ക്രിസ്തുവിന്‍റെ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും : ബൈബിള്‍ നമ്മോടു പറയുന്നത്

ക്രിസ്തുവിന്‍റെ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും : ബൈബിള്‍ നമ്മോടു പറയുന്നത്

ബോബി ജോര്‍ജ്ജ്, ബാംഗ്ലൂര്‍

ആമുഖം:
Joseph Campbell-ന്‍റെ പ്രശസ്തമായ ഒരു പു സ്തകമുണ്ട്. The hero with a thousand faces. ഇതുപോലെ അനേകം മുഖങ്ങളുള്ള ഒരു ക്രിസ്തുവിനെയാണ് നമ്മള്‍ ബൈബിളില്‍ കണ്ടുമുട്ടുന്ന ത്. ഓരോരുത്തരും അവരവര്‍ക്കിഷ്ടപ്പെട്ട ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്നു. ചിലര്‍ മനുഷ്യ വര്‍ഗ്ഗത്തെ രക്ഷിക്കാന്‍ വന്ന ക്രിസ്തുവിനെ മാത്രം കാണുമ്പോള്‍ വേറെ ചിലര്‍ക്ക് ക്രിസ്തു അത്ഭുതപ്രവര്‍ത്തകനും, അധ്യാപകനും ആയി മാറുന്നു. മറ്റു ചിലര്‍ക്ക് ക്രിസ്തു അവരുടെ വിപ്ലവ സ്വപ്നങ്ങളുടെ അതുല്യ മാതൃകയും പ്രചോദനവും ആണ്. പാപികളുടെയും, ദരിദ്രരുടെയും കൂട്ടുകാരനായിരുന്ന ഒരു ക്രിസ്തുവും നമുക്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഒരു ചട്ടക്കൂടിനകത്ത് ഒതുക്കി നിര്‍ത്താന്‍ സാധിക്കാത്ത ഒരു ക്രിസ്തുവിനെ നാം ബൈബിളില്‍ കണ്ടെത്തും. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ എല്ലാവര്‍ക്കും എല്ലാമായ ഒരു ക്രിസ്തു. സമഗ്രമായ ഒരു ക്രിസ്തുദര്‍ശനത്തിനു മാത്രമേ ശരിയായ ക്രിസ്തുവിനെ നല്കാന്‍ സാധിക്കൂ. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ക്രിസ്തുവിനെ നാം ഇന്ന് വായിച്ചെടുക്കുക എന്നതിന്‍റെ അര്‍ത്ഥം, ക്രിസ്തു പറഞ്ഞതിനും, പ്രവര്‍ത്തിച്ചതിനും എന്ത് പ്രസക്തി അന്നുണ്ടായിരുന്നോ അത് ഇന്നും ഉണ്ട് എന്നാണ്. ക്രിസ്തു തന്നെ നമ്മോടു പറയുന്നു, താന്‍ മരിച്ചവരുടെ അല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ് (മര്‍ക്കോസ് 12:27). ഇന്ന് ജീവിച്ചിരിക്കുന്ന മജ്ജയും മാംസവുമുള്ള എല്ലാ മനുഷ്യരോടും ക്രിസ്തു സംവദിക്കുന്നു. മജ്ജയും മാംസവുമുള്ള എന്ന് നാം പറയുമ്പോള്‍ സാമൂഹ്യജീവിയും രാഷ്ട്രീയജീവിയും ആയ മനുഷ്യനെയാണ് നാം അര്‍ത്ഥമാക്കുന്നത്. അവന്‍റെ സാമ്പത്തികവ്യവഹാരങ്ങളും നാം മറച്ചു പിടിക്കുന്നില്ല. ഇങ്ങനെയുള്ള മനുഷ്യന് ബൈബിളിന്‍റെ താളുകളില്‍ നിന്ന് എന്താണ് ലഭിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വ്യാപരിക്കുന്ന മനുഷ്യനോടു ബൈബിള്‍ എന്താണ് പറയുന്നത്? വേറൊരു അര്‍ത്ഥത്തില്‍, എന്തായിരുന്നു ക്രിസ്തുവിന്‍റെ രാഷ്ട്രീയ, സാമ്പത്തിക ദര്‍ശനം? ഇന്ന് അതിന്‍റെ പ്രായോഗികത എന്താണ്? ആധുനിക മനുഷ്യന്‍റെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ക്രിസ്തുവിന്‍റെ മറുപടി എന്താണ്? ഈ ഒരു അന്വേഷണത്തിനാണ് നാം ഇവിടെ മുതിരുന്നത്.

