തിരുവിവാഹിതരുടെ അജപാലനധര്‍മ്മം: ചില പുത്തന്‍കാഴ്ചപ്പാടുകള്‍

തിരുവിവാഹിതരുടെ അജപാലനധര്‍മ്മം: ചില പുത്തന്‍കാഴ്ചപ്പാടുകള്‍

ഡോ. അഗസ്റ്റിന്‍ കല്ലേലി

ദൈവരാജ്യ ദൗത്യം ഈ ഭൂമിയില്‍ നിര്‍വ്വഹിക്കുവാന്‍ ക്രിസ്തു ഏല്പിച്ചത് തിരുസഭയെയാണ്. തിരുസഭ 'ദൈവരാജ്യമാണെന്ന' സത്യം രണ്ടാം വര്‍ത്തിക്കാന്‍ കൗണ്‍സില്‍ അസന്നിഗ്ധമായി പഠിപ്പിച്ചു. സഭയിലെ ഓരോ അംഗത്തിനും അവരുടേതായ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. എന്നാല്‍ ഈ ദൗത്യബോധം വേണ്ടത്ര വിധത്തില്‍ വളര്‍ത്തുവാന്‍ സഭയ്ക്ക് ഇനിയും ആയിട്ടില്ല. കുടുംബത്തോട് ബന്ധപ്പെടുത്തിയാണ് ഞാനിത് പറയുന്നത്. ഉദാഹരണമായി സഭയുടെ മുഖമായ ഇടവകയില്‍ അജപാലന ശുശ്രൂഷയില്‍ സഹായിക്കുന്ന കുടുംബങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. ഓരോ ഇടവകയിലും ഒരു ചെറിയ ശതമാനം മാത്രമാണ് ആത്മാക്കളുടെ രക്ഷ ലക്ഷ്യം വച്ച് അദ്ധ്വാനി ക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ ലാഭത്തിനുവേണ്ടി സഭയെ ഒറ്റിക്കൊടുക്കുന്നവരുടെ മുന്‍പില്‍ ക്രിസ്തിയ കുടുംബങ്ങള്‍ വെറും കാഴ്ചക്കാരായി നിലകൊള്ളുന്നു. മാത്രമല്ല, ക്രിസ്തീയ വിവാഹങ്ങള്‍ കുടുംബ കോടതി മുറികളില്‍ വേര്‍പിരിയലിനായി കാത്തുനില്ക്കുന്നു. അക്രൈസ്തവരെ വിവാഹം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിസ്തീയ മാതാപിതാക്കളുടെ കൂടെ ജീവിച്ചിട്ടും യഥാര്‍ത്ഥ ക്രിസ്തുവിനെ പരിചയപ്പെടാതെ തിന്മയിലേക്ക് നീങ്ങുന്ന മക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ അവസരത്തില്‍ തിരുസഭയും കുടുംബവും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. ക്രിസ്തീയ വിവാഹിതര്‍ക്ക് അജപാലന ശുശ്രൂഷയുണ്ടോ? അവരെ സഹഇടയരായി പരിഗണിച്ചാല്‍ ഫലപ്രദമായ വിധത്തില്‍ സഭയ്ക്ക് ദൈവരാജ്യദൗത്യം നിര്‍വ്വഹിക്കാനാവുമോ?

1. സഭയിലെ ഇടയര്‍
സഭ ദൈവജനമാണെന്നു പറയുമ്പോഴും സഭയില്‍ ഒരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്ന കൃപയ്ക്കും ജീവിതാന്തസ്സിനും അനുസരിച്ച് ശുശ്രൂഷയില്‍ വൈവിധ്യമുണ്ട്. പൊതുവേ രണ്ടു ഗണമായിട്ടാണ് ദൈവജനത്തെ പരിഗണിക്കുന്നത് – ഇടയരും ആടുകളും (കത്തോലിക്കാ സഭയുടെ മതബോധനം, 880-913). മാര്‍പാപ്പയും മെത്രാന്മാരും വൈദീകരുമാണ് ഇടയഗണത്തില്‍പ്പെടുന്നത്. വിവാഹിതര്‍ ഉള്‍പ്പെടെയുള്ള അല്മായര്‍ ആടുകളാണ്.

