Latest News
|^| Home -> Cover story -> പ്രഭ തൂകുന്ന ചുവന്ന പുഷ്പങ്ങള്‍

പ്രഭ തൂകുന്ന ചുവന്ന പുഷ്പങ്ങള്‍

Sathyadeepam

രക്തസാക്ഷിത്വത്തിന്‍റെ മകുടമണിഞ്ഞ് ഒറീസ്സയിലെ
ആദ്യകാല വിന്‍സെന്‍ഷ്യന്‍ മിഷണറിമാര്‍:

ക്രിസ്തുവിനുവേണ്ടി ഭാരതത്തില്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച് രക്തസാക്ഷികളായ രണ്ട് സ്പാനിഷ് വൈദികര്‍, ഫാ. ഹോസെ മരിയ ഫെര്‍ണാണ്ടസ് സാഞ്ചസും ഫാ. പെദ്രോ പാസ്കുവല്‍ ഗാര്‍സിയ മാര്‍ട്ടിനും. കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സന്യാസ സഭയുടെ ഒറീസ്സ-കട്ടക്ക് മിഷനിലെ ആദ്യകാല മിഷനറിമാര്‍… 2017 നവംബര്‍ 11-ന് 56 വിന്‍സെന്‍ഷ്യന്‍ വൈദികരോടും രണ്ട് ഉപവിപുത്രിമാരോടുമൊപ്പം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്‍ഷ്യന്‍ ഇന്ത്യന്‍ മിഷന്‍റെ ആരംഭകരായ ഈ തീക്ഷ്ണമതികളുടെ ഹൃസ്വ ജീവിത ചരിത്രത്തിലൂടെ….

ഹോസെ മരിയ ഫെര്‍ണാണ്ടസ് സാഞ്ചസ് സി.എം.
1875 ജനുവരി 15-ന് സ്പെയിനിലെ അസ്തൂരിയാസിലെ വെയ് ദോയില്‍ ഹോസെ-മനുവേല ദമ്പതികളുടെ മകനായി ജനിച്ചു. തിയോളജി പഠനകാലത്താണ് വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ച (Congregation of Mission) സഭയിലേക്കുള്ള തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് സഭയില്‍ അംഗമാകുന്നത്. മാഡ്രിഡിലെ ഓതെലേസായില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കവെ 1922-ല്‍ ഭാരതത്തിലെ ‘കട്ടക്ക് മിഷനില്‍’ വചനപ്രഘോഷകനായി എത്തുവാനുള്ള നിയമനം ലഭിച്ചു. റോമിലെ ‘വേദപ്രചാരതിരുസംഘം’ പ്രത്യേകമായി Congregation of Mission വൈദികരെ ഏല്‍പ്പിച്ചതാണീ ‘കട്ടക്ക് മിഷന്‍.’ കട്ടക്ക് വൈസ് പ്രൊവിന്‍സിന്‍റെ ആദ്യത്തെ വൈസ് പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു ഫാദര്‍ ഹോസെ മരിയ. 1930-ല്‍ സ്പെയിനിലേക്ക് മടങ്ങിയ ഫാ.ഹോസെയ്ക്ക് അജപാലന ദൈവശാസ്ത്രം പഠിപ്പിക്കലും, സ്പാനിഷ് പ്രൊവിന്‍സ് ഉപവിപുത്രിമാരുടെ ആത്മീയഗുരുവും എഴുത്തുകാരനുമായ ഹോസെ മരിയ അച്ചന്‍റെ എഴുത്തുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഉപരിയായി അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയാണ് ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ചത്.

1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ‘ചാപ്ലെന്‍ ഭവന’ത്തില്‍ നിന്നും ഹോസെ മരിയ അച്ചനെ അറസ്റ്റുചെയ്തു. കടുത്ത ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായെങ്കിലും സഭയേയും സന്യാസജീവിതത്തെയും കുറിച്ചുള്ള നിരവധിപേരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി കൊടുത്തില്ല. തല്‍ഫലമായി അദ്ദേഹത്തെ രാത്രികളില്‍ ഉറങ്ങാതെ നിര്‍ത്തി ശിക്ഷിച്ചു. ആഗസ്റ്റ് 28-ാം തീയതി തന്നെ കാണാന്‍ വന്ന മദര്‍ ജുസ്തായോടും സിസ്റ്റേഴ്സിനോടും ഹോസെ മരിയയച്ചന്‍ പറഞ്ഞു, “നിങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ ഓര്‍ത്താല്‍ ഒരുപാട് ദുഃഖിതനാണ്. എന്നാല്‍ ഇന്നു ഞാന്‍ സന്തോഷവാനും ദൈവത്തിന് ഒരുപാട് നന്ദിയുള്ളവനുമാണ്. കാരണം അവിടുന്നെന്നെയും ആ പീഡനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു…” ഈ പീഡനങ്ങളിലൂടെ നമ്മള്‍ നേരിടുന്ന ആത്മീയസൗഭാഗ്യത്തെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.”