ക്രിസ്തുവിന്‍റെ രാഷ്ട്രീയം:
ബന്ധിതര്‍ക്കും അന്ധര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി നാളിതുവരെ മുഴങ്ങിയിട്ടുള്ള ഏറ്റവും ഗംഭീരമായ ശബ്ദം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ജൂതസിനഗോഗിനകത്തു നിന്നായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു (ലുക്കാ 4:18). ക്രിസ്തുവിന്‍റെ രാഷ്ട്രീയത്തിന്‍റെ നയപ്രഖ്യാപനമായി ഒരുപക്ഷെ നമുക്ക് ഇതിനെ കാണാം. ബന്ധിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവന്‍റെയും നിലവിളികള്‍ നിലയ്ക്കാത്തിടത്തോളം കാലം ക്രിസ്തുവിന്‍റെ രാഷ്ട്രീയം പ്രസക്തമായി നിലനില്ക്കും. ക്രിസ്തുവിന്‍റെ കാലത്തെ അപേക്ഷിച്ച് രാഷ്ട്രീയ വ്യവഹാരങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യത്തിന്‍റെ ഉത്തരം നമ്മെ കൊണ്ടെത്തിക്കുന്നത് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയിലേക്കും നീതിക്കും സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ലോകവ്യാപകമായി നടക്കുന്ന പോരാട്ടങ്ങളിലേക്കും പൊതു ജീവിതത്തിലെ സത്യസന്ധതയ്ക്കും, ധാര്‍മ്മികതയ്ക്കും വേണ്ടി നടക്കുന്ന നിലയ്ക്കാത്ത സമരങ്ങളിലേക്കും ആയിരിക്കും. ലോകമെമ്പാടും നടക്കുന്ന മനുഷ്യക്കുരുതിയുടെ മുന്നില്‍, ഗത്സമെനില്‍ വാളിനെതിരായി മുഴങ്ങിയ ശബ്ദം (മത്തായി 26:52) ഇന്നും പ്രകമ്പനം കൊള്ളുന്നു.

പുതിയ നിയമത്തില്‍ യേശു ലോകത്തിനു നല്കുന്ന ഏറ്റവും വലിയ സന്ദേശം സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും പരിഹരിക്കാന്‍ പറ്റാത്തതായി ഒരു പ്രശ്നവും ഈ ലോകത്തില്ല എന്നുള്ളതാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം ഊന്നിപ്പറയുന്നത് നമുക്ക് കാണാന്‍ സാധിക്കും. ക്ഷമിക്കുക എന്ന പ്രവൃത്തിക്കു പരിധി നിശ്ചയിക്കാത്ത യേശുവിനെ ആണ് നാം സുവിശേഷങ്ങളില്‍ കണ്ടെത്തുന്നത്. സഹോദരനോട് ഏഴല്ല എഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞ ക്രിസ്തു (Mathew 18:21). ക്ഷമയെ ഊന്നിപ്പറയുമ്പോള്‍തന്നെ നാം മനസ്സിലാക്കേണ്ട കാര്യം, ക്ഷമിക്കുക എന്നാല്‍ തെറ്റിനോട് സന്ധി ചെയ്യുക എന്നല്ല, മറിച്ച് തെറ്റിനെ വെറുക്കുക എന്നും തെറ്റ് ചെയ്തവനെ സ്നേഹിക്കുക എന്നും ആണ്. തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടണം എന്ന് തന്നെ നാം പറയുന്നു. പ്രശസ്ത എഴുത്തുകാരന്‍ C.S. Lewis