കരുതലിന്‍റെ കാണാക്കാഴ്ചകള്‍ക്ക് ഒരു ആമുഖം

കരുതലിന്‍റെ കാണാക്കാഴ്ചകള്‍ക്ക് ഒരു ആമുഖം

ഫാ. പോള്‍ മൂഞ്ഞേലി
ഡയറക്ടര്‍, കാരിത്താസ് ഇന്ത്യ

കാരിത്താസ് ഇന്ത്യയുടെ പുതിയ ഡയറക്ടറായി സ്ഥാനമേറ്റ ഫാ. പോള്‍ മൂഞ്ഞേലി കാരിത്താസിന്‍റെ ആധുനിക ദൗത്യത്തെയും വികസന സംരംഭങ്ങളെയും വിശദീകരിക്കുന്നു. സാമൂഹ്യസേവനരംഗത്ത് പതിനൊന്നു വര്‍ഷത്തെ അനുഭവസമ്പത്തുള്ള MSW, MBA ബിരുദധാരി എറണാകുളം-അതിരൂപതാംഗമാണ്.

നിസ്വാര്‍ത്ഥമായ സ്നേഹം-കാരിത്താസ് എന്ന വാക്കിന്‍റെ അര്‍ത്ഥം അതാണ്. അതിരുകളോളം സുവിശേഷം പ്രഘോഷിക്കപ്പെടണമെന്ന കര്‍തൃകല്പന, പ്രവര്‍ത്തനനിരതമായ സ്നേഹത്തിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് കാരിത്താസ്. മാര്‍പാപ്പയുടെ രക്ഷാകര്‍തൃത്വത്തില്‍, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും തന്നെ ശൃംഖലാ പ്രവര്‍ത്തനം നടത്തുന്ന ഈ പ്രസ്ഥാനം റെഡ്ക്രോസ് കഴിഞ്ഞാല്‍ അന്തര്‍ദേശീയ തലത്തിലെ ഏറ്റവും വലിയ സന്നദ്ധപ്രസ്ഥാനമാണ്.

ഭാരതത്തില്‍ 1962-ലാണ് കാരിത്താസ് ഇന്ത്യ രൂപം കൊള്ളുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തില്‍, ഭാരതത്തിലെ ആദ്യത്തെ കര്‍ദിനാളായിരുന്ന കാര്‍ഡിനല്‍ വലേരിയന്‍ ഗ്രേഷ്യസ്, കേരളത്തിലെ ആദ്യത്തെ കര്‍ദിനാളായിരുന്ന കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍, സിറോ-മലങ്കര സഭാധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റ് മാര്‍ ഗ്രിഗോരിയോസ് എന്നീ ക്രാന്തദര്‍ശികളായ പിതാക്കന്മാരുടെ കൂട്ടായ ചിന്തയിലാണ് കാരിത്താസ് ഇന്ത്യയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് രൂപഭാവങ്ങള്‍ കൈവന്നത്. ബോംബെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഈ ചിന്തകള്‍ക്ക് കൂടുതല്‍ തെളിമയേകി. യേശുവിന്‍റെ സ്നേഹം മുഖമുദ്രയാക്കി, സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടേയും സാമൂഹ്യ ഉള്‍ക്കാഴ്ചകളുടേയും അടിത്തറയില്‍ നിന്നുകൊണ്ട്, സമൂഹം അഭിമുഖീഭവിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ ക്രിയാത്മകമായും ഫലപ്രദമായും ഇടപെടുക എന്നതാണ് കാരിത്താസ് ഇന്ത്യ അനുവര്‍ത്തിച്ചുപോരുന്ന പ്രവര്‍ത്തനശൈലി.