ബൈബിളിന്‍റെ വീക്ഷണത്തില്‍ ക്രിസ്തുവാണ് യഥാര്‍ത്ഥ ഇടയന്‍ (യോഹ. 10:1-29). അവിടന്നു വലിയ ഇടയനും (ഹെബ്രാ. 13:20) ഇടയന്മാരുടെ തലവനുമാണ് (1 പത്രോ. 5:4). വിഷമിക്കുന്ന ജനത്തെ ഇടയനില്ലാത്ത കൂട്ടം തെറ്റിയ ആടുകള്‍ എന്നാണ് കര്‍ത്താവ് വിശേഷിപ്പിക്കുന്നത് (മത്താ. 9:36) ക്രിസ്തുവാകുന്ന നല്ല ഇടയന്‍റെ മാതൃകയില്‍ സഭയെ നയിക്കുവാന്‍ തന്‍റെ ആടുകളെ മേയിക്കുകയെന്നു പറഞ്ഞുകൊണ്ട് സഭയുടെ ഇടയ നേതൃത്വം ഉത്ഥിതനായ ക്രീസ്തു പത്രോസിനെ ഏല്പിച്ചു (യോഹ. 21:15-17). പാലസ്തീനായില്‍ നിലനിന്നിരുന്ന സങ്കല്പമനുസരിച്ച് ഇടയ ധര്‍മ്മത്തില്‍ 5 ഘടകങ്ങളുണ്ട്: 1. ഭക്ഷണം നല്കുക (feed) 2. മേല്‍നോട്ടം വഹിക്കുക (oversight) 3. സംരക്ഷിക്കുക (protect) 4. നേതൃത്വം നല്‍കുക (lead) 5. നയിക്കുക (guide).

എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ സഭയിലെ വിവിധ ശുശ്രൂഷകരുടെ ഗണത്തില്‍ ഇടയര്‍ എന്ന പദം ഉപയേഗിക്കുന്നുണ്ട്. (എഫേസോസ് 4:11) ഇവിടെ ഇടയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ക്രിസ്തീയ വിശ്വാസസമൂഹത്തിന് നേതൃത്വം നല്കുന്നവര്‍ എന്നാണ്. അപ്പോള്‍ ഒരു ഗണത്തിന്‍റെ നേതാവിനു പറയുന്ന പേരാണ് ഇടയര്‍. എഫേസോസിലെ ശ്രേഷ്ഠന്മരോട് പൗലോസ് പറഞ്ഞു, നിങ്ങളേയും അജഗണം മുഴുവനേയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നിങ്ങള്‍ (നടപടി 20: 28). ഇടയര്‍ ഒരു വിശ്വാസ സമൂഹത്തിന്‍റെ നേതാക്കളാണ്. വിശ്വാസികള്‍ ചെറുസമൂഹമായി രൂപപ്പെട്ടപ്പോള്‍ അവരെ വിശ്വാസത്തില്‍ നയിക്കുക എന്നത് ഇടയരുടെ ഉത്തരവാദിത്വമായി പരിഗണിച്ചു.

പിന്നീട് സഭയുടെ ചരിത്രത്തില്‍ ഇടയധര്‍മ്മം മെത്രാന്മാരില്‍ നിക്ഷിപ്തമാക്കുകയും ഇത് സഭയിലെ ഒരു ഔദ്യോഗിക പദവിയായി മാറുകയും ചെയ്തു. മെത്രാന്‍റെ ഇടയധര്‍മ്മത്തില്‍ സഹകാരികളാകുന്നതു വഴിയാണ് ഒരു വൈദികന്‍ ഇടയനാകുന്നത്. തിരുപ്പട്ടദാനത്തിലൂടെയാണ് സഭയില്‍ ഔദ്യോഗികമായി ഈ പദവി ലഭിക്കുന്നത്. ഈ പദവിക്ക് ചില പ്രത്യേകതകളുണ്ട്. രൂപതയാകുന്ന പ്രാദേശീക സഭയിലെ വിശ്വാസസമൂഹത്തെ നയിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മെത്രാന്മാരും അവര്‍ നിയോഗിക്കുന്ന വൈദീകരുമാണ്. അജപാലനം പ്രധാനമായും അവരില്‍ നിക്ഷിപ്തമാണ്. ഈ ദൗത്യത്തില്‍ ചിലത് ശ്രദ്ധിക്കുന്നത് ഉചിതമാണ്. ക്രിസ്തുവിന്‍റെ പ്രതിപുരുഷ സ്ഥാനത്ത് നിന്ന് ഭരണം നടത്തുന്നതും വചനം പ്രഘോഷിക്കുന്നതും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതും ഇടയരുടെ ധര്‍മ്മമാണ്. ഔദ്യോഗികമായ പഠനം നല്കുന്നത് ഇടയന്മാരാണ്. സമൂഹത്തെ തെറ്റുകൂടാതെ വിശ്വാസത്തിലും ധാര്‍മ്മീകതയിലും യോജിപ്പിച്ചു കൊണ്ടുപോകു ന്നതും ഇവരാണ്. ഇവര്‍ കൃപയുടെ പ്രത്യേക വിതരണക്കാരാണ്. ശുശ്രൂഷാ പൗരോഹിത്യമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.