തന്‍റെ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട് (Mere Christianity). ക്ഷമ ശക്തന്‍റെ മനോഭാവമാണെന്ന് ഗാന്ധിജി പറയുന്നു. രാജ്യാന്തര ബന്ധങ്ങളിലും, മറ്റു സംഘര്‍ഷ ഭൂമികളിലും ഉദാത്ത മനോഭാവങ്ങളായ ക്ഷമ, സ്നേഹം, രമ്യത എന്നിവ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ രാജ്യങ്ങളെ അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ സമാധാനത്തിലേക്ക് നയിച്ചതിനു ജ്വലിക്കുന്ന മാതൃകകളായി മഹാത്മാഗാന്ധിയും നെല്‍സണ്‍ മണ്ടേലയും നമ്മുടെ മുന്നിലുണ്ട്. അവരുടെ മാതൃകയും നസ്രത്തിലെ യേശുവല്ലാതെ മറ്റാരുമല്ല. ഈ ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ഒരു മനോഭാവത്തില്‍ നിന്നല്ലാതെ, ചോരപ്പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ പറ്റില്ല.

നീതിക്കുവേണ്ടിയുള്ള ദാഹം:
നീതിക്കുവേണ്ടി ദാഹിക്കുന്ന ഒരു പുസ്തകമാണ് ബൈബിള്‍ എന്ന് പറഞ്ഞാല്‍ അത് അതിശ യോക്തിയല്ല. പ്രവാചകനായ ആ മോസ് ഉറക്കെ വിളിച്ചു പറഞ്ഞു. നീതി ജലം പോലെ ഒഴുകട്ടെ, സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും (ആമോസ് 5:24). ക്രിസ്ത്യാനിയുടെ രാഷ്ട്രീയത്തില്‍, നീതി കിട്ടാക്കനി ആയി അവശേഷിച്ചു കൂടാ. യേശു പറയുന്നു. നിങ്ങള്‍ ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് നല്കപ്പെടും (മാത്യു 6:33). പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെയും, പരാ ജയപ്പെട്ടവരെയും തേടി വന്നയാളാണ് യേശു. നീതിനിഷേധത്തിന്‍റെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയുടെ കാര്യം മാത്രമെടുക്കുക. ഭാരതത്തില്‍ ഉടനീളം തങ്ങളുടെ വാസസ്ഥലത്തു നിന്നു പുറന്തള്ളപ്പെട്ട മനുഷ്യരുടെ രോദനം നമുക്ക് കേള്‍ക്കാം. വോട്ടവകാശം ഉണ്ടെങ്കിലും, സ്വന്തം രാജ്യത്തു പരദേശികളെപ്പോലെ ജീവിക്കേണ്ടി വരുന്ന ലക്ഷങ്ങള്‍ ഉണ്ടിവിടെ. എല്ലാവരുടെയും ശാക്തീകരണമാണ് നാം ലക്ഷ്യം വയ്ക്കേണ്ടത്. ജാതി വ്യവസ്ഥയുടെ കനത്ത ഭാരം പേറേണ്ടി വന്ന രാജ്യമാണിത്. സ്വാതന്ത്ര്യം കഴിഞ്ഞു 69 വര്‍ഷം കഴിഞ്ഞിട്ടും, ദളിത് വിഭാഗങ്ങള്‍ ഇപ്പോഴും കടുത്ത വിവേചനം ഈ രാജ്യത്തു നേരിടുന്നു. ദളിതരുടെ നേരെ നടക്കുന്ന മൃഗീയമായ ആക്രമണങ്ങള്‍ പലപ്പോഴും ആരുടെയും ശ്രദ്ധയില്‍ പെടാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്താണ് നമ്മുടെ പ്രതികരണം? യാതൊരു സംശയത്തിനും ഇട