Latest News
|^| Home -> Cover story -> ക്രിസ്തുമസ്

ക്രിസ്തുമസ്

Sathyadeepam

ജെര്‍ളി

ക്രിസ്തുമസ് ദാരിദ്ര്യത്തിന്‍റെ ഉത്സവമാണ്. നിസ്വനായി ജനിച്ച്, നിസ്വനായിത്തന്നെ കടന്നു പോയ ഒരുവന്‍റെ ജന്മദിനം. ഏതു ദരിദ്രന്‍റെയും പുത്രനെപ്പോലെ, അവനും ജന്മദിനം എന്ന ഒന്നില്ലായിരുന്നു. കഷ്ടി മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍മാത്രം നീണ്ടുനിന്ന അതിഹ്രസ്വമായ ആ ജീവിതത്തിനിടയില്‍ അങ്ങനെയൊരു ദിനത്തെക്കുറിച്ച് ആരും ഓര്‍ത്തിരിക്കാനുമിടയില്ല. എന്നിട്ടും അവന്‍റെ പിന്‍ഗാമികള്‍ റോമാക്കാരുടെ കീഴടക്കപ്പെടാത്ത സൂര്യന്‍റെ ജന്മദിനം അവന്‍റെ ജന്മദിനമായി അങ്ങാഘോഷിക്കുവാന്‍ തീരുമാനിച്ചു. ശരിക്കും കടംവാങ്ങിയ ഒരു ജന്മദിനം. ഇന്ന് ലോകമെമ്പാടും അവന്‍റെ അനുയായികള്‍ അതിനെ ധൂര്‍ത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും ഒരുത്സവമായികൊണ്ടാടുന്നു. പിറന്നാള്‍ ദിനത്തില്‍ ഒന്നു നിറച്ചുണ്ടിട്ടു പോലുമില്ലാത്തവന്‍റെ പേരില്‍ മുറിക്കപ്പെടുന്ന കോടിക്കണക്കിനു കേക്കുകള്‍. പാനം ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിനു ഗ്യാലന്‍ മദ്യം. ചരിത്രത്തിന്‍റെ ഒരു കറുത്ത ഫലിതം.

തിരുസഭ പോലും എന്നേ മറന്നുകഴിഞ്ഞ ഒന്നാണ് ക്രിസ്തു മുന്നോട്ടു വച്ച ദരിദ്രനായിരിക്കുക എന്ന ആശയം. പഴയ നിയമവും, പുതിയ നിയമവും വ്യതിരിക്തമാകുന്നത് അവ മുന്നോട്ടു വയ്ക്കുന്ന ആശയസംഹിതകളുടെ വൈവിദ്ധ്യത്താല്‍ മാത്രമല്ല, ദാരിദ്ര്യത്തോടുള്ള നിലപാടുകളില്‍ കൂടിയാണ്. ദരിദ്രനായിത്തീരുക എന്നത് പഴയ നിയമത്തെ സംബന്ധിച്ചിടത്തോളം അതികഠിനമായ ദൈവശിക്ഷയാണ്. ദൈവം ജോബിനെ പരീക്ഷിക്കുന്നത് രോഗത്തെക്കാളേറേ ദാരിദ്ര്യം കൊണ്ടാണ്. സമ്പത്തുകൊണ്ടനുഗ്രഹിക്കണേ എന്ന മുറവിളിയാണതിലെമ്പാടും. എന്നാല്‍ ക്രിസ്തുവിന്‍റെ പുതിയ നിയമത്തിലേക്കെത്തുമ്പോള്‍, ദരിദ്രനായിരിക്കുക എന്നത്, ദൈവരാജ്യത്തിലേക്കുള്ള ഏക മാര്‍ഗ്ഗമായി മാറുന്നു. അന്നന്നു വേണ്ടുന്ന ആഹാരത്തിനായല്ലാതെ മറ്റൊന്നും ചോദിക്കുവാന്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നില്ല. സര്‍വ്വവും ത്യജിച്ച് നിസ്വനാവാതെ ഒരുവന്‍ രക്ഷ പ്രാപിക്കുന്നില്ല എന്ന് ക്രിസ്തു തറപ്പിച്ചുതന്നെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്തു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പൂര്‍ണ്ണമായും ദാരിദ്ര്യത്തിലധിഷ്ഠിതമാണ്. ഉയര്‍ത്തപ്പെടുന്ന താഴ്വരകളുടെയും, നിരപ്പാക്കപ്പെടുന്ന കുന്നുകളുടെയും രാഷ്ട്രീയം.

