ഇന്ത്യ ആരെ തിരഞ്ഞെടുക്കും?

ഇന്ത്യ ആരെ തിരഞ്ഞെടുക്കും?

മാനവീകതയുടെ പക്ഷത്ത് നിലയുറപ്പിച്ചു ലോകഗതികളെ നോക്കിക്കാണുകയും ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുകയും തന്‍റെ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് സുനില്‍ പി. ഇളയിടം. സമകാലിക കേരളീയ സമൂഹത്തെ പലതും ഓര്‍മ്മിപ്പിക്കുകയും ഉണര്‍ത്തുകയും ചിലപ്പോഴൊക്കെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു ശബ്ദവും സാന്നിദ്ധ്യവുമായി അദ്ദേഹം നമുക്കിടയില്‍ നില്‍ക്കുന്നു. ഫാസിസത്തെയും മതവര്‍ഗീയതയേയും തന്‍റെ പ്രഭാഷണങ്ങളിലൂടെ തുറന്നു കാണിക്കുന്ന അദ്ദേഹം, അതേസമയം മതങ്ങളുടേയും ആത്മീയതയുടേയും ഭാവാത്മകവശങ്ങളെ അനുഭാവപൂര്‍വം വീക്ഷിക്കുന്ന ചിന്തകനുമാണ്. ലോകത്തില്‍ പലയിടത്തും വംശീയത ശക്തിയാര്‍ജിക്കുകയും ഇന്ത്യ ഫാസിസവുമായി മുഖാമുഖം നില്‍ക്കുകയും ചെയ്യുന്ന ഒരു ചരിത്രഘട്ടമാണിത്. നിര്‍ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങളെയെല്ലാം കുറിച്ചു സംസാരിക്കുകയാണ് ശ്രീ. സുനില്‍ പി. ഇളയിടം. സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്…

? ന്യൂസിലന്‍റ് സംഭവത്തില്‍നിന്നു തുടങ്ങാം. വംശീയഭ്രാന്തിന്‍റെ ഫലമായ ഒരു ഭീകരാക്രമണം ഒരു വികസിത രാഷ്ട്രത്തിലുണ്ടായത് ലോകത്തിനു ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്തു കരുതുന്നു?
ന്യൂസിലന്‍റില്‍ മാത്രമല്ല ഇത്. ലോകമെങ്ങും മതതീവ്രതയിലേയ്ക്കുള്ള ഒരു നീക്കം വരുന്നുണ്ട്. വാസ്തവാനന്തര (പോസ്റ്റ് ട്രൂത്ത്) കാലത്തിന്‍റെ ഒരു പ്രത്യേകതയായി അതിനെ കാണാം. ഓക്സ് ഫഡ് പോസ്റ്റ് ട്രൂത്തിനു കൊടുത്തിരിക്കുന്ന നിര്‍വചനം വസ്തുതകള്‍ക്കു മുകളില്‍ വികാരങ്ങളെ പ്രതിഷ്ഠിക്കുക എന്നതാണ്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുകളില്‍ പ്രൊപഗാന്‍റയെ പ്രതിഷ്ഠിക്കുക. ഇങ്ങനെയൊരു ലോകക്രമം ഇന്നുണ്ടു വാസ്തവത്തില്‍. ട്രംപിന്‍റെ ജയവും ബ്രെക്സിറ്റും ഒക്കെ വച്ചാണ് പോസ്റ്റ് ട്രൂത്ത് എന്ന പ്രയോഗം രൂപപ്പെടുത്തിയത്. അത് ഇന്നു ലോകത്തിന്‍റെ ഒരു പ്രധാന സ്വഭാവമായി മാറി. മതങ്ങളും ഈ വാസ്തവാനന്തരകാലഘട്ടത്തില്‍ അവയുടെ മൂല്യവ്യവസ്ഥയില്‍ നിന്നു പ്രചാരണപരമായ സമീപനങ്ങളിലേയ്ക്കു കൂടുതലായി ചാഞ്ഞു പോകുന്നുണ്ട്.

അമേരിക്കയുടെ യഥാര്‍ത്ഥത്തിലുള്ള പ്രശ്നം മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റമോ മുസ്ലീങ്ങളോ കറുത്തവര്‍ഗക്കാരോ അല്ല. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാകാന്‍ വേറെ ഒരുപാടു കാരണങ്ങളുണ്ട്. പരിശോധിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന കാര്യങ്ങളാണ് അവ. പക്ഷേ ആ വസ്തുതകളൊക്കെ അവഗണിക്കപ്പെടുകയും മെക്സിക്കോയും ബ്ലാക്ക്സും മുസ്ലീംസുമാണ് പ്രശ്നമെന്ന പ്രൊപഗാന്‍റ അവിടെ വലിയ തോതില്‍ വിജയിക്കുകയും ചെയ്തു. അമേരിക്ക പോലൊരു സമൂഹത്തില്‍ ട്രംപിനെ പോലൊരാള്‍ പ്രസിഡന്‍റായി എന്നത് ആ സമൂഹത്തെ തന്നെ വളരെ അലോസരപ്പെടുത്തേണ്ട ഒരു കാര്യമാണ്. സ്വീഡന്‍, നോര്‍വേ, ന്യൂസിലന്‍റ്, നെതര്‍ലന്‍ഡ്സ് എന്നിങ്ങനെ ക്ഷേമസമൂഹങ്ങള്‍ എന്നു നാം കരുതിയിരുന്ന സമൂഹങ്ങളിലേയ്ക്കു കൂടി ഇതു പടരുന്നു. ലോകമതങ്ങളിലും സമൂഹത്തിലും പ്രവര്‍ത്തിക്കുന്ന ആളുകള്‍ വളരെ ഗൗരവത്തോടെ പുനഃപരിശോധിക്കേണ്ട ഒരു കാര്യമാണിത്. മതത്തിനെ ഒരു മൂല്യവ്യവസ്ഥയായി നിലനിറുത്തുക പ്രധാനമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയൊക്കെ നടത്തുന്ന ഇടപെടലുകള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. അതിനു പകരം വംശീയതയുടെ യുക്തിയിലേയ്ക്കു മതങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.

? യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും മതവിശ്വാസം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ മതവിശ്വാസം ക്ഷയിച്ച അതേ രാജ്യങ്ങളില്‍ വംശീയചിന്തകളും തീവ്രദേശീയതയും ഇപ്പോള്‍ വളരുന്നു എന്നു കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം? മതനിരാസം ഉണ്ടാക്കിയ ഏതോ തരം ശൂന്യതയിലേയ്ക്കാണ് അതിരു കടന്ന സ്വത്വവാദവും വംശീയതയും കടന്നുവരുന്നതെന്നു പറയാന്‍ കഴിയുമോ? ഈ കാര്യങ്ങളെ എങ്ങനെ വിശദീകരിക്കുന്നു?
മതം ഒഴിഞ്ഞുപോയ ശൂന്യത എന്നു ഞാന്‍ കരുതുന്നില്ല. മതം ഒഴിഞ്ഞുപോകുക എന്നതിനേക്കാള്‍ മതത്തെ ഒരു മൂല്യവ്യവസ്ഥയായി മനസ്സിലാക്കാന്‍ എത്രത്തോളം കഴിയുന്നുണ്ടെന്നുള്ളതാണു പ്രധാനപ്പെട്ട കാര്യം. മതം ഇന്ത്യയില്‍നിന്ന് ഒഴിഞ്ഞു പോയിട്ടില്ലല്ലോ. പാക്കിസ്ഥാനിലും മൂന്നാം ലോകരാജ്യങ്ങളിലും മതമുണ്ടല്ലോ. മതം കൂടി നില്‍ക്കുകയാണ് അവിടെയെല്ലാം. ധാര്‍മ്മികമായ ഒരൂ മൂല്യവ്യവസ്ഥ എന്ന നില നിലനിറുത്താന്‍ മതങ്ങള്‍ക്കു സാധിക്കുക എന്നതാണു പ്രധാനകാര്യം.

? പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളില്‍ മതം ഒരു ഘടകമാകുന്നില്ലല്ലോ…
വംശീയത മതവുമായി ബന്ധപ്പെട്ട കാര്യമൊന്നുമല്ല. മതങ്ങള്‍ക്ക് അല്ലെങ്കില്‍ മതമെന്നു വിളിക്കാവുന്ന ആശയങ്ങള്‍ക്ക് ഇവിടെ ഒരു പുറന്തോടിന്‍റെ സ്ഥാനമേയുള്ളൂ. ഇന്ത്യയിലെ ഹിന്ദുത്വവാദത്തിനു ഹിന്ദുമതവുമായി എന്തു ബന്ധമാണുള്ളത്? ഒരു ബന്ധവുമില്ല. മതവര്‍ഗീയതയുടെ ആവിഷ്കാരത്തിന് അവര്‍ മതത്തെ ഉപയോഗിക്കുന്നുവെന്നേയുള്ളൂ. ഇതിലുള്ള ഒരപകടം വിശ്വാസിയായ ഒരാളെ മതവുമായി കൂട്ടിക്കെട്ടാന്‍ എളുപ്പമാണെന്നതാണ്. സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ മുഴുവന്‍ വംശീയതയിലേയ്ക്കോ മതവിദ്വേഷത്തിലേക്കോ ഒക്കെ കൊണ്ടുപോകുന്ന ഒരു തലം വല്ലാതെ വികസിച്ചു വരുന്നുണ്ട്. അതുകൊണ്ട് മതം ഒഴിഞ്ഞു പോയതാണ് യൂറോപ്പില്‍ വംശീയത വര്‍ദ്ധിക്കാന്‍ കാരണമെന്നു വ്യക്തിപരമായി ഞാന്‍ കരുതുന്നില്ല. കാരണം മതാധിഷ്ഠിത രാജ്യങ്ങളില്‍ ഇതു പല മടങ്ങാണ്. അടിസ്ഥാനപ്രശ്നം മതവുമായി ബന്ധപ്പെട്ടതല്ല. അടിസ്ഥാനവസ്തുതകളെ മുഴുവന്‍ മറച്ചുപിടിക്കുന്ന ഒരു പ്രൊപഗാന്‍റയുടെ ലോകം ഇന്നുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നതാണു പ്രശ്നം.