നല്കാതെ ദുര്‍ബലന്‍റെ പക്ഷം പിടിക്കാന്‍ സഭ നമ്മോട് ആഹ്വാനം ചെയ്യുന്നു. നമ്മുടെ മുമ്പിലുള്ള മാതൃകയും അതുതന്നെ. വിക്കനായ മോശയെ ഉയര്‍ത്തിയ, അറിവില്ലാത്തവരെ അപ്പസ്തോലന്മാരാക്കിയ, ദൈവത്തെയാണ് നാം ആരാധിക്കുന്നത്. പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം ഓര്‍ക്കുക. ശക്തരെ സിംഹാസനത്തില്‍ നിന്നും മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി (ലൂക്കാ 1:52). സമൂഹത്തിലെ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുമ്പോഴാണ് ജനാധിപത്യം മനോഹരമാകുന്നത്. ഒരു പക്ഷെ ഈ കാലഘട്ടത്തില്‍ നാം ഏറ്റവും ജാഗ്രതയോടെ ഇരിക്കേണ്ട ഒരു കാര്യം, ജനാധിപത്യത്തിന്‍റെ പുറംപോക്കിലായി പോകുന്നവരെ തിരിച്ചുപിടിക്കാനാണ്. ദളിതര്‍, മത-ഭാഷാന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദരിദ്രര്‍ തുടങ്ങി അധികാരകേന്ദ്രങ്ങളില്‍ നിന്നും മാറി നില്ക്കുന്ന മനുഷ്യരോട് പക്ഷം ചേരാന്‍ നാം ഒരിക്കലും മടി കാണിക്കരുത്. ഇതായിരുന്നു ക്രിസ്തുവിന്‍റെ മനോഭാവം. ദൈവം അധികാരത്തിന്‍റെ കൂടെയല്ല, സത്യത്തിന്‍റെ കൂടെയാണെന്ന് Dostoevsky പറയുന്നു.

ക്രിസ്തു എന്ന വിപ്ലവകാരി:
അസമത്വങ്ങളുടെയും, അടിച്ചമര്‍ത്തലുകളുടെയും, കാലഹരണപ്പെട്ട വ്യവസ്ഥിതികളുടെയും കാലഘട്ടത്തില്‍ വിപ്ലവം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഈ ലോകത്ത് വന്നിട്ടുള്ള വലിയ സാമൂഹ്യമാറ്റങ്ങളുടെ എല്ലാം പിന്നില്‍ കുറച്ചു വിപ്ലവകാരികളുടെ സ്വപ്ന ങ്ങള്‍ നാം കണ്ടെത്തും. ഭയമില്ലാതെ, സ്നേഹത്തിലൂടെ എങ്ങനെ വിപ്ലവം കൊണ്ടുവരാമെന്ന് കാണിച്ച ആളാണ് യേശു. ഏതു കാലഘട്ടത്തിലെ വിപ്ലവകാരിക്കും ഉറ്റു നോക്കാവുന്ന ഉദാത്തമായ ഒരു മാതൃകയാണ് യേശുവിന്‍റേത്. എല്ലാ അര്‍ത്ഥത്തിലും താന്‍ ജീവിച്ചിരുന്ന കാലത്തിനു മുമ്പേ നടന്ന ആളായിരുന്നു യേശു. നിയമത്തിനു അനുരൂപനാകാനല്ല, മറിച്ച്, വേണ്ടി വന്നാല്‍ നിയമങ്ങളെ മാറ്റാനാണ് യേശു ആഗ്രഹിച്ചത്. യേശു ജൂതനിയമങ്ങളെ തെറ്റിക്കുന്ന ജൂതനായത് മനുഷ്യര്‍ക്കു വേണ്ടിയാണ്. സാബത്ത് മുതല്‍ വിവാഹ മോചനം വരെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള യേശുവിന്‍റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കുക. യേശു കാണുന്നത് മനുഷ്യനെയാണ്, നിയമങ്ങളെയല്ല. തന്‍റെ പരസ്യജീവിതത്തില്‍ ഉടനീളം, മനുഷ്യനെ ബന്ധനസ്ഥനാക്കുന്ന നിയമങ്ങളോട് കലഹിക്കുന്ന