Latest News
|^| Home -> Cover story -> ക്രിസ്തുസത്യം: ഒരു സ്ത്രീപക്ഷ വായന

ക്രിസ്തുസത്യം: ഒരു സ്ത്രീപക്ഷ വായന

Sathyadeepam


പ്രൊഫ. മ്യൂസ് മേരി

ഒരു ക്രിസ്ത്യാനിയായി വളര്‍ത്തപ്പെടുകയും ജീവിക്കുകയും ചെയ്യുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു വിശ്വാസസത്യമുണ്ട്. എല്ലാക്കാലത്തേക്കുമുള്ള മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്കയച്ചുവെന്നും ആ ദൈവപുത്രന്‍ പീഡകള്‍ സഹിച്ചു കുരിശുമരണം വരിച്ചു ഉയിര്‍ത്തെഴുന്നേറ്റു രക്ഷ സാധിച്ചു എന്നുമുള്ള വിശ്വാസസത്യം. എന്നാല്‍ എന്നെ സംബന്ധിച്ച് ക്രിസ്തു സാമൂഹ്യാനുഭവങ്ങളിലുള്ള സത്യസാന്നിധ്യമാണ്. അതിനുള്ള ആധാരമായി ഞാന്‍ കാണുന്നത് അവിടുത്തെ നീതിയുടെയും നിലപാടുകളിലെയും സത്യമാണ്. മലയിലെ പ്രസംഗത്തില്‍ ക്രിസ്തു എട്ടു ഭാഗ്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ രണ്ടു പ്രാവശ്യം നീതിയെക്കുറിച്ചു പറയുന്നുണ്ട്. പ്രവാചക പാരമ്പര്യത്തില്‍ നീതി വളരെ പ്രധാനപ്പെട്ട വിഷയമായിരുന്നു. ബൈബിളിലെ സങ്കീര്‍ത്തനങ്ങളിലും നീതിയെക്കുറിച്ച് ഒരുപാടു പറയുന്നുണ്ട്. 90 തവണയെങ്കിലും നീതി എന്ന വാക്ക് അവിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഏശയ്യ പ്രവാചകന്‍ ദൈവത്തെക്കുറിച്ചു പറയുമ്പോഴും ദൈവത്തിന്‍റെ അരപ്പട്ട നീതിയാണെന്നു വ്യക്തമാക്കുന്നു. പുതിയനിയമത്തില്‍ അഷ്ടഭാഗ്യത്തെക്കുറിച്ചു പറയുന്നിടത്തും അതിലെ വിശേഷപ്പെട്ട ഭാഗ്യം നീതിയുമായി ബന്ധപ്പെട്ടതാണ്. ഞാന്‍ അനുഭവിക്കുന്ന ക്രിസ്തുസത്യമെന്ന സാമൂഹ്യാനുഭവം അതിന്‍റെ അകക്കാതലോളം നില്‍ക്കുന്ന നീതിബോധമാണ്.

ഈ നീതിയുടെ ഭാവങ്ങള്‍ ക്രിസ്തുവിന്‍റെ ജീവിതത്തില്‍ പല രൂപത്തില്‍ പ്രകടമാണ്. പാപിനിയായ സ്ത്രീയെ കല്ലെറിയുന്നതില്‍ നിന്ന് ആള്‍ക്കൂട്ടത്തെ നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കുന്നത് നാം കാണുന്നു. അതിലൊരു നീതിയുണ്ട്. അധികാരം എന്നത് പലപ്പോഴും പിടിവാശികളും പക്ഷപാതങ്ങളുമൊക്കെയുള്ള ഒരു സാധ്യതയായി നില്‍ക്കുമ്പോള്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ സമറായക്കാരിയായ സ്ത്രീയോടുള്ള യേശുവിന്‍റെ ഇടപെടല്‍ നാം ശ്രദ്ധിക്കേണ്ടതാണ്. നീയൊരു യഹൂദനല്ലേ? എന്ന് യേശുവിന്‍റെ ഐഡന്‍റിറ്റി അവള്‍ ചോദിക്കുന്നു. യഹൂദര്‍ പുറജാതിക്കാരോടു പ്രകടിപ്പിക്കുന്ന ഇടപെടലുകളെക്കുറിച്ചു നമുക്കറിയാം. ഒരേസമയം, സമറായക്കാരിയായിരിക്കുക, സ്ത്രീയുമായിരിക്കുക. ഈ പശ്ചാത്തലത്തില്‍ അവള്‍ തര്‍ക്കിക്കുമ്പോള്‍ അതിലെ ഭൗതികത ക്രിസ്തു തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഭൗതികമായി തന്‍റെ അനുഭവത്തെ വളരെ ശക്തമായി പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയോട് സമകാലീക കേരളം എങ്ങനെയായിരിക്കും ഇടപെടുക? സ്ത്രീക്ക് ഇത്തരത്തില്‍ സംസാരിക്കാനുള്ള അവകാശമുണ്ട് എന്നു പൂര്‍ണമനസ്സോടെ അംഗീകരിക്കുന്ന എത്ര പേരുണ്ട്?