സമൂഹത്തിലെ അസമത്വങ്ങള്‍ക്ക് എതിരെ, ഇതുവരെ ഉണ്ടായിട്ടുള്ള ഏതു പോരാട്ടത്തിന്‍റെയും, തായ്വേര് ചികയുകയാണെങ്കില്‍ മിക്കവാറും നാം എത്തിച്ചേരുക, ‘ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാള്‍ പ്രയാസമാണ് ധനികന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്’ എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ക്രിസ്തുവിലായിരിക്കും. അതുകൊണ്ടുതന്നെയാണ് ഹിറ്റ്ലര്‍, ബോള്‍ഷെവിസത്തെ ക്രിസ്ത്യാനിത്വത്തിന്‍റെ അവിഹിതസന്തതി എന്നു വിശേഷിപ്പിക്കുവാന്‍ ധൈര്യപ്പെട്ടത്. രണ്ടും, അതായത്, ക്രിസ്തുമതവും, കമ്മ്യൂണിസവും, യഹൂദരുടെ കണ്ടുപിടുത്തമാണ് (ക്രിസ്തുവും, കാറല്‍ മാര്‍ക്സും യഹൂദരാണ് എന്ന വിവക്ഷ) എന്ന് കൂട്ടിച്ചേര്‍ക്കുവാനും അയാള്‍ മറന്നില്ല. ആ രണ്ടു യഹൂദര്‍ക്കും പൊതുവായി ഒന്നു കൂടിയുണ്ടായിരുന്നു: ദാരിദ്ര്യം. മാത്രമല്ല, മാര്‍ക്സ് മതത്തെ എത്ര മേല്‍ വെറുത്തിരുന്നാലും, അദ്ദേഹം മുന്നോട്ടു വച്ച സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ക്കു നേരെയുള്ള കാഴ്ച്ചപ്പാടുകള്‍ക്ക്, ക്രിസ്തുവിനോട് വ്യക്തമായും കടപ്പാടുണ്ട്. പില്ക്കാലത്ത് ക്രിസ്തുമതവും, ബോള്‍ഷെവിസവും ഒരു പോലെ ദാരിദ്ര്യത്തില്‍ നിന്ന് അകന്നുപോയി എന്നത് മറ്റൊരു വൈരുദ്ധ്യം.

സഭയെ സംബന്ധിച്ചിടത്തോളം, ദരിദ്രര്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികളാണ് എന്ന ക്രിസ്തു സങ്കല്പത്തില്‍ നിന്നും അകന്ന്, അവര്‍ ധനികര്‍ക്ക് തങ്ങളുടെ ദാനധര്‍മ്മങ്ങള്‍ വഴി സ്വര്‍ഗ്ഗപ്രാപ്തി ഉറപ്പുവരുത്തുന്നതിനുള്ള വെറും ഉപകരണങ്ങളായി തരംതാണിരി ക്കുന്നു. ഇവിടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രസക്തി. ദാരിദ്ര്യം പൊതുവെ, ഒരു പാതകമായി കണക്കാക്കപ്പെടുന്ന സമകാലീന ലോകത്തില്‍, തിരുസഭ നില്ക്കേണ്ടത് തീര്‍ച്ചയായും ദരിദ്രരോടൊപ്പമാണ് എന്ന് അദ്ദേഹം നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. അഭയാര്‍ത്ഥി പ്രശ്നമായാലും, ആഫ്രിക്കന്‍ നാടുകളിലെ പട്ടിണിയായാലും അദ്ദേഹത്തെ നയിക്കുന്നത് ക്രിസ്തുവിന്‍റെ ദാരിദ്ര്യത്തിലധിഷ്ഠിതമായ അതേ രാഷ്ട്രീയമാണ്. നിന്ദിതരും, പീഡിതരും എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം അദ്ദേഹം ഓടിയെത്തുന്നതും അതു കൊണ്ടുതന്നെ. വിശക്കുന്ന വയറുകള്‍ക്കു മുന്നില്‍ ദൈവംപോലും പ്രത്യക്ഷപ്പെടുന്നത് അപ്പത്തിന്‍റെ രൂപത്തിലായിരിക്കും എന്നതില്‍ അദ്ദേഹത്തിനു സംശയമേയില്ല.