പ്രവര്‍ത്തനനിരത സ്നേഹത്തിന്‍െറ വേറിട്ട വഴികള്‍
സഭയുടെ സാമൂഹിക ഇടപെടലുകളെ സാധാരണ ദാനം കൊടുക്കല്‍ ശുശ്രൂഷയില്‍ നിന്ന് വികസന കാഴ്ചപ്പാടിലേക്കും, പങ്കാളിത്താധിഷ്ഠിത രീതികളിലേക്കും, ശക്തീകരണ മാര്‍ഗങ്ങളിലേക്കും, ഉജ്ജീവന പ്രക്രിയകളിലൂടെ അവകാശബോധവത്കരണത്തിലേക്കും, സനാതനമൂല്യങ്ങളില്‍ അധിഷ്ഠിതമായ സ്വത്വബോധത്തിന്‍റെ തിരിച്ചറിവിലേക്കുമൊക്കെ വഴിതെളിച്ചു നയിച്ചത് കാരിത്താസ് ഇന്ത്യയുടെ സാന്നിധ്യവും നേതൃത്വവുമാണ്. വികസനത്തിന്‍റെ തേരോട്ടത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരേയും അതിര്‍ത്തികളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളിമാറ്റപ്പെടുന്നവരേയും സമൂഹത്തിന്‍റെ മുഖ്യധാരയോട് വീണ്ടും ചേര്‍ത്തു നിര്‍ത്തി, അന്യമാക്കപ്പെട്ട അവകാശങ്ങളും നിഷേധിക്കപ്പെട്ട നീതിയും വീണ്ടെടുത്ത് ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുന്നതിനും രാഷ്ട്രനിര്‍മാണത്തിന്‍റെ മുഖ്യകണ്ണികളായി മാറ്റുന്നതിനും കാരിത്താസ് ഇന്ത്യയുടെ സ്നേഹശുശ്രൂഷ വഴി സാധിതമായി എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

പൂജ കച്ചു-കൈവിടാതെ കാത്ത ബാല്യത്തിന്‍റെ പ്രതീകം
ഇതെഴുതുന്നത് ഭാരതത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയിലെ ഡാര്‍ജിലിംഗ് കുന്നുകളില്‍ നിന്നാണ്. ദാരിദ്ര്യവും ബാലവേലകളും ചൂഷണങ്ങളുമൊക്കെ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശം. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ഗോത്രവര്‍ഗക്കാരുടെ പെണ്‍കുഞ്ഞുങ്ങള്‍ ബാലവേലയ്ക്കും ലൈംഗികചൂഷണത്തിനുമായി ഇന്നും നാടുകടത്തപ്പെടുന്ന ഇവിടെ, കാരിത്താസിന്‍റെ ഇടപെടലുകളിലൂടെ ഒരിക്കല്‍ രക്ഷപ്പെട്ട ഏഴുവയസുകാരിയാണ് പൂജ കച്ചു എന്ന ബാലിക. കൈവിട്ടുപോകുമായിരുന്ന ഒരു കൊച്ചുജീവിതം. അവള്‍ക്ക് സംരക്ഷണത്തിന്‍റെ കവചമൊരുക്കാനും വിദ്യാഭ്യാസം ഉറപ്പുവരുത്താനും കാരിത്താസ് ശ്രദ്ധ വച്ചു. കൗമാര പ്രായത്തിലെത്തിയ പൂജ കച്ചു ഇന്ന് പഠനത്തിലും കായികമേഖലയിലും നാടിനു വാഗ്ദാനമായി വളരുമ്പോള്‍, ഭാരതത്തിന്‍റെ ദേശീയ ജൂനിയര്‍ ഹോക്കി ടീമില്‍ തിളങ്ങുമ്പോള്‍, കൈവിട്ടുപോകുമായിരുന്ന ജീവിതങ്ങള്‍ക്ക് കാരിത്താസ് കൈത്താങ്ങായി മാറിയതിന്‍റെ മകുടോദാഹരണം കൂടിയാവുകയാണ്. ഇങ്ങനെ സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍ – അവ സാമ്പത്തികമോ സാമൂഹികമോ സാംസ്കാരികമോ പാരിസ്ഥിതികമോ ആകട്ടെ-ജീവിതം കൈവിട്ടു പോകുന്നവര്‍ക്ക് കൈത്താങ്ങായി കാരിത്താസ് മാറിയതിന്‍റെ അംഗീകാരമെന്നോണമാണ് ഭാരത സര്‍ക്കാര്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക വികസന പരിപാടികളുടെ ആലോചനാ സമിതിയിലെ അംഗത്വവും സര്‍ക്കാരിന്‍റെ പ്രകൃതിവിഭവ പരിപാലനസമിതിയിലെ അംഗത്വവുമൊക്കെ നല്‍കിയത്.

രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ അഞ്ചര പതിറ്റാണ്ടിന്‍റെ അനുയാത്ര പൂര്‍ത്തിയാക്കിക്കഴിഞ്ഞ കാരിത്താസ് ഇന്ത്യയുടെ സഹകാരികളായി 174 രൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗങ്ങളും നൂറിലേറെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിരുന്ന ആദ്യകാലങ്ങളില്‍നിന്ന് പരിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ജനതകളുടെ പുരോഗതി എന്ന തിരുവെഴുത്തിന്‍റേയും കാലഘട്ടത്തിന്‍റെ അവശ്യങ്ങളുടേയും വെളിച്ചത്തില്‍ ക്രിയാത്മകവും കാലോചിതവുമായ മാറ്റം വരുത്തിയാണ് സമൂഹത്തിന്‍റെ ശക്തീകരണത്തിനായുള്ള പങ്കാളിത്താധിഷ്ഠിതപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിത്തുടങ്ങിയത്. സുസ്ഥിര വികസനം എന്നതാണ് കാരിത്താസിന്‍റെ വികസനമന്ത്രങ്ങളില്‍ ആദ്യത്തേത്. അത് സമൂഹത്തിന്‍റെ ഏറ്റവും ചെറിയവനിലും അവസാനത്തെയാളിലും എത്തിച്ചേരുന്നതുമായിരിക്കണം.

ദുരന്തമുഖങ്ങളില്‍ ആദ്യമെത്തുന്നവര്‍
ഭാരതത്തെ പിടിച്ചുകുലുക്കിയ ലത്തൂര്‍, ഗുജറാത്ത്, കശ്മീര്‍ ഭൂകമ്പങ്ങള്‍, ഒറീസയിലേയും ആന്ധ്രയിലേയും ഈ അടുത്തകാലത്ത് കേരളതീരത്തും വീശിയടിച്ച ഓഖി ഉള്‍പ്പടെയുള്ള ചുഴലി കൊടുങ്കാറ്റുകള്‍, 2004-ലെ സുനാമി, ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം, ചെന്നൈ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളില്‍ കാരിത്താസ് നേതൃത്വം നല്‍കിയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. കേരളത്തില്‍ കൊച്ചിയും സമീപപ്രദേശങ്ങളും ആസ്ഥാനമായുള്ള ഏതാനും രൂപതകളുടെ സഹകരണത്തോടെ തുടക്കമിട്ട കാന്‍സറിനെതിരെയുള്ള ആശാകിരണം യജ്ഞം ഇന്ന് വലിയൊരു ജനകീയ മുന്നേറ്റമായി രാജ്യത്തിന്‍റെ മാത്രമല്ല അയല്‍രാജ്യങ്ങളുടെ പോലും പ്രശംസയ്ക്കും പഠനത്തിനും പാത്രമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഭാരതത്തില്‍ 10 ദശലക്ഷം ജനങ്ങള്‍ക്ക് വിവിധതരത്തില്‍ സഹായങ്ങള്‍ നേരിട്ടെത്തിക്കാന്‍ കാരിത്താസിനു കഴിഞ്ഞു. ബീഹാറില്‍ 67,887 പേര്‍ക്കും ആസാമില്‍ 35,673 പേര്‍ക്കും ഉത്തപ്രദേശില്‍ 12,825 പേര്‍ക്കും തമിഴ്നാട്ടില്‍ 28, 190 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 2,505 പേര്‍ക്കും ദുരന്ത ലഘൂകരണ പദ്ധതിവഴിയും, ഗുജരാത്തില്‍ 9,480 പേര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1,86,605 പേര്‍ക്കും കേരളത്തില്‍ കാന്‍സര്‍ പദ്ധതിയിലൂടെ മാത്രം 7,072 പേര്‍ക്കും ആരോഗ്യമേഖലയില്‍ സഹായമെത്തിക്കാനും ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലായി 3,85,556 കുട്ടികള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കാനൊക്കെ കഴിഞ്ഞത് ഇവയില്‍ ചിലതു മാത്രമാണ്. ദുരന്തമുഖങ്ങളില്‍ ആദ്യമെത്തുന്നതിനും ദുരന്തബാധിതനായ അവസാനത്തെയാളിനെപ്പോലും പരിഗണിക്കുന്നതിനുള്ള മനസുമാണ് കാരിത്താസിനെ വേറിട്ടതാക്കുന്നത്.

