ഏകാന്തതയെ അറിയുക, അനുഭവിക്കുക

ഏകാന്തതയെ അറിയുക, അനുഭവിക്കുക

അഭിലാഷ് ടോമി

സമുദ്രയാത്രകള്‍ കൊണ്ട് സമൂഹത്തെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സാഹസികനാണ് അഭിലാഷ് ടോമി. കരകാണാക്കടലിലേയ്ക്ക് ഏകാകിയായി കടന്നു പോകുന്ന അഭിലാഷല്ല, കടലേഴും താണ്ടി മടങ്ങി വരുന്ന അഭിലാഷ്. അനുഭവങ്ങള്‍ കൊണ്ടു പരുവപ്പെട്ട, കൂടുതല്‍ മെച്ചപ്പെട്ട ഒരു മനുഷ്യനാണ് എപ്പോഴും കരയ്ക്കണയുന്ന നാവികന്‍. തന്നെ മാത്രമല്ല, തന്നെ ശ്രദ്ധിക്കുന്ന ലോകത്തെ കൂടി നവീകരിക്കാന്‍, അവര്‍ക്കു പുതിയ ചക്രവാളങ്ങളുടെ കാഴ്ചകളും കാഴ്ചപ്പാടുകളും സമ്മാനിക്കാന്‍ അഭിലാഷിന്‍റെ സമുദ്രസഞ്ചാരങ്ങള്‍ കൊണ്ടു സാധിക്കുന്നു. ഒടുവില്‍ നടത്തിയ നാവികയാത്ര അപകടവും രക്ഷപ്പെടലും കൊണ്ടു ശ്രദ്ധേയമായി. തുരീയ എന്ന പായ് വഞ്ചിയില്‍ ആധുനികമായ യാതൊരു സാങ്കേതികസംവിധാനങ്ങളുമില്ലാതെ കടല്‍ക്കാറ്റുകളെയും ആകാശഗോളങ്ങളേയും മാത്രമാശ്രയിച്ചുള്ള ഒരു യാത്രയായിരുന്നു അത്. അതിലുണ്ടായ അപകടത്തില്‍ നിന്നു മുക്തി നേടി വിശ്രമിക്കുന്ന അഭിലാഷ്, പ്രളയമുക്തി നേടി പുതുവര്‍ഷത്തിലേയ്ക്കു കുതിക്കുന്ന കേരളത്തിന് അതിജീവനത്തിന്‍റെ പാഠങ്ങള്‍ പകരുകയാണ്, സത്യദീപവുമായി നടത്തിയ ഈ അഭിമുഖ സംഭാഷണത്തില്‍:

? ഒരു നാവിക ഉദ്യോഗസ്ഥനാകാന്‍ പ്രചോദനം നല്‍കിയ ഘടകങ്ങളെന്തായിരുന്നു?
കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ നേവിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പിതാവ് നേവിയിലായിരുന്നു. സമുദ്രം എപ്പോഴും സമീപത്തുള്ള ഒരു അന്തരീക്ഷത്തിലാണു ഞാന്‍ വളര്‍ന്നു വന്നത്. ലൈബ്രറിയില്‍ നിന്നെടുത്തിരുന്ന പുസ്തകങ്ങളെല്ലാം കടലും കടല്‍ സാഹസികതകളും ഉള്ളവയായിരുന്നു. എനിക്കു വളരെ ചെറുപ്പമായിരുന്നപ്പോള്‍ ഇന്ത്യന്‍ സൈന്യം തൃഷ്ണയില്‍ ഒരു ലോകപര്യടനം നടത്തിയിരുന്നു. ആറു വ്യക്തികളുമായി 19 ഇടങ്ങളില്‍ നിറുത്തി നടത്തിയ ആ പര്യടനം എന്നെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി.

? ചെറുപ്പക്കാരെല്ലാം എപ്പോഴും കൂട്ടുകൂടിയിരിക്കാനാണ് താത് പര്യപ്പെടുക. ഒറ്റയ്ക്കിരിക്കാന്‍, വിശേഷിച്ചും പ്രശ്നങ്ങളുള്ളപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. താങ്കള്‍ ഏകാന്തത ഇഷ്ടപ്പെടുന്നോ? കഴിഞ്ഞ 2 ഏകാന്ത പര്യടനങ്ങളിലേയും വേദനകളേയും പോരാട്ടങ്ങളേയും എങ്ങനെയാണു കൈകാര്യം ചെയ്തത്?
ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്തുഷ്ടനാണ്. ഒറ്റയ്ക്കായിരിക്കുമ്പോള്‍ എന്തും കൈകാര്യം ചെയ്യുന്നത് എനിക്കു കൂടുതല്‍ എളുപ്പമായി തോന്നുന്നു. വിശേഷിച്ചും പ്രശ്നഘട്ടങ്ങളില്‍. മനുഷ്യസ്വഭാവം ചാഞ്ചല്യം നിറഞ്ഞതാണ്, പ്രവചിക്കാന്‍ എളുപ്പമല്ല. മനുഷ്യരെ ആശ്രയിക്കാനും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഒറ്റയ്ക്കായിരിക്കാന്‍ താത്പര്യപ്പെടുന്നത്. വിശേഷിച്ചും പ്രശ്നഘട്ടങ്ങളില്‍ ഉള്ള അനിശ്ചിതത്വങ്ങള്‍ തന്നെ ധാരാളമായിരിക്കെ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ അനാവശ്യമാണ്.