ദാരിദ്ര്യം എന്നത് ഒരു പാതകമായി കണക്കാക്കപ്പെടുന്ന ഒരു വല്ലാത്ത കാലമാണിത്. ദൈവത്തിന്‍റെ നിസ്വനെന്ന് വിളിക്കപ്പെടാനാശിച്ച അസ്സീസിയിലെ ഫ്രാന്‍സിസും, കപിലവസ്തുവിലെ കൊട്ടാരത്തിലെ സമ്പദ്സമൃദ്ധിയില്‍ നിന്ന് സകലതുമുപേക്ഷിച്ച് തെരുവിലേക്കിറങ്ങിയ സിദ്ധാര്‍ത്ഥനും, അര്‍ദ്ധനഗ്നനെന്ന അവഹേളനത്തില്‍ അതിരറ്റാഹ്ലാദിച്ച മോഹന്‍ദാസ് കരംചന്ദുമൊക്കെ ഇന്ന് അതിജീവനത്തിന് അര്‍ഹതയില്ലാത്ത ജനിതകപരമ്പരയില്‍ പെടുന്നു. ഏതാണ്ട് നൂറുകോടി ജനങ്ങള്‍ അത്താഴപ്പട്ടിണി കിടക്കുന്ന ഒരു ലോകമാണിത്. ഇതത്ര പുതിയ കണക്കല്ല. സമകാലീക ലോകത്തിലെ പ്രക്ഷുബ്ധതകള്‍ക്കു മുന്‍പേയൂള്ള ഒരേകദേശക്കണക്കു മാത്രമാണിത്. സിറിയയിലെയും, മ്യാന്‍മറിലെയും അഭയാര്‍ത്ഥി പ്രശ്നങ്ങളും, ഒരു കാലത്ത് സമ്പന്നമായിരുന്ന ഇറാക്കിന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും ലിബിയയുടെയും യമന്‍റെയുമൊക്കെ സാമ്പത്തികവും രാഷ്ട്രീയവുമായ തകര്‍ച്ചകളും, ആഫ്രിക്കന്‍ നാടുകളില്‍ മൂന്നിലൊന്നിനെയും ഗ്രസിച്ചിരിക്കുന്ന വരള്‍ച്ചയുമൊക്കെ അത്താഴപ്പട്ടിണിക്കാരുടെ നിരയിലേക്ക് എത്ര പേരെ എത്തിച്ചുകാണും എന്നതിന് ഐക്യരാഷ്ട്ര സഭയുടെ കയ്യില്‍ പോലും ശരിയായ കണക്കുകളില്ല.

ഇത്തവണത്തെ ക്രിസ്തുമസ് നാം ആഘോഷിക്കേണ്ടത് യുദ്ധവും ക്ഷാമവും ഭീകരവാദവും വരള്‍ച്ചയും ഏതാനും ചില ഭരണാധികാരികളുടെ സ്വേച്ഛാപരമായ തീരുമാനങ്ങളും ഓഖിചുഴലിക്കാറ്റും കൂടി കശക്കിയെറിഞ്ഞ ഒരു ഭൂമിയിലാണ്. സന്മനസ്സുള്ളവര്‍ക്കുപോലും സമാധാനം നഷ്ടപ്പെട്ട ഈ ലോകത്ത്, എന്നേ വിപണി കീഴടക്കിക്കഴിഞ്ഞ (ഇന്ന് ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാന്താക്ലോസിന്‍റെ ചുവന്ന വസ്ത്രത്തിന്‍റെയും, തൊപ്പിയുടെയും നിറംപോലും, കൊക്കൊക്കോള തങ്ങളുടെ ഉല്പന്നത്തിന്‍റെ പ്രചാരണത്തിനായി കണ്ടെത്തിയതാണ് എന്നറിയുക. ഒരു ക്രിസ്തുമസിന് ലോകവ്യാപകമായി നടക്കുന്നത് നൂറുകണക്കിന് ശതകോടി ഡോളറിന്‍റെ വ്യാപാരമാണ്. നമ്മുടെ ക്രിസ്തുമസ് എങ്ങനെ ആയിരിക്കണം എന്നു തീരുമാനിക്കുന്നത്, യഥാര്‍ത്ഥത്തില്‍ ഈ വിപണി നിയന്ത്രിക്കുന്ന ആഗോള കുത്തകകളാണ്) ക്രിസ്തുമസിന്‍റെ ശരിയായ ചൈതന്യം നാം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. ഇതിനാദ്യം വേണ്ടത് വ്യക്തമായ നിലപാടുകളാണ്. നാം ഇരയ്ക്കൊപ്പമാണോ, അതോ വേട്ടക്കാരനൊപ്പമാണോ എന്നത് ആദ്യം ഉറപ്പിക്കുക. വേട്ടക്കാരന്‍റെ പക്ഷം പിടിക്കുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ ജന്മദിനം ആഘോഷിക്കുവാനുള്ള അവകാശമില്ല. ആഘോഷിക്കേണ്ട കാര്യമില്ല എന്നതാകും കൂടുതല്‍ ശരി. നിങ്ങള്‍ ഇരയോടൊപ്പമാണ് എങ്കില്‍ മനസ്സു കൊണ്ടെങ്കിലും അവരോട് ഒരൈക്യം പുലര്‍ത്തുക. സഹജീവികളുടെ വേദനയില്‍നിന്നും, ദുരിതങ്ങളില്‍നിന്നും മുഖം തിരിക്കുന്നവര്‍ ക്രിസ്തുശിഷ്യരേയല്ല.

