“എന്‍റെ വ്രണങ്ങള്‍ കാണുക, ഞാന്‍ അവ ഒളിക്കുന്നില്ല”

“എന്‍റെ വ്രണങ്ങള്‍ കാണുക, ഞാന്‍ അവ ഒളിക്കുന്നില്ല”

ഡോ. പോള്‍ തേലക്കാട്ട്

"കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന്
ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ!
ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തെപ്പോലെ ആക്കണമേ!
എന്നാല്‍ അവിടുന്നു ഞങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചു.
അവിടുന്നു ഞങ്ങളോട് അത്യധികം കോപിച്ചിരിക്കുന്നു."

പഴയനിമയത്തിലെ "വിലാപങ്ങള്‍" എന്ന പുസ്തകത്തിന്‍റെ അവസാന വാക്കുകളാണിവ. ജെറുസലേം ദേവാലയം നശിപ്പിക്കപ്പെടുകയും ബലിയര്‍പ്പണം നിലയ്ക്കുകയും നേതാക്കന്മാര്‍ നാടുകടത്തപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായി ഉണ്ടായ വിലാപഗാനങ്ങളാണ് ഈ പുസ്തകം രേഖപ്പെടുത്തുന്നത്. ദുരന്തത്തില്‍ കൈകള്‍ ഉയര്‍ത്തി നിലവിളിച്ചവന്‍റെ ഉദീരണങ്ങള്‍; ഒരു പ്രളയത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലും നാശകൂമ്പാരങ്ങള്‍ കണ്ടു കണ്ഠമിടറിയവന്‍റെ വിളി. കേരളത്തിലെ ക്രൈസ്തവര്‍ ഏതാണ്ട് ഇതുപോലൊരു പ്രളയപശ്ചാത്തലത്തിലാണ്. മലവെള്ളം വിതച്ച പ്രളയത്തിന്‍റെ ഭൗതികകെടുതികളിലാണു നാം. എന്നാല്‍ കെടുതികളുടെ ദുരന്തം തങ്ങളെ കൂടുതല്‍ ഒന്നാക്കി. എല്ലാത്തരം വേലികളും മതിലുകളും തകര്‍ന്നപ്പോള്‍ വിഭാഗീയതകളുടെ വിരോധങ്ങളും സ്പര്‍ദ്ധകളും മത-സമുദായ വൈരങ്ങളും മറന്നു നാം ഒന്നായി. നാം ആരും സ്വയംപര്യാപ്തരല്ലെന്ന് അറിഞ്ഞു തുല്യരായി, നിസ്സഹായരുമായി. എല്ലാവരും പ്രാര്‍ത്ഥിച്ചു, കരഞ്ഞുപോയി. പ്രാര്‍ത്ഥന ദൈവത്തോടു മാത്രമല്ല പരസ്പരം പ്രാര്‍ത്ഥിക്കാനും പഠിച്ചു. ആ നിലവിളിയുടെ പ്രാര്‍ത്ഥന സാഹസികരെ തീര്‍ത്തു. മരണം കണ്ണില്‍ കയറുമ്പോഴാണു നാം പരസ്പരം പ്രാര്‍ത്ഥിക്കുന്നത്. അപ്പോഴാണു മരണഭയമില്ലാത്ത വീരന്മാര്‍ ഉണ്ടാകുന്നത്. അവരുടെ സാഹസികതയുടെ ബലിയില്‍ നാം സുരക്ഷിതരായി.

ഈ കൂട്ടായ്മാബോധത്തിന്‍റെ തനിമയുള്ളവരാണു ക്രൈസ്തവര്‍. ക്രിസ്തുസഭ തൊട്ടുകൂടായ്മയുടെ മതമല്ല. തൊടാന്‍ കല്പിക്കുന്ന മതമാണ്. ദൈവത്തെ തൊടാന്‍ ആഗ്രഹിക്കുന്നവര്‍ മനുഷ്യരെ തൊടണം എന്നു പഠിപ്പിക്കുന്ന മതം. അഗസ്റ്റിന്‍ എഴുതി: "നീ എന്നെ തൊട്ടു. നിന്‍റെ സമാധാനത്തിനായി ഞാന്‍ പൊള്ളി പനിക്കുന്നു." തൊട്ടറിയുന്നതും തൊട്ടുതലോടുന്നതും തൈലം പൂശുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമായ മഹത്തായ സംസ്കാരത്തിന്‍റെ അവകാശികളാണു നാം.