? ഇന്ത്യയിലെ ഫാസിസത്തിനെതിരെ ഇന്ന് കേരളത്തില്‍ ഏറ്റവുമധികം പ്രതികരിക്കുന്ന ഒരാളാണ് താങ്കള്‍. ലോകമെങ്ങും തീവ്രദേശീയതകള്‍ വളരുന്നതായി കാണുന്നു. ഇന്ത്യയിലെ ഫാസിസം ഒരു ആഗോളപ്രവണതയുടെ ഭാഗമായി വരുന്നതാണോ?
ആഗോളപ്രതിഭാസമാണിത്. രണ്ടു ഘടകങ്ങളുണ്ടിതില്‍. ഇന്ത്യയില്‍ ദേശീയപ്രസ്ഥാനത്തിന്‍റെ കാലം മുതല്‍ ദേശീയതയ്ക്ക് ഒരു ഇന്‍ക്ലുസീവ് സ്വഭാവം ഉണ്ടായിരുന്നു. സാംസ്കാരികമായി അത്ര ശക്തമായി ഇതു പറഞ്ഞുകൂടെങ്കിലും രാഷ്ട്രീയമായി ഇന്‍ക്ലുസീവ്നെസ് ഉണ്ടായിരുന്നു. എല്ലാറ്റിനേയും ഉള്‍ക്കൊണ്ടിട്ട്, അതുവഴി ഉണ്ടാകുന്ന ഒരു സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് ഇന്ത്യന്‍ ദേശീയവാദത്തിന്‍റെ അടിത്തറയായിരുന്നത്. പക്ഷേ കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ സാമ്രാജ്യവിരുദ്ധത എന്ന നിലപാടിനെ ഭരണകൂടം തന്നെ നിരാകരിച്ചു. നെഹ്രുവോ ഗാന്ധിയോ എടുത്തിരുന്ന ഒരു നിലപാട് സാമ്രാജ്യവിരുദ്ധതയുടെ കാര്യത്തില്‍ ഇപ്പോള്‍ ആരും എടുക്കുന്നില്ല. ഇതിന്‍റെ ഫലമായി ദേശീയതയെ മാറ്റിക്കൊണ്ട് മതാധിഷ്ഠിത ദേശീയതയ്ക്കു കടന്നുവരാന്‍ ഇടമൊരുങ്ങി. ആഗോളവത്കരണത്തിന്‍റെ സാഹചര്യത്തിലാണിതു സംഭവിക്കുന്നത്. പക്ഷേ ആഗോളവത്കരണത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മളിതു പറയാറില്ല. വര്‍ഗീയതയും ആഗോളവത്കരണവും തമ്മില്‍ നല്ല ആഴത്തിലുള്ള ബന്ധമുണ്ട്. ഇത് ഇവിടെ മാത്രമല്ല, ലോകമെമ്പാടും ഉണ്ട്. കാരണം, ആഗോളവത്കരണം എപ്പോഴും ദേശീയമെന്നു വിളിക്കാവുന്ന ചട്ടക്കൂടിനെ അസ്ഥിരപ്പെടുത്തും. ആ അസ്ഥിരതപ്പെടുത്തല്‍ മൂലം മൂലധനത്തിനു വലിയ അലോസരമൊന്നും ഉണ്ടാകുകയില്ല. പക്ഷേ സാധാരണ മധ്യവര്‍ഗ, ഉയര്‍ന്ന മധ്യവര്‍ഗ ജീവിതങ്ങള്‍ക്ക് പലതരത്തിലുള്ള അലോസരങ്ങളുണ്ടാകുന്നുണ്ട്. ഈ അലോസരങ്ങള്‍ക്കു കാരണം കുടിയേറ്റക്കാരാണ്, അന്യമതസ്ഥരാണ് എന്നെല്ലാമുള്ള യുക്തികളിലേയ്ക്ക് അവര്‍ മാറുന്നു. ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പം മുതലാളിത്തം പൂര്‍ണമായി ഉപേക്ഷിച്ചു. എന്തും ചെയ്യാന്‍ മടയില്ലാത്ത മൂലധനത്തെ നാമിപ്പോള്‍ കാണുകയാണ്. മാര്‍ക്സിസം ഭരണകൂടപരമായി തകര്‍ന്ന ഈ ഘട്ടത്തിലാണ് മാര്‍ക്സ് പറഞ്ഞത് ശരിയായി തീരുന്നത്. ഇരട്ടി ലാഭം കിട്ടുമെങ്കില്‍ മൂലധനം സ്വയം വില്‍ക്കും. മൂന്നിരട്ടി ലാഭം കിട്ടുമെങ്കില്‍ അച്ഛനെയും അമ്മയെയും വില്‍ക്കും എന്നു മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത ആ മൂലധനമുണ്ടാക്കുന്ന വലിയ അരാജകത്വമുണ്ട്. ഇന്ത്യയിലെ കാര്‍ഷികപ്രതിസന്ധി നോക്കുക. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ് നാമിപ്പോള്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മൂന്നര ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്തു. പക്ഷേ നമ്മുടെ സാമൂഹ്യസംവാദങ്ങളിലോ ചര്‍ച്ചകളിലോ അതൊരിക്കലും വരില്ല. അതേസമയം മുസ്ലീം തീവ്രവാദം വരികയും ചെയ്യും. തീവ്രവാദമില്ല എന്നു പറയുകയല്ല. പക്ഷേ അതിന്‍റെ ആയിരം മടങ്ങ് ചര്‍ച്ച ചെയ്യേണ്ട വിഷയം കാര്‍ഷികപ്രതിസന്ധിയാണ്. അടിസ്ഥാനവിഷയങ്ങളെ മുഴുവന്‍ മറച്ചുപിടിക്കുന്ന ഒരു സത്യാനന്തരഘട്ടം വരികയും അതിനെ പ്രൊപഗാന്‍റിസ്റ്റ് ആയി ഉപയോഗിക്കുകയും മതാത്മകമായ മൗലികവാദം വര്‍ദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഫാസിസത്തെ മുസോളിനി നിര്‍വചിക്കുന്നത് മൂലധനവും ഭരണകൂടവും തമ്മിലുള്ള പൂര്‍ണമായ ഏകീകരണമെന്നാണ്. നാം ഫാസിസത്തെ കാണുന്നത് മൂലധനവുമായി ബന്ധപ്പെടുത്തിയല്ലല്ലോ. സാധാരണഗതിയില്‍ മൂലധനത്തിന്‍റെ എല്ലാ താത്പര്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരു ഭരണകൂടത്തിനു സാധിക്കില്ല. കാരണം, തിരഞ്ഞെടുപ്പിനു നില്‍ക്കണം, ജനങ്ങളുടെ പിന്തുണ വേണം. മറിച്ച്, ഒരു ഫാസിസ്റ്റ് ഘട്ടത്തിലെത്തുമ്പോള്‍ അതു രാഷ്ട്രത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പ്രൊപഗാന്‍റയിലേയ്ക്ക് എത്തുമല്ലോ. അപ്പോള്‍ രാഷ്ട്രം പരമപ്രധാനമാണെന്നും വ്യക്തി അതിനു കീഴ്പ്പെടണമെന്നുമുള്ള തീവ്രമായ ഒരു നിലപാട് ഉണ്ടാക്കിയെടുക്കും. രാഷ്ട്രം വെല്ലുവിളി നേരിടുന്നു എന്ന വാദമുയരും. നാല്‍പതു ജവാന്മാര്‍ കൊല്ലപ്പെട്ടു എന്നത് നിശ്ചയമായും നമ്മെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്. പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഉത്കണ്ഠപ്പെടുത്തേണ്ടതാണ് മൂന്നര ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നത്.

ഫാസിസ്റ്റ് രാജ്യങ്ങളുടെ സ്വഭാവം എന്താണെന്നറിയാമോ? അവ രാഷ്ട്രമെന്നതിനെ ഭരണകൂട ഉപകരണങ്ങളായി പരിഭാഷ ചെയ്യും. ഭരണകൂടത്തെ ഗവണ്‍മെന്‍റാക്കും. ഗവണ്‍മെന്‍റിനെ പരമോന്നത നേതാവാക്കും. രാജ്യമെന്നത് അതിര്‍ത്തിയാണെന്നു തെറ്റിദ്ധരിക്കുക. അതിര്‍ത്തിയ്ക്കകത്തുള്ളതിനെ ഭരണകൂടത്തിന്‍റെ മെഷിനറിയായി തെറ്റിദ്ധരിക്കുക. സ്റ്റേറ്റിനെ ഗവണ്‍മെന്‍റായി കാണുക. ഗവണ്‍മെന്‍റിനെ നേതാവായി കാണുക. ഇങ്ങനെ കൂര്‍ത്തുകൂര്‍ത്തു വരുന്നൊരു ഫ്രെയിംവര്‍ക്കുണ്ടിതില്‍. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ അപ്രസക്തരാകും. ഇതാണു മുസ്സോളിനി പറയുന്നത്, സ്റ്റേറ്റും മൂലധനവും തമ്മിലുള്ള പൂര്‍ണമായ ഏകീകരണം എന്നത്. അത് ഇവിടെയും കാണാം.

? ഇവിടെ തൊണ്ണൂറുകള്‍ക്കുശേഷം ഫാസിസം ശക്തിപ്രാപിച്ചത് ആഗോളവത്കരണം കൊണ്ടാണ് എന്നാണോ?
ആഗോളവത്കരണം കൊണ്ടു മാത്രമാണ് എന്നല്ല. പക്ഷേ ആഗോളവത്കരണം എന്ന പ്രശ്നം ഇതിനകത്തുണ്ട്. നമ്മള്‍ പക്ഷേ ഫാസിസത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആ പ്രശ്നം പരിഗണിക്കാറില്ല. ക്രോണി ക്യാപിറ്റലിസം ഏറ്റവും ശക്തിയാകുന്നത് ഏതു ഘട്ടത്തിലാണ്? ജനാധിപത്യ മുതലാളിത്തത്തിനു മൂലധനവുമായി നടത്താവുന്ന ഒത്തുതീര്‍പ്പുകള്‍ക്ക് ഒരതിര്‍ത്തിയുണ്ട്. കാരണം, അവര്‍ക്കു വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. ഫാസിസ്റ്റുകളാകട്ടെ രാജ്യം അപകടത്തിലാണ്, ശത്രുക്കള്‍ അന്യമതക്കാരാണ് എന്നു പറയും. അതോടെ മറ്റെല്ലാ പ്രശ്നങ്ങളും അപ്രസക്തമാകും. കഴിഞ്ഞ അഞ്ചു കൊല്ലവും സാമ്പത്തികവും കാര്‍ഷികവുമായ പ്രതിസന്ധി ചര്‍ച്ചയിലില്ല. പശു ചര്‍ച്ചയിലുണ്ട്, ആളെ കൊന്നതുണ്ട്. ഇതൊക്കെ ചര്‍ച്ചയില്‍ വരുന്നതോടെ ജനങ്ങള്‍ ഭിന്നിക്കപ്പെടും. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറഞ്ഞുപോകുകയും ചെയ്യും.

