Latest News
|^| Home -> Cover story -> യോഗി പിടിച്ച “ഗോവാല്”!!!

യോഗി പിടിച്ച “ഗോവാല്”!!!

Sathyadeepam

മാര്‍ഷല്‍ ഫ്രാങ്ക്

സുബോധ് സിംഗ് കൊല്ലപ്പെട്ടു. ശരീരത്തില്‍ തറച്ചു കയറിയ വെടിയുണ്ടയായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ പട്ടണത്തില്‍ പട്ടാപ്പകലാണ് സിംഗിന് വെടിയേറ്റത്. പോലീസ് സേനയിലെ ഓഫീസറായ സുബോധ്, പട്ടണമദ്ധ്യത്തില്‍ ഒരു കൂട്ടം ജനങ്ങള്‍ ആയുധവുമായി നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്, സ്റ്റേഷനില്‍ അപ്പോഴുണ്ടായിരുന്ന പോലീസുകാരുമൊത്ത് എത്തിച്ചേരുകയായിരുന്നു. തലേദിവസം വനപ്രദേശത്ത് ഒരു പശുവിന്‍റെ ശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കണ്ടിരുന്നു. പശു ചത്തതിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കാതെ, പ്രസ്തുത സംഭവം മതന്യൂനപക്ഷമായ മുസ്ലീംങ്ങളുടെ മേല്‍ കെട്ടിവച്ച് അവര്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു പറ്റം വര്‍ഗ്ഗീയവാദികള്‍ ആയുധവുമായി തിരക്കേറിയ തെരുവിലേക്ക് മാര്‍ച്ച് നടത്തി. കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം അവരുടെ കൈക്കരുത്തിന്‍റെ രുചിയറിഞ്ഞു. കടകമ്പോളങ്ങള്‍ അടിച്ചു തകര്‍ത്തു. വിഷയത്തിന്‍റെ നിജസ്ഥിതി മറ്റെന്തോ ആണെന്നും ആയതു നിശ്ചയമായും അന്വേഷിക്കുമെന്നും ഇതിന്‍റെ പിന്നില്‍ ആരെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ആയതിനാല്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഇന്‍സ്പെക്ടര്‍ സുബോധ് സിംഗ് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞു.

ജനങ്ങളില്‍ ഒരു നല്ല പങ്ക് ഈ അറിയിപ്പ് കേട്ടയുടനെ സാവധാനമെങ്കിലും ശാന്തരാകുവാന്‍ തുടങ്ങി. പതിയെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്ന അവസ്ഥയില്‍ എത്തിക്കൊണ്ടിരിക്കവേ, ഒരു കോണില്‍ നിന്നും തുരുതുരാ വെടിയുണ്ട പാഞ്ഞുവന്നു. അപ്രതീക്ഷിതമായി വന്ന വെടിയുണ്ടകളില്‍ നിന്നു സാദാ പോലീസുകാര്‍ ഒഴിഞ്ഞുമാറി ഓടിരക്ഷപ്പെട്ടു. എന്നാല്‍, ഓഫീസറായ സുബോധ് സിംഗ് ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കാതെ നിരപരാധികള്‍ക്ക് വെടിയേല്‍ക്കാതെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുവാന്‍ ശ്രമിച്ചു. പൊടുന്നനെ ഇന്‍സ്പെകടറുടെ ശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചുകയറി. വെടിയേറ്റുവീണ പോലീസ് ഓഫീസറെ തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിനും താമസമുണ്ടായി. കുറെനേരം കഴിഞ്ഞ് വാഹനം തരപ്പെടുത്തി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കര്‍മ്മനിരതനായിരുന്ന ആ നിയമപാലകന്‍ ഈ ലോകത്തോടു വിട പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രധാനപട്ടണമാണ് ഗോരഖ്പൂര്‍. ഗോരഖ് നാഥ് ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രസിദ്ധമായ ക്ഷേത്രത്തിന്‍റെ ഖ്യാതിയിലാണ് ഗോരഖ്പൂര്‍ പുറംലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാനപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ സിംഹാസനത്തില്‍ ആസനസ്ഥനായിരിക്കുന്നത് തലമുണ്ഡനം ചെയ്ത ഈ കാഷായവസ്ത്രധാരിയാണ്. സന്ന്യാസി ഭരിക്കുന്ന യു.പി.യില്‍ സാധാരണക്കാര്‍ക്ക് ദുരിതം മാത്രമാണ്. ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. സാമൂഹ്യവിരുദ്ധര്‍ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്നു. ജാതിയും മതവും നീതി ലഭിക്കുന്നതിന്‍റെ അളവുകോലായി ഭവിച്ചിരിക്കുന്നു. മനുഷ്യരുടെ വില താഴുകയും മൃഗങ്ങളുടെ വില ഉയരുകയും ചെയ്തിരിക്കുന്നു. ശിശുക്കള്‍ വിശപ്പിന് ഭക്ഷണമില്ലാതെ, ഉടുക്കാന്‍ തുണിയില്ലാതെ, രോഗത്തിന് ഔഷധമില്ലാതെ കഷ്ടപ്പെടുമ്പോള്‍ പശുക്കള്‍ ഗോശാലകളില്‍ വി.ഐ.പി. പരിഗണനയില്‍ ശയിക്കുന്നു. യോഗി അധികാരം ഏറിയയുടന്‍ ആദ്യമായി പാസ്സാക്കിയ നിയമം അനുസരിച്ച് പശുക്കളുടെ ക്രയവിക്രയം തടസ്സപ്പെട്ടിരിക്കുന്നു. മനുഷ്യകുട്ടികള്‍ അന്തിയുറങ്ങാന്‍ കൂരകളില്ലാതെ തെരുവില്‍ ശയിക്കുമ്പോള്‍, പശുക്കുട്ടികള്‍ക്കായി പുത്തന്‍ കെട്ടിടങ്ങള്‍ പണിയുന്ന തിരക്കിലാണ് ഭരണകൂടം. അത്യാസന്നരായ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഗ്രാമപ്രദേശത്ത് ആംബുലന്‍സ് സൗകര്യങ്ങള്‍ ഇനിയും എത്തിക്കുന്നതില്‍ സംഘപരിവാര്‍ ഭരണകൂടം തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. മരിച്ചവരുടെ മൃതശരീരങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി സംസ്കരിക്കുന്നതിനും വാഹനം തരപ്പെടാറില്ല. പരേതന്‍റെ ശരീരം കട്ടവണ്ടികളിലും, കാളവണ്ടികളിലും സൈക്കിളിലുമൊക്കെ വച്ചുകെട്ടി കൊണ്ടു പോകുന്ന വാര്‍ത്തകള്‍ അടിക്കടി ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുമൂന്ന് മാസങ്ങള്‍ക്കു മുമ്പ് എല്ലാവിധ ആധുനികസൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് സര്‍വ്വീസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്നതായി വാര്‍ത്തയും ചിത്രവും വന്നിരുന്നു. പക്ഷേ, അതു മനുഷ്യര്‍ക്കു വേണ്ടി യായിരുന്നില്ല, മറിച്ച് പശുക്കള്‍ക്ക് ഉള്ള ഹൈടെക് ആംബുലന്‍സ് ആയിരുന്നുവെന്നു മാത്രം.

ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോവധം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കറവ വറ്റിയ ഉപയോഗശൂന്യമായ ഒരു പശുവിനെ തീറ്റിപ്പോറ്റുന്നതിന് 2000 മുതല്‍ മൂവായിരം രൂപ വരെ കര്‍ഷകന് മാസംതോറും ചെലവു വരുന്നു. കൃഷിപ്പിഴവു സംഭവിച്ചു, ഉല്പന്നങ്ങള്‍ക്കു വിലയിടിഞ്ഞു, കടബാധ്യതയേറി, ജപ്തിനോട്ടീ സ് ലഭിച്ചു, പിടിച്ചു നില്ക്കാന്‍ വഴിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഗ്രാമീണ കര്‍ഷകന്‍ പാലു തരാത്ത അഞ്ചും ആറും പശുക്കളെ വീട്ടിലെ തൊ ഴുത്തില്‍ കെട്ടി വര്‍ഷങ്ങളോളം തീറ്റിപ്പോറ്റുന്നത് എങ്ങനെയാണെന്ന് പശുസംരക്ഷകര്‍ അന്വേഷിക്കാറില്ല. ഗോവധനിരോധനം വരുന്നതിനു മുമ്പ് ഇവയ്ക്കു 25000 രൂപ മുതല്‍ 30,000 രൂപ വരെ കര്‍ഷകന് ലഭിക്കുമായിരുന്നു. പക്ഷേ, ഇന്നത് വാങ്ങിക്കൊണ്ടുപോകുന്നവനെ വഴിയിലിട്ട് വണ്ടിയോടൊപ്പം തല്ലിക്കൊല്ലുന്ന പതിവ് ഏറിവരുന്നതിനാല്‍, പശു കച്ചവടക്കാര്‍ രംഗത്തുനിന്ന് നിഷ്ക്രമിച്ചിരിക്കുന്നു. ആയതിനാല്‍, ഈ വിഭാഗം മൃഗങ്ങളെ തെരുവിലേക്ക് ഉപേക്ഷിച്ച് അഴിച്ചുവിടുന്നു. വീണ്ടും വീടു തേടി തിരിച്ചുവരാതിരിക്കാനായി ചിലര്‍ വനത്തിലോ വിജനപ്രദേശത്തോ കൊണ്ടുപോയി തള്ളുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പശുക്കള്‍ സിംഹം, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങള്‍ക്ക് ആഹാരമായി ഭവിക്കുന്നു. ബുലന്ദേശ്വറിലെ വഴിയരുകില്‍ കണ്ട പശുവിന്‍റെ അവശിഷ്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ വന്യമൃഗങ്ങള്‍ കഴിച്ചതിന്‍റെ അവശിഷ്ടങ്ങളായിരുന്നു. എന്നാല്‍, ഒരുപറ്റം വര്‍ഗ്ഗീയവാദികള്‍, മറ്റു ചില വിഭാഗം ആളുകളെ ആക്രമിച്ച് വകവരുത്തുന്നതിനുള്ള കാരണമായി ഈ സംഭവത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു.