ആത്മീയത മനുഷ്യത്വമാണെന്നും അതു ധര്‍മ്മമാണെന്നും പഠിച്ചു ജീവിക്കുന്നവര്‍. അനുഷ്ഠാനങ്ങള്‍ ക്രമത്തിന്‍റെ അനുഷ്ഠാനമാണ്, ജീവിതക്രമത്തിന്‍റെ അഭ്യാസമാണ്.

ഈ ക്രൈസ്തവര്‍ മറ്റൊരു പ്രളയക്കെടുതിയിലാണ്. ധര്‍മ്മസങ്കടത്തിന്‍റെ വിലാപമാണു നാം കേള്‍ക്കുന്നത്. ഉതപ്പുകള്‍ നിരന്തരം പൊട്ടിത്തെറിച്ചു. വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകിയോ എന്നു സംശയിക്കുന്ന കാലം. നാല്പതിലേറെ വര്‍ഷങ്ങള്‍ വൈദികനായി ജീവിച്ചിട്ട് ഇതുവരെ കേട്ടിട്ടില്ലാത്തത് ഈ വര്‍ഷം കേള്‍ക്കേണ്ടി വന്നു. കര്‍ദ്ദിനാള്‍ ലൈംഗികാരോപണത്തില്‍ സ്ഥാനഭ്രഷ്ടനായി ശിക്ഷിക്കപ്പെടുന്നു; മറ്റൊരു കര്‍ദിനാള്‍ സാമ്പത്തികക്രമക്കേടുകളുടെ ചുഴിയില്‍ പെട്ടു കഴിയുന്നു. മെത്രാന്‍ ബലാല്‍സംഗം ചെയ്തു എന്നു കന്യാസ്ത്രീ ആരോപിക്കുന്നു, മാര്‍പാപ്പ നുണ പറഞ്ഞു എന്നു മെത്രാപ്പോലീത്ത പ്രസ്താവിക്കുന്നു. എവിടെ ശരി, എവിടെ നുണ? കേള്‍ക്കുന്നവര്‍ അമ്പരന്നു നില്ക്കുന്നു. ഈ കേള്‍വികള്‍ നമ്മുടെ ആകാശവും ഭൂമിയും ഇളക്കുന്നു. ഉറച്ച അടിസ്ഥാനത്തില്‍ ജീവിതഭവനം പണിയാന്‍ യേശു പഠിപ്പിച്ചു. ഉറച്ച അടിസ്ഥാനം എന്നു കരുതിയിടങ്ങള്‍ ആടി ഉലയുന്നു. ഭൂചലനങ്ങള്‍ സംഭവിക്കുന്നു. ഇവയില്‍ കോപിക്കുന്നവരുണ്ട്, ശപിക്കുന്നവരും വിലപിക്കുന്നവരും നിശ്ശബ്ദമായി എല്ലാം മറന്നുകളയുന്നവരുമുണ്ട്. സത്യസന്ധമായ ധര്‍മ്മക്ഷോഭത്തെ "ദൈവത്തിന്‍റെ വചന"മെന്നു വില്യം ബ്ലേക്ക് വിശേഷിപ്പിച്ചു. ഈ ധര്‍മ്മരോഷത്തിനു ഭാഷ കൊടുക്കാനും കഴിയും.