? ഗാന്ധിയുടെ സ്ഥാനത്തു ഗോഡ്സേയെ പ്രതിഷ്ഠിക്കുന്നവര്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. നാം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയുമാണ്. മുമ്പ് ഏകാധിപത്യപ്രവണത കാണിച്ച ഭരണകൂടത്തെ തിരഞ്ഞെടുപ്പിലൂടെ നിരാകരിച്ച ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യന്‍ ജനാധിപത്യം ഇന്നും അതേമട്ടില്‍ പ്രവര്‍ത്തനക്ഷമമാണെന്ന പ്രത്യാശ താങ്കള്‍ക്കുണ്ടോ?
ഞാന്‍ പ്രത്യാശ വിടുന്ന ഒരാളല്ല. പ്രത്യാശ വിട്ടു കഴിഞ്ഞാല്‍ പിന്നെ നമുക്കു ചെറുത്തു നില്‍ക്കാന്‍ കഴിയില്ല. നീതി എന്നതു ചരിത്രത്തില്‍ വിജയിച്ച ഒരാശയമല്ല. പക്ഷേ എന്നതുകൊണ്ട് നമുക്കു നീതിയെക്കുറിച്ചുള്ള ആകുലത ഉപേക്ഷിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല, രാഷ്ട്രീയമായിപ്പോലും ഇന്ത്യ അങ്ങനെ എളുപ്പത്തില്‍ ഫാസിസത്തില്‍ പെട്ടുപോകുകയില്ല എന്നു കരുതുന്നയൊരാളാണു ഞാന്‍. ഇന്ത്യന്‍ ജനതയില്‍ നാം വിശ്വാസം നഷ്ടപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഒരുപക്ഷേ കേരളത്തിന്‍റെ മധ്യവര്‍ഗം ചിലപ്പോള്‍ ഫാസിസത്തെ പിന്തുണച്ചേക്കും. പക്ഷേ ബീഹാറിലെ കര്‍ഷകര്‍ ഇതിനെ തോല്‍പിക്കാന്‍ ശേഷിയുള്ളവരാണ് എന്നാണു ഞാന്‍ കരുതുന്നത്. അതുകൊണ്ട് പ്രത്യാശ എനിക്കിപ്പോഴും ഉണ്ട്.

? ഈ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യവും പ്രസക്തിയും താങ്കള്‍ എപ്രകാരമാണു വിലയിരുത്തുന്നത്. സ്വതന്ത്രഭാരതത്തില്‍ നാം ഇതുവരെ അഭിമുഖീകരിച്ച മറ്റു തിരഞ്ഞെടുപ്പുകളേക്കാള്‍ ഏതെങ്കിലും വിധത്തിലുള്ള അധികപ്രാധാന്യം ഈ തിരഞ്ഞെടുപ്പിനുണ്ടോ? എന്തുകൊണ്ട്?
നിര്‍ണായകപ്രാധാന്യമുണ്ട്. ഇതൊരുപക്ഷേ നമ്മുടെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഒരു വഴിത്തിരിവ് ആകാം. കാരണം ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റും ഭരണഘടനാപരമായ ഒരു സംവിധാനത്തെ ഇതുവരെ തകര്‍ത്തിട്ടില്ല. പാര്‍ലിമെന്‍റ് ഏതാണ്ട് ഒരു നോക്കുകുത്തിയായി മാറുക, പ്രധാന ബില്ലുകള്‍ മണി ബില്ലായി വരിക, ആസുത്രണകമ്മീഷന്‍ തകര്‍ക്കുക, സുപ്രീംകോടതിയെ പ്രതിസന്ധിയിലാക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നാം കണ്ടു. ഋത്വിക് ഘട്ടക്കിനെ പോലുള്ളവര്‍ ഇരുന്ന പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലവനായി സീരിയല്‍ നടന്‍ വരുന്നതു നാം കണ്ടു. ഇത്തരത്തില്‍ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന്‍റെ നിലവാരത്തിലേയ്ക്കു വലിച്ചു താഴ്ത്താന്‍ ശ്രമിക്കുന്ന ഒരു ഘട്ടമാണ്. ഒരു തവണ കൂടി അവര്‍ക്കവസരം കിട്ടിയാല്‍ ഈ സ്ഥാപനങ്ങളില്‍ പലതും ഉണ്ടാകില്ല. അതൊരു നിര്‍ണായകമായ കാര്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുപോലെ തകര്‍ക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല. സ്ഥാപനങ്ങളുടെ തകര്‍ച്ച വലിയൊരു പ്രശ്നമാണ്. അതൊരുപക്ഷേ ഈ തിരഞ്ഞെടുപ്പില്‍ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുപോക്കില്ലാത്തവിധമുള്ള നാശം ഉണ്ടാകാം.