കാലാവസ്ഥാവ്യതിയാനം -കാണേണ്ട വസ്തുതകള്‍
ലോകം ഇന്ന് അഭിമുഖീഭവിക്കുന്ന കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും പോലുള്ള ദുരന്തങ്ങളെ സുസ്ഥിര കാര്‍ഷികമുന്നേറ്റങ്ങളിലൂടെയും പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വത്തോടെയും വിവേകത്തോടെയുമുള്ള ഉപയോഗത്തോടെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളില്‍ കാരിത്താസ് ഇന്ത്യ ഇന്ന് നേതൃപരമായ പങ്കുവഹിക്കുന്നു. വീടുകളുടെ മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളം, ജലക്ഷാമം അകറ്റാനായി ഫെറോസിമന്‍റ് ടാങ്കുകളില്‍ സംഭരിച്ചു സൂക്ഷിക്കുന്ന പദ്ധതി കേരളത്തില്‍ പരിചയപ്പെടുത്തിയത് കാരിത്താസാണ്. പിന്നീട് വന്ന സര്‍ക്കാര്‍ പദ്ധതിയായ 'വര്‍ഷ'യും മനോരമയുടെ പലതുള്ളിയുമൊക്കെ നമ്മുടെ ഓര്‍മ്മയിലുണ്ടാവും. കാരിത്താസ് കൊണ്ടുവന്ന ജൈവകൃഷിരീതിയിലൂടെ നെല്ല് വിളയിച്ചെടുക്കുന്ന പദ്ധതി ഇന്ന് ഏറ്റെടുക്കാന്‍ നിരവധി പേര്‍ സന്നദ്ധരായിട്ടുണ്ട്. കേരളത്തില്‍ വയനാട് ജില്ലയില്‍ നടപ്പാക്കിയ കാര്‍ഷിക പുനരുജ്ജീവന പദ്ധതി, എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നടപ്പാക്കിയ ഉപജീവന സഹായ, ജീവനോപാധി വികസന പദ്ധതികള്‍, തീരമേഖലകളിലെ മഴവെള്ള സംഭരണ, റീചാര്‍ജിംഗ് പദ്ധതികള്‍, വിവിധ സ്ഥലങ്ങളിലെ നീര്‍ത്തട വികസന പദ്ധതികള്‍, സുസ്ഥിര കൃഷി, തൊഴില്‍ പ്രോത്സാഹന പദ്ധതികള്‍, പരിസ്ഥിതി പരിപാലന പദ്ധതികള്‍, മട്ടുപ്പാവ് കൃഷി, കുടുംബകൃഷി വ്യാപനം, ജൈവ, ഹരിതഗ്രാമം പദ്ധതികള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം സുരക്ഷിത ഭക്ഷണമെന്ന ആശയത്തിനും നാം പ്രാധാന്യം നല്കുന്നു. ആഘാതം കുറച്ച് ആഹാരം സമ്പാദിക്കുക എന്നതാണ് ശൈലിയായി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കാരിത്താസ് ഇന്ത്യ അതിന്‍റെ സഹകാരി സംഘടനകളിലൂടെ എണ്ണൂറിലധികം പ്രകൃതിവിഭവപരിപാലന പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. വിദര്‍ഭയിലും ആന്ധ്രയിലും വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ പെരുകിവന്നപ്പോള്‍ സുസ്ഥിര കൃഷി പദ്ധതി കളുമായി കാരിത്താസ് നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായി എന്നതിന് കാലം സാക്ഷി. വയനാട്ടില്‍ ജൈവരീതിയിലുള്ള കാര്‍ഷിക രീതി സ്വീകരിച്ച 2,559 കര്‍ഷകരും ജൈവരീതിയിലുള്ള അരി ഉത്പാദിപ്പിക്കുന്ന 3,78 കര്‍ഷകനുമൊക്കെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. വിദര്‍ഭയിലും മറാത്തവാഡയിലും ബുന്ദേല്‍ഖണ്ഡിക്കലുമൊക്കെ വരള്‍ച്ചബാധിതപ്രദേശങ്ങളില്‍ നടപ്പാക്കിയ കാര്‍ഷിക പദ്ധതികള്‍, ഭക്ഷ്യസുരക്ഷയ്ക്കായി മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ സക്ഷം പദ്ധതി, പശ്ചിമബംഗാളിലും കര്‍ണാടകയിലും തെലുങ്കാനയിലും നടപ്പാക്കിയ ഉജ്ജീവന, ഉജ്വല, ഉത്തോരന്‍ തൊഴില്‍ പ്രോത്സാഹന പദ്ധതികള്‍, യൂറോപ്യന്‍ യൂണിയന്‍റെ സഹകരണത്തോടെ നേപ്പാള്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളോട് ചേര്‍ന്ന് സംഘടിപ്പിച്ച സാഫ്ബിന്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി, തമിഴ്നാട്ടില്‍ നടപ്പാക്കിയ ഉദയം ഭവന, ജീവനോപാധി വികസന, ദുരന്തലഘൂകരണ പദ്ധതി എന്നിവയൊക്കെ എടുത്തു പറയത്തക്കവയാണ്. സാമൂഹ്യമേഖലയില്‍ പരിസ്ഥിതി പഠനത്തിനുള്ള അവസരമൊരുക്കി കാരിത്താസ് ആവിഷ്കരിച്ചിട്ടുള്ള പരിസ്ഥിതി പഠനകേന്ദ്രം വളര്‍ച്ചയുടെ പാതയിലാണ്. കാലാവസ്ഥാവ്യതിയാനം മൂലം തകര്‍ന്ന കാര്‍ഷിക മേഖലയെ കാലാവസ്ഥാവ്യതിയാനത്തിനനുയോജ്യമായ തരത്തിലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ തരണം ചെയ്യുകയെന്ന ശൈലിയിലാണ് കാരിത്താസ് നേരിടാന്‍ ശ്രമിക്കുന്നത്. ഒപ്പം കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന വഴികളെ പരമാവധി ഇല്ലായ്മചെയ്യാ നും. ജലസംരക്ഷണം, മണ്ണ് സംരക്ഷണം, വനവത്കരണം പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളുടെ പ്രോത്സാഹനം, വിഭവങ്ങളുടെ പുനരുപയോഗവും പുനഃചംക്രമണവും തുടങ്ങിയ രീതികളാണ് കാരിത്താസ് അവലംബിച്ചുവരുന്നത്.

