമാറ്റം നടത്തിക്കാണുന്നത്. അത് അത്ര ശരിയാണെന്നു തോന്നുന്നില്ല. 'കയിറേ' എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ത്ഥം 'ആനന്ദിക്കുക' എന്നാണ്. ദൈവപുത്രന്‍ മനുഷ്യപുത്രനായി മറിയത്തിന്‍റെ ഉദരത്തില്‍ ജനിക്കുവാന്‍ പോകുന്നു എന്ന മംഗളവാര്‍ത്തയില്‍ ആനന്ദിക്കുവാനാണു ദൈവദൂതന്‍ അവളോട് ആവശ്യപ്പെടുന്നത്.

ഇമ്മാനുവേല്‍ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം
ഈശോയുടെ ജനനത്തെ സമ്യക്കായി വിവരിച്ചുകൊണ്ട് മത്തായി സുവിശേഷകന്‍ ആ സംഭവം ഏശയ്യായുടെ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണെന്ന് എടുത്തു പറയുന്നു (മത്താ. 1:22-23). ഏശയ്യ 7:14-ല്‍ ഇപ്രകാരമാണു പ്രവാചകന്‍ പറയുന്നത്: "ഒരു കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവള്‍ അവന്‍റെ പേര് 'ഇമ്മാനുവേല്‍' എന്നു വിളിക്കും. 'ഇമ്മാനുവേല്‍' എന്ന ഹീബ്രുപദത്തിന്‍റെ അര്‍ത്ഥം 'ദൈവം നമ്മോടുകൂടെ' എന്നാണ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണു ദൈവം മനുഷ്യകുലത്തോടൊപ്പം വന്നു വസിക്കുന്നത്. ആ മഹാ സംഭവമാണു ക്രിസ്തുമസ്. അതു യഥാര്‍ത്ഥത്തില്‍ 'ഇമ്മാനുവേലി' ന്‍റെ തിരുനാളാണ്, ദൈവം ചരിത്രത്തില്‍ നമ്മോടൊത്തു വസിച്ചതിന്‍റെ ആഘോഷമാണ്. ക്രിസ്തുമസിനോടുകൂടി ദൈവം നമ്മോടൊത്തു വസിക്കാന്‍ തുടങ്ങി. ഇന്നും ആ വാസം തുടരുന്നു. വി. കുര്‍ബാനയില്‍ നമ്മോടൊത്തു വസിക്കുന്ന ദൈവത്തെ നമുക്കു തിരിച്ചറിയാം, ആരാധിക്കാം.