? സാങ്കേതികവിദ്യയും വിദ്യാഭ്യാസവും ഇത്രമാത്രം പുരോഗമനാത്മകമായി സമൂഹത്തെ നിര്‍മ്മിക്കുന്ന ഒരു കാലഘട്ടത്തില്‍ നവോത്ഥാനമൂല്യങ്ങള്‍ എത്രത്തോളം പ്രസക്തമാണ്? സമ്പത്തും സമൃദ്ധിയും ഉണ്ടെന്നിരിക്കെ മൂല്യങ്ങള്‍ ആവശ്യമാകുന്നത് എങ്ങനെയാണ്, എന്തുകൊണ്ടാണ്?
ഒരു ആധുനികസമൂഹമായി നാം വളര്‍ന്നു വന്നു. പക്ഷേ ആധുനികതയ്ക്ക് ഒരു മൂല്യവ്യവസ്ഥയുണ്ട്. ഈ മൂല്യവ്യവസ്ഥയെ നാം പിന്നീടു വികസിപ്പിച്ചില്ല. ആധുനികത ഉണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ട മൂല്യവ്യവസ്ഥയാണു സാഹോദര്യം. ഫ്രഞ്ച് വിപ്ലവം ഓര്‍ക്കുക. പക്ഷേ ഒരു സമൂഹം ആധുനികമാണെന്നു ഇന്നു നാം പറയുമ്പോള്‍ അവര്‍ ഇന്‍സ്ട്രുമെന്‍റലായി ആധുനികമാണെന്നാണു നാമുദ്ദേശിക്കുന്നത്. ടിവിയുണ്ട്, കാറുണ്ട്, ഫാക്ടറിയുണ്ട്. അല്ലാതെ ധാര്‍മ്മികമായി ആധുനികമാണോ എന്ന ചോദ്യമില്ല. നാരായണഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠയില്‍ സോദരത്വേന എന്ന പദമുണ്ട്. സോദരത്വേന എന്നത് ആധുനികതയുടെ വളരെ കാതലായ ഒരു ധാര്‍മ്മികമാനമാണ്. മനുഷ്യര്‍ സഹോദരങ്ങളാണ്, അവര്‍ക്കിടയില്‍ തുല്യത വേണം എന്ന സങ്കല്‍പം. പക്ഷേ നമ്മുടെ പിന്നീടുള്ള വളര്‍ച്ചയില്‍ ഈ ആധുനികത നാം കാണുന്നില്ല. ഉദാഹരണത്തിന്, നമ്മുടെ വീട്ടില്‍ മാലിന്യമുണ്ടെങ്കില്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി റോഡിലിടാന്‍ കേരളത്തിലെ ഭൂരിപക്ഷം പേര്‍ക്കും മടിയൊന്നുമില്ല. അതുതന്നെയാണ് അവര്‍ ആധുനികരല്ല എന്നതിനു തെളിവ്. അത്രയും ലളിതമാണ് ഈ കാര്യം. ആധുനികതയെ മൂല്യപരമായി ഉള്‍ക്കൊണ്ട ഒരാള്‍ക്ക് ഇതു ചെയ്യാന്‍ കഴിയില്ല. ഒരു ക്യൂവില്‍ നില്‍ക്കുകയാണെങ്കില്‍ അതു പാലിക്കാതിരിക്കാനാണു നമ്മുടെ വാസന. ഇന്‍സ്ട്രുമെന്‍റലായ ഒരു തലത്തിലാണ് നാം ആധുനികതയെ സ്വാംശീകരിച്ചതെന്നും ധാര്‍മ്മികമായ തലത്തില്‍ അതു വികസിപ്പിച്ചെടുക്കാന്‍ ആയില്ലെന്നും പറയണം.

ഇതിനൊരു ചരിത്രപശ്ചാത്തലമുള്ളതു കാണാതിരിക്കുന്നില്ല. ആധുനികതയുടെ വികസനത്തിന്‍റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ മൂലധനം ആധുനികതയെ വിഴുങ്ങി. വ്യവസായവത്കരണവും മൂലധനവും ചേര്‍ന്നു ആധുനികതയെ വിഴുങ്ങുകയും അതിനെ മൂലധനവളര്‍ച്ചയുടെ ഉപകരണം മാത്രമാക്കി മാറ്റുകയും മൂല്യവ്യവസ്ഥയെ അവഗണിക്കുകയും ചെയ്തു. ഗാന്ധിജി ആധുനികതയോടു പുലര്‍ത്തിയ വിമര്‍ശനത്തെ ഇങ്ങിനെയാണു കാണേണ്ടത്. ഗാന്ധിജി ആധുനികതാവിരുദ്ധനായതുകൊണ്ടല്ല. മറിച്ചു ആധുനികതയെ ഇന്‍സ്ട്രുമെന്‍റല്‍ റാഷണാലിറ്റി മാത്രമാക്കി മാറ്റുന്നതിനെതിരാണു ഗാന്ധിജിയുടെ നിലപാട്. അതു വേണ്ട അളവില്‍ നാം തിരിച്ചറിഞ്ഞിട്ടില്ല.

? കേരളത്തിന്‍റെ നവോത്ഥാനനായകരില്‍ ശ്രീനാരായണഗുരുവിന് താങ്കള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നതായി കാണാം. ഗുരുവിന്‍റെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് എന്താണു പറയാനുള്ളത്?
ഞാനും ഗുരുവിനെ ഒരു ബൂര്‍ഷ്വാ നവോത്ഥാനനായകനായി കണ്ട ഒരു കാലമുണ്ട്. അങ്ങിനെ കോളേജ് മാഗസിനില്‍ ലേഖനമെഴുതിയിട്ടുണ്ട്. പക്ഷേ മള്‍ട്ടി ഡൈമെന്‍ഷനലായ തലത്തില്‍ ഇടപെട്ട ഒരാളാണു ഗുരുവെന്നു പിന്നീടു മനസ്സിലാക്കി. ഭൗതികജീവിതത്തില്‍ മാറ്റം വരുത്താന്‍ ഗുരു ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍. അതോടൊപ്പം ദൈവം എന്നതിനെ ആധുനിക ധാര്‍മ്മികമൂല്യത്തോടു കൂട്ടിയിണക്കിയ ഒരാളാണു ഗുരു. വളരെ ആധുനികമായ ഒരു നൈതികസങ്കല്‍പത്തെ ദൈവികഭാവനയിലേയ്ക്കു കൊണ്ടുവരുന്നു. അതാണു ഗുരുവിനു അപരത്വത്തോടുള്ള കരുതലായി മാറുന്നത്. ആത്യന്തികമായി എന്താണു നീതി എന്നു ചോദിച്ചാല്‍ അപരനോടുള്ള കരുതല്‍ എന്നു പറയാം. ആ നീതിസങ്കല്‍പത്തെ ഗുരു ദൈവഭാവനയില്‍ കൊണ്ടു വരുന്നുണ്ട്. അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗുരുവിന്‍റെ കാലം വരെ ആത്മവും ബ്രഹ്മവും തമ്മിലാണ് എന്‍ഗേജ്മെന്‍റ്. ജീവാത്മാവും പരമാത്മാവും. ഗുരുവാണ് അത് ആത്മവും അപരവും തമ്മിലാക്കുന്നത്. ആദ്യത്തേത് ഒരു ലംബമാനബന്ധമാണ്. രണ്ടാമത്തേത് തിരശ്ചീനമാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ള മനുഷ്യരെ കാണുക, അവരുമായി ഇടപെടുക, അങ്ങിനെ. ദൈവഭാവനയെ തന്നെ സാമൂഹ്യഭാവനയാക്കിയ, ദൈവബോധത്തെ തന്നെ ജനാധിപത്യബോധമാക്കിയ, രാഷ്ട്രീയമായതിനെ തന്നെ ആത്മീയമാക്കിയ ഒരാളാണു ഗുരു. ഇതു ഗുരു കൊണ്ടു വന്ന വലിയൊരു മാറ്റമാണ്. ഇതു സ്വീകരിക്കപ്പെട്ടു എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. അങ്ങനെ ഗുരുവിനെ ഇപ്പോള്‍ ആളുകള്‍ മനസ്സിലാക്കുന്നുപോലുമില്ല. പക്ഷേ ഗുരുവില്‍ അതുണ്ട്. മറ്റേതെങ്കിലും നവോത്ഥാനനായകരില്‍ ഇങ്ങനെയൊരു ഘടകമുണ്ട് എന്നു തോന്നുന്നില്ല. മറ്റുള്ളവര്‍ അതതു സമുദായങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിച്ചത്. അതു കുറഞ്ഞ കാര്യമല്ല. പക്ഷേ ഗുരു അതിനെ മറികടന്നു പോകുന്നുണ്ട്. അതുകൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടില്‍ യുഗപുരുഷന്‍ എന്നു വിളിക്കാന്‍ കഴിയുന്നത് ഗുരുവിനെയാണെന്ന് എനിക്കു തോന്നുന്നു.

