സഭയും മാധ്യമങ്ങളും ചോദ്യങ്ങളെ എന്തിനു ഭയപ്പെടണം?

സഭയും മാധ്യമങ്ങളും ചോദ്യങ്ങളെ എന്തിനു ഭയപ്പെടണം?

അഡ്വ. ജോണ്‍ മാത്യു റോസ്
പാറയില്‍ കുടിയിരുപ്പില്‍

യേശു ചോദ്യങ്ങളെ ഭയപ്പെട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പ്രേരിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. തന്നെക്കുറിച്ചു ജനങ്ങള്‍ എങ്ങനെയാണു ചിന്തിക്കുന്നത് എന്നു ചോദിക്കുകകൂടി ചെയ്യുന്നുണ്ട് (മത്താ. 16;13). ചോദിച്ചും ഉത്തരം തേടിയും നല്കിയുമാണല്ലോ അറിവും വിവരങ്ങളും വികസിക്കുക.

ദൈവം പിതാവും മനുഷ്യരെല്ലാവരും സഹോദരരും എന്നു പഠിപ്പിച്ച ക്രിസ്തു, സ്ത്രീയും പുരുഷനും തുല്യം എന്നുകൂടി അറിവു നല്കുന്നു (മത്ത. 19:4-8). പ്രായോഗികതയുടെ പേരില്‍ ചില ഉത്തരവാദിത്വങ്ങള്‍ ക്രിസ്തു പുരുഷനും നല്കിയിരിക്കുന്നു എന്നു മാത്രം. ക്രിസ്തു വന്നത് എക്കാലത്തേക്കും അറിവും മാതൃകയും നല്കുവാനാണല്ലോ. കാലത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച്, അവിടുത്തെ വചനങ്ങളും മൂല്യങ്ങളും മാതൃകയും മാറുകയില്ല. ക്രിസ്തുവിനേക്കാള്‍ സ്മാര്‍ട്ടാകാന്‍ ആര്‍ക്കുമാകില്ല.

ക്രിസ്തുവിനെ പ്രതിനിധീകരിക്കുവാന്‍, ക്രിസ്തുവിനെപ്പോലെ മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകുവാന്‍ (മത്താ. 7:21), ദൈവികമായ ബോദ്ധ്യത്തോടെ ഭൗതികമായ എല്ലാം ഉപേക്ഷിച്ചു തന്നെ അനുഗമിക്കുവാന്‍ അവിടുന്ന് എല്ലാവരെയും ക്ഷണിക്കുന്നു. ആ വിളി കേട്ട് ഇറങ്ങിത്തിരിച്ചവരാണു വൈദികരും സിസ്റ്റേഴ്സും. അതുകൊണ്ട് ആ ത്യാഗത്തെ ബഹുമാനിച്ചുകൊണ്ട് നാം അവരെ ബഹുമാനത്തോടുകൂടി ഫാദര്‍ – പിതാവ് – അച്ചന്‍, മദര്‍ – അമ്മ, സിസ്റ്റര്‍ എന്നൊക്കെ വിളിക്കുന്നു.

സമകാലീനസംഭവങ്ങള്‍ ചില പാഠങ്ങള്‍ നമുക്കു നല്കുന്നുണ്ട്. ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ക്രിസ്തു തിരഞ്ഞെടുത്ത 12 ശിഷ്യരില്‍ ഒരാള്‍ വഞ്ചകനും ഒറ്റുകാരനും കള്ളനുമായിരുന്നു. ക്രിസ്തുവിലേക്കു വന്ന്, പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്ന 12 ശിഷ്യകളില്‍ സഫീറ (അപ്പ. പ്ര. 6:7-16) കപടഭക്തയും സ്വാര്‍ത്ഥയുമായിരുന്നു. ക്രിസ്തു ആരെയും പുറത്താക്കിയില്ല. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ, ഒഴിഞ്ഞുമാറിയ 11 ശിഷ്യരും ഒടുവില്‍ ഏറ്റുപറഞ്ഞ്, മാപ്പു ചോദിച്ചു കൂടെ വന്നു ബലിയാകുവാന്‍ തയ്യാറായി. യൂദാസും സഫീറയും കറുത്ത മരണത്തിന്‍റെ വഴിയിലേക്കു സ്വയം വിട്ടുകൊടുത്തു.