പൊതുവേ, ഇത്തരം പ്രക്ഷുബ്ധതകളില്‍ നിന്നൊക്കെ അകന്ന്, ശാന്തജീവിതം നയിക്കുവാന്‍ ഭാഗ്യമുള്ളവരാണ് കേരളീയര്‍. എന്നാല്‍ ഓഖി എന്ന വന്‍ചുഴലിക്കാറ്റ് നമ്മുടെയും സ്വാസ്ഥ്യംകെടുത്തി. അന്നന്നു വേണ്ട ആഹാരത്തിനുള്ള വക കണ്ടെത്തുവാന്‍ കടലില്‍പോയ ഒട്ടേറെ ജീവിതങ്ങളെ രാക്ഷസത്തിരമാലകള്‍ കശക്കിയെറിഞ്ഞു. എത്ര മനുഷ്യജീവന്‍ നഷ്ടപ്പെട്ടു എന്നതു പോലും വ്യക്തമല്ല. മലയാളിയുടെ ക്രിസ് തുമസ് (ഏറ്റവും കുറഞ്ഞത് തീരദേശങ്ങളിലെയെങ്കിലും) ഈ ദുഃഖത്തിന്‍റെ നിഴലിലാണ്. കണ്ണീരുണങ്ങാത്ത മിഴികളുമായി നൂറു കണക്കിനു കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി. കുടുംബങ്ങള്‍ക്ക് അവയുടെ അത്താണികളാണ് നഷ്ടമായിരിക്കുന്നത്. തീരങ്ങളില്‍ രാഷ്ട്രീയവിവാദങ്ങള്‍ കൊഴുക്കുകയാണ്. മുന്നറിയിപ്പു നല്‍കിയെന്നു കേന്ദ്രവും, കിട്ടിയില്ലാ എന്നു സംസ്ഥാനവും. ഇതിനിടയ്ക്ക് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന ഒരു കൂട്ടമാളുകളും. പക്ഷെ, ഇതിനിടയ്ക്കു വിസ്മൃതരാകുന്നത്, ദുരന്തത്തിന്‍റെ നേരിട്ടും അല്ലാതെയുമുള്ള ഇരകളാണ്. നാളെ എന്ത്? എന്നത് ഒരു വലിയ ചോദ്യമായി മാറിയിരിക്കുന്നത് ഒന്നും രണ്ടും പേര്‍ക്കല്ല. പ്രസ്താവനകളും, വാഗ്ദാനങ്ങളും അനുദിനം പുറപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതിലേതെല്ലാം പാലിക്കപ്പെടും എന്നത് കാലംതന്നെ തെളിയിക്കേണ്ട കാര്യമാണ്.