ഇത് ആരെയും വിധിക്കാനോ പഴിക്കാനോ അല്ല. എന്നാല്‍ ഇവ സഭാഗാത്രത്തിലെ മുറിവുകളും വ്രണങ്ങളുമാണ് എന്നു മനസ്സിലാക്കണം. ആ വ്രണങ്ങള്‍ സംസാരിക്കട്ടെ. കായേനോടു ദൈവം പറഞ്ഞു: "പാപം പടിവാതില്‍ക്കല്‍ പതിയിരിപ്പുണ്ട് എന്നോര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം" (ഉത്പ. 4:7). ആബേലിനെപ്പോലെ മൃഗബലി ചെയ്തിരുന്ന കായേനോടാണ് ഈ താക്കീത്. ഈ താക്കീതില്‍ത്തന്നെ ഒരു മൃഗം പതിയിരിക്കുന്ന ചിത്രമുണ്ട്. അതിനെ കീഴടക്കാനാണു കല്പന. പക്ഷേ, അവന്‍ തിരിഞ്ഞുനടന്നു – അവന്‍ മൃഗീയനായി, അവന്‍ മൃഗമായി, അവനു ഭാഷയില്ലാതായി, നാണമില്ലാതായി, സഹോദരനെ തിരിച്ചറിയാതായി. അവന്‍ ഭ്രാതൃഘാതകനായി. മരിക്കാതെ ആരും ദൈവത്തിന്‍റെ മകനോ മകളോ ആകുന്നില്ല. മൃഗത്തെ ബലി ചെയ്തു മനുഷ്യനായി ജനിക്കണം. ഞാനാകുന്ന മൃഗത്തെ അനുദിനം ബലി ചെയ്യാതെ ഞാന്‍ മനുഷ്യനാകില്ല, ദൈവത്തിലേക്കു തിരിയുന്നതു യാക്കോബിന്‍റേതുപോലെ ദൈവവുമായുള്ള രാത്രിയുടെ മല്‍പ്പിടുത്തമാണ്. അത് അവസാനിക്കുന്നതു ദൈവത്തിനു മുറിവുപറ്റി ദൈവം മരിച്ചല്ല, യാക്കോബിനു മുറിവു പറ്റി യാക്കോബ് ഇസ്രായേലായി മാറിയാണ്. ഇതു മരണംവരെ നീളുന്ന മല്‍പ്പിടുത്തമാണ്, ഇതു വൈദികനും മെത്രാനും സന്ന്യാസിക്കും അല്മായനും വേണം.

"നീ പാറയാണ്, ഈ പാറമേല്‍ ഞാന്‍ എന്‍റെ പള്ളി പണിയും" എന്നു വാഗ്ദാനം ലഭിച്ചവനാണു പത്രോസ്, പക്ഷേ, പത്രോസും തിരിച്ചു നടന്നു. "ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്." "മനുഷ്യരെ പിടിക്കുന്നവനാക്കാം" എന്നു പറഞ്ഞു വിളിച്ചുകൊണ്ടു പോന്നവനാണ് ദുഃഖവെള്ളിയുടെ രാത്രിയുടെ കറുപ്പില്‍ തീരുമാനം മാറ്റിയത്. കാരണം എല്ലാം അസ്തമിച്ചു എന്നു തോന്നി. ഈ വിശ്വാസത്യാഗത്തില്‍ മറ്റു ശിഷ്യരും പങ്കുചേര്‍ന്ന കഥയാണു യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ അവസാന അദ്ധ്യായത്തില്‍ വിവരിക്കുന്നത്. പക്ഷേ, ആ അദ്ധ്യായം ഉയിര്‍പ്പിന്‍റെ കഥയുമാണ്. യൂദാസിന്‍റെ പാപത്തേക്കാള്‍ ഗൗരവമായ ഉതപ്പും പാപവും. എല്ലാവരും തിരിച്ചു നടന്ന ഉപേക്ഷയുടെ കഥ. ആ പാപത്തിന്‍റെയും ഇരുട്ടിന്‍റെയും തീരത്താണ് ഉയിര്‍ത്തവന്‍ അവര്‍ക്കു പ്രാതലൊരുക്കി കാത്തുനിന്ന കഥ പത്രോസിന്‍റെ ശിഷ്യന്മാര്‍ തന്നെ എഴുതി യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ അവസാനം ചേര്‍ത്തത്.