2014-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയെ തോല്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ പശുവിഷയം വളരെ തന്മയത്വമായി സംഘപരിവാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ അജണ്ടയെ സംബന്ധിച്ച നന്നേ ബോദ്ധ്യമുണ്ടായിരുന്ന ഇന്‍സ്പക്ടര്‍ സുബോധ് സിംഗ്, ബുലന്ദേശ്വര്‍ വിഷയത്തിലെ നിജസ്ഥിതി സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തങ്ങള്‍ക്ക്, എതിര്‍വിഭാഗത്തെ എതിര്‍ക്കാനും തകര്‍ക്കാനും ലഭിച്ച സുവര്‍ണ്ണാവസരം ഇത്തരത്തില്‍ പലപ്പോഴും സിംഗിനെപ്പോലുള്ള ചില പോലീസുകാര്‍ സത്യം പ്രചരിപ്പിക്കുക വഴി നഷ്ടപ്പെടുത്തിയിട്ടുള്ള കാര്യം അറിയാവുന്ന ഗൂഢശക്തികള്‍, ഈ ജനുസ്സില്‍പ്പെട്ട ആളുകളെ ഉന്മൂലനം ചെയ്യണമെന്നുള്ള സിദ്ധാന്തം ബുലന്ദേശ്വറില്‍ നടപ്പിലാക്കുകയായിരുന്നു. അതാണ് കര്‍മ്മനിരതനായ ഉദ്യോഗസ്ഥന്‍റെ കൊലയില്‍ കലാശിച്ചത്.

ഇല്ലാ കഥകളും അപഖ്യാതികളും മെനഞ്ഞെടുത്ത് പ്രചരിപ്പിച്ച്, മതഭ്രാന്തിന് ഊര്‍ജ്ജം പകര്‍ന്ന് മതന്യൂനവിഭാഗങ്ങളെ ആക്രമിച്ച് കൊന്നൊടുക്കുന്നതിന്‍റെ, നീതിശാസ്ത്രം വോട്ടു നേടുന്നതിനും ഭരണം പിടിച്ചെടുക്കുന്നതിനും എന്തുമാത്രം സഹായകരമാകുമെന്ന് തെളിയിച്ചു കൊടുത്തയാളാണ് പ്രധാനമന്ത്രി ആദരണീയനായ നരേന്ദ്രമോദി. ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗോദ്രയില്‍ ഇതു പരീക്ഷിച്ച് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. അന്നത്തെ ഗോദ്രകലാപത്തില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ട 2000 ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതോടുകൂടി ഗുജറാത്തിലെ ഭരണം സ്ഥിരമായി ഉറപ്പാക്കാനും അതുവഴി ഡല്‍ഹി ഇന്ദ്രപ്രസ്ഥത്തിലെ അധികാരസോപാനത്തിലേക്കുള്ള വഴി എളുപ്പമാക്കാനും മോദിജിക്ക് കഴിഞ്ഞു. ഇതറിയാവുന്ന രണ്ടാംനിര നേതാക്കള്‍ അധികാരത്തിലേക്കുള്ള പ്രമോഷന് ഇത്തരം വിഷയങ്ങള്‍ ഇപ്പോഴും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

