ചര്‍ച്ച് ബില്‍ ഭരണഘടനാവിരുദ്ധം

ചര്‍ച്ച് ബില്‍ ഭരണഘടനാവിരുദ്ധം

അഡ്വ. ലിറ്റോ പാലത്തിങ്കല്‍, കേരള ഹൈക്കോടതി

ഭരണഘടന – ആര്‍ട്ടിക്കിള്‍ 26
മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം. ക്രമസമാധാനം, ധാര്‍മ്മികത, പൊതു ആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും.
എ) മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം
ബി) മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം
സി) ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
ഡി) നിയമാനുസൃതം അത്തരം പ്രോപ്പര്‍ട്ടി നോക്കി നടത്തുന്നതിനുള്ള അവകാശം.

ഇന്ത്യന്‍ ഭരണഘടനയിലെ ഓരോ വാക്കും ഈ രാജ്യത്തിന്‍റെ ആയിരക്കണക്കിനു പൂര്‍വ്വവര്‍ഷങ്ങളുടെ സന്തോഷസന്താപങ്ങളുടെ ഗന്ധം പേറുന്നവയാണ്. 165 നാളുകള്‍ നീണ്ടുനിന്ന Constituent അസംബ്ലിയില്‍ മഹാരഥന്മാരുടെ ഘനഗംഭീരമായ വാക്ധോരണികളിലൂടെ ഈറ്റുനോവനുഭവിച്ചാണ് ഈ മഹദ്ഗ്രന്ഥത്തിലെ ഓരോ ആശയവും ജനിച്ചിട്ടുള്ളത്. ഇന്ന് ഈ രാജ്യത്തിന്‍റെ അച്ചുതണ്ടായി ഭരണഘടന മാറിയത് അതിന്‍റെ ഉത്ഭവം ശുദ്ധവും സത്യസന്ധവുമായതുകൊണ്ടാണ്. എന്നാല്‍ ആരും ഉത്തരവാദിത്വം ഏല്ക്കാത്ത, ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ നിയമ പരിഷ്കരണശ്രമങ്ങളില്‍ കപടതയും ഉദ്ദേശശുദ്ധിക്കുറവുമുള്ളത് ആര്‍ക്കാണു മറച്ചുവയ്ക്കാന്‍ കഴിയുക? ആരംഭത്തില്‍ ഉദ്ധരിക്കപ്പെട്ട ഭരണഘടനയുടെ 26-ാം അനുച്ഛേദം ക്രിസ്ത്യാനികള്‍ക്കോ ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്കോ മാത്രമായുള്ളതല്ല. മറിച്ച്, ഇന്ത്യാരാജ്യത്തിനു മുഴുവനായുള്ളതാണ്. "Every religious denomination or any section thereof" എന്നതിന്‍റെ നിര്‍വചനത്തില്‍ ഏതു മതവിഭാഗമാണ് ഈ ആര്‍ട്ടിക്കിളിന്‍റെ ഗുണം ലഭിക്കുവാന്‍ അര്‍ഹരല്ലാത്തതായി തീരുക? അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. അതായത് ഒരേ അഭിപ്രായം, മതം പുലര്‍ത്തുന്നവരും ഒരേ നാമത്തില്‍ അറിയപ്പെടുന്നവരുമായവര്‍ക്ക് അവരുടെ മതത്തിന്‍റെ നടത്തിപ്പിനു സ്വതന്ത്രമായ അവകാശാധികാരങ്ങള്‍ ഭരണഘടന ഉറപ്പുനല്കുന്നു. മതപരവും രാഷ്ട്രീയപരവും സാംസ്കാരികവുമായ ഭിന്നതകള്‍മൂലം പരസ്പരം പോരടിച്ചു സ്വയം തകര്‍ന്നുപോയ ഒരു നാഗരികതയെ സ്വാതന്ത്ര്യസമരത്തിലൂടെ വീണ്ടെടുത്ത നമ്മുടെ ഭരണഘടന സൃഷ്ടാക്കള്‍ ഇനിയും ഒരു തര്‍ക്കം രാജ്യത്തിന്‍റെ നാശത്തിലേക്കു പോകാതിരിക്കാന്‍ തയ്യാറാക്കിയ ഒരു മനോഹര വിശുദ്ധഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ടാണു നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ മതവിഭാഗങ്ങളുടെ സ്വഭാവങ്ങളുടെയും ആശയങ്ങളുടെയും ജനനത്തെയും നിലനില്പിനെയും ഭാവിയെയും ഏറ്റവും സുരക്ഷിതവും ഊഷ്മളവുമാക്കുന്ന സാഹചര്യം ഈ രാജ്യത്ത് എന്നും നിലനില്ക്കുന്നതിനായി ഈ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 25, 26, 27, 28, 29, 30 എന്നിവ ശ്രദ്ധയോടെ വിളക്കിച്ചേര്‍ത്തത്. ഈ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടാണ് ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു ജനത സമന്വയമുള്ള ഏക രാജ്യമായതും ഇന്നും ആ അഖണ്ഡത നിലനിര്‍ത്തുന്നതും. ഈ കെട്ടുറപ്പിനെ തകര്‍ക്കാതിരിക്കുവാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതിയും ഹൈക്കോടതികളും എന്നും അനേകം വിധികളിലൂടെ കോട്ടകള്‍ തീര്‍ത്തിട്ടുണ്ട്. ഇതിനെയെല്ലാം തൃണവത്ഗണിക്കുന്ന ഒരു സമീപനം ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന "The Kerala Church (Properties and Institutions) Bill, 2019-ലും 2008- ലെ Kerala Christian Church Properies and Institutions Trust Bill-ലും ഉള്ളതു മേല്പറഞ്ഞ ഇന്ത്യന്‍ ഭരണഘടന വായിച്ചിട്ടുള്ള ആരെയും അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും.

2008-ലെ ബില്ലും 2019-ലെ ബില്ലും തമ്മിലുള്ളതു കടിഞ്ഞൂല്‍ ബന്ധമാണ്. 2008-ലെ ബില്ലിന്‍റെ അടിസ്ഥാനസ്വഭാവം അതിന്‍റെ അഞ്ചും പതിനൊന്നും വകുപ്പുകളനുസരിച്ച് ഓരോ ക്രിസ്ത്യന്‍ സഭാവിഭാഗവും ചാരിറ്റബിള്‍ ട്രസ്റ്റായി ഓരോ ഇടവകയെയും രജിസ്റ്റര്‍ ചെയ്യണമെന്നും അതിനാല്‍ത്തന്നെ ആ ഇടവകയുടെ സ്ഥാവരജംഗമവസ്തുക്കള്‍ ആ ട്രസ്റ്റില്‍ നിക്ഷിപ്തമാകുമെന്നതുമാണ്. അപ്രകാരം ഓരോ ഇടവക ട്രസ്റ്റും തിരഞ്ഞെടുത്തയ്ക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രസ്റ്റ് രൂപീകരിക്കുകയും സംസ്ഥാനതലത്തില്‍ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുവാന്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഗവണ്‍മെന്‍റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനുണ്ടാവുകയും ചെയ്യും. അതായത് 2008 ബില്ലില്‍ 16-ാം വകുപ്പില്‍ പറയുന്ന ചര്‍ച്ച് കമ്മീഷണര്‍ എന്ന ഉന്നതാധികാര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൂടുതല്‍ വിശാലവും പ്രാമാണ്യവുമുള്ള ഒരു ട്രൈബ്യൂണലായി മാറ്റി പുനരവതരിപ്പിക്കുകയാണ് 2019-ലെ പുതിയ ബില്‍. ഇവിടെയാണ് ഇതു