യേശു തിരഞ്ഞെടുത്തിട്ടും 12 പേരില്‍ ഒരാള്‍ ദുഷ്ടനായിരുന്നെങ്കില്‍ ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന ശിഷ്യരിലും ശിഷ്യകളിലും കപടവേഷം കെട്ടിയവര്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതു നമ്മുടെ അനുഭവവുമാണ്. ഇത്തരം കപടശിഷ്യരെയും ശിഷ്യകളെയും ഊന്നിക്കൊണ്ട്, സഭയെ ആക്രമിക്കുവാന്‍ എക്കാലത്തും അധികാരികളും ആള്‍ക്കൂട്ടങ്ങളും അതില്‍ അഭിരമിക്കുന്ന മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ട്.

ഇന്ന് അതിനു പൊതുസ്വീകാര്യത സഭയില്‍ നിന്നുതന്നെ ഏറിക്കൊണ്ടിരിക്കുന്നു എന്നതു തീര്‍ച്ചയായും അപായസൂചനയാണ്. ഒരു സര്‍വേ നടത്തിയാല്‍ ഇതു വ്യക്തമാകും. കാരണം തേടേണ്ടതുണ്ട് (സത്യദീപം, സെപ്തംബര്‍ 13-19 ലക്കം) ബഹുമാനപ്പെട്ട ബിഷപ് ജോസഫ് പാംപ്ലാനി, പരി. പിതാവിനെ ഉദ്ധരിച്ച് ഇതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സംക്ഷിപ്തമായി ഇപ്രകാരം കാണാം.

"സഭ മാത്രം പരിശുദ്ധം എന്ന അവകാശവാദത്തോടുള്ള പൊതുപ്രതിഷേധം." "ക്രിസ്തുവിനെ വേര്‍പെടുത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍, നടപടികള്‍ ഉളവാക്കുന്ന മടുപ്പും കടുത്ത അമര്‍ഷവും" – "ഇവയോടൊപ്പം ലാളിത്യവും എളിമയും മാറ്റിവച്ചുകൊണ്ടു യേശുശിഷ്യര്‍ക്കു ചോരാത്ത ധാര്‍ഷ്ട്യം നിറഞ്ഞ ശരീര ഭാഷ, പരസ്പരബഹുമാനമില്ലാത്ത പെരുമാറ്റം, സംസാരരീതികള്‍, പ്രവര്‍ത്തനങ്ങള്‍" ഇവ കടുത്ത അമര്‍ഷവും വേദനയും വെറുപ്പും പ്രതിഷേധവും ഉണ്ടാക്കുന്നുണ്ട്. ഈ മാനസികനിലയാണു പൊട്ടിത്തെറിയായി വഴിയോര യോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങളി ലും വെളിവാകുന്നത്. നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കുവച്ച അഭിപ്രായം പ്രസക്തമാണ്. "വൈദികര്‍ എപ്പോഴും ളോഹ ധരിക്കണമെന്നു നിര്‍ബന്ധിക്കുക വയ്യ. തങ്ങളുടെ ജീവിതദൗത്യത്തിന്‍റെ ഒരു അടയാളമെങ്കിലും – കുരിശുരൂപമെങ്കിലും ധരിക്കുവാന്‍ ചിലരെങ്കിലും എന്തിനാണു മടിക്കുന്നത്?"

ഒരു മഹാപ്രളയദുരന്തത്തെ അതിജീവിച്ച് എങ്ങനെ മുന്നേറണമെന്നു തത്രപ്പെട്ടുകൊണ്ടിരിക്കെ അതിനു സഹായകമായ ചര്‍ച്ചകളേക്കാള്‍ മാധ്യമങ്ങള്‍ക്കു പ്രിയം ദിവസവും പീഡനകാര്യങ്ങളാണ്. ഈ പീഡനചര്‍ച്ചകളും വഴിയോര യോഗങ്ങളും സമൂഹത്തില്‍ അറിയാതെ ഒരു ഭീതി പരത്തുകയാണ്. സ്ത്രീ ശക്തയും ധീരയും കരുത്തുള്ളവരും കൂട്ടുള്ളവരും എന്ന ബോധത്തിനു പകരം, സ്ത്രീ എന്നും അബലയും ദുര്‍ബലയും മാന-ജീവഭയ ഭീഷണിയില്‍ എത്ര തവണയും വീഴ് ത്തപ്പെടുവാന്‍ പറ്റിയവളും എന്ന ആശയം ബോധതലങ്ങളിലേക്ക് അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു കന്യാസ്ത്രീക്ക് ആരോടാണു പരാതി പറയുവാന്‍ കഴിയുക? വിദ്യാലയങ്ങളില്‍, സ്ഥാപനങ്ങളില്‍, സംഘടനകളില്‍, ജോലി സ്ഥലങ്ങളില്‍ – സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക് – ആരോടാണു വിശ്വസിച്ചു പരാതി പറയുവാന്‍ കഴിയുക? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്തു സുരക്ഷയാണുള്ളത്? ഈ ഭയം എല്ലാ കോണുകളിലേക്കും അറിയാതെ കയറുന്നുണ്ട്. പരാതികളുമായി സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുന്നവര്‍ വളരെ കുറവാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആക്രമിക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്നു പറയുന്നതുതന്നെ, ആ വ്യക്തിയെക്കുറിച്ചു പരിസരത്തും ചുറ്റുപാടിലും ഉള്ളവര്‍ക്ക് അറിയാമെങ്കിലും, സ്വകാര്യതയ്ക്കു ഭംഗം വരാതെ, ആ പേരില്‍ ശ്രദ്ധയില്‍ പെടാതെ, ഭാവിയിലും അങ്ങനെയാകണമെന്ന ആഗ്രഹം നിവൃത്തിയാകുവാനാണ്. 'വമ്പനെ വീഴ്ത്തുവാന്‍ കഴിഞ്ഞു' എന്നതല്ല. അതിന്‍റെ പേരില്‍ നടന്ന ഒച്ചപ്പാടും യോഗങ്ങളും ചര്‍ച്ചകളും ബഹളങ്ങളുമാണ് ആക്രമിക്കപ്പെടുന്നവരെ ഉള്‍വലിയുവാന്‍ പ്രേരിപ്പിക്കുന്നത്.

മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസിന്‍റെ പ്രതികള്‍ക്കു കടുത്ത ശിക്ഷ ലഭിച്ചിട്ടും നിയമത്തില്‍ ഭേദഗതി വരുത്തി വധശിക്ഷ ഉറപ്പാക്കിയിട്ടും ബലാത്സംഗക്കേസുകള്‍ ഏറിക്കൊണ്ടിരിക്കുന്നു. അതിന് ഒരു കാരണം മേലെഴുതിയതാണ്. മദ്യ-ലഹരിമരുന്ന് ഉപഭോഗം കൂടുന്നതു മറ്റൊരു കാരണമാണ്. ഈ മാഫിയകള്‍ക്കെതിരെ മാധ്യമങ്ങള്‍ തിരിഞ്ഞെങ്കില്‍ അത്രയും രക്ഷപ്പെടുമായിരുന്നു.

തെളിഞ്ഞ ബലാത്സംഗ കേസുകളിലെ പഴുതുകള്‍ പഠിച്ചുകൊണ്ട് അക്രമികളെ കുടുക്കുവാനുള്ള തന്ത്രം ആവിഷ്കരിക്കണം. എല്ലാ വര്‍ഷവും ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിക്കുന്ന മാനവവികസന റിപ്പോര്‍ട്ടില്‍ സ്ത്രീസുരക്ഷയില്‍ മികച്ച റാങ്കുകള്‍ ലഭിച്ചിട്ടുള്ള രാജ്യങ്ങളിലെ, സ്ത്രീസുരക്ഷാരീതികള്‍ പഠിച്ച് ഇവിടെയും നടപ്പിലാക്കുവാന്‍ മാധ്യമങ്ങള്‍ മുന്‍കയ്യെടുക്കണം.