2. ഗാര്‍ഹീക സഭയിലെ ഇടയര്‍
സമൂഹത്തില്‍ രണ്ട് തരം വിവാഹമുണ്ട്. സ്രഷ്ടിയുടെ ക്രമത്തിലുള്ളതും ക്രിസ്തുവിലുള്ളതുമായ വിവാഹങ്ങള്‍. മാമോദീസ സ്വീകരിച്ച രണ്ട് ക്രിസ്തീയ വിശ്വാസികള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണ് ക്രിസ്തുവിലുള്ള വിവാഹം. ഈ വിവാഹത്തെ സഭയില്‍ കൂദാശയായി പരിഗണിക്കുന്നു. വിളിയിലും ദൗത്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന വിവാഹമെന്ന കൂദാശയെ സൂചിപ്പിക്കുവാന്‍ തിരുവിവാഹമെന്ന് വിളിക്കുന്നത് ഉചിതമാണ്. സീറോമലബാര്‍ സഭയുടെ ഇംഗ്ലിഷ് ഭാഷയിലുള്ള കൂദാശക്രമത്തില്‍ 'holy matrimony' (തിരുവിവാഹം) എന്നു ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ ഐക്യപ്പെടുന്ന ഭാര്യ-ഭര്‍ത്തൃ ജീവിതത്തിന്‍റെ പ്രത്യേകതകള്‍ എടുത്തുകാണിക്കാന്‍ 'തിരു വിവാഹമെന്ന' ഉപയോഗം സഹായകമാണ്. തിരുവിവാഹമെന്ന കൂദാശയിലൂടെയാണ് ദമ്പതികള്‍ ക്രിസ്തിയ കുടുംബത്തിന് രൂപം നല്കുന്നത്. ഈ കുടുംബത്തെ 'ഗാര്‍ഹീക സഭ'യെന്ന് വിളിക്കുന്നു. സഭാപിതാക്കന്മാരുടെ കാലം മുതല്‍ ഈ ചിന്ത നിലവിലുണ്ട് (ജോണ്‍ ക്രിസോസ്റ്റം). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇത് ഊന്നിപ്പറയുന്നുണ്ട്. കുടുംബത്തെ ചെറിയ സഭയായി (small church) പ്രഖ്യാപിക്കണമെന്ന് രണ്ടാം വര്‍ത്തിക്കാന്‍ കൗണ്‍സിലില്‍ ഇറ്റലിയിലെ ഫിയൊര്‍ദ്ദെല്ലി (Fiordelli) മെത്രാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ചിലര്‍ കുടുംബത്തെ 'ചെറിയ സഭ'(small church)യായി പരിഗണിച്ചപ്പോള്‍ മറ്റു ചിലര്‍ 'ഗാര്‍ഹീ ക സഭ'(ecclesia domestica)യെന്ന പ്രയോഗത്തെ പിന്‍തുണച്ചു. അവസാനം 'ഗാര്‍ഹീക സഭ'യെന്ന പദത്തിനാണ് കൗണ്‍സില്‍ രേഖ യില്‍ (LG. 11) ഇടം ലഭിച്ചത്. കുടുംബത്തിന്‍റെ തനതായ സഭാരൂ പം ഈ പ്രയോഗത്തിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. കുടുംബം സഭയുടെ ഒരു ചെറിയ പതിപ്പു മാത്രമല്ല, കുടുംബം തന്നെ ഒരു സഭയാണ്. സഭയുടെ അടിസ്ഥാന കോശവും ലോകത്തിന്‍റെ നവീകരണത്തിനുള്ള പ്രധാനപ്പെട്ട സമൂഹമാണ് കുംടുംബം. സഭയുടെ ലക്ഷ്യമായ ദൈവരാജ്യ സാക്ഷാത്ക്കാരമാണ് കുടുംബത്തിന്‍റെയും ലക്ഷ്യം. സഭയില്‍വച്ച് വിവാഹിതരാകുന്ന ദമ്പതികള്‍ കൂട്ടിനും കുട്ടിക്കും വേണ്ടിമാത്രമല്ല ജീവിക്കേണ്ടത്, മറിച്ച് ദൈവരാജ്യം വ്യാപിപ്പിക്കുവാന്‍ വേണ്ടികൂടിയാണ് (കുടുംബം ഒരു കൂട്ടായ്മ, 49). ഗാര്‍ഹീക സഭ വിശ്വസിക്കുകയും സുവിശേഷവത്ക്കരണം നടത്തുകയും ചെയ്യുന്ന ഒരു സമൂഹമാണ് (കുടുംബം ഒരു കൂട്ടായ്മ, 51). ഗാര്‍ഹീക സഭയും തിരുസഭയും തമ്മില്‍ ലക്ഷ്യത്തില്‍ സാമ്യമുണ്ട്. ഈ ലക്ഷ്യം ഗാര്‍ഹീക സഭ തനതായ രീതിയിലാണ് നിര്‍വ്വഹിക്കുന്നത്. ഓരോ കൂദാശയിലൂടെയും നല്കപ്പെടുന്ന കൃപ വ്യത്യസ്ത ഉത്തരവാദിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മാമ്മോദീസായിലൂടെ ലഭിച്ച പൊതു പൗരോഹിത്യം വിവാഹമെന്ന കൂദാശയിലൂടെ സവിശേഷമായ വിധത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തെ ഗാര്‍ഹീക സഭയായി അവതരിപ്പിക്കുമ്പോള്‍ സഭയില്‍ നിലനില്ക്കുന്ന വ്യത്യസ്ത ശുശ്രൂഷകളും അധികാരങ്ങളും കൃപകളും തനതായ രീതിയില്‍ കുടുംബത്തില്‍ നല്കപ്പെട്ടിട്ടുണ്ട്. ഈ ശുശ്രൂഷകള്‍ വൈദീകര്‍ക്കോ, മെത്രാന്മാര്‍ക്കോ, സന്യസ്തര്‍ക്കോ, ഏകസ്ഥര്‍ക്കോ പകരം ചെയ്യാനാവില്ല. അപ്രകാരം തിരുവിവാഹമെന്ന കൂദാശ സ്വീകരിച്ചവര്‍ക്ക് നല്കപ്പെട്ടിരിക്കുന്ന ശുശ്രൂഷകള്‍ നമുക്ക് ശ്രദ്ധിക്കാം.