യേശുവിനെ നമുക്ക് കാണാം. സത്യത്തിന്‍റെ ഭാഗത്ത് അടിയുറച്ചുനിന്ന്, ദുര്‍ബലരായ മനുഷ്യര്‍ക്കു വേണ്ടി പട പൊരുതുവാന്‍ യേശു നമ്മെ നിര്‍ബ്ബന്ധിക്കുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, നാം ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കണ്ടതു പോലെ, അക്രമത്തിനെതിരായുള്ള ശക്തമായ നിലപാടുകൂടിയാണ്. ഇവിടെയാണ് ക്രിസ്തുവിന്‍റെ മാര്‍ഗം വ്യത്യസ്തമാകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു ക്രിസ്ത്യാനി സ്വീകരിക്കേണ്ട നിലപാട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അടിവരയിട്ടു പറയുന്നുണ്ട്. ഇക്കാലത്തെ മനുഷ്യരുടെ, വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും, സങ്കടങ്ങളും, ഉത്കണ്ഠയുമെല്ലാം ക്രിസ്തുവിന്‍റെ അനുയായികളുടെയും കൂടിയാണ്ڈ(സഭ ആധുനിക ലോകത്തില്‍ 1).

ക്രിസ്തുവിന്‍റെ സാമ്പത്തികശാസ്ത്രം:
ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല (Mathew 6:24) എന്നുള്ള ക്രിസ്തുവിന്‍റെ പരാമര്‍ശം ഒരുപക്ഷെ, ക്രിസ്തുവിന്‍റെ സാമ്പത്തിക ദര്‍ശനം തേടുന്ന ഏവരെയും ധര്‍മ്മസങ്കടത്തില്‍ ആക്കിയേക്കാം. മറ്റൊരിടത്ത് യേശു പറയുന്നു, ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ചുരുക്കത്തില്‍ സമ്പത്തിനെ സംബധിച്ച് ബൈബിളിന്‍റെ ഭാഷ മയമില്ലാത്തതാണെന്ന് നമുക്ക് തോന്നാം. മനുഷ്യസമൂഹത്തെ മുഴുവന്‍ ചലിപ്പിക്കുന്ന ചാലകശക്തിയാണ് സമ്പത്ത് എന്ന് വരികില്‍, അതിന്‍റെ ക്രയവിക്രയങ്ങള്‍ അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. മനുഷ്യരാശിയുടെ നിലനില്പ്പു തന്നെ സമ്പത്തിന്‍റെ നീതിപൂര്‍വകമായ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക സമ്പല്‍സമൃദ്ധിയും വിഭവങ്ങളും ധനശേഷിയും ഇന്നത്തെപ്പോലെ മനുഷ്യരാശിക്ക് ഒരിക്കലുമുണ്ടായിട്ടില്ല. എന്നിട്ടും ലോകജനതയില്‍ സിംഹഭാഗവും പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുന്നു (സഭ ആധു നിക ലോകത്തില്‍). ഇക്കാരണം കൊണ്ടുതന്നെ സമ്പത്തിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ക്രെെസ്തവ വീക്ഷണം കാലത്തിന്‍റെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ബൈബിള്‍ എന്താണ് പഠിപ്പിക്കു ന്നത്? എന്താണ് യേശു സമ്പത്തിനെക്കുറിച്ചു നമ്മോടു പറയുന്നത്. ഇവ ഈ കാലഘട്ടത്തില്‍ എത്രമാത്രം പ്രായോഗികമാണ്?