ആരോഗ്യമേഖല – വഴിമാറുന്ന ശൈലികള്‍
ശരിയായ ആരോഗ്യജീവിത ശൈലികളുടെ പ്രോത്സാഹനം, നേരറിവുകള്‍ എന്നിവ പകരുന്നതിനൊപ്പം രോഗബാധിതര്‍ക്ക് സഹായവും പുനരധിവാസവും കാരിത്താസ് ഉറപ്പാക്കുന്നു. തികച്ചും ജനകീയമാക്കി ഈ പ്രക്രിയയെ രൂപപ്പെടുത്തിയതിന്‍റെ ഉദാഹരണമാണ് കാന്‍സറിനെതിരെയുള്ള ആശാകിരണം പദ്ധതി. പുറമേനിക്കുള്ള സഹായത്തിനു കാത്തുനില്കുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി പ്രാദേശികമായി പ്രശ്നത്തെ പഠിച്ച്, സമൂഹത്തിനാകെ അറിവു പകര്‍ന്ന്, അവരുടെ പങ്കാളിത്തത്തോടെയും തദ്ദേശ വിഭവസമാഹരണത്തോടെയും ക്രിയാത്മകമായും ഫലപ്രദമായും സമീപിക്കുന്നതിന്‍റെ വിജയകരമായ കാഴ്ചയാണിവിടെ കാണാന്‍ കഴിയുന്നത്.

സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്താത്തയിടങ്ങളില്‍, രോഗ ചികിത്സാ സൗകര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളും പ്രാപ്യമല്ലാത്തവരുടെയിടയില്‍ ഇവ എത്തിക്കുന്നതിലും കാരിത്താസ് ശ്രദ്ധവയ്ക്കുന്നു.

