ക്രിസ്തുവിന്‍റെ സ്വപ്നം; മോദിയുടെയും!

ക്രിസ്തുവിന്‍റെ സ്വപ്നം; മോദിയുടെയും!

ജോര്‍ജ് കട്ടയ്ക്കല്‍

വലിയ സ്വപ്നങ്ങള്‍ കാണുന്നയാളാണ് അല്‍ഫോന്‍സ് കണ്ണന്താനം. സ്വന്തമായി സ്വപ്നം കാണുക മാത്രമല്ല, മറ്റുള്ളവരുടെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുകയും താരതമ്യപഠനം നടത്തുകയുമൊക്കെ ചെയ്യുന്ന ബുദ്ധിജീവിയാണദ്ദേഹം. ഗവര്‍ണര്‍, കേന്ദ്രമന്ത്രി പോലുള്ള സ്വകാര്യസ്വപ്നങ്ങളൊന്നുമല്ല അദ്ദേഹം താലോലിച്ചത്. കേരളത്തിലെ ക്രിസ്ത്യാനികളും ഭാരതീയ ജനതാപാര്‍ട്ടിയും ആലിംഗനം ചെയ്യുന്ന സുന്ദരസുദിനമായിരുന്നു അദ്ദേഹത്തിന്‍റെ കനവ് നിറയെ. ഒരു പുതിയ അമേരിക്കയെക്കുറിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കണ്ടതുപോലൊരു സ്വപ്നം.

കണ്ണന്താനത്തിന്‍റെ ചരിത്രാന്വേഷണത്തില്‍, വലിയ സ്വപ്നങ്ങള്‍ കണ്ട ഒരാള്‍ പണ്ടു പാലസ്തീനായില്‍ ജീവിച്ചിരുന്നു. ഏതാണ്ടൊരു രണ്ടായിരത്തിചില്വാനും കൊല്ലം മുമ്പ്. അദ്ദേഹത്തിന്‍റെ ഛായയുള്ള മറ്റൊരു സ്വപ്നക്കാരനെ ചരിത്രത്തിലിങ്ങോട്ട് തപ്പിയിട്ടു കണ്ടുകിട്ടിയില്ല. ആ സത്യാന്വേഷി തപ്പിത്തപ്പി വര്‍ത്തമാനകാല ഭാരതത്തിലെത്തിയപ്പോഴുണ്ട് അങ്ങനെയൊരാള്‍. ക്രിസ്തുവിന്‍റെ അതേ സ്വപ്നം (മാനവമോചനം) കാണുന്ന ഒരാള്‍. ഗുജറാത്തിലെ വലിയ മനുഷ്യസ്നേഹി, കുറ്റിത്താടി, മുറിക്കയ്യന്‍ കൂര്‍ത്ത അങ്ങനെ രൂപത്തില്‍ ചെറിയ വ്യത്യാസം മാത്രം. അന്നു മുതല്‍ മനസ്സിന്‍റെ ശ്രീകോവിലില്‍ ആ ചിത്രം പ്രതിഷ്ഠിച്ചതാണ്. പക്ഷേ, ഇടതുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ പരസ്യപൂജ തരമായില്ല. കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞതും നേരെ മിസ്ഡ് കോളടിച്ചു ദേശസ്നേഹിയായ ഭാരതീയനായി. ഐഎഎസ് രാജിവച്ച ഉടനെ കാഞ്ഞിരപ്പള്ളിയില്‍ നോമിനേഷന്‍ കൊടുത്തതുപോലെ എന്ന് ഉപമിക്കാം. പിന്നെ, നാം കേട്ടതൊക്കെ മോദിയെന്ന മിശിഹായെപ്പറ്റിയും ഗുജറാത്തെന്ന വാഗ്ദത്ത ദേശത്തെപ്പറ്റിയുമായിരുന്നു. കേരളത്തിലെ ബിജെപിക്കാര്‍ക്ക് അദ്ദേഹത്തെ എന്നിട്ടും പെരുത്തിഷ്ടമാണ്. മുഴുവന്‍ പേര് ഇപ്പോഴും വിളിക്കില്ല. ചാനലില്‍ വന്നാല്‍ അല്‍ഫോന്‍സ എന്നേ പരാമര്‍ശിക്കൂ.