1. ദമ്പതികള്‍ പരസ്പര സ്നേഹത്തിലൂടെ ഈ ഭൂമിയില്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്നു. തിരുവിവാഹം ഒരു ദൈവവിളിയുടെ കൂദാശയാണ്. പഴയനിയമം മുതല്‍ തന്നെ വിവാഹത്തെ ദൈവസ്നേഹത്തിന്‍റെ അടയാളമായി അവതരിപ്പിച്ചിട്ടുണ്ട് (ഹോസിയ 1-3). പുതിയ നിയമത്തില്‍ വി. പൗലോസ്ശ്ലിഹാ വിവാഹത്തെ ക്രിസ്തു-സഭാ ബന്ധത്തിന്‍റെ അടയാളമായി ചിത്രീകരിക്കുന്നു (എഫേ. 5:21-23). ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ദമ്പതികള്‍ പരസ്പരം സ്നേഹിക്കുന്നതു വഴി അവര്‍ ക്രിസ്തീയ സ്നേഹത്തിന്‍റെ സാക്ഷികളും അവതാരകരുമാകുന്നു. ക്രിസ്തുവിന്‍റെ കുരിശിലൂടെ വെളിപ്പെട്ട ദൈവസ്നേഹം സ്വന്തം ജീവിതത്തിലൂടെ ദമ്പതികള്‍ പങ്കുവയ്ക്കുന്നു. ഓരോ ദമ്പതിയും ദൈവസ്നേഹത്തിന്‍റെ കഥ അനാവരണം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