വലിയ ഉതപ്പിനെ എങ്ങനെ 'സദ്വാര്‍ത്ത' – സുവിശേഷമാക്കി എന്നതു ശ്രദ്ധേയമല്ലേ? ബൈബിള്‍ മുഴുവന്‍ മഹാപാപങ്ങളുടെയും ഉതപ്പുകളുടെയും കഥയാണ്. പക്ഷേ, ആ കഥകള്‍ പറയുന്നവര്‍ അതിനെ ദൈവത്തിന്‍റെ മഹാസംഭവമായ കഥകളാക്കി മാറ്റിയിരിക്കുന്നു. അതിന്‍റെ രഹസ്യം പാപത്തിന് എഴുത്തുകാര്‍ കുട പിടിച്ചില്ല, ഏറ്റുപറഞ്ഞു എന്നതാണ്. ഒറ്റ ചോദ്യമാണു യേശു പത്രോസിനോടു ചോദിക്കുന്നത്. "നീ എന്നെ സ്നേഹിക്കുന്നുവോ?" സ്വന്തം പരിധിയും പാപവും അറിഞ്ഞ പത്രോസ് അതു കേട്ടതു പ്രഭാതത്തിന്‍റെ പുതിയ ചക്രവാളത്തിലാണ്. അവന്‍റെ ഉത്തരത്തിനു യേശുവിന്‍റെ മറുപടി ഒരു കല്പനയായിരുന്നു. "എന്‍റെ ആടുകളെ തീറ്റുക." അപ്പസ്തോലമുഖ്യനോടു യേശു പറഞ്ഞത് "ആടുകളെ നയിക്കാ" നല്ല (lead) "തീറ്റാനാണ്" (feed) എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയത് സിഎംഐ സന്ന്യാസസഭയുടെ ശ്രേഷ്ഠനാണ്. എന്തുകൊണ്ട് തീറ്റുക (feed, baske)? സമ്പത്തും കഴിവും മിടുക്കുകളുംകൊണ്ടു പോറ്റുക എന്നാണോ? അങ്ങനെ മനസ്സിലാക്കുന്നവരുടെ വീഴ്ചയുടെ നാറ്റവുമാണു നാമറിയുന്നത്. ഞാന്‍ പൗരോഹിത്യംകൊണ്ടു ദൈവജനത്തെ തീറ്റേണ്ടത് എങ്ങനെ? അതു ദൈവവും ദൈവികതയും മാത്രമാണ്. ബൈബിള്‍ അതിനെ വിശുദ്ധി എന്നു വിളിക്കുന്നു. വിശുദ്ധി നീതിയായി മനുഷ്യനില്‍ താണിറങ്ങുന്നു. അന്ത്യവിധിയുടെ മാനദണ്ഡം മത്തായി പറയുന്നതു നീതി എന്നതാണ്. എന്നാല്‍ അതു ലൂക്കായും യോഹന്നാനും പുതിയ നിയമത്തിലെ സ്നേഹമായി വിവക്ഷിക്കുന്നു.

ഇതു നല്കുന്നത് ഒരു ജീവിത ദര്‍ശനമാണ് – അതാണു ക്രൈസ്തവവിശ്വാസത്തിന്‍റെ അനന്യത. ഇസ്രായേലായി മാറിയ യാക്കോബ് തന്‍റെ വൈരിയായിരുന്ന ചേട്ടന്‍ ഏസാവിനെ കാണുമ്പോള്‍ പറയുന്ന വാചകം ശ്രദ്ധിക്കുക: "ദൈവത്തെ കണ്ടാലെന്നപോലെ ഞാന്‍ അങ്ങയുടെ മുഖം കാണുന്നു" (ഉത്പ. 23:10). "നിന്നെ വിശക്കുന്നവനായി കണ്ട്, ആഹാരം നല്കിയതും ദാഹിക്കുന്നവനായി കണ്ടു കുടിക്കാന്‍ നല്കിയതും എപ്പോള്‍" എന്നാണ് അന്ത്യവിധിയുടെ വിവരണത്തില്‍ ചോദിക്കുന്നത്. കാഴ്ചയിലാണു ദൈവികത. നല്ല സമരിയാക്കാരന്‍ കണ്ടു കനിഞ്ഞു. അവന്‍റെ മുഖം കണ്ടു പരിചരിച്ചപ്പോള്‍ അതാണു ദൈവദര്‍ശനം. അപരന്‍റെ മുഖത്തു ദൈവികതയും ദൈവവിളിയും വായിച്ചെടുക്കുന്നതാണു ക്രൈസ്തവികത. അതു സ്വത്തുകൊണ്ടോ മിടുക്കുകൊണ്ടോ അഹത്തിന്‍റെ വീതിവിസ്താരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടോ ദൈവമാകുന്നതല്ല. ദാനം ദാനമെന്നു തിരിച്ചറിയുമ്പോള്‍ അതു കച്ചവടമാകും. തിരിച്ചറിയാത്ത ദാനം, അതു ദൈവദര്‍ശനമാണ്. അതു സംഭവിക്കുന്നത് അപരന്‍റെ മുറിവുകള്‍ കണ്ടു കരയുന്ന കണ്ണിലുണ്ടാകുന്ന വെളിപാടിന്‍റെ ഫലമായി ഉണ്ടാകുന്ന കര്‍മ്മമാണ്.