ഒറ്റയ്ക്കായിരിക്കുമ്പോള്‍ ആലോചിക്കാന്‍ ധാരാളം സമയം കിട്ടുന്നു. മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോള്‍ കഴിയാത്ത രീതിയില്‍ വിവിധ പ്രശ്നങ്ങളെ കുറിച്ചു ചിന്തിക്കാന്‍ സാധിക്കുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കൂട്ടു നഷ്ടപ്പെടുത്തുകയാണു ചെയ്യുക.

? ഇത്തരം സമുദ്രപര്യടനങ്ങളില്‍ കായികക്ഷമതയെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മനക്കരുത്ത് വികസിപ്പിക്കാനും നിലനിറുത്താനും താങ്കള്‍ എന്താണു ചെയ്യുന്നത്?
ശരിയായ കാരണങ്ങള്‍ക്കു വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മാനസികമായ കരുത്ത് നിങ്ങള്‍ക്കു സ്വാഭാവികമായി ലഭിക്കുകയാണ്. പണത്തിന്‍റെ പ്രലോഭനം കൊണ്ടോ നിര്‍ബന്ധിതരായിപ്പോയതുകൊണ്ടോ ഇത്തരം കാര്യങ്ങള്‍ക്കു പുറപ്പെടുന്നവരുണ്ട്. കടലില്‍ ഒറ്റയ്ക്കാകുന്നത് അവര്‍ക്ക് ആസ്വാദ്യകരമായി തോന്നില്ല. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. മിക്കവരും പിന്നെ കടലിലേയ്ക്കു മടങ്ങിപ്പോകില്ല. ഞാന്‍ ഏകാന്തത ആസ്വദിക്കുന്നു.

ഏകാകിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നു, അത് ആസ്വദിക്കുന്നു എന്നതാണ് എന്‍റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ട് വലിയ മാനസിക പരിശീലനം എനിക്കാവശ്യം വരുന്നില്ല.

? അച്ചടക്കമുള്ള നേവിജീവിതം ജീവിതത്തെ സംബന്ധിച്ച താങ്കളുടെ മൂല്യസങ്കല്‍പങ്ങളെ രൂപപ്പെടുത്തിയതെങ്ങനെയാണ്?
മറ്റു സംഘടനകളില്‍ നിന്നു ഭിന്നമായി നേവി നിങ്ങള്‍ക്കു തരുന്നത് അപകടങ്ങള്‍ പിടിച്ച ഒരു ജീവിതമാണ്. ധാരാളം തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദുഷ്കര സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ. ഈ തയ്യാറെടുപ്പുകള്‍ക്ക് അച്ചടക്കം ആവശ്യമാണ്. നേവി പരിശീലനം മൂലമാണ് കഴിവുകള്‍ അതിന്‍റെ പരമാവധിയിലേയ്ക്ക് എത്തിക്കാനും നേവിക്കാരല്ലാത്ത ആരും സാധാരണമെന്നു പരിഗണിക്കാത്ത കാര്യങ്ങള്‍ ചെയ്യാനും എനിക്കു സാധിക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.

? നമ്മുടെ ജീവിതങ്ങളില്‍ അച്ചടക്കത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് എന്തു കരുതുന്നു?
അച്ചടക്കത്തെ സാധാരണ മനസ്സിലാക്കുന്നത് മറ്റാരെങ്കിലും തരുന്ന ഉത്തരവുകളെ അനുസരിക്കലായിട്ടാണ്. നിരന്തരമായ പുരോഗതിക്ക് ഇതു തീര്‍ച്ചയായും സമൂഹത്തിനു പ്രധാനമാണ്. പക്ഷേ നിങ്ങള്‍ നിങ്ങളെ തന്നെ ശ്രവിക്കാന്‍ തുടങ്ങിയാല്‍ അതു പ്രയോജനകരമായ ഒരു ആന്തരീകശക്തിയായി മാറുന്നു. പരാജയങ്ങളും തിരിച്ചടികളും ഉണ്ടാകുമ്പോള്‍ വിട്ടുകൊടുക്കാതെ പിടിച്ചു നില്‍ക്കാന്‍ അതു നിങ്ങളെ പ്രാപ്തമാക്കുന്നു. സാധാരണമല്ലാത്ത എന്തെങ്കിലുമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഇതു വളരെ പ്രധാനമാണ്.