2. ദമ്പതികള്‍ പരസ്പരം സ്നേഹത്തിലൂടെ വിശുദ്ധികരിക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്. ക്രിസ്തുവില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ പരിശുദ്ധാത്മാവില്‍ പ്രത്യേക അഭിഷേകം സ്വീകരിച്ചവരാണ്. ബ്രഹ്മചര്യമെന്നതു പോലെ തന്നെ വിവാഹവും വിശുദ്ധീകരണ പാതയാണെന്നതില്‍ സംശയമില്ല (കുടുംബം ഒരു കൂട്ടായ്മ, 56). വി. പൗലോസ് സൂചിപ്പിക്കുന്നതുപോലെ വിശ്വാസിയായ വ്യക്തിക്ക് ജീവിതസഖിയെ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് നയിക്കാന്‍ കഴിവുണ്ട് (1 കൊറി. 7:14). നിതാന്തമായ ജാഗ്രതയോടെ ആഴമായ സ്ഥിരോത്സാഹത്തോടെ ജീവിതസഖിയെ തിന്മയുടെ പാതയില്‍ നിന്നു മുക്തമാക്കുവാന്‍ തിരുവിവാഹിതര്‍ക്ക് പ്രത്യേക ദൗത്യമുണ്ട്. ക്രിസ്തുവില്‍ രൂപപ്പെട്ട ആന്തരീക വ്യക്തിത്വമാണ് ഇതിനു സഹായിക്കുന്നത്.

3. ദൈവം നല്കുന്ന മക്കളെ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസികളായി രൂപപ്പെടുത്തുക എന്നത് ഗാര്‍ഹീക സഭയ്ക്ക് നേതൃത്വം നല്കുന്ന തിരുവിവാഹിതരുടെ കടമയാണ്. മക്കളെ വിശ്വാസത്തില്‍ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം പ്രഥമമായി മാതാപിതാക്കളിലാണ് (കുടുംബം ഒരു കൂട്ടായ്മ, 60). മക്കളെ കൂദാശകള്‍ക്കായി ഒരുക്കന്നതും അതില്‍ നിലനില്ക്കുവാന്‍ സഹായിക്കുന്നതും ഗാര്‍ഹീക സഭയാണ്. കൂദാശകള്‍ വൈദീകനാണ് പരികര്‍മ്മം ചെയ്യുന്നതെങ്കിലും കൃപയുടെ സ്വീകരണത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും അധികം പിന്‍തുണ നല്കുന്നത് ഗാര്‍ഹീക സഭയാണ്. പുരോഹിതാര്‍ത്ഥികളുടെ പരിശീലനത്തില്‍ പോലും ഇത് പ്രകടമാണ്. വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ പറയുന്നതുപോലെ, കുടുംബാംഗങ്ങളുടെ ആത്മാക്കളുടെ രക്ഷ തിരുവിവാഹിതരെയാണ് ഏല്പിച്ചിരിക്കുന്നത്.

തന്‍റെ തിരുച്ചോരകൊണ്ട് ശുദ്ധീകരിക്കുന്നതിനും തന്‍റെ ശുശ്രൂഷികളാകുന്നതിനും വിധി ദിവസത്തില്‍ തിരികെ ഏല്‍പ്പിക്കുന്നതിനുമായിട്ട് ഈശോമിശിഹാ നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആത്മാക്കള്‍ ഇവരാകുന്നു 'മക്കള്‍' എന്ന് നന്നായി അറിഞ്ഞുകൊള്‍വിന്‍ (ചാവരുള്‍, 2.1). അവരെ യേശുനാമം പഠിപ്പിക്കുകയും അവര്‍ക്ക് ദൈവവചനത്തിന്‍റെ മാര്‍ഗ്ഗം വിളമ്പുകയും അവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ അനുദിനം മാദ്ധ്യസ്ഥം വഹിക്കുകയും, കുടുംബപ്രാത്ഥന മുടക്കം കൂടാതെ നടത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. കുടുംബപ്രാര്‍ത്ഥന സഭയുടെ ആരാധനക്രമ പ്രാര്‍ത്ഥനയിലുള്ള ഉള്‍ചേരലാണ് (കുടുംബം ഒരു കൂട്ടായ്മ, 61). ഇപ്രകാരം തിരുവിവാഹിതര്‍ മാമ്മോദീസ പൗരോഹിത്യത്തില്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്നു. (കത്തോലിക്കാ സഭയുടെ മതബോധനം, 1657).