സാമൂഹികമാറ്റത്തിന്‍റെ ജനകീയ മുഖങ്ങള്‍
സമൂഹത്തിന്‍റെ കാലാനുസൃതമായ ആവശ്യങ്ങള്‍ക്കുള്ള മറുപടികളായി വികസന പ്രക്രിയകള്‍ അവതരിക്കപ്പെടുന്നത് സമൂഹത്തിന് മറ്റു വിധത്തില്‍ കൂടുതല്‍ ദോഷകരമാകുന്നതായി നാം കാണുന്നുണ്ട്. ഇവിടെയാണ് കാരിത്താസ് മുന്നോട്ടുവയ്ക്കുന്ന സുസ്ഥിരവികസനസങ്കല്‍പത്തിന്‍റെ പ്രാധാന്യം. ജനപങ്കാളിത്തത്തോടെയും ശരിയായ പ്രശ്നവിശകലനത്തിലൂടെയും കൃത്യമായ രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ചും ആസൂത്രണം ചെയ്യുന്ന വികസനപരിപാടികള്‍ പരിസ്ഥിതിസൗഹൃദപരവും സുസ്ഥിരവുമായിരിക്കുമെന്ന കഴ്ചപ്പാടാണ് കാരിത്താസിനുള്ളത്. അമര്‍ത്യ സെന്‍ ദാരിദ്ര്യത്തെ വിശദീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെയും അവസരത്തിന്‍റേയും അഭാവം എന്നാണല്ലോ. ഓരോ പ്രക്രിയയിലും ഉള്‍പ്പെടേണ്ടവരെ കണ്ടെത്തി, അവസരങ്ങള്‍ തിരിച്ചറിഞ്ഞ്, ബോധ്യപ്പെടുത്തി പങ്കാളികളാകുന്ന സമീപനമാണ് കാരിത്താസ് സ്വീകരിക്കുന്നത്. ഇതില്‍ വിവിധ മേഖലകളിലെ സാമൂഹിക സംവാദങ്ങല്‍ ഉള്‍പ്പെടുന്നു. പാവങ്ങളുമായുള്ള സംവാദം, സമൂഹത്തില്‍ ചുമതലപ്പെട്ടവര്‍ അഥവാ കാവലാളുകളുമായുള്ള സംവാദം, പ്രകൃതിയുമായുള്ള സംവാദം എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. സുവിശേഷത്തിന്‍റെ സന്തോഷം എന്ന തിരുവെഴുത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇതെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

മനോഭാവമാറ്റം ആവശ്യം
ഇന്ന് മധ്യവര്‍ഗം എന്നൊരു വിഭാഗം നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വലിയ ശേഷികളും വിഭവങ്ങളുമുള്ള ഈ വിഭാഗത്തിന് ശരിയായ സാമൂഹിക ഉള്‍ക്കാഴ്ച പകര്‍ന്നുനല്‍കി, അവരില്‍ സന്നദ്ധ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയെടുത്താല്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. ചെറിയൊരു കാലത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞത്തില്‍ 28,000- ത്തിലേറേ സന്നദ്ധപ്രവര്‍ത്തകരെ സജ്ജരാക്കാന്‍ കഴിഞ്ഞ അനുഭവപാഠത്തിന്‍റെ വെളിച്ചത്തിലാണിതു പറയുന്നത്.

അതുപോലെ തന്നെ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ നല്ലൊരു മനോഭാവ മാറ്റം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

'അടുത്തു നില്‍പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍-
ക്കരൂപനീശന്‍ അദൃശ്യനായാല്‍ അതിലെന്താശ്ചര്യം'

എന്ന് മലയാളത്തിന്‍റെ കവി ചോദിച്ചത് ഇന്നും പ്രസക്തമാണ്. കിട്ടുന്നതത്രയും വാങ്ങിച്ചെടുക്കുക എന്നതിലുപരി ഉള്ളതില്‍ നിന്നു പങ്കുവയ്ക്കുവാനുള്ള മനസുണ്ടാവുക എന്ന മനോഭാവത്തിലേക്കു വരണം. സാമ്പത്തികമായി സഹായിക്കാന്‍ കഴിയാത്തവര്‍ക്ക് സമയം, കഴിവുകള്‍ തുടങ്ങിയവയുടെ പങ്കുവയ്പ്പും ഇവിടെ ഉദ്ദേശിക്കുന്നുണ്ട്. സന്നദ്ധപ്രവര്‍ത്തനം എന്നത് അതു തന്നെയാണ്.

നിങ്ങളുടെ പ്രവൃത്തികള്‍ കണ്ട് എന്നെക്കുറിച്ച് ലോകം അറിയട്ടെ എന്ന് കര്‍ത്താവ് പറഞ്ഞത് എന്നും നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവണം. കാലികമായ സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആയാലും നന്മ ചെയ്യുന്നതില്‍ നിന്ന് നമുക്കു പിന്തിരിയാനാവാത്തതും അതുകൊണ്ടുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org