കൊറോണകടല്‍ കടന്നുവരുന്ന സഭ

കൊറോണകടല്‍ കടന്നുവരുന്ന സഭ


ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍

പ്രൊഫസര്‍ മംഗലപ്പുഴ സെമിനാരി, ആലുവ

ആരാധനാക്രമമനുസരിച്ച് ഇത് നോമ്പുകാലമാണ്. വത്സരത്തിലെ മറ്റേതു കാലത്തേക്കാളുമധികം വ്യക്തിതലത്തിലും ഇടവകതലത്തിലും ഒട്ടേറെ ഭക്താഭ്യാസങ്ങള്‍ പ്രകടമാകുന്ന കാലം. എന്നാല്‍, പ്രകടമായ അനുഷ്ഠാനങ്ങള്‍ നിറഞ്ഞ പരമ്പരാഗത നോമ്പുകാലത്തെ തന്‍റെ വിരിഞ്ഞ നിഴലുകൊണ്ടു മറച്ച് കൊറോണകാലം എന്നൊരു പുതിയ സമയാനുഭവം ജീവിതാകാശത്ത് ഉദിച്ചിരിക്കുകയാണ്. പ്രകാശത്തോളംതന്നെ പരപ്പുള്ള നിഴലിനെ കണ്ട് മനുഷ്യര്‍ അന്തിച്ചുപോയിരിക്കുന്നു. കൊറോണക്കാലത്തിന്‍റെ നിഴല്‍പ്പരപ്പില്‍ അദൃശ്യമായി പോയത് ക്രിസ്ത്യാനികളുടെ ഇടവകജീവിതം മാത്രമല്ല, ലോകജനതയുടെ പൊതുജീവിതവുമാണ്.

ദിവ്യബലിക്കും മറ്റുമായി ദേവാലയങ്ങളില്‍ പോകാനോ, ആത്മീയസമ്മേളനങ്ങള്‍ക്കായി അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിക്കാനോ, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ, എന്തിനേറെ, അടുത്തും അകലേയും താമസിക്കുന്ന പ്രിയപ്പെട്ടവരെ കാണാന്‍പോലുമോ സാധിക്കാത്ത ഒരു കഷ്ടകാലമെന്ന കണക്കാണ് പലരും ഈ ദിനങ്ങളെ തള്ളിനീക്കുന്നത്. ഭക്തിയുടെ ബാഹ്യരൂപങ്ങളെല്ലാം താത്കാലികമായെങ്കിലും അപ്രത്യക്ഷമായ ഇക്കാലത്ത് ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹബന്ധം എങ്ങനെ അനുഭവപരമായി നിലനിര്‍ത്താമെന്നാണ് വിശ്വാസികളും അവരുടെ ആത്മീയപാലകരും ചിന്തിക്കുന്നത്. ആരാധനയ്ക്കും അജപാലനപരമായ അനുയാത്രയ്ക്കും വേണ്ട ഒട്ടനവധി ബദല്‍ സംവിധാനങ്ങള്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം പുതിയ സംവിധാനങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും ഏറെയാണ്. മതജീവിതത്തിന്‍റെ പരിചിത വഴികളെല്ലാം അടഞ്ഞുപോയ ഇക്കാലത്ത്, വിശ്വാസികളും വിശ്വാസികളെ എതിര്‍ക്കുന്നവരും ആവര്‍ത്തിച്ചുന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. കൊറോണയെ ഭയന്ന് തിരുക്കര്‍മ്മങ്ങളുടെ അനുഷ്ഠാനരീതിക്ക് മാറ്റം വരുത്തുകയോ, തിരുക്കര്‍മ്മങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ വിശ്വാസികളെ അനുവദിക്കുകയോ ചെയ്യുന്നുത് ശരിയാണോ? സ്ക്രീനില്‍ കുര്‍ബാന കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ കുര്‍ബനയില്‍ പങ്കുചേരുന്നുണ്ടോ? ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താമെന്നത് സൂചിപ്പിക്കുന്നത് ക്രൈസ്തവവിശ്വാസത്തില്‍ മാറ്റമില്ലാത്തതായി ഒന്നുമില്ലെന്നാണോ? അള്‍ത്താരയിലെ ബലി അഭ്രപാളികളില്‍ കണ്ടുശീലിക്കുന്ന വിശ്വാസികളില്‍ കൊറോണകാലത്തിനു ശേഷം അള്‍ത്താരക്കരുകിലേക്ക് തിരിച്ചുവരുമോ? പള്ളികള്‍ നിര്‍ജ്ജനമായതു പോലെ സഭ തന്നെ സാവധാനം നിര്‍ജ്ജീവമാകുമോ? മുഖ്യമായും, മൂന്നു വിഷയങ്ങളാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഒന്ന്, ആചാരാനുഷ്ഠാനങ്ങളിലെ വ്യതിയാനങ്ങള്‍ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമോ? സഭ ഒരു മാധ്യമസംഭവമായി ചുരുങ്ങുമോ? കൊറോണാനന്തര സഭയുടെ ആഭിമുഖ്യങ്ങള്‍ ഏവയായിരിക്കും?

വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും
ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുചേരണമെന്നത് തിരുസഭയുടെ കല്പനയാണ്. കൊറോണകാലത്ത് ഇക്കാര്യത്തില്‍ ഇളവു നല്കിയിട്ടുണ്ട്. ഞായറാഴ്ചക്കടം ഇളച്ചുനല്കാന്‍ അധികാരമുള്ള മെത്രാന്മാര്‍ അതു ചെയ്തത് രോഗവ്യാപനം തടയാന്‍വേണ്ടി മാത്രമാണ്. എന്നാലിത് പരിശുദ്ധ കുര്‍ബാനയുടെ ശക്തിയും പ്രാധാന്യവും നിസ്സാരവത്കരിച്ചുകളഞ്ഞ നടപടിയായിപ്പോയെന്നു ക്രൈസ്തവര്‍ക്കിടയിലെ ചില തീക്ഷ്ണമതികള്‍ അടക്കം പറഞ്ഞു. പൊതുവായ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ത്തിയത്, ശാസ്ത്രം നാളെ കീഴടക്കിയേക്കാവുന്ന ഒരു രോഗത്തിന്‍റെ മുമ്പില്‍ മതങ്ങള്‍ തോല്‍വി സമ്മതിച്ചതിന്‍റെ തെളിവാണെന്ന് മതവിരുദ്ധര്‍ പ്രഖ്യാപിച്ചു. അവഗണിച്ചു കളയാവുന്ന ഈ മുറുമുറുപ്പുകള്‍ ചില വിശ്വാസികളുടെ ഹൃദയത്തില്‍ ചെറുതല്ലാത്ത അര്‍ത്ഥശങ്കയ്ക്ക് ഇടനല്കിയെന്നത് കാണാതിരിക്കാനാവില്ല. അതുകൊണ്ട്, ചില ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്.

ദൈവത്തിന്‍റെ സ്വയംദാനമായ യേശുക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിക്കുകയെന്നതാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ കാതല്‍. വിശ്വസിക്കുന്നവര്‍ക്ക് ജീവിതപരിസരങ്ങളില്‍ കണ്ടുമുട്ടുന്ന സകലതിലും, പ്രത്യേകിച്ച്, ചെറുതിലും മറ്റുള്ളവരാല്‍ ചെറുതാക്കപ്പെട്ടവരിലും എളിയവരിലും പാപ-രോഗങ്ങളാല്‍ എളിമപ്പെടുത്തപ്പെട്ടവരിലും ഈ ദൈവപുത്രനെ കാണാനും സ്വീകരിക്കാനും സാധിക്കും. മാംസത്തില്‍ വചനത്തെ കാണുന്ന, കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍, മനുഷ്യരിലും അവരുടെ സഹസൃഷ്ടികളിലും ദിവ്യത ദര്‍ശിക്കുന്ന, ആത്മീയകല മനുഷ്യരെ പഠിപ്പിച്ചത് ഈശോതന്നെയാണ്. മുറിയപ്പെട്ട അപ്പത്തില്‍ അവന്‍റെ ശരീരവും കലര്‍ത്തപ്പെട്ട വീഞ്ഞില്‍ അവന്‍റെ രക്തവും രുചിക്കാന്‍ ശിഷ്യരെ പരിശീലിപ്പിച്ച അന്ത്യഅത്താഴ സമയത്താണ് യേശുവത് ഏറ്റവും വ്യക്തമായി പഠിപ്പിച്ചത്. പല അള്‍ത്താരകളിലായി രാപകല്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യബലികളില്‍ ക്രൈസ്തവര്‍ ഈ ആത്മീയകല അവരുടെ ഗുരുവായ ക്രിസ്തുവില്‍ നിന്ന് പരിശീലിക്കുകയാണ്. ദിവ്യബലിവേദിയിലും ദിവ്യകാരുണ്യ അപ്പത്തിലും ഉള്‍ക്കണ്ണാല്‍ കണ്ടാരാധിച്ച അതേ ദൈവമുഖം തെരുവിലെ പാവങ്ങളില്‍ തിരിച്ചറിഞ്ഞ മദര്‍ തെരേസ ക്രൈസ്തവര്‍ക്ക് മാതൃകയാണ്.