ആധുനിക ലോകത്തിന്‍റെ അത്യാഗ്രഹത്തിനും സ്വരുക്കൂട്ടലിനും മുന്നറിയിപ്പുകള്‍ തന്ന ഒരു രക്ഷകനെ ആണ് നാം ബൈബിളില്‍ കണ്ടുമുട്ടുന്നത്. കര്‍ത്താവു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ശ്രദ്ധിക്കുക. അവിടെ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത് അന്നന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണേ എന്നാണ് അല്ലാതെ ഒരു മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ വേണ്ട ആഹാരം തരണേ എന്നല്ല. ഇത് ശ്രദ്ധേയമായ ഒന്നാണ്. ലൂക്കായുടെ സുവിശേഷത്തിലെ ഭോഷനായ ധനികന്‍റെ ഉപമ നമുക്കറിയാം (ലൂക്കാ 12:16-21). ദൈവസന്നിധിയില്‍ സമ്പന്നനാകാതെ, തനിക്കുവേണ്ടി സമ്പത്ത് ശേഖരിച്ചു വെയ്ക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീതാണ് ആ ഉപമ. ലൂക്കായുടെ സുവിശേഷത്തില്‍ തന്നെ നാം സക്കേവൂസിനെയും കണ്ടുമുട്ടുന്നു. യേശുവിന്‍റെ സന്നിധിയില്‍ വച്ച്, സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുന്ന സക്കേവൂസിനെയാണ്, സ്വത്തു കുമിഞ്ഞു കൂടി അയല്ക്കാരനെ കാണാത്ത അന്ധത ബാധിച്ചിരിക്കുന്ന ലോകത്തിനു മുന്നില്‍ യേശു അവതരിപ്പിക്കുന്നത്. എല്ലാം പിടിച്ചെടുക്കുക എന്നുള്ളത്, മനുഷ്യന്‍റെ ഏറ്റവും പ്രാകൃതമായ സ്വഭാവമായി, പ്രസിദ്ധ എഴുത്തുകാരന്‍ എല്യാസ് കാനേറ്റി അവതരിപ്പിക്കുന്നു. പണത്തിനു ഏറ്റവും മൂല്യം കല്പ്പിക്കുന്ന ലോകവ്യവസ്ഥയെ, Small is Beautiful എന്ന തന്‍റെ പ്രശസ്തമായ ഗ്രന്ഥത്തില്‍ ഷൂമാക്കെര്‍ അപലപിക്കുന്നു. പോപ്പ് ഫ്രാന്‍സിസ് പറയുന്നു: "മനുഷ്യന്‍റെ പ്രാധാന്യം നാം മറന്നിരിക്കുന്നു. പഴയ നിയമത്തില്‍ നാം സ്വര്‍ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരാധിച്ചെങ്കില്‍ ഇന്ന് നാം ധനം എന്ന വിഗ്രഹത്തെ ആരാധനയ്ക്കായി സൃഷ്ടിച്ചിരിക്കുന്നു.(Evangelii Gaudium 55)

ക്രൈസ്തവന്‍റെ പങ്കുവയ്ക്കല്‍:
ക്രിസ്തുമതം പങ്കുവയ്ക്കലിന്‍റെ മതമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. ബൈബിളിന്‍റെ താളുകളില്‍ സ്പന്ദിക്കുന്നത് ഉള്ളവന്‍ ഇല്ലാത്തവനുമായി എല്ലാം പങ്കുവയ്ക്കണമെന്ന സന്ദേശമാണ്.