മുകളില്‍ പറഞ്ഞവിധത്തില്‍ തിരുവിവാഹിതര്‍ ദൈവരാജ്യ ദൗത്യത്തില്‍ പങ്കുചേരുന്നതിനാല്‍ അവരെ ഇടയര്‍ എന്ന് വിശാല അര്‍ത്ഥത്തില്‍ വിളിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. ഒരു ക്രൈസ്തവ സമൂഹത്തിന്‍റെ അജപാലനത്തെ ഊന്നിപ്പറയുന്നതിനാലാണ് ഈ പദം തന്നെ ഉപയോഗിക്കുന്നത്.

വി. അഗസ്റ്റിന്‍റെ ആഭിപ്രായത്തില്‍, കുടുംബനാഥന്‍ കുടുംബത്തില്‍ മെത്രാന്‍റെ ഉത്തരവാദിത്വം (munus episcopale) നിര്‍വ്വഹിക്കുന്ന വ്യക്തിയാണ്. കുടുംബാംഗങ്ങളില്‍ ഒരാള്‍പോലും വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാതെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്‍റെ കടമയാണ് (Philip Schaff, Nicene and Post- Nicene Fathers, First Series, Hendrickson Publishers, Inc., Vol.6, p.406).. ഈ ചിന്ത ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് എല്ലാ രൂപതകളിലും അല്മായരെ ഉള്‍പ്പെടുത്തി അജപാലന സമിതി രൂപീകരിച്ചിട്ടുണ്ട്. അല്മായര്‍ക്ക് ഈ സമിതിയില്‍ അംഗത്വം നല്‍കുന്നതുവഴി അവര്‍ക്ക് അജപാലനശുശ്രൂഷയുമുണ്ടെന്ന് സഭ സൂചിപ്പിക്കുന്നു. ഈ അല്മായരുടെ ഗണത്തില്‍ തിരുവിവാഹിതരും ഉള്‍പ്പെടും. മാത്രമല്ല, സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച് സഭയുടെ നടത്തിപ്പില്‍ കുടുംബതലവന്മാര്‍ക്ക് പ്രത്യേക പങ്കാളിത്തമുണ്ട്. പ്രതിനിധിയോഗത്തിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് കുടുംബതലവന്മാര്‍ ചേര്‍ന്നാണ് (എറണാകുളം- അങ്കമാലി അതിരൂപത നിയമസംഹിത, 25.3). മാത്രമല്ല ഇടവക പൊതുയോഗത്തില്‍ കുടുംബത്തെ പ്രതിനിധീകരിക്കേണ്ടത് ഭര്‍ത്താവ്/ ഭാര്യയാണ്, അല്ലെങ്കെില്‍ അവര്‍ നിയാഗിക്കുന്ന ഒരു കുടുംബാംഗമാണ് (24.5). ഈ പങ്കാളിത്തത്തെ ഇടയധര്‍മ്മത്തിന്‍റെ സൂചനയായി പരിഗണിക്കാമെന്ന് തോന്നുന്നു.