1936 ഒക്ടോബര്‍ 23-ന് തന്‍റെ ദിവ്യനാഥനേയും സ്ഥാപകപിതാവ് വിശുദ്ധ വിന്‍സെന്‍റ് ഡി പോളിനെയും തനിക്ക് മുന്‍പേ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സെന്‍ഷ്യന്‍ വിശുദ്ധരെയും മുഖാമുഖം കാണുന്നതിനായി ഫാദര്‍ ഹോസെ മരിയ വിശ്വാസത്തിനും സന്യാസവിളിക്കും വിശ്വസ്തതാപൂര്‍വ്വം സാക്ഷ്യം വഹിച്ച് സ്വജീവിതം കര്‍ത്താവിനേകി – തോക്കുകള്‍ക്കും ക്രൂരഭരണാധികാരികള്‍ക്കും വിശ്വാസത്തെ ചവിട്ടിയരയ്ക്കാന്‍ അനുവദിക്കാതെ.

ഫാദര്‍ പേദ്രോ പാസ്കുവല്‍ ഗാര്‍സിയ മാര്‍ട്ടിന്‍ സി.എം.
1892 ജൂണ്‍ ആറാം തീയതി സ്പെയിനിലെ മോന്തേഗുര്വോ ഡെല്‍ കാസ്മിയോവില്‍ ജെറോനിമോയുടെയും എമിലിയാനയുടെയും മൂത്തപുത്രനായി പേദ്രോ പാസ്കുവല്‍ ഭൂജാതനായി.1908 ഒക്ടോബര്‍ 26-ാം തീയതി ദൈവവിളിക്ക് കാതോര്‍ത്ത് Congregaþ tion of Mission സഭയില്‍ അംഗമായി. സാന്‍ ആന്‍റണില്‍ വച്ച് 1917 സെപ്റ്റംബര്‍ 15-ാം തീയതി അഭിവന്ദ്യ അലോന്‍സാ സലാസാര്‍ മെത്രാനില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. ക്രിസ്തുവിന് ബലിയാകാനും ബലിയേകാനുമുള്ള വൈദികജീവിതത്തിന്‍റെ ആദ്യചുവടു വച്ച സാന്‍ ആന്‍റണില്‍ വച്ചുതന്നെയാണ് രക്തസാക്ഷിത്വത്തിലേക്കും അദ്ദേഹം ചുവടുവച്ചത്.

പ്രസിദ്ധമായ ആവിലായിലേക്കായിരുന്നു ഫാദര്‍ പേദ്രോ പാസ്കുവലിന് ലഭിച്ച ആദ്യനിയമനം. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് 1923-ല്‍ രണ്ടാമത്തെ മാറ്റം വന്നത്. ‘കട്ടക്ക് മിഷനി’ലേക്കുള്ള രണ്ടാം സംഘത്തിലെ ഒരംഗമായി ഭാരതത്തിലേയ്ക്കുള്ള നിയമനമായിരു ന്നു അത്. ഒഡീഷയിലെത്തിയ ഫാദര്‍ പെദ്രോ പാസ്കുവല്‍ സൊരഡ, ജാത്നി, ഖൊര്‍ദവേഡ് എന്നിവിടങ്ങളില്‍ നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിക്കുകയും വിശ്രമമില്ലാതെ ഗ്രാമങ്ങളും സ്കൂളുകളും സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ഉപദേശങ്ങളും കൂദാശകളും ഏറെ ശ്രദ്ധയോടെ പരികര്‍മ്മം ചെയ്തു. വേദോപദേശികള്‍ക്ക് പരിശീലനം കൊടുക്കുവാന്‍ കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ ഈ ഗ്രാമസന്ദര്‍ശനങ്ങള്‍. ഒരു വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ക്ക് ശേഷം അനാരോഗ്യം മൂലം അദ്ദേഹം ജന്മദേശത്തേക്കു മടങ്ങി. ആഭ്യന്തരയുദ്ധകാലത്ത് സെന്‍റ് ജോസഫ് സൊസൈറ്റിയിലെ തൊഴിലാളികളെ ധ്യാനിപ്പിക്കുവാന്‍ അദ്ദേഹം ഏറെ താല്‍പര്യത്തോടെ തന്‍റെ സമയം വിനിയോഗിച്ചു.