എന്നോടു ചോദിച്ചവരോടു ഞാന്‍ നല്കിയ മറുപടി വര്‍ഷങ്ങള്‍ക്കുമുമ്പു പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നല്കിയിട്ടുള്ളതുതന്നെ (വിശ്വാസം-യുക്തി-സയന്‍സ് (2008), തീര്‍ത്ഥയാത്രയ് ക്കൊടുവില്‍). ലൈംഗികചുവയോടുകൂടി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തികളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കുക. കെണിയില്‍ വീണുപോയാല്‍ വീണ്ടും വീഴാതിരിക്കുവാന്‍ മുന്‍കരുതലെടുക്കുക. രോഗം അഭിനയിച്ച് ആ സ്ഥലത്തുനിന്നും ആ സാഹചര്യങ്ങളില്‍നിന്നും മാറാം. മൊബൈല്‍ ഫോണില്‍ അക്രമിയുടെ ചാപല്യങ്ങളുടെ, അതിനെ ചെറുക്കുന്നതിന്‍റെ ശബ്ദരേഖ എടുക്കുക എളുപ്പമാണ്. പ്രതി പ്രബലന്‍, ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുവാന്‍ സാദ്ധ്യത ഇങ്ങനെയുള്ള അവസ്ഥയില്‍ നിര്‍ബന്ധമായും ശബ്ദ രേഖ എടുക്കണം. എതിര്‍ത്തിരുന്നു, ചെറുത്തിരുന്നു എന്നതിന് അതു വ്യക്തമായ തെളിവുമാകും. വീണ്ടും വീഴപ്പെടുന്ന അവസ്ഥയാണെങ്കില്‍ സൗകര്യപ്പെടുന്ന ധ്യാനകേന്ദ്രത്തില്‍ ഗുരുവിനെ കണ്ടു മികച്ച കൗണ്‍സലിങ്ങിനു തയ്യാറാകുക. വിശ്വസ്തയായ സുഹൃത്തിനെ എഴുത്തിലൂടെ തന്നെ വിവരങ്ങള്‍ അറിയിക്കുക. സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വിശ്വസ്ത സ്ഥാപനങ്ങളുടെ ഹെല്‍പ്പ്ലൈന്‍ ഉപയോഗിക്കാം. ജീവ-മാനഭയം ഭീഷണിപ്പെടുത്തല്‍, എല്ലാ ക്രിമിനലുകളുടെയും സ്ഥിരം അടവാണ്. ഭയപ്പെട്ടാല്‍ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്യപ്പെടും. തന്ത്രപൂര്‍വം രക്ഷപ്പെട്ട് ഉചിതമായ നടപടി എടുക്കണം.

കുറ്റമോ പാപമോ ചെയ്യുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ അനുസരിക്കുന്നത് അനുസരണവ്രതത്തില്‍പ്പെടുന്നില്ല. നമ്മുടെ ഭരണഘടനയും ദൈവവചനവും അത്തരം പ്രേരണകളെ ധീരമായി ചെറുക്കുവാന്‍ നമ്മോടു കല്പിക്കുന്നു. ഒരു പാപം ചെയ്യുന്നതിനേക്കാള്‍ വഴങ്ങുന്നതിനേക്കാള്‍, മരിക്കുവാന്‍ തയ്യാര്‍ എന്നു ദിവസവും പ്രതിജ്ഞയെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തിക്ക്, ഏറ്റവും വലിയ സമരവേദി ദിവ്യകാരുണ്യ സന്നിധിതന്നെയാണ്. ക്രിസ്തുവില്‍ വിശ്വാസമുണ്ടെങ്കില്‍ ഏതെങ്കിലും നിത്യാരാധന കേന്ദ്രത്തില്‍ അവിടുത്തെ സന്നിധിയില്‍ ഇരിക്കുക, അവിടുത്തോടു പരാതി പറയുക. പരിഹാരം ഉറപ്പാകുന്നതു വരെ അവിടെ ഇരിക്കുക. സ്വര്‍ഗീയപിതാവ് മറുപടി നല്കും, കൂടെ വരും. പിന്നെ അവിടുന്ന് നയിച്ചുകൊള്ളും; അക്രമിയെ നേരിടുവാന്‍ കരുത്തു നല്കും (ലൂക്കാ 18:8).