സഭയില്‍ മെത്രാന്മാരെയും വൈദികരെയും സൂചിപ്പിക്കുന്ന ഇടയപദം ഗാര്‍ഹീക സഭയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുകൂടി ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു കൂട്ടരുടെയും ഇടയധര്‍മ്മം ഒന്നല്ല. വിശ്വാസം കൈമാറുന്നതില്‍ കുടുംബങ്ങളുടെ പങ്കിനെകുറിച്ച് വിവരിക്കുന്നിടത്ത് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്. ദൈവരാജ്യദൗത്യം പ്രത്യേകമാം വിധത്തില്‍ ഇടയന്മാരായ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ക്രിസ്തു രഹസ്യങ്ങളുടെ ശുശ്രൂഷകരും വിതരണക്കാരും കാര്യസ്ഥരുമായി (1 കൊറി. 4:1) വി. പത്രോസിന്‍റെ പിന്‍ഗാമിയോട് ചേര്‍ന്ന് ദൈവജനത്തിന് അജപാലന ശുശ്രൂഷ നല്കുവാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഓരോ ക്രിസ്തീയകുടുംബവും തങ്ങളുടെ പ്രത്യേക വിളിയിലും ദൗത്യത്തിലും മുകളില്‍പ്പറഞ്ഞ ഇടയരുടെ ദൗത്യത്തിന് പൂരകമായി വിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ നിയോഗിതരാണ് ('Family is Called to Hand on Faith', in Enchiridion on the Family, by Pontifical Council for the Family, Pauline Books of Media, Boston, 2004, p 859). ഇപ്രകാരം ചിന്തിക്കുമ്പോള്‍ തിരുവിവാഹിതര്‍ക്ക് തനതായ വിധത്തില്‍ അജപാലന ശുശ്രൂഷയുണ്ട്. തിരുവിവാഹത്തിലൂടെ ക്രിസ്തുവിന്‍റെ പുരോഹിത, പ്രവാചക, രാജകീയ ദൗത്യങ്ങളില്‍ അവര്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്നു. ആയതിനാല്‍ അവരെ ഗാര്‍ഹീക സഭയിലെ ഇടയരായി പരിഗണിക്കണം.

3. തിരുവിവാഹിതര്‍ സഭയിലെ സഹഇടയര്‍
ഗാര്‍ഹീക സഭയുടെ ദൈവരാജ്യ ദൗത്യം കുടുംബത്തില്‍ മാത്രം ഒതുങ്ങുന്നില്ല. സഭ പ്രേഷിതയാകുന്നതുപോലെ ഗാര്‍ഹീകസഭയും പ്രേഷിതയാകണം. കുടുംബ ജീവിതത്തില്‍ തങ്ങള്‍ കണ്ടുമുട്ടിയ ക്രസ്തുവിനെ തങ്ങളായിരിക്കുന്ന മേഖലകളില്‍ പ്രഘോഷിക്കുകയും ജീവിതമാതൃക വഴി ലോകത്തെ വിശുദ്ധീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം കുടുംബങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്വത്തിന് സഭാത്മകവും സാമൂഹികവുമായ മാനങ്ങളുണ്ട്. ഇടവകയാകുന്ന സഭയോട് ചേര്‍ന്ന് അജപാലന ശുശ്രൂഷ ചെയ്യാന്‍ ഗാര്‍ഹീക സഭയ്ക്ക് കടമയുണ്ട്. അപ്രകാരമുള്ള ശുശ്രൂഷകളില്‍ തനതായും സുപ്രധാനവുമായ ഒന്നാണ് കുടുംബങ്ങളുടെ ശാക്തീകരണം. തകര്‍ന്ന ബന്ധങ്ങള്‍ ചുറ്റിലുമുള്ളപ്പോള്‍ ഓരോ കുടുംബവും അവയെ കൂട്ടിയിണക്കുന്ന കണ്ണിയാകണം. മാത്രമല്ല സഭയിലെ വ്യത്യസ്ത ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രചോദനമായി വര്‍ത്തിക്കുകയും സാമ്പത്തികമായും ആത്മീയമായും പിന്‍തുണയ്ക്കുകയും ചെയ്യണം. അയല്‍പക്കക്കാരോട് സത്പ്രവര്‍ത്തികളിലൂടെ സുവിശേഷം പ്രഘോഷിക്കാത്ത കുടുംബം ഗാര്‍ഹീക സഭയല്ല. പാവങ്ങളോടുള്ള പക്ഷംചേരല്‍, നീതിക്കുവേണ്ടിയുള്ള നിലപാടുകള്‍ എന്നിവവഴി തിരുവിവാഹിതര്‍ ക്രസ്തുവിന്‍റെ രാജത്വത്തില്‍ പങ്കുചേരുന്നു (കുടുംബം ഒരു കൂട്ടായ്മ, 47). സ്വദേശത്തുനിന്ന് വിശ്വാസികളില്ലാത്ത സ്ഥലത്തുപോയി കുടുംബമായി താമസിച്ച് വിശ്വാസി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള ഉത്തരവാദിത്വവും ഗാര്‍ഹീകസഭയില്‍ നിക്ഷിപ്തമാണ്. ക്രിസ്തീയനിലപാടുകളിലൂന്നിയ നേതൃത്വവും മൂല്യ സംരക്ഷണവുംവഴി സഭയ്ക്ക് പുറത്തും പ്രത്യക്ഷമായും പരോക്ഷമായും സഭയെ പ്രതിനിധീകരിക്കണം. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സംഘടനകള്‍ക്ക് രൂപം നല്‍കണം. അല്മായര്‍ക്ക് പൊതുവെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന എല്ലാ സാമൂഹിക ദൗത്യങ്ങളും തിരുവിവാഹിതര്‍ക്കും ബാധകമാണ്.