വീട്ടിലെ റഫ്രിജറേറ്റില്‍ ആട്ടിറച്ചി സൂക്ഷിച്ച മുഹമ്മദ് അക്ലാക് എന്ന സാധുമനുഷ്യനെ, പശുവിറച്ചി എന്ന വ്യാജപ്രചരണം ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞ് ജനക്കൂട്ടത്തെ കൊണ്ട് ആക്രമിച്ച് വധിച്ച കുറ്റവാളികളെ കയ്യാമം വച്ച് നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്ന സത്യസന്ധനും, ധീരനുമായ പോലീസ് ഓഫീസറായിരുന്നു സുബോധ് സിംഗ്. ആ സംഭവത്തെ തുടര്‍ന്ന് മതതീവ്രവാദികളുടെ കണ്ണിലെ കരടായി മാറിയ സിംഗിനെ ഇല്ലാതാക്കുവാനുള്ള ഹിഡന്‍ അജണ്ട സംഘപരിവാര്‍ ബുലന്ദേശ്വറില്‍ ഫലപ്രദമായി നടപ്പിലാക്കുകയായിരുന്നു.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍, ഉപേക്ഷിക്കപ്പെട്ട ഗോമാതാക്കള്‍ പൊതുജനത്തിന് തലവേദനയായി മാറിക്കൊണ്ടിരിക്കുന്നത് ഒരു അപ്രിയ സത്യം മാത്രമാണ്. അലഞ്ഞുതിരിയുന്ന ഈ ‘ദൈവമക്കള്‍’ ഭക്ഷണവും വെള്ളവും കിട്ടാതെ പൊരിഞ്ഞ വെയിലേറ്റ് തളര്‍ന്നുവീണ് ചാകുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. രാത്രികാലങ്ങളില്‍ ഇവ കൃഷിയിടങ്ങളില്‍ കടന്നുകയറി കര്‍ഷകന്‍ നട്ടു നനച്ച് വളര്‍ത്തിയെടുത്ത കൃഷികളെല്ലാം തിന്നു തീര്‍ക്കുന്നു. ബാക്കിയുള്ളവ ചവിട്ടി മെതിക്കുന്നു. അവയെ ആട്ടിയോടിക്കാന്‍ പോലും കര്‍ഷകര്‍ ഭയക്കുന്നു. അറിയാതെങ്ങാന്‍ ഇവയുടെ പുറത്ത് ഒരു ചെറുകല്ല് പതിച്ചുപോയാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്സെടുക്കുന്നത്. ഗോസംരക്ഷണസേനയുടെ അടിയും കുത്തും വെട്ടും വേറെയും ആയതിനാല്‍ ഭയാക്രാന്തരായി നിസ്സഹായരായി കര്‍ഷകന്‍ എല്ലാം സഹിക്കുന്നു. ഈ കര്‍ഷകരെല്ലാം മുസ്ലീംങ്ങളാണെന്ന് ധരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇവരില്‍ ഭൂരിഭാഗം പേരും ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഹിന്ദുക്കളാണ്. അവര്‍ ഇതില്‍ രോഷാകുലരാണ് താനും. ആയത് ചില അവസരങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആശ്രമം സ്ഥിതി ചെയ്യുന്ന ഗോരഖ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ഹൈന്ദവഭൂരിപക്ഷമുള്ള ഇദ്ദേഹത്തിന്‍റെ ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ തോല്പിച്ച്, ഒരു മുസ്ലീം വനിതയെ കൗണ്‍സിലറാക്കിയ വാര്‍ത്ത അംബാനി നിയന്ത്രിക്കുന്ന ഇന്ത്യയിലെ മുഖ്യാധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചുവെങ്കിലും യാഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിഞ്ഞുവെന്നുള്ളത് പരസ്യമായ രഹസ്യം.

ഒറീസ്സാ സ്വദേശിയായ ഒരു വ്യവസായി ഭാര്യയോടും കൊച്ചുമകനോടും ഒപ്പം ആന്ധ്രയില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ശ്രീ വെങ്കിടചലാപതിയെ ദര്‍ശിക്കുവാന്‍ പോയി. അവിടെ ആചാരത്തിന്‍റെ ഭാഗമായി തലമുണ്ഡനം ചെയ്ത് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് തിരികെ സ്വദേശത്തേയ്ക്ക് വണ്ടിയോടിച്ച് വരവെ കാന്‍ഡമാല്‍ ജില്ലയില്‍ വച്ച്, റോഡില്‍ ഉപേക്ഷിക്കപ്പെട്ട് അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു പശു കുറുകെ ചാടി. അതിന്‍റെ ശരീരത്തില്‍ ഇടിക്കുവാതിരിക്കാനുള്ള ശ്രമത്തിനിടയില്‍, പശുവിന്‍റെ പിന്‍ഭാഗത്ത് കാര്‍ ഉരസി. ഒപ്പം ഒരു വശത്തേക്ക് വെട്ടിത്തിരിച്ച കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട്, വണ്ടി കീഴ്മേല്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം കുടുംബം മുഴുവന്‍ മരണപ്പെട്ടു. മൃതദേഹങ്ങള്‍ സംസ്കരിച്ച് ശേഷക്രീയകള്‍ നടത്തി, ദിവസങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് സംബന്ധമായ കടലാസ്സുകള്‍ ശരിയാക്കാന്‍ സംഭവം നടന്ന പോലീസ് സ്റ്റേഷനില്‍ ചെന്നു. അവിടെ നിന്നും രേഖകള്‍ ലഭിക്കുന്നതിന് പോലീസ് അധികാരികള്‍ പ്രധാനമായും ഒരു തടസ്സവാദം ഉന്നയിച്ചു. ആരോ അറിയിച്ചിട്ടെന്നവണ്ണം ഒരുപറ്റം നാട്ടുകാരും സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. തടസ്സം ഇത്രമാത്രം! കാര്‍ തട്ടി പരിക്കു പറ്റിയ ഗോമാതാവിന്‍റെ ചികിത്സയ്ക്കും, തുടര്‍ജീവിതത്തിനും വലിയൊരു തുക ഇരകളുടെ ബന്ധുക്കള്‍ക്ക് നല്കണമത്രെ. പശുസംരക്ഷകരുടെ കര്‍ശനമായ തീരുമാനത്തോടു നിയമപാലകര്‍ യോജിക്കുകയും അവരോടൊപ്പം നിലകൊള്ളുകയും ചെയ്തു. ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ട തുക പിഴയായി നല്കി. മരിച്ചുപോയ കുടുംബത്തിന്‍റെ (അച്ഛന്‍, അമ്മ, കുഞ്ഞ്) ബന്ധുക്കള്‍ ഇവരെക്കാള്‍ വിലയുള്ള ഗോമാതാവിന്‍റെ ഭാവി ശോഭനമാക്കാനും ഗോസംരക്ഷണ പ്രവര്‍ത്തനം സുഗമമാക്കാനും ആവശ്യപ്പെട്ട തുക നല്കി വിഷയം അവസാനിപ്പിച്ചു. ഉത്തരേന്ത്യയില്‍ പശുവിന്‍റെ നിലയും വിലയും എന്തെന്ന് വായനക്കാര്‍ക്ക് ഏകദേശധാരണ ലഭിക്കുന്നതിലേയ്ക്കാണ് ഈ സംഭവം ഇവിടെ രേഖപ്പെടുത്തിയത്. ഇത്തരുണത്തില്‍ ആംഗലേയ മാധ്യമമായ ദി ടെലഗ്രാഫ് ദിനപ്പത്രത്തില്‍ 2003 ജനുവരി 1-ന് വന്ന ഒരു വാര്‍ത്ത ഓര്‍മ്മ തെളിഞ്ഞുവന്നു.