കാലിത്തൊഴുത്തില്‍ പിറന്ന ലോകരക്ഷകന്‍
ഈശോയുടെ പിറവിയെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങളില്‍ നമ്മെ ഏറ്റവും അധികം സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളതു മിക്കവാറും ലൂക്കാ 2:1-20 ആയിരിക്കും. പ്രവചനങ്ങള്‍ പൂര്‍ത്തിയാകുവാന്‍ ദൈവപുത്രന്‍ മനുഷ്യപുത്രനായി ജനിക്കേണ്ടതു ദാവീദിന്‍റെ ജന്മനാടായ ബെത്ലഹേമിലായിരുന്നു. അതുകൊണ്ടുതന്നെ നസ്രത്തില്‍ താമസിക്കുകയായിരുന്ന ജോസഫും മറിയവും ബെത്ലഹേമില്‍ എത്തുന്നു. ലൂക്കാ 2: 7-ല്‍ പറയുന്നതു ഗ്രീക്കില്‍നിന്നു നേരിട്ടു വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇപ്പോള്‍ നാം മലയാളത്തില്‍ കാണുന്നതില്‍ നിന്നു വ്യത്യസ്തമായ ഒന്നാണു നമുക്കു ലഭിക്കുക. ആ വാക്യത്തിലെ 'കത്തലൂമ' എന്ന ഗ്രീക്ക് പദം 'സത്രം' എന്നു മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതുവഴി തെറ്റായ ഒരു ധാരണ വായനക്കാരില്‍ ഉണ്ടായി. ചെറിയ ഒരു ഗ്രാമമായിരുന്ന ബെത്ലഹേമില്‍ സത്രമൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഒറ്റമുറിയും അതിനോടു ചേര്‍ന്നു കാലിത്തൊഴുത്തുമായിരുന്നു അന്നത്തെ ആളുകളുടെ സാധാരണ ഭവനം. ആ മുറിയില്‍ പ്രസവം നടത്താനുള്ള സ്വകാര്യത ലഭിക്കുകയില്ലാതിരുന്നതിനാല്‍ അതിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തില്‍ മറിയം തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിക്കുകയും ആ കുഞ്ഞിനെ സുരക്ഷിതമായി പുല്‍ത്തൊട്ടിയില്‍ കിടത്തിയെന്നുമാണു ലൂക്കാ ഇവിടെ പറയുന്നത്. ഇവിടെ അപമാനകരമായി ഒന്നും സംഭവിച്ചതായി സുവിശേഷകന്‍ ചൂണ്ടിക്കാണിക്കുന്നില്ല. ലൂക്കാ 22:11-ലും 'കത്തലൂമ' എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിട്ടുണ്ട്. അവിടെ ഈ പദം 'സത്രം' എന്നല്ല 'വിരുന്നുശാല' എന്നാണ് മലയാളത്തില്‍ മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ലൂക്കാ 10:34-ല്‍ 'സത്രം' എന്ന പദത്തിനു ഗ്രീക്കില്‍ 'പന്തോക്കെയിയോന്‍' എന്ന് ഉപയോഗിച്ചിട്ടുണ്ട്. ഏറ്റവും എളിയ സാഹചര്യത്തിലാണ് ഈശോ പിറന്നതെന്നു കാണിക്കാനാണു ലൂക്കാ ശ്രമിക്കുന്നത്. ഒരു അവഹേളനമായി അദ്ദേഹം കാണുന്നില്ല. ക്രിസ്തുമസിനു പുല്ക്കൂടുണ്ടാക്കുമ്പോള്‍ ആ പുല്‍ക്കൂട്ടില്‍ നാം ഏതാനും മൃഗങ്ങളെയും വയ്ക്കാറുണ്ടല്ലോ. വി. ഫ്രാന്‍സിസ് അസ്സീസിയാണു ക്രിസ്തുമസിനു പുല്‍ക്കൂടുണ്ടാക്കുന്ന പാരമ്പര്യം ആരംഭിച്ചത്. ഈശോയുടെ കാലിത്തൊഴുത്തിലെ ജനനത്തിന്‍റെ പ്രവചനമായ ഏശയ്യാ 1:23 ന്‍റെ ചുവടുപിടിച്ചാണ് ഒരു കാളയുടെയും ഒരു കഴുതയുടെയും രൂപങ്ങള്‍ പുല്ക്കൂട്ടില്‍ വയ്ക്കുന്നത്.ഈശോ പിറന്നപ്പോള്‍ യഹൂദജനവും നേതൃത്വവും അവിടുത്തെ സ്വീകരിച്ചില്ലെങ്കിലും കാളയും കഴുതയുമടങ്ങുന്ന മൃഗങ്ങള്‍ അവിടുത്തേയ്ക്കു വരവേല്പു നല്കി.

ക്രിസ്തുമസിന്‍റെ അര്‍ത്ഥം നാം അറിയാതെ പോയാല്‍ അവിടുത്തെ സ്വീകരിക്കാനും വരവേല്ക്കാനും നാം വിമുഖത കാണിച്ചാല്‍ മിണ്ടാപ്രാണികള്‍ അവിടുത്തെ സ്വീകരിക്കും. ക്രിസ്തുമസ് ആഘോഷം ബാഹ്യമായി ആഘോഷിച്ചു പൊടിപൊടിക്കുമ്പോള്‍ പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടു കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ മറക്കാതിരിക്കുക. അന്തിയുറങ്ങാന്‍ ഒരു കൊച്ചു വീടെങ്കിലും അവര്‍ക്കും ലഭിക്കാന്‍ വേണ്ട സഹായം ഈ ക്രിസ്തുമസിനു നമുക്കു നല്കാം. അങ്ങനെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം മുന്‍വര്‍ഷങ്ങളേക്കാള്‍ അര്‍ത്ഥവത്താകട്ടെ, സ്നേഹം നിറഞ്ഞതാകട്ടെ! എല്ലാവര്‍ക്കും ക്രിസ്തുമസിന്‍റെയും നവവത്സരത്തിന്‍റെയും ആശംസകള്‍ നേരുന്നു. ഉണ്ണിയീശോ നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org