? ആരാണ് വ്യക്തിപരമായി താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ നവോത്ഥാനനായകന്‍?
കേരളത്തിലെ നവോത്ഥാനമെന്നത് വളരെയധികം വിപുലമായ ഒരു പ്രക്രിയ ആണ്. അതിനെ നവോത്ഥാനമെന്നു വിളിക്കണമോയെന്നതു മറ്റൊരു കാര്യമാണ്. യൂറോപ്യന്‍ അര്‍ത്ഥത്തിലാണെങ്കില്‍ അതു നവോത്ഥാനമൊന്നുമല്ല. ആധുനികതയിലേയ്ക്കുള്ള പരിവര്‍ത്തനത്തെ തന്നെയാണു നാമിവിടെ നവോത്ഥാനമെന്നു വിളിക്കുന്നത്. അതു പല മാനങ്ങളുള്ള ഒരു കാര്യമാണ്. ഒരു വര്‍ണരാജി എന്നു പറയാം. മതപരിഷ്കരണങ്ങള്‍ എല്ലാ മതങ്ങളിലും നടക്കുന്നു. ചാവറയച്ചനെ പോലുള്ളവര്‍ ക്രിസ്തുമതത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ ഉദാഹരണം. അങ്ങനെ മതങ്ങളെ നവീകരിക്കാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുന്നു. ജാതിവിരുദ്ധപ്രസ്ഥാനങ്ങള്‍ വേറൊരു ഭാഗത്തു നടക്കുന്നു. കേരളത്തെ സംബന്ധിച്ചു കൂടുതല്‍ നിര്‍ണായകമായത് ജാതിവിരുദ്ധസമരങ്ങളാണെന്നു ഞാന്‍ കരുതുന്നു. അതുപോലെ സംരംഭകത്വം. പത്രങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ വരുന്നു. ഇവയൊന്നും നാം നവോത്ഥാനത്തില്‍ ഉള്‍പ്പെടുത്തില്ല. പക്ഷേ ഇവയുണ്ട്. പണമെന്നത് ഏതോ പ്രഭുവിന്‍റെ കൈയിലായിരുന്നിടത്തു നിന്ന് അതു നാട്ടുകാരുടെ ഏര്‍പ്പാടായി മാറുന്നതാണ് സംരംഭകത്വത്തില്‍ വരുന്നത്. പൊതുമണ്ഡലം വികസിക്കുന്നു. മിഷണറി ഭാഷയുണ്ടായി. ഗദ്യം വികസിക്കുന്നു. പലപ്പോഴും നമ്മുടെ നവോത്ഥാനചര്‍ച്ചകളുടെ ഒരു പോരായ്മയെന്നത്, ഈ വൈവിദ്ധ്യങ്ങളെ വേണ്ടത്ര കാണാതെ ഇതിനെ മതപരമായ ഒരു പ്രക്രിയ മാത്രമായി കാണുന്നു എന്നതാണ്. നാരായണഗുരു, ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചു കളയും. അതു വളരെ ഉപരിപ്ലവമായ ഒരു മനസ്സിലാക്കലാണ്. ഉദാഹരണത്തിനു തോട്ടം കൃഷി. തോട്ടം കൃഷിയില്ലെങ്കില്‍ കേരളത്തില്‍ മധ്യവര്‍ഗമുണ്ടാകില്ല. മധ്യവര്‍ഗമാണ് കേരളീയനവോത്ഥാനത്തിന്‍റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. സാമ്പത്തികശക്തി അവര്‍ നേടി, എന്നാല്‍ സാമൂഹ്യശക്തിയില്ല. അതു നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കൂടിയാണു നവോത്ഥാനം വരുന്നത്. പല്‍പുവിനു മദ്രാസില്‍ പോയി മെഡിസിന്‍ പഠിക്കാനുള്ള സാമ്പത്തികശേഷിയുണ്ട്. പക്ഷേ തിരിച്ചു വരുമ്പോള്‍ ജോലി കിട്ടാനുള്ള സാമൂഹ്യശക്തിയില്ല. മധ്യവര്‍ഗത്തിനു സാമ്പത്തികശേഷിയുണ്ടാക്കുന്നതില്‍ തോട്ടം കൃഷിയും പങ്കുവഹിച്ചു. പക്ഷേ നമ്മുടെ നവോത്ഥാനത്തില്‍ തോട്ടം കൃഷിയുടെ പ്രസക്തിയെ കുറിച്ച് ആരും പറയാറില്ല.