ഗോമാംസം ഭക്ഷിച്ചു എന്ന് ആരോപിച്ച് ഒരു കലാപം നടന്നു. കലാപത്തില്‍ കുറെ ആളുകള്‍ക്ക് ജീവഹാനി നേരിട്ടു. മരിച്ചവരെല്ലാം ദലിതരായിരുന്നു. പശുവിന്‍റെ പേരില്‍ മനുഷ്യജീവന്‍ ഹനിക്കുന്നതിനെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധ പ്രതികരണങ്ങള്‍ ഉണ്ടായി. അപ്പോള്‍ ഈ നരഹത്യയെ ന്യായികരിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തിന്‍റെ നേതാവായ ഗിരിരാജ് കിഷോര്‍ പരസ്യമായി പ്രസംഗിച്ചത് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ തമസ്ക്കരിച്ചുവെങ്കിലും ദി ടെലഗ്രാഫ് പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തു. അതിങ്ങനെ: “The life of a cow is more precious than the life of a dalith” ~ഒരു പശുവിന്‍റെ ജീവന്‍ ദലിതന്‍റെ ജീവനെക്കാള്‍ വിലയുള്ളതാണ് എന്ന് മൊഴിമാറ്റം.

കേവലം ഒരു നാല്ക്കാലി മൃഗമായ പശുവിന് ദൈവത്തിന്‍റെ പദവി കല്പിച്ചു കൊടുത്ത് ആരാധിക്കുകയും വണങ്ങുകയും ചെയ്ത,് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ കായികമായി നിഗ്രഹിക്കുന്ന വാര്‍ത്ത, പണ്ടൊക്കെ വല്ലപ്പോഴുമായിരുന്നെങ്കില്‍ കഴിഞ്ഞ കുറെ നാളുകളായി ഇത് സാധാരണ വാര്‍ത്തയുടെ തലത്തിലേക്ക് കൂപ്പു കുത്തിയിരുന്നു.