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിനെക്കുറിച്ച് നിക്കദേമൂസ് എന്ന പണ്ഡിതനോടു യേശു സംസാരിക്കുന്ന ഭാഷയും കിണറ്റുകരയില്‍ നിന്നു സ്ത്രീയോടു സംസാരിക്കുന്ന ഭാഷയും ഒരു സംവാദമണ്ഡലം തുറന്നുവയ്ക്കുന്നതാണ്. എന്തു കൊണ്ടാണു നമുക്ക് ഇത്തരത്തി ലുള്ളൊരു സംവാദമണ്ഡലം തുറന്നു വയ്ക്കാന്‍ പ്രയാസമാകുന്നത്. ഞാനാണു ശരി, ഞാന്‍ പറയുന്നതു മാത്രമാണു ശരി അതിനപ്പുറം വേറൊരു ശരി ഇല്ല എന്ന ആധികാരിക നാട്യങ്ങളാണു നമുക്കുള്ളത്. സ്ത്രീക്ക് ജ്ഞാനത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ‘വീട്ടില്‍ കയറിപ്പോടി’എന്നതാണല്ലോ സ്ത്രീയോടുള്ള സാധാരണ ശൈലി. പുരുഷാധിപത്യത്തിന്‍റെ മൂല്യബോധപരമായ പരമ്പരാഗതമായ ധാരണകളെ അപനിര്‍മ്മിക്കുന്ന ഒരു സത്യമുണ്ട്. ഈ സത്യത്തെ സമകാലിക കേരളവുമായി ചേര്‍ത്തു വച്ചാല്‍, അടുത്തകാലത്തു സംഭവിച്ച പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും എങ്ങനെയായിരുന്നു നമ്മുടെ സഭയുടെ ഔദ്യോഗിക പ്രതികരണം എന്നാലോചിക്കുന്നത് നല്ലതാണ്.

മറ്റൊന്ന് യേശുവിന്‍റെ സൗഹൃദമാണ്. യേശു കരഞ്ഞ രണ്ടു സന്ദര്‍ഭങ്ങള്‍ നാം കാണുന്നു. ഒന്ന് ലാസറിന്‍റെ കുഴിമാടത്തിലാണ്. മാര്‍ത്തയുടെയും മറിയത്തിന്‍റെയും സഹോദരനാണു ലാസര്‍. അവിടെ സൗഹാര്‍ദ്ദത്തിന്‍റെ ഒരു തലമുണ്ട്. യേശു അവിടെ ഉണ്ടായിരുന്നെങ്കില്‍ സഹോദരന് ഇതു സംഭവിക്കില്ലായിരുന്നു എന്ന ഉറപ്പുണ്ട്. പക്ഷെ യേശു അവിടെ ഇല്ലായിരുന്നു. എനിക്കു തിരക്കുണ്ടായിരുന്നു എന്നായിരിക്കും ഈ അവസരത്തില്‍ പുരുഷന്‍റെ ടോണ്‍. പക്ഷെ യേശു പറയുന്നത്, കല്ലറയിലേക്കു പോകാം എന്നാണ്. പിന്നീടു സംഭവിക്കുന്നത് നമുക്കറിയാം. അതേസമയം തന്നെ മറിയം കര്‍ത്താവിന്‍റെ അടുത്തിരുന്ന് പഠിക്കുന്നുണ്ട്. അടുത്തിരുന്നു പഠിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഉപേക്ഷ പത്രം കൊടുത്ത് ഭാര്യയെ ഒരു കാരണവുമില്ലെങ്കിലും പിരിച്ചു വിടാവുന്ന ഒരു വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ടാണ് ഒരു പുരുഷന്‍ ഒരു വീട്ടില്‍ ചെന്നിരുന്ന് പഠിപ്പിക്കുന്നത്. അതൊരു സൗഹൃദമാണ്. നാം പലപ്പോഴും മറന്നുപോകുന്നതും എന്നാല്‍ എല്ലാക്കാലത്തും നിലനില്‍ക്കേണ്ടതും സൗഹൃദത്തിന്‍റെ ഈ സൗന്ദര്യമാണ്. സ്ത്രീകള്‍ക്കൊരു പ്രത്യേകതയുണ്ട്. വൈകാരികമായോ വൈചാരികമായോ വളരെ ആഴം തോന്നുന്ന ഒരു പുരുഷനെ അവര്‍ വിടില്ല. ആണുങ്ങളൊക്കെ ഓടിപ്പോയാലും അവര്‍ ഓടില്ല. അങ്ങേയറ്റം വരെ അവര്‍ വിശ്വസിക്കും. അതുകൊണ്ടാണ് കുരിശിന്‍ ചുവട്ടിലും കല്ലറയിലുമൊക്കെ അവര്‍ ചെന്നത്.