യേശുക്രിസ്തുവിന്‍റെ ഏകബലിയാണ് ക്രൈസ്തവവിശ്വാസത്തിന്‍റെയും, വിശ്വാസാനുഭവത്തിന്‍റെ വഴിയും വേദിയുമായ ആദ്ധ്യാത്മികതയുടെയും മാറ്റമില്ലാത്ത അടിസ്ഥാനം. വിവിധ റീത്തുകളിലും ഭാഷകളിലും ലോകം മുഴുവനുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നത് ഈശോമിശിഹാ സകലര്‍ക്കും വേണ്ടി അര്‍പ്പിച്ച ആത്മബലിയാണ്. ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയായ യേശുക്രിസ്തുവിന്‍റെ ബലി ഇപ്പോഴും എപ്പോഴും അര്‍പ്പിക്കപ്പെടുന്നു. ദിവ്യബലിയില്‍ അനുദിനം പങ്കുചേരാന്‍ കഴിയുന്നത് മഹാഭാഗ്യം തന്നെ. എന്നാല്‍, എനിക്കര്‍പ്പിക്കാനോ പങ്കുചേരാനോ കഴിയാത്തപ്പോള്‍ ബലിയില്ല എന്നു ചിന്തിക്കുന്നത് മഹാമൗഢ്യമാണ്. എന്നാല്‍ ദൈവം സഭയിലൂടെ ലോകത്തിനു നല്കുന്ന ദാനമായ കുര്‍ബാന അവകാശമെന്നമട്ടില്‍ ആവശ്യപ്പെടുന്നതും ശരിയല്ല.

ഇനി, സഭയില്‍ ഇക്കാലത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനപങ്കാളിത്തത്തോടുകൂടിയ കുര്‍ബാനയര്‍പ്പണം രാഷ്ട്രീയാധികാരികളും സഭാധികാരികളും വിലക്കി. അത്രമാത്രം. എന്നാല്‍ കുര്‍ബാനയ്ക്ക് വിലക്കില്ല; ഒരാള്‍ക്കും വിലക്കാനാവുകയുമില്ല. ആരോഗ്യമുള്ള വൈദികരെല്ലാം ഇപ്പോഴും ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്. ഇനി നാളെയൊരിക്കല്‍, ആരോഗ്യപരവും രാഷ്ട്രീയപരവും ആയ കാരണങ്ങളുടെ പേരില്‍ ഇന്നാട്ടില്‍ വൈദികര്‍ക്കാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുര്‍ബാന നിന്നുപോയി എന്നാരും കരുതരുത്. യേശുവിന്‍റെ ബലി അനുസ്യൂതം അര്‍പ്പിക്കപ്പെടുന്നുണ്ട്. അതില്‍ ആത്മനാ പങ്കുചേരുന്നതില്‍നിന്ന് ഒരാളെപ്പോലും തടയാന്‍ ലോകം മുഴുവന്‍ വിചാരിച്ചാലും കഴിയുകയുമില്ല. അതുകൊണ്ട്, നാമിങ്ങനെ പറഞ്ഞു പരസ്പരം ശക്തിപ്പെടുത്തണം: "നിനക്ക് എപ്പോഴും സമീപസ്ഥമായ ഒരു അള്‍ത്താരയുണ്ട്. അത് നീ നില്‍ക്കുന്നിടമാണ്. അവിടെ യേശുവിനോടൊപ്പം അര്‍പ്പകനും ബലിവസ്തുവുമായി നീയും നിലക്കാത്ത ഒരു കുര്‍ബാനയനുഭവത്തിലാണ്."

അപ്പോള്‍ എന്താണ് നമ്മുടെ ഇടവകകളില്‍ സംഭവിക്കുന്നത്? കുര്‍ബാന നിന്നുപോയിട്ടില്ല, വിശ്വാസം തകര്‍ന്നിട്ടുമില്ല. ആദ്ധ്യാത്മിക ശിക്ഷണപരമായ ചില താത്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നതു മാത്രമാണിവിടെ സംഭവിച്ചത്. അതുതന്നെയും, ആത്മീയമായ കാരണങ്ങളുടെ പേരിലല്ല. അതായത്, പള്ളിക്കുറ്റം, മാരകമായ പരസ്യപാപം തുടങ്ങിയ കാരണങ്ങളുടെ പേരിലല്ല ജനങ്ങളോട് പള്ളിയില്‍ വരരുതെന്ന് പറഞ്ഞത്. തികച്ചും ആരോഗ്യപരമായ കാരണങ്ങളുടെ പേരില്‍ മാത്രമാണത്. കേരളത്തില്‍ സാധാരണയായി ചിക്കന്‍പോക്സ് പിടിപ്പെടുന്ന അവസരങ്ങളില്‍ ദിവസങ്ങളോളം നാം സമ്പൂര്‍ണ്ണ സാമൂഹ്യ അകലം പാലിക്കാറില്ലെ? ഇവിടെ സംഭവിച്ചത്, ലോകഗ്രാമത്തിലെ സമൂഹശാസ്ത്രത്തിന് രോഗബാധയുണ്ടായതിനാല്‍, എല്ലാവരും സാമൂഹ്യഅകലം പാലിക്കേണ്ടതായി വന്നിരിക്കുന്നു.