ഉത്തരേന്ത്യയില്‍ പശുവിന്‍റെ വിലയും നിലയും സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തില്‍ അനുപം ശ്രീവാസ്തയ എന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ ലേഖനത്തിന്‍റെ ഉള്ളടക്കം നാമൊന്ന് മനസ്സിരുത്തി വായിക്കേണ്ടതാണ്. കാണ്‍പൂര്‍ ഗോരക്ഷാ സമിതി ജനറല്‍ സെക്രട്ടറി സുരേഷ് ഗുപ്ത പശുസംരക്ഷണത്തിന് ചെയ്യുന്ന സേവനങ്ങളെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. കറവ വറ്റിയ ഒരു പശുവിന് ഒരു ദിവസം ഇവര്‍ ചെലവഴിക്കുന്നത് 120 രൂപയാണ്. ഒരു വര്‍ഷത്തേക്ക് 120x 365 = 43,800/- രൂപ. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 40,000 പശുക്കളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെ തീറ്റി പോറ്റുന്നതിന് 17,5200 കോടി രൂപ ഒരു വര്‍ഷം വേണ്ടി വരുന്നു. ഈ പശുക്കള്‍ തെരുവില്‍ അലഞ്ഞ് തിരിയാതെ സകല സുഖസൗകര്യങ്ങളോടും കൂടി വസിക്കുവാന്‍ ഗോശാലകള്‍ (നമ്മുടെ നാട്ടിലെ കാലിത്തൊഴുത്തുകള്‍) കെട്ടിയൊരുക്കുന്നതിന് വേറൊരു 20,000/- കോടി രൂപ കൂടി കരുതേണ്ടതുണ്ട്. ലക്നൗ മുനിസിപ്പാലിറ്റിയിലെ മുഖ്യമൃഗസംരക്ഷണ ഓഫീസറായ ഡോ. അരവിന്ദ് റാവുവിന്‍റെ അഭിപ്രായത്തില്‍, ഓരോ പശുവിനും താമസിക്കുവാന്‍ 300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള സ്ഥലം നീക്കിവയ്ക്കേണ്ടതുണ്ട്. 2012-ലെ സെന്‍സസ്സ് അനുസരിച്ച് ഉത്തര്‍പ്രദേശില്‍ മാത്രം കറവ വറ്റിയ കാലികളുടെ എണ്ണം 2.2 കോടിയാണ്. ഇവറ്റകള്‍ക്ക് ഉണ്ട് ഉറങ്ങി താമസിക്കുവാന്‍ 660 കോടി ചതുരശ്ര അടി സ്ഥലം ആവശ്യമായി വന്നിരിക്കുന്നു (2.2x 300=660). പാടുപെട്ട് വെട്ടിക്കിളച്ച്, നട്ടു നനച്ച് ഉല്പാദിപ്പിച്ച വിളകള്‍ക്ക് ന്യായവില ലഭിക്കാതെയും വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളില്‍പ്പെട്ട് വിളകളാകെ നശിച്ചും കടക്കെണിയില്‍ പെട്ട് ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ജപ്തി ഭീഷണി നേരിട്ട് ആത്മഹത്യയില്‍ കര്‍ഷകന്‍ അഭയം പ്രാപിക്കുന്ന വാര്‍ത്തകള്‍ ദിനം തോറും വായിക്കുകയും കേള്‍ക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഉപയോഗശൂന്യമായി കന്നുകാലികളെ കുടിയിരുത്തി തീറ്റിപ്പോറ്റുന്നതിന് വര്‍ഷത്തില്‍ 17,520 കോടി രൂപ വരെ ചെലവഴിക്കുന്നത്. 2003-ല്‍ വിശ്വഹിന്ദുപരിഷത്ത് നേതാവ് ഗിരിരാജ് കിഷോര്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് ഇന്ത്യയിലുടനീളം സംഘപരിവാര്‍ ഭരണകര്‍ത്താക്കള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നു. അതേ, പശുവിന്‍റെ വില മനുഷ്യരുടേതിനെക്കാള്‍ വളരെ വളരെ ഉയരത്തിലാകുന്നു. കൃത്രിമഗര്‍ഭോല്പാദനം വഴി, അത്യുല്പാദനശേഷിയുള്ള പശുക്കുട്ടികളെ കിട്ടുന്നതിന്, ഇന്ത്യന്‍ ഗോമാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ബീജം (X&Y ക്രോമോസോം) അമേരിക്കയില്‍ നിന്നാണ് “സ്വദേശി ജാഗരണ്‍മഞ്ചിന്‍റെ” വക്താക്കളും പ്രയോക്താക്കളും ഇറക്കുമതി ചെയ്യുന്നത്. ഒരു ഡോസിന് 130 രൂപ ക്രമത്തില്‍ നാം വിദേശനാണ്യം നല്കിയാണ് ഇതു കൈവശമാക്കുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ സ്വദേശി ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച്, വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയായി ഉയര്‍ന്നിരിക്കു ന്ന ‘പതജ്ഞലി’ സ്ഥാപനങ്ങളുടെ ഉടമ വിവാദ യോഗ ഗുരു ബാബാ രാംദേവ്, അദ്ദേഹത്തിന്‍റെ പശുക്കള്‍ക്കായി ബ്രിട്ടനില്‍ നിന്നും ബീജം ഇറക്കുമതി ചെയ്യുന്നു. ചുരുക്കത്തില്‍ ഇന്ത്യന്‍ പശുവമ്മ കാളസായ്പിന്‍റെ കുഞ്ഞുങ്ങളെ പ്രസവിച്ച് ഇന്ത്യന്‍ സ്വദേശി പ്രസ്ഥാനം ശക്തിപ്പെടുത്തി ഭാരതവല്‍ക്കരണം പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്.