ഈ മണിമലക്കാരന്‍ പണ്ടൊരു സിംഹമായിരുന്നു. എച്ച്കെഎല്‍ ഭഗത്തിനെപ്പോലുള്ള കേന്ദ്രമന്ത്രിമാരെ വരെ വിറപ്പിച്ച ഒരു സാ ക്ഷാല്‍ പുലിമുരുകന്‍. ബുള്‍ഡോസറും എളിയില്‍ രണ്ടു തോക്കും കൂട്ടിനൊരു പട്ടിയുമൊക്കെയായി അന്ന് ഡല്‍ഹി വെടിപ്പാക്കി. ഇത്തവണ ഇടിച്ചുനിരത്താനല്ല പുറപ്പാട്. മറിച്ച്, പാലം പണിയാനാണ്. കോര്‍പ്പറേറ്റ് ഓഫീസ് ഡല്‍ഹിയില്‍. വര്‍ക്ക്സൈറ്റ് കേരളം. ടെന്‍ഡര്‍ ഉറപ്പിച്ചെന്നു പറയാന്‍ ഏഴു തവണയാണു മുകളീന്നു വിളിച്ചത്. പക്ഷേ, അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫ്ളൈറ്റ് മോഡിലായിരുന്നു. കേരള സെക്രട്ടറിയേറ്റിലേക്കു കുമ്മനത്തിനെത്താന്‍ പാലം പണിയാന്‍ കണ്ണന്താനം റെഡി. പാലാ, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലെ റബര്‍ത്തോട്ടത്തില്‍ അങ്ങനെ താമരകൃഷിക്കു മണ്ണൊരുക്കല്‍ ആരംഭിക്കുകയായി. റബറിനു വിലക്കുറവായതിനാല്‍ ഇടവിളയായി താമര നടാന്‍ ചേട്ടന്മാര്‍ തയ്യാറായേക്കുമെന്നാണു വാരഫലം.

പാലം പണിയുന്നതു നല്ല കാര്യം. അതു സ്വാതന്ത്ര്യം. പക്ഷേ കര്‍ത്താവിനിട്ടു പണിതിട്ടു വേണ്ടിയിരുന്നോ സ്വന്തം പണി ഉറപ്പിക്കാന്‍? "ക്രിസ്തുവിന്‍റെയും മോദിയുടെയും സ്വപ്നം ഒന്നുതന്നെ." പുതുമന്ത്രി കേരളത്തില്‍ വന്നു നിസ്സംശയം പ്രസ്താവിച്ചു. അപ്പോള്‍പ്പിന്നെ സംശയം വേണ്ട. ഈ പാലത്തിനു പാമ്പന്‍ പാലത്തിന്‍റെ കരുത്തായിരിക്കും. ജോസ്മോന്‍റെ പേരില്‍ അങ്കിളിനോടുടക്കി പിന്നെ വല്യ പുള്ളിയായി പിന്നെ പലയിടത്തും കറങ്ങിനടന്ന് ഒടുവില്‍ താമരക്കുളത്തില്‍ പിന്നേം നീന്തല്‍ പഠിക്കാനിറങ്ങിയ തോമാശ്ലീഹായുടെ പേരുകാരനും കൂട്ടിനുണ്ട്.

സ്വപ്നം വ്യാഖ്യാനിച്ചാണു സിഗ്മണ്ട് ഫ്രോയ്ഡ് മനഃശാസ്ത്രത്തിന്‍റെ പിതാവായത്. രാജാവിന്‍റെ സ്വപ്നം വ്യാഖ്യാനിച്ചാണു പഴയനിയമത്തിലെ ജോസഫ് ഫറവോയുടെ മന്ത്രിയായത്. നരേന്ദ്രമോദി യുടെ സ്വപ്നം വ്യാഖ്യാനിച്ചാണു കെ.ജെ. അല്‍ഫോന്‍സും മന്ത്രിയായത്. താരതമ്യസ്വപ്നപഠനം എന്നൊരു പഠനവിഭാഗം കണ്ണന്താനത്തിന്‍റെ പേരില്‍ കോട്ടയത്തെ സര്‍വകലാശാലയില്‍ ആരംഭിക്കാനും ഇടയുണ്ട്. പാഠപുസ്തകങ്ങളും ചരിത്രവും ഒടുവില്‍ ശാസ്ത്രവും വരെ തിരുത്തിയെഴുതുമ്പോള്‍ ഇതെത്ര നിസ്സാരം! മോദിയില്‍ ക്രിസ്തുവിനെ ദര്‍ശിച്ച വ്യാഖ്യാതാവ് ക്രിസ്തുവില്‍ മോദിയെ ദര്‍ശിക്കാത്തതു മഹാഭാഗ്യം. മോദിയുടെ ആത്മാവിനാല്‍ നിറയപ്പെട്ട കണ്ണന്താനം ക്രിസ്ത്യാനികളെ സദ്വാര്‍ത്ത അറിയിക്കാന്‍ കേരളത്തില്‍ കൂടക്കൂടെ വരുമെന്നു നമുക്കു പ്രത്യാശിക്കാം.

കണ്ണന്താനം ഒന്നൊന്നര സംഭവമാണ്. മിസ്ഡ്കോള്‍ തിരിച്ചുവിളിച്ചു രക്ഷപ്പെട്ട മറ്റാരെയെങ്കിലും ഈ പുണ്യഭാരതത്തില്‍ കേട്ടിട്ടുണ്ടോ? അറിഞ്ഞതൊക്കെ ധനനഷ്ടത്തിന്‍റെയും മാനഹാനിയുടെയും കഥകളാണ.് പിള്ളേരുടെ ഭാഷയില്‍, മാഡം അതിനെപ്പറ്റി എന്തൊരു തള്ളാ തള്ളിയത്. എവിടെവച്ചു കണ്ടാലും ഓടിവരും, കെട്ടിപ്പിടിക്കും. ആര്? നരേന്ദ്രമോദി. ആരെ? കണ്ണന്താനത്തെ.

"യഥാ രാജഃ തഥാ പ്രജഃ" എന്നാണല്ലോ ഭാരതീയ പ്രമാണം. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന് എന്‍റെ തര്‍ജ്ജമ. ഈ കഥയൊക്കെ കേട്ടിട്ടു രാജാവാര് എന്നൊന്നും ചോദിക്കരുത്. ഒരു കാട്ടില്‍ ഒരു സിംഹമേ പാടുള്ളൂ. രാജാവിന്‍റെ മുമ്പില്‍ മന്ത്രി വെറും ശിശു. ഈ ശിശു വളരാന്‍ ഒത്തിരി നവരാത്രിയും ശിവരാത്രിയും കഴിയണം. നമുക്കു കാത്തിരിക്കാം. എങ്കിലല്ലേ അച്ഛാ ദിന്‍ വരൂ. ഇന്ദ്രപ്രസ്ഥം ആകെ ഒരു ബഡായി ബംഗ്ലാവായി മാറുന്നതു കാണുന്നത് ഒരാനച്ചന്തം തന്നെയാണ്.

കണ്ണന്താനത്തിന്‍റെ പരിഭവം കേരളത്തിലെ പത്രക്കാരെല്ലാം ഗൗരവക്കാരായതിലാണ്. മലയാളം ചാനല്‍ കാണാറില്ല. പത്രത്തോടു ചതുര്‍ത്ഥിയില്ലെന്നു മാത്രം. നര്‍മ്മബോധം വേണം; നര്‍മ്മബോധം. അതുകൊണ്ടു ധര്‍മ്മബോധം അല്പം കുറഞ്ഞാലും കുഴപ്പമില്ലെന്നു തീരുമാനിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാ. നര്‍മ്മബോധമില്ലെങ്കില്‍ ഇതുക്കൂട്ടു തള്ള് കേള്‍ക്കുമ്പോള്‍ സകലതിന്‍റേം ഹാര്‍ട്ട് തള്ളിപ്പോകും. അല്ലേലും രാഷ്ട്രീയത്തേക്കാള്‍ നല്ല തമാശ വേറെ എവിടെ കിട്ടാനാണ്!

കണ്ണന്താനം തമാശയുടെ അംബാസിഡറാകാനാണു പുറപ്പാട്. രാഷ്ട്രത്തെ മൊത്തം ചിരിപ്പിക്കാനാണു പദ്ധതി. ടൂറിസം വികസനത്തിനും അതു നല്ലതാണ്. ട്രോളര്‍മാര്‍ ആഹ്വാനം ശരിക്കും ഏറ്റെടുത്തു. പെട്രോളും കക്കൂസും തമ്മിലുള്ള ചേരിചേരാബന്ധം ഇപ്പോഴാണു നമുക്കു പിടികിട്ടിയത്. ഏത്? ബൈക്കുള്ള കേരളത്തിലെ പണക്കാരുടെ കാശുകൊണ്ടു ഗുജറാത്തില്‍ കക്കൂസ് പണിത് സ്വച്ഛ് ഭാരതം പണിയുന്ന കാര്യം. ഒരു വെടിക്കു രണ്ടു പക്ഷി. ഹാര്‍ദിക് പട്ടേലും അഹമ്മദ് പട്ടേലും മെര്‍വാനിയുമൊക്കെ കൂടെ വീഴും. കാള്‍ മാര്‍ക്സ്പോലും ഇദ്ദേഹത്തിനു ശിഷ്യപ്പെടും. എന്തൊരു കമ്മ്യൂണിസം!

കണ്ണന്താനത്തിനു നട്ടെല്ലിനോടു പണ്ടേ വലിയ സ്നേഹമാണ്. ഐഎഎസുകാരെ അഭിസംബോധന ചെയ്തപ്പോഴൊക്കെ അവരെ ഓര്‍മ്മിപ്പിച്ചിട്ടുള്ള പ്രധാന കാര്യം രാഷ്ട്രീയക്കാരുടെ മുമ്പില്‍ നട്ടെല്ല് വളയ്ക്കരുതെന്നാണ്. രാഷ്ട്രീയക്കാര്‍ക്ക് അങ്ങനെയൊരു സാധനം ആവശ്യമില്ലെന്നാണോ കണ്ണന്താനംജി കരുതേണ്ടത്. കൊടിവച്ച കാറില്‍ സഞ്ചരിക്കാന്‍ റബര്‍ നട്ടെല്ലാ നല്ലതെന്നു കാഞ്ഞിരപ്പിള്ളിക്കാരനെ പ്രത്യേകം പഠിപ്പിച്ചുകൊടുക്കണ്ട കാര്യമില്ല. ബീഫിന്‍റെ കാര്യത്തില്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞു കഴിവു തെളിയിക്കുകയും ചെയ്തു, ചുരുങ്ങിയ ദിവസംകൊണ്ട്. എങ്കിലും സംഘികളുടെ ബീഫ് നയം അദ്ദേഹത്തിന്‍റെ ആമാശയത്തിനത്ര പഥ്യമായില്ലെന്നു വേണം ഇടയ്ക്കുള്ള പുളിച്ചു തികട്ടലില്‍ നിന്നു മനസ്സിലാക്കാന്‍.

കണ്ണന്താനം പാലമാണെന്നു സഭയിലെ പ്രമുഖരും മൊഴിഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ ആര്‍ക്കോ കണ്ണന്താനം പാലം കടന്ന് ഏതാണ്ടൊക്കെ തരപ്പെട്ടെന്നും കിംവദന്തിയുണ്ട്. അതുകൊണ്ടു സമുദായത്തിനു ഗുണമുണ്ടാകുമെങ്കില്‍ നന്ന്. ഇവിടുന്നൊക്കെ മറുകര കടത്തിക്കഴിയുമ്പോള്‍ പാലം വലിക്കാതിരുന്നാല്‍ നന്ന്.

പിണറായിക്കാകാമെങ്കില്‍ പിന്നെ നമുക്കെന്താ എന്നാണു ചിലരുടെ ചോദ്യം. അതു രാഷ്ട്രീയം. സഭയും അതുതന്നെയാണു കളിക്കുന്നതെങ്കില്‍ പിന്നൊന്നും പറയാനില്ല. നിലയ്ക്കല്‍ എക്യുമെനിക്കല്‍ വേദിയിലേക്കുള്ള കടന്നുവരവില്‍ കുമ്മനം കൂടെയുണ്ടായതു കാവ്യനീതി. നിലയ്ക്കല്‍ സംഭവം മറക്കാത്തവര്‍ക്ക് അതിലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം നന്നായി രസിക്കും. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ നൈസായി തേച്ച് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നവരെ ഒലിവില വീശി രക്ഷകനായി കണ്ടു വരവേല്ക്കണോ എന്ന കാര്യം സമുദായം പരിചിന്തനവിഷയമാക്കുകതന്നെ വേണം.

കണ്ണന്താനത്തിന്‍റെ ജീവിതത്തിലെ ആറു വര്‍ഷം പൂരിപ്പിക്കപ്പെടാതെ കിടക്കുകയാണ് അന്നുമിന്നും. മണിമലയാറ്റില്‍ ചൂണ്ടയിട്ടതും കൂടപ്പിറപ്പുകളോടൊപ്പം കിളച്ചതും മണ്ണെണ്ണ വിളക്കിന്‍ ചോട്ടിലിരുന്നു പഠിച്ചതുമൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങയോട് എന്തൊരാദരമാണു ഞങ്ങള്‍ക്കു തോന്നുന്നത്. പത്താം ക്ലാസ്സിലെ 242 മാര്‍ക്കിനെക്കുറിച്ചുകൂടി പറയുമ്പോള്‍ അങ്ങയുടെ ഉള്ളില്‍ രൂപം കൊണ്ട അഗ്നിയുടെ ചൂടു ഞങ്ങളും അനുഭവിക്കുന്നു. ബോധോദയം നേടി ലോകത്തെ മാറ്റിമറിക്കാനുള്ള നിയോഗം നേടിയ ബാലനെ സ്വന്തം വെബ്സൈറ്റും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 242 മാര്‍ക്കില്‍ നിന്നു നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റിയിലെ എംഎ ഇക്കണോമിക്സ് റാങ്കിലേക്കും ഇന്‍റര്‍ വാഴ്സിറ്റി പ്രസംഗമത്സര തുടര്‍ജേതാവിലേക്കുമുള്ള ഇടവേള അങ്ങു ബോധപൂര്‍വം തമസ്കരിക്കുന്നു. എവിടെയായിരുന്നു ആ ഇടവേളയില്‍ എന്നു വെളിപ്പെടുത്താനുള്ള ആര്‍ജ്ജവം അങ്ങു പ്രദര്‍ശിപ്പിക്കണം. 242 മാര്‍ക്കുകാരന്‍ നേരെ പോയത് ഇംഫാല്‍-കൊഹിമ രൂപതയുടെ സെമിനാരിയിലേക്കായിരുന്നുവെന്ന് ഓര്‍മ്മയുള്ള കുറച്ചുപേര്‍ ഇന്നു മണിമലയിലും സഭയിലുമൊക്കെയുണ്ട്. ഫിലോസഫി ബിരുദപഠനംവരെ അദ്ദേഹം സെമിനാരിയിലായിരുന്നു. ഓക്സ്ഫൊഡ് ഡിക്ഷനറിയുമായി മണിമലയാറ്റില്‍ മുങ്ങിയ അങ്ങു നേരെ മസൂറിയില്‍ എട്ടാം റാങ്കുകാരനായി പൊങ്ങുകയായിരുന്നുവെങ്കില്‍ ധൈര്യമായി അതു പറയുക. സെമിനാരിക്കാലം കറുത്ത ഏടായിരുന്നെങ്കില്‍ നിശ്ചയമായും അതും തുറന്നുപറയുക. തമസ്കരണം സത്യസന്ധതയില്ലായ്മയാണ്. സ്മരണ വേണം തേവരെ സ്മരണ വേണം എന്ന് അല്ലെങ്കില്‍ ഞങ്ങളും പറയും.

കന്ദമാല്‍, ഘര്‍വാപ്പസി, ഗ്രഹാം സ്റ്റെയിന്‍സ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി കണ്ണന്താനത്തെ കാണാന്‍ അനുഭവം സമ്മതിക്കുന്നില്ല. പ്രത്യാശയുടെ നക്ഷത്രമായി കണ്ണന്താനത്തിന്‍റെ മന്ത്രിപദവിയെ കാണാനുള്ള സ്വാതന്ത്ര്യത്തെ വിലമതിക്കുന്നെങ്കിലും അതിനെ നോക്കി കുരയ്ക്കാനാണ് എനിക്കിഷ്ടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org