ഓണ്‍ലൈന്‍ സഭ?
The Wall Street Journal, The New York Times, The Daily Telegraph തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ഈയടുത്ത വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി ചുരുങ്ങി. ഇനി ഈ ദിനപത്രങ്ങള്‍ അച്ചടിക്കില്ല. വരിക്കാര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ സ്ക്രീനില്‍ വേണം അവ വായിക്കാന്‍. സഭയും ഒരു ഓണ്‍ലൈനില്‍ ഇന്‍റര്‍നെറ്റായി ചുരുങ്ങുമോ? വികാരി അഡ്മിന്‍ ആയുള്ള ഒരു സമൂഹമാധ്യമ ഗ്രൂപ്പായി ഇടവക രൂപാന്തരപ്പെടുമോ? കൊ റോണക്കാലത്തെ സഭയെ നിരീക്ഷിക്കുന്ന ചിലരുടെ വീണ്ടുവിചാരങ്ങളാണിവ.

സഭയ്ക്ക് മൂന്ന് അവസ്ഥകളാണുള്ളത്: ദൈവത്തെ അവിടുന്ന് ആയിരിക്കുന്നതുപോലെ ദര്‍ശിച്ചാരാധിക്കുന്ന സ്വര്‍ഗ്ഗീയസഭ അഥവാ വിജയസഭ; മരണശേഷം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ സഹനസഭ; ഇപ്പോള്‍ ഭൂമിയില്‍ തീര്‍ത്ഥാടനത്തിലായിരിക്കുന്ന ക്രിസ്തുശിഷ്യരുടെ ഭൗമികസഭ അഥവാ സമരസഭ. ഇവയൊഴികെ മറ്റൊരു അവസ്ഥയും തരവും ദൈവത്തിന്‍റെ സഭയ്ക്കില്ല, ഉണ്ടാവുകയുമില്ല. ഭൗമീകസഭ സുവിശേഷം പ്രഘോഷിക്കാനും ദൈവൈക്യത്തില്‍ വളരാനുമായി അതതുകാലത്തു ലഭ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗിക്കും. പ്രാദേശിക സഭകള്‍ക്ക് ലേഖനങ്ങള്‍ എഴുതിയ അപ്പസ്തോലന്മാര്‍ എഴുത്തെന്ന മാധ്യമം ഉപയോഗിച്ചിരുന്നല്ലോ.

രോഗവ്യാപനം തടയാനായി ജനപങ്കാളിത്തത്തോടുകൂടിയ തിരുക്കര്‍മ്മങ്ങള്‍ നിറുത്തലാക്കിയപ്പോള്‍, വീട്ടിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ അജപാലകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവേചനാപൂര്‍വ്വം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടത് സഭയുടെ കടമയാണെന്നത് ജ്ഞാനമുള്ളവര്‍ നിഷേധിക്കില്ല. എന്നാല്‍ വിശ്വാസികള്‍ക്ക് അര്‍ത്ഥശങ്കയുള്ളത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, സ്ക്രീനിലെ കുര്‍ബാനയില്‍ പങ്കുചേരുന്നവര്‍ യഥാര്‍ത്ഥത്തില്‍ കുര്‍ബാനയില്‍ പങ്കുചേരുന്നുണ്ടോ? രണ്ട്, ഇന്ന് ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങള്‍ മതായികുമെങ്കില്‍ എന്നും അതുതന്നെ തുടര്‍ന്നാല്‍ പോരെ?