ചുരുണ്ടു കൂടുവാന്‍ കൂരയില്ലാതെ, കഴിക്കുവാന്‍ ഭക്ഷണമില്ലാതെ കുടിക്കുവാന്‍ വെള്ളമില്ലാതെ ഇന്നും ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രനാരായണന്മാര്‍ കഷ്ടപ്പെടുമ്പോഴാണ് നാല്ക്കാലി മൃഗങ്ങളുടെ സുഖസൗകര്യങ്ങള്‍ പരുവപ്പെടുത്തുന്നതില്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ തിരക്കിട്ടോടുന്നത്. ഇതിനായി നീക്കി വയ്ക്കുന്ന കോടികളില്‍ നല്ല ഒരു പങ്ക് ഒരു പറ്റം രാഷ്ട്രീയക്കാരന്‍റെയും ഉദ്യോഗസ്ഥരുടെയും കീശകളിലേയ്ക്കാണ് പോകുന്നതെന്നുള്ളത് മറ്റൊരു നഗ്നമായ യാഥാര്‍ത്ഥ്യം. ആയതിന്‍റെ പ്രത്യക്ഷോദാഹരണമാണ് ഉത്തര്‍പ്രദേശിലുടനീളം കാണുന്നത്. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം ഉള്‍പ്പെടെയുള്ള പ്രധാനപട്ടണങ്ങളിലും, ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേകിച്ചും സംരക്ഷിക്കപ്പെടേണ്ട പശുക്കള്‍, തെരുവുകളിലാകെ അലഞ്ഞു തിരിയുന്നതിന്‍റെ യഥാര്‍ത്ഥ കാരണം പലപ്പോഴും തിരക്കേറിയ പട്ടണമദ്ധ്യത്ത് ഗുരുതരമായ ഗതാഗതകുരുക്കിന് ഇവറ്റകള്‍ കാരണമാകുന്നു. പണ്ടു കറവ വറ്റിയ പശുവിന് 25,000/- രൂപ മുതല്‍ 30,000/- വരെ കൊടുത്ത് വാങ്ങിക്കൊണ്ടു പോകുവാന്‍ കാലികച്ചവടക്കാര്‍ വരുമായിരുന്നു. ഈ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വഴി നീളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്കുശേഷം, അവര്‍ ഈ വ്യവസായം തന്നെ ഉപേക്ഷിച്ചിരിക്കുന്നു. സംസ്ഥാന ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ ഇന്ന് ആകെ പ്രതിസന്ധിയിലാണ്. കാരണം, കറവ നിലച്ച് വില്ക്കുവാന്‍ സാധിക്കാത്ത പശുക്കളെ വീട്ടിലെ തൊഴു ത്തില്‍ കെട്ടി തീറ്റിപ്പോറ്റുവാന്‍ കഴിവില്ലാത്ത ക്ഷീരകര്‍ഷകര്‍ ഇവയെ പ്രദേശത്തെ സ്കൂളുകളിലും, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലും രാത്രികാലങ്ങളില്‍ കൊണ്ടു ചെന്ന് കെട്ടിയിടുന്ന സമരം ഇന്നു പലയിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നു. രാവിലെ സഞ്ചിയുമായി വരുന്ന ഗ്രാമീണ കുരുന്നുകള്‍, തലേന്ന് തങ്ങള്‍ അക്ഷരം ചൊല്ലിപ്പഠിച്ച സരസ്വതിക്ഷേത്രങ്ങള്‍ ഗോ മാതാക്കള്‍ കൈയടക്കി അപ്പിയിട്ട്, മൂത്രമൊഴിച്ച് സസുഖം വാഴുന്ന സ്ഥിതി കണ്ട് എന്തു ചെയ്യണമെന്നറിയാതെ പള്ളിക്കൂടമുറ്റത്ത് കൂട്ടം കൂടി നില്ക്കുന്നു. ഇതികര്‍ത്തവ്യമൂഢരായി ചോക്കുകഷണവും വടിയുമായി ഗുരുഭൂതന്മാരും. ഇതൊക്കെ കണ്ടിട്ട് എന്തുചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥരും. ഈ വാര്‍ത്തകള്‍ തമസ്ക്കരിക്കുവാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നതില്‍ അംബാനിയുടെ കോര്‍പ്പറേറ്റ് നിയന്ത്രിക്കുന്ന ഭൂരിഭാഗം മാധ്യമങ്ങള്‍ അതീവ ജാഗ്രതയിലാണ്. വിഷയത്തിന്‍റെ നിജസ്ഥിതി ഇതാണെന്നിരിക്കെ, ഇവയൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ച്, എല്ലാം ശുഭം ശാന്തമെന്ന് പ്രസംഗിക്കുന്ന ഭരണാധികാരികള്‍ മതത്തിന്‍റെയും ദൈവത്തിന്‍റെയും കാര്‍ഡുകള്‍ ഫലപ്രദമായി വീശിയെറിഞ്ഞ് ഒരുവട്ടം കൂടി അധികാരസോപാനം കരഗതമാക്കുവാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച് അതിനായി കരുക്കള്‍ നീക്കി അനുസ്യൂതം മുന്നോട്ട് ഗമിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടു നില്ക്കുന്ന സാധാരണ ഇന്ത്യന്‍ പൗരന്‍. വര്‍ത്തമാനകാല ഇന്ത്യയുടെ പരിച്ഛേദം നമുക്ക് ഇങ്ങനെ വായിച്ചെടുക്കാന്‍ കഴിയുന്നു.