ശരീരത്തിന്‍റെ മാധ്യമമില്ലാതെ ആത്മീയതയില്ല. അവന്‍റെ ശരീരം കാണാന്‍ കഴിയാത്തവിധം അന്ധത ബാധിച്ചതാണു നമ്മുടെ പ്രശ്നം. മഗ്ദലേന മറിയം യേശുവിന്‍റെ ശരീരം തേടിയാണു കല്ലറയിലേക്കു പോയത്. കല്ലറ ശൂന്യമായിരുന്നു. പിന്നെ കണ്ടതു തോട്ടക്കാരനെയാണ്. "മറിയം" എന്ന വിളിയുടെ സ്പര്‍ശമാണ് അവളെ ഉണര്‍ത്തിയത്. പക്ഷേ, ഒരു വിലക്ക് വന്നു. "എന്നെ തൊടരുത്" എന്നാണ് വുള്‍ഗാത്ത ബൈബിള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. അവന്‍ തൊടലിന്‍റെ ഈ ലോകത്തിലല്ല. പക്ഷേ അവന്‍ പാദങ്ങള്‍ കഴുകി, അവന്‍റെ ശരീരത്തില്‍ മറിയം തൈലം പൂശി. അതു പാപിനിയാണ് എന്ന് ലൂക്കാസുവിശേഷകന്‍ പറയുന്നു. മഹത്ത്വമാര്‍ന്ന ശരീരത്തില്‍ മരണമില്ല, ലേപനവുമില്ല. ഇവിടെ സമരിയാക്കാരന്‍റെ വഴിയാണ്, അഭിഷേകത്തിന്‍റെയും പരിപാലനയുടെയും വഴി. ഇതു തൊടുന്നതും തൈലം പൂശുന്നതുമായ ക്രൈസ്തവികതയുടെ വഴിയാണ്. ക്രിസ്തുവിന്‍റെ ശരീരം ഇന്നു സഭയാണ്. അവന്‍റെ ശരീരം ഭക്ഷിച്ച്, ഏകശരീരമായി ശരീരശുശ്രൂഷയിലൂടെ ആത്മാവിനെ സമ്പന്നമാക്കി രക്ഷപ്പെടുന്നവരുടെ കൂട്ടായ്മ.