ദരിദ്രര്‍ നമ്മുടെ ചുറ്റും ജീവിക്കുന്ന ഈ കാലഘട്ടത്തില്‍, നമുക്കുള്ളത് അവരുമായി പങ്കുവയ്ക്കുവാന്‍ ക്രിസ്തു ആഹ്വാനം ചെയ്യുന്നു. എല്ലാ പുണ്യപ്രവൃത്തികളിലും വച്ച്, വിശക്കുന്നവനോടും ദാഹിക്കുന്നവനോടും പരദേശിയോടും രോഗിയോടും ഉള്ള നമ്മുടെ സമീപനമാണ് നമ്മെ നിത്യ സമ്മാനത്തിനു അര്‍ഹമാക്കുന്നതെന്ന് ക്രിസ്തു അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ നമ്മോടു പറയുന്നു (മത്തായി 25:31-46). എല്ലാ എളിയ സഹോദരരിലും ദൈവത്തെ കാണുവാന്‍ യേശു നമ്മോടു പറയുന്നു. പുതിയ ലോകക്രമത്തില്‍ ഒരു ക്രൈസ്തവനു ചെയ്യാന്‍ വേറൊന്നും ഇല്ല തന്നെ. തോല്‍വിയുടെ തീരത്ത് ഒറ്റയ്ക്കിരിക്കുന്ന മനുഷ്യനെ തേടിപോകാന്‍ ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ നിര്‍ബന്ധിക്കണം. ദരിദ്രരോട് പക്ഷംപിടിക്കുന്ന ഒരു ക്രിസ്തുവിനെയാണ് സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നത്. തന്‍റെ വാക്കുകളിലും പ്രവൃത്തികളിലും ഇക്കാര്യം ഊന്നിപ്പറയാന്‍ ഒരിക്കലും ക്രിസ്തു മടിക്കുന്നില്ല. ദരിദ്രനും അവന്‍റെ മനോഭാവത്തിനും കര്‍ത്താവു കൊടുക്കുന്ന വില അറി യാന്‍ വിധവയുടെ ചില്ലിക്കാശിനെക്കുറിച്ചുള്ള യേശുവിന്‍റെ വീക്ഷണം ഓര്‍ക്കുക. പാവങ്ങളെ സ്നേഹിച്ച ഒരു യേശു ഇവിടെ പിറന്നില്ലായിരുന്നെങ്കില്‍, സ്നേഹത്തിന്‍റെ സുവിശേഷം ഇവിടെ വളര്‍ത്തിയ ഒരു ഫാദര്‍ ഡാമിയനോ ഒരു മദര്‍ തെരെസയോ ഫ്രാന്‍സിസ് അസ്സിസ്സിയോ നമുക്കുണ്ടാവില്ലായിരുന്നു. സ്നേഹത്തിന്‍റെ സ്വരം കേള്‍ക്കുന്ന ക്രിസ്ത്യാനികള്‍ വസിക്കുന്ന ഒരു ലോകത്തില്‍, ഒരു സാമ്പത്തിക ക്രമത്തിനും ദരിദ്രരെ ചവിട്ടി മെതിക്കാന്‍ സാധിക്കില്ല.

ഉപസംഹാരം:
മഹാനായ കവി ഒക്ടാവിയോ പാസ് എഴുതി. രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു. ആഗ്രഹങ്ങളും ചിന്തകളും മാംസം ധരിക്കുന്നു. അടിമയ്ക്ക് ചിറകു മുളയ്ക്കുന്നു. ഇതുപോലെതന്നെ, നമുക്കുള്ളതിന്‍റെ കൂടെ, യേശുവിന്‍റെ സ്നേഹം ചേര്‍ത്തു വയ്ക്കുമ്പോള്‍ ലോകം മാറുന്നു. യേശുവിന്‍റെ രാഷ്ട്രീയത്തിന്‍റെയും, സാമ്പത്തികശാസ്ത്രത്തിന്‍റെയും സമകാലിക പ്രസക്തി നാം അന്വേ ഷിക്കുമ്പോള്‍, എത്തിച്ചേരുന്നത് ഇവിടെയാണ്. മനുഷ്യന്‍റെ രാഷ്ട്രീയത്തോട് യേശുവിന്‍റെ രാഷ്ട്രീയം ചേര്‍ത്തു വയ്ക്കുമ്പോള്‍ അത് മനുഷ്യപ്പറ്റുള്ളതാകുന്നു. മനുഷ്യന്‍റെ സമ്പത്തിനോട് യേശുവിന്‍റെ കരുണ ചേര്‍ത്തു വയ്ക്കുമ്പോള്‍, അത് എല്ലാവരുടെയും സമ്പത്തായി മാറുന്നു. ചുരുക്കി പറഞ്ഞാല്‍, മൂന്നു തരത്തിലാണ് ക്രിസ്തു ആധുനിക ലോകത്തില്‍ ഇടപെടുന്നതെന്ന് കാണാം. ഒന്ന്: അത് ലോകത്തിനു മനസ്സാക്ഷിയുടെ സ്വരമാണ്. ഇത് ചെയ്യരുത്, അത് ചെയ്യണം എന്ന് പറയുന്ന സ്വരം. നീതിക്കുവേണ്ടി നിശബ്ദമായി ഉയരുന്ന മനസ്സാക്ഷിയുടെ സ്വരം. രണ്ടാമതായി, ക്രിസ്തു തരുന്നത് സ്നേഹത്തിന്‍റെ സ്പര്‍ശമാണ്. നമ്മുടെ രാഷ്ട്രബന്ധങ്ങളിലും, വ്യക്തിബന്ധങ്ങളിലും എല്ലാം അ നുഭവപ്പെടുന്ന സ്നേഹത്തിന്‍റെ ഒരു കുറവുണ്ട്. അത് നികത്താന്‍ യേശുവിനേ സാധിക്കൂ. പരാജയപ്പെട്ട ഇസങ്ങളുടെ പിറകിലേക്ക് നോക്കൂ. മനുഷ്യനെ മനുഷ്യനായി കാണുന്നതില്‍ വന്ന പരാജയം നാം അവിടെ കാണും. സിദ്ധാന്തങ്ങള്‍ മാത്രം തേടിയപ്പോള്‍, സ്നേഹവും കരുണയും സ്വതന്ത്ര്യവും ദാഹിച്ചു വന്ന മനുഷ്യനെ മറന്നു പോയി. മൂന്നാമതായി, യേശു നമ്മുടെ മുന്നില്‍ വയ്ക്കുന്നത് അനുരഞ്ജനത്തിന്‍റെ മനോഭാവമാണ്. മനുഷ്യന്‍ യുദ്ധങ്ങളെക്കുറിച്ചു പറയാന്‍ കൊതിക്കുമ്പോള്‍ യേശു പറയുന്നത്, വരുവിന്‍, നമുക്ക് രമ്യതപ്പെടാം എന്നാണ്. വാളെടുക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യേശു നമ്മെ വെല്ലുവിളിക്കുന്നു.

ഏശയ്യായുടെ പുസ്തകത്തില്‍ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കുന്ന ദൈവത്തെ നാം കാണുന്നു (65:17). ക്രിസ്തുവിനോടു ചേര്‍ന്നു നിന്നുകൊണ്ട് പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കാന്‍ ഓരോ ക്രൈസ്തവനും വിളിയുണ്ട്. ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയുന്ന, സിംഹം കാളയെപ്പോലെ വയ്ക്കോല്‍ തിന്നുന്ന, ആരും ഉപദ്രവമോ നാശമോ ചെയ്യാത്ത ഭൂമി. യേശു സ്വപ്നം കണ്ട ശാന്തശീലര്‍ അവകാശമാക്കുന്ന ഭൂമിയെ നമുക്കിതിനോട് ചേര്‍ത്തു വായിക്കാം. എല്ലാവരുടെയും മിഴികളില്‍ നിന്നും ക്രിസ്തു കണ്ണീര്‍ തുടച്ചുനീക്കുന്ന പുതിയ ഭൂമി. അവിടെ ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടു കൂടെ ആയിരിക്കും. അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. ദുഃഖമോ, മുറവിളിയോ, വേദനയോ ഇല്ലാത്ത പുതിയ ആകാശവും പുതിയ ഭൂമിയും (വെളിപാട് 21:3-4). ഇതാണ് ക്രിസ്തുവിന്‍റെ രാഷ്ട്രീ യവും, സാമ്പത്തികശാസ്ത്രവും.

(സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org