ഇത്തരുണത്തില്‍ സംഘപരിവാര്‍ തലങ്ങും വിലങ്ങുമെടുത്ത് പ്രയോഗിക്കുന്ന സംസ്കൃതത്തിലെ ഒരു ചൊല്ല് മനസ്സില്‍ തെളിഞ്ഞുവരുന്നു: “മാധവ സേവ, മാനവ സേവ” അര്‍ത്ഥം ഇങ്ങനെ: “നിങ്ങള്‍ക്ക് ദൈവത്തെ സേവിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ മനുഷ്യനെ സേവിച്ചാല്‍ മതിയാകും.” എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ ദൈവപ്രീതിക്കായി കന്നുകാലികളെ സേവിക്കുവാന്‍ നിര്‍ബന്ധിക്കുന്ന അധികാരികളെ നാം കാണുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമായാണ് അറിയപ്പെടുന്നത്. കാരണം, ഇന്ത്യക്കാരന്‍റെ മുഖമുദ്ര സഹിഷ്ണുതയുടെ മൂര്‍ത്തീഭാവം എന്നുള്ളതു തന്നെ. ഞാന്‍ ധരിക്കുന്നത് എന്‍റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രമാണ്. കഴിക്കുന്നത് എന്‍റെ ആമാശയം ഉള്‍ക്കൊള്ളുന്ന ഭക്ഷണമാണ്. ഇതും രണ്ടും എന്‍റെ അയല്‍വാസിക്ക് സ്വീകാര്യമായെന്നു വരില്ല. അപ്പോള്‍ ഇവ തെരഞ്ഞെടുക്കാനുള്ള അവകാശം അയാള്‍ക്കും ഞാന്‍ കൊടുക്കേണ്ടതുണ്ട്. ആയത് അംഗീകരിക്കേണ്ടതുണ്ട്. അതാണ് സഹിഷ്ണുത. എന്നാല്‍ ഇന്ന് ഇന്ത്യയിലുടനീളം ഇതിന് ഭംഗം സംഭവിച്ച് കൊണ്ടിരിക്കുന്നു. അപരന്‍റെ വികാരങ്ങളെ മാനിക്കുവാന്‍ ഞാന്‍ തയ്യാറാകണം. അപ്പോള്‍ മാത്രമേ- സമൂഹത്തില്‍ ശാന്തിയും സമാധാനവും അതുവഴി പുരോഗതിയും ഉണ്ടാവുകയുള്ളൂ. കേവലം ഒരു നാല്ക്കാലിമൃഗമായ പശുവിന്‍റെ പേരില്‍ മനുഷ്യജന്മങ്ങളെ ദ്രോഹിക്കുന്ന, നിഗ്രഹിക്കുന്ന നടപടികളില്‍ നിന്ന് ഭരണക്കാര്‍ പിന്‍വാങ്ങണം.

1950കളില്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമയുടെ പേര് ഓര്‍മ്മ വരുന്നു. പി. ഭാസ്കരന്‍ സംവിധാനം ചെയ്ത് സത്യനും മുത്തയ്യയും, മുതുകുളവും, എസ്.പി. പിള്ളയും അഭിനയിച്ച ‘നായരു പിടിച്ച പുലിവാല്.’ ഈ സിനിമയുടെ പേര് ഓര്‍മ്മപ്പെടുത്തുംവിധത്തിലുള്ള അവസ്ഥയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഭരണകൂടവും എത്തിനില്ക്കുന്നതെന്നു തോന്നുന്നു. പൊള്ളയായ, അര്‍ത്ഥശൂന്യമായ ജല്പനങ്ങളിലൂടെ, സാധാരണ മതവിശ്വാസിയുടെ വികാരങ്ങളെ ത്രസിപ്പിച്ച്, അപ്രായോഗികവും, യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതുമായ നടപടികളിലൂ ടെ രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് കോട്ടം വരുത്തുന്ന ‘പശുപാലനം’ തുടങ്ങിയുള്ള വിഷയങ്ങളില്‍ നിന്ന് അവര്‍ പിന്തിരിയണം. പകരം പാവം ഇന്ത്യക്കാരന്‍റെ ക്ഷേമത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രാമുഖ്യം നല്കണം. ‘ഗോവാലി’ന്‍റെ പിടിയില്‍നിന്നും ഇവര്‍ മോചിതരാകണം. അതിനായി പ്രാര്‍ത്ഥിക്കാം. കാത്തിരിക്കാം….

Leave a Comment

*
*