തിരുസഭാ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഒരു പുരോഹിതന്‍ കുര്‍ബാനയര്‍പ്പിക്കുന്ന വിശുദ്ധയിടങ്ങളില്‍ ശാരീരികമായി സന്നിഹിതരായി പങ്കുചേരുന്നതുപോലെ യഥാര്‍ത്ഥമല്ല. സ്ക്രീനിനു മുമ്പിലിരുന്ന് അരൂപിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നത്. സ്ക്രീനിലെ കുര്‍ബാനയില്‍ പങ്കുചേരുന്നയാള്‍ പൂര്‍ണ്ണ മനസ്സുകൊണ്ടും പൂര്‍ണ്ണ ആത്മാവുകൊണ്ടും കുര്‍ബാനയില്‍ പങ്കുചേരുന്നുണ്ടാകാം. എന്നാല്‍, ശാരീരികമായി സന്നിഹിതരല്ലാത്തതുകൊണ്ട്, പ്രത്യേകിച്ച്, തിരുശരീരരക്തങ്ങള്‍ സ്വീകരിക്കാനാവാത്തതുകൊണ്ട് സ്ക്രീനിലെ കുര്‍ബാന അപൂര്‍ണമാണ്. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന അവസരങ്ങളില്‍, ശാരീരികമായി സന്നിഹിതരായിരിക്കെത്തന്നെ മനസ്സും ആത്മാവും അള്‍ത്താരയിലെ പ്രാര്‍ത്ഥനകളോടും ധൂപത്തോടുമൊപ്പം ഉയരുന്നില്ലെങ്കില്‍, അതും അപൂര്‍ണ്ണമായ പങ്കുചേരലാണ്. അതായത്, ദിവ്യബലിയില്‍ ശാരീരികമായി സംബന്ധിക്കുമ്പോഴും നമ്മുടെ പങ്കുചേരല്‍ അപൂര്‍ണ്ണമാകാനുള്ള സാധ്യതയുണ്ട്. അരൂപിക്കടുത്ത പങ്കുചേരലില്‍ അപൂര്‍ണത അനിവാര്യമാണെന്നു മാത്രം. ഇതെല്ലാം മാനുഷികമായ വശത്തുനിന്നാണ് നാം പറയുന്നത് എന്ന് മറന്നുപോകരുത്. അളക്കാതെ ആത്മാവിനെ നല്കുന്ന ദൈവം, വ്യവസ്ഥ വയ്ക്കാതെ കൃപചൊരിയുന്ന ദൈവം, പരിശുദ്ധ കുര്‍ബാനയില്‍ തന്നെ സമീപിക്കുന്നവര്‍ക്ക് എങ്ങനെയാണ് തന്നെത്തന്നെ നല്കുന്നതെന്ന് നമുക്കു പറയാനാവില്ല. അവസാനം വന്നവര്‍ക്കുമുതല്‍ ആദ്യം വന്നവര്‍ക്കുവരെ ദിവസത്തിന്‍റെ മുഴുവന്‍ വേതനവും നല്കിയ യേശുവിന്‍റെ ഉപമയിലെ യജമാനനെപ്പോലെ, മാധ്യമങ്ങളുടെ സഹായത്തോടെ ആത്മനാ കുര്‍ബാനയില്‍ പങ്കുചേരുന്നവര്‍ക്കും ആത്മ-ശരീര സമഗ്രതയോടെ പങ്കുചേരുന്നവര്‍ക്കെന്നതുപോലെ തന്നെ ആത്മാവിനെ നല്കാനാണ് ദൈവത്തിന്‍റെ തീരുമാനമെങ്കില്‍ അതില്‍ ന്യായാന്യായങ്ങള്‍ പറയാന്‍ ആര്‍ക്കാണ് കഴിവുള്ളത്?

ഈ ദിനങ്ങളില്‍ സ്ക്രീനില്‍ മാത്രമേ കുര്‍ബാന കാണാന്‍ കഴിയുന്നുള്ളുവെങ്കില്‍ ഇത് യഥാര്‍ത്ഥമല്ല എന്ന് പരിഭവിക്കേണ്ട, കുര്‍ബാന ചൊല്ലാനും അതില്‍ പങ്കുചേരാനും ഭാഗ്യം ലഭിച്ചവര്‍ തങ്ങള്‍ മാത്രമാണ് ഈ ദിനങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പിച്ചതെന്ന് ഉള്ളിലഹങ്കരിക്കുകയും വേണ്ട. ഈശോമിശിഹായുടെ ഏകബലിയാണ് യഥാര്‍ത്ഥ ബലി. നാമോരോരുത്തരും അവരവരുടെ നിയോഗമനുസരിച്ച് അവരവര്‍ നില്ക്കുന്നയിടങ്ങളില്‍ നിന്ന് യേശുവിന്‍റെ ബലിയില്‍ പങ്കുചേരുകയാണ്. പുരോഹിതരും, ശുശ്രൂഷകരും, ദൂരസ്ഥരും, സമീപസ്ഥരുമായ സകല ജനങ്ങളും, സൃഷ്ടപ്രപഞ്ചം മുഴുവനും, ശുദ്ധീകരണാത്മക്കളും, സ്വര്‍ഗ്ഗവാസികളും ഒന്നുചേര്‍ന്നര്‍പ്പിക്കുന്നതാണ് വിശുദ്ധ കുര്‍ബാന.