പൊതുവേ സ്ത്രീകളെ അംഗീകരിക്കുകയും വേറെ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ഇത്രയൊക്കെ മതി എന്ന നിലപാടെടുക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ക്രിസ്തുവിന് ഇക്കാര്യത്തില്‍ ഒരു നിലപാടേ ഉള്ളൂ. അതു സ്ത്രീകള്‍ കൃത്യമായി അറിയുകയും ചെയ്തു. അതുകൊണ്ട് ക്രിസ്തുവിന്‍റെ സത്യത്തെ അവര്‍ തിരിച്ചറിഞ്ഞു. ഇതു നമ്മള്‍ സൂക്ഷിക്കേണ്ട സത്യബോധത്തിന്‍റെ സാധ്യതയാണ്. ഇങ്ങനെ നമുക്കു വിശ്വസിക്കാവുന്ന എത്ര സത്യമാതൃകകള്‍ ഉണ്ട്. ഇവളെ ഞാന്‍ അറിയില്ല എന്നു ആണയിടുന്ന ഒരുപാടു മനുഷ്യരെ നാം കാണുമ്പോള്‍ സമകാലിക കേരളത്തില്‍ ക്രിസ്തു സത്യത്തിന് ഇന്നു സാമൂഹ്യമായി വലിയ പ്രസക്തിയുണ്ട്.

സ്ത്രീകള്‍ ക്രിസ്തുവിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ പടവുകളിലും കിണറ്റിന്‍ കരയിലും മലഞ്ചെരുവുകളിലുമെല്ലാം വരുന്നുണ്ട്. നമ്മള്‍ ഇന്നു വചനം കേള്‍ക്കാന്‍ പോകുന്നത്, വചനത്തിന്‍റെ മാന്ത്രിക ശക്തിയുള്ളിടത്തേക്കാണ്. വചനത്തിന്‍റെ മാന്ത്രിക ശേഷി രോഗശാന്തിയില്‍ മാത്രമുള്ളതല്ല. അതിനു ബൗദ്ധികമായ ഒരു നിലയുണ്ട്. അതുകൊണ്ടാണ് സ്ത്രീകള്‍ക്കായി അനുവദിച്ചു കൊടുക്കാത്ത ഇടങ്ങളിലൊക്കെയും അവന്‍ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്, അഥവാ അവനെ കേള്‍ക്കാന്‍ അവരെത്തിയത്. കുഞ്ഞുങ്ങളും വീടും ഒക്കെ ഇട്ടിട്ടാണ് അവരൊക്കെയും കേള്‍ക്കാന്‍ വന്നത്. അതുകൊണ്ടാണ് ഫരിസേയര്‍ പറഞ്ഞത്, ചുങ്കക്കാരോടും പാപികളോടും കൂടി അവന്‍ കഴിക്കുന്നു, പെണ്ണുങ്ങളോടു കൂട്ടു കൂടുന്നു…. നമ്മുടെ നിലപാടുകള്‍ ഈ ഫരിയേരുടേതാണോ അതോ ക്രിസ്തു സത്യത്തിന്‍റെതാണോ എന്ന് ആലോചിക്കേണ്ടതാണ്.