ഗാര്‍ഹീക സഭയിലെ ഇടയരായ തിരുവിവാഹിതര്‍ ഇപ്രകാരം ഇടവക/അതിരൂപതയാകുന്ന സഭയില്‍ 'സഹഇടയ'രായി പരിഗണിക്കപ്പെടേണ്ടവരാണ്.

തിരുവിവാഹിതര്‍ക്ക് അവരുടേതായ ഒരു അജപാലനമേഖലയും എന്നാല്‍ സഭയോടു സഹകരിച്ചുകൊണ്ടുള്ള ശുശ്രൂഷയുമുണ്ട്. ഒരു ദാര്‍ഹികസഭയും ദൈവരാജ്യദൗത്യത്തില്‍ തനിച്ചല്ല. സഭയോടു ചേര്‍ന്നു വികാരിയുടെയും മെത്രാന്‍റെയും സഹകാരികളായി വര്‍ത്തിക്കണം. അതിനര്‍ത്ഥം തിരുവിവാഹിതര്‍ വൈദികരുടെ കേവലം സഹായികള്‍ മാത്രമാണെന്നല്ല. മറിച്ച്, അവരുടെ സഹകാരികളാണ്. വിവാഹിതര്‍ക്കും വൈദികര്‍ക്കും അജപാലനശുശ്രൂഷയില്‍ അവരുടേതായ ഇടമുണ്ട്. ആ ഇടത്തില്‍ അതിക്രമിച്ചുള്ള പ്രവേശനം നിഷിദ്ധമാണ്. എന്നാല്‍ അതേസമയം അവര്‍ ഒരുമിച്ചു പങ്കിടുന്ന ചില അജപാലന ഇടങ്ങളുണ്ട്. വ്യത്യസ്തതയിലും ഒരുമിച്ചുനില്ക്കുന്ന ബന്ധത്തെ സൂചിപ്പിക്കുവാനാണ് 'സഹഇടയര്‍' എന്ന പദം ഉപയോഗിക്കുന്നത്.

വിവാഹിതരെ സഭയിലെ സഹ ഇടയരായി പരിഗണിക്കുന്നതു വഴി ഗാര്‍ഹികസഭയായ കുടുംബത്തിന്‍റെ ദൈവരാജ്യദൗത്യം കൂടുതല്‍ പ്രകാശമുള്ളതാകും. കുടുംബബന്ധങ്ങള്‍ തകരുകയും വിവാഹമോചനം വര്‍ദ്ധിക്കുകയും മിശ്രവിവാഹം കൂടുകയും സഭാവിരുദ്ധരുടെ പ്രവണത വളരുകയും മതനിരാസം ശക്തിപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗാര്‍ഹികസഭയുടെ ദൗത്യം വളരെ നിര്‍ണായകമാണ്. തിരുവിവാഹിതര്‍ സഹഇടയരായി വര്‍ത്തിച്ചാല്‍ വൈദികര്‍ക്ക് ഇടവകയാകുന്ന സഭയെ നയിക്കുവാന്‍ കൂടുതല്‍ പിന്തുണയും സഹകരണവും ലഭിക്കും. ഓരോരുത്തര്‍ക്കും അവരുടേതായ മേഖലകള്‍ ഉള്ളതില്‍ അധികാരതര്‍ക്കത്തിനു സ്ഥാനമില്ല. ഞാനാണു സഭയെന്നതിനു പകരം നമ്മളാണു സഭയെന്ന ചിന്തയിലേക്കു വളരാനാകും. ഫ്രാന്‍സിസ് പാപ്പ പഠിപ്പിക്കുന്നതുപോലെ സഭയെ കുടുംബങ്ങളുടെ കുടുംബമായി (സ്നേഹത്തിന്‍റെ ആനന്ദം, 87) വളര്‍ത്തുവാന്‍ 'സഹഇടയ' ദൗത്യം സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org