തല്ക്കാലം നമുക്ക് വലിയ ആഘോഷങ്ങളില്‍ നിന്നെങ്കിലും മാറി നില്ക്കാം. അങ്ങനെ ഉള്ളം തകര്‍ന്നിരിക്കുന്ന നമ്മുടെ സഹജീ വികളോട് ഒരൈക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ എങ്ങനെയാണു നാം ക്രിസ്തുവിന്‍റെ അനുയായികളാവുക? സ്നേഹിതനു വേണ്ടി സ്വജീവന്‍ വെടിയുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല എന്നു വിശ്വസിച്ച, അതിന്‍റെ പൂര്‍ത്തീകരണത്തിനു വേണ്ടി തന്‍റെ ജീവന്‍ തന്നെ ബലിയര്‍പ്പിച്ച ഒരു സ്നേഹപ്രവാചകന്‍റെ ജന്മദിനം, തീര്‍ച്ചയായും അത്തരമൊരു ചെറുത്യാഗം ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സവിശേഷത അദ്ദേഹം തന്‍റെ സഹജീവികളോടു കാണിച്ച എംപതിയാണ്. നമുക്കേറെ പരിചയമുള്ള ‘സിംപതി’ എന്ന വാക്കില്‍നിന്ന് ഏറെ വിഭിന്നമായ ഒരു മാനസികാവസ്ഥയാണ് എംപതി. തന്‍റെ സഹജീവികളുടെ വ്യസനങ്ങള്‍ തന്‍റേത് എന്നു കരുതാനാവുന്ന തരത്തില്‍ ഒരാള്‍ പരുവപ്പെടുമ്പോഴാണ് അയാള്‍ അത്തരമൊരവസ്ഥയില്‍ എത്തിപ്പെടുക. തന്‍റെ സുഹൃത്തായ ലാസര്‍ മരിച്ചു എന്നറിഞ്ഞ് അവന്‍റെ വീട്ടിലെത്തുന്ന ക്രിസ്തു അവന്‍റെ സഹോദരിമാരോട് ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ചോ, മരണത്തിന്‍റെ അനിവാര്യതയെക്കുറിച്ചോ, നിത്യജീവനെക്കുറിച്ചോ ഒന്നുമല്ല സംസാരിക്കുന്നത്. പകരം അവരോടൊപ്പം അവന്‍റെയും കണ്ണു നനയുകയാണ്. ആ ഒന്നാകലിന് ആ സ്നേഹിതനെ മരണത്തിന്‍റെ ഇരുണ്ട നിശ്ശബ്ദതയില്‍ നിന്നുപോലും തിരിച്ചുവിളിക്കുവാനുള്ള ശേഷിയുണ്ടായിരുന്നു. നമ്മുടെ ഭരണ നേതൃത്വത്തിന് ഇല്ലാതെപോയത് ഈ എംപതി യായിരുന്നു.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്ത്വവും, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിക്കേണ്ട ഈ ക്രിസ്തുമസ് കാലം, കടലിന്‍റെ അഗാധതയില്‍ ജീവന്‍ വെടിഞ്ഞവരെക്കുറിച്ചും, ആലംബം നഷ്ടപ്പെട്ട അവരുടെ നിസ്സഹായരായകുകുടുംബാംഗങ്ങളെക്കുറിച്ചും ഓര്‍ത്ത് ഒരല്പം വ്യസനം നമ്മുടെ ഉള്ളില്‍ നിറയേണ്ട കാലമാണ്. അവര്‍ക്കുവേണ്ടി വെറുതെ പ്രാര്‍ത്ഥനയും ഉപവാസവു മനുഷ്ഠിച്ചിട്ടും കാര്യവുമില്ല. നമ്മളെക്കൊണ്ട് ചെയ്യാവുന്ന സഹായങ്ങള്‍ അവര്‍ക്കെത്തിക്കുക. കടലെടുത്ത ജീവിതങ്ങളെക്കാള്‍, കടലും, കാറ്റും ബാക്കിയാക്കിയ ജീവിതങ്ങളുടെ അനിശ്ചിതത്വങ്ങളെ നേരിടുവാന്‍ അവരെ പ്രാപ്തരാക്കുവാനുള്ള സന്മനസ്സ് നമുക്കു കാണിക്കാം. അങ്ങനെ, ഈ ക്രിസ്തുമസ് നമുക്ക് മറ്റേതു ക്രിസ്തുമസിനെക്കാളും പ്രഭാപൂരിതമായ ഒന്നായി മാറ്റാം.

Leave a Comment

*
*