1936 ജൂലൈ 25-ാം തീയതിക്കും 28-ാം തീയതിക്കും ഇടയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജൂലൈ 28-ാം തീയതി വിചാരണയില്‍ താന്‍ കത്തോലിക്കനാണ്, വൈദികനാണ് എന്ന സത്യം മറച്ചുവയ്ക്കാതെ സധൈര്യം പാസ്കുവലച്ചന്‍ പ്രഘോഷിച്ചു. ആഗസ്റ്റ് 7-ാം തീയതി സാന്‍ ആന്‍റോണ്‍ ജയിലിലേയ്ക്ക് അച്ചനെ മാറ്റുകയും, നവംബര്‍ 30-ാം തീയതി വധശിക്ഷ തീയതിയായി കുറിക്കുകയും ചെയ്തു. ചുരുങ്ങിയ കാലത്തെ ജയില്‍വാസത്തിനിടയില്‍ കൂടെയുണ്ടായിരുന്ന അല്‍മായനായ പേദ്രോ പാലോമെക്ക, പാസ്കുവലച്ചന്‍റെ അന്ത്യദിനത്തെക്കുറിച്ച് വിവരിക്കുന്നതിപ്രകാരമാണ്. “വെളുപ്പിനെ രണ്ടു മണിക്കൊരു പട്ടാളക്കാരന്‍ പാസ്കുവലച്ചനെ വിളിച്ചുണര്‍ത്തി തന്‍റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കൊപ്പം പ്രധാന വാതില്‍വരെ ഞാനും പിന്‍ചെന്നു. അവിടെവച്ച് ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ച് വിടപറഞ്ഞു. ഒരു ട്രക്കില്‍ പലര്‍ക്കുമൊപ്പം അദ്ദേഹത്തെ മാഡ്രിഡിലേയ്ക്ക് കൊണ്ടുപോകുകയും അവരെ വെടിവച്ച് കൊല്ലുകയും ചെയ്തു.

തങ്ങളുടെ വിശ്വാസവും ദൈവവിളിയും എതിര്‍ത്തുപറയുവാന്‍ ആവശ്യപ്പെട്ടവരോട് ഉച്ചത്തില്‍ ധീരമായി അവയെ ഏറ്റുപറഞ്ഞപ്പോള്‍, ആ ധീരതയ്ക്കും വിശ്വസ്തതയ്ക്കും ഭരണാധികാരികള്‍ നല്കിയ പ്രതിഫലം മരണമായിരുന്നു. “ശരീരത്തെ നശിപ്പിക്കുന്നവരെ ഭയക്കേണ്ട” എന്ന യേശുവിന്‍റെ തിരുമൊഴികള്‍ ആവര്‍ത്തിച്ചോര്‍ത്ത് ശിഷ്യരെന്നതില്‍ അഭിമാനിച്ച്, ഈ രണ്ട് ആദ്യകാല വിന്‍സെന്‍ഷ്യന്‍ മിഷണറിമാര്‍-ഫാദര്‍ ഹോസെ മരിയ ഫെര്‍ണാണ്ടസ് സാഞ്ചെസ് സി.എം., പെദ്രോ പാസ്കുവല്‍ ഗാര്‍സിയ മാര്‍ട്ടിനും മറ്റ് അനേകം വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങള്‍ക്കും സന്യസ്തര്‍ക്കും ഒപ്പം ബലിയേകുവാനും ബലിയാകുവാനും വിളിക്കപ്പെട്ട ആ പുണ്യജീവി തങ്ങള്‍ രക്തപുഷ്പങ്ങളായി പവിത്രത തെല്ലും കളയാതെ ദൈവതിരുമുമ്പില്‍ തിരുമുല്‍ക്കാഴ്ചയായ് സമര്‍പ്പിച്ചപ്പോള്‍ ഒട്ടും ഒളിമങ്ങാതെ കൂടുതല്‍ ശോഭയോടെ പ്രോജ്ജ്വലിക്കുന്ന നക്ഷത്രങ്ങളായി തിരുസ്സഭ അവരെ അള്‍ത്താരയിലെ വണക്കത്തിനായി ഉയര്‍ത്തി. അനുസ്യൂതമൊഴുകുന്ന ദൈവകൃപയുടെ ഈ വിശുദ്ധനിമിഷങ്ങള്‍ നമുക്കും സ്വന്തമാക്കാം.

തയ്യാറാക്കിയത്: ഫാ. ജോര്‍ജ്ജ് സി.എം. & സി. സോണിയ ഡി.സി.

Leave a Comment

*
*