? കേരളത്തിലെ നവോത്ഥാനത്തില്‍ ക്രിസ്തീയതയുടെ സാന്നിദ്ധ്യം ഏതു തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്? അതിനെ വിലയിരുത്തിയിട്ടുണ്ടോ?
ഒന്ന്, ഭാഷയില്‍ കൊണ്ടു വന്ന മാറ്റം. നവോത്ഥാനവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍, മലയാളഭാഷയെ, വിശേഷിച്ചും ഗദ്യത്തെ ഒരു ആധുനികഗദ്യത്തിലേയ്ക്കു തുറക്കുന്നതില്‍ ഏറ്റവും വലിയ സ്വാധീനമായത് മിഷണറി ഗദ്യമാണ്. പക്ഷേ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയിലുള്ള മിഷണറി മലയാള ഗദ്യത്തിനു ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയാകുമ്പോള്‍ തുടര്‍ച്ചയില്ല. അപ്പോഴേയ്ക്കും വീണ്ടും സംസ്കൃതവത്കരിക്കപ്പെട്ട വേറൊരു തരത്തിലുള്ള ഒരു സവര്‍ണഗദ്യം നമ്മുടെ മുഖ്യധാരാ ഗദ്യമായി വരികയാണ്. എന്‍റെ സംഭാഷണത്തിലടക്കം അതാണുള്ളത്. സവര്‍ണതയുടെയും സംസ്കൃതത്തിന്‍റെയും സ്വാധീനം കുറഞ്ഞ ഗദ്യം മിഷണറിമാര്‍ പറഞ്ഞിരുന്നു. അതു നമ്മുടെ ഗദ്യവികാസത്തിന്‍റെ ചരിത്രത്തില്‍ മൂടിവയ്ക്കപ്പെടുകയാണു ചെയ്തിട്ടുള്ളത്. അതു മലയാളഗദ്യം നേരിടുന്ന ഒരു പ്രതിസന്ധിയായും ഞാന്‍ കാണുന്നുണ്ട്. സംസ്കൃതവത്കരിക്കപ്പെട്ട ഒരു പദസമ്പത്തില്‍ നിന്നു നമുക്കു പുറത്തു കടക്കാനാകാത്തതുകൊണ്ട് സമകാലികമായ ഒരു പ്രയോഗത്തെ നമുക്കു മലയാളത്തിലാക്കാന്‍ കഴിയുന്നില്ല. നാമതിനെ സംസ്കൃതവത്കരിക്കാന്‍ ശ്രമിക്കും. സംസ്കൃതവത്കരിക്കപ്പെട്ട മലയാളമാകട്ടെ വിദുരമായ ഭൂതകാലത്തിന്‍റെ ഒരു പ്രതീതിയാണ് ഉണ്ടാക്കുക. രണ്ടാമത്തേത് മതപരിവര്‍ത്തനം കേരളത്തിന്‍റെ നവോത്ഥാനത്തിനകത്ത് ഒരു സമ്മര്‍ദ്ദശക്തിയായി പ്രവര്‍ത്തിച്ചുവെന്നതാണ്. ജാതിമര്‍ദ്ദനത്തിനിരയായി തീര്‍ന്ന വിഭാഗങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചത് ഹിന്ദുമതത്തെ അകമേ പരിഷ്കരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നാടാര്‍ സമുദായത്തില്‍ പെട്ട ആളുകള്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയിരുന്നില്ലെങ്കില്‍ ക്ഷേത്രപ്രവേശനവിളംബരം ആ ഘട്ടത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഒരു തന്ത്രം കൂടിയായിരിക്കാമത്. ക്രിസ്തുമതം അതു ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, അങ്ങനെയൊരു ഫലമുണ്ടായിട്ടുണ്ട്. അടുത്തത് നിശ്ചയമായും വിദ്യാഭ്യാസസംഭാവന. പെണ്‍പള്ളിക്കൂടങ്ങള്‍. മറ്റു മതത്തില്‍ പെട്ട അധസ്ഥിത വിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസം കൊടുക്കുക. സംരംഭകത്വത്തിന്‍റെ വലിയൊരു മേഖല വികസിച്ചു വരിക. ഇതെല്ലാം നവോത്ഥാനപ്രക്രിയയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ പൊതുവില്‍ നാം ഇപ്പോഴും സന്നദ്ധമല്ല എന്നതാണ് സത്യം.

? മതങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ എല്ലാവരും പറയാറുണ്ട്. മതങ്ങള്‍ക്ക് നമ്മുടെ സമൂഹത്തിന്‍റെ പുരോഗതിയില്‍ ഇനിയും പങ്കു വഹിക്കാനാവില്ലേ?
തീര്‍ച്ചയായും കഴിയും. നവോത്ഥാനഘട്ടത്തില്‍ മതം വളരെ ഭാവാത്മകമായി പ്രവര്‍ത്തിച്ചുവല്ലോ. മതം ഒരു വലിയ പ്രക്രിയയാണ്. അതില്‍ പല ഘടനകളുണ്ട്. ഒരു വശത്ത് അതിന്‍റെ മൂല്യവ്യവസ്ഥ, മറുവശത്ത് അതിന്‍റെ സ്ഥാപനാകാരഘടന. ഇതിനിടയിലാണ് വിശ്വാസികള്‍ നില്‍ക്കുന്നത്. തുടരുന്ന ഒരു സംഘര്‍ഷവും സംവാദവും ഇതെല്ലാം തമ്മിലുണ്ട്. മൂല്യവ്യവസ്ഥയിലേയ്ക്കാണോ സ്ഥാപനാകാരഘടനയിലേയ്ക്കാണോ മതം പോകേണ്ടത് എന്ന തര്‍ക്കം നിലച്ചിട്ടില്ല. തര്‍ക്കം മുറുകുന്നതിനിടെ മൂല്യവ്യവസ്ഥ ഉയര്‍ന്നു വരുമ്പോള്‍ മതം ഗുണകരമാകും. മൂല്യവ്യവസ്ഥയെ എപ്പോഴാണോ സ്ഥാപനം വിഴുങ്ങുന്നത്, അപ്പോള്‍ മതം നിഷേധാത്മകമാകും. ദൈവബോധം നല്ല മനുഷ്യരായി നിങ്ങളെ മാറ്റണമെന്നത് ആവശ്യമാണ്. ദൈവബോധത്തെ യുക്തിവാദപരമായി തള്ളിക്കളയുന്ന ഒരാളല്ല ഞാന്‍. മാത്രവുമല്ല, തന്‍റെ കാതലായ മൂല്യം എന്ന നിലയില്‍ ദൈവബോധം ഒരാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് നൈതികമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്. അതു നീതിയെ കുറിച്ചുള്ള ഒരുത്കണ്ഠയായിരിക്കും. മതം വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ മൂല്യമായി ഞാന്‍ കാണുന്നത് ഈ നൈതികനിലപാടാണ്. ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയത്തിന്‍റെയും താത്പര്യം അതു തന്നെയാണ്. രാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ താത്പര്യം നൈതികമാണ്, മതത്തിന്‍റെയും ഏറ്റവും ഉയര്‍ന്ന താത്പര്യം നൈതികമാണ്. ഈ ഉയര്‍ന്ന വിഷയത്തിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ ഇടയ്ക്കുള്ള ബാക്കി തര്‍ക്കങ്ങളെ നമുക്കു മാറ്റിവയ്ക്കാന്‍ പറ്റും. ആ തര്‍ക്കങ്ങള്‍ നില്‍ക്കും. പക്ഷേ അതിനേക്കാളൊക്കെ പ്രധാനമായത് മറ്റേതായിരിക്കും.

? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവയെ എപ്രകാരം നോക്കി കാണുന്നു?
സ്വിറ്റ്സര്‍ലന്‍റ് യാത്രയ്ക്കിടെ ഞാന്‍ റോമില്‍ പോയി. മാര്‍പാപ്പയുടെ പൊതുദര്‍ശനവേളയില്‍ ബുധനാഴ്ച അദ്ദേഹത്തെ നേരിട്ടു കണ്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയായതുകൊണ്ടാണ് ഞാന്‍ അങ്ങനെയൊരു താത്പര്യമെടുത്തത്. നൈതികതയെ അദ്ദേഹം മതാത്മകതയുടെ കാതലാക്കി മാറ്റുന്നുണ്ട്. അതുകൊണ്ട് മാര്‍പാപ്പയോട് താദാത്മ്യപ്പെടാന്‍ മതം ഒരു തടസ്സമല്ല, വിശ്വാസം ഒരു തടസ്സമല്ല. അതു ക്രിസ്തുവിന്‍റെ കാര്യം പോലെ തന്നെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നാരായണഗുരുവിനെ ഏറ്റവുമധികം ഉദ്ധരിക്കുന്ന ഒരാള്‍ ഞാനായിരിക്കും. പക്ഷേ ഞാന്‍ ഗുരുവിന്‍റെ ദൈവബോധം ഉള്‍ക്കൊള്ളുന്ന ആളല്ല. എനിക്കതൊരു തടസ്സമല്ല. അതുതന്നെയാണ് മാര്‍പാപ്പയുടെയും കാര്യം. അവസാനത്തെ അജണ്ട സമാനമാണ്. ഇടയ്ക്കുള്ളതിലേ തര്‍ക്കങ്ങളുള്ളൂ.

? ക്രൈസ്തവസാഹിത്യം, തത്ത്വചിന്ത എന്നിവ ശ്രദ്ധിച്ചിട്ടുണ്ടോ? പഴയപോലെയുള്ള രചനകള്‍ ഈ രംഗത്തു കേരളത്തില്‍ ഉണ്ടാകുന്നുണ്ടോ? ഇല്ലെങ്കില്‍ എന്താണു കാരണം?
ആദ്യഘട്ടത്തില്‍ നാം ക്രൈസ്തവസാഹിത്യം എന്നു കരുതിയിരുന്നത് മതത്തിന്‍റെ കള്ളിയ്ക്ക് അകത്തു വച്ചു മനസ്സിലാക്കിയിരുന്ന രചനകളാണ്. പിന്നീടത് പൊതുസാഹിത്യബോധത്തിന്‍റെ ഭാഗമായി. പാറപ്പുറത്തിന്‍റെ അരനാഴികനേരമോ സി വി ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകമോ ഒക്കെ ക്രൈസ്തവപശ്ചാത്തലമുള്ള രചനകളാണ്. പക്ഷേ നമ്മളവയെ ക്രൈസ്തവസാഹിത്യമെന്നു വിളിക്കാറില്ല. അതു പൊതുസാഹിത്യത്തിന്‍റെ ഭാഗമായി. ഇന്നു ക്രൈസ്തവസാഹിത്യത്തിന്‍റെ ധാര വേറിട്ടു നില്‍ക്കുന്നില്ല. അങ്ങനെ നില്‍ക്കേണ്ടതുമില്ല. കാരണം, ആദ്യഘട്ടത്തില്‍ അതിനു ചെയ്യാനുണ്ടായിരുന്ന ദൗത്യം ഇന്നതിനില്ല. ബിംബകല്‍പനകളായും ഭാവനാക്രമങ്ങളായിട്ടും ഒക്കെ അതുണ്ടാകും. ദസ്തോവിസ്കിയെ ആരും ക്രൈസ്തവസാഹിത്യകാരനായി കാണില്ല. എ ന്നാല്‍ ക്രിസ്തുവില്ലെങ്കില്‍, ബൈബിളില്ലെങ്കില്‍ ദസ്തോവിസ്കി ഇല്ല. നമ്മുടെ സഞ്ചിതമായ സംസ്കാരത്തിന്‍റെ ഭാഗമായി ക്രൈസ്തവസാഹിത്യവും മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് മുമ്പു മേരി ബനീഞ്ഞയുടേയോ ഐ സി ചാക്കോയുടേയോ ഒക്കെ സാഹിത്യമുണ്ടായിരുന്ന രൂപത്തില്‍ ഇനിയതിനൊരു തുടര്‍ച്ച അതേപോലെയുണ്ടാവില്ല. എന്നാല്‍ ഉണ്ടാകേണ്ട ഒരു കാര്യമുണ്ട്. മതദര്‍ശനം അതിന്‍റെ പരമ്പരാഗത യുക്തികള്‍ക്കു പുറത്തേയ്ക്ക്, നമ്മുടെ സമകാലികസമൂഹത്തോട്, ചിന്താപരമായ വളര്‍ച്ചയോട് ഒക്കെ ബന്ധപ്പെട്ടു വികസിക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ അതു വികസിച്ചിട്ടില്ല. വിമോചനദൈവശാസ്ത്രം വന്നപ്പോള്‍ കുറെ ചിന്തകര്‍ അതിനോടു ബന്ധപ്പെട്ടു വന്നു. ഉദാഹരണത്തിനു എസ് കാപ്പന്‍, ഒസ്താത്തിയോസ് തുടങ്ങിയവര്‍. പക്ഷേ കേരളം പൊതുവില്‍ അവരെ മാനിച്ചില്ല. കാപ്പനച്ചന്‍ ലോകത്തെ വേറേയെതെങ്കിലും ഭാഷയിലായിരുന്നെങ്കില്‍ അവിടത്തെ ഏറ്റവും വലിയ ചിന്തകനായി കരുതപ്പെടുമായിരുന്നു. പക്ഷേ കേരളത്തിനിന്നു കാപ്പനച്ചനെ അറിയുക പോലുമില്ല. ക്രൈസ്തവികത ഇക്കാര്യം കുറേക്കൂടി ഗൗരവത്തിലെടുക്കേണ്ടതാണ്. ചെറിയ ചെറിയ ഭിന്നതകളില്‍ ഊന്നുകയല്ല വേണ്ടത്. അവര്‍ നമ്മുടെ ചിന്താചരിത്രത്തെ മുന്നോട്ടു കൊണ്ടു പോയവരാണ്. മതപരമായ വിഷയങ്ങളില്‍ കാപ്പനച്ചന്‍റെ നിലപാടും സഭയുടെ ഔദ്യോഗിക നിലപാടും തമ്മില്‍ വ്യത്യാസമുണ്ടായേക്കാം. പക്ഷേ അതു മാറ്റി വച്ചിട്ട് ചിന്താപരമായ ക്രൈസ്തവികതയെ വികസിപ്പിക്കുന്നതിനെ നാം ഏറ്റെടുക്കേണ്ടതുണ്ട്. അതു സഭ ചെയ്യേണ്ട ഒരു കാര്യമാണ്. അതു വേണ്ട അളവില്‍ നടക്കുന്നില്ല. അതുകൊണ്ട് മതചിന്ത എന്നത് അതിന്‍റെ പരമ്പരാഗതചട്ടക്കൂടില്‍ പറഞ്ഞതു തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമുക്ക് ശ്രദ്ധ കൊടുക്കാന്‍ തോന്നാത്ത ഒന്നായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org