സ്ക്രീനിലെ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ശീലിച്ചവര്‍ പിന്നീട് ദേവാലയത്തിലേക്ക് വരാതിരിക്കുമോ എന്ന ചിന്തക്ക് വലിയ വില കല്പിക്കേണ്ടതില്ല. ക്രിസ്തുവുമായുള്ള ബന്ധമാണ് കുര്‍ബനമേശയ്ക്കരികിലേക്ക് ഒരാളെ ആകര്‍ഷിക്കുന്നത്. സഭ തന്‍റെ തനയര്‍ക്ക് ആദ്യമായി പകര്‍ന്നുകൊടുക്കേണ്ടത് ഇടയനായ ക്രിസ്തുവിനോടുള്ള സ്നേഹമാണ്. ക്രിസ്തുവിനോട് സ്നേഹമില്ലാത്തവരെ തിരുക്കര്‍മ്മവിധികള്‍ പഠിപ്പിച്ചതുകൊണ്ട് എന്തു പ്രയോജനം? രോഗം മൂലമോ യാത്രാവിലക്കു മൂലമോ സ്വന്തം അപ്പന്‍റെ മൃതസംസ്കാരകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ കഴിയാതെപോയ ഒരാളുടെ അവസ്ഥ ഓര്‍ക്കുക. അയാള്‍ തീര്‍ച്ചയായും മുഴുവന്‍ ശുശ്രൂഷകളും ലൈവ് സ്ട്രീമിംഗ് വഴി കാണുകയില്ലേ? എന്നാല്‍ കുടുംബത്തില്‍ അടുത്ത ഒരു മരണമുണ്ടാകുമ്പോള്‍, "വീട്ടില്‍ പോകേണ്ട ആവശ്യമില്ല, ലൈവ് സ്ട്രീമിംഗ് മതിയാവും" എന്നു ചിന്തിക്കുമോ? ഇടവക ദേവാലയത്തിലെ സജീവബലിയുടെ സ്ഥാനം ടിവിയും കമ്പ്യൂട്ടറും കൈവശമാക്കുമെന്ന പേടി അടിസ്ഥാനമില്ലാത്തതാണ്? വായ നവഴിയാകട്ടെ വീഡിയോ വഴിയാകട്ടെ, ഒരിക്കലെങ്കിലും കുര്‍ബാന സ്നേഹത്തിന്‍റെ മുറിവേറ്റിട്ടുള്ളവര്‍ പറന്നുവരും പള്ളികളിലേക്ക്.

കൊറോണാനന്തര സഭ
രോഗം ഒരു വിദ്യാലയമാണ്. ആരോഗ്യത്തിന്‍റേയും സമൃദ്ധിയുടെയും നാളുകളില്‍ ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ ദീനത്തിന്‍റെയും വറുതിയുടേയും ദിനങ്ങളില്‍ മനുഷ്യര്‍ പഠിക്കും. രോഗംകൊണ്ട് ശിഷ്യപ്പെട്ടവര്‍ അനേകരുണ്ട് തിരുസഭാ ചരിത്രത്തില്‍. സകല കലകളും വിദ്യകളും അഭ്യസിപ്പിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണല്ലോ സര്‍വ്വകലാശാല എന്ന വാക്ക് നമ്മള്‍ ഉപയോഗിക്കുന്നത്. കൊറോണ ഒരു ചെറിയ വിദ്യാലയമല്ല. അക്ഷരാര്‍ത്ഥത്തില്‍ അതൊരു സര്‍വ്വകലാശാലയാണ്. കൊറോണ നിയന്ത്രിക്കാത്ത സ്ഥലമോ തലമോ അവശേഷിച്ചിട്ടുണ്ടോ ഇന്നത്തെ ലോകത്തില്‍? കൊറോണക്കാലം കടന്നുവരുന്ന സഭയുടെ മുഖവും ആഭിമുഖ്യങ്ങളും തിരിച്ചറിയാന്‍ ഈ ദിനങ്ങള്‍ നല്കുന്ന പാഠങ്ങള്‍ ധ്യാനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കണം.

ഒന്ന്, ജീവനവും മരണവും: മരണമെപ്പോഴും അരികിലുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. വിശുദ്ധവും വിജയകരവുമായ ജീവിതത്തിന് അന്ത്യത്തെക്കുറിച്ചുള്ള ചിന്ത ഉപകാരം ചെയ്യും. "ഒരുപക്ഷേ, ഞാന്‍ ഉടനെ മരിക്കും" എന്നത് ഒരു നെഗറ്റീവ് ചിന്തയായി നാം ആട്ടിപ്പായിക്കാറുണ്ട്. എന്നാല്‍ അപാരമായ പോസിറ്റീവ് ഊര്‍ജ്ജം നല്കാന്‍ കഴിവുള്ള ചിന്തയാണത്. ജീവിതത്തില്‍ പ്രിയപ്പെട്ടവയില്‍ നിന്ന് വിലപ്പെട്ടവയെ വേര്‍തിരിച്ചറിയാനും, സ്നേഹത്തോടെ ചേര്‍ത്തുപിടിക്കാനും ഈ ചിന്ത സഹായിക്കും. മരണചിന്ത മനസ്സിലുദിക്കുമ്പോള്‍ അനാവശ്യ ആകര്‍ഷണങ്ങള്‍ അസ്തമിക്കും, വിലകെട്ട അലച്ചിലുകള്‍ സ്വയം നിലക്കും. അലക്സാണ്ഡ്രിയായിലെ തെയോഫിലസ് മെത്രാപ്പോലീത്ത മരണസമയത്ത് ഇങ്ങനെ പറഞ്ഞു: "ഈ മണിക്കൂറിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്ന അബ്ബാ അര്‍സേനിയൂസ്, അങ്ങ് ഭാഗ്യവാനാണ്."