സമകാലീനസംഭവത്തില്‍ സഭാനേതൃത്വം ആരോപണം ലഭിച്ച ഉടന്‍ ഉചിതമായ നടപടിക്ക് ഉചിതമായ സ്ഥലത്ത് അറിയിച്ചു നീങ്ങേണ്ടതായിരുന്നു. വിശ്വാസവും വിശ്വാസികളും ഉണ്ടെങ്കിലേ സ്ഥാനങ്ങള്‍ക്കും മേല്‍പദവികള്‍ക്കും പ്രസക്തിയുള്ളൂ. ജനങ്ങള്‍ക്ക് ഉതപ്പ് ഉണ്ടാകുമെന്നു പ്രഥമദൃഷ്ട്യാതന്നെ തോന്നുന്ന കാര്യങ്ങളില്‍ കര്‍ശനമായ അന്വേഷണവും നടപടികളും ഉണ്ടാകണം. ക്രിസ്തുവിന്‍റെ കയ്യില്‍ പരാതി കിട്ടിയാല്‍ എന്തു ചെയ്യും എന്ന വിധം സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യണം. വിശ്വാസികള്‍ക്കു ബോദ്ധ്യം വരുംവിധം പ്രവര്‍ത്തിക്കണം. ഉചിതമായ നടപടികൊണ്ടും സംസാരംകൊണ്ടും ഓരോ സംഭവവും വചനപ്രഘോഷണത്തിന് അവസരമാക്കുവാന്‍ കഴിയും. ക്രിസ്തു പരാതികള്‍ കൈകാര്യം ചെയ്തവിധം പഠിച്ചാല്‍ അതു മനസ്സിലാകും.

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു കണ്ടാല്‍ പരാതി നല്കുന്ന വ്യക്തിക്ക് എല്ലാവിധ സംരക്ഷണവും സാന്ത്വനവും നല്കണം. പരിഹാരം ലഭ്യമാക്കണം. ഉചിതമായ പരാതികളില്‍, നിയമപരമായ സംവിധാനത്തിലൂടെ മാത്രമേ പരിഹാരം ലഭിക്കുകയുള്ളുവെങ്കില്‍ സഭതന്നെ അതിനു വേണ്ട എല്ലാ സഹായവും നല്കണം.

കുറ്റാരോപിതന്‍ പൂര്‍ണമായും നിരപരാധിയെങ്കില്‍, മാധ്യമങ്ങളുടെ മുമ്പില്‍ സത്യമായും സുതാര്യമായും വിശദീകരിക്കുവാന്‍ നിര്‍ബന്ധിക്കണം. എല്ലാ വിഭാഗം ജനങ്ങളിലേക്കും വിവരമെത്തുവാന്‍ മാര്‍ഗം അതുതന്നെ. മാധ്യമങ്ങളില്‍ ചിലര്‍ക്കെങ്കിലും ഹിഡന്‍ അജണ്ടയുണ്ടാകും. അവര്‍ കുരുക്കുവാന്‍ ശ്രമിക്കും. മടിയില്‍ കനമില്ലെങ്കില്‍ ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ. ദൈവപരിപാലനയില്‍ ഉറച്ചു മുന്നോട്ടുപോകണം. നിലവിലുള്ള സ്ഥാനത്തുനിന്നു സത്യം തെളിയുന്നതുവരെ മാറിനില്ക്കുന്നത് ഉതപ്പ് ഒഴിവാക്കും.

നിയമപരമായ അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിക്കുകയും സാക്ഷികളെ നിര്‍ഭയം സത്യം വെളിപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലുംവേണ്ടി സ്വാധീനിക്കുന്നതിന്‍റെ സ്പര്‍ശം പോലും അരുത്. നിയമപരമായ കാര്യങ്ങള്‍ക്ക് ഉപദേശം നല്കുവാന്‍ ക്രിസ്തീയ പ്രബുദ്ധതയുള്ള അഭിഭാഷകരുടെ ഒരു പാനല്‍ തീര്‍ച്ചയായും ഉണ്ടാകണം.

ഏതു പരാതിയും ഉചിതമായി കൈകാര്യം ചെയ്യുവാന്‍ കെല്പുള്ള ഒരു ഹെല്‍പ്പ്ലൈന്‍ രൂപതാ തലത്തിലും ഹൈരാര്‍ക്കിതലത്തിലും ഉണ്ടായാല്‍ വലിയൊരു അളവുവരെ, പ്രശ്നങ്ങള്‍ ഒഴിവാകും. ലോകത്തിന്‍റെ അധികാരികള്‍ നല്കുന്ന നീതിയേക്കാള്‍ പതിന്മടങ്ങു മികച്ചതായിരിക്കണം ക്രിസ്തുവിന്‍റെ പിന്‍ഗാമികള്‍ നല്കുന്ന നീതി. ഇതിനൊന്നും ഉടന്‍ തയ്യാറായില്ലെങ്കില്‍ എല്ലാം കാണുന്ന ദൈവത്തിന്‍റെ നടപടി, വേഗം ഉണ്ടാകുമെന്ന ഉറപ്പു പ്രത്യാശ നല്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org