സ്ത്രീയെന്നു പറഞ്ഞാല്‍ പലര്‍ക്കും ശരീരമാണ്. രക്തസ്രാവക്കാരിയായ സ്ത്രീയുടെ അനുഭവം ബൈബിളില്‍ നാം കാണുന്നുണ്ട്. ആര്‍ത്തവം എന്നത് ശാരീരിക ശുദ്ധി വരുത്തി മാത്രം പുറത്തേക്കു വരേണ്ട ഒരു കാര്യമായി കരുതിയിരുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിലാണ് ആള്‍ക്കൂട്ടത്തില്‍ വച്ച് മുപ്പതിലധികം സംവത്സരം രക്തസ്രാവ രോഗിയായിരുന്ന സ്ത്രീ അവന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്. ശരീരത്തിന്‍റെ അശുദ്ധിയെ പ്രശ്നവത്കരിക്കുന്ന ഇടമല്ലേ അത്. നിലവിലുള്ള ശരീര സംബന്ധമായ പുരുഷാധിപത്യത്തിന്‍റെ സങ്കല്‍പം അവിടെ അപനിര്‍മ്മിക്കപ്പെടുന്നില്ലേ? വീണ്ടും കാനാന്‍കാരി സ്ത്രീയിലേക്കു വരുമ്പോള്‍, വളരെ ബുദ്ധിപരമായിട്ടാണ് അവള്‍ മറുപടി പറയുന്നത്. അതുകൊണ്ടാണ് ക്രിസ്തുവെന്ന സത്യത്തില്‍ അവള്‍ ഉറച്ചു നിന്നത്. സ്ത്രീകള്‍ മാറ്റി നിറുത്തപ്പെട്ട ഇടങ്ങളിലൊക്കെയും അവന്‍ അവരുടെ കൂടെ വന്നു, അവരെ സംസാരിക്കാന്‍ അനുവദിച്ചു, പഠിക്കാന്‍ അനുവദിച്ചു. അവരുടെ ശാരീരികമായ അസ്പൃശ്യതയെ പ്രശ്നവത്കരിച്ചു. ആത്മവിമര്‍ശന പരമായി നാം ആലോചിക്കുക, രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും ഈ പറഞ്ഞ കാര്യങ്ങളൊക്കെ കേരളത്തിന്‍റെ സാമൂഹ്യ പാഠങ്ങളില്‍ പഴയ വാര്‍പ്പും മാതൃകകളുമായിത്തന്നെ നില്‍ക്കുന്നില്ലേ?

സമകാലീനമായ ഒരു സംഭവവും ഞാന്‍ പരാമര്‍ശിക്കുന്നില്ല. പക്ഷെ നമുക്കെല്ലാം അത്യാവശ്യം സാമൂഹ്യബോധവും സാമൂഹ്യപാഠങ്ങളില്‍ പരിചയവും ഉണ്ട്. ആലോചിക്കുക. നമ്മുടെ നാട്ടില്‍ വളരെ ചെറിയൊരു പെണ്‍കുട്ടി കൂട്ടമായി ലൈംഗിക പീഡനത്തി നിരയായപ്പോള്‍ ആ കേസിന്‍റെ ഘട്ടത്തില്‍ ഇരുമ്പുപ്രതിമകളെപ്പോലെ ജീവിച്ച മനുഷ്യരാണു നാം. ബാലവേശ്യ എന്നു പോലും അവള്‍ മുദ്രകുത്തപ്പെട്ടു. ആ പെണ്‍കുട്ടിയുടെ ലൈംഗിക അഭിനിവേശത്തിന്‍റെ ആഭിമുഖ്യത്തെക്കുറിച്ച് നമ്മുടെ വീടകങ്ങളില്‍ നാം വിശദമായി ചര്‍ച്ച നടത്തി. പക്ഷെ നാല്‍പതും അമ്പതും വയസ്സുള്ള ഗൃഹസ്ഥന്മാരായ പുരുഷന്മാരെ ലാളിക്കാന്‍ ശ്രമിക്കത്തക്കവിധത്തില്‍ ലൈംഗികതയുടെ വളരെ പ്രാചീനമായ വിവേചന പാഠങ്ങളെ ആന്തരവത്കരിച്ചിരിക്കുന്ന നമ്മുടെ മുന്നിലാണ് പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നു പറയുന്നത്. ഇക്കാലത്തും വ്യഭിചാരം പെണ്ണിന്‍റെ മാത്രം തെറ്റാണ്. ബാക്കി എല്ലാ കുറ്റത്തേയുംകാള്‍ രണ്ടു പേര്‍ ചേര്‍ന്നു നടത്താന്‍ സാധിക്കുന്ന ഒരു കുറ്റകൃത്യത്തില്‍ എങ്ങനെയാണ് ഒരാള്‍മാത്രം ശിക്ഷിക്കപ്പെടുന്നത്.

ഇങ്ങനെയൊക്കെയുള്ള വിഷയങ്ങള്‍ അഭിസംബോധന ചെയ്ത സാമൂഹ്യ സത്യമായ ക്രിസ്തുവിനെ രണ്ടായിരം വര്‍ഷം മുമ്പുള്ള പെണ്ണുങ്ങളല്ല, ഈ കാലത്തുള്ള പെണ്ണുങ്ങളും അവനെ കല്ലറയില്‍ അടച്ചാലും വിട്ടുപോകില്ല. കാരണം അവന് അവിടെ അടങ്ങിക്കിടക്കാനാവില്ല എന്ന് പെണ്ണുങ്ങള്‍ വിശ്വസിക്കുന്നു.

(ഫാ. പോള്‍ തേലക്കാട്ടിന്‍റെ സപ്തതിയോടനുബന്ധിച്ച് മാര്‍ച്ച് 16-ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.)

Leave a Comment

*
*