രണ്ട്, ലാളിത്യം സാധ്യമാണ്: രോഗകാലത്ത് മെലിയാത്തവരായി ആരുമുണ്ടാകില്ല. സഭയെന്ന സ്ഥാപനവും നന്നായി മെലിഞ്ഞ സമയമാണിത്. അമിതവണ്ണം ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമല്ലാത്തതുപോലെ പരിപാടികളുടെ ആധിക്യം സഭയുടെ ആരോഗ്യലക്ഷണമല്ല. അനുവദനീയമായതെല്ലാം പ്രയോജനകരമാണോ എന്നും അനുവര്‍ത്തിച്ചുവന്നതെല്ലാം പടുത്തുയര്‍ത്തുന്നവയാണെന്നോ എന്നും പര്യാലോചിക്കാന്‍ സഭയ്ക്ക് സാവകാശം ലഭിച്ചു. ചെലവേറിയ കൂടിയാലോചനകളുടെയും ആഡംഭരപൂര്‍വ്വകമായ പ്രഖ്യാപനങ്ങളുടേയും പിന്‍ബലമില്ലാതെ ലാളിത്യം സഭയുടെ എല്ലാ തലങ്ങളിലും നടപ്പായിരിക്കുന്നു. ഒന്നും ഒഴിവാക്കാനാവില്ലെന്ന് പരസ്പരം ന്യായീകരിച്ചുകൊണ്ടിരിക്കെ, ചരുക്കം ചിലതേ അത്യാവശ്യമുള്ളൂവെന്ന് പെട്ടന്നെല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. ലാളിത്യം വെറുമൊരു പ്രസംഗവിഷയമല്ല; സത്യമായും അതൊരു സാധ്യതയാണ്, മതത്തിലും പുതുജീവിതത്തിലും.

മൂന്ന്, ആരോഗ്യത്തിന്‍റെ ആത്മീയത: മരുന്നുവ്യവസായത്തിന്‍റെ കമ്പോള ഇടമായി ആശുപത്രികള്‍ അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യത്തിന് കേന്ദ്രസ്ഥാനം നല്കുന്ന ഒരു സമീപനമാണ് ആതുരസേവനരംഗത്ത് വേണ്ടതെന്ന ഒരു പ്രചോദനം സഭയ്ക്ക് ലഭിച്ചിരിക്കുകയാണ്. ആരോഗ്യത്തിന്‍റെ ആത്മീയത നവമായി നാം കണ്ടെത്തേണ്ടതുണ്ട്. പ്രകൃതിയോടും സമൂഹമനസ്സിനോടും സമരസപ്പെട്ട് മുന്നേറാന്‍ കഴിയുന്ന ജീവിതശൈലികള്‍ പഠിപ്പിക്കാന്‍ സഭ മുന്‍കൈ എടുക്കണം. സുഖപ്പെടുത്താനാവാത്ത രോഗങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ലോകത്തില്‍, രോഗികളെ പരിചരിക്കുന്നതുപോലെയോ, അതിലേറെയോ, രോഗമില്ലാതെ ജീവിക്കാന്‍ പഠിപ്പിക്കല്‍ ഒരു മിഷന്‍ ആകണം.

നാല്, കുടുംബമാണ് പ്രധാനം: എല്ലാവരും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ ദിനങ്ങളാണല്ലോ. നമുക്കു മുമ്പേ, ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ കഴിഞ്ഞുകൂടിയ ചൈനയില്‍ നിന്നുവന്ന ഒരു വാര്‍ത്ത വിവാഹമോചനകേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയെന്നാണ്. ഇന്ന് പല കുടുംബങ്ങളിലെയും സമാധാനത്തിന്‍റെ കാരണം വളരെ കുറച്ചു സമയമേ എല്ലാവരും ഒന്നിച്ചു വരുന്നുള്ളൂവെന്നതാണ്. സഭ പ്രഘോഷിക്കുന്ന കുടുംബത്തിന്‍റെ സുവിശേഷവും ഭൂരിഭാഗം കുടുംബങ്ങളുടെയും അനുഭവവും തമ്മില്‍ വലിയ അകലമുണ്ട്. വിവാഹഒരുക്കം, ജൂബിലി, വൈധവ്യം തുടങ്ങിയവയ്ക്കപ്പുറം കുടുംബത്തോടു സമഗ്രമായി സംവദിക്കുന്ന അജപാലന സമീപനത്തെക്കുറിച്ച് കൊറോണാനന്തര സഭ അടിയന്തിരമായി ചിന്തിക്കേണ്ടി വരും. സഭകള്‍ കുടുംബങ്ങളില്‍ സമ്മേളിച്ചിരുന്ന ആദ്യകാലങ്ങളിലെന്നപോലെ ആധുനിക സഭയും കുടുംബങ്ങളിലേക്ക് തിരിച്ചുപോകണം. വിശുദ്ധ മറിയം ത്രേസ്യയ്ക്കു ലഭിച്ച പ്രചോദനം സഭ മുഴുവന്‍ ഏറ്റെടുക്കണം.