ഭരണഘടനാവിരുദ്ധവും ദുരുദ്ദേശപരവുമാകുന്നത്. സ്വന്തം ആസ്തികളെ സ്ഥാപിക്കാനും കൈകാര്യം ചെയ്യുവാനും ഭരണഘടന തന്നിട്ടുള്ള അവകാശത്തില്‍ വളഞ്ഞ വഴിയിലൂടെ അകത്തു പ്രവേശിക്കുവാനും ഇടപെടുവാനും ഒരു സംവിധാനം രൂപീകരിക്കുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ എങ്ങനെയാണ് എതിര്‍ക്കാതിരിക്കാനാവുക? അങ്ങനെ ഇടപെടാനുള്ള കാരണങ്ങളായി ഭരണഘടന നിജപ്പെടുത്തിയിട്ടുള്ള public order, morality and helath എന്നിവയില്‍ ഏതിലാണ്, എങ്ങനെയാണു കത്തോലിക്കാസഭ വീഴ്ചവരുത്തിയിട്ടുള്ളത് എന്ന് ഈ ബില്ലില്‍ പറയേണ്ടിയിരുന്നു. എന്നാല്‍ പറയുന്ന കാരണം സഭാസ്വത്തുക്കളുടെ ദുര്‍ഭരണമാണ്. ആ വാദത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നതു സഭാസ്വത്തിന്‍റെ നടത്തിപ്പിനായി യാതൊരു നിയമവും നിലവിലില്ല എന്നു കമ്മീഷന്‍ തന്നെ നടത്തുന്ന ഒരു ലക്ഷ്യപ്രസ്താവനയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു മുതല്‍ നാളിതുവരെയും ഇപ്പോഴും കത്തോലിക്കാസഭയുടെ സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഈ രാജ്യത്തെ താഴെത്തട്ടിലുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍ മുതല്‍ സുപ്രീംകോടതിവരെ ഉണ്ടായിട്ടുണ്ട് എന്നുള്ളതും നൂറുകണക്കിനു കേസുകള്‍ ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതികള്‍ പരിഗണിച്ചു വിധി പറഞ്ഞിട്ടുണ്ട് എന്നതും ഇപ്പോഴും ഒട്ടനേകം കേസുകള്‍ പരിഗണനയില്‍ ഇരിക്കുന്നു എന്നതും സഭാസ്വത്തുക്കളെ സംബന്ധിച്ചു "യാതൊരു നിയമവുമില്ല" എന്ന് ഈ കമ്മീഷന്‍ കണ്ടെത്തിയ വലിയൊരു നുണയെ പ്രാഥമികമായിത്തന്നെ അസ്വീകാര്യമാക്കുന്നു. അതായതു വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും മനഃപൂര്‍വം തമസ്കരിച്ച്, അര്‍ദ്ധസത്യങ്ങളെ പര്‍വതീകരിച്ച്, ശരിയല്ലാത്തതും അപ്രായോഗികവും ദുരുദ്ദേശപരവുമായ ഒരു ശ്രമം സര്‍ക്കാര്‍ ചെലവില്‍ ഉളവാക്കിയെടുത്തു എന്നതാണ് ഈ ബില്ലിന്‍റെ സ്വഭാവം.

1954-ല്‍ സുപ്രീംകോടതി വിധി പറഞ്ഞ പ്രശസ്തമായ ശിരൂര്‍മഠം കേസില്‍ 1927-ലെ Madras Religons Endowment Act ഇഴകീറി പരിശോധിക്കപ്പെട്ടു. അതിലുണ്ടായിട്ടുള്ള പ്രധാനപ്പെട്ട ഒരു നിരീക്ഷണം ഒരു മഠാധിപതിയുടെ സ്ഥാനം, ആസ്തികള്‍, ഉത്തരവാദിത്വം, വ്യക്തിതാത്പര്യം എന്നിവ 'blended together and neither could be detached from the other' എന്നതാണ്. ഇതുതന്നെയാണ് Persons and juridic Acts, Offices, power of governance, recourses against administrative