ഈ കൂട്ടായ്മ ഏറ്റുപറച്ചിലിന്‍റെ വഴിയുമാണ്. ഈ വഴിയുടെ വിശുദ്ധമായ മാതൃക എനിക്കു ലഭിക്കുന്നതു വി. അഗസ്റ്റിനില്‍ നിന്നാണ്. പാപത്തിന്‍റെ പുത്രനു ജന്മം നല്‍കിയവന്‍, ഏറ്റുപറച്ചില്‍ ജീവിതകഥനമാക്കിയവനാണ് അഗസ്റ്റിന്‍. "എന്‍റെ വ്രണങ്ങള്‍ കാ ണുക, ഞാന്‍ അവ ഒളിക്കുന്നില്ല" എന്നാണ് തന്‍റെ ഏറ്റുപറച്ചിലില്‍ അഗസ്റ്റിന്‍ എഴുതിയത് (Ecce Vulnera mea non abscondo, conf.
10:28). നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വ്രണങ്ങളെ മൂടിപ്പൊതിയുക എന്നതാണ്. അതില്‍ പ്രതിക്കൂട്ടിലാകുന്നത് അധികാരികളുമാണ്. പാപത്തിനു കുടപിടിക്കുന്നതു സൗഖ്യത്തിന്‍റെ വഴിയല്ലെന്നു മാത്രമല്ല അതു വെള്ളയടിച്ച കുഴിമാടങ്ങള്‍ ഉണ്ടാക്കുന്നു. ദൈവം നമ്മെ ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ചു. എന്‍റെ ജീവിതയാത്രയുടെ മുന്നില്‍ ഇല്ലായ്മയാണ് -ശൂന്യതയാണ്. ശൂന്യതയുടെ ശൂന്യാകാശമാണു മുമ്പില്‍. ശൂന്യതയില്‍ നിന്നുണ്ടായി, ശൂന്യാകാശം – സാദ്ധ്യതകളുടെ ഇടമാണു – മുമ്പില്‍. ജീവിതത്തിനു മുമ്പില്‍ നിശ്ചിതങ്ങളല്ല, അനിശ്ചിതങ്ങളാണ്; ജീവിതത്തിന് അനിവാര്യമായ കാര്യകാരണങ്ങളുമില്ല. ആയിത്തീരലിന്‍റെ ആകാശം; അതുകൊണ്ടു ക്രൈസ്തവികത എന്നത് എന്‍റെ ആയിത്തീരലിന്‍റെ സാദ്ധ്യതയാണ്. ദൈവവുമായുള്ള മല്‍പ്പിടുത്തത്തില്‍ ഞാന്‍ ജീവിതം സ്ഥിരം അഴിച്ചുപണിയുകയാണ്. അഗസ്റ്റിന്‍റെ ഭാഷയില്‍ 'ഞാന്‍ എനിക്കൊരു ചോദ്യമാണ്.'

ലോകത്തില്‍ ഞാന്‍ എന്ന സത്യം സൃഷ്ടിക്കുകയാണ് (facere
Veritatan). അതു "നിന്‍റെ വെളിച്ചത്തില്‍ എന്‍റെ ആന്തരികത പ്രകാശമാനമായ"തിന്‍റെ ഫലവുമാണ്. അത് ഏറ്റുപറച്ചിലുമാണ്; ജീവിതം പിഴച്ചു എന്ന ബോദ്ധ്യത്തില്‍ നിന്നാണ് അന്തമില്ലാത്ത ഏറ്റുപറച്ചില്‍ ഉണ്ടാകുക. പാപത്തിന്‍റെ വ്രണം ദൈവത്തിന്‍റെ സാന്നിദ്ധ്യബോധത്തില്‍ മാത്രമുണ്ടാകുന്നതാണ്. "എന്‍റെ നിന്നോടുള്ള ഏറ്റുപറച്ചില്‍ ജനതയോടുമാണ്. അതു ജനങ്ങളോടു തെളിയിക്കാന്‍ എനിക്കാകുന്നില്ല. അവരുടെ ചെവികള്‍ സ്നേഹത്താല്‍ തുറക്കുമെന്നു വിശ്വസിക്കട്ടെ." അതുകൊണ്ടു പാപസങ്കീര്‍ത്തനം "എഴുതി ഞാന്‍ ഏറ്റുപറയുന്നു." ഇങ്ങനെ സാമൂഹ്യമാനമില്ലാത്ത ഏറ്റുപറച്ചിലില്ല. ദൈവത്തെ അറിയല്‍ എന്‍റെ ആന്തരികതയുടെ കണ്ടെത്തലാണ് (melius quod interius). ആന്തരികത കണ്ടെത്താത്ത വൈദികരും സന്ന്യസ്തരും മെത്രാന്മാരും വെറും പൊങ്ങുതടികളായി മാറുന്നു. ദൈവത്തെ ആന്തരികതയുടെ വൈദ്യനായി (medice meus) മാറ്റാന്‍ കഴിയാത്തതാണു ചില ആത്മീയഗുരുക്കന്മാരുടെ അന്തസ്സാരശൂന്യത. ലോകത്തിലെ സകല കാര്യങ്ങളും വെളിപ്പെടുത്തി കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ അഗസ്റ്റിന്‍റെ മൊഴി ശ്രദ്ധിച്ചെങ്കില്‍. "തന്നെത്തന്നെ അറിയുന്നതല്ലാതെ മറ്റെന്താണു നിന്നില്‍ നിന്നു ഞാന്‍ കേള്‍ക്കേണ്ടത്?" "ഞാന്‍ ആരാണു ദൈവമേ" എന്നു നിരന്തരം പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തവര്‍ പതറുന്നു, പാളുന്നു, പാളി എന്ന് അറിയുന്നില്ല, എന്നു സമ്മതിക്കില്ല. ദൈവം ആരുടെയും പിടിയില്‍ ഒതുങ്ങില്ല. ഒരധികാരത്തിനും ദൈവം വഴങ്ങില്ല. എല്ലാ അധികാരങ്ങളെയും ദൈവം ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന്‍റെ അപനിര്‍മാണമാണു ക്രൈസ്തവികതയുടെ തനിമ. എല്ലായ്പ്പോഴും നവീകരിക്കുന്ന മതം, അതായതു സ്ഥിരം ചോദ്യം ചെയ്യലിനു വിധേയമാക്കപ്പെടുന്ന മതം. ആധുനിക ലോകം ക്രൈസ്തവികതയുടെ അപനിര്‍മാണത്തിന്‍റെ ഫലമാണ്. ചരിത്രമാണ് അങ്ങനെ എഴുതിയുണ്ടാക്കുന്നത്. ഞാന്‍ ഏറ്റുപറയുന്നതു ഞാനും ക്രിസ്തുവുമായുള്ള പാരസ്പര്യത്തില്‍ എന്‍റെ ആയുസ്സ് ഉണ്ടാക്കപ്പെട്ടതും എഴുതിയതുമായ കഥയാണ്. ഞാന്‍ ക്രിസ്ത്യാനിയായതും വൈദികനായതും ഒരു മെത്രാനായതും ഈ ലോകത്തിലെ ഒരു അധികാരിക്കും വേണ്ടിയല്ല. അതു ക്രിസ്തുവുമായുളള ബന്ധത്തിന്‍റെ ഫലമാണ്. ഏതു ക്രിസ്ത്യാനിയും ഉതപ്പുകളുടെ പ്രളയത്തിലും ഇതു മനസ്സിലാക്കണം.

ഇത്തരം കഥകള്‍ പാപികളുടെ പുണ്യയാത്രയുടെ യാത്രാവിവരണമാണ്. പൗലോസിനെയും ബര്‍ണബാസിനെയും ലിസ്ത്രയിലുള്ളവര്‍ ദേവന്മാരാക്കി. ആ മണ്ടന്മാര്‍ ഞങ്ങള്‍ മനുഷ്യരാണ് എന്നു വിളിച്ചുപറഞ്ഞ് ആളുകളുടെ തല്ലു മേടിച്ചു. നമ്മില്‍ പലരും ബുദ്ധിമാന്മാരാണ്. എല്ലാ ദൈവങ്ങളെയും ഈ ഭൂമിയില്‍ നിരാകരിച്ചവരായിരുന്നു ക്രൈസ്തവര്‍. അതുകൊണ്ടാണു ക്രൈസ്തവരെ നിരീശ്വരര്‍ എന്നു വിളിച്ചിരുന്നു എന്ന് രക്തസാക്ഷിയായ മാര്‍ട്ടിന്‍ സാക്ഷിക്കുന്നത്. വിമര്‍ശനത്തിന്‍റെയും വിഗ്രഹധ്വംസനത്തിന്‍റെയും പ്രവാചകവഴിയിലാണു ക്രൈസ്തവര്‍. 'സ്വന്തം പിതാവിനെയും മാതാവിനെയും… സ്വജീവനെത്തന്നെയും വെറുക്കാതെ… എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല" (ലൂക്കാ 14:26). ഇതാണ് അന്തമില്ലാത്ത ആത്മവിമര്‍ശനത്തിന്‍റ സഭ ഉണ്ടാക്കുന്നത്. ദൈവത്തിനെതിരെ ആരെയും കുട ചൂടിക്കാനാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org