? മാതാപിതാക്കളുടേയും ജീവിതപങ്കാളി ഊര്‍മിളയുടെയും സ്വാധീനത്തെ കുറിച്ച് എന്താണു പറയാനുള്ളത്?
മാതാപിതാക്കള്‍ എനിക്കു കരുത്തിന്‍റെ സ്തംഭങ്ങളാണ്. എന്‍റെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ അവര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. കരുത്തും അച്ചടക്കവുമുള്ളയാളായിരിക്കാന്‍ അവരെന്നെ സദാ പ്രോത്സാഹിപ്പിച്ചു. സ്വന്തമായ തീരുമാനങ്ങളെടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് അവരെന്നെ ഒരിക്കലും തടഞ്ഞില്ല. സ്വേച്ഛാധിപത്യസ്വഭാവം അവര്‍ ഒരിക്കലും പ്രകടമാക്കിയില്ല. ഞാനിന്നായിരിക്കുന്ന അവസ്ഥയിലേക്ക് എന്നെയെത്തിച്ച തീരുമാനങ്ങളെടുക്കാന്‍ എന്നെ സഹായിച്ചതവരാണ്.

ഭാര്യ ഉര്‍മിള എപ്പോഴും ഞാനാഗ്രഹിക്കുന്നതെല്ലാം ചെയ്യുന്നതിനു വളരെ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്‍റെ പദ്ധതികള്‍ക്ക് തന്‍റേതായ വിധത്തില്‍ അവര്‍ സംഭാവനകള്‍ നല്‍കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നു ബിരുദം നേടിയിട്ടുള്ള വിദഗ്ദ്ധയായ ഒരു ഗ്രാഫിക് ഡിസൈനറാണ് അവര്‍.

? ദൈവവും വിശ്വാസവും താങ്കള്‍ക്കെന്താണ്?
ദൈവത്തിലും അവിടുത്തെ തീരുമാനങ്ങളിലും എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. അവിടുത്തെ ഉദ്ദേശ്യങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ജീവിതം നല്‍കുന്നതെല്ലാം സ്വീകരിച്ചു മുന്നോട്ടു പോകുന്നു. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ഞാനൊന്നും ആവശ്യപ്പെടാറില്ല. അതാണു ദൈവത്തിലുള്ള എന്‍റെ വിശ്വാസത്തിന്‍റെ യഥാര്‍ത്ഥമായ ആവിഷ്കാരമെന്നും ഞാന്‍ കരുതുന്നു.

? സമുദ്രവും ഏകാന്തതയും താങ്കളെ പഠിപ്പിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്?
ജീവിതത്തിലെ ഗണ്യമായ സമയം ഏകാകിയായിരിക്കുക എന്നതു വളരെ പ്രധാനമാണ്. നിങ്ങളുടെ ആന്തരികതയുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു സഹായിക്കും. സ്വന്തം ആത്മീയ നവീകരണത്തില്‍ താത്പര്യമുണ്ടെങ്കില്‍ ബാഹ്യലോകത്തിന്‍റെ ശ്രദ്ധ തിരിക്കലുകളില്ലാതെ ഇങ്ങനെ തന്നോടു തന്നെ ബന്ധത്തിലായിരിക്കുന്നത് വളരെ പ്രധാനമാണ്.

സമുദ്രം വലിയൊരു ഗുരുവാണ്. ജനതകളെല്ലാം ദീര്‍ഘകാലങ്ങളായി സമുദ്രസഞ്ചാരികളായിരുന്നു എന്നു വ്യക്തമാണ്. ചരിത്രാതീതകാലം മുതല്‍ ജനങ്ങള്‍ കടലുകളിലേയ്ക്കു പോകുകയും സമുദ്രയാത്ര നടത്താത്തവരേക്കാള്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.

? വിജയിച്ച ഒരാളെന്ന നിലയില്‍, സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് നല്‍കാനുള്ള ആശയങ്ങള്‍ എന്തൊക്കെയാണ്?
തന്നില്‍ തന്നെ വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ്. ലക്ഷ്യങ്ങള്‍ നേടാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നത് മൂര്‍ത്തമായ ഒരു പദ്ധതിയുണ്ടായിരിക്കുക, അതിനെ നടത്തിയെടുക്കാന്‍ കഴിയുന്ന ചെറിയ ചുവടുകളായി വിഭജിക്കുക എന്നതാണ്. സ്വയം അച്ചടക്കം പാലിക്കുക, നിരന്തരം പരിശ്രമിക്കുക, സ്വന്തം പരിശ്രമങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക എന്നതു മാത്രമേ തുടര്‍ന്നു ചെയ്യേണ്ടതുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org