അഞ്ച്, പാവങ്ങളെക്കുറിച്ച് ചിന്തവേണം: കൈനീട്ടുന്നവരെ മാത്രം പാവങ്ങളായി എണ്ണുന്ന ശീലമാണ് നമുക്കുള്ളത്. തെരുവിലലയുന്ന പാവങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍, വീടുകളില്‍ പട്ടിണികിടക്കുന്ന അറിയപ്പെടാത്ത പാവങ്ങള്‍ അനേകരുണ്ട് നമ്മുടെ ഇടവകകളില്‍. എപ്പോഴോ എങ്ങനെയോ ക്യാപ്പിറ്റലിസ്റ്റ് ചുവയുള്ള വികസന സ്വപ്നങ്ങള്‍ക്കു പിന്നാലെ സഭയുടെ സാമൂഹ്യസേവന പദ്ധതികള്‍ പാഞ്ഞത് ശരിയല്ലാ എന്നു ചിന്തിക്കണം. ഒറ്റപ്പെട്ടുപോകുന്ന അജ്ഞാത പാവങ്ങളെക്കുറിച്ച് കരുതല്‍ വേണമെന്ന് ആര്‍ച്ച് ബിഷപ് ആന്‍റണി കരിയിലിന്‍റെ വികാരിമാര്‍ക്കുള്ള നിര്‍ദ്ദേശം സന്മാതൃകയുടെ നുറുങ്ങുവെട്ടമാണ്. സെന്‍ട്രലയിസ്ഡ് സഹായ വിതരണ രീതിയാണ് നമുക്കു പരിചയം. എന്നാല്‍ ഓരോ കുടുംബവും അയല്‍കുടുംബത്തെ സഹായിക്കുന്ന കരുണയുടെ ചങ്ങലയാണ് ഈ ദിനങ്ങളില്‍ നാം നിര്‍മ്മിക്കേണ്ടത്.

ഉപസംഹാരം
കൊറോണക്കാലത്തെ ഞെരുക്കങ്ങള്‍ സഭയ്ക്കു സമ്മാനിക്കാന്‍ പോകുന്ന നന്മകള്‍ എന്തൊക്കെയെന്ന് പൂര്‍ണ്ണമായി പറയാറായിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. അതിരു കടന്ന ആഘോഷങ്ങള്‍ക്കും അത്യവശ്യമില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ക്കും ആവേശത്തോടെ ഓടിക്കൂടുന്ന ആള്‍ക്കൂട്ടമെന്നതിനേക്കാള്‍ വ്യക്തിപരമായ ബോധ്യങ്ങളുള്ള ക്രിസ്തുശിഷ്യരുടെ സ്നേഹസമൂഹമായി സഭ പരിണമിക്കും. വാചികപ്രാര്‍ത്ഥന മാത്രം ശീലിച്ചവര്‍ മനനത്തിലേക്കും ധ്യാനത്തിലേക്കും നീങ്ങും. ക്രിസ്താവബോധം സിദ്ധിച്ചവരുടെ കൂടിവരവായി സഭാസമ്മേളനങ്ങള്‍ മാറും. തന്‍റെ നിക്ഷേപത്തില്‍ നിന്ന് പഴയതും പുതിയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനെപ്പോലെ സഭ അവളുടെ ഗൃഹപാഠം ചെയ്യുകയാണ്. പണിതീര്‍ന്ന ഒരു വീടല്ല സഭ; പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഭവനമാണത്. ഇനിയും നടന്നു തീരാത്ത തീര്‍ത്ഥാടനമാണ് സഭ. നമ്മിലും നമ്മിലൂടെയും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സഭയുടെ മുഖവും ആഭിമുഖങ്ങളും വെളിപ്പെടുന്ന ദിനം നമുക്ക് കാത്തിരിക്കാം.

മംഗലപ്പുഴ സെമിനാരിയിലെ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര അധ്യാപകനായ ലേഖകന്‍ എറണാകുളം-അങ്കമാലി അതിരൂപത വൈദികനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org