decrees, The temperoal goods of the Church എന്നീ തലക്കെട്ടുകളുള്ള അദ്ധ്യായങ്ങളില്‍ കാനോന്‍ നിയമം വിശദമായി പ്രതിപാദിക്കുന്നത്. ഇതനുസരിച്ചു ചിട്ടയോടെ തയ്യാറാക്കപ്പെട്ട പള്ളിയോഗ നടപടിക്രമങ്ങളും അതിരൂപതാ നിയമാവലിയും ചേര്‍ന്നതാണു കത്തോലിക്കാസഭയുടെ നിയമം. ഈ രാജ്യത്തെ ഒരു കോടതിയും ഇതു സഭയുടെ നിയമമല്ല എന്നു പറഞ്ഞിട്ടില്ല. സഭയ്ക്കു നിയമമില്ല എന്നും പറഞ്ഞിട്ടില്ല. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണു സഭയുടെ സമ്പത്ത് സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍ സിവില്‍ ക്രിമിനല്‍ കോടതിയില്‍ പരിഗണിക്കുന്നതും തീര്‍പ്പാക്കുന്നതും. പിന്നെ എങ്ങനെയാണു സഭയുടെ ആസ്തി നടത്തിപ്പിനു നിയമമില്ല എന്നു കേരളത്തിലെ നിയമപരിഷ്കരണ കമ്മീഷന്‍ കണ്ടെത്തിയത് എന്നതു ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഇതോടൊപ്പം പരിഗണിക്കേണ്ട പ്രധാന വിഷയം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിച്ചു നടപ്പാക്കപ്പെട്ട നിയമങ്ങളുള്ള കത്തോലിക്കാസഭയെയും മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഒരേപോലെ കാണുന്നതിലെ അനൗചിത്യമാണ്. ഇവയില്‍ പലതും നിയമപരമായ രജിസ്റ്റേര്‍ഡ് ട്രസ്റ്റുകളോ, സൊസൈറ്റികളോ കമ്പനികളോ ആണ്. അങ്ങനെയെങ്കില്‍ അവയെ നിയമപരമായി നിയന്ത്രിക്കുക അതാതു നിയമങ്ങളാണ്. അതനുസരിച്ച് അതിലെ അംഗങ്ങള്‍ക്കു സിവില്‍, ക്രിമിനല്‍ കോടതികളെ സമീപിക്കുകയുമാകാം. ഉദാഹരണത്തിനു സൊസൈറ്റിയാണെങ്കില്‍ ജില്ലാകോടതിയില്‍ സൊസൈറ്റി ഒപിയും ട്രസ്റ്റാണെങ്കില്‍ സിവില്‍ നടപടിക്രമമനുസരിച്ചുള്ള 92-ാം വകുപ്പു പെറ്റീഷനും ഇല്ലെങ്കില്‍ കമ്പനിനിയമനടപടികളും സാദ്ധ്യമാണ്. കത്തോലിക്കാസഭയുടെ സ്ഥാവരജംഗമവസ്തുക്കള്‍ സംബന്ധിച്ചുള്ള തീര്‍പ്പു കല്പിക്കേണ്ടത് സഭ ഒരു വാളന്‍ററി അസോസിയേഷന്‍ എന്ന നിലയില്‍ അതിന്‍റെ നിയമാവലിയായി അതിലെ അംഗങ്ങള്‍ അംഗീകരിക്കുന്ന കാനോന്‍ നിയമമനുസരിച്ചു തന്നെയാണ്. അപ്രകാരം സഭയിലെ ഒരംഗത്തിന് ഈ നിയമാവലിയിലെ ഓരോ നിബന്ധനയും അതിലെ അംഗങ്ങളും ഭരണാധികാരികളും പാലിച്ചിരിക്കണം എന്ന് ആവശ്യപ്പെടാവുന്നതും അപ്രകാരം നടപ്പാക്കുന്നില്ലായെങ്കില്‍ ആ നിയമാവലി പ്രകാരമോ രാജ്യത്തെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരമോ സഭയ്ക്ക് അകത്തും പുറത്തും തര്‍ക്കപരിഹാരസംവിധാനങ്ങളെ സമീപിക്കാവുന്നതാണ്. അപ്രകാരം നൂറുകണക്കിനു കേസുകള്‍ കേരളത്തിന്‍റെ അങ്ങോളമിങ്ങോളം കോടതികളില്‍ ഇപ്പോഴും പരിഗണനയിലുള്ളതുമാണ്. എന്നാല്‍ ഇപ്പോഴുള്ള സഭാനിയമങ്ങളില്‍ ഒരു ന്യൂനതയായി ചിലരെങ്കിലും കാണുന്നതു legislative, executive judicial അധികാരങ്ങള്‍ ഒരേ വ്യക്തിയില്‍ അമിതമായി കേന്ദ്രീകരിക്കുവാന്‍ ചില സംവിധാനങ്ങള്‍ ഇടയാക്കുന്നുണ്ട് എന്നതാണ്. അതായത് വികാരി, മെത്രാന്‍ എന്നിവരുടെ അധികാരത്തിന്‍റെ സ്വഭാവം അതില്‍ ഏകാധിപത്യത്തിന്‍റെ നിഴല്‍ പെട്ടെന്നു വീഴുവാന്‍ ഇടയുള്ളതാണ് എന്നതാണു ചിലപ്പോഴെങ്കിലും ഉയരുന്ന പരാതി. അതിനു പരിഹാരം അധികാരവികേന്ദ്രീകരണവും പങ്കാളിത്ത ഭരണരീതികളും കൂടുതലായി സഭയില്‍ കൊണ്ടുവരുക എന്നതാണ്. ഇപ്പോള്‍ സഭയെ ഒരു നൈയ്യാമിക വ്യക്തിയായി അംഗീകരിച്ചുകൊണ്ടു സഭയ്ക്കുവേണ്ടി മെത്രാനോ വികാരിയോ ആണു സഭാസമ്പത്തിന്‍റെ നടത്തിപ്പിന്‍റെ അധികാരകേന്ദ്രം. ഉദാഹരണത്തിനു transfer of property Act അനുസരിച്ച് ഒരു വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോഴും രജിസ്ട്രേഷന്‍ ആക്ടനുസരിച്ച് അത് ആധാരം ചെയ്യുമ്പോഴും റവന്യൂ നിയമങ്ങളനുസരിച്ച് അതു സഭയുടെ പേരില്‍ കൂട്ടി പോക്കുവരവു ചെയ്യുമ്പോഴും സഭ ഇതെല്ലാം ചെയ്യുന്നതു രാജ്യത്തിന്‍റെ നിയമങ്ങളനുസരിച്ചുതന്നെയാണ്, സഭയെ പ്രതിനിധീകരിക്കുക മെത്രാനോ വികാരിയോ ആണ്. ഇവയുടെ കണക്കുകള്‍ അതാതു നൈയ്യാമിക വ്യക്തിക്ക് അനുവദിച്ചിട്ടുള്ള പാന്‍ കാര്‍ഡ്, 12 A registration, 80G, FCRA എന്നിവ പാലിച്ചുകൊണ്ടു വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെട്ടു ഇന്‍കംടാക്സ് നിയമമനുസരിച്ചു റിട്ടേണ്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. ഇതെല്ലാം രാജ്യത്തെ മറ്റേതൊരു വ്യക്തിയും പ്രസ്ഥാനവും കമ്പനിയും ചെയ്യുന്നതിനു തുല്യമാണ്. ഇവയില്‍ ഏതിലെങ്കിലും സഭാധികാരികള്‍ വീഴ്ചവരുത്തിയാല്‍ ഏതു പൗരനും വ്യക്തി ക്രിസ്ത്യാനിപോലുമാകണമെന്നില്ല, സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ യാതൊരു തടസ്സവുമില്ല. അപ്പോള്‍ മുകളില്‍ ആരോപിക്കപ്പെടുന്ന ന്യൂനതകളുണ്ടെങ്കില്‍ അവ കണ്ടെത്തി, ചൂണ്ടിക്കാട്ടി തിരുത്തലുകള്‍ വരുത്തി സഭാനിയമങ്ങളെ കൂടുതല്‍ സുതാര്യവും ആധുനികവും ആക്കണമെങ്കില്‍ അതിനുള്ള താത്പര്യവും ചര്‍ച്ചകളും തീരുമാനങ്ങളും സംഭവിക്കേണ്ടതു സഭയുടെ ഉള്ളില്‍നിന്നുമാണ്, അല്ലാതെ സര്‍ക്കാരില്‍ നിന്നല്ല. അവരവര്‍ക്കു ഭരണഘടന നിജപ്പെടുത്തിയിട്ടുള്ള പരിധിക്കുള്ളില്‍ നില്ക്കുന്നതാണു ഭരണഘടനയോടുള്ള ആദരവും മര്യാദയും.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ നിയമാവലിയില്‍ കുറവുകളുണ്ടെന്നും അതു കൂടുതല്‍ സുതാര്യമാക്കണമെന്നും ഏതെങ്കിലും സര്‍ക്കാര്‍ പറഞ്ഞതായി കേട്ടിട്ടില്ല. ആ നിയമാവലിയില്‍ ഭരണഘടനാവിരുദ്ധമോ സിവില്‍ നിയമവിരുദ്ധമോ ആയവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യാനോ തിരുത്താനോ ഈ രാജ്യത്തെ കോടതികള്‍ക്ക് അധികാരമുണ്ട്. അപ്രകാരം ഒന്നും ഇതുവരെ കത്തോലിക്കാസഭയുടെ നിയമത്തെക്കുറിച്ചു ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു നിയമസംഹിതയെ സമൂഹമദ്ധ്യത്തില്‍ പരിഹാസവിഷയമാക്കാന്‍ ബോധപൂര്‍വം ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന അപൂര്‍വം ചില വ്യക്തികള്‍ക്കു കുടപിടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെട്ടുവോ എന്നൊരു സംശയം വിശ്വാസികള്‍ക്കിടയിലുണ്ട്.

ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് 1977-ല്‍ ചേര്‍ക്കപ്പെട്ടതാണ്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 26, 1949-ല്‍ തന്നെ ഉള്ളതാണ് എന്നതില്‍ നിന്നു മതങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും മതചിന്തകള്‍ക്കും മതവിശ്വാസങ്ങള്‍ക്കും നമ്മുടെ രാഷ്ട്രശില്പികള്‍ എത്ര വില കല്പിച്ചിരുന്നു എന്നു മനസ്സിലാക്കാം. ആ അംഗീകാരത്തെ ഈശ്വരനിഷേധത്തിലും യുക്തിചിന്തയിലും മാത്രം ആശ്രയിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതു കേരളചരിത്രം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്. മതം എന്നതു യോജിച്ചു പോകാവുന്ന അഭിപ്രായമുള്ള ഒരു കൂട്ടം ആളുകളാല്‍ രൂപപ്പെട്ടതും നയിക്കപ്പെടുന്നതുമാണെങ്കില്‍ അഭിപ്രായ ഭിന്നതയുള്ളവര്‍ അതു സാഹോദര്യത്തില്‍ രമ്യമാക്കപ്പെടുത്തുകയാണു നല്ല പരിഹാരം. അല്ലാതെ സഭാസ്വത്തുക്കളുടെ ദേശസാത്കരണം ലക്ഷ്യമാക്കി നീങ്ങുന്ന ഒരു ചിന്താഗതിയെ പിന്തുടരുകയല്ല വേണ്ടത്. അപ്രകാരം സര്‍ക്കാര്‍ നിയന്ത്രണത്തിലേക്കു രാജഭരണകാലത്തുനിന്നു കൈമാറ്റപ്പെട്ട മതസമ്പത്തുകള്‍ കെടുകാര്യസ്ഥതയും അഴിമതിയും ഉദ്യോഗസ്ഥ താന്‍പ്രമാണിത്തവും രാഷ്ട്രീയവത്കരണവുംകൊണ്ട് എത്രമാത്രം ആ മതത്തിലെ സാധാരണ അംഗങ്ങളില്‍നിന്ന് അന്യവത്കരിക്കപ്പെട്ടു എന്നതും ചിന്തനീയമാണ്.

മേല്‍കാര്യങ്ങളെല്ലാം എലിയെ പേടിച്ചു ഇല്ലം ചുടേണ്ടതില്ല എന്നു സഭാമക്കളെ ബോദ്ധ്യപ്പെടുത്തുന്നതും വിനാശകരമായ വിപരീതബുദ്ധിയില്‍ നിന്നു സര്‍ക്കാര്‍ താത്പര്യങ്ങള്‍ പിന്തിരിയണമെന്നു പൊതുസമൂഹം ആവശ